MATHRUBHUMI RSS
Loading...
അടിമകളല്ല ഞങ്ങള്‍; ഉശിരുള്ള മാലാഖമാര്‍
മധു.കെ.മേനോന്‍

നമ്മുടെ നഴ്‌സിങ് സഹോദരിമാര്‍ ഒരു വര്‍ഷമായി സമരമുഖത്താണ്. ചെയ്യുന്ന തൊഴിലിന്റെ മാന്യത അംഗീകരിച്ചു കിട്ടാനുള്ള ഈ പോരാട്ടത്തില്‍ അവര്‍ എത്രത്തോളം മുന്നേറിക്കഴിഞ്ഞു. ഒരന്വേഷണം...


2011 ഡിസംബര്‍ ഒന്‍പത്. പുലര്‍ച്ചെ മൂന്നുമണി. കൊല്‍ക്കത്ത എ.എം.ആര്‍.ഐ ആശുപത്രിയുടെ മൂന്നാംനിലയിലേക്ക് അഗ്നി വാ പിളര്‍ന്നെത്തി. സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് ഈ നിലയിലാണ്. എല്ലാവരും വാവിട്ടു കരഞ്ഞു. ചുരുക്കം ചില നഴ്‌സുമാര്‍ മാത്രമാണ് അപ്പോഴവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. അവര്‍ ഓക്‌സിജന്‍ മാസ്‌കുകളും കുഴലുകളും പറിച്ചെറിഞ്ഞ് രോഗികളെ തൂക്കിയെടുത്ത് പുറത്തേക്ക് ഓടിക്കൊണ്ടേയിരുന്നു. സ്വന്തം ജീവനെക്കുറിച്ചോ കിട്ടുന്ന ചെറിയ ശമ്പളത്തെക്കുറിച്ചോ അവരപ്പോള്‍ വേവലാതി പൂണ്ടില്ല. പകരം രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകയായി.

ഒടുവില്‍ അഗ്നിയുടെ താണ്ഡവം നിലച്ചു. ഡ്യൂട്ടി രജിസ്റ്റര്‍ പരതിയപ്പോള്‍ രണ്ടു നഴ്‌സുമാര്‍ മിസ്സിങ്ങാണ്. രണ്ടുപേരും അപകടസമയത്ത് സ്ത്രീകളുടെ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഇവരും സജീവമായിരുന്നു. അവര്‍ക്കെന്തുപറ്റി?

അന്വേഷണം വാര്‍ഡിന്റെ മൂലയില്‍ അവസാനിച്ചു. കത്തിക്കരിഞ്ഞ രണ്ടു മൃതദേഹങ്ങള്‍. കോട്ടയം ഉഴവൂരിലെ രമ്യയും കോതനല്ലൂരിലെ വിനീതയും. കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളും ചുമലിലേറ്റി അന്യനാട്ടിലേക്ക് പോയവര്‍.

ഏതാണ്ട് ഇതേ കാലത്തുതന്നെയാണ് മുംബൈയില്‍ നഴ്‌സുമാര്‍ അതിജീവനത്തിനായി സമരം ആരംഭിക്കുന്നത്. ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്ന മാന്യത കല്പിച്ചുകിട്ടണം എന്ന ന്യായമായ ആവശ്യമേ അവര്‍ ഉയര്‍ത്തിയുള്ളൂ. ആ സമരാഗ്നിയെ ഊതി കെടുത്താനായിരുന്നു ആസ്പത്രി മാനേജുമെന്റുകളുടെ ശ്രമം. പക്ഷേ, ഊതുംതോറും ചാരത്തിലെ കനലുകള്‍ കത്താന്‍ തുടങ്ങി. സ്വകാര്യ ആസ്പത്രികളിലെ അടിമത്തൊഴിലിനെതിരെയുള്ള വിപ്ലവമായി അതു മാറി. കേരളത്തിലും സമരം കൊടുമ്പിരികൊണ്ടു.

സമരം ഒരു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. സംഘടിത ശക്തിയായി നഴ്‌സിങ് സമൂഹം മാറി എന്നത് നേട്ടം. പക്ഷേ, മിനിമം വേതനം ഉറപ്പാക്കുക എന്ന ന്യായമായ ആവശ്യംപോലും മിക്ക മാനേജ്‌മെന്റുകളും ഇതുവരെ നടപ്പാക്കിയിട്ടില്ല. സമരത്തിനിറങ്ങി എന്ന കാരണംകൊണ്ട് പലരും മാനേജ്‌മെന്റിന്റെ പീഡനത്തിന് വിധേയരാക്കപ്പെടുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് സജീവമായൊരു ഇടപെടല്‍ ഇപ്പോഴും ഉണ്ടായിട്ടില്ല എന്ന പരാതി നഴ്‌സിങ് സമൂഹത്തിനുണ്ട്. ''സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ആര്‍ജവത്തോടെയുള്ള നടപടികളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതുണ്ടാകാത്തിടത്തോളം ഞങ്ങളുടെ ഈ സമരം അവസാനിക്കുകയില്ല'', യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ രോഷംകൊണ്ടു.

