MATHRUBHUMI RSS
Loading...
കാറ്റ്‌റിനിലേ വരും ഗീതം...

സിനിമാകൊട്ടകയില്‍ പോയി എം.എസ്.സുബ്ബലക്ഷ്മി പാടി അഭിനയിച്ച സിനിമ 'ഭക്തമീര' കണ്ടത്, പവനനോടൊപ്പം എസ്.ജാനകിയെ സന്ദര്‍ശിച്ചത്, എക്കാലത്തെയും പ്രിയമുള്ള പാട്ടുകള്‍ കേട്ടത്... പാര്‍വതി പവനന്‍ എഴുതുന്നു...എന്റെ നാടായ ഒറ്റപ്പാലം പണ്ട് ഒരു കുഗ്രാമമായിരുന്നു. ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല. അന്നവിടെ ജീവിച്ചിരിക്കുന്നവര്‍ക്ക് വൈദ്യുതി എന്താണെന്നുപോലും അറിവുണ്ടായിരുന്നില്ല. മണ്ണെണ്ണവിളക്കിന്റെ നുറുങ്ങുവെട്ടത്തിലാണ് അന്ന് എല്ലാവരും ജീവിച്ചിരുന്നത്.

അന്ന് ഒറ്റപ്പാലത്ത് വേനല്‍ക്കാലങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ പാടത്ത് ഓലമേഞ്ഞ താത്കാലിക ഷെഡ്ഡില്‍ ജനറേറ്റര്‍ ഉപയോഗിച്ച് സിനിമാകൊട്ടകകളില്‍ കാണിക്കുന്ന ചിത്രങ്ങള്‍ കാണിക്കും. അതായിരുന്നു അന്നത്തെ ഞങ്ങളുടെ ഇഷ്ടവിനോദം. സിനിമ തുടങ്ങും മുന്‍പെ ഷെഡ്ഡിനു പുറത്തുനിന്ന് ഉച്ചത്തിലുയരുന്ന പാട്ടുകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ കൂട്ടുകാരുമൊത്ത് പാടവരമ്പില്‍ ചെന്നിരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പ് കേട്ട ഒരു പാട്ടിന്റെ വരികള്‍ ഇന്നും ഞാനോര്‍ക്കുന്നു. ''ആദിയെ ഇമ്പ ജ്യോതി അരുള്‍താവു ദേവമാതാവേ... ആദിയെ'' ആര് പാടിയെന്നോ, ഏതു ചിത്രത്തില്‍നിന്നാണ് ഇത് കേട്ടതെന്നോ എത്ര ആലോചിച്ചിട്ടും ഓര്‍മവരുന്നില്ല.

സിനിമ തുടങ്ങുന്നു എന്നറിയുന്നത്, പോസ്റ്ററുകള്‍ ഒട്ടിച്ച കാളവണ്ടികള്‍ പടത്തിന്റെ ഒരു ചെറുവിവരണം എഴുതിയ നോട്ടീസുകള്‍ പറപ്പിച്ച് വേഗത്തില്‍ ഓടിച്ചുപോകുമ്പോഴാണ്. ആ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. മഴ തുടങ്ങിയാല്‍ ഷെഡ്ഡുകള്‍ പൊളിച്ച് സിനിമക്കാര്‍ സ്ഥലം വിടുമായിരുന്നു.

അങ്ങനെ ഒരു സ്‌കൂള്‍ അവധിക്കാലത്ത് ഇംപീരിയല്‍ ടാക്കീസ് എന്ന പേരില്‍ ഒരു സിനിമാകൊട്ടകയില്‍ പ്രശസ്ത തെന്നിന്ത്യന്‍ ഗായിക എം.എസ്. സുബ്ബലക്ഷ്മി പാടി അഭിനയിച്ച 'ഭക്തമീര' എന്ന തമിഴ് പടം കളിക്കാന്‍ തുടങ്ങി. ഗ്രാമഫോണുകളില്‍ക്കൂടി അവരുടെ സ്വര്‍ഗീയ മധുരശബ്ദത്തില്‍ പാടിയ പാട്ടുകള്‍ ഞങ്ങളെപ്പോലുള്ളവര്‍ കേട്ടിട്ടുണ്ട്.

