MATHRUBHUMI RSS
Loading...
അവനായി... അവളായി... അവരാരുമാകാതെ
നിലീന അത്തോളി

അവളെന്ന വിളി കേള്‍ക്കാനാണവന്‍ ആഗ്രഹിച്ചത്. മുടി ചീകിയൊതുക്കി, ചുണ്ടു ചുകപ്പിച്ച്, കണ്ണെഴുതിയല്ലാതെ പുറത്തിറങ്ങാന്‍ അവന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. 'ചാന്ത്‌പൊട്ടി'ലെ രാധയെ അനുസ്മരിപ്പിക്കും അവന്റെ കുട്ടിക്കാലം. എന്നാല്‍ രാധയെപ്പോലെ പുരുഷശരീരത്തില്‍ ഒരു സ്ത്രീയെ കൊണ്ടു നടക്കുന്നത് അവനൊരിക്കലും ഭാരമായിരുന്നില്ല. ആ അവസ്ഥയില്‍ നിന്നുള്ള മോചനവും അവന്‍ സ്വപ്നം കണ്ടിരുന്നില്ല. ഒടുവില്‍ താന്‍ കുട്ടിക്കാലത്ത് താലോലിച്ച ചെറിയ ആഗ്രഹങ്ങളിലൂടെ അവന്‍ അവന്റെ ഭാവി കണ്ടെത്തുകയായിരുന്നു. സിനിമാലോകത്തെ മേക്കപ്പ് ആര്‍ട്ടിസ്റ്റായുള്ള ഈ ആസാമീസുകാരന്റെ കാലെടുത്തുവെക്കല്‍ കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നു. വിജയത്തിലേക്കുള്ള സഞ്ചാരത്തിന്റെ പാതി ഘട്ടത്തില്‍ ഇവിടെ മലയാളത്തിലെത്തി നില്‍ക്കുന്നു അവന്റെ യാത്ര.

ഇവന്‍ ജാന്‍മണി. നമുക്കിവനെ ഇവളെന്നു വിളിക്കാം. അതാണിവള്‍ക്കിഷ്ടം. ജനനസര്‍ട്ടിഫിക്കറ്റും ശാസ്ത്രവും തന്നെ പുരുഷനെന്ന് വിളിച്ചപ്പോള്‍ തന്നിലെ സ്ത്രീത്വത്തെതിരിച്ചറിഞ്ഞ് സ്വയം പെണ്ണായി പ്രഖ്യാപിക്കാന്‍ ആര്‍ജവം കാണിച്ചവളാണ് ജാന്‍മണി. എന്നിരുന്നാലും വഴിയില്‍ തനിയെ നടക്കുമ്പോള്‍ മലയാളികള്‍ അവളെ കൂക്കി വിളിച്ചുകൊണ്ടിരുന്നു. കമന്റടിച്ചു. വിഷമം തോന്നിയില്ലേ എന്ന ചോദ്യത്തിന് ജാന്‍മണി ചിരിച്ചുകൊണ്ടിങ്ങനെ മറുപടി നല്‍കും 'മലയാളം അറിയാത്ത എന്നെ കളിയാക്കുന്നവര്‍ അവരുടെ സമയം നഷ്ടപ്പെടുത്തുന്നു'.

കുഞ്ഞുന്നാളില്‍ പൊട്ടുകുത്തി ഒരുങ്ങാന്‍ ആഗ്രഹിച്ചപ്പോഴും കണ്ണെഴുതി നടന്നപ്പോഴും താന്‍ വിഭിന്നനാണെന്ന ചിന്ത ജാന്‍മണിയെ അലട്ടിയിരുന്നേയില്ല. കൂട്ടുകാരികള്‍ മണിയെ അവരിലൊരാളാക്കി കൂടെക്കൂട്ടി; പാവാട വാങ്ങി നല്‍കി, മുടിപിന്നിയിടാന്‍ സഹായിച്ചു. ആദ്യമൊക്കെ വീട്ടുകാര്‍ക്ക് വിഷമം തോന്നിയെങ്കിലും അവള്‍ക്കുചുറ്റും ഒരിക്കലും അവര്‍ വിലക്കുകള്‍ തീര്‍ത്തില്ല. മറ്റുള്ളവരില്‍ നിന്നുള്ള നോട്ടങ്ങളെയും അവജ്ഞയെയും അവഗണിക്കാനായത് പെണ്ണായി ജീവിക്കാനുള്ള ആഗ്രഹം അത്രക്കധികം രൂഢമൂലമായതുകൊണ്ടാണ്. അമ്മ നല്‍കിയ പിന്തുണയായിരുന്നു ജാന്‍മണിയുടെ ശക്തി. ആദ്യമായി അമ്മ സാരിവാങ്ങിത്തന്നപ്പോഴുണ്ടായ സന്തോഷം ജാന്‍മണി ഇനിയും മറന്നിട്ടില്ല.

