MATHRUBHUMI RSS
Loading...
വീണ്ടും ചിലങ്കള്‍ കിലുങ്ങുന്നു

''ഞാന്‍ ടീച്ചറെ നാണം െകടുത്തിയില്ലേല്ലാ'', മഞ്ജു നിറകണ്ണുകളോടെ േചാദിച്ചു. നൃത്താധ്യാപിക ഗീതാ പത്മകുമാര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു...നിനച്ചിരിക്കാതെയാണ് ആ ഫോണ്‍ കോള്‍ വരുന്നത്. അങ്ങേതലക്കല്‍ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍. ''വീട്ടില്‍ വന്ന് മീനൂട്ടിയെ ഡാന്‍സ് പഠിപ്പിക്കാമോ'', മഞ്ജു ചോദിച്ചു. ഞാന്‍ നിറഞ്ഞ മനസ്സോടെ സമ്മതിച്ചു.

ഇത്രയും വലിയ താരത്തിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ എന്തൊക്കെ മര്യാദകളാണ് പാലിക്കേണ്ടത്? ഒരു നൃത്താധ്യാപിക എന്ന നിലയിലുള്ള പരിഗണനയും ബഹുമാനവും വീട്ടുകാരില്‍നിന്ന് ഉണ്ടായില്ലെങ്കില്‍? അങ്ങനെയൊക്കെയുള്ള സംശയത്തിലാണ് മഞ്ജുവിന്റെ ആലുവായിലെ വീട്ടിലെത്തുന്നത്. പക്ഷേ, ആശങ്കകളെല്ലാം ഒരുനിമിഷംകൊണ്ട് അലിഞ്ഞുപോയി. മഞ്ജു വാര്യര്‍ എന്ന നടിയെയല്ല കലയെ അകമഴിഞ്ഞു പ്രണയിക്കുന്ന മഞ്ജു എന്ന സ്ത്രീയെയാണ് ഞാനവിടെ കണ്ടത്.

ആദ്യ ക്ലാസ് തൊട്ട് മഞ്ജുവും കൂടെ വന്നിരിക്കും. മീനൂട്ടി ഓരോ ചുവടുവെക്കുമ്പോഴും മഞ്ജുവിന്റെ മനസ്സില്‍ സന്തോഷത്തിന്റെ ചിലങ്കകള്‍ കിലുങ്ങുന്നത് ഞാന്‍ കേട്ടു. ഞാന്‍ ചോദിക്കാതെതന്നെ മഞ്ജു ഡാന്‍സിനെക്കുറിച്ചുള്ള കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് വീഴും, ''ടീച്ചറേ, ഞാന്‍ പണ്ട് ഇങ്ങനെയൊക്കെ തന്നെയാണ് പഠിച്ചത്, ഇതുപോലെ തന്നെയാണ് നൃത്തം ചെയ്തത്...'' എന്നൊക്കെ പറഞ്ഞ് വെറുതെ ചുവടുകള്‍ ചലിപ്പിക്കും.

സാധാരണ സെലിബ്രിറ്റി കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുമ്പോള്‍ ഉണ്ടാകാറുള്ള അനുഭവം വേറെയാണ്. അവരുടെ സൗകര്യം നോക്കിവേണം ക്ലാസ്സെടുക്കാന്‍. കുറച്ചുനേരം കാത്തിരിക്കൂ, ഞാനൊന്ന് ഒരുങ്ങട്ടെ, ഇന്ന് ഫ്രീയല്ല... എന്നൊക്കെ പറയുന്നവരാണ് മിക്കവരും. പക്ഷേ, മഞ്ജു അങ്ങനെയായിരുന്നില്ല. ഞാന്‍ മഞ്ജുവിന്റെ വീട്ടിലെത്തുമ്പോഴേ അവരും മകളും ഡാന്‍സ് പഠനത്തിനായി ഒരുങ്ങിയിരിപ്പുണ്ടാകും.

എന്നെയും പഠിപ്പിക്കാമോ?

