MATHRUBHUMI RSS
Loading...
ആരെങ്കിലും അറിയുന്നുണ്ടോ ഇതിന്റെ വില
റീഷ്മ ദാമോദര്‍

വീട്ടുജോലിക്ക് കൂലി എന്ന നിയമം വന്നാല്‍ അടുക്കളയില്‍ പുകഞ്ഞു തീരുന്ന സ്ത്രീകളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാവുമോ?അവര്‍ പ്രതികരിക്കുന്നു...


കോലായില്‍ നിന്നും ഇടനാഴിയില്‍ നിന്നും അലമുറയിടുന്ന നാലും അഞ്ചും കുഞ്ഞുങ്ങള്‍, മുന്‍ശുണ്ഠിക്കാരനായ ഭര്‍ത്താവ്, തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം കണ്ടെത്തുന്ന പ്രായമായ കാരണവന്‍മാര്‍. ഇവര്‍ക്കെല്ലാം വെച്ചുവിളമ്പി, അലക്കിത്തുടച്ച് ജീവിതം വെളുപ്പിച്ചുകൊണ്ടിരുന്നു അവള്‍. കാലം മുന്നോട്ടുതന്നെപോയിക്കൊണ്ടിരുന്നു. അപ്പോഴും അവളുടെ റോളിന് മാത്രം മാറ്റമൊന്നും വന്നില്ല. വീടുണരുന്നതിനുമുമ്പേ ഉണര്‍ന്നെണീറ്റ്, രാവ് നീളും വരെ നിര്‍ത്താതെ ഒരു യന്ത്രം പോലെ അവള്‍ കുടുംബത്തിനുചുറ്റും കറങ്ങിക്കൊണ്ടിരുന്നു. സ്വന്തം സന്തോഷങ്ങളും സുഖങ്ങളും ദുഃഖങ്ങളും പോലും ഇതിനിടെ അവള്‍ മറന്നുപോയിരുന്നു. കരിയും പുകയും പിടിച്ച് കരുവാളിച്ച മുഖത്ത് ഇത്തിരി പോലും സന്തോഷം പൊടിഞ്ഞില്ല.

ഇന്നും വെളുപ്പിന് നാല് മണിക്ക് എഴുന്നേറ്റ് വീട്ടിലെല്ലാവര്‍ക്കും വേണ്ട ഭക്ഷണമൊരുക്കുന്നു. മക്കളെ വിളിച്ചുണര്‍ത്തി ഒരുക്കി ഭക്ഷണവും കൊടുത്ത് സ്‌കൂളില്‍ വിടുന്നു, ഭര്‍ത്താവിനുവേണ്ടി കാപ്പി മേശപ്പുറത്തുവെച്ച്, ഓടിച്ചെന്ന് സാരി ചുറ്റി, ഭക്ഷണം കഴിച്ചെന്നുവരുത്തി രാവിലത്തെ ബസ്സോ ട്രെയിനോ പിടിക്കാന്‍ ഓടുന്നു. പകല്‍ മുഴുവന്‍ ഓഫീസിന്റെ കുരുക്കുകളില്‍ കിടന്ന് വട്ടംകറങ്ങി രാത്രി വൈകി വീടെത്തുമ്പോഴേക്കും ഒന്ന് തല ചായ്ക്കാന്‍ കൊതിയുണ്ടാവും. എന്നാലും വീട്ടുജോലികള്‍ മുഴുവന്‍ ഒതുക്കി, ഉറക്കച്ചടവില്‍ ഭര്‍ത്താവിനെയും തൃപ്തിപ്പെടുത്തി അവള്‍ ഉറക്കത്തിലേക്ക് വീഴുന്നു. മറ്റൊരു ദിവസംകൂടി ആവര്‍ത്തിക്കാനെന്ന പോലെ...

നമുക്കിടയില്‍ ഒരു സ്ത്രീ ജീവിക്കുന്നത ് ഇങ്ങനെയാണ്. വീട്ടമ്മയും ഭാര്യയും കാമുകിയും ജോലിക്കാരിയും അമ്മയുമെല്ലാമായി വേഷം കെട്ടുന്നതിനിടയിലും അവളെക്കുറിച്ച് മാത്രം ഒരാളും ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ ആ വഴിക്കുള്ള ആലോചനകള്‍ വരികയാണ്. വീട്ടുജോലിക്ക് വേതനം കൊടുക്കണമെന്നുള്ള നിയമത്തിന്റെ പണിപ്പുരയിലാണ് സര്‍ക്കാര്‍. ഇതു വന്നാല്‍ സ്ത്രീയുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാവുമോ. കേരളം അതേക്കുറിച്ച് സംസാരിച്ചുതുടങ്ങുകയാണ്.