പത്താം ക്ലാസ് വരെ പാവാട ഇട്ടുകൊണ്ടാണ് സ്‌കൂളില്‍ പോയിരുന്നത്. ഉപരിപഠനം നടത്തേണ്ട ഇടങ്ങളില്‍ സ്വീകാര്യത കുറയുമോ എന്ന ഭയമോ ആകാംക്ഷയോ 12 ാം ക്ലാസോടുകൂടി പഠനം അവസാനിപ്പിക്കാന്‍ ജാന്‍മണിയെ പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ 4 വയസ്സു മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. 12 വര്‍ഷത്തോളം അസമീസ് നൃത്തരൂപമായ സാത്‌രിയ പഠിച്ചു. 6 വര്‍ഷം ഭരതനാട്യവും 3 വര്‍ഷം കഥകും.

തന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ് വളര്‍ത്തിയത് ബന്ധുവും അസമീസ് നടിയുമായ മൊലായ ഗുശ്യാമി ആണ്. അവരുടെ മകള്‍ നിഷിത ഗുശ്യാമിക്ക് മേക്കപ്പ് ഇട്ടായിരുന്നു സിനിമയില്‍ തുടക്കം. റെയില്‍വേ മെക്കാനിക്കല്‍ എന്‍ജിനിയറായ അച്ഛന്‍ സൊരവ് ദാസിന്റെയും അമ്മയുടെയും സ്‌നേഹവും പിന്തുണയും കൂടിയായപ്പോള്‍ ഇഷ്ടപ്പെട്ടവഴി തിരഞ്ഞെടുക്കാന്‍ ജാന്‍മണിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഏഴ് വര്‍ഷമായി ആസാമീസ് സിനിമയില്‍ മേക്കപ്പ് രംഗത്തെ സജീവ സാന്നിധ്യമാണ് ജാന്‍മണി. അസമില്‍ 36 സിനിമകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഫാഷന്‍ ഫോട്ടോ ഷൂട്ടിനുവേണ്ടി നാടുമുഴുവന്‍ അലഞ്ഞുനടക്കുന്നതിനിടയിലായിരുന്നു മലയാളത്തിലേക്കുള്ള കാലെടുത്തുവെക്കല്‍. ലിസിക്കുവേണ്ടി മേക്കപ്പ് ഇട്ടു കൊണ്ട് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. രേവതി, കാവ്യാമാധവന്‍, ഭാവന, ഷംന, മംമ്ത, മൈഥിലി, അമല പോള്‍ എന്നിവരെയെല്ലാം പരസ്യചിത്രങ്ങള്‍ക്കുവേണ്ടി ഒരുക്കി.

ഫാഷന്‍ ഫോട്ടോ ഗ്രാഫറും സിനിമാറ്റോഗ്രാഫറുമായ ആഘോഷ് വൈഷ്ണവ് എടുത്തുപറയുന്നത് ജാന്‍മണി ചെയ്ത ഒരോ മേക്കപ്പിന്റെയും പെര്‍ഫക്ഷനെക്കുറിച്ചാണ്. അതാണ് തെന്നിന്ത്യയിലെ സൂപ്പര്‍ നടിയായി ഉയരുന്ന അമല പോളിനായ് ദൈവത്തിരുമകളില്‍ മേക്കപ്പ് ചെയ്യാന്‍ ജാന്‍മണിയെ കൊണ്ടെത്തിച്ചതും. റണ്‍ ബേബി റണ്‍, ആകാശത്തിന്റെ നിറം തുടങ്ങിയ മലയാള ചിത്രങ്ങളിലും അമലയുടെ മേക്കപ്പ് 'ഗേളാ'യിരുന്നത് ജാന്‍മണിയാണ്.

