MATHRUBHUMI RSS
Loading...
അഭിനയക്കരുത്തിന്റെ അരനൂറ്റാണ്ട്‌
കെ.ശ്രീകുമാര്‍

കോഴിക്കോട്ടെ നാടക ചരിത്രത്തില്‍ സവിശേഷമായ ഒരു സ്ഥാനമുണ്ട് എല്‍സി സുകുമാരന്. അരനൂറ്റാണ്ടിന്റെ ധന്യമായ അനുഭവസമ്പത്താണ് അവര്‍ക്ക് മുതല്‍ക്കൂട്ടായിട്ടുള്ളത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'ജമീല'യായി അരങ്ങിലെത്തിയ അവര്‍ എണ്ണമറ്റ അമച്വര്‍ നാടകങ്ങളും 'സംഗമം' അടക്കമുള്ള പ്രശസ്ത നാടക സമിതികളുടെ പ്രൊഫഷണല്‍ നാടകങ്ങളും റേഡിയോ നാടകങ്ങളും ടെലിഫിലിമുകളും കടന്ന് നടികളുടെ നിരയില്‍ മുന്നില്‍ത്തന്നെയുണ്ട്. ഈ അഭിനയക്കരുത്താണ് നാടകത്തോട് പ്രകടമായ പക്ഷപാതം കാട്ടാന്‍ അവരെ പ്രേരിപ്പിക്കുന്നതും...


പേരെടുത്ത സാഹിത്യകാരന്മാര്‍ നിറഞ്ഞ കോഴിക്കോട് ആകാശവാണിയില്‍ ഒരു പതിനേഴ് വയസ്സുകാരി ഓഡിഷന് എത്തുന്നു. ഒരു സ്ത്രീശബ്ദവും ഒരു പുരുഷശബ്ദവും ചേര്‍ന്നാണ് സംഭാഷണങ്ങള്‍. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത ഒരാളാണ് തന്റെ കൂടെ തന്മയത്വത്തോടെയും അനായാസമായും സംഭാഷണം പറയുന്നത്. അത് ആരാണെന്ന് പിന്നീടറിഞ്ഞ് ആ പെണ്‍കുട്ടി അത്ഭുതപ്പെട്ടു. കോഴിക്കോട്ടെ സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന കെ.എ. കൊടുങ്ങല്ലൂര്‍. അന്ന് അതിശയിച്ചു നിന്ന ആ പെണ്‍കുട്ടിയാണ് പില്‍ക്കാലത്ത് കോഴിക്കോടിന്റെ അമച്വര്‍- പ്രൊഫഷണല്‍ നാടകമേഖലകളില്‍ തന്റേതായ വഴി കണ്ടെത്തിയ എല്‍സി സുകുമാരന്‍. എല്‍സി നാടക അരങ്ങിലെത്തിയിട്ട് ഇപ്പോള്‍ അരനൂറ്റാണ്ടാവുന്നു. അരങ്ങിലെ ഓര്‍മകളുടെ ഒരു കൊടുമുടി തന്നെയുണ്ട് ആ മനസ്സില്‍.


കൊടുങ്ങല്ലൂരിനടുത്ത് ഗോതുരുത്തിലാണ് എല്‍സിയുടെ അച്ഛന്‍ ഫ്രാന്‍സിസിന്റെ ജനനം. അമ്മ എമിലിയാകട്ടെ എറണാകുളം ജില്ലയിലെ പെരുമാനൂര്‍ സ്വദേശിനിയും. അച്ഛന്റെ ജ്യേഷ്ഠന്മാര്‍ അറിയപ്പെടുന്ന ചവിട്ടുനാടക കലാകാരന്മാരായിരുന്നു. ചെറുപ്പത്തിലേ ചവിട്ടുനാടകങ്ങള്‍ കാണാന്‍ ലഭിച്ച അവസരമാകാം തന്നിലെ അഭിനയ സിദ്ധിക്ക് പ്രേരണയായതെന്ന് എല്‍സി ഓര്‍ക്കുന്നു. കോഴിക്കോട് മൂര്യാടെത്തിയ ഫ്രാന്‍സിസ് -എമിലി ദമ്പതിമാര്‍ക്ക് 1955-ലാണ് പെണ്‍കുഞ്ഞ് പിറന്നത്. അവരാ കുഞ്ഞിന് എല്‍സി എന്ന് പേരിട്ടു. ചവിട്ടുനാടകത്തിന്റെ മണ്ണില്‍ നിന്ന് എല്‍സിയും മാതാപിതാക്കളും എത്തിപ്പെട്ടതോ, സജീവമായ കോഴിക്കോടന്‍ നാടക മണ്ണിലേക്കും!

