MATHRUBHUMI RSS
Loading...
എന്റെ പോരാട്ടം ലഹരിയോട്‌
ശര്‍മിള

ശുദ്ധമായ ജീവിതരീതിയോടുള്ള ആഭിമുഖ്യം പ്രൊഫ.ഒ.ജെ.ചിന്നമ്മയെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിലെത്തിച്ചു...


താമരശ്ശേരിയിലെ മൈക്കാവ് എന്ന ഗ്രാമത്തില്‍ ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ചിന്നമ്മയ്ക്ക് പഠിക്കാന്‍ വല്ലാത്ത കൊതിയായിരുന്നു. പക്ഷെ അതിനൊന്നുമുള്ള സാമ്പത്തിക സ്ഥിതി ഇല്ല. ''പത്താംകഌസില്‍ മികച്ച മാര്‍ക്കുണ്ടായിട്ടും തുടര്‍ന്ന് പഠിക്കാതെ ഞാന്‍ വെറുതെയിരുന്നു. എന്നെ പഠിപ്പിച്ച വര്‍ഗ്ഗീസ് സാര്‍ ഒരിക്കല്‍ വീട്ടില്‍ വന്നു. പെങ്ങളുടെ ഒപ്പം സംസ്‌കൃതം പഠിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചു. അതൊരു നിമിത്തമായി.

എനിക്ക് സംസ്‌കൃതം ഇഷ്ടമാണ്.കേള്‍ക്കേണ്ട താമസം ഞാന്‍ റെഡി. ജ്യേഷ്ഠനും സാറും കൂടി എന്നെ പാവറട്ടിയിലെ ഗുരുവായൂര്‍ സാഹിത്യ ദീപിക സംസ്‌കൃത വിദ്യാലയത്തില്‍ ചേര്‍ത്തു. ശിക്ഷാശാസ്ത്രി യും പ്രൈവറ്റായി സംസ്‌കൃതം എംഎ ആചാര്യയും പാസ്സായി. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ സംസ്‌കൃത വകുപ്പില്‍ അധ്യാപികയായി ചേര്‍ന്നു.'' കോഴിക്കോട് തലക്കുളത്തൂരുള്ള വീട്ടിലിരുന്ന് ചിന്നമ്മടീച്ചര്‍ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു.

ഇതിനിടെ ചിന്നമ്മയുടെ ജീവിതത്തിലേക്ക് മദ്യവിരോധവുമായി ഒരു ചെറുപ്പക്കാരന്‍ വന്നു. ടി.എം.രവീന്ദ്രന്‍. ക്രിസ്ത്യന്‍ കോളേജില്‍ത്തന്നെ മലയാളം അധ്യാപകന്‍. ''മാഷുടെ നിലപാടുകള്‍ എന്നെ ആകര്‍ഷിച്ചു. സൗഹൃദമായി. പിന്നീടത് പ്രണയമായി. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കല്യാണം കഴിച്ചു. മാഷ് അന്ന് മദ്യനിരോധനസമിതിയുടെ ജില്ലാനേതൃത്വത്തിലുണ്ട്. ''

ഭര്‍തൃഗൃഹത്തില്‍ വെച്ചാണ് മദ്യദുരന്തത്തിന്റെ നേരനുഭവം ചിന്നമ്മടീച്ചര്‍ക്ക് ബോധ്യപ്പെടുന്നത്. ''രവീന്ദ്രന്‍ മാഷ്‌ടെ അച്ഛന്‍ മദ്യപാനത്തില്‍ നിന്നും രക്ഷപ്പെട്ട ആളാണ്. അച്ഛന്റെ ധാരാളം സ്വത്തുക്കള്‍ കടുത്ത മദ്യപാനം മൂലം നഷ്ടപ്പെട്ടു. സത്യത്തില്‍ അതെല്ലാം അനുഭവിച്ച അമ്മ എം.പി.നാണിയമ്മയാണ് രവീന്ദ്രന്‍ മാഷെ മദ്യപാനത്തിനെതിരായി പോരാടാന്‍ പ്രേരിപ്പിച്ചത്. എം.പി മന്മഥന്‍ സാറിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മദ്യനിരോധനസമിതിക്ക് രൂപം കൊടുത്തവരില്‍ അമ്മയുണ്ടായിരുന്നു. അമ്മയും മാഷും ഏറെ പണിപ്പെട്ടിട്ടുണ്ട് അച്ഛന്റെ മദ്യപാനം മാറ്റാന്‍. ഒടുവില്‍ അവരതില്‍ വിജയിച്ചു. അച്ഛന്‍ നല്ലൊരു കുടുംബനാഥനായി മാറി.''