ഞങ്ങള്‍ക്ക് മോചനമില്ലേ

തൃശ്ശൂരിലെ ഒരു സ്വകാര്യ ആസ്പത്രിക്കു മുന്നിലെ സമരപ്പന്തല്‍. അവകാശങ്ങള്‍ക്കുവേണ്ടി കഴിഞ്ഞ ഒരു മാസമായി ഈ ആസ്പത്രിയിലെ നഴ്‌സുമാര്‍ സമരത്തിലാണ്. എങ്കിലും ആസ്പത്രിയിലെ അവശ്യസേവനങ്ങള്‍ മുടക്കാതെയാണ് അവര്‍ സമരം തുടരുന്നത്.

സ്മിത വര്‍ഗീസ്, തനിക്ക് നിയോ നാറ്റല്‍ ഐ.സി.യു.വില്‍ ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് സമരപ്പന്തലില്‍നിന്ന് എണീറ്റു. ''മാനേജ്‌മെന്റിലുള്ളവര്‍ക്ക് ഞങ്ങള്‍ വെറും വേലക്കാരികള്‍ മാത്രമാണ്. രോഗികള്‍ക്ക് അങ്ങനെയല്ലല്ലോ. നിയോ നാറ്റല്‍ ഐ.സി.യു.വില്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളുണ്ട്. അവരുടെ സുരക്ഷ മറന്ന് ഞങ്ങള്‍ക്കൊരു സമരവുമില്ല. അതുകൊണ്ട് ആ വിഭാഗത്തിലെ 20 നഴ്‌സുമാര്‍ സമരത്തില്‍നിന്ന് സ്വയം മാറിനില്‍ക്കുകയാണ്.''

ആ സമരപ്പന്തലില്‍ കണ്ട മറ്റേതൊരു പെണ്‍കുട്ടിയേയുംപോലെയാണ് സ്മിതയും. വിദേശത്ത് നല്ല ശമ്പളത്തിലൊരു ജോലി പ്രതീക്ഷിച്ച് നഴ്‌സായവള്‍. ഇപ്പോള്‍ 14 മണിക്കൂര്‍ നീളുന്ന ഡ്യൂട്ടി ടൈമില്‍ അറ്റന്റര്‍മാര്‍പോലും ചെയ്യാനറച്ച് മാറിനില്‍ക്കുന്ന ജോലിയാണ് അവള്‍ ചെയ്യുന്നത്. തറ വൃത്തിയാക്കുന്നു, രോഗികളെ കുളിപ്പിക്കുന്നു, മുറിവുകള്‍ കഴുകി മരുന്ന് വെച്ച് കെട്ടുന്നു... ''രോഗികളെ അന്യരായല്ല, വീട്ടിലെ ഒരംഗത്തെപ്പോലെയാണ് ഞങ്ങള്‍ കാണുന്നത്. അവര്‍ അസുഖം മാറി തിരിച്ചുപോകുമ്പോള്‍ അനുഭവിക്കുന്ന സന്തോഷമാണ് ഞങ്ങളെ സംബന്ധിച്ച് ശമ്പളത്തേക്കാള്‍ വലുത്'', സ്മിത സൗമ്യമായി ചിരിച്ചു.

കോതമംഗലത്തുകാരി നിഷാ തോമസിനും ലക്ഷ്യം മറുനാടന്‍ ജോലിയായിരുന്നു. ആ ഉദ്ദേശ്യത്തോടെയാണ് നഴ്‌സിങ്ങിന് ചേര്‍ന്നതും. ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ 6000 രൂപ മാസശമ്പളത്തിന് ജോലി ചെയ്യുന്നതുപോലും വിദേശത്തേക്ക് പറക്കാന്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഒപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. നിഷയുടെ അമ്മ ജോളി കോട്ടയത്ത് സര്‍ക്കാര്‍ ആസ്പത്രിയില്‍ നഴ്‌സായിരുന്നു. വീട്ടില്‍ കസിന്‍സ് എട്ടു പേരുണ്ട് നഴ്‌സായിട്ട്.