പന്തീരാങ്കാവ് ഹൈസ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ, അധ്യാപകരുടെ നിര്‍ബന്ധം കൊണ്ട് എല്‍സി ആദ്യമായി മുഖത്ത് ചായമണിഞ്ഞു. 'ജമീല' എന്ന കഥാപാത്രത്തെയാണ് താനന്ന് അവതരിപ്പിച്ചതെന്ന് അവരോര്‍ക്കുന്നു. കഥയെന്താണെന്നൊന്നും ഓര്‍മയില്ല. അരങ്ങേറ്റത്തില്‍പോലും തെല്ലും സഭാകമ്പമോ പകപ്പോ അവര്‍ക്കുണ്ടായില്ല. ഏതായാലും ആ 'ഗണപതി കുറിക്കല്‍' ശ്രദ്ധേയമായി. ആ കുട്ടിയില്‍ ഒരു നടിയുണ്ടെന്ന് കാണികള്‍ അഭിപ്രായപ്പെട്ടു. കലാസമിതികളുടെയും വായനശാലകളുടെയും വാര്‍ഷികങ്ങള്‍ക്ക് അക്കാലത്ത് നാടകങ്ങള്‍ പതിവായിരുന്നു. അവരില്‍ പലരും നടിയാകാന്‍ ക്ഷണിച്ചത് എല്‍സിയെയാണ്. അത്തരം എത്രനാടകങ്ങളില്‍ വേഷമിട്ടു എന്നതിനെക്കുറിച്ച് അവര്‍ക്കുതന്നെ ഓര്‍മ പോരാ. നാടക പരിശീലനത്തിന്റെയും അവതരണത്തിന്റെയും തിരക്കേറിയ നാളുകളായിരുന്നു അത്.

എല്‍സി പ്രൊഫഷണല്‍ നാടകരംഗത്തെത്തുന്നത് 'കോഴിക്കോട് സംഗമം തിയേറ്റേഴ്‌സി'ലൂടെയാണ്. കലാകാരന്മാര്‍ക്ക് മാന്യമായ പ്രതിഫലം കൊടുക്കുക എന്നലക്ഷ്യത്തോടെ കെ.ടി. മുഹമ്മദ് അടക്കമുള്ളവര്‍ ചേര്‍ന്ന് 'സംഗമം' തുടങ്ങുന്ന 1971 മുതല്‍ ദീര്‍ഘകാലം എല്‍സി ആ സമിതിയുമായി സഹകരിച്ചു. കെ.ടി.യുടെ 'സൃഷ്ടി, സ്ഥിതി, സംഹാരം', 'സാക്ഷാത്കാരം', 'സമന്വയം', 'സനാതനം', 'സന്നാഹം' എന്നീ 'സ'കാര നാടകങ്ങള്‍ക്കു പുറമേ 'സംഗമ'ത്തിന്റെ 'ഗോപുര നടയില്‍', 'തമ്പുരാന്റെ പല്ലക്ക്', 'കാട്ടുകടന്നല്‍', 'സൂര്യഗ്രഹണം', 'മഹാഭാരതം' എന്നീ നാടകങ്ങളിലും അവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 'സൃഷ്ടി'യിലെ രാധ, 'സ്ഥിതി'യിലെ നളിനി, 'സംഹാര'ത്തിലെ പ്രസന്ന, 'സാക്ഷാത്കാര'ത്തിലെ ശാരദ, 'സനാതന'ത്തിലെ മല്ലിക എന്നിവ എല്‍സിയെ ഏറേ ശ്രദ്ധേയയാക്കിയ കഥാപാത്രങ്ങളാണ്. എം.ടി. വാസുദേവന്‍ നായര്‍ രചിച്ച 'ഗോപുരനടയില്‍' എന്ന നാടകത്തിലെ യുവതി എല്‍സിക്കുലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ്. 'തമ്പുരാന്റെ പല്ലക്കി'ലെ മല്ലികയും 'കാട്ടുകടന്നലി'ലെ ജമ്മയും തന്റെ ഇഷ്ടകഥാപാത്രങ്ങളുടെ പട്ടികയില്‍ അവര്‍ പെടുത്തുന്നു.

