MATHRUBHUMI RSS
Loading...
ഈ വഴികള്‍ ഒന്ന് നോക്കൂ
ശര്‍മിള

പാചകവാതകത്തിനും വൈദ്യുതിക്കും വില കൂടുകയാണ്. ഉൗര്‍ജ്ജക്ഷാമം പരിഹരിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ േതടിയവരുടെ വിജയകഥകള്‍...പാചകവാതകക്ഷാമം പറഞ്ഞ് തിരുവാങ്കുളത്തുകാരെ പേടിപ്പിക്കാന്‍ വരല്ലേ... എറണാകുളം ജില്ലയിലെ ഈ പ്രദേശത്തെ നൂറ്റന്‍പതോളം വീട്ടുകാര്‍ ബയോഗ്യാസ് പഌന്റ് സ്ഥാപിച്ച് സ്വന്തമായി ഗ്യാസുണ്ടാക്കുന്നവരാണ്. സര്‍ക്കാര്‍ തരുന്ന പാചകവാതക സിലിണ്ടറിനൊപ്പം ബയോഗ്യാസ് കൂടി ഉപയോഗിച്ച് സ്വയം പര്യാപ്തതയുടെ വഴിയേ... ''കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി എന്റെ വീട്ടില്‍ ബയോഗ്യാസ് പഌന്റുണ്ട്. സര്‍ക്കാര്‍ ഗ്യാസും ബയോഗ്യാസും ഒരേ സമയം ഉപയോഗിക്കുന്നു. ശരിക്ക് ഒരു മാസം ബയോഗ്യാസും ഒരു മാസം സര്‍ക്കാര്‍ സിലിണ്ടറുമെന്ന കണക്കില്‍. സര്‍ക്കാര്‍ ഗ്യാസ് സിലിണ്ടര്‍ രണ്ടുമാസം കൂടുമ്പോഴേ വാങ്ങേണ്ടി വരുന്നുള്ളു,'' തിരുവാങ്കുളത്തെ വീട്ടമ്മയായ രത്‌നത്തിന്റെ മുഖത്ത് അഭിമാനം നിറഞ്ഞ പുഞ്ചിരി.

തിരുവാങ്കുളത്തുകാരെ ബയോഗ്യാസ് പഌന്റിലെത്തിച്ചത് നഗരജീവിതത്തിലെ മാലിന്യപ്രശ്‌നമാണ്. ''ഇവിടെ മിക്കവരും മൂന്നോ നാലോ സെന്റ് സ്ഥലത്താണ് താമസിക്കുന്നത്. അടുക്കളവേസ്റ്റ് തെങ്ങിന്റെ ചുവട്ടില്‍ കുഴിച്ച് മൂടുകയായിരുന്നു പതിവ്. പക്ഷെ വല്ലാത്ത എലിശല്ല്യം. രാത്രി കുഴിച്ച് മൂടിയതെല്ലാം രാവിലെ എലി പുറത്തേക്ക് വലിച്ചിട്ടിരിക്കും. ഈ ഭാഗത്ത് അന്ന് തിരുവാങ്കുളം പഞ്ചായത്ത് വേസ്റ്റെടുത്തിരുന്നില്ല. ഞങ്ങള്‍ തൃപ്പുണിത്തുറയിലെ കുടുംബശ്രീ പ്രവര്‍ത്തകരോട് വേസ്‌റ്റെടുക്കാന്‍ പറ്റുമോ എന്ന് തിരക്കി. അതും നടന്നില്ല. സത്യത്തില്‍ വേസ്റ്റ് ഒരു വലിയ പ്രശ്‌നമായി മാറിയപ്പോഴാണ് ഞങ്ങള്‍ ബയോഗ്യാസ് പഌന്റിനെക്കുറിച്ചാലോചിച്ചത്,'' തിരുവാങ്കുളത്തെ ആദ്യ ബയോഗ്യാസ് പഌന്റുണ്ടാക്കാന്‍ പരിശ്രമിച്ചവരില്‍ ഒരാളായ തിരുവാങ്കുളം 'ശ്രാവണ' യിലെ പി.എസ്.ശശി പറഞ്ഞു.

തിരുവാങ്കുളത്തെ ഹില്‍വാലി ഗാര്‍ഡന്‍സ് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഊര്‍ജ്ജസംരക്ഷണത്തെക്കുറിച്ച് സംഘടിപ്പിച്ച കഌസാണ് ശരിക്കും വഴിത്തിരിവായത്...''എനര്‍ജി കണ്‍സള്‍ട്ടന്റായ സന്തോഷ് എന്ന മെക്കാനിക്കല്‍ എഞ്ചിനീയറാണ് കഌസെടുത്തത്. പഌന്റ് വെക്കുന്നത് പാചകവാതകം ലഭിക്കുന്നതിനൊപ്പം, പരിസ്ഥിതിയ്ക്കും ഗുണകരമാണെന്ന് ഞങ്ങളറിഞ്ഞു,'' സ്ഥലവാസിയായ സന്തോഷ് ഓര്‍മ്മിച്ചു.