ചുറ്റുവട്ടത്തിന് അമ്മമാര്‍

രാവിലെ ആറുമണി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഉദ്യോഗസ്ഥകളുടെ തിരക്ക്. ഓഫീസ് ഗോസിപ്പുകള്‍, വിലക്കയറ്റം, ബസ് ചാര്‍ജ് വര്‍ധന....ചര്‍ച്ചകള്‍ ചൂടുപിടിച്ചു. അതിനിടയില്‍ എന്തോ മറന്ന പോലെ കൊല്ലത്തെ കാഷ്യു ബോര്‍ഡ് ജീവനക്കാരി അനിത ടെന്‍ഷനോടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. 'അതേ, ഇഡ്ഡലി പാത്രത്തില്‍ വെച്ചിട്ടുണ്ട്. തണുക്കുന്നതിന് മുമ്പേ കഴിക്കാന്‍ മറക്കേണ്ട, പാത്രത്തില്‍ ചൂടുവെള്ളം നിറച്ചുവെച്ചിട്ടുണ്ട്. അതെടുത്താല്‍ മതി കുളിക്കാന്‍'. സംസാരം കഴിഞ്ഞപ്പോള്‍ ആശ്വാസത്തോടെ അവര്‍ കൂട്ടുകാരികള്‍ക്കിടയിലേക്ക് കയറിനിന്നു. പരശുറാം എക്‌സ്പ്രസ് പ്ലാറ്റ് ഫോമിലേക്ക് വന്നുനിന്നു. ലേഡീസ് കമ്പാര്‍ട്ട്‌മെന്റിനുമുന്നില്‍ മത്സരം മുറുകി. ഒരേസമയം വീട്ടമ്മമാരുടെയും വീട് പുലര്‍ത്തുന്നവരുടേയും ജോലിയെടുക്കുന്നവരുടെയും ദിവസത്തിന് പിരിമുറുക്കം കൂടുകയാണ്.

തീവണ്ടിക്കകത്തുനിന്ന് ഒരു പരിചിത ശബ്ദം, എഴുത്തുകാരിയും സിനിമാ പ്രവര്‍ത്തകയുമായ ശ്രീബാല കെ.മേനോനാണ്. 'എന്റെ അമ്മ ഹിസ്റ്ററി പ്രൊഫസറായിരുന്നു. എട്ട് മണിക്ക് കോളേജിലെത്തണം. അമ്മയുടെ ഓരോ ദിവസവും രാവിലെ അഞ്ച് മണിക്ക് തുടങ്ങും.' അമ്മയെക്കുറിച്ചുള്ള ഓര്‍മകളുമായി ശ്രീബാലയും ഒപ്പം കൂടി. ഇങ്ങനെയൊരമ്മയെ നമ്മുടെ ചുറ്റുവട്ടത്തെല്ലാം എന്നും കാണാറുള്ളതല്ലേ.

'എല്ലാവര്‍ക്കും രാവിലത്തേക്കും ഉച്ചയ്ക്കുമുള്ള ഭക്ഷണം ഉണ്ടാക്കണം. അതുകഴിഞ്ഞ് എന്നെയും അനിയനെയും എണീപ്പിച്ച് ഒരുക്കണം. പിന്നെ ഞങ്ങള്‍ക്കുകൊണ്ടുപോവാന്‍ വേണ്ടി ഭക്ഷണം എടുത്തുവെച്ചുതരും. പിന്നെ ഭക്ഷണം കഴിച്ചെന്നും വരുത്തി ഒരു ഓട്ടമാണ്, ബസ് പിടിക്കാന്‍. ചിലപ്പോള്‍ ഒന്നും കഴിക്കാതെയാവും കോളേജില്‍ കയറിച്ചെല്ലുക. അന്നത്തെ പ്രീഡിഗ്രി ക്ലാസല്ലേ. 90 കുട്ടികളൊക്കെയുണ്ടാവും, ഒരു ക്ലാസില്‍ തന്നെ. ഉറക്കെ ക്ലാസെടുത്ത് വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും നേരം കുറേ വൈകും. എത്തിയാല്‍പ്പിന്നെ രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കണം, അതിനിടയ്ക്ക് ഞങ്ങളെ പഠിപ്പിക്കുന്നതിന്റേയും അടുത്ത ദിവസത്തേക്ക് നോട്ട് തയാറാക്കുന്നതിന്റേയും തിരക്ക്. പിന്നെ പിറ്റേ ദിവസത്തേക്കുള്ള ഭക്ഷണത്തിനുള്ള മുന്നൊരുക്കങ്ങള്‍. എല്ലാം കഴിഞ്ഞ് കിടക്കുമ്പോഴേക്കും പാതിരാ ആയിട്ടുണ്ടാവും. പലരും ചോദിച്ചിട്ടുണ്ട്, എന്തിനാ ഇത്രയും കഷ്ടപ്പെട്ട് ജോലിക്ക് പോവുന്നതെന്ന്. പക്ഷേ, അതൊരു ബുദ്ധിമുട്ടാണെന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല.'

