MATHRUBHUMI RSS
Loading...
അറിയുന്നവരില്‍ നിന്ന് ജീവിതം അടര്‍ത്തിയെടുക്കുമ്പോള്‍
സി.എം.ബിജു

തനിക്കുചുറ്റിലും ജീവിച്ചിരുന്നവരെ ഒപ്പിയെടുത്താണ് കെ.പി.എ.സി.ലളിത കഥാപാത്രങ്ങളുടെ മനസ്സിലേക്ക് നടന്നുകയറുന്നത്...


ഒരിക്കലും ഒരു നടിയുടെ ആടയാഭരണങ്ങള്‍ അണിഞ്ഞിരുന്നില്ല കെ.പി.എ.സി.ലളിത. വീടിന്റെ അടുക്കളകളില്‍ നിന്നും ഇടനാഴികളില്‍ നിന്നുമൊക്കെ കയറി വരികയായിരുന്നു അവരുടെ കഥാപാത്രങ്ങള്‍. നമുക്ക് ചുറ്റിലും കണ്ടുമറന്ന പരിചിതമുഖമായി അവര്‍ മലയാളിയുടെ മനസ്സിന്റെ ഓരം പറ്റി നടന്നു. 400 നടുത്ത് സിനിമകളില്‍ അമ്മയും അമ്മായിഅമ്മയും പെങ്ങളും ചേച്ചിയുമെല്ലാമായുള്ള വേഷപ്പകര്‍ച്ചകള്‍. ഇടവേളകളിലൊന്നില്‍ അവര്‍ തൃശ്ശൂര്‍ വടക്കാഞ്ചേരിയിലുള്ള സ്വന്തം വീട്ടിലേക്ക് വിരുന്നുവന്നു.

'ഇന്ന് മകന്റെ ചില സുഹൃത്തുക്കള്‍ വരുന്നുണ്ട്. അവര്‍ക്ക് ഭക്ഷണമൊരുക്കണം. അതിനിടയ്ക്ക് പി.ആര്‍.ഡി.യില്‍ നിന്ന് വിളിച്ചു. ഇത്തവണ പത്മശ്രീക്ക് എന്നെ നോമിനേറ്റുചെയ്യുന്നുണ്ട്്. അതിന്റെ ചില പേപ്പറുകള്‍ ശരിയാക്കി അയയ്ക്കണം. നാളെ പുലര്‍ച്ചെ ദുബായിലൊരു പരിപാടിക്ക് പോവാനുമുണ്ട്.' ലളിത തനി വീട്ടമ്മയായി മാറുന്ന നിമിഷങ്ങള്‍. ഈ തിരക്കൊക്കെ ഉള്ളതുകൊണ്ടാ നിങ്ങളോട് ഇന്നുവരേണ്ടെന്ന് പറഞ്ഞതെന്ന് അവര്‍ സ്‌നേഹത്തോടെ കോപിച്ചുനോക്കി.


സിനിമകളിലേക്കും പഴയ കാലത്തിലേക്കും സംസാരം തിരിഞ്ഞു തുടങ്ങിയപ്പോള്‍ അവരുടെ മുഖത്ത് സന്തോഷം ഇരച്ചുവന്നു. ഇഷ്ടപ്പെട്ട അഞ്ചുകഥാപാത്രങ്ങളെ തേടി മനസ്സ് പിന്നിലേക്ക് ചാഞ്ഞുതുടങ്ങിയപ്പോള്‍ ഓര്‍മകളില്‍ മുങ്ങിത്തപ്പി ഒരുപാടുപേര്‍ വന്നു തുടങ്ങി, ഭരതന്‍, തോപ്പില്‍ഭാസി, നസീര്‍, മുരളി, മമ്മൂട്ടി...

ചക്രവാകം

വര്‍ഷം: 1974
കഥാപാത്രം: ഭ്രാന്തിപാറു
സംവിധാനം: തോപ്പില്‍ ഭാസി


സത്യാ സ്റ്റുഡിയോക്കാരുടെ സിനിമയായിരുന്നു. ഷൂട്ടിങ്ങ് കുറച്ച് മദ്രാസിലായിരുന്നു, ബാക്കി കൊല്ലം കടപ്പുറത്തും. സുജാത,സുമിത്ര,അടൂര്‍ ഭാസിയേട്ടന്‍ അങ്ങനെയെല്ലാവരും ഉണ്ടായിരുന്നു. നസീറിന്റെ ഭാര്യയായിട്ടാണ് ഞാന്‍ ഇതില്‍ അഭിനയിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ഹീറോയിനാണ്. പക്ഷേ പകുതിക്ക് ശേഷമേ വരുന്നുള്ളൂ. നസീറിന്റെ കഥാപാത്രം ഭാര്യയും കുഞ്ഞും മരിച്ചിട്ട് ഒറ്റയ്ക്ക് ജീവിക്കുകയാണ്. നിര്‍ഭാഗ്യവാനായ ഒരാളായിട്ടാണ് എല്ലാവരും പുള്ളിയെ കാണുന്നത്. ഇങ്ങേര്‍ക്കാണെങ്കില്‍ കുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ടവും. റോഡിലൊക്കെ തെണ്ടിനടക്കുന്ന സ്ത്രീയാണ് ഞാനിതില്‍. എനിക്കൊരു മകളുണ്ട്. എന്റെ കൊച്ചിനെ ഇയാള്‍ എടുത്തോണ്ടുപോവുകയാണ്. ഞാന്‍ കൊച്ചിനെ കാണാതെ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്. അതിനെ ഭിക്ഷാടനം ചെയ്യിച്ചാണ് എന്റെ ജീവിതം. അവസാനം എന്നെ കൂടെക്കൊണ്ടുവന്ന് താമസിപ്പിക്കുന്നതൊക്കെയായിട്ടാണ് കഥ.

