MATHRUBHUMI RSS
Loading...
വലപ്പാട്ടെ വീട്ടുകാരി കുട്ടേട്ടന്റെ എഴുത്തുകാരി
ലത്തീഫ് പറമ്പില്‍

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലെ 'കുട്ടേട്ടനാ'യിരുന്ന കുഞ്ഞുണ്ണി മാഷിന്റെ എഴുത്തിലെ സഹായിയും അനന്തരവളുമായ ഉഷ കേശവരാജിനെക്കുറിച്ച്...


'ചൊവ്വാഴ്ചയെ പേടിയുള്ള ഒരു കാലമെനിക്കുണ്ടായിരുന്നു. ചൊവ്വാഴ്ചയെ പേടിച്ച് തിങ്കളാഴ്ച രാത്രി ഉറങ്ങാതെ കിടന്നിരുന്ന കാലം! മാതൃഭൂമി ബാലപംക്തിയിലേക്കുള്ള മാറ്റര്‍ തിരഞ്ഞെടുക്കാനും തെറ്റു തിരുത്താനും 'കുട്ടേട്ടനെ' സഹായിച്ചിരുന്ന കാലം. എങ്ങനെ തിരുത്തിയാലും ബാലപംക്തിയില്‍ എവിടെയെങ്കിലും ഒരു തെറ്റു കണ്ടുപിടിച്ച് എനിക്കുള്ള പ്രഹരം തരാന്‍ കാത്തുള്ള കുട്ടേട്ടന്റെ ഇരിപ്പ്. പേടിച്ചു വിറച്ചുകൊണ്ടുള്ള എന്റെ നില്പ്. കുട്ടേട്ടന്റെ എഴുത്തുകാരിയായി ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇതൊക്കെ എന്റെ മനസ്സില്‍ ഇന്നലെയെന്നപോലെ തെളിഞ്ഞു നില്‍ക്കുന്നു.''

തൃപ്രയാറിനടുത്തുള്ള വലപ്പാട് അതിയാരത്തെ വീട്ടിലിരുന്ന് ഓര്‍മയുടെ മധുരനൊമ്പരങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഉഷ കേശവരാജ് എന്ന വീട്ടുകാരി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടനായി കൂട്ടുകാരുടെ രചനകള്‍ വെട്ടിയും തിരുത്തിയും സാഹിത്യത്തിലെ പുതുതലമുറയെ കൈപിടിച്ചു നടത്തിയിരുന്ന കുഞ്ഞുണ്ണിമാഷുടെ അനന്തരവള്‍ എന്ന നിലയില്‍ മാഷുടെ സഹായിയായി കഴിഞ്ഞിരുന്ന ആ കാലത്തെക്കുറിച്ചാണ് ഉഷ പറഞ്ഞു തുടങ്ങിയത്.

''കുട്ടേട്ടനെ ഞാനാദ്യമായി കാണുന്നത് അദ്ദേഹം മാഷായി ജോലിനോക്കിയിരുന്ന കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം ഹൈസ്‌കൂളിലെ ഹോസ്റ്റല്‍ മുറിയില്‍ വെച്ചാണ്. ഷേവ് ചെയ്ത് ക്ലീനാക്കി വെച്ചിരുന്ന ഗൗരവമുള്ള മുഖം- ആ മുഖം കണ്ടപ്പോള്‍ എനിക്ക് പേടി തോന്നിയതുകൊണ്ടാവാം അദ്ദേഹം വരച്ച ചിത്രങ്ങളിലേക്കും വായിക്കാന്‍ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളിലേക്കും ചായം കൂട്ടിവെച്ചിരുന്ന പാത്രങ്ങളിലേക്കുമാണ് എന്റെ ശ്രദ്ധ തിരിഞ്ഞത്.'' കുഞ്ഞുണ്ണി മാഷെ ആദ്യമായി കണ്ടതിന്റെ ഒരു നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ലെന്ന് അവര്‍ പറയുന്നു.