വണ്ടി ഇപ്പോള്‍ മുടന്തി മുടന്തി നീങ്ങുകയാണ്. വര്‍ക്കലയിലും പറവൂരിലും ഒന്നുരണ്ടു പിടിച്ചിടലുകള്‍. ജോലിക്കാരികള്‍ ഒന്നടങ്കം തലയില്‍ കൈവെക്കാന്‍ തുടങ്ങി. പത്തുമണി കഴിഞ്ഞ് കയറിച്ചെല്ലുമ്പോള്‍ ബോസിന്റെ വാടിവീര്‍ത്ത മുഖം കാണണം. വീട്ടില്‍ അരിപ്പൊടി തീര്‍ന്നിട്ട് രാവിലെ ഉരലില്‍ കസര്‍ത്തുനടത്തിയതും ഇറങ്ങാന്‍ നേരം ഭര്‍ത്താവിന്റെ അമ്മയ്ക്ക് ചൂടുവെള്ളം വേണമെന്നുപറഞ്ഞിട്ട് തിളപ്പിക്കാന്‍ നിന്നതും ഒക്കെ പറഞ്ഞാല്‍ അയാള്‍ക്ക് മനസ്സിലാവില്ലല്ലോ.

ശ്രീലതയെന്ന എല്‍.ഡി.ക്ലര്‍ക്ക് ഒരു നെടുവീര്‍പ്പോടെ ചോദിച്ചു. 'അല്ലേലും ഇതിനൊക്കെ എത്ര വിലയിടാനാവും. അത്ര പെട്ടെന്ന് ശമ്പളം കൊടുത്ത് ഒതുക്കാവുന്ന ജോലിയാണോ ഇത്?'ആ ചോദ്യത്തിനുമുന്നില്‍ എല്ലാവരും സ്വന്തം ജീവിതങ്ങളിലേക്ക് തിരിഞ്ഞിരുന്നു. കൊച്ചിയില്‍ ഐ.ടി.കമ്പനിയില്‍ ജോലി ചെയ്യുന്ന സെലിന്‍ തോമസ് അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തിന്റെ കഥ വെളിപ്പെടുത്തി. 'സാലറി.കോം എന്ന വെബ് സൈറ്റ് നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ കേള്‍ക്കണോ. അമേരിക്കയില്‍ ഒരു വീട്ടമ്മ ചെയ്യുന്ന ജോലിക്ക് ശമ്പളം കൊടുക്കുകയാണെങ്കില്‍ പ്രതിവര്‍ഷം ഒന്നര ലക്ഷം ഡോളര്‍ വേണ്ടി വരുമത്രേ. അവിടെ ഒരു ജഡ്ജിക്ക് കിട്ടുന്ന ശമ്പളത്തിന്റെ അത്രതന്നെ വരുമിത്. ഇന്ത്യയിലാണെങ്കില്‍ നമ്മുടെ ദേശീയ വരുമാനത്തിന്റെ 90 ശതമാനവും സ്ത്രീകള്‍ക്ക് ശമ്പളം കൊടുക്കാനേ തികയൂ എന്ന് ചുരുക്കം.'

ഇപ്പോള്‍ വണ്ടി കൊല്ലം ജില്ലയിലേക്ക് കടക്കുകയാണ്. സ്ത്രീകള്‍ ചെമ്മീന്‍ നുള്ളുന്നതിന്റെ ദൃശ്യം. കയര്‍-കശുവണ്ടി ഫാക്ടറികളില്‍ അവര്‍ എല്ലുമുറിയെ അധ്വാനിക്കുന്നു. കോട്ടയത്തുനിന്ന് ആക്ടിവിസ്റ്റും സാമൂഹികപ്രവര്‍ത്തകയുമായ ഡോ.ജെ.ദേവിക അതിഥിയായി വന്നു. ഒരു സെമിനാറിനുള്ള പുറപ്പാടിലാണ് അവര്‍.

'എന്റെ പ്രായത്തിലുള്ള പല സ്ത്രീകളുടെയും അവസ്ഥ ഭീകരമാണ്. ഭര്‍ത്താവ് രാവിലെ ഇറങ്ങും. അയാള്‍ക്ക് വേറെ ജോലിയുണ്ടാവും, വേറെ കൂട്ടുകാരുണ്ടാവും. അവരുടെ കാര്യങ്ങള്‍ക്കൊക്കെയായി പുറത്തുപോവും. വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്കോ. ടി.വി മാത്രമല്ലേ ശരണം. അതിന്റെയൊക്കെ ഡിപ്രഷനും മറ്റും ഭീകരമാവും. ഭര്‍ത്താക്കന്‍മാര്‍ക്കൊന്നും ഒരിക്കലും മൂല്യം ഇടാന്‍ പറ്റാത്ത കാര്യമാണ് പത്തു പൈസ വാങ്ങാതെ സ്ത്രീകള്‍ ചെയ്യുന്നത്. അപ്പോള്‍ അതിന് ചുമ്മാ ഒരു വേതനം കൊടുത്ത് ഒതുക്കാന്‍ പാടില്ല. ഓരോ ചെറിയ കാര്യങ്ങള്‍ക്കും ഭര്‍ത്താവിന്റെ മുമ്പില്‍ ചെന്ന് കൈനീട്ടേണ്ടി വരുന്ന ഗതികേട് ഒഴിവാക്കാന്‍ ഒരു ചെറിയ തുക വേണമെങ്കില്‍ കൊടുക്കാം. പക്ഷേ, അത് ഒരു ശമ്പളം എന്ന രീതിയിലാവരുത്, ഒരു അംഗീകാരം എന്ന നിലയ്ക്കാവണം.' ദേവികയുടെ പക്ഷം പിടിക്കാന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആളുകൂടി. അല്ലെങ്കിലും ഒരു കുടുംബത്തില്‍ സ്ത്രീയുടെ സാന്നിധ്യം എത്ര വിലയുള്ളതാണ്.