തുടക്കത്തില്‍ പഌന്റിനെക്കുറിച്ച് സംശയങ്ങളായിരുന്നു നാട്ടുകാര്‍ക്ക്. പണം വെറുതെയാവുമോ, കുറച്ച് കഴിയുമ്പോള്‍ ഗ്യാസ് കിട്ടാതെ വരുമോ, എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് പരിഹരിക്കാന്‍ സര്‍വ്വീസ് ലഭിക്കുമോ എന്നൊക്കെ...നാട്ടുകാരുടെ കൂട്ടായ്മകളില്‍ ചര്‍ച്ചകള്‍ക്ക് ചൂട്പിടിച്ചു. ''പഌന്റിന് കാശ് മുടക്കണം. സബ്‌സിഡി കിട്ടാന്‍ പഞ്ചായത്തിനെ സമീപിച്ചു. പക്ഷെ അന്ന് പോര്‍ട്ടബിള്‍ ടാങ്കിന് സബ്‌സിഡി കിട്ടിയില്ല. സര്‍ക്കാര്‍ മേഖലയില്‍ ടാങ്ക് കിട്ടാനുണ്ടായിരുന്നു. പക്ഷെ സര്‍വ്വീസ് കൃത്യമായി കിട്ടില്ലെങ്കിലോ എന്ന് പേടിച്ച് അത് വേണ്ടെന്ന് വെച്ചു. പരീക്ഷണാര്‍ത്ഥം, ഞങ്ങള്‍ പത്തുപേര്‍ പഌന്റ് വെച്ചു. ഒരാള്‍ പതിനായിരത്തി അഞ്ഞൂറ് രൂപ വെച്ച് നല്‍കി ടാങ്ക് വാങ്ങി. മൂന്ന് ദിവസം കൊണ്ട് ഗ്യാസ് ഉത്പാദിപ്പിച്ച് തുടങ്ങി. അടുക്കളയിലെ അരി കഴുകുന്ന വെള്ളം, പച്ചക്കറി വേസ്റ്റ്, കഞ്ഞിവെള്ളം തുടങ്ങി അഴുകുന്നതെല്ലാം അതിലിടാം. ചക്കമടലിട്ടാല്‍ നന്നായി ഗ്യാസ് കിട്ടും. പഌന്റിന് ഒരു നോര്‍മല്‍ ഫീഡിങ്ങ് ഉണ്ട്. ഓവറായിട്ട് വേസ്റ്റിടരുത്.് ഡബിള്‍ ലെയറുള്ള ടാങ്കാണ്. ചീത്ത മണമൊന്നും പുറത്തുവരില്ല. കൈകാര്യം ചെയ്യാന്‍ എളുപ്പമുണ്ട്,'' ശശി വിവരിച്ചു.

പഌന്റ് വെച്ചതുമൂലം പാചകവാതകം മാത്രമല്ല നാട്ടുകാര്‍ ലാഭിച്ചത്. ''ജൈവവേസ്റ്റ് പറമ്പിലിടുന്നത് ഒഴിവായി. ഇതു മൂലം എലി ശല്ല്യം ഇല്ലാതായി. പഌന്റില്‍ നിന്നും ഊറി വരുന്ന സ്‌ളെറി മികച്ച വളമാണ്. ഇതില്‍ പിന്നെ പൂച്ചെടികള്‍ക്കും പച്ചക്കറികള്‍ക്കും വാഴയ്ക്കും തെങ്ങിനും വളം വാങ്ങേണ്ടി വന്നിട്ടില്ല. പത്തിരട്ടി വെള്ളം ചേര്‍ത്താണ് വളമിടുന്നത്. ഇതിനൊക്കെ ഉപരിയായി പരിസരം വൃത്തിയായി കിടക്കുകയും ചെയ്യും,'' നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. ഈ ഭാഗത്തെ വീടുകളുടെ ചുറ്റിലും നല്ല പച്ചപ്പ്...ഒരു കറിവേപ്പില മരമോ മുരിങ്ങയോ വാഴയോ എങ്കിലും ഇല്ലാത്ത വീടുകള്‍ ചുരുങ്ങും.

''പഌന്റ് വെക്കുന്നതിന് മുന്‍പ് ഒരു ഗ്യാസ് സിലിണ്ടര്‍ ഒരു മാസം കൊണ്ട് തീരുമായിരുന്നു. ബയോഗ്യാസ് വന്ന ശേഷം ഒരു ഗ്യാസ് സിലിണ്ടര്‍ ഒന്നര മാസത്തേക്ക് തികയും എന്ന നിലയിലേക്ക് മാറി. ഒരു ദിവസം ഒന്നരമണിക്കൂര്‍ നേരം കത്തിക്കാനുള്ള ഗ്യാസ് പഌന്റില്‍ നിന്നും ലഭിക്കും. ഉര്‍ജ്ജക്ഷമത കൂട്ടാനുള്ള പലതരം ആലോചനകളിലാണ് ഞങ്ങളിപ്പോള്‍. ചോറ് വെക്കാന്‍ റൈസ് കുക്കറാണ് ഉപയോഗിക്കുന്നത്. സോളാര്‍ പാനല്‍ വെയ്ക്കുന്ന കാര്യവും ചര്‍ച്ച ചെയ്തുവരുന്നു,'' വീട്ടമ്മയായ സിന്ധു പറഞ്ഞു.