സിനിമാകൊട്ടകകളില്‍ കസേര, ബെഞ്ച്, തറ എന്നീ മൂന്നു വിഭാഗങ്ങളാണ് ഇരിപ്പിടങ്ങള്‍. ഉയര്‍ന്ന ക്ലാസ്സായ കസേരയ്ക്ക് നാലണ, ബെഞ്ചിന് രണ്ടണ, തറയ്ക്ക് ഒരണ എന്ന തോതിലാണ് നിരക്ക്. തറയില്‍ ഇരുന്ന് വലിക്കുന്ന ബീഡിപ്പ്പുകയുടെ മണം ഇന്നും ഞാന്‍ അനുഭവിക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് റീലുകള്‍ പൊട്ടും. ആളുകള്‍ കൂവാന്‍ തുടങ്ങും. അതിനിടയില്‍ സോഡയും പാട്ടുപുസ്തകങ്ങളും വില്‍ക്കുന്നവര്‍ ഓടിനടക്കും. അവരുടെ പക്കല്‍നിന്നും വാങ്ങിയ പാട്ടുപുസ്തകങ്ങള്‍ എന്റെ കൈവശം ഏറെയുണ്ടായിരുന്നു. അന്ന് എം.എസ്. സുബ്ബലക്ഷ്മി ഭക്തിമീരയില്‍ പാടിയ 'കാറ്റ്‌റിനിലെ വരും ഗീതം, പട്ടമരങ്കള്‍ തളിര്‍ക്കും ഗീതം', 'വൃന്ദാവനത്തില്‍ കണ്ണന്‍ വളര്‍ന്ത അന്തനാളും വന്തിടാതോ' എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ ഇന്നും ഞാന്‍ മൂളാറുണ്ട്. പിന്നീട് ഒരു ഹിന്ദി സിനിമ വന്നു. ഹിന്ദിയിലെ അന്നത്തെ പ്രശസ്ത നടിയും ഗായികയുമായ സുരയ്യ പാടിയ 'തൂ മേരാ ചാന്ദ്‌നി, മേ തേരാ ചാന്ദ്‌നി' എന്ന പാട്ടൊക്കെ സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ഞങ്ങള്‍ കൂട്ടുകാരൊടൊപ്പം പാടിനടന്നിരുന്നു.

എന്റെ ഇഷ്ടഗാനങ്ങള്‍

പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന എന്റെ ഏട്ടന്‍ സി.പി. രാമചന്ദ്രനും മറ്റു രണ്ട് ഏട്ടന്മാരും സൈഗളിന്റെയും പങ്കജ് മല്ലിക്കിന്റെയും മന്നാഡെയുടെയും മറ്റും പാട്ടുകള്‍ നന്നായി പാടിയിരുന്നു. ഞാനും ഏട്ത്തിയും ശാസ്ത്രീയസംഗീതം ഒരു ഭാഗവതരുടെ കീഴില്‍ പഠിച്ചിരുന്നു. അങ്ങനെ ഒരു സംഗീതപാരമ്പര്യം എനിക്കുണ്ടായിരുന്നു.

കാലം മാറി. ശാസ്ത്രസാങ്കേതികവിദ്യ വളര്‍ന്നു. വൈദ്യുതി ഓണംകേറാമൂലയിലെല്ലാം എത്തി. കൊട്ടകകള്‍ക്കു പകരം ആധുനിക സൗകര്യത്തോടെ നിര്‍മിച്ച തിയേറ്ററുകള്‍ വന്നു.

എന്റെ വിവാഹം കഴിഞ്ഞ് പവനനോടൊപ്പം മദ്രാസ്സില്‍ എത്തിയപ്പോഴാണ് ഇന്നത്തെ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ അച്ഛന്‍ ആര്‍.കെ. ശേഖറുമായി പരിചയപ്പെട്ടത്. അത്യാവശ്യം പാടുമായിരുന്ന ഞാന്‍ ആര്‍.കെ. ശേഖറിന്റെ ട്രൂപ്പിലുള്ള ഒരു ഗായകസംഘത്തില്‍ ഉള്‍പ്പെട്ടു. പിന്നീട് ആര്‍.കെ. ശേഖറിന്റെ ഭാര്യ കസ്തൂരിയും അതിലുണ്ടായിരുന്നു.

അക്കാലങ്ങളിലാണ് ഞാന്‍ ആദ്യമായി പ്രശസ്ത ഗായികയായ എസ്. ജാനകിയെ കാണുന്നതും പരിചയപ്പെടുന്നതും. പവനനോടൊപ്പമാണ് പോയത്. മുറ്റത്ത് വലിയ കോലമിട്ടിരുന്ന വീട്ടിനുള്ളില്‍നിന്നും അവരുടെ ഭര്‍ത്താവ് വന്ന് സ്വീകരിച്ചു. നെറ്റിയില്‍ വലിയ കുങ്കുമപ്പൊട്ട് തൊട്ട് വിനയാന്വിതയായി കൈകൂപ്പി വന്ന എസ്. ജാനകിയെ കണ്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റു. എന്നെ പിടിച്ചിരുത്തി അവരും അരികിലിരുന്നു. അന്നവര്‍ പ്രശസ്തയായി വരുന്നതേയുള്ളൂ. അവര്‍ ഏതോ ഒരു തമിഴ്പാട്ട് പാടിയതായി ഞാനോര്‍ക്കുന്നു. പിന്നീട് പൂജാമുറിയില്‍ പോയി മൂകാംബികയുടെ പ്രസാദം കൊണ്ടുവന്ന് എന്റെ നെറ്റിയില്‍ തൊടുവിച്ചു. അന്നവര്‍ക്ക് മലയാളം തീരെ അറിഞ്ഞിരുന്നില്ല. കേട്ടാല്‍ മനസ്സിലാവും. അവരുടെ ചെന്തമിഴിലുള്ള സംസാരം എനിക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കി. അവര്‍ക്ക് രക്ഷകനായി എപ്പോഴും സ്‌നേഹധനനായ ഭര്‍ത്താവ് കൂടെ ഉണ്ടാവും. നെറ്റിയിലെ കുങ്കുമപ്പൊട്ടും പ്രത്യേകതരത്തില്‍ തയ്പ്പിച്ച ബ്ലൗസ്സും സാരിയും അവരുടെ വിനയാന്വിതമായ അന്നത്തെ മുഖവും ഇന്നും എന്റെ മനസ്സിലുണ്ട്.