വണ്ടി എറണാകുളം നോര്‍ത്തിലേക്ക് അടുക്കുന്നു. ചിലര്‍ കണ്ണാടിയില്‍ മുഖം നോക്കി, മുടിയൊന്ന് ചീകി ഒരുങ്ങിവന്നു. ഫോണുകള്‍ കൂട്ടത്തോടെ മണി അടിക്കാന്‍ തുടങ്ങി. പലരും വാതില്‍ക്കല്‍ ഒരു ഓട്ടമത്സരത്തിനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി. വണ്ടിയൊന്നുനിന്നിട്ടുവേണം ഇറങ്ങി ഓട്ടം തുടങ്ങാന്‍.

ഇതിനൊക്കെ എത്രയാവും വേതനം

എറണാകുളത്ത് എം.ജി റോഡില്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ ഒഴുക്ക്. സെന്റ് തെരേസാസില്‍ എം.എ.യ്ക്ക് പഠിക്കുന്ന നവ്യമോള്‍ കൂട്ടുകാരികള്‍ക്കിടയില്‍നിന്ന് ഇത്തിരി ഗൗരവത്തോടെ കടന്നുവന്നു. 'അമ്മ ഇടയ്ക്ക് എപ്പോഴെങ്കിലും വീട്ടുജോലികളെക്കുറിച്ച് ഒന്നു മുഖം കറുപ്പിച്ചാലോ. അപ്പോള്‍ വരും എല്ലാവരുടെയും ചോദ്യം, നിങ്ങള്‍ക്ക് ഇവിടെ എന്ത് മല മറിക്കാനാണുള്ളതെന്ന്്. എപ്പോഴും വീടിനുള്ളില്‍ ഒതുങ്ങുന്ന, മറ്റുള്ളവര്‍ക്കുവേണ്ടിമാത്രം പണിയെടുത്തു മരിക്കുന്ന അമ്മയ്ക്ക് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടോ എന്ന് ഒരിക്കല്‍പ്പോലും ആരും ചോദിക്കാറില്ല.'

വൈറ്റിലയിലും തമ്മനത്തും ആലുവയിലും സ്ത്രീകളുടെ ജീവിതം ഉച്ചച്ചൂടിനെ തോല്‍പ്പിക്കുന്നത്ര ചൂടില്‍ പൊള്ളിക്കൊണ്ടിരുന്നു. വീട്ടുജോലിക്ക് വേതനം വരുന്നു എന്നുപറഞ്ഞപ്പോള്‍ അവരില്‍ ചിലര്‍ മൂക്കത്ത് വിരല്‍ വെച്ച് അവിശ്വസനീയമായി നോക്കി. എന്തായിരിക്കും പുരുഷപക്ഷത്തുനിന്ന് ഈ നിയമത്തോടുള്ള വീക്ഷണം. മാധ്യമപ്രവര്‍ത്തകനായ എന്‍.ജെ. ഗിരീഷ് ഇതാ ഫോണില്‍ അടുത്തുവരുന്നു.

'സ്ത്രീകളുടെ ജോലിക്ക് അംഗീകാരം വേണമെന്നത് ശരി തന്നെ. പക്ഷേ, ഭര്‍ത്താവ് ഭാര്യയ്ക്ക് പൈസ കൊടുക്കുമ്പോള്‍ അയാള്‍ മുതലാളിയും ഭാര്യ തൊഴിലാളിയുമാവും. അപ്പോള്‍ ഭര്‍ത്താവിനു ഭാര്യയോട് ചെയ്യുന്ന ജോലികളില്‍ കുറച്ചുകൂടെ മേന്‍മ അവകാശപ്പെടാം. തര്‍ക്കിക്കാനുള്ള അവകാശവും കൂടും. നമ്മള്‍ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നതുപോലെത്തന്നെയാവും അത്. 'ഇന്ന് നീ ഉണ്ടാക്കിത്തന്ന കറി ശരിയായില്ലെന്നും കുറച്ചുകൂടെ നന്നാക്കണം എന്നുമൊക്കെ പറയാനുള്ള അധികാരം പുരുഷന്‍ പ്രയോഗിക്കാന്‍ തുടങ്ങും. തമ്മിലുള്ള ശാരീരിക ബന്ധത്തെപ്പോലും അത് ബാധിക്കും. അതും ഭാര്യ ചെയ്യുന്ന സേവനമാണല്ലോ. അപ്പോള്‍ അതിനും കൂടെയാണ് പണം കൊടുക്കുന്നത്. അപ്പോള്‍ അവള്‍ ഭാര്യ അല്ലാതാവും.'

എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് പതിവിലും പത്ത് മിനിറ്റ് വൈകിയാണ് യാത്ര തുടങ്ങിയത്. ജനാലയില്‍ തല ചേര്‍ത്ത് ക്ഷീണത്തോടെ മയങ്ങുന്നു ചിലര്‍. അവരില്‍ ജനപ്രതിനിധികളും അധ്യാപികമാരുമുണ്ട്. ടെക്സ്റ്റയില്‍ ഷോപ്പുകളിലും മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ജോലി ചെയ്യുന്നവരുണ്ട്.

അടുത്തിടെ ആസൂത്രണ ബോര്‍ഡ് കേരളത്തില്‍ നടത്തിയ പഠനത്തെക്കുറിച്ച് വാചാലയായി തിരുവനന്തപുരത്തുനിന്നുള്ള പഞ്ചായത്ത് മെമ്പര്‍ ഗായത്രി. 'വനിതാ ജനപ്രതിനിധികളില്‍ 60 ശതമാനം പേര്‍ക്കും വീട്ടുജോലികള്‍ക്ക് കൂടി സമയം കണ്ടെത്തേണ്ടിവരുന്നു. നേരം പുലരും മുമ്പേ എണീറ്റ് വീട്ടിലെ എല്ലാ ജോലികളും ഒതുക്കിയതിനു ശേഷമാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. രാത്രി വൈകി വീട്ടിലെത്തുമ്പോള്‍ നൂറു കൂട്ടം പണികള്‍ വീണ്ടുമുണ്ടാവും. ഇതിനൊക്കെ എത്ര വേതനം തന്നാല്‍ മതിയാവും.'

പയ്യോളിയില്‍ ഒരു ഉദ്ഘാടനം, അതുകഴിഞ്ഞ് ചില മരണവീടുകളില്‍ സന്ദര്‍ശനം, വൈകീട്ട് ഒരു പൊതുയോഗം. പിറ്റേന്നത്തെ ഡയറിയെടുത്തുനോക്കി, പൊതുപ്രവര്‍ത്തകയുടെ വേഷത്തില്‍ സന്തോഷവതിയായി സി.പി.ഹൗലത്ത്, പയ്യോളി പഞ്ചായത്ത് പ്രസിഡന്റ്.

'ഇപ്പോഴത്തെ സ്ത്രീകള്‍ കുറച്ചു കൂടി ജീവിതം ആസ്വദിക്കുന്നുണ്ട്. കുടുംബശ്രീ പോലെയുള്ളവ വന്നപ്പോള്‍ അവര്‍ക്ക് മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരം കൂടി. അഞ്ച് വര്‍ഷം മുമ്പ് വരെ, സ്ത്രീകളുടെ ജീവിതം ഇങ്ങനെയായിരുന്നില്ല. പക്ഷേ, ചില സ്ത്രീകളുണ്ട്, എത്ര അവസരം കിട്ടിയാലും ഉപയോഗിക്കാത്തവര്‍. ഞങ്ങള്‍ ഈ മൂലയ്ക്ക് ഒതുങ്ങിക്കൂടിക്കോളാം എന്നാണ് അവര്‍ ചിന്തിക്കുക'.

വണ്ടി മലബാറിന്റെ ഹൃദയഭൂമികള്‍ തൊട്ട് കണ്ണൂരിന്റെ രാത്രികളില്‍ ക്ഷീണത്തോടെ മയങ്ങിപ്പോയി. പിറ്റേന്ന് രാവിലെ വീണ്ടും തിരിച്ച് യാത്ര തുടരാന്‍, നമുക്കിടയിലെ ഒരു വീട്ടമ്മയെപ്പോലെ.

സ്ത്രീയുടെ സ്ഥാനം ഉയരും

സാറാ ജോസഫ്
ബാക്കിയെല്ലാ ജോലികള്‍ക്കും മൂല്യമുണ്ട്. ഒരു സ്ത്രീ മറ്റൊരു വീട്ടില്‍പ്പോയി അടുക്കളജോലി ചെയ്താലും അവള്‍ക്കതിനൊരു വേതനം കിട്ടുന്നുണ്ട്. പക്ഷേ, സ്വന്തം വീട്ടില്‍ അവള്‍ ചെയ്യുന്ന ജോലികള്‍ക്ക് മാത്രമൊരു വിലയും കിട്ടുന്നില്ല. അതവളുടെ കടമയല്ലേ എന്ന ചിന്താഗതിയാണ് എല്ലാവര്‍ക്കും. പലപ്പോഴും ഒരു അമ്മയുടെ ആവശ്യങ്ങള്‍ കുടുംബത്തില്‍ നിറവേറ്റപ്പെടാറില്ല. അമ്മയ്ക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്നു പോലും ആരും ചോദിക്കാറില്ല. അവരിങ്ങനെ പണിയെടുത്തുകൊണ്ടേയിരിക്കും, ആരോടും ഒരു പരാതിയും പറയാതെ.