''ചെറുപ്പംതൊട്ടേ കേള്‍ക്കുന്നതാണ് നഴ്‌സിങ്ങിനെക്കുറിച്ച്. 'മാലാഖ' എന്നാണ് വല്ല്യമ്മച്ചി എന്നെ വിളിച്ചിരുന്നത്. അമ്മയെപ്പോലെ ഞാനും നല്ലൊരു നഴ്‌സാകണമെന്ന് വല്ല്യമ്മച്ചിക്ക് വലിയ ആഗ്രഹമായിരുന്നു. വല്ല്യമ്മച്ചി ആഗ്രഹിച്ചപോലെ ഞാന്‍ നഴ്‌സായി. പക്ഷേ, രക്ഷപ്പെടാതെ പോയത് എന്റെ ജീവിതമാണ്. കഴിഞ്ഞ 5 വര്‍ഷമായി ഞാന്‍ എറണാകുളത്തെ ആസ്പത്രിയിലുണ്ട്. സമരം തുടങ്ങും മുന്‍പ് എനിക്ക് 4,200 രൂപയായിരുന്നു ശമ്പളം. ഇപ്പോള്‍ 7,000 രൂപ കിട്ടുന്നുണ്ട്. പക്ഷേ, ഇത് എന്റെ പഠനവായ്പയുടെ പലിശ കൊടുക്കാന്‍പോലും തികയുന്നില്ല..''

നിഷ ജോലിചെയ്യുന്ന ആസ്പത്രിയില്‍ അറ്റന്റര്‍ക്ക് 4,500 രൂപയാണ് ശമ്പളം. തുടക്കക്കാരായ നഴ്‌സിന് ഇത്രപോലും കിട്ടില്ല. എന്നിട്ടും തറ വൃത്തിയാക്കാനും വീല്‍ ചെയര്‍ തള്ളാനും അറ്റന്റര്‍മാരെ കിട്ടാനില്ല. നഴ്‌സുമാരെ എത്ര വേണമെങ്കിലും കിട്ടും. ബി.എസ്‌സി. നഴ്‌സിങ്ങും ഇന്റേണ്‍ഷിപ്പും കഴിഞ്ഞ് അറ്റന്റര്‍മാര്‍ ചെയ്യുന്ന ജോലിയെടുക്കേണ്ടി വരുന്നവരുടെ സങ്കടം ആരു കേള്‍ക്കാന്‍? വിദേശത്ത് പോകാന്‍ അവസരം വരുമ്പോള്‍ ബോണ്ട് കാട്ടിയുള്ള പീഡനങ്ങള്‍ വേറെ. ''വേണ്ടപ്പെട്ടവര്‍ മരിച്ചാല്‍പ്പോലും ഞങ്ങള്‍ക്ക് അവധി തരില്ല. കുടുംബത്തില്‍പ്പെട്ടവരുടെ കല്യാണങ്ങള്‍ക്ക് പോലും ഞങ്ങള്‍ കൂടാറില്ല. മാസത്തിലൊരിക്കല്‍ പോലും വീട്ടില്‍ പോകാന്‍ സമ്മതിക്കാറില്ല. ഞങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ബലരാമന്‍ കമ്മിറ്റിക്ക് ബോധ്യമായ കാര്യങ്ങളാണ്. പീഡനകഥകളുടെ വലിയൊരു ഫയല്‍ തന്നെയുണ്ട് കമ്മിറ്റിയുടെ കൈയില്‍. എന്നിട്ടും എന്തേ ഞങ്ങള്‍ക്കിതില്‍നിന്നൊരു മോചനമില്ല?'', നിഷ ചോദിക്കുന്നു.

നിഷയെപ്പോലെ ആശങ്കാകുലയാണ് ചാലക്കുടി സ്വകാര്യ ആസ്പത്രിയിലെ നഴ്‌സ് റൈവിയും. ഹൈദരാബാദിലാണ് റൈവി നഴ്‌സിങ് ജീവിതം തുടങ്ങുന്നത്. പഠിച്ച സ്ഥലത്തുതന്നെ ജോലി കിട്ടുകയായിരുന്നു. നഴ്‌സുമാര്‍ക്ക് അനുവദിച്ചുകിട്ടിയ ഹോസ്റ്റലില്‍ താമസിക്കുന്നതിന്റെ രസം റൈവി ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ''വലിയ ഡോര്‍മെറ്ററിയില്‍ ഡക്കുഡക്കായ കട്ടിലിലാണ് ഞങ്ങളുടെ ലോകം. ഞങ്ങള്‍ 48 പേരുണ്ടായിരുന്നു. ഇരുട്ടുനിറഞ്ഞ ഗോവണിപ്പടികള്‍ കയറി വേണം ഡോര്‍മെറ്ററിയിലെത്താന്‍. പലപ്പോഴും തട്ടിത്തടഞ്ഞ് വീണിട്ടുണ്ട്. വെളിച്ചത്തിന് ഒരു ബള്‍ബിട്ടുതരാന്‍ പറയാന്‍ പോലും ഞങ്ങള്‍ക്ക് പേടിയായിരുന്നു. കാരണം ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ അവര്‍ പിടിച്ചുവെച്ചിരുന്നു. ഞങ്ങളോടുള്ള അരിശം സര്‍ട്ടിഫിക്കറ്റിനോട് തീര്‍ത്താലോ?'', ചിരിക്കുമ്പോഴും റൈവിയുടെ കണ്ണുകള്‍ നിറയുന്നു.