ഒരു മനം മാറ്റം

ടീച്ചറും കൂട്ടരും ഇടപെട്ട് മനംമാറ്റിയ വരില്‍ ഷാലു എന്ന ചെറുപ്പക്കാരനുണ്ട്.''2001-ല്‍ മദ്യനിരോധനസമിതിയുടെ ജാഥ പന്തീരാങ്കാവിലെത്തി. പ്രസംഗം ശ്രദ്ധിച്ച ഒരു ചെറുപ്പക്കാരന്‍ മനംമാറി. പേര് ഷാലു. ഇരുപത് വയസ് കാണും. അവിടെ നടന്ന സമരത്തില്‍ ഞങ്ങള്‍ക്കൊപ്പം ഷാലുവും പങ്കാളിയായി. മാത്രമല്ല, മദ്യപാനത്തിനായി മാത്രം വാടകയ്‌ക്കെടുത്തിരുന്ന ലോഡ്ജ്മുറി അയാള്‍ മദ്യനിരോധനസമിതിയുടെ ഓഫീസാക്കാനും തയ്യാറായി.

ഒരു ദിവസം ഒരാള്‍ മദ്യപിച്ച അവസ്ഥയില്‍ തല മുഴുവന്‍ മുറിവ് പറ്റി ചോരയില്‍ കുളിച്ച് റോഡില്‍ വീണു കിടക്കുന്നത് കണ്ടു. ഷാലു ഓടിപ്പോയി അയാളെ വാരിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടവന്‍ തിരിച്ചുവന്നത് കരഞ്ഞുകൊണ്ടാണ്, ''ടീച്ചറേ, അതെന്റെ അച്ഛനാണ്. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവ്ാണ്''. ഷാലു മദ്യപാനം നിര്‍ത്തിയതറിഞ്ഞ് ഷാപ്പുകാര്‍ അവന്റെ മദ്യപാനിയായ അച്ഛനെ അമിതമായി കുടിപ്പിച്ച് വിട്ടതാണ്.

അച്ഛന്റെ അവസ്ഥ അവനെ വേദനിപ്പിച്ചു. അവന്‍ മദ്യപാനത്തിലേക്ക് മടങ്ങിപ്പോകുമോ എന്നുപോലും ഞങ്ങള്‍ ഭയന്നു. ഞങ്ങള്‍ അവനെ ആശ്വസിപ്പിച്ചു. ശേഷം ഇന്നേവരെ അവന്‍ മദ്യപിച്ചിട്ടില്ല. കല്യാണം കഴിച്ചു. രണ്ട് കൊച്ചുങ്ങളായി. നന്നായി ജീവിക്കുന്നു.''

ഗ്രാമം മദ്യമുക്തമാവുന്നു

കത്തിക്കുത്ത്, കൊലപാതകം, കഞ്ചാവ് വളര്‍ത്തല്‍, അവിഹിതഗര്‍ഭധാരണങ്ങള്‍, കുറഞ്ഞ വിജയശതമാനമുള്ള സ്‌കൂളുകള്‍... കക്കാടംപൊയിലിന്റെ വിശേഷണങ്ങള്‍ കാലങ്ങളായി അതൊക്കെയായിരുന്നു. ഫാ. മനോജ് പ്‌ളാക്കൂട്ടം, ഫാ.ജോണ്‍ ഒറവങ്കര എന്നിവര്‍ കക്കാടംപൊയിലിലേക്ക് ചിന്നമ്മടീച്ചറെ വിളിച്ചു. 2000 ജനവരിയില്‍ കക്കാടംപൊയിലിനെ മദ്യമുക്തഗ്രാമമാക്കണം എന്ന ലക്ഷ്യം മനസില്‍ കണ്ട് 1999-ല്‍ അവര്‍ പരിശ്രമം തുടങ്ങി. ''മദ്യപരെ പെട്ടെന്ന് അവരുടെ ശീലങ്ങളില്‍ നിന്ന് മാറ്റുക എളുപ്പമല്ലല്ലോ. ഒരു കൊല്ലം പരിപാടികള്‍ നീണ്ടു. കൂട്ടായ്മയിലൂടെ ഗ്രാമീണര്‍ക്ക് പശു, ആട്, കോഴി എന്നിവ വളര്‍ത്താന്‍ നല്‍കി. പതിയെ ആളുകള്‍ മനം മാറ്റി. വാറ്റുകാര്‍ ചിന്നമ്മ ടീച്ചരുടെയടുത്ത് നേരിട്ടുവന്ന് വാറ്റ് ഉപേക്ഷിക്കുന്നതായി പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് നടത്തിയ സര്‍വ്വെഫലം അത്ഭുതകരമായിരുന്നു. സ്‌കൂളുകളില്‍ വിജയശതമാനം കൂടി. ആളുകളുടെ ബാങ്ക് നിക്ഷേപം വര്‍ദ്ധിച്ചു,അക്രമസംഭവങ്ങള്‍ കുറഞ്ഞു... 2000 ജനവരി ഒന്നിന് കക്കാടംപൊയിലിനെ മദ്യമുക്തഗ്രാമമായി പ്രഖ്യാപിച്ചു.''