ഒരു ദിവസം അപ്രതീക്ഷിതമായിട്ടായിരുന്നു ആ ചോദ്യം: ''ടീച്ചറേ... വെറുതെയൊരു കൗതുകമാണ്. എത്രത്തോളം നന്നാകുമെന്നറിയില്ല. എങ്കിലും ഒരു മോഹമുണ്ട്. എനിക്കും ഡാന്‍സ് പഠിക്കണം. ടീച്ചര്‍ക്ക് എന്നെ കുച്ചിപ്പുടി പഠിപ്പിക്കാമോ?'' മഞ്ജുവിന്റെ കണ്ണുകള്‍ തിളങ്ങി. മഞ്ജുവിനെപ്പോലൊരു കലാകാരിയെ നൃത്തം പഠിപ്പിക്കാനുള്ള ചാന്‍സ് കിട്ടുന്നതുതന്നെ ഭാഗ്യമല്ലേ, ഞാന്‍ പഠിപ്പിക്കാമെന്നേറ്റു.

ആദ്യ ക്ലാസ്സില്‍ അവര്‍ പറഞ്ഞു, ''14 വര്‍ഷമായി ചിലങ്ക കൈയിലെടുത്തിട്ടില്ല, ഒരു ചുവടുപോലും വെച്ചിട്ടില്ല. ശരീരം വഴങ്ങുമോ എന്നറിയില്ല. ടീച്ചര്‍ ശ്രമിച്ചുനോക്കൂ... എന്നാല്‍ കഴിയുംവിധം ഞാനും ശ്രമിക്കാം.'' ഇത്രയും കാലം കലയെ വീട്ടിനകത്ത് പൂട്ടിവെച്ചതിന്റെ വേദന അവരുടെ വാക്കുകളില്‍ ഉണ്ടായിരുന്നു.

മഞ്ജു ആദ്യ ചുവട് വെച്ചപ്പോഴേ എനിക്ക് ബോധ്യമായി, കല ആ കുട്ടിയുടെ ഹൃദയംവിട്ട് എങ്ങോട്ടും പോയിട്ടില്ല. ''മഞ്ജു ദൈവഭാഗ്യമുള്ള കുട്ടിയാണ്. ശരീരം കൃത്യമായി ചലിക്കുന്നുണ്ടല്ലോ'', ഞാന്‍ പറഞ്ഞപ്പോള്‍ മഞ്ജുവിനും സന്തോഷമായി.

കുച്ചിപ്പുടിയുടെ അടിസ്ഥാന പാഠങ്ങള്‍തൊട്ട് പഠിപ്പിച്ചു. കഠിനാധ്വാനിയാണ് മഞ്ജു. എളുപ്പം കാര്യങ്ങള്‍ ഗ്രഹിക്കും. അതിന്റെ ഗുണവും ദൃശ്യമായിരുന്നു. ഒരു മാസംകൊണ്ട് കുച്ചിപ്പുടിയുടെ ആദ്യപാഠങ്ങളൊക്കെ പഠിച്ചു. എങ്കിലും എന്തോ ആത്മവിശ്വാസക്കുറവ്. ''കളിക്കുന്നത് ശരിയാകുന്നില്ല, അല്ലേ?'' ഇടയ്ക്കിടെ ചോദിക്കും.

നാളുകള്‍ കഴിയുന്തോറും മഞ്ജുവില്‍ കുറെക്കൂടി ആത്മവിശ്വാസം പ്രകടമാകാന്‍ തുടങ്ങി. മനസ്സ് നൃത്തത്തിനുവേണ്ടി തുടിക്കുക എന്നൊക്കെ പറയില്ലേ. അതുപോലെയായിത്തീര്‍ന്നു അവരുടെ മനസ്സ്. ഒരു ദിവസം ഞാന്‍ ചോദിച്ചു, ''മഞ്ജു നൃത്തത്തെ ഇത്രയധികം സ്‌നേഹിക്കുന്നു. ഇങ്ങനെയൊരാള്‍ക്ക് 14 വര്‍ഷം ചിലങ്കയണിയാതെ, ഒരു ചുവടുപോലും വെക്കാതെ എങ്ങനെയിരിക്കാന്‍ കഴിഞ്ഞു?'' ചെറിയൊരു ചിരി മാത്രമായിരുന്നു മറുപടി. കൂടുതല്‍ അടുത്തപ്പോള്‍ നൃത്തത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചൊക്കെ സംസാരം വന്നു. 'എന്നെങ്കിലും തിരിച്ചുവന്നേ പറ്റൂ' എന്നവരുടെ മനസ്സ് പറഞ്ഞു. പക്ഷേ, ആളുകള്‍ പഴയ സ്‌നേഹത്തോടെ വീണ്ടും സ്വീകരിക്കുമോ എന്ന പേടിയായിരുന്നു അവര്‍ക്ക്.