ആ കാലത്ത് തനിക്കൊരു കല്യാണാലോചന വന്ന കഥയും റൈവി വിവരിച്ചു. ഹൈദരാബാദില്‍ ജോലിചെയ്യുന്ന നഴ്‌സാണെന്ന് അറിഞ്ഞപ്പോള്‍ പെണ്ണു കാണാന്‍ വന്നയാള്‍ മുഖം കറുപ്പിച്ചു. കാരണം ചോദിച്ചപ്പോള്‍ 'അവളുമാര്‍ ചീത്തയാകും' എന്നായിരുന്നു മറുപടി. 'തന്റെ കണ്ണിന്റെ മഞ്ഞ നിറമാണ് പ്രശ്‌നം' എന്ന് രൂക്ഷമായിത്തന്നെ റൈവി അയാളോട് പ്രതികരിച്ചു.

നഴ്‌സിനെ 'മാലാഖ' എന്നു വിളിക്കുന്ന നാവുകൊണ്ടുതന്നെ ഒളിഞ്ഞിരുന്ന് 'സ്വഭാവദൂഷ്യക്കാരി' എന്നു പറയാനും മടിയില്ലാത്ത ചിലരുണ്ട്. വിദ്യാഭ്യാസം ഏറെയുള്ളവരാണ് ഏറ്റവും പ്രശ്‌നക്കാര്‍ എന്നും റൈവി പറയുന്നു. ''ഞാന്‍ ജോലിചെയ്യുന്ന ആസ്പത്രിയിലെ ഒരു ഡോക്ടറാണ് കഥാപാത്രം. എനിക്ക് പനി വന്നപ്പോള്‍, കുറച്ച് നാള്‍ അവധിയെടുത്തു. എന്നെ കാണാത്തതിന്റെ കാര്യമന്വേഷിച്ച ഡോക്ടറോട് എന്റെ ഫ്രന്‍ഡ്‌സായ നഴ്‌സുമാരാണ് എനിക്ക് പനിയാണെന്നു പറഞ്ഞത്. 'എച്ച്.ഐ.വി.ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും' എന്നായിരുന്നുവത്രേ ഡോക്ടറുടെ പരിഹാസം. ഒരു ഡോക്ടര്‍ സഹപ്രവര്‍ത്തകയായ നഴ്‌സിനെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നറിഞ്ഞപ്പോള്‍ ദേഷ്യത്തേക്കാള്‍ സങ്കടമാണ് തോന്നിയത്.''

പാട്ടിനൊപ്പം സമരവീര്യം

ആശ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ നഴ്‌സാണ്. ആശുപത്രി കവാടത്തില്‍ സമരം ചെയ്യുന്ന സഹപ്രവര്‍ത്തകരെ പാട്ടുപാടി സന്തോഷിപ്പിക്കാറുണ്ട് അവള്‍. നല്ല സിനിമാഗാനങ്ങള്‍ പാടുമ്പോഴും ഒരുപാട് സങ്കടങ്ങള്‍ ആശയ്ക്കുണ്ടായിരുന്നുവെന്ന് പിന്നീടാണ് കൂട്ടുകാര്‍പോലും അറിയുന്നത്. ആശുപത്രിയിലെ സമരം ഒരു മാസം പിന്നിട്ടശേഷമാണ് കൂട്ടുകാരോട് ആശ സങ്കടങ്ങള്‍ പറയുന്നത്. ''അവകാശങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ മരിക്കേണ്ടിവന്നാല്‍ അതിനും തയ്യാറാണെന്ന് പറഞ്ഞ കുട്ടിയാണ്. ഒരു ദിവസം അവര്‍ 'കുറച്ച് പൈസ തരപ്പെടുത്തിതരുമോ' എന്നു ചോദിച്ചു. സമരം തുടങ്ങിയതില്‍ പിന്നെ ശമ്പളം കിട്ടുന്നില്ല. പതിവായി പൈസ അയയ്ക്കുന്നത് നി ന്നതോടെ രോഗിയായ അമ്മയുടെ ചികിത്സ മുടങ്ങിയിരിക്കയാണ്. വലിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ആ കുട്ടി. ഭക്ഷണം കഴിക്കാതെ സമരം ചെയ്തിരുന്ന ഞങ്ങള്‍ക്ക് പാട്ടുപാടി വിശപ്പകറ്റിത്തന്നിരുന്ന ആശയുടെ ജീവിതം അടുത്തറിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി. അസോസിയേഷന്‍ പിരിവെടുത്ത് ആശയുടെ കുടുംബത്തെ സഹായിക്കാന്‍ തീരുമാനിച്ചു. പക്ഷേ, അപ്പോഴാണ് ഞങ്ങള്‍ അറിയുന്നത് ആശയെപ്പോലെ പത്തിരുപത് പേരെങ്കിലും ആ സമരപ്പന്തലില്‍തന്നെ ഉണ്ടായിരുന്നു'', ജാസ്മിന്‍ ഷായ്ക്ക് ഞെട്ടല്‍ മാറിയിട്ടില്ല.