അവര്‍ക്കും ആവശ്യങ്ങളുണ്ടാവും. അതിനവര്‍ക്ക് പണം വേണം. അത് സംസ്ഥാനം അല്ലെങ്കില്‍ രാഷ്ട്രമാണ് കൊടുക്കേണ്ടത്. കാരണം, അവള്‍ വീട്ടിലെ സകലജോലികളും ചെയ്യുന്നത് അവളുടെ വീടിന് വേണ്ടി മാത്രമല്ല. രാഷ്ട്രത്തിന്റെ ഭാവിക്ക് വേണ്ടിയാണ്, അവള്‍ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നത്. അപ്പോള്‍ രാഷ്ട്രമാണ് അവള്‍ക്ക് വേതനം കൊടുക്കേണ്ടത്.

ഭര്‍ത്താവിന്റെ ശമ്പളത്തില്‍ നിന്നൊരു ഭാഗം കൊടുക്കുക എന്നു പറയുന്നതിനോട് യോജിപ്പില്ല. കാരണം, ഭര്‍ത്താവ് ചെയ്യുന്ന ജോലിക്കുള്ള വേതനമാണ് അയാള്‍ക്ക് ലഭിക്കുന്നത്. അതില്‍ നിന്നും ഭാര്യയ്ക്ക് കൂടി കൊടുക്കണമെന്ന് പറയുന്നത് ഒരു പിടിച്ചുപറി പോലെയാവും. വാര്‍ധക്യ കാല പെന്‍ഷന്‍, തൊഴിലില്ലാ വേതനം എന്നതുപോലെ ഒരു നിശ്ചിത തുകയാണ് സ്ത്രീക്ക് നല്‍കേണ്ടത്. അതവളുടെ കുടുംബത്തിന് ഒരു അധിക വരുമാനം തന്നെയാവും. വേണമെങ്കില്‍ കുടുംബപെന്‍ഷന്‍ എന്ന രീതിയിലും അത് ലഭ്യമാക്കാം. പക്ഷേ, അത് സ്ത്രീയുടെ കൈയില്‍ എത്തുന്നുവെന്ന് ഉറപ്പ് വരുത്തണം.

ഗാര്‍ഹിക ജോലിക്ക് വേതനം ലഭ്യമാക്കുന്നതോടെ സ്ത്രീയുടെ സമൂഹത്തിലുള്ള സ്ഥാനം ഉയരും. കാരണം, സ്വന്തമായി വരുമാനം ഇല്ലാത്തതുകൊണ്ട് മാത്രം വീട്ടിലൊരു സ്ഥാനവും കിട്ടാതെ ഒരു മൂലയിലേക്ക് ഒതുക്കപ്പെടുന്ന എത്രയോ സ്ത്രീകളുണ്ട്. ഒരു നിശ്ചിത വേതനം കിട്ടുന്നതോടെ അവരുടെ അധ്വാനത്തിനും ഒരു മൂല്യം ലഭിക്കും.

അവളുടെ കഷ്ടപ്പാടുകളെക്കുറിച്ചോര്‍ക്കാന്‍ അവസരം

വീട്ടുജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കൂലി നല്‍കാനുള്ള നിയമം നടപ്പാക്കുന്നതിനോട് പുരുഷന്റെ നിലപാട് എന്തായിരിക്കും? യുവ കഥാകൃത്ത് പി.വി.ഷാജികുമാര്‍ എഴുതുന്നു.


അത്താഴമൊക്കെ കഴിഞ്ഞ് അയാള്‍ അവളെ അടുത്തുവിളിച്ചു, 'ഇന്ന് എത്രയായി?'

അവള്‍ കണക്കുകള്‍ നിരത്തി: 'ഭക്ഷണം പാകം ചെയ്യലും പാത്രം വൃത്തിയാക്കലും - 20 രൂപ, അലക്കല്‍ - 20 രൂപ, കുഞ്ഞിനെ നോക്കല്‍- 20 രൂപ, ഇസ്തിരിയിടല്‍ - 5 രൂപ, നിലം തുടച്ച വകയില്‍ - 10 രൂപ. മൊത്തം 75 രൂപ.'

അയാള്‍ 100 രൂപ കൊടുത്തു.

'ചില്ലറയില്ല...', അവള്‍ പറഞ്ഞു.

'അത് നാളത്തെ ജോലിയില്‍ കണക്കുവെക്കാം.'

