MATHRUBHUMI RSS
Loading...
അരുന്ധതി നാഗ് ഇങ്ങനെയാണ്‌
പി.യാമിനി


യഥാര്‍ഥ ജീവിതത്തിലെ വേഷവും സിനിമാഭിനയവും തമ്മില്‍ ബന്ധമില്ലെങ്കിലും അരുന്ധതി നാഗ് എന്ന നടിയെ ലോകമറിഞ്ഞുതുടങ്ങിയത് 'പാ' എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുകയും അതിലൂടെ ദേശീയപുരസ്‌കാരം നേടുകയും ചെയ്തപ്പോഴാണ്. അരുന്ധതി നാഗിന്റെ നാടകങ്ങളും ചലച്ചിത്രങ്ങളും സ്ഥിരമായി പിന്തുടര്‍ന്നിരുന്നവര്‍ക്ക് അവരുടെ കഴിവ് അളക്കാന്‍ ഈ പുരസ്‌കാരലബ്ധിവരെ കാത്തിരിക്കേണ്ടി വന്നിരുന്നില്ല. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നാടകങ്ങളില്‍ സജീവമാകുമ്പോള്‍ തന്നെ തനിക്കിഷ്ടപ്പെട്ട സിനിമകളില്‍ മാത്രം അഭിനയിച്ച് അവര്‍ സിനിമ ആസ്വാദകര്‍ക്കിടയിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു. ഒടുവില്‍ ആദ്യമായി ആഷിക് അബുവിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഡാ തടിയാ' യിലൂടെ ഇവര്‍ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ്.

എന്താണ് ഇങ്ങനെയെന്നു അരുന്ധതിയോട് ചോദിച്ചപ്പോള്‍ ലവലേശം ആലോചിക്കാതെ അവര്‍ പറഞ്ഞു- ''എന്നെ ആരും വിളിക്കാറില്ല. അതല്ലെങ്കില്‍ എന്റെ പ്രതിഫലം എത്രയെന്നു തീരുമാനിക്കുന്നതു ഞാനാണ്. തുറന്നടിച്ചപോലെ അവര്‍ പറഞ്ഞു തുടങ്ങിയെങ്കിലും അരുന്ധതി നാഗ് ഇങ്ങനെയൊക്കെയാണോ എന്ന സംശയം അലിഞ്ഞില്ലാതായി.

ഡാ തടിയാ എന്ന സിനിമ അരുന്ധതിയെ തേടിയെത്തിയതിനുപിന്നിലും ഒരു കഥയുണ്ട്. സിനിമയിലെ മുഖ്യകഥാപാത്രത്തിന്റെ മുത്തശ്ശി കഥാപാത്രത്തിനായി സംവിധായകന്‍ ആഷിക് അബു ആളെ തിരയുന്ന സമയം. ഗിരീഷ് കര്‍ണാടിന്റെ 'ബിഖ്‌രെ ബിംബ്' എന്ന നാടകം കണ്ട സംവിധായകന്‍ രഞ്ജിത്ത് ആഷിക് അബുവിനോട് അതിലെ അരുന്ധതിയുടെ അഭിനയമികവിനെക്കുറിച്ച് ആകസ്മികമായി പറയുകയായിരുന്നു. ഇത് അരുന്ധതിയെ 'ഡാ തടിയാ' എന്ന സിനിമയിലെത്തിച്ചു. കൊച്ചിയില്‍ അഞ്ചു ദിവസമാണ് അരുന്ധതിക്ക് ഷൂട്ടിങ്ങ് ഉണ്ടായിരുന്നത്. ഇത്രയും ദിവസം കൊണ്ട് ആ ഷൂട്ടിങ് സെറ്റുമായി ആത്മബന്ധമുണ്ടായതായി അവര്‍ പറഞ്ഞപ്പോള്‍ മലയാളത്തിലെ 'ന്യൂ വേവ് സിനിമ' കളെക്കുറിച്ച് ചോദിക്കാതിരിക്കാനായില്ല. മറുപടിയും ഉടന്‍ വന്നു- ''ആഷിക് അബുവിന്റെ മുമ്പുള്ള ചിത്രങ്ങളെക്കുറിച്ച് കേട്ടിരുന്നു. പിന്നെ രഞ്ജിത്തും ഒരു ഏകദേശധാരണ തന്നു. സെറ്റിലെത്തിയപ്പോള്‍ ഇത് ഉറപ്പായി. നാനാജാതിയിലും മതത്തിലും വിഭാഗത്തിലുമുള്ള പ്രവര്‍ത്തകരുടെ സമ്മേളനമായാണ് അവിടെ അനുഭവപ്പെട്ടത്.