തിക്കോടിയന്‍, കെ.ടി. മുഹമ്മദ്, എം.ടി., വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരുടെ നാടകങ്ങളില്‍ അഭിനയിക്കാനായത് ഒരു നടിയെന്ന നിലയില്‍ തന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതായി എല്‍സി വിലയിരുത്തുന്നു. സംഗമത്തിനു പുറമേ 'കലിംഗ'യിലും 'ചിരന്തന'യിലും എല്‍സി അഭിനയിച്ചു. 'സംഗമം' വിട്ട് കെ.ടി. തുടങ്ങിയ 'കലിംഗ'യില്‍ 'നാല്‍ക്കവല', 'കൈനാട്ടികള്‍' എന്നീ നാടകങ്ങളില്‍ മാത്രമാണ് അവര്‍ വേഷമിട്ടത്. ചിരന്തനയിലാകട്ടെ, ഇബ്രാഹിം വെങ്ങരയുടെ ക്ഷണപ്രകാരം അപൂര്‍വം അരങ്ങുകളില്‍ അവരെത്തി. വയലിനിസ്റ്റായ സുകുമാരന്റെ ജീവിതപങ്കാളിയായത് എല്‍സിയുടെ കലാജീവിതത്തിന് കൂടുതല്‍ പ്രോത്സാഹനമായി. 'കോഴിക്കോട് സരസ്വതി സ്‌കൂള്‍ ഓഫ് മ്യൂസിക്കി'ന്റെ പ്രിന്‍സിപ്പല്‍ കൂടിയാണ് സുകുമാരന്‍. 'സൃഷ്ടി' നാടകം സിനിമയാക്കിയപ്പോള്‍ അതിലും 'രാധ'യെ അവതരിപ്പിച്ചത് എല്‍സി തന്നെ.

വി.ടി.അരവിന്ദാക്ഷമേനോന്‍, നെല്ലിക്കോട് ഭാസ്‌കരന്‍, ബാലന്‍ കെ. നായര്‍, കുതിരവട്ടം പപ്പു, കുഞ്ഞാവ, കുഞ്ഞാണ്ടി, നിലമ്പൂര്‍ ബാലന്‍, മാമുക്കോയ, ശാന്താദേവി, കണ്ണൂര്‍ രാജം, നിലമ്പൂര്‍ ആയിഷ, വിജയലക്ഷ്മി തുടങ്ങിയ പ്രഗല്ഭരോടൊപ്പം എല്‍സി അനേകം വേദികള്‍ പങ്കിട്ടു. 1995-ല്‍ ഉറൂബിന്റെ 'ഭഗവാന്റെ അട്ടഹാസം' എന്ന ചെറുകഥ ഏകാഭിനയരൂപത്തില്‍ അവതരിപ്പിച്ച് എല്‍സി ശ്രദ്ധിക്കപ്പെട്ടു. സ്ത്രീയുടെ ഏകാഭിനയാവതരണം കേരളത്തിലെ ആദ്യസംഭവമായിരുന്നു, അന്ന്. കഥയ്ക്ക് നാടകരൂപം നല്‍കിയത് വി.കെ. പ്രഭാകരനും സംവിധാനം ചെയ്തത് ജയപ്രകാശ് കാര്യാലുമായിരുന്നു. 'കടാങ്കട'യെന്ന കഥാപാത്രമായാണ് എല്‍സി അരങ്ങിലെത്തിയത്.