'ശരി, അപ്പോള്‍ ഇനി ഉറങ്ങാമല്ലേ...'

'ഉറങ്ങാം...'

ലൈറ്റണച്ച് കെട്ടിപ്പിടിക്കും നേരം അയാള്‍ അവളോട് ചോദിച്ചു: 'പ്രിയതമേ, ഇതിനും കൂലി വേണോ...'

അവള്‍ അയാളെ ചേര്‍ത്തുപിടിച്ചു. 'പ്രിയനേ, ഇത് ജോലിയല്ലല്ലോ... സ്‌നേഹമല്ലേ. സ്‌നേഹം...'

ഇത് കഥയല്ല. വരുംകാലത്ത് കേരളത്തില്‍ ഭാര്യയും ഭര്‍ത്താവും ഉറങ്ങുംമുമ്പ് സംസാരിച്ചേക്കാവുന്ന ഒരു സംഭാഷണശകലമാണ്. കാര്യം മറ്റൊന്നുമല്ല, കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വീട്ടുജോലിക്കുള്ള പ്രതിഫലം നല്‍കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഭര്‍ത്താവിന്റെ വരുമാനത്തില്‍നിന്ന് ഒരു വിഹിതം എല്ലാ മാസവും നിയമപരമായി വീട്ടമ്മമാരായ ഭാര്യമാര്‍ക്കും ലഭ്യമാക്കുന്നതാണ് പദ്ധതി. വാര്‍ത്ത പുറത്തുവന്നതോടെ ആണുങ്ങള്‍ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. വീട്ടിലെ പണിയെടുക്കുന്നതിന് കൂലി ചോദിച്ചാല്‍ 'നിന്നെ ഡൈവോഴ്‌സ് ചെയ്യും' എന്ന ഭീഷണി ചില ഭര്‍ത്താക്കന്മാര്‍ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്.

നടുപൊട്ടുന്ന പണിയെടുപ്പിനെയാണ് വീട്ടുജോലി എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ ഏകദേശം അഞ്ചിന് തുടങ്ങുന്ന വീട്ടുജോലി തീരുന്നത് രാത്രി പന്ത്രണ്ടോടെയാണ്്. സുമാര്‍ ഇരുപത് മണിക്കൂറാണ് വീട്ടമ്മമാരുടെ ഡ്യൂട്ടി ടൈം!

കൃത്യമായി 33 തരം വീട്ടുജോലികളുണ്ട്. ഭക്ഷണമുണ്ടാക്കല്‍, വീടും പരിസരവും വൃത്തിയാക്കല്‍, അലക്കല്‍, കുഞ്ഞുങ്ങളെ നോക്കല്‍, അതിഥി സല്‍ക്കാരം എന്നിവയൊക്കെ ഈ മുപ്പത്തിമൂന്നില്‍ പെടും. സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് നടുവേദനയില്‍ കാതങ്ങളോളം മുന്നില്‍ വരുന്നതിന്റെ പ്രധാനകാരണം വിശ്രമരഹിത ജോലികളാണ്.

'എതിര്‍വാദങ്ങള്‍ ഉന്നയിക്കുന്നവരേ, വീട്ടമ്മ വീട്ടുജോലി ചെയ്യുന്ന നേരത്ത് പുറത്ത് പണിക്കുപോയാല്‍ പുരുഷനെപ്പോലെതന്നെ വരുമാനം ലഭിക്കുമെന്ന് മനസ്സിലാക്കുക' എന്ന് വേതനവാദികള്‍ പറയുന്നു. തെങ്ങിന്‍മേല്‍ കേറുന്ന പണിക്കുപോലും ഇപ്പോള്‍ സ്ത്രീകള്‍ തയ്യാറാണെന്നുകൂടി ഓര്‍ക്കുക.

വീട്ടമ്മ ചെയ്യുന്ന പണികള്‍ക്ക് പുറത്തുനിന്നുള്ളവരെ നിയമിച്ചാല്‍ എത്ര കൊടുക്കേണ്ടി വരും? കുട്ടിയെ നോക്കാനൊരാള്‍, വീട് വൃത്തിയാക്കാന്‍ വേറൊരാള്‍, പ്രായമായവരെ നോക്കാന്‍ ഇനിയുമൊരാള്‍, പാചകം ചെയ്യാന്‍ മറ്റൊരാള്‍ എന്നിങ്ങനെ ജോലികള്‍ പലര്‍ക്കായി പകുത്തുകൊടുക്കേണ്ടിവരും. പലര്‍ക്കായി ശമ്പളം നല്‍കേണ്ടിയും വരും. ഭര്‍ത്താവിന്റെ ആപ്പീസ് പൂട്ടുമെന്ന് സാരം.