മെഡിക്കല്‍ ടൂറിസത്തിന്റെ മറവിലും നഴ്‌സുമാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ജാസ്മിന്‍ ഷാ പറയുന്നു. കെട്ടിയൊരുക്കി നഴ്‌സുമാരെ പ്രദര്‍ശിപ്പിക്കുന്ന രീതി ചില ആസ്പത്രികളിലെങ്കിലുമുണ്ട്. സൗന്ദര്യമുള്ള നഴ്‌സുമാരെ കാണിച്ച് രോഗികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. നഴ്‌സുമാരുടെ യൂണിഫോം പോലും മാനേജ്‌മെന്റാണ് തീരുമാനിക്കുന്നത്. ശരീരം പ്രൊജക്ട് ചെയ്യിച്ച് ഡ്രസ് ധരിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിറകില്‍. ''നെഞ്ച് തള്ളിനില്‍ക്കുന്ന വിധത്തിലുള്ള വസ്ത്രമാണ് തിരുവനന്തപുരത്തെ ഒരു ആസ്പത്രി അവരുടെ നഴ്‌സുമാര്‍ക്കായി ഡിസൈന്‍ ചെയ്തത്. ഇതിനെതിരെ അസോസിയേഷന്‍ തൊഴില്‍ വകുപ്പിന് പരാതി കൊടുത്തു. പക്ഷേ, ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതികള്‍ ഉണ്ടെന്നാണ് മറുപടി ലഭിച്ചത്'', ജാസ്മിന്‍ ഷാ പറയുന്നു.

പ്രസവിക്കാന്‍ പാടില്ല!

കേരളത്തില്‍ പെണ്‍കുട്ടികളുടെ ശരാശരി വിവാഹപ്രായം 20-23 ആണ്. പക്ഷേ, നഴ്‌സിന് മുപ്പതുകളിലേ ദാമ്പത്യജീവിതം സ്വപ്‌നം കാണാന്‍ പോലും പറ്റൂ. ''എനിക്ക് വയസ്സ് 27 കഴിഞ്ഞു. ഇപ്പോഴും കല്യാണത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റുന്നില്ല'', തൃശ്ശൂരിലെ നഴ്‌സ് മീര ജോര്‍ജിന് നിരാശ. മീര വായ്പയെടുത്താണ് നഴ്‌സിങ് പഠിച്ചത്. കര്‍ഷകനായ അച്ഛന്‍ ജോര്‍ജിനും വീട്ടമ്മയായ അമ്മയ്ക്കും മകളുടെ പഠനവായ്പ തീര്‍ത്ത ബാധ്യതകള്‍ ഏറ്റെടുക്കാന്‍തക്ക കഴിവില്ല. കഴിഞ്ഞ മാസം വീടിന് ജപ്തിനോട്ടീസും കിട്ടി, ''വിദേശത്ത് ജോലി ശരിയായില്ലെങ്കില്‍ നഴ്‌സിങ് ഉപേക്ഷിക്കാനാണ് എന്റെ തീരുമാനം'', മീരയുടെ കണ്ണുകള്‍ നിറഞ്ഞു.

വിവാഹം കഴിക്കാത്ത പെണ്‍കുട്ടികളെ മാത്രം നഴ്‌സായി നിയമിക്കുന്ന ഒരു ആശുപത്രിയുണ്ട് തീരുവനന്തപുരത്ത്. എറണാകുളത്തെ ആസ്പത്രികളില്‍ 'ജോലി വേണോ, പ്രസവിക്കരുത്' എന്ന സ്ഥിതിയാണ്. ചാലക്കുടിയിലെ ആസ്പത്രിയിലെ കഥ നഴ്‌സ് റൈവി പറഞ്ഞു, ''ഒരു നഴ്‌സ് ട്രെയിനിയായി ജോലിക്ക് ചേര്‍ന്നു. ജോലിക്ക് ചേരുന്ന സമയത്ത് ഗര്‍ഭിണിയാണെന്ന വിവരം അവര്‍ അറിഞ്ഞിരുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഏറെക്കാലമായി കുഞ്ഞുണ്ടാകാതിരുന്ന് ചികിത്സയൊക്കെ നടത്തിയാണ് ഗര്‍ഭിണിയായത്. അതിന്റെ സന്തോഷം അറിയിക്കാനായി അവര്‍ ആസ്പത്രിയിലെ സഹപ്രവര്‍ത്തകര്‍ക്ക് മധുരം വിതരണം ചെയ്തു. മധുരം കഴിച്ചുതീരുംമുന്‍പേ മാനേജ്‌മെന്റിന്റെ മെമ്മൊ എത്തി, നഴ്‌സിനെ പുറത്താക്കിയിരിക്കുന്നു.''