ഒരു ദിവസം ഞാന്‍ പറഞ്ഞു, ''മഞ്ജു ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയ കാര്യം ഞാന്‍ ചിലരുടെയടുത്ത് പറഞ്ഞു. അപ്പോഴവരുടെ പ്രതികരണം ഒന്നു കാണണമായിരുന്നു. മഞ്ജു വീണ്ടും വേദിയിലെത്തുമോ എന്നാണ് അവര്‍ ചോദിച്ചത്''. ''വെറുതെ പറയല്ലേ ടീച്ചറേ, 14 വര്‍ഷമായി രംഗം വിട്ടിട്ട്. എന്നെയിപ്പോള്‍ ആര് മൈന്‍ഡ് ചെയ്യാനാ...'', മഞ്ജു കൂളായി ചിരിച്ചു. ഒടുവില്‍ ഗുരുവായൂരിലെ നൃത്താര്‍ച്ചന തീരുമാനിച്ചപ്പോഴും ഒരുതരം പബ്ലിസിറ്റിയും ആവശ്യമില്ലെന്ന നിലപാടിലായിരുന്നു മഞ്ജു. പ്രസ് മീറ്റ് വിളിച്ച് പത്രക്കാരെയൊക്കെ അറിയിക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ 'പ്രസ് മീറ്റൊക്കെ നടത്തി ജാഡ കാണിച്ചിട്ട് നൃത്തം നന്നായില്ലെങ്കില്‍ എന്താകും അവസ്ഥ' എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

എന്തായാലും മഞ്ജു നൃത്തവേദിയില്‍ മടങ്ങിവന്നു. ഗുരുവായൂരില്‍ അവര്‍ ചെയ്ത നൃത്തത്തില്‍ ഞാന്‍ തൃപ്തയാണ്. 14 വര്‍ഷത്തെ ഇടവേള അവരുടെ ചുവടുകളെ ബാധിച്ചിട്ടില്ല എന്ന് ഏവരെയും ബോധ്യപ്പെടുത്താനായി. തുടര്‍ന്നും പഠിക്കാന്‍ മഞ്ജു താത്പര്യം കാണിക്കുന്നുണ്ട്. നൃത്തത്തില്‍ തുടരുമെന്നുതന്നെയാണ് അവര്‍ പറഞ്ഞത്. ഇപ്പോള്‍ നിറയെ പ്രോഗ്രാം വരുന്നുണ്ട്. വൈക്കം ക്ഷേത്രത്തില്‍നിന്നും ചക്കളത്തുകാവില്‍നിന്നുമൊക്കെ ക്ഷണം വന്നു. പക്ഷേ, ഒന്നും ഏറ്റെടുത്തിട്ടില്ല. ''ഈശ്വരന്‍ തന്ന കല ഉപയോഗിക്കാതിരിക്കുന്നത് ദൈവനിഷേധമാകും'' എന്ന് ഞാനവരോട് പറഞ്ഞു.