ബംഗ്ലാദേശ് കോളനിയില്‍

കോഴിക്കോട് ബീച്ചിലെ കുപ്രസിദ്ധമായ ബംഗഌദേശ് കോളനിയിലേക്ക് സ്‌നേഹസന്ദേശവുമായി ചിന്നമ്മടീച്ചറും സഹപ്രവര്‍ത്തകരും ചെന്നു.''22-ഓളം ദുര്‍മരണങ്ങള്‍ കോളനിയില്‍ നടന്നതായി ഞങ്ങള്‍ അറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ പോലും അങ്ങോട്ട് പോവുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്തെങ്കിലും ചെയ്യാതെ വയ്യെന്നായി. ഞാനും മാഷും എന്‍.എസ്.എസിന്റെ കുറച്ച് കുട്ടികളും കോളനിയിലേക്ക് പോയി. അവര്‍ ഞങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കോളനിയിലേക്ക് കടത്തിയില്ല. ഞങ്ങള്‍ തിരിച്ചുപോന്നു.


മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കുറേ ആളുകളെ ഒപ്പം കൂട്ടി കോളനിയിലേക്ക് പോയി. ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കെ ആളുകള്‍ വന്ന് വളഞ്ഞു. 'കേരളം മുഴുവന്‍ ഞങ്ങള്‍ മദ്യവും മയക്ക്മരുന്നും വ്യാപിപ്പിക്കും. എയിഡ്‌സ് പരത്തും. പോലീസിനെയോ നിങ്ങളെയോ ഞങ്ങള്‍ക്ക് പേടിയില്ല. പട്ടിണി മാറ്റാന്‍ ഇതല്ലാതെ ഞങ്ങള്‍ക്ക് മറ്റു വഴികളില്ല', അവര്‍ ആക്രോശിച്ചു. ആ വാക്കുകള്‍ ഞങ്ങള്‍ മനസില്‍ കനല്‍ പോലെ പതിച്ചു. വിശപ്പാണ് പ്രശ്‌നം. ആദ്യം അത് മാറ്റണം.

വീടുകളില്‍ പോയി സ്ത്രീകളോട് സംസാരിച്ചു. അന്‍പത്തഞ്ച് സ്ത്രീകള്‍ അവിടെ ശരീരവ്യാപാരം നടത്തുന്നു. ഒരുപാട്‌പേര്‍ രോഗികള്‍. എല്ലാം കണ്ടും കേട്ടും തളര്‍ന്നു. ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വരെ തോന്നി. അന്ന് രാത്രി വീട്ടിലെത്തി ഞാനും മാഷും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം തയ്യാറാക്കി. അദ്ദേഹത്തെ കാണാനുള്ള സമയം ചോദിച്ചു. ഭാഗ്യത്തിന് സമയം കിട്ടി. ഞങ്ങള്‍ പോയി കണ്ടു. സുഗതകുമാരി, ഫാ.തോമസ് തൈത്തോട്ടം,കെ.കെ.രാഹുലന്‍, മാഹിന്‍ മാഷ്, എല്ലാവരുമുണ്ട്. എന്റെ മനസ്സിലെ എല്ലാ ആശങ്കയും ഞാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ''ഞാന്‍ അവിടെ എത്തിയിരിക്കും'', അദ്ദേഹം ഉറപ്പ് നല്‍കി.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഫലവത്തായി. കോളനിയിലെ ചെറ്റവീടുകള്‍ക്ക് പകരം ഇരുനില ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുമെന്ന് വാഗ്ദാനമുണ്ടായി. നിയമനടപടികള്‍ കര്‍ക്കശമാക്കി. ഉച്ചക്കഞ്ഞി വിതരണത്തിന് മൂന്ന് മാസത്തേക്ക് അരിയും പയറും തന്നു.

തളരാത്ത സ്ത്രീശക്തി

വര്‍ഷം 2001. ഘട്ടം ഘട്ടമായി സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കാമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തു. ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തു. എന്നാല്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ 55 പുതിയ വിദേശമദ്യഷാപ്പുകള്‍ അനുവദിക്കുകയാണ് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ മൂന്ന് ഷാപ്പുകള്‍. ചിന്നമ്മ ടീച്ചര്‍ പ്രക്ഷുബ്ധമായ അക്കാലംഓര്‍ത്തു. ''ഞങ്ങള്‍ സമരത്തിന് ഇറങ്ങി. അത്തോളിയിലെ ഷാപ്പുകാര്‍ മദ്യം കുടിപ്പിച്ച് അയച്ചവര്‍ വന്ന് എന്നെ തെറിവിളിച്ചു. ഗാന്ധിയന്‍ സമരമാണ്. എന്നാലും എത്രനേരം ക്ഷമിക്കും! ക്ഷമ കെട്ട് ഞാന്‍ മൈക്കില്‍ അവരെ ശകാരിച്ചു, എന്റെ സ്വന്തം ആങ്ങള വഴി തെറ്റി നടന്നാല്‍ പറയും പോലെ. അവര്‍ ഓരോരുത്തരായി അപ്രത്യക്ഷരായി. എന്നെ തെറി വിളിച്ചതില്‍ ക്ഷമ ചോദിച്ച് പിറ്റേന്ന് ചിലര്‍ വന്നു.''