പിന്നീട് തെന്നിന്ത്യയിലെ തന്നെ പ്രശസ്ത ഗായികയായി മാറിയ അവര്‍ എത്രയോ മനോഹരങ്ങളായ മലയാള ഗാനങ്ങള്‍ സ്ഫുടമായ മലയാളത്തില്‍ പാടി മലയാളി മനസ്സുകളെ കോരിത്തരിപ്പിച്ചു. അതുകൊണ്ടുതന്നെ എന്റെ ഇഷ്ടഗായിക മറ്റാരുമല്ല സാക്ഷാല്‍ എസ്. ജാനകി തന്നെ. അനുഗൃഹീതമായ ആ സ്വരമാധുരി ഇന്നും അവര്‍ക്ക് കൈമോശം വന്നിട്ടില്ല. അവരുടെ പാട്ടുകളില്‍ ഏതാണ് എന്റെ മനസ്സില്‍ തൊട്ടുഴിയുന്നത് എന്ന് ആലോചിക്കുമ്പോള്‍ ഒന്നുംതന്നെ വേര്‍തിരിച്ചെടുക്കാനാവുന്നില്ല.

'താനെ, തിരിഞ്ഞും മറിഞ്ഞും തന്‍താമരമെത്തയിലുരുണ്ടും മയക്കം വരാതെ മാനത്ത് കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ', 'നിദ്ര തന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍', 'നീരദലതാഗൃഹം...' ഇതെല്ലാം തന്നെ എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഗാനങ്ങളാണ്. എങ്കിലും മനസ്സിനെ തൊട്ടുണര്‍ത്തുന്ന പാട്ട് 1963-ല്‍ സത്യനും അംബികയും നായികാനായകന്മാരായി അഭിനയിച്ച 'അമ്മയെ കാണാന്‍' എന്ന പടത്തില്‍ പി. ഭാസ്‌കരന്‍മാഷ് എഴുതി, കെ. രാഘവന്‍ ഈണംകൊടുത്ത് എസ്. ജാനകി പാടിയ 'ഉണരുണരൂ ഉണ്ണിപ്പൂവേ, കരിക്കൊടി തണലത്ത് കാട്ടിലെ കിളിപ്പെണ്ണിന്‍ കവിത കേട്ടുറങ്ങുന്ന പൂവേ' എന്ന പാട്ടാണ്. കൊടുംതണുപ്പില്‍ ഉറങ്ങുന്ന പൂവിനോട് കാട്ടില്‍ പാടിനടക്കുന്ന കിളികളുടെ സംഗീതം കേട്ട് ഉണരാന്‍ ഭാസ്‌കരന്‍ മാഷ്‌ക്കല്ലാതെ മറ്റാര്‍ക്കാണ് പറയാന്‍ സാധിക്കുക.

സ്വര്‍ഗീയ ഗാനങ്ങള്‍ എഴുതിയ ഭാസ്‌കരന്‍ മാഷ് ഇന്ന് നമ്മോടൊപ്പമില്ല. മലയാള മനസ്സുകളെ സമ്പന്നമാക്കിയ വരികള്‍ എഴുതിയ അദ്ദേഹം ഹൃദയസ്പര്‍ശിയായ പാട്ടുകളിലൂടെ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നു. ഗാനസംവിധാനത്തിലൂടെ മലയാള മനസ്സുകളെ ഇളക്കിമറിച്ച, എല്ലാവര്‍ക്കും പ്രിയപ്പെട്ട കെ. രാഘവനും മാസ്മരശബ്ദത്തിലൂടെ പാട്ടുകള്‍ പാടി മനം കുളിര്‍പ്പിക്കുന്ന എസ്. ജാനകിക്കും ആയുരാരോഗ്യത്തോടെ ഇനിയും ഏറെക്കാലം ജീവിക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുകയാണ്.