നല്ല ക്യാരക്ടറായിരുന്നു അത്. ഒരുപാട് നല്ല അംശങ്ങള്‍ ഉണ്ട് ആ കഥാപാത്രത്തിന്റെ ഉള്ളില്‍. തുറന്ന് സംസാരിക്കുന്ന ഒരു സ്ത്രീ. അവര്‍ നസീറിനോട് പറയുന്നുണ്ട്,നിനക്ക് അത്ര ഇഷ്ടമാണ് എന്റെ കൊച്ചിനെയെങ്കില്‍ എന്നെയും കൂടെയങ്ങ് പൊറുപ്പിക്കെന്ന്. ഒടുവില്‍ കൊച്ചിനുവേണ്ടി അയാള്‍ ഇവരെ കൂടെക്കൊണ്ടുവന്ന് താമസിപ്പിക്കും.

ഒരു ദിവസം അയാളോട് ഇവര്‍ പറയും, എനിക്കൊരു ചാക്ക് കൊണ്ടുവരണം. എന്തിനാ ചാക്കിനകത്ത് കിടക്കുന്നതെന്ന് ചോദിച്ചാല്‍ എല്ലാവരും ഉപദ്രവിക്കുന്നു, അതില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണെന്നാണ് മറുപടി. അവര്‍ക്ക് കിട്ടിയത് മുളകിന്‍ ചാക്കായിരുന്നു. അവര്‍ക്ക് ദേഷ്യം വരുന്നു, നീയും ദുഷ്ടനാടാ,ആണുങ്ങളെയൊന്നും വിശ്വസിക്കാന്‍ കൊള്ളത്തില്ല എന്നും പറഞ്ഞ് കൊച്ചിനെയും പിടിച്ചുവലിച്ച് പോവുന്ന വഴിക്ക് കുത്തുകൊണ്ട് മരിക്കുകയാണിവര്‍. ഓടിച്ചെല്ലുന്ന നായകനോട് അവര്‍ പറയുന്നുണ്ട് നീയെന്റെ കൊച്ചിനെ നന്നായിട്ട് വളര്‍ത്തണമെന്ന്. എന്തൊരു ശക്തിയുള്ള കഥാപാത്രമായിരുന്നു അത്.

ചക്രവാകത്തിലെപ്പോലുള്ള കഥാപാത്രങ്ങളെ ഞാന്‍ നാട്ടിലൊക്കെ കണ്ടിട്ടുണ്ട്. പണ്ട് നാടകത്തിനൊക്കെ പോവുമ്പോള്‍ ചില പ്രത്യേകതയുള്ള ആളുകളെ കണ്ടാല്‍ ഞാനിങ്ങനെ നോക്കിവെക്കും. ചിലരുടെ നടപ്പ്, ചിലരുടെ മുടികെട്ട്,നോട്ടം,സംസാരരീതിയൊക്കെ ശ്രദ്ധിക്കും. പിന്നെ എപ്പോഴെങ്കിലും ഇതേപോലുള്ള കഥാപാത്രങ്ങളെ കിട്ടുമ്പോള്‍ നമ്മളിതുമായി കൂട്ടിയിണക്കിയങ്ങ് ചെയ്യും. വെങ്കലത്തില്‍ ഞാന്‍ ചെയ്ത കാരക്ടര്‍ ഇവിടെ ജീവിച്ചിരുന്ന ആളുതന്നെയായിരുന്നു. അത് ചേട്ടന്‍(ലളിതയുടെ ഭര്‍ത്താവ് സംവിധായകന്‍ ഭരതന്‍) സ്‌കെച്ച് ഇട്ടു കാണിച്ചുതന്നു. ഇങ്ങനെയൊക്കെ ഇരിക്കണം,ഇതാണ് അവരുടെ രൂപം. ഇതാണ് അവരിട്ടിരുന്ന ആഭരണങ്ങള്‍. എന്നൊക്കെ വരച്ച് കാണിച്ചുതന്നു.

ഏതുകഥാപാത്രമായാലും നമുക്ക് ഇണങ്ങുമെന്ന് തോന്നിയാല്‍ പിന്നെ ആ കഥാപാത്രത്തെയങ്ങ് മനസ്സിലേറ്റും. ചിലപ്പോള്‍ ലൊക്കേഷനില്‍ ചെന്നാല്‍ ഒന്നുരണ്ട് ദിവസത്തേക്ക് ഒന്നും കറക്ടായി ചെയ്യാന്‍ പറ്റത്തില്ല. അതുകഴിഞ്ഞാവും പതുക്കെ ആ കഥാപാത്രം മനസ്സിലേക്ക് കുടിയേറുന്നത്. ലൊക്കേഷനില്‍ വെച്ച് നമ്മുടെ മനസ്സില്‍ അഭിനയം മുളയ്ക്കാന്‍ ഇങ്ങനെ ചെറിയ കാരണങ്ങള്‍ മതി. ചിലപ്പോള്‍ കൂടെ അഭിനയിക്കുന്നവരുടെ ചലനങ്ങളാവും നമ്മളെ പ്രചോദിപ്പിക്കുന്നത്. പക്ഷേ അവര്‍ മനസ്സിനിണങ്ങിയവരായിരിക്കണമെന്നു മാത്രം. അങ്ങനെയുള്ളവരാണ് കൂടെ എന്ന് അറിയുമ്പോഴേ നമുക്കൊരു തൃപ്തി ഉണ്ടാവും. നമ്മളിപ്പോള്‍ ഒരു ഊണ് കഴിക്കാന്‍ പോയിരിക്കുന്നു,നമുക്ക് ഇഷ്ടമുള്ള കൂട്ടാന്‍ ഉണ്ട് ഇന്ന് എന്നറിയുമ്പോള്‍ അന്ന് ഊണുകഴിക്കാന്‍ ഭയങ്കര ഉത്സാഹമുണ്ടാവില്ലേ, അതുപോലെയാണ് അഭിനയവും.

കൊടിയേറ്റം

വര്‍ഷം: 1977
കഥാപാത്രം: ശാന്തമ്മ
സംവിധാനം: അടൂര്‍ ഗോപാലകൃഷ്ണന്‍


ഞാന്‍ കെ.പി.എ.സി.യില്‍ നിന്ന് വിട്ടശേഷം 1972ല്‍ ചെന്നൈയില്‍ താമസമായി. ത്രിവേണി, മരം അങ്ങനെ കുറെ പടങ്ങളുള്ള സമയത്താണ് ഞാന്‍ മദ്രാസിലേക്ക് കൂട് മാറുന്നത്. ആ സമയത്താണ് കൊടിയേറ്റത്തിലേക്ക് വിളിക്കുന്നത്. ഗോപിച്ചേട്ടന്റെ ഭാര്യയായിട്ടായിരുന്നു. ശാന്ത എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. അടൂരിന്റെതാണ് പടം. സാര്‍ അങ്ങനെ മുന്‍കൂട്ടി കഥ പറഞ്ഞ് തരികയൊന്നുമില്ല. ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ അറിഞ്ഞോണം എന്താ സംഭവമെന്ന്.

തിരുവനന്തപുരത്ത് ചിത്രലേഖ സ്റ്റുഡിയോയില്‍ കൊടിയേറ്റത്തിനായി ഒരു വീട് സെറ്റിട്ടുണ്ടായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ കല്യാണം കഴിച്ച് കൊണ്ടുവരുന്ന സീനാണ് എടുക്കുന്നത്. അടൂര്‍ സാര്‍ കുറച്ചുദൂരെയിരുന്ന് എഴുതിക്കൊണ്ടിരിക്കുന്നു. ഞാനിങ്ങനെ ആ ചെറിയ വീടിന്റെ പടി കയറുമ്പോള്‍ അതിന്റെ വാതിലൊക്കെ അടച്ചിട്ടുണ്ട്. ആ വാതിലില്‍ വലിയൊരു ചുക്കിലി വല ഇരിക്കുന്നു. എന്റെ ദൈവമേ കല്യാണം കഴിച്ച് പെണ്ണിനെയും കൊണ്ടുവരുന്ന വീട്ടിലാണോ ഈ ചുക്കിലി വല എന്നും പറഞ്ഞ് ഞാനത് തൂത്തുകളഞ്ഞു. അതുംകഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോഴുണ്ട് ആര്‍ട്ട് ഡയറക്ടര്‍ ശിവന്‍ ചേട്ടന്‍ തലയില്‍ കൈ വെച്ച് ഓടിവരുന്നു, 'ഞാനിനി എന്തുചെയ്യും.എനിക്കുവയ്യോ,ഞാനീ നാടുവിട്ടുപോവുകയാണേ'പുള്ളി നിലവിളിക്കാന്‍ തുടങ്ങി. ഞാനാകെ പരിഭ്രമിച്ചു. ചുക്കിലി വല ആ കഥയില്‍ പ്രധാനപ്പെട്ട എന്തോ ആണത്രേ, അതു കൊണ്ടുവെക്കാഞ്ഞിട്ടാണ് നാലുദിവസം ഷൂട്ട് വൈകിയതും. എവിടെയോ ദൂരെ സ്ഥലത്തുപോയിട്ട് ഇത് ഈര്‍ക്കിലിയില്‍ കോര്‍ത്തുകൊണ്ടുവന്ന് ഒട്ടിച്ചുവെച്ചിരിക്കുകയായിരുന്നു. അത് കിട്ടിയ സന്തോഷത്തില്‍ ലൈറ്റപ്പ് ചെയ്യാന്‍ പറഞ്ഞിട്ടാണ് അടൂര്‍ അപ്പുറത്ത് പോയിരുന്ന് എഴുതുന്നത്. അതുകൂടെ കേട്ടതോടെ സത്യം പറഞ്ഞാല്‍ എനിക്കങ്ങ് വിറയ്ക്കാന്‍ തുടങ്ങി. പിന്നെ മൂന്ന് ദിവസത്തേക്ക് ഷൂട്ടിങ്ങേ നടന്നില്ല, ചുക്കിലി വല ഇല്ലാതെ എന്ത് ഷൂട്ട് ചെയ്യാന്‍.

ഭാഗ്യത്തിന് അടൂര്‍ ദേഷ്യപ്പെട്ടൊന്നുമില്ല, അധികമൊന്നും ദേഷ്യം വരാത്ത ആളായതു ഭാഗ്യം. പിന്നീട് എത്രപടം ഞങ്ങള്‍ ഒന്നിച്ചുവര്‍ക്ക് ചെയ്തതാ. ദേഷ്യം വരുകയാണെങ്കിലും അത് ഉള്ളില്‍ ഒതുക്കത്തേയുള്ളൂ. ഒരുതവണ ഒരു സീനെടുക്കാന്‍ ഏഴോ എട്ടോ ടെയ്ക്ക് വേണ്ടി വന്നു. അതില്‍ ഞാന്‍ 'നിന്നോട് ഞാന്‍ എത്രപ്രാവശ്യം പറഞ്ഞതാ,ആ കൊച്ചിനെ കരയിപ്പിക്കല്ലേ,കരയിപ്പിക്കല്ലേ' എന്നും പറഞ്ഞ് എന്റെ മോളായി അഭിനയിക്കുന്ന കൊച്ചിന്റെ ചെവിക്ക് പിടിച്ച് തിരിക്കുകയാണ്. ശ്രീജാ ചന്ദ്രനായിരുന്നു കൊച്ച്. അവളുടെ ആദ്യത്തെ പടമാ, പെറ്റിക്കോട്ടൊക്കെയിട്ട് ഒരു കൊച്ചുകുട്ടിയായിരുന്നു ശ്രീജ. ടേക്കുകള്‍ കൂടുന്നതിന് അനുസരിച്ച് ആ കൊച്ചിന്റെ ചെവിയൊക്കെ ചുവക്കാന്‍ തുടങ്ങി. സഹിച്ചുസഹിച്ച് ഒടുവില്‍ അതിന്റെ കണ്ണ് നിറഞ്ഞുവന്നു. സാര്‍ ആണെങ്കില്‍ ഒന്നും കൂടി നമുക്കെടുക്കാം എന്നല്ലാതെ എന്താണ് സംഭവമെന്ന് പറയുന്നേയില്ല, അവസാനം സഹികെട്ട് ഞാന്‍ ചോദിച്ചു എന്താണ് കാര്യമെന്ന് പറഞ്ഞിരുന്നെങ്കില്‍ നമുക്കത് മനസ്സിലാക്കിയിട്ട് ചെയ്യാമായിരുന്നു എന്ന്. അപ്പോള്‍ അടൂരിന്റെ മറുപടി. 'അതേ, അതിന്റെ ഡയലോഗ് പറയുന്ന രീതി ശരിയായിട്ടില്ല'.അതുകേട്ട് എനിക്കങ്ങ് വിഷമമായി. അത് ഡബ്ബിങ്ങില്‍ ശരിയാക്കാമെന്നായി ഞാന്‍. 'ആദ്യം ഇവിടെ ശരിയാവട്ടെ, എന്നിട്ട് നമുക്ക് ഡബ്ബിങ്ങില്‍ ശരിയാക്കാമെന്നായി സാര്‍. അവസാനം അതുതന്നെ നടന്നു.

അടൂരിന്റെ സിനിമയില്‍ നമ്മളൊന്നും അറിയേണ്ട. അവിടെച്ചെന്നങ്ങ് നിന്നുകൊടുത്താല്‍ മതി. എങ്ങോട്ട് നോക്കണമെന്നോ എന്തുചെയ്യണമെന്നോ കരയണമെന്നോ ചിരിക്കണമെന്നോ എല്ലാം പറഞ്ഞുതരും.

കൊടിയേറ്റം ആളുകള്‍ നന്നായി സ്വീകരിച്ചു, അപ്പോള്‍ ഞങ്ങള്‍ സാറുകേള്‍ക്കാതെ കളിയാക്കി പറയും, ഓടരുതെന്ന് കരുതിയെടുത്ത പടം ഓടിപ്പോയി, ഇതെന്താ കഥയെന്ന്. പുള്ളിയുടേതെല്ലാം ക്ലാസ് പടങ്ങളല്ലേ, ഈ പടം അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായിരുന്നു.

ഗോപിച്ചേട്ടന്റെ രണ്ടാമത്തെ പടമായിരുന്നു അത്. മുമ്പ് സ്വയംവരത്തില്‍ ചെറിയൊരു വേഷം അഭിനയിച്ചിട്ടുണ്ട്. ഇതിനുശേഷം ഞങ്ങളൊരുമിച്ച് ഒരുപാട് പടങ്ങള്‍ ചെയ്തിട്ടുണ്ട്, ഭയങ്കര രസമാണ് പുള്ളിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍. അതുകഴിഞ്ഞ് വേണുവായിരുന്നു എനിക്കൊപ്പം കൂടുതല്‍ അഭിനയിച്ചത്. വേണുവും രണ്ടാമത് വരുന്നത് ഭരതേട്ടന്റെ സിനിമയിലാണല്ലോ, 'ആരവ'ത്തില്‍. അതിന്റെ ഷൂട്ടിങ്ങ് തുടങ്ങുംമുമ്പ് ഞാന്‍ വേണുവിനെ കണ്ടു, അതോടെ ഞാനാകെ അന്തംവിട്ടുപോയി. മെലിഞ്ഞിട്ട് ഒരു പയ്യന്‍, ഒരു സിനിമാനടനാണെന്നൊന്നും പറയാന്‍ പറ്റത്തില്ല. പുള്ളിയെ കണ്ടാല്‍ കാലനും കൂടെ കരഞ്ഞോണ്ടുപോവും. അങ്ങനത്തെ രൂപമായിരുന്നു. 'അയ്യേ ഇതിനെയാണോ ഹീറോയാക്കാന്‍ പോവുന്നതെന്ന്' ഞാന്‍ ചേട്ടനോട് ചോദിച്ചു. 'അത് അങ്ങനത്തെ ഒരു ക്യാരക്ടറാ,നീ മിണ്ടാണ്ടിരി' എന്നായി ചേട്ടന്‍. അന്ന് പ്രമീള എന്നുപറഞ്ഞ പെണ്ണ് തമിഴിലൊക്കെ കത്തിനില്‍ക്കുന്ന സമയമാണ്, ആ പ്രമീളയുടെ ജോടിയായി അഭിനയിക്കാനാണ് ഈ വേണുവന്നിരിക്കുന്നത്. പ്രമീള എങ്ങനെ ഇഷ്ടപ്പെടും ഇതിനെ. ചേട്ടന്‍ പക്ഷേ വേണുവിനെ ശക്തമായി ന്യായീകരിച്ചു. പിന്നെയാണ് ഞാനും വേണുവും സുഹൃത്തുക്കളാവുന്നത്. ഇപ്പോഴും വേണുവിനെ കണ്ടാല്‍ സിനിമാനടനാണെന്നൊന്നും പറയില്ല, ക്യാമറയുടെ മുന്നില്‍ വരുമ്പോള്‍ മാത്രമേ വേണു നടനാവൂ. അതുപോലെയായിരുന്നു ഗോപിച്ചേട്ടനും.ചേട്ടന്റെ പടത്തിലെത്തുമ്പോള്‍ ഇവരെല്ലാം ചേര്‍ന്ന് നല്ലൊരു സെറ്റപ്പായിരുന്നു. മൂന്നുപേരും ചേര്‍ന്ന് മര്‍മരം,പാളങ്ങള്‍ അങ്ങനെ കുറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. ആ സമയത്തൊക്കെ ഇവര്‍ വീട്ടില്‍ ഒത്തുകൂടുമായിരുന്നു. സിനിമ ഉണ്ടായാലും ഇല്ലെങ്കിലും മദ്രാസില്‍ ഒരു വരവ് വന്നാല്‍ എല്ലാവരും ഞങ്ങളുടെ വീട്ടീല്‍ത്തന്നെയാണ്. ഉത്സവ മേളമായിരുന്നു അന്നൊക്കെ. ആ കാലമൊക്കെ പോയില്ലേ. ഇനിയിപ്പോള്‍ അതൊക്കെ ഇങ്ങനെ ഓര്‍ത്തോണ്ടിരിക്കാനേ പറ്റത്തൂള്ളൂ.

അമരം

വര്‍ഷം: 1991
കഥാപാത്രം: ഭാര്‍ഗവി
സംവിധാനം: ഭരതന്‍


അമരം തുടങ്ങുന്നതിന് മുമ്പ് എനിക്കാകെ അറിയുന്നത് മുരളിയുടെ ഭാര്യയായി അഭിനയിക്കണമെന്നാണ്. അശോകന്റെ അമ്മയാണ് ഭാര്‍ഗവി എന്ന എന്റെ കഥാപാത്രം. ആദ്യം എന്റടുത്ത് പറഞ്ഞത് കടപ്പുറത്ത് ചിട്ടി നടത്തുന്ന ഒരു സ്ത്രീയാണ് അതെന്ന്. ലൊക്കേഷനില്‍ ചെന്നപ്പോഴാ അറിയുന്നത് ചിട്ടിയൊന്നുമില്ല പണി മീന്‍ വില്പനയാണെന്ന്. ഷൂട്ടിങ്ങ് സമയത്ത് നമുക്ക് കടപ്പുറത്തെ ഭാഷയൊക്കെ പറയാന്‍ ബുദ്ധിമുട്ടായിരുന്നു. അവിടെയുള്ളവര്‍ പറയുന്നതൊക്കെ കേട്ട് കുറച്ചൊക്കെ പഠിച്ചു. ബാക്കിയൊക്കെ ഡബ്ബിങ്ങിലാണ് ശരിയാക്കിയത്. ഡബ്ബിങ്ങില്‍ സഹായിക്കാന്‍ മമ്മൂട്ടി വന്നു, ഡയലോഗ് എങ്ങനെ പറയുമെന്നൊക്കെ പഠിപ്പിച്ചുതരാന്‍ പുള്ളിക്ക് ഭയങ്കര താല്പര്യമായിരുന്നു. അങ്ങേര് പറയുന്നത് അതേപോലെയൊക്കെ നമ്മളും പറഞ്ഞാല്‍ ഭയങ്കര സന്തോഷമാണ്. ഒരുകാര്യത്തിന് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഇടംവലം നോക്കാത്തയാളാണ് മമ്മൂട്ടി. പിന്നെയൊരു ഒളിച്ചുകളിയോ ബലംപിടുത്തമോ ഒന്നുമില്ല.


ഭരതേട്ടന്റെ സിനിമയാണെങ്കിലും സിനിമയെക്കുറിച്ച് മൂന്‍കൂട്ടി പറയുന്ന പതിവൊന്നും ഇല്ല ഞങ്ങള്‍ക്കിടയില്‍. അമരത്തിലൊരു റോളുണ്ടെന്ന് ആദ്യം പറഞ്ഞതുതന്നെ ലോഹിയാണ്. എപ്പോഴും വീട്ടില്‍ വരുമായിരുന്നു ലോഹി. രണ്ടുപേരും വലിയ അടുപ്പമായിരുന്നു. മദ്രാസില്‍ പോരൂരില്‍ ഒരു ഗസ്റ്റ് ഹൗസുണ്ട്, അവിടെ ഇരുന്നാണ് തിരക്കഥ എഴുത്തൊക്കെ. ചേട്ടനോട് പിന്നെ ക്യാരക്ടറിനെപ്പറ്റി ചോദിച്ചാലും കാര്യമായൊന്നും പറയില്ല. എന്തെങ്കിലും നമ്മള്‍ കരുതണോ എന്നുചോദിച്ചപ്പോള്‍ ഒന്നും വേണ്ട അങ്ങ് വന്നാല്‍ മതി എന്നാവും മറുപടി.

അമരത്തെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് മുരളിയെ ഓര്‍മ വരും. ഏറ്റവും ഒടുവില്‍ ഞാനിങ്ങനെ തമാശ പറഞ്ഞിട്ടും പൊട്ടിച്ചിരിച്ചിട്ടുമൊക്കെ അഭിനയിച്ചത് മുരളിയുമായിട്ടാണ്. സെറ്റില്‍ ഞങ്ങള്‍ രണ്ടുപേരുമുണ്ടെങ്കില്‍ എപ്പോള്‍ നോക്കിയാലും വഴക്കാവും. മാങ്ങോട് മഹേശ്വരിയമ്മ എന്നേ എന്നെ വിളിക്കൂ. എന്നിട്ട് ഉറക്കെപ്പറയും, എവിടെയാണീ മാങ്ങോട്. ഭൂലോകത്ത് അങ്ങനെയൊരു സ്ഥലമുണ്ടോ,അവിടുന്നല്ലേ വന്നിരിക്കുന്നതെന്ന്. എന്നെ സിനിമാഫീല്‍ഡില്‍ യഥാര്‍ത്ഥ പേരു വിളിക്കുന്ന ഒരേയൊരാളിയിരുന്നു മുരളി.

വെങ്കലത്തില്‍ അഭിനയിക്കുന്ന കാലം. സെറ്റില്‍ ചുമ്മാ എവിടെയെങ്കിലും ഇരിക്കുകയാണെങ്കില്‍ ഭരതേട്ടന്‍ ഞങ്ങളെ ഇളക്കാന്‍ തുടങ്ങും. 'എന്താ രണ്ടുപേരും മൗനവ്രതമാണോ, വല്ലതുമൊക്കെ പറയെന്നേ, എന്നാലല്ലേ ഞങ്ങള്‍ക്ക് ഒരു രസമുണ്ടാവൂ' എന്ന്. മുരളി പിശാചേ എന്നേ വിളിക്കത്തുള്ളൂ. ഹോട്ടലിലാണെങ്കില്‍ രാവിലെത്തന്നെ മുറിയുടെ വാതില്‍ക്കല്‍ വന്ന് ഞാന്‍ കാണാന്‍ ഭയങ്കര എക്‌സര്‍സൈസൊക്കെ നടത്തും. കാലൊക്കെ മൂക്കേല്‍ തൊടീച്ച് ഒരു നില്‍പ്പുണ്ട്. ഇടയ്ക്ക് കൈ ചുരുട്ടി ഇടിക്കാനൊക്കെ വരും. അപ്പോള്‍ ഞാന്‍ കളിയാക്കാറുണ്ട്, അയ്യോ ഭയങ്കര ആഗ്രഹമാണല്ലേ, അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതിയെന്ന്.

ശാന്തം

വര്‍ഷം: 2001
കഥാപാത്രം: നാരായണി
സംവിധാനം: ജയരാജ്


അമരം കഴിഞ്ഞിട്ട് ഞാന്‍ ജയരാജിന്റെ ആദ്യപടമായ വിദ്യാരംഭത്തിലേക്കാണ് പോയത്. അമരം തീരാന്‍ രാത്രി ഒരുമണിയായി. പിറ്റേന്ന് രാവിലെ പാലക്കാട് ഷൂട്ടിങ്ങായിരുന്നു. അവിടെ ചെല്ലുമ്പോഴൊക്കെ അമരത്തിലെ കഥാപാത്രമിങ്ങനെ മനസ്സില്‍ കിടക്കുകയായിരുന്നു. അവിടെ ആരോടും സംസാരിക്കാന്‍ പോലുമാവുന്നില്ല. വേണുവും ഗൗതമിയുമൊക്കെയുണ്ട്. അതിലൊരുപാവം അമ്മയുടെ ക്യാരക്ടറായിരുന്നു. എന്റെ ഉള്ളിലാണെങ്കില്‍ അമരത്തിലെ കഥാപാത്രം ശ്വാസം കഴിച്ച് കിടക്കുന്നുണ്ട്. പക്ഷേ അത് പുറത്ത് വരാന്‍ പാടില്ലല്ലോ.

വിദ്യാരംഭം കഴിഞ്ഞ് ജയരാജിന്റെ ശാന്തത്തിലും ഞാന്‍ വേഷമിട്ടു. അതിന്റെ ലൊക്കേഷനില്‍ ചെന്ന ഉടനെ ജയന്‍ എന്നെ അടുത്ത് വിളിച്ചിരുത്തി കഥ പറഞ്ഞു. ജീവിച്ചിരിക്കുന്ന ഒരു സ്ത്രീ തന്നെയാണ് അതിലെ നാരായണിയും. കണ്ണൂരില്‍ ഊണുകഴിച്ചിരുന്നതിനിടയ്ക്ക് വിളിച്ചിറക്കി ഒരു പയ്യനെ വെട്ടിക്കൊന്നതൊക്കെ ഞാനും പത്രത്തില്‍ വായിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചുള്ള കഥയായിരുന്നു. എന്റടുത്ത് ജയന്‍ പറഞ്ഞത് ചേച്ചി ഒരുപാടങ്ങ് പൊട്ടിക്കരയുകയോ ഒത്തിരി ശബ്ദത്തില്‍ സംസാരിക്കുകയോ ഒന്നും വേണ്ടെന്നാണ്. ഒറ്റ സീനിലേ പൊട്ടിക്കരയാനുള്ളൂ, ബാക്കിയെല്ലാം വളരെ ഒതുക്കിയിട്ടേ ചെയ്യാവൂ.