കോഴിക്കോട് മാനാഞ്ചിറയില്‍ 69 ദിവസത്തെ നിരാഹാരസമരം. ആ സമരം വിജയിച്ചതിന് പിന്നില്‍ ചിന്നമ്മടീച്ചറുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ പ്രകടിപ്പിച്ച ആര്‍ജ്ജവമുണ്ടായിരുന്നു.

''സമരം ഒരാഴ്ച പിന്നിട്ടപ്പോള്‍ സമരക്കാരെല്ലാവരും അവശരായി. ഞങ്ങള്‍ സ്ത്രീകള്‍ ഒരു അടവെടുത്തു. കെ.പി.സി.സി. പ്രസിഡണ്ട് കെ.മുരളീധരന്റെ വീട്ടില്‍ നിശാസത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചു. എന്റെ കൂടെ കുറച്ച് പാവങ്ങളായ സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ മുരളീധരന്റെ വീട്ടിലേക്ക് പോയി. ''ഞങ്ങളുടെ നേതാക്കള്‍ മരണത്തെ അഭിമുഖീകരിക്കയാണ്. എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഇല്ലെങ്കില്‍ ഇന്നുരാത്രി ഞങ്ങള്‍ സ്ത്രീകള്‍ ഈ വീട്ടുമുറ്റത്ത് ഇരിക്കും,'' ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. മുരളീധരന്‍ അപ്പോള്‍ത്തന്നെ ഫോണെടുത്ത് എക്‌സൈസ് മന്ത്രി ശങ്കരനാരായണനെ വിളിച്ചു. അങ്ങനെ ജില്ലയിലെ മൂന്ന് പുതിയ മദ്യഷാപ്പുകളില്‍ ഒന്ന് പൂട്ടാനും രണ്ടെണ്ണം സ്ഥലം മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു.''
ഒരുപാട് ദുരനുഭവങ്ങളും ടീച്ചര്‍ തരണം ചെയ്തിരിക്കുന്നു.

''എന്റെ വീട്ട് മുറ്റത്ത് ഗുണ്ട് പൊട്ടിച്ചിട്ടുണ്ട്. ഫോണില്‍ ഭീഷണികള്‍ വന്നു, അടിച്ച് കയ്യും കാലും തല്ലിയൊടിക്കുമെന്ന്. ചിലപ്പോള്‍ തെറിക്കത്ത് വരും. മാഷ് പറയും, 'എന്തായാലും ഒരു നാള്‍ മരിക്കും. അപ്പോള്‍ ഭയന്നിട്ട് കാര്യമില്ല.' മാഷ് അങ്ങനെ പറയുമ്പോള്‍ എനിക്കും നല്ല ധൈര്യം തോന്നും,'' ചിന്നമ്മ ടീച്ചര്‍ പറഞ്ഞു.

ഇപ്പോള്‍ സ്‌കൂള്‍ പാഠ്യപുസ്തകത്തില്‍ മദ്യനിരോധനം ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചതിന്റെ ആഹഌദത്തിലാണ് ചിന്നമ്മയും രവീന്ദ്രനും. മാസങ്ങള്‍ നീണ്ട കുരിശുപള്ളി സമരം, മലപ്പുറം,കോയവളപ്പ്, കുളിരാമുട്ടി, പുളിക്കുല്‍ കയവ്, ഒള്ളൂര്‍, മെഡിക്കല്‍ കോളേജ്, നരിക്കുനി, തോട്ടുമൂഴി എന്നീ മദ്യവിരുദ്ധപോരാട്ടങ്ങളില്‍ ചിന്നമ്മടീച്ചര്‍ നിര്‍ണ്ണായക സാന്നിധ്യമായി. മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തകയ്ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ ആദ്യഅവാര്‍ഡും ചിന്നമ്മ ടീച്ചര്‍ക്ക് ലഭിച്ചു. അപ്പോഴും ടീച്ചര്‍ക്ക് ഒന്നേ പറയാനുള്ളു, ''സമ്പൂര്‍ണ മദ്യനിരോധനം വേണം. അത് മാത്രമേ നമ്മുടെ നാടിന് രക്ഷയുള്ളു.''