കുഞ്ഞുണ്ണിമാഷിന്റെ മരുമകനാണ് ഉഷയുടെ ഭര്‍ത്താവ് കേശവരാജ്. എന്തോ കാരണവശാല്‍ ഇരുവരുടെയും മംഗല്യമുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ മാഷ്‌ക്ക് സാധിക്കാതിരുന്നതിനാല്‍ ഇരുവരും വലപ്പാട്ടുനിന്ന് നേരേ കോഴിക്കോട്ടേക്കെത്തുകയായിരുന്നു. ദാവണി പ്രായക്കാരിയായ, എട്ടുംപൊട്ടും തിരിയാത്ത, കുട്ടിക്കളി മാറാത്ത തനിക്ക് കുട്ടേട്ടനെന്ന ഗൗരവക്കാരനെ-കുടുംബത്തിലെ മൂത്തകാരണവരെ, അഭിമുഖീകരിക്കുക എന്നത് അന്ന് ഭീതിയേറിയ കാര്യങ്ങളായിരുന്നുവെന്ന് പറയുമ്പോള്‍ ഉഷേച്ചിയുടെ വാക്കുകളില്‍ കുട്ടിത്തം നിറയുന്നു.

രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ കോഴിക്കോട്ട് നിന്ന് വലപ്പാട്ടെത്തുന്ന മാഷുടെ കൈയില്‍ എന്തെങ്കിലുമൊരു പുസ്തകം കാണും. അതിന്റെ അവകാശി മിക്കവാറും ഉഷ തന്നെയായിരുന്നത്രെ. പതിവായി ബാലപംക്തി വായിക്കാറുണ്ടെങ്കിലും കുട്ടേട്ടന്‍ ആണ് അത് കൈകാര്യം ചെയ്യുന്നത് എന്ന്ഉഷയ്ക്കറിയില്ലായിരുന്നു. പിന്നെയും കുറേ കഴിഞ്ഞ് ചെറിയൊരു അസുഖത്തെത്തുടര്‍ന്ന് ആശ്രമത്തില്‍ നിന്ന് വലപ്പാട്ടെ വീട്ടിലെത്തിയപ്പോഴാണറിയുന്നത് കുട്ടമ്മാവയാണ് ബാലപംക്തിയിലെ കുട്ടേട്ടന്‍ എന്ന്.

''അന്നാണ് എഴുത്തുപണിക്കായി കുട്ടേട്ടന്‍ എന്നെ ചുമതലപ്പെടുത്തുന്നത്. കുട്ടേട്ടന്റെ സഹായിയായി എന്നെ വിളിച്ചപ്പോള്‍ ഞാനാകെ പേടിച്ചുപോയി. നാലുവരി കവിത എഴുതിച്ചുകൊണ്ടായിരുന്നു തുടക്കം. എന്റെ കൈയക്ഷരം അദ്ദേഹത്തിന് 'ക്ഷ'പിടിച്ചു എന്നു തോന്നുന്നു. കൈയെഴുത്ത് നന്നാക്കിയാല്‍ തലേലെഴുത്ത് നന്നാകും എന്നൊരുപദേശവും അന്ന് കിട്ടി'' ഉഷേച്ചി ഓര്‍ത്തെടുത്തു.

ബാലപംക്തിയിലേക്കുവരുന്ന കവിതകളും കഥകളും ലേഖനങ്ങളും മറ്റും വായിച്ചുകേള്‍പ്പിക്കലായിരുന്നു ആദ്യം മാഷ് ഏല്പിച്ച ജോലി. പിന്നെ മലര്‍വാടിയിലേക്കുള്ള 'കുഞ്ഞുണ്ണിമാഷും കുട്ട്യോളും 'എന്ന പംക്തിയിലേക്ക് വരുന്ന കത്തുകള്‍ക്ക് മറുപടിയെഴുതിക്കാന്‍ തുടങ്ങി.

കൈയെഴുത്ത് നന്നാക്കിയാല്‍ തലേലെഴുത്ത് നന്നാകുമെന്ന് ഇടക്കിടെ പറയുമെങ്കിലും മാഷുടെ കൈയക്ഷരം വായിച്ചെടുക്കണമെങ്കില്‍ ഒരുപാടു ബുദ്ധിമുട്ടണമായിരുന്നുവെന്ന് ഉഷ കേശവരാജ്. മാഷ് ഏറ്റവും കൂടുതല്‍ ചിരിച്ചുകണ്ടിട്ടുള്ളത് വി.കെ.എന്‍. കഥകള്‍ വായിക്കുമ്പോഴും മാധവിക്കുട്ടി എഴുതിയ 'ജാനുവമ്മ പറഞ്ഞ കഥകള്‍' വായിക്കുമ്പോഴുമായിരുന്നത്രെ. മാഷുടെ മൂത്ത ഓപ്പോള്‍ - മാധവിയോപ്പോള്‍ പാടുന്ന നാടന്‍ പാട്ടുകളില്‍ നിന്നും കൈക്കൊട്ടിപ്പാട്ടുകളില്‍ നിന്നുമൊക്കെയാണ് തനിക്ക് കവിത എഴുതാന്‍ കഴിവുണ്ടായതെന്ന് മാഷ് പലപ്പോഴും പറയുമായിരുന്നു.