ആദ്യദിവസം ഷൂട്ടിങ്ങുണ്ടായിരുന്നില്ല. അന്ന് രാത്രി മുഴുവന്‍ ഇതെങ്ങനെ ചെയ്യണം എന്നുള്ള ആലോചനയായിരുന്നു. രാവിലെ ഷോട്ടെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഡയലോഗ് ഇങ്ങനെ വായിച്ചുതരും. അതുകഴിഞ്ഞ് ജയന്‍ പറയും 'അതുതന്നെ പറയണമെന്നില്ല,അതിന്റെ അര്‍ത്ഥം വരുന്ന മാതിരി സംസാരിച്ചോളൂ' എന്ന്. എങ്കിലും ഒറ്റ ഷോട്ടിനും റീടേക്കേ് വേണ്ടി വന്നില്ല. അതിന്റെ ഗുണം ആ പടത്തില്‍ കാണാനുമുണ്ട്.

ആ പടത്തിന്റെ ഓരോ സീനില്‍ അഭിനയിക്കുമ്പോഴും പൊട്ടിക്കരയണമെന്ന് തോന്നിപ്പോയിരുന്നു.ഗ്ലിസറിനേ ഉപയോഗിച്ചിട്ടില്ല. പൂര്‍ണമായും ഉള്ളില്‍നിന്ന് വന്ന കണ്ണുനീരാണ്. ഓരോ ഡയലോഗ് പറയുമ്പോഴും കരച്ചിലിങ്ങനെ വരും. ആകെ വിങ്ങിവിങ്ങി ഇരുന്നാണ് അത് അടക്കിവെക്കുക. അങ്ങനെ കുറെ സീനുകളുണ്ടായിരുന്നു. മകന്റെ ബലിയിടാന്‍ വന്നിരിക്കുകയാണെന്ന് ഒരു ഇല്ലത്തുപോയി പറയുമ്പോള്‍ എന്റെ കൈയില്‍നിന്ന് ചോറ്റുപാത്രം താഴെവീഴുന്നുണ്ട്. എന്നിട്ട് ആ ബലിച്ചോറ് ഞാനിങ്ങനെ വാരിക്കൂട്ടുന്ന സീനൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയങ്കര സങ്കടം വരും. മഴയത്ത് ഞാന്‍ അമ്പലത്തിന്റെ മുറ്റത്ത് പോയി നില്‍ക്കുന്ന സീനുണ്ട്. ഷോട്ടെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മറ്റുള്ളവര്‍. ആ സമയത്ത് ഓരോന്ന് ആലോചിച്ച് മഴ നനയുന്നത് അറിയാതെ നിന്നുപോയി ഞാന്‍.

ആദ്യത്തെ കണ്‍മണി

വര്‍ഷം: 1995
കഥാപാത്രം: മാളവിക
സംവിധാനം: രാജസേനന്‍


പെണ്‍കുട്ടികളെ ഇഷ്ടമില്ലാത്ത ഒരമ്മ. മക്കള്‍ പ്രസവിക്കുന്നത് പെണ്‍കുഞ്ഞാണെന്ന് അറിയുമ്പോഴേ കലിവരും. ആ അമ്മയെ പറ്റിക്കാന്‍ വേണ്ടി നടക്കുന്ന ഒരുമോനും. അതായിരുന്നു ആദ്യത്തെ കണ്‍മണി. ഗുരുവായൂരിലായിരുന്നു ഷൂട്ടിങ്ങ്. ഒരുപാട് അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് അതിലെ മാളവിക. ഭയങ്കര അഹങ്കാരം പിടിച്ചിട്ട് എല്ലാവരെയും ഭരിക്കുന്ന സ്ത്രീയാണ് അവര്‍. മക്കളെയും ഭര്‍ത്താവിനെയുമെല്ലാം അടക്കിനിര്‍ത്തും. അവസാനം എല്ലാം നശിച്ച് ഇതൊന്നുമല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞ് കീഴടങ്ങുകയാണ് അവര്‍.

ആദ്യത്തെ കണ്‍മണിയില്‍ ജനാര്‍ദനന്‍ ചേട്ടനായിരുന്നു ഭര്‍ത്താവ്. പടന്നയില്‍ ചേട്ടന്‍ അച്ഛനും. മക്കളായത് ജഗതിയും മണിയന്‍പിള്ള രാജുവും ജയറാമുമൊക്കെ. പ്രിയങ്ക,ചിപ്പി,ബിജുമേനോന്‍ അങ്ങനെ മനസ്സിനിണങ്ങിയ ഒരുപാടുപേരുണ്ട് ആ സിനിമയില്‍. ഇതില്‍ ഞാന്‍ മക്കളെയെല്ലാം അടിക്കുന്നൊരു സീനുണ്ട്. ആദ്യം ജഗതിയെ അടിച്ചു,ജഗതി പറഞ്ഞു,അയ്യോ എന്റെ പുറത്ത് തിണര്‍ത്തു, പിന്നെ അടികൊണ്ട രാജു പറഞ്ഞത് മുതുക് തിണര്‍ത്തുവെന്നാണ്. പക്ഷേ ശരിക്കും അടി കൊണ്ടത് ജയറാമിനായിരുന്നു. കവിളത്ത് തന്നെ നല്ല തല്ലു കൊണ്ടു. നല്ല വെളുവെളുങ്ങനെ ഇരിക്കുകയല്ലേ ജയറാം. അടികൊണ്ട് വിരലെല്ലാമങ്ങോട്ട് പതിഞ്ഞു മുഖമാകെ ചുവന്ന് തുടുത്തു. അന്നാണ് ജയറാം പറഞ്ഞത് 'ഈ പിശാചിന് ഒരു അടി സീന്‍ കൊടുത്തുകഴിഞ്ഞാല്‍ കരണവും കൊണ്ടേ പോവൂ' എന്ന്. അടിയാണ് സീനിലെങ്കില്‍ ഞാന്‍ ശരിക്കുമങ്ങ് ജീവിച്ചുകളയുമത്രേ. അതിനുമുമ്പ് മാളൂട്ടിയുടെ സമയത്തും എന്റെ കൈയില്‍നിന്ന് ജയറാമിന് അടി കിട്ടിയിട്ടുണ്ട്.