വീട്ടില്‍ ബയോഗ്യാസ് പ്ലാന്റ്

മാലിന്യസംസ്‌ക്കരണത്തിലൂടെ പാചകവാതകം ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് ബയോഗ്യാസ് പഌന്റ്. എത്ര കുറച്ച് സ്ഥലമുള്ളവര്‍ക്കും ഒരു ബയോഗ്യാസ് പഌന്റ് വെക്കാന്‍ കഴിയും. ഒരു ചെറു കുടുംബത്തിന് 0.5 ഘനമീറ്റര്‍ വ്യാപ്തിയുള്ള ഒരു ബയോഗ്യാസ് യൂണിറ്റ് മതിയാവും. ഒരു ദിവസം ചുരുങ്ങിയത് ഒരു കിലോ ജൈവമാലിന്യമെങ്കിലും പഌന്റിലിട്ടാലാണ് ആവശ്യത്തിന് വാതകം കിട്ടുക.
തുടക്കത്തില്‍ ഒരു കിലോ ചാണകം മൂന്നിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് ഒഴിക്കണം. അണുക്കള്‍ വളരാനാണിത്. ചാണകം,അടുക്കളമാലിന്യം,റബര്‍ഷീറ്റിന്റെ വെള്ളം തുടങ്ങിയ ജൈവവസ്തുക്കള്‍ പഌന്റിലിടാം. ചില വസ്തുക്കള്‍ പഌന്റിലിടാന്‍ പാടില്ല. നാരങ്ങാത്തൊലി, അച്ചാറുകള്‍,കീടനാശിനി,മുട്ടത്തോട്, വാഴയില,മണ്ണ്,ചിരട്ട എന്നിവ ഒഴിവാക്കണം. അവശിഷ്ടങ്ങള്‍ ചെറുതാക്കി കലക്കി ഒഴിച്ചാല്‍ നല്ലത്. പഌന്റിന്റെ ശേഷിയില്‍ കൂടുതല്‍ വസ്തൂക്കള്‍ നിക്ഷേപിക്കരുത്. പത്ത് ദിവസത്തില്‍ കൂടുതല്‍ ദിവസം ഒന്നും നിക്ഷേപിക്കാതിരിക്കയുമരുത്.

ബയോഗ്യാസ് പഌന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് വീട്ടുനികുതി ഇളവുണ്ട്. അനര്‍ട്ടിന്റെ അംഗീകൃത ഏജന്‍സികള്‍ വഴി വാങ്ങുന്ന പഌന്റുകള്‍ക്ക് സബ്‌സിഡി ലഭിക്കും.ഒരു ക്യുബിക് മീറ്റര്‍ മുതല്‍ പത്ത് ക്യുബിക് മീറ്റര്‍ വരെ വ്യാപ്തിയുള്ള പഌന്റുകള്‍ക്ക് 8000 രൂപയാണ് സബ്‌സിഡി. 12000 രൂപയ്ക്ക് മുകളിലാണ് പഌന്റുകളുടെ വില. ഡബിള്‍ ലെയറുള്ള, വാട്ടര്‍ സീലുള്ളവയാണ് കൂടുതല്‍ ഫലപ്രദം.

ഒരു വടക്കന്‍ വൈദ്യുതിഗാഥ

ഉ രു കുഞ്ഞ് ഹൈഡല്‍ പ്രൊജക്റ്റ് വെച്ച് നാടിന് ആവശ്യമുള്ള വൈദ്യുതി ഉണ്ടാക്കിയവരാണ് കണ്ണൂരിലെ പാത്തന്‍പാറക്കാര്‍. വൈദ്യുതി ലഭിക്കാന്‍ കാത്ത് മടുത്ത നാളുകളിലൊന്നില്‍് സ്വന്തമായി വൈദ്യുതി ഉണ്ടാക്കാന്‍ അവര്‍ മെനക്കെട്ടിറങ്ങി. മലഞ്ചെരിവുകളിലൂടെ കുതിച്ചോടിയ വെള്ളച്ചാട്ടത്തെ മെരുക്കി വൈദ്യുതി ഉണ്ടാക്കി. പതിനഞ്ച് വര്‍ഷം മുന്‍പാണത്. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച ഗ്രാമം വാര്‍ത്തകളില്‍ നിറഞ്ഞു. പരിസ്ഥിതിയോടിണങ്ങിയ ജീവിതം സ്വപ്‌നം കണ്ട ഏതാനും ചെറുപ്പക്കാരുