MATHRUBHUMI RSS
Loading...
വിനി വരയ്ക്കുന്നു, സാന്ത്വനമേകാന്‍
ശ്രീശോഭ്‌

വിനി വേണുഗോപാല്‍ എന്ന പ്രവാസി പെണ്‍കുട്ടിയെ നമ്മള്‍ അറിയണമെന്നില്ല. എന്നാല്‍ ഗിന്നസ് ബുക്കില്‍ പേരു ചേര്‍ക്കപ്പെട്ടിട്ടുള്ള അപൂര്‍വം മലയാളികളിലൊരാളാണ് ഈ തൃശ്ശൂര്‍ താണിക്കുടംകാരി. കരുവാങ്കാട് വടക്കേടത്ത് വേണുഗോപാലിന്റെയും ഗീതയുടെയും മകള്‍ വിനി ബാംഗ്ലൂരിലെ പഠനം കഴിഞ്ഞ് ബഹ്‌റൈനില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഗിന്നസ് റെക്കോര്‍ഡില്‍ എത്തിപ്പെട്ടത്. നൂറോളം ചിത്രകാരന്‍മാര്‍ ചേര്‍ന്ന് വരച്ച ലോകത്തിലെ ഏറ്റവും വലിയ അനാമോര്‍ഫിക് പെയിന്റിങ്ങിന്റെ രചനയില്‍ വിനിയും പങ്കാളിയായിരുന്നു. 24,716.96 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ചിത്രവും ചിത്രകാരന്‍മാരും ഗിന്നസിന്റെ ഭാഗമാണിപ്പോള്‍.

ലോകത്ത് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ത്രിമാന ചിത്രരചനാ ശാഖയില്‍ ഒരു മലയാളിയുടെ രേഖപ്പെടുത്തപ്പെട്ട മികച്ച നേട്ടവും വിനിയുടേതാകാം. വാന്‍ഗോഗിനേക്കാള്‍ ഡാവിഞ്ചിയെ ഇഷ്ടപ്പെടുന്ന വിനിയുടെ ചിത്രങ്ങള്‍ മനുഷ്യരുടെ മുഖഭാവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ്.

വ്യത്യസ്തമായ മുഖങ്ങളിലെ സന്തോഷം, പ്രണയം, വേദന, ഭയം, ഈര്‍ഷ്യ, പ്രത്യാശ, ഏകാന്തത തുടങ്ങിയ വ്യത്യസ്ത മുഖഭാവങ്ങളാണ് വിനി പകര്‍ത്തിയവയിലേറെയും. ഇതിന് വിനി പറയുന്നത് 'മുഖങ്ങളിലൂടെ മനുഷ്യരുടെ മനസ്സ് വായിക്കാം' എന്ന ലളിതമായ കാരണമാണ്. മനസ്സുകളിലേക്കുള്ള സഞ്ചാരത്തിന് മുഖത്തു വിരിയുന്ന വൈവിധ്യപൂര്‍ണ്ണമായ ഭാവവൈവിധ്യങ്ങള്‍ വഴിതുറന്നു തരുമെന്നു തന്നെയാണ് ഈ 23 കാരി വിശ്വസിക്കുന്നത്.

സങ്കീര്‍ണ്ണമായ മനുഷ്യാവസ്ഥകളെ പകര്‍ത്താന്‍ പരമ്പരാഗത നിറക്കൂട്ടുകളോ മാധ്യമങ്ങളോ ഉപയോഗിക്കാനും ഈ പെണ്‍കുട്ടി തയ്യാറല്ല. കറുത്ത പേനകൊണ്ടുള്ള രേഖാചിത്രങ്ങളില്‍ ആഫ്രിക്കന്‍ ഗോത്രകാല ചിത്രരചനാ ശൈലി മുതല്‍ പരമ്പരാഗത ഇന്ത്യന്‍ ചിത്രരചനാ സമ്പ്രദായംവരെ പ്രതിഫലിക്കുന്നുണ്ട്. മുംബൈയില്‍ ചിത്രകാരനായ ആദിത്യ ആചാരിയാണ് 'പെന്‍ ആര്‍ട്ടി'ല്‍ വിനിയുടെ മാതൃക.

വ്യത്യസ്തമായ മനുഷ്യമുഖങ്ങളില്‍ വിരിഞ്ഞ ഭാവങ്ങള്‍ കോര്‍ത്തിണക്കി വരച്ച 35 ചിത്രങ്ങളുടെ പ്രദര്‍ശനത്തിനൊരുങ്ങുകയാണ് വിനിയിപ്പോള്‍.

ഈ മാസം 18 മുതല്‍ 23 വരെ കേരള ലളിതകലാ അക്കാദമിയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം ജില്ലാ സെഷന്‍സ് ജഡ്ജ് കെ.പി. ജ്യോതീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പോലീസ് കമ്മീഷണര്‍ പി. വിജയന്‍ അധ്യക്ഷനാകും. 'ഇന്‍സ്പയര്‍' എന്ന പേരില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത് അയനം സാംസ്‌കാരികവേദിയാണ്.

ഫാഷന്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈനിങ്ങില്‍ ബിരുദം നേടിയിട്ടുള്ള വിനി ഇപ്പോള്‍ വരയ്ക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും മറ്റു ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. ചിത്രരചനയിലൂടെ നേടുന്ന പണം മുഴുവന്‍ അശരണര്‍ക്കും അനാഥര്‍ക്കും വേണ്ടി ചെലവഴിക്കാനാണ് വിനിയുടെ പദ്ധതി. ബഹറിനില്‍ ഒരു സ്വകാര്യകമ്പനിയില്‍ ഓഫീസ് മാനേജരാണ് വിനി.

ആനപ്പാറയിലെ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ റിലീഫ് സെറ്റില്‍മെന്റിലെ അന്തേവാസികള്‍ക്ക് ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള തുക വിനി നല്‍കും. അത് സ്വയം വാങ്ങി നല്‍കും. നിലവില്‍ 13 ചിത്രങ്ങള്‍ വില്പന ചെയ്തതില്‍ 40,000 രൂപ ഇതിനായി വിനി സമാഹരിച്ചുകഴിഞ്ഞു. ഈ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ വെയ്ക്കുന്നുണ്ട്.

മനുഷ്യമുഖങ്ങള്‍ക്കു ശേഷം മൃഗങ്ങളുടെ മുഖങ്ങളും മുഖഭാവങ്ങളും പെന്‍ ആര്‍ട്ടിന്റെ കാന്‍വാസില്‍ പകര്‍ത്താന്‍ ഒരുങ്ങുന്ന വിനി സംസ്ഥാനത്തുടനീളം ചിത്രപ്രദര്‍ശനങ്ങള്‍ നടത്താനാണ് പരിപാടി. കൂടാതെ അടുത്ത പടിയായി അനാഥരായ കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനെക്കുറിച്ചും ചിന്തിക്കുന്നു.