MATHRUBHUMI RSS
Loading...
വീഡിയോഗ്രാഫര്‍ സമീറ
ടി.സൗമ്യ

കണ്ണൂരിലെ മുസ്‌ലിം കല്യാണവീടുകളില്‍ പെണ്ണുങ്ങള്‍ക്കിടയില്‍ ക്യാമറയുമായി ഒരു തട്ടമിട്ട സുന്ദരി ഓടിനടക്കുന്നത് കാണാം, കല്യാണത്തിനെത്തിയ പെണ്ണുങ്ങളെയും മണവാട്ടിയെയും പകര്‍ത്താന്‍. അതാണ് വീഡിയോഗ്രാഫര്‍ സമീറ.

പെണ്‍കുട്ടികള്‍ വിരളമായ പ്രൊഫഷണല്‍ വീഡിയോഗ്രാഫി രംഗത്തേക്ക് 1995 ല്‍ കാലെടുത്തുവെച്ചതാണ് താഴെചൊവ്വ സ്വദേശിയായ സമീറ. തൊഴിലിടങ്ങളിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് സ്ത്രീകള്‍ വാചാലരാകുമ്പോള്‍ സമീറ പറയുന്നത് അന്നുമിന്നും തനിക്ക് ഈ ജോലിയില്‍നിന്ന് ദുരനുഭവമുണ്ടായിട്ടില്ലെന്നാണ്.

കമ്പ്യൂട്ടര്‍ സ്ഥാപനത്തിലായിരുന്നു സമീറ ആദ്യം ജോലിചെയ്തിരുന്നത്. പരസ്യം കൊടുക്കാന്‍ പോയപ്പോഴാണ് ശില്പി വീഡിയോ ഇന്‍സ്റ്റിറ്റിയൂട്ടിലെ വീഡിയോ പരിശീലനക്ലാസ് കണ്ടത്. അങ്ങനെ താത്പര്യം തോന്നി സമീറ വീഡിയോഗ്രാഫി പരിശീലനത്തിനെത്തി. പരിശീലനം പൂര്‍ത്തിയാക്കി മൂന്നാംദിവസം തന്നെ സമീറ പ്രൊഫഷണല്‍ വീഡിയോഗ്രാഫി രംഗത്തേക്ക് കാലെടുത്തുവെച്ചു.

ആത്മവിശ്വാസം മാത്രമായിരുന്നു അന്ന് കൈമുതലായുണ്ടായിരുന്നത്. താന്‍ പഠിച്ച വീഡിയോ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപികയും കൂടിയാണ് അവരിപ്പോള്‍. 17 വര്‍ഷമായി പ്രൊഫഷണല്‍ വീഡിയോഗ്രാഫി രംഗത്ത് സമീറയുണ്ട്. കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലെ പ്രാദേശികചാനലുകള്‍ക്ക് വേണ്ടിയും ഈ നാല്‍പ്പത്തിനാലുകാരി ജോലി ചെയ്തിട്ടുണ്ട്.

എറണാകുളത്ത് ജോലി കുറേക്കൂടി എളുപ്പമാണ്. അവിടെനിന്നാണ് കൂടുതല്‍ വിവാഹങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. കൂടുതലും പൊതുപരിപാടികളാണ് സമീറ ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്. കണ്ണൂരില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് രംഗത്തും സമീറ ക്യാമറയുമായുണ്ടായിരുന്നു.

എവിടെനിന്നും ബുദ്ധിമുട്ടുകളൊന്നുമുണ്ടായിട്ടില്ല. ഒരു സ്ത്രീയെന്ന നിലയില്‍ ഈ മേഖലയില്‍ വിവേചനമുള്ളതായി ഇതുവരെ തോന്നിയിട്ടില്ല.

വനിതകള്‍ക്ക് ഈ രംഗത്ത് പ്രാധാന്യം ലഭിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹച്ചടങ്ങുകള്‍ പകര്‍ത്താന്‍ പുരുഷ വീഡിയോഗ്രാഫര്‍മാരെ വിളിക്കാന്‍ ചിലര്‍ മടിക്കാറുണ്ട്. ഇത് വനിതാവീഡിയോഗ്രാഫര്‍മാര്‍ക്ക് ഗുണം ചെയ്യുന്നുണ്ടെന്നാണ് സമീറ പറയുന്നത്. എന്നാല്‍, ലൈറ്റ് പിടിച്ചുതരാന്‍പോലും ഒരുവനിത ഈ രംഗത്തേക്ക് വരുന്നില്ലെന്ന പരാതിയും സമീറയ്ക്കുണ്ട്.