പെരിന്തല്‍മണ്ണയിലെ ഒരാശുപത്രിയില്‍ ഗര്‍ഭിണിയായ നഴ്‌സിനെ പീഡിപ്പിക്കാന്‍ മാനേജ്‌മെന്റ് വ്യത്യസ്തമായ രീതിയാണ് സ്വീകരിച്ചത്. വര്‍ഷങ്ങളായി ജോലി ചെയ്ത ഓപ്പറേഷന്‍ തിയേറ്റര്‍ ഡ്യൂട്ടിയില്‍നിന്ന് വാര്‍ഡിലേക്ക് അവരെ മാറ്റി നിയമിച്ചു. അതോടെ ഡ്യൂട്ടി രാത്രി ഷിഫ്റ്റിലേക്കു മാറി. പരാതി പറഞ്ഞപ്പോള്‍ വിചിത്രമായ മറുപടി, ''രാത്രി ഡ്യൂട്ടി ചെയ്താല്‍ ഗര്‍ഭം അലസിപ്പോകുമെന്ന് നിന്നോടാരാണ് പറഞ്ഞത്?''

നഴ്‌സുമാര്‍ മാത്രമല്ല അവരുടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങളും മാനേജ്‌മെന്റിന്റെ പീഡനം സഹിക്കണം. പ്രസവത്തലേന്നുവരെ ആസ്പത്രികള്‍ ലീവ് കൊടുക്കില്ല. പ്രസവം കഴിഞ്ഞാല്‍ 45 ദിവസമാണ് പരമാവധി അവധി. പറഞ്ഞ ദിവസം തിരികെ പ്രവേശിച്ചില്ലെങ്കില്‍ ഒന്നുകില്‍ പണിപോകും. അല്ലെങ്കില്‍ പുതുതായി ജോയിന്‍ ചെയ്തതായി കണക്കാക്കും. അങ്ങനെ വരുമ്പോള്‍ തുടക്കക്കാരുടെ ശമ്പളമേ കിട്ടൂ. വീട്ടില്‍ നിന്ന് ഏറെ അകലെയല്ല ആസ്പത്രി. എന്നിട്ടു കൂടി കുഞ്ഞിനെ മുലയൂട്ടാന്‍ പറ്റുന്നില്ലെന്ന സങ്കടമാണ് കൊല്ലത്തെ സുരഭിക്ക്. ''പതിനാല് മണിക്കൂര്‍ ഡ്യൂട്ടി കാരണം കുഞ്ഞിന്റെ മുലകുടി രണ്ട് മാസം കൊണ്ട് നിര്‍ത്തേണ്ടി വന്നു. പാല്‍വന്ന് നിറയുമ്പോള്‍ ബാത്ത്‌റൂമില്‍ കയറി മുലയൂറ്റിക്കളയും'', സുരഭി സങ്കടപ്പെടുന്നു.

ആത്മഹത്യയുടെ വക്കില്‍

നഴ്‌സിങ് പഠിച്ചാല്‍ കുടുംബം രക്ഷപ്പെടുമെന്ന വിശ്വാസമാണ് മക്കളെ നഴ്‌സിങ്ങിനു വിടാന്‍ അച്ഛനമ്മമാരെ പ്രേരിപ്പിക്കുന്നത്. ആയിരക്കണക്കിന് കര്‍ഷകകുടുംബങ്ങള്‍ ഇതുവഴി വന്‍ കടബാധ്യതകളില്‍ അകപ്പെട്ടിരിക്കുകയാണെന്ന് നഴ്‌സസ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ജിഷാ ജോര്‍ജ്. 'മിനിമം വേതനം എല്ലാ ആശുപത്രികളിലും നടപ്പാക്കുക, ബോണ്ട് സമ്പ്രദായം പിന്തുടരുന്ന ആശുപത്രികളെ നിയന്ത്രിക്കുക, തൊഴില്‍പീഡനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലെങ്കിലും അടിയന്തരമായി സര്‍ക്കാര്‍ നടപടിയെടുക്കണം. അല്ലെങ്കില്‍ വരുംനാളുകളില്‍ കേരളം കാണാനിരിക്കുന്നത് നഴ്‌സുമാരുടെ ആത്മഹത്യകളായിരിക്കും'.