മാതൃഭൂമിയിലെ ബാലപംക്തി നോക്കുന്നതിന് കുട്ടേട്ടനെ സഹായിക്കുന്നതിനുള്ള വേതനം ഇരുനൂറ്റമ്പത് രൂപയായിരുന്നു അക്കാലത്ത് മാഷ് അനന്തരവള്‍ക്ക് കൊടുത്തിരുന്നത്.

ബാലപംക്തിയുടെ ചുമതലയ്ക്കുപുറമെ 'പഴമൊഴിപ്പത്തായം', 'കുട്ടികളുടെ രാമായണം' എന്നീ പുസ്തകങ്ങള്‍ എഴുതുന്നതിലും ഉഷ കേശവരാജ് തന്നെയായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ സഹായി. രാമായണ രചനയ്ക്കിടെ ഒരു ദിവസം മാഷ് വീട്ടില്‍ കാലുതെറ്റി വീണതും ഒരു മാസക്കാലം ആസ്പത്രിയില്‍ കിടന്നതും മാഷെ കാണാന്‍ വന്ന വിജയന്‍ മാഷ് മാഷിനെ കെട്ടിപ്പിടിച്ച് കരഞ്ഞതും ഇന്നലെ കഴിഞ്ഞ പോലെയാണ് ഉഷ കേശവരാജിന്.

ഇരുപതുവര്‍ഷം ഇരുപതു ദിവസം പോലെ കടന്നുപോയി. ഒരുപാട് ഓര്‍മകള്‍ ബാക്കിയാക്കിയാണ് കുട്ടമ്മാമ പോയത്. കുട്ടമ്മാമയ്ക്ക് കിട്ടിയ സമ്മാനങ്ങള്‍ അവാര്‍ഡുകള്‍, രൂദ്രാക്ഷമാല, കല്ലുവെച്ച മോതിരം, എഴുത്താണി, കട്ടിക്കണ്ണട, എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന കുട്ടേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍- ''തോന്നീതെഴുതുന്ന പുസ്തകം, വളപ്പൊട്ടുകള്‍-എല്ലാം മോള് സൂക്ഷിച്ചുവെക്കണമെന്ന് പറഞ്ഞ് എന്നെ ഏല്പിച്ചപ്പോള്‍ എന്നോടുള്ള ആ സ്‌നേഹം, വാത്സല്യം എത്രത്തോളമായിരുന്നുവെന്ന് ഞാനറിഞ്ഞു''-ഉഷ പറയുന്നു.

തന്റെ വീട്ടില്‍ മാഷ് ഉപയോഗിച്ചിരുന്ന സാധനങ്ങളും മാഷുടെ പ്രിയപ്പെട്ട പുസ്തകങ്ങളും കല്ക്കണ്ടഭരണിയും വളപ്പൊട്ടുകളുമെല്ലാം ഉഷയ്ക്ക് കൂട്ടായുണ്ട്. അവയെല്ലാം അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ അനന്തരവള്‍ ഒരു ചെറിയ മ്യൂസിയംത്തന്നെ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കൗതുകം സമ്മാനിച്ച് അവയെല്ലാം അതിയാരത്ത്‌വീട്ടില്‍ ഭദ്രം!

കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനത്തില്‍ തറവാട്ടമ്പലത്തില്‍ പ്രത്യേക പൂജയുണ്ടാവും. അന്ന് അതിയാരത്ത് വീട്ടുമുറ്റത്ത് പന്തലുയരും . മാഷിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അയല്‍ക്കാരുമടങ്ങുന്ന ഒരു കൊച്ചുസംഘം ആ പന്തലില്‍ മാഷെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് കൂട്ടുകൂടും. മാഷിന്റെ 'കുട്ടേട്ടന്‍' എന്ന നിലയിലുള്ള സാഹിത്യ സേവനം മുന്‍നിര്‍ത്തി 'കുട്ടേട്ടന്‍ സാഹിത്യ പുരസ്‌കാരം' എന്ന പേരില്‍, എഴുതിത്തുടങ്ങുന്ന കുട്ടികള്‍ക്ക് ഒരവാര്‍ഡും അന്ന് കുഞ്ഞുണ്ണിസ്മൃതിയില്‍ വെച്ച് സമ്മാനിക്കും. ഉഷേച്ചിയും ഭര്‍ത്താവ് കേശവരാജും മകന്‍ കണ്ണനുമാണ് എല്ലാറ്റിന്റെയും പരിശ്രമക്കാര്‍. ഓരോ വര്‍ഷവും കുഞ്ഞുണ്ണി അനുസ്മരണത്തിന് മാഷുമായി ഏറെ അടുപ്പമുള്ളവരെയാണ് ക്ഷണിക്കാറ്. നെടുമുടിവേണു, എം.എന്‍. വിജയന്‍, എം.ജി.എസ്, യു.എ.ഖാദര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, സിപ്പി പള്ളിപ്പുറം എന്നിവരായിരുന്നു കഴിഞ്ഞകാല കുഞ്ഞുണ്ണി സ്മൃതികളിലെ ക്ഷണിതാക്കള്‍.

പൂന്തോട്ടപരിചരണവും പൂകൃഷിയും കുടുംബകാര്യങ്ങളും നോക്കിനടത്തുന്നതിനിടയില്‍ വായനയ്ക്കും സമയം കണ്ടെത്തുന്നുണ്ട് ഈ വീട്ടുകാരി.

'കുട്ടേട്ടന്‍' എന്ന എന്റെ ആദ്യ പുസ്തകത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട് ഒരിക്കല്‍ മാഷെ കാണാന്‍ വലപ്പാട്ട് പോയപ്പോള്‍ മാഷ് പറഞ്ഞതോര്‍ക്കുന്നു. എന്റെ മരുമകള്‍ ഉഷ ചിലതെല്ലാം കുത്തിക്കുറിക്കും. നന്നാവ്ണ്ണ്ട്. ചിലതൊക്കെ എനിക്ക് വായിക്കാന്‍ തരികയും ചെയ്തു. അവ എവിടെയെങ്കിലും പ്രസിദ്ധീകരിപ്പിക്കണമെന്ന് ഓര്‍മിപ്പിക്കാനും മാഷ് മറന്നില്ല. ഞാനത് അന്ന് വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായ ഡോ. ശ്രീകുമാറിനെ കാണിക്കുകയും അദ്ദേഹം വളരെ പ്രാധാന്യത്തോടെതന്നെ അത് വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എം.ടി. വാസുദേവന്‍ നായരുടെ അവതാരികയോടെ പുറത്തിറങ്ങിയ മാഷെക്കുറിച്ചുള്ള 'കുട്ടേട്ടന്‍' എന്ന എന്റെ പുസ്തകത്തില്‍ ഞാനത് പിന്‍കുറിപ്പായി ചേര്‍ക്കുകയും ചെയ്തിരുന്നു. മാഷെക്കുറിച്ചുള്ള ഓര്‍മകളുടെ തിരതള്ളലില്‍നിന്നും പിറന്ന 'കുഞ്ഞുണ്ണി എന്ന കുട്ടമ്മാമ' എന്ന ഉഷയുടെ പുസ്തകം പുറത്തിറങ്ങിയത് ഈയിടെയാണ്. കിളിരൂര്‍ രാധാകൃഷ്ണന്റെ ആമുഖത്തോടെ വന്ന പുസ്തകം മാഷിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി എന്ന നിലയില്‍ വായനക്കാര്‍ നെഞ്ചേറ്റുകതന്നെ ചെയ്തു.

മാഷെക്കുറിച്ചുള്ള സ്മരണകള്‍ അനന്തരവള്‍ അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ''കുട്ടമ്മാമയുടെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഒരു പ്രത്യേക വാസനയായിരുന്നു. ഇപ്പോഴും വാതില്‍ തുറക്കുമ്പോള്‍ ആ വാസന ഞാനറിയുന്നു. 'മോളേ...' എന്ന വിളി കേള്‍ക്കുന്നു''. അതേ ഉഷ കേശവരാജിന്റെ മനസ്സില്‍ കുട്ടേട്ടന് മരണമില്ല.