ഒരു രാജ്യത്തിന്റെ കെട്ടുറപ്പിന് സ്ത്രീകള്‍ ചെയ്യുന്ന ഏറ്റവും വലിയ സംഭാവനയായാണ് കൂലിയില്ലാപ്പണിയെ വിദഗ്ധര്‍ കാണുന്നത്. നമ്മുടെ രാജ്യത്ത് 6800 കോടി ഡോളറിന്റെ പൈസയില്ലാ പണിയാണ് സ്ത്രീസംഭാവന!

സമരം നടത്തുന്ന സര്‍ക്കാര്‍ജീവനക്കാര്‍ക്ക് സമരം നടത്തിയ ദിവസം ശമ്പളം കൊടുക്കുന്നതിന് പ്രശ്‌നമില്ല, അപ്പോള്‍ വീട്ടുജോലി എന്ന ഏകാന്തപ്രവൃത്തി രാവന്തിയോളം ചെയ്യുന്ന പാവം സ്ത്രീകള്‍ക്ക് ശമ്പളം നല്‍കുന്നതിലെന്ത് തെറ്റാണുള്ളത്.

വീട്ടുജോലി ഒരു സാമ്പത്തികപ്രവര്‍ത്തനമാണെന്ന് മനസ്സിലാക്കി വീട്ടമ്മമാര്‍ക്ക് വേതനം ആദ്യമായി നടപ്പാക്കിയത് വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസാണ്. 2006 ഫിബ്രവരി 13-ന് ഷാവേസ് ചരിത്രപ്രധാനമായ തീരുമാനം വെനസ്വേലയില്‍ നടപ്പാക്കി. വെനസ്വേലയിലെ പാവങ്ങളായ വീട്ടമ്മമാര്‍ക്ക് മിനിമം കൂലിയുടെ 80 ശതമാനം വീട്ടുജോലിക്ക് നല്‍കുന്നതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. മാസം 950 രൂപയോളമേ വരികയുള്ളുവെങ്കിലും അഞ്ചുലക്ഷം വീട്ടമ്മമാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

ഇന്ത്യയില്‍ ഇങ്ങനെയൊരു നിയമം നടപ്പിലാക്കുകയാണെങ്കില്‍ എങ്ങനെയായിരിക്കും അതിന്റെ ക്രമം? കല്യാണം കഴിഞ്ഞ് വരുന്ന പുതിയ പെണ്ണ് ജൂനിയര്‍ പോസ്റ്റില്‍ ആയിരിക്കും നിയമിക്കപ്പെടുക. സീനിയര്‍ പോസ്റ്റിലേക്ക് പ്രമോഷന്‍ കിട്ടുക അമ്മയായാലാവും. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് വീട്ടുജോലികളില്‍ ഏര്‍പ്പെട്ടാല്‍ മെറ്റേണിറ്റി ബത്ത. ജോലിസമയം പത്ത് മണിക്കൂറായി ചുരുക്കും. അതിനുശേഷം ജോലി ചെയ്യേണ്ടിവന്നാല്‍ പിന്നീടുവരുന്ന ഓരോ മണിക്കൂറിന് നിശ്ചിതതുക ഓവര്‍ടൈമായി കൊടുക്കപ്പെടും.

അമ്മായിയമ്മമാരുടെ പീഡനം സഹിക്കുന്നതിനും ഭര്‍ത്താവിന്റെ വെറുപ്പിക്കലുകള്‍ക്കും സ്‌പെഷല്‍ അലവന്‍സ്. അമ്മായിയമ്മയുടെ കുത്തുവാക്ക് കേട്ട് കരച്ചിലടക്കി ഗാന്ധിമാര്‍ഗം സ്വീകരിച്ച് ജോലിയിലേര്‍പ്പെടുന്ന മരുമകളുമാര്‍ക്ക് പീഡനാനുകൂല്യം. പുതിയതരം വിഭവങ്ങള്‍ തൃപ്തിപ്പെട്ട രീതിയില്‍ ഉണ്ടാക്കുകയാണെങ്കില്‍ പാചകഅലവന്‍സ് ഉണ്ടാവും. മറിച്ചൊന്നും സംഭവിച്ചില്ലെങ്കില്‍ മാസം ഒന്ന് തികയുമ്പോള്‍ ഭര്‍ത്താവിന്റെ ശമ്പളം മൊത്തം ഭാര്യയുടെ പേഴ്‌സിലേക്ക് മറിയുമെന്ന് ചുരുക്കം.

കേരളത്തില്‍ ഇത് സംഭവിക്കാനുള്ള സാധ്യത ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ മല്‍സരിക്കാനര്‍ഹത നേടുന്നതുപോലെ പരിമിതമാണെന്ന് വീട്ടമ്മവാദികള്‍ സങ്കടപ്പെടുന്നുമുണ്ട്. വീട്ടമ്മവേതനം നടപ്പിലായാലും ഇല്ലെങ്കിലും തങ്ങളുടെ ഭാര്യമാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചോര്‍മിക്കാന്‍ ഭര്‍ത്താക്കന്മാരെ ഈ വാര്‍ത്ത പ്രേരിപ്പിക്കുക തന്നെ ചെയ്യും.