ആസ്പത്രിമാനേജ്‌മെന്റ് വിചാരിച്ചാല്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ എങ്ങനെയൊക്കെ ദുരിതത്തിലാഴ്ത്താം എന്നോര്‍മപ്പെടുത്തുകയാണ് കോതമംഗലത്തെ സംഭവം. കോതമംഗലത്തെ ഒരാസ്പത്രിയില്‍ നഴ്‌സുമാരെ സംഘടിപ്പിച്ചു എന്ന തെറ്റാണ് ലിന്‍സി എന്ന നഴ്‌സ് ചെയ്തത്. മറ്റു നഴ്‌സുമാരുമായി സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു ആദ്യശിക്ഷ. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ പിരിച്ചുവിട്ടു. ഇതിനിടെ ആസ്പത്രിയില്‍ സമരം ശക്തമായി. മൂന്നു നഴ്‌സുമാര്‍ ആസ്പത്രി ടെറസ്സില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. അതിന് പ്രേരണനല്‍കിയത് ലിന്‍സിയാണെന്നാരോപിച്ച്, അവര്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു. ഇപ്പോള്‍ അഞ്ചുമാസമായി വരുമാനമില്ല. പഠനവായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസും എത്തി. എങ്കിലും അവസാന ശ്വാസംവരെ സമരം തുടരാനാണ് ലിന്‍സിയുടെ തീരുമാനം. ''ജീവനുപോലും ഭീഷണിയുണ്ട്. പക്ഷേ, ലക്ഷ്യത്തില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല.'' ലിന്‍സി പറയുന്നു.

വിദേശത്തും ചതിക്കുഴി

നഴ്‌സിങ്ങിന്റെ മാന്യത അനുഭവിച്ചറിഞ്ഞത് വിദേശത്ത് എത്തിയശേഷമാണെന്ന് ദുബായില്‍ നഴ്‌സായ രജനി. നല്ല ശമ്പളം. മാസം 140 മണിക്കൂര്‍ മാത്രം ജോലി. നല്ല എക്‌സ്‌പോഷര്‍. ഡോക്ടര്‍ കഴിഞ്ഞാല്‍ നഴ്‌സിനാണ് ആസ്പത്രിയില്‍ സ്ഥാനം. ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ക്ക് അര്‍ഹിച്ച ബഹുമാനവും പരിഗണനയും നല്‍കും. നഴ്‌സുമാരുടെ പരാതികള്‍ കേള്‍ക്കാനും നടപടികള്‍ എടുക്കാനും മാനേജ്‌മെന്റിനു കീഴില്‍ കമ്മിറ്റികള്‍ ഉണ്ട്. ''എല്ലാവരും ചോദിക്കാറുണ്ട് നാട്ടിലേക്ക് മടങ്ങിവന്നുകൂടെ എന്ന്. നാട്ടിലെ ആസ്പത്രികളിലെ അവസ്ഥയോര്‍ക്കുമ്പോള്‍ മടങ്ങിവരവിനെക്കുറിച്ച് ആലോചിക്കുന്നതേ പേടിയാണ്,'' രജനി പറഞ്ഞു.

ബിന്ദുറോയ് അമേരിക്കയില്‍ നഴ്‌സാണ്. അവരും കേരളത്തിലെ തൊഴില്‍സാഹചര്യങ്ങളില്‍ മനസ്സു മടുത്താണ് മറുനാട് തേടിപ്പോയത്. ''വിദേശത്തു കിട്ടുന്ന ശമ്പളം മാത്രമല്ല ഞങ്ങള്‍ നോക്കുന്നത്. തൊഴിലിനു കിട്ടുന്ന മാന്യത പ്രധാനമാണ്. കൃത്യമായ തൊഴില്‍ മാനദണ്ഡങ്ങള്‍ ഉണ്ടിവിടെ. സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും. കേരളത്തിലെ അവസ്ഥയൊന്നു നോക്കൂ. കഴിവുള്ള നഴ്‌സുമാരാണ് എല്ലാവരും. എന്നിട്ടും ആ കഴിവ് ഉപയോഗപ്പെടുത്താനും അതിനനുസരിച്ച് കരിയര്‍ മെച്ചമാക്കാനും അവര്‍ക്കു കഴിയുന്നില്ല. നല്ലൊരു തൊഴില്‍ സാഹചര്യം രൂപപ്പെട്ടു വരികയാണെങ്കില്‍ കേരളത്തിലേക്കു മടങ്ങാന്‍ ഞാന്‍ ഉള്‍പ്പെടെയുള്ള മറുനാടന്‍ നഴ്‌സുമാര്‍ തയ്യാറാകും.'', ബിന്ദു പറയുന്നു.