നാടകരംഗത്തെ അമൂല്യസംഭാവനകള്‍ പുരസ്‌കരിച്ച് എല്‍സിക്ക് വലുതും ചെറുതുമായ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം 1989-ല്‍ പയ്യന്നൂരില്‍ നടന്ന കേരള സംഗീതനാടക അക്കാദമിയുടെ അമേച്വര്‍ നാടകമത്സരത്തിലെ പുരസ്‌കാരമാണ്. 'വളയനാട് കലാസമിതി'ക്കുവേണ്ടി ജയപ്രകാശ് കാര്യാല്‍ ഒരുക്കിയ 'ഉപാസന' നാടകത്തിലൂടെയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് അവര്‍ക്ക് ലഭിച്ചത്.

1969 മുതല്‍ കോഴിക്കോട് ആകാശവാണിയിലെ ഡ്രാമ ആര്‍ട്ടിസ്റ്റാണ് എല്‍സി. 1993 മുതല്‍ എ-ഗ്രേഡ് ആര്‍ട്ടിസ്റ്റും. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, ന്റെപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, അഗ്‌നിസാക്ഷി, രണ്ടാമൂഴം, സ്മാരകശിലകള്‍, എണ്ണപ്പാടം, സുല്‍ത്താന്‍ വീട് തുടങ്ങിയ പ്രശസ്ത രചനകളുടെ റേഡിയോ നാടകരൂപത്തിന് എല്‍സി ശബ്ദം നല്‍കി. തൃശ്ശൂര്‍, തിരുവനന്തപുരം നിലയങ്ങളിലും അവര്‍ നാടകങ്ങള്‍ക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. തിക്കോടിയന്‍, എന്‍.എന്‍. കക്കാട്, അക്കിത്തം, കെ.എ. കൊടുങ്ങല്ലൂര്‍ തുടങ്ങിയ തലയെടുപ്പുള്ള സാഹിത്യകാരന്മാര്‍ കോഴിക്കോട് നിലയത്തില്‍ ഉണ്ടായിരുന്ന കാലമാണത്. ടി.എന്‍. ഗോപിനാഥന്‍ നായരുടെ ഏതാണ്ടെല്ലാ റേഡിയോ നാടകങ്ങളിലും എല്‍സി സഹകരിച്ചിരുന്നു. ടെലിഫിലിമുകളിലും പല ഉത്പന്നങ്ങളുടെയും റേഡിയോ പരസ്യങ്ങളിലും അവര്‍ പങ്കാളിയായി.

2000-ല്‍ കെ.പി.ഉമ്മര്‍ അധ്യക്ഷനായ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സര ജൂറിയില്‍ എല്‍സി അംഗമായിരുന്നു. 'നന്മ'യുടെ സംസ്ഥാന കമ്മിറ്റിയംഗവും 'സര്‍ഗവനിത'യുടെ ജില്ലാ പ്രസിഡന്റുമാണിപ്പോള്‍. സരിത്തും സനിതയും മക്കളാണ്.

നാടകസ്മരണകള്‍ നിറഞ്ഞുകവിയുന്ന മനസ്സാണ് എല്‍സിയുടേത്. 'കലിംഗ'യുടെ 'നാല്‍ക്കവല' അവതരിപ്പിക്കേണ്ടദിവസം സഹനടന്‍ മരിച്ചിട്ടും ആ ദുഃഖം കടിച്ചമര്‍ത്തി നാടകം കളിക്കേണ്ടിവന്നതാണ് അതിലൊന്ന്. 'സംഗമ'ത്തിന്റെ അഖിലേന്ത്യാ പര്യടനം നടക്കുമ്പോള്‍ ഹാര്‍മോണിസ്റ്റിന്റെ അച്ഛന്‍ മരിച്ചു. ഈ വിവരം അദ്ദേഹത്തെ അറിയിക്കാതെ രണ്ടുമാസം നാടകം നടത്തിയതാണ് മറ്റൊന്ന്.

''ഇങ്ങനെയൊക്കെയാണ് നാടക കലാകാരന്മാരുടെ ജീവിതം!''- അവര്‍ പറഞ്ഞുനിര്‍ത്തുന്നു.