കേരളത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ അരുന്ധതിയുടെ ഓര്‍മകള്‍ 23 വര്‍ഷം മുമ്പ് കുട്ടനാടിലെ പൊള്ളുന്ന ചൂടില്‍ നടന്ന ഷൂട്ടിങ്ങിന്റെ ഓര്‍മകളിലേക്ക് പോയി. തകഴിയുടെ കയര്‍ ആസ്പദമാക്കി നാടകകൃത്ത് എം.എസ്. സത്യു സംവിധാനം ചെയ്യുന്ന സീരിയലിന്റെ ഷൂട്ടിങ്ങിനായാണ് അവര്‍ അന്ന് കേരളത്തിലെത്തിയത്. ഭര്‍ത്താവും വിഖ്യാത നടനുമായ അന്തരിച്ച ശങ്കര്‍ നാഗിനൊപ്പമാണ് അന്ന് അരുന്ധതി കേരളത്തിലെത്തിയത്. ശങ്കര്‍ നാഗിന്റെ മരണത്തിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ യാത്ര. ഭര്‍ത്താവിന്റെ മരണത്തിനുശേഷം ഏകമകളുമായി അരുന്ധതിയുടെ ജീവിതം ഏകാന്തമായിരുന്നു. അരുന്ധതിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ''സിനിമകളില്‍ നിന്നു പോലും അകന്നു നില്‍ക്കുകയായിരുന്നു''.

ഇടയ്‌ക്കെപ്പോഴോ ചില ചിത്രങ്ങളില്‍ മുഖം കാണിച്ചെങ്കിലും വെള്ളിവെളിച്ചത്തില്‍ നിന്ന് അവര്‍ അകലം പാലിച്ചിരുന്നു. വളരെ വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം 2004-ല്‍ നാടകത്തിനായി ബാംഗ്ലൂരില്‍ രംഗശങ്കര തിയേറ്റര്‍ സ്ഥാപിച്ചതോടെയാണ് അരുന്ധതി പൊതുരംഗത്ത് വീണ്ടും സജീവമായത്. എത്ര തിരക്കായായലും തെക്കന്‍ ബാംഗ്ലൂരിലുള്ള ഈ പ്രകൃതി മനോഹരമായ രംഗശങ്കരയിലേക്ക് അരുന്ധതി ദിവസത്തില്‍ ഒരു തവണയെങ്കിലും എത്തും. നാടകത്തെക്കുറിച്ചും സഹപ്രവര്‍ത്തകരുമായി പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുമായിരിക്കും മിക്കപ്പോഴും മടങ്ങുക.

നാടകത്തിന്റെ തിരക്കിനിടെയാണ് തന്നെ തേടിയെത്തുന്ന സിനിമകള്‍ അവര്‍ തിരഞ്ഞെടുക്കുന്നത്. അങ്ങനെയാണ് 'ഡാ തടിയാ' യിലും 'പാ'യിലും അവര്‍ അഭിനയിക്കുന്നത്. കൂടുതല്‍ സിനിമകളില്‍ റോള്‍ ലഭിക്കാന്‍ മുംബൈയിലേക്ക് വന്നു കൂടെ എന്ന ഒരിക്കല്‍ സുഹൃത്തുക്കളുടെയും ഹിന്ദി നടി ശബാന അസ്മിയുടെ ആവശ്യം അവര്‍ സ്‌നേഹപൂര്‍വം തള്ളിക്കളഞ്ഞു. രംഗശങ്കരയും അതിനെ ചുറ്റിപ്പറ്റിയുള്ള ജീവിതവും കളഞ്ഞ് മഹാനഗരത്തിലേക്ക് ചേക്കേറാന്‍ വയ്യെന്ന നിലപാടായിരുന്നു അവര്‍ക്ക്. അങ്ങനെയായാല്‍ കുറെ നല്ല റോളുകള്‍ നഷ്ടപ്പെടില്ലേ എന്നു ചോദിച്ചപ്പോള്‍ അവര്‍ക്ക് സംശയമുണ്ടായില്ല. ഞാന്‍ അഭിനയിക്കേണ്ട സിനിമകളാണെങ്കില്‍ അത് എനിക്ക് തന്നെ ലഭിക്കും. അതിന് ഏജന്റുമാരെയോ, അസിസ്റ്റന്റുമാരെയോ വെക്കുകയോ അണിയറയില്‍ നിന്ന് ചരടു വലിക്കുകയോ ചെയ്യില്ല.

'പാ'യും 'ഡാ തടിയാ'യും പിന്നെ അനേകം സിനിമകളും സംഭവിച്ചത് അങ്ങനെയാണ്. എന്താണിങ്ങനെയന്ന സംശയം അപ്പോള്‍ ഉയര്‍ന്നില്ല. ദേശീയപുരസ്‌കാര ജേതാവിന്റെ യാതൊരു ഭാവവുമില്ലാതെ കോട്ടണ്‍ ദുപ്പട്ട കൈയിലിട്ട് തട്ടിക്കളിച്ച് അവര്‍ പറയാതെ പറഞ്ഞു- ''ഞാന്‍ ഇങ്ങനെയൊക്കെയാണ്. എന്റെ സിനിമകളും നാടകങ്ങളുമാണ് എനിക്കു വേണ്ടി എപ്പോഴും സംസാരിക്കുന്നത്.''

yamini@mpp.co.in