രാധ പെണ്ണുങ്ങളോടൊത്തിരുന്ന് ചെമ്മീന്‍ നുള്ളാന്‍ ഇഷ്ടപ്പെട്ടതുപോലെ സ്ത്രീകള്‍ക്ക് മേക്കപ്പ് ചെയ്തു നല്‍കുന്നത് ജാന്‍മണിക്ക് ഇഷ്ടമുള്ള കാര്യമാണ്. പെണ്ണുങ്ങളധികമില്ലാത്ത ഈ മേഖലയില്‍ ജാന്‍മണിയുടെ സാന്നിധ്യം പലര്‍ക്കും ഇഷ്ടമാണ്. ശ്രീദേവിക്കും ശോഭനയ്ക്കുംവേണ്ടി മേക്കപ്പ് ചെയ്യണമെന്നാണ് ജാന്‍മണിയുടെ വലിയആഗ്രഹം. സമൂഹത്തില്‍ വലിയ സ്ഥാനങ്ങളില്‍ അധികം എത്തിപ്പെടാത്ത ഇത്തരം ജീവിതങ്ങളെ സംബന്ധിച്ച് ഈ ചെറിയ ആഗ്രഹസാഫല്യങ്ങളിലും ഒരു വലിയ വിജയത്തിന്റെ ഊര്‍ജമുണ്ട്. അതില്‍ മുമ്പ് തള്ളിപ്പറഞ്ഞവരോടുള്ള ചെറിയ പകവീട്ടലിന്റെ മധുരവും.ചാന്ത്‌പൊട്ടില്‍ ദിലീപ് അഭിനയിച്ച രാധയെന്ന കഥാപാത്രം പുരുഷനായി തീരുമ്പോഴാണല്ലോ കഥ ശുഭ പര്യവസായിയാകുന്നത് എന്ന ചോദ്യത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് താത്പര്യമില്ലെന്ന് ജാന്‍മണി ഒറ്റവാക്കില്‍ പറയും. ഒരു മുഴുവന്‍ സ്ത്രീയായിരിക്കേണ്ട ആവശ്യമില്ലെന്നതിന് ജാന്‍ണണിയുടെ ജീവിതവിജയം അനുഭവസാക്ഷ്യം. 23ാം വയസ്സിനുള്ളില്‍ സഹകരിച്ച 50 ചലച്ചിത്രങ്ങള്‍ ഇതിന് അടിവരയിടുന്നു. സിനിമയില്‍ നിന്ന് അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും നീണ്ട ഷെഡ്യൂളുകളില്ലാത്ത ഫാഷന്‍ ഫോട്ടോഗ്രഫിയും സ്റ്റേജ് ഷോസുമാണ് മണി കൂടുതല്‍ ചെയ്യുന്നത്.

ഫാഷന്‍ മേക്കപ്പിലെ അവസാന വാക്കൊന്നുമല്ല ജാന്‍മണി. പക്ഷേ, ആണിന്റെ രൂപത്തില്‍ തളയ്ക്കപ്പെട്ട അനേകം പെണ്ണുങ്ങള്‍ അസ്തിത്വബോധത്തോടെ ജീവിക്കാന്‍ ബാംഗ്ലൂരിലേക്കും മുംബൈക്കും പലായനം ചെയ്യുമ്പോള്‍ അസമില്‍ നിന്നൊരാള്‍ വന്ന് ഇവിടെ തന്റെ കരിയര്‍ ഉറപ്പിക്കുന്നത് ശുഭസൂചനയാണ്. ജാന്‍മണി കേരളത്തെ സ്‌നേഹിച്ചുതുടങ്ങിയിരിക്കുന്നു. ആളുകളുടെ അമ്പരപ്പോടെയുള്ള നോട്ടം അവള്‍ക്കു ശീലമായ്ക്കഴിഞ്ഞു. നോക്കുന്നവര്‍ക്കും. എല്ലാ ശീലങ്ങള്‍ക്കും ഒരു തുടക്കമുണ്ടെന്നാണല്ലോ...