ജയറാമും മുകേഷും സെറ്റിലുണ്ടെങ്കില്‍ പിന്നെ ചിരിക്കാനേ നേരം കാണൂ. ഇവര്‍ ഉണ്ടെങ്കില്‍ ഡയലോഗ് പറഞ്ഞാല്‍ ഒരക്ഷരമെങ്കിലും തെറ്റുമെന്ന് ഉറപ്പ്. ഞാന്‍ വരുന്നത് കാണുമ്പോഴേ ജയറാം വിളിച്ചു പറയും, ദാ വരുന്നു അടുത്തയാള്, ആ ഡയലോഗ് പറയുന്നതൊന്ന് ശ്രദ്ധിച്ചോളണേ എന്ന്. തെറ്റിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളും ഉണ്ടാവും.

മാളൂട്ടിയില്‍ ജയറാമിനെ ചീത്ത പറയുന്ന ഒരു സീനാണ്. 'ഇറങ്ങിക്കോണം എന്റെ വീട്ടീന്ന്, ഞാന്‍ പറയുന്നത് അനുസരിക്കാന്‍ വയ്യെന്നാണെങ്കില്‍ മേലാല്‍ ഈ പടി ചവിട്ടരുത്' എന്നായിരുന്നു എന്റെ ഡയലോഗ്. പടി ചവിട്ടരുത് എന്നതില്‍ പടിയിലെ ഒരു അക്ഷരം തെറ്റിപ്പോയി,അതങ്ങ് ഉറക്കെപ്പറയുകയായിരുന്നു ഞാന്‍. വാക്കുപുറത്തു വന്നതും ഞാനങ്ങ് ഐസായിപ്പോയി. പറഞ്ഞതോര്‍ത്ത് കണ്ണിലാകെ ഇരുട്ട് കയറി. നോക്കുമ്പോള്‍ ക്യാമറമാന്‍ വേണുവിനെയും ജയറാമിനെയുമൊന്നും സ്ഥലത്തേ കാണാനില്ല,സംവിധായകന്‍ ഭരതേട്ടനായത് എന്റെ ഭാഗ്യം. പുള്ളി മാത്രം ഒന്നും അറിയാത്ത പോലെ നിന്നു. പെട്ടെന്ന് ഗൗരവത്തോടെ വണ്‍ മോര്‍,വണ്‍മോര്‍ എന്നു പറഞ്ഞു ഷോട്ട് എടുക്കാന്‍ തുടങ്ങി. അപ്പോള്‍ ചിരി അടക്കാന്‍ പാടുപെടുന്ന ഉര്‍വശിയെ ദൂരെ കണ്ടു. ഷോട്ട് കഴിഞ്ഞതും വീണുകിടന്നങ്ങു ചിരിക്കുകയാണ് എല്ലാവരും. രണ്ടുദിവസത്തേക്ക് പിന്നെ എനിക്ക് തല ഉയര്‍ത്തി നടക്കാനായിട്ടില്ല. ഇപ്പോഴും പടി ചവിട്ടരുത് എന്നു കേട്ടാല്‍ ഉള്ളില്‍ നിന്നൊരു ആന്തലാണ്.

ആദ്യത്തെ കണ്‍മണി പുറത്തുവന്നതോടെ എന്നോട് എത്രപേര്‍ ദേഷ്യപ്പെട്ടിട്ടുണ്ടെന്നോ. അത് സിനിമയാണെന്ന് ഓര്‍ക്കാതെ എന്നെ കാണുമ്പോള്‍ പലരും പറയും, 'ദാ കണ്ടില്ലേ,വരുന്നുണ്ട് ദുഷ്ട' എന്ന്. അതില്‍ ഞാന്‍ കുഞ്ഞിനെ എടുത്തെറിയുന്നൊരു സീനുണ്ട്. അതൊക്കെ തിയേറ്ററില്‍ ഭയങ്കര ഞെട്ടലുണ്ടാക്കി. ഒരുപാട് പേര്‍ വിളിച്ചു ചോദിച്ചിട്ടുണ്ട്, മൂത്തത് പെണ്‍കുട്ടിയല്ലേ, ഇത്രയും ദുഷ്ടയായിട്ടാണോ വീട്ടില്‍ പെരുമാറുന്നത് എന്നൊക്കെ. പക്ഷേ, മക്കളോട് മനസ്സുനിറയെ സ്‌നേഹവും കൊണ്ടുനടക്കുന്ന ഒരമ്മയല്ലേ ഞാന്‍.

സത്യം പറഞ്ഞാല്‍ നല്ലൊരു അമ്മ വേഷം ചെയ്തിട്ട് ഒരുപാട് നാളായി. നമുക്കിപ്പോള്‍ കൊതിയാ, ഒരുപാട് നല്ല നല്ല വേഷങ്ങള്‍ ചെയ്യണമെന്നുള്ള കൊതി. എനിക്ക് ഇനിയും അഭിനയിച്ചുമതിയായില്ലെന്നേ...