എന്നാല്‍ വിദേശരാജ്യങ്ങള്‍ നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ പഴയതുപോലെ പറുദീസയല്ല എന്നാണ് ലണ്ടനില്‍ കുറച്ചുകാലം ജോലിചെയ്തിട്ടുള്ള ബാംഗ്ലൂരുകാരി സിബി പറയുന്നത്. സിബി സ്റ്റുഡന്റ് വിസയിലാണ് വിദേശത്ത് പോയത്. വിസയുടെ കാലാവധി കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നു. പിന്നെ ഓസ്‌ട്രേലിയയായി ലക്ഷ്യം. അതും നടന്നില്ല. ''പറഞ്ഞുകേള്‍ക്കുന്നതുപോലെ എളുപ്പമല്ല വിദേശത്ത് ജോലി കിട്ടുക എന്നത്. കിട്ടിയാല്‍തന്നെ അത് എത്രത്തോളം മെച്ചപ്പെട്ട ഓഫറാണെന്ന് മനസ്സിലാക്കാനും പറ്റിയെന്നുവരില്ല. വിദേശമോഹങ്ങളില്‍ പലരും വഞ്ചിക്കപ്പെടുന്നുണ്ട്. അങ്ങനെ കുറെപേരെ ഞാന്‍ യു.കെ.യില്‍ കണ്ടു. ചിലര്‍ തിരിച്ചുവരും. ചിലര്‍ നാട്ടിലെ ദാരിദ്ര്യവും കുടുംബത്തിന്റെ അവസ്ഥയുമൊക്കെ ഓര്‍ത്ത് മറ്റു പല ജോലിക്കും ശ്രമിക്കും,'' സിബി പറയുന്നു.

യു.കെയില്‍ നിന്ന് തിരിച്ചുവന്നശേഷം സിബി കുറച്ചുകാലം ബാംഗ്ലൂരില്‍ നഴ്‌സായി. പക്ഷേ, ഇപ്പോള്‍ നഴ്‌സിങ് വിട്ടു. ''മാന്യമായ ശമ്പളം കിട്ടാത്ത ജോലി എന്തിനു സഹിക്കണം. ഞാനിപ്പോള്‍ ഒരു ഐ.ടി.കമ്പനിയില്‍ ഓഫീസ് അസിസ്റ്റന്റാണ്. 3500 രൂപ മാസശമ്പളത്തിന് നഴ്‌സായി ജോലി ചെയ്തിട്ടുള്ള ഞാന്‍ ഇപ്പോള്‍ വാങ്ങുന്നത് 20,000 രൂപ'', സിബി പറഞ്ഞു.

കേരളത്തിലെ 70 ശതമാനം ആസ്പത്രികളിലും ഇപ്പോള്‍ നഴ്‌സുമാര്‍ സംഘടിച്ചുകഴിഞ്ഞു. വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണിത്. പക്ഷേ, ഇത് പൂര്‍ണമായി വിജയത്തിലെത്തണമെങ്കില്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍നടപടികളാണ് ആവശ്യം.

നഴ്‌സുമാരുടെ ക്ഷേമം ഉറപ്പാക്കും

നഴ്‌സുമാരുടെ ക്ഷേമം ഉറപ്പാക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ 'ഗൃഹലക്ഷ്മി' യോട് പറഞ്ഞു. ആവശ്യമെങ്കില്‍ പുതിയ നിയമനിര്‍മാണം നടത്തും. നഴ്‌സിങ് സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പലതും ആരോഗ്യവകുപ്പിന് കീഴില്‍ വരുന്നവയാണ്. അതുകൊണ്ട് തൊഴില്‍ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ചേര്‍ന്നുവേണം ഇതിനൊരു അന്തിമപരിഹാരം ഉണ്ടാക്കാന്‍. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഗുണം ചെയ്‌തോ?

തീര്‍ച്ചയായും. മിനിമം വേതനം എല്ലാവര്‍ക്കും ഉറപ്പാക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രഥമലക്ഷ്യം. അത് മുഴുവന്‍ മാനേജ്‌മെന്റുകളും നല്‍കിത്തുടങ്ങിയെന്നാണ് വിശ്വസിക്കുന്നത്. ഏതെങ്കിലും മാനേജ്‌മെന്റ് അത് പാലിക്കുന്നില്ലെങ്കില്‍ പരാതി ലഭിച്ചാല്‍ തീര്‍ച്ചയായും നടപടിയുണ്ടാകും.

നഴ്‌സുമാരുടെ വസ്ത്രധാരണരീതിവരെ മാനേജ്‌മെന്റുകള്‍ നിശ്ചയിക്കുന്നു!

ഇതു സംബന്ധിച്ചൊരു പരാതി ഇതുവരെ തൊഴില്‍ വകുപ്പിന് കിട്ടിയിട്ടില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ കേരളത്തിലെ ആസ്പത്രികളില്‍ നടക്കുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല.

വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പുകള്‍ ഏറിവരികയാണ്?

ഇത് കേന്ദ്രനിയമത്തിനു കീഴില്‍ വരുന്ന കാര്യമാണ്. സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ഇക്കാര്യത്തില്‍ ഇടപെടാന്‍ പ്രയാസങ്ങളുണ്ട്. സേവനം ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ ഏജന്‍സികള്‍ക്ക് അവകാശമുണ്ട്. അത് കരാര്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടല്ലേ എന്ന് സര്‍ക്കാര്‍ പരിശോധിക്കും.