ഗുരുവായൂര്‍ അമ്പലനടയില്‍

ഇത്രയും നാളത്തെ പരിചയത്തില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ള മഞ്ജു വികാരങ്ങളൊന്നും അത്ര പെട്ടെന്ന് പുറത്തുകാട്ടാത്ത ആളാണ്. പക്ഷേ, ഗുരുവായൂരിലെ നൃത്തം കഴിഞ്ഞ് എന്റെയടുത്തേക്ക് വന്ന മഞ്ജു അങ്ങനെയായിരുന്നില്ല. അവരുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുകയായിരുന്നു. ''ഞാന്‍ ടീച്ചറെ നാണം കെടുത്തിയില്ലല്ലോ'', അവര്‍ ചോദിച്ചു. മഞ്ജുവിനേക്കാള്‍ ആനന്ദനിര്‍വൃതിയിലായിരുന്നു അവരുടെ അച്ഛനും അമ്മയും. ആ മാതാപിതാക്കളുടെ അനുഗ്രഹം മതി മഞ്ജുവിനെ പഠിപ്പിച്ചതിന്റെ ദക്ഷിണയായിട്ട് എനിക്ക്. ''കൂടുതലൊന്നും ടീച്ചറോട് പറയാനില്ല. പറഞ്ഞാല്‍ ഞാന്‍ കരഞ്ഞുപോകും'' - നൃത്തശേഷം ആ അച്ഛന്‍ വികാരധീനനായി. മഞ്ജുവിന്റെ തിരിച്ചുവരവ് ആ മാതാപിതാക്കളുടെ പ്രാര്‍ഥനയുടെ ഫലമാണ്. ദക്ഷിണ നല്‍കി കാല്‍തൊട്ടുവണങ്ങുമ്പോള്‍ അവര്‍ കരയാതിരിക്കാന്‍ പാടുപെടുന്നത് ഞാന്‍ കണ്ടു. കൊച്ചുകുട്ടിയെ ആദ്യമായി വേദിയിലേക്ക് പറഞ്ഞുവിടുന്നതുപോലെ ''മോള് ധൈര്യമായിട്ട് നൃത്തം ചെയ്‌തോ, ഞങ്ങള്‍ കൂടെതന്നെയുണ്ട്'' എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു അവര്‍.

മറക്കാനാവാത്ത അനുഭവം

ഗുരുവായൂരില്‍ മഞ്ജു ചെയ്ത പ്രോഗ്രാമിന്റെ അവസാനം അവതരിപ്പിച്ച 'ചലിയേ കുഞ്ചന', ഞാന്‍ കൊറിയോഗ്രാഫി ചെയ്തതാണ്, മഞ്ജുവിനുവേണ്ടി. ഇത് പഠിപ്പിച്ചുകൊടുക്കുന്ന സമയത്ത് മഞ്ജുവിന്റെ കണ്ണുകള്‍ നിറഞ്ഞു. ''എന്തിനാ കരയുന്നത്?'', ഞാന്‍ ചോദിച്ചു. ''ടീച്ചറേ,.. ഇത് എനിക്ക് നന്നായി ചെയ്യാന്‍ സാധിക്കുമോ. ഗുരുവായൂരപ്പന്റെ മുന്നില്‍ എന്റെ ചുവടുകള്‍ പിഴച്ചാല്‍ പിന്നെയൊരിക്കലും ഞാന്‍ ചിലങ്ക കെട്ടില്ല'', എന്നൊക്കെ പറഞ്ഞ് ഭയങ്കര കരച്ചില്‍. ഞാന്‍ ചോദിച്ചു, 'സിനിമയില്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന അഭിനയം കാഴ്ചവെച്ചിട്ടുള്ള കുട്ടിതന്നെയാണോ ഇങ്ങനെ സംസാരിക്കുന്നത്?'

എങ്കിലും ഇത്തരം ആശങ്കകളെല്ലാം ഗുരുപവനപുരിയില്‍ അവസാനിച്ചു. മഞ്ജു നമ്മളെല്ലാം ആഗ്രഹിച്ചപോലെ നൃത്തം ചെയ്തു. ചെയ്യുന്ന കല ആത്മാര്‍ഥതയോടെ നിര്‍വഹിക്കണമെന്ന മോഹമായിരുന്നു ആ കുട്ടിയുടെ ആശങ്കയുടെ അടിസ്ഥാനമെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.

തയ്യാറാക്കിയത്: മധു.കെ.മേനോന്‍