നാലുവര്‍ഷം യു.എ.ഇ.യില്‍ അജ്മാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സമീറ ജോലിചെയ്തിരുന്നത്. അവിടെ രാത്രിയാണ് കല്യാണങ്ങള്‍ നടക്കുക. അവധി ദിവസങ്ങളില്‍ ശൈഖുമാരുടെ വീട്ടിലെ കല്യാണം പകര്‍ത്താന്‍ സമീറ വീഡിയോ ക്യാമറയുമായി ഇറങ്ങിയിട്ടുണ്ട്. അന്ന് അവിടെയും ഈ മേഖലയില്‍ സ്ത്രീകള്‍ കുറവായിരുന്നു. എന്നാല്‍ ഇന്ന് ഫിലിപ്പീന്‍ സ്ത്രീകളടക്കം നിരവധി പെണ്‍കുട്ടികള്‍ അവിടെ വീഡിയോഗ്രാഫര്‍മാരായി ജോലിചെയ്യുന്നുണ്ട്. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സമീറയുടെ വിവാഹം. അതോടെ പഠിത്തം അവസാനിപ്പിച്ച് വീട്ടിലിരിക്കാനൊന്നും സമീറ തയ്യാറായിരുന്നില്ല. പഠനവും കൂടെക്കൊണ്ടുപോയി. മകനെ എല്‍.കെ.ജിയില്‍ ചേര്‍ക്കുമ്പോഴാണ് സമീറ ബി.കോമിന് ചേര്‍ന്നത്.

സമീറ കൈവെയ്ക്കാത്ത മേഖലകളില്ലെന്ന് തന്നെ പറയാം. കമ്പ്യൂട്ടറും ഡ്രൈവിങ്ങും പഠിച്ചു. പിന്നെ കമ്പ്യൂട്ടര്‍ അധ്യാപികയായി. വീഡിയോഗ്രാഫി അധ്യാപനത്തിനിടയിലും പഠനത്തിന് സമീറ സമയം കണ്ടെത്തുന്നുണ്ട്. ഇപ്പോള്‍ ബ്യൂട്ടിഷ്യന്‍ കോഴ്‌സിന് ചേര്‍ന്നിട്ടുണ്ട്.

ഫോട്ടോഗ്രാഫിയും പഠിച്ചെങ്കിലും വിദഗ്ധയായിട്ടില്ലെന്നാണ് സമീറ പറയുന്നത്. കുടുംബകാര്യങ്ങള്‍ക്കിടയില്‍ പഠിക്കാനും പഠിപ്പിക്കാനും സമയമെവിടെയെന്ന് ചോദിച്ചാല്‍ ഇതിനെല്ലാം സമയം കൂടുതലാണെന്നാണ് സമീറയുടെ മറുപടി.

വീഡിയോഗ്രാഫി രംഗത്തേക്ക് ഇറങ്ങുമ്പോള്‍ വീട്ടില്‍ നിന്ന് എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഈ മേഖല തിരഞ്ഞെടുത്തത്. പെണ്‍കുട്ടികള്‍ കൂടുതല്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്നാണ് സമീറയുടെ ആഗ്രഹം. നിരവധി ചാനലുകളും മറ്റും വരുന്നതിനാല്‍ ഒരുപാട് അവസരങ്ങള്‍ ലഭിക്കും. എന്നാല്‍, പെണ്‍കുട്ടികള്‍ക്ക് ഇതിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന പരിഭവവും സമീറയ്ക്കുണ്ട്. ഏറെ കൊതിച്ചാണ് ഒരു വീഡിയോ ക്യാമറ സ്വന്തമാക്കിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപ്പ അബു മരിച്ചു. താഴെചൊവ്വയില്‍ ഉമ്മ നബീസയ്‌ക്കൊപ്പമാണ് സമീറ താമസിക്കുന്നത്. ഒരു മകനുമുണ്ട്. ഫോണ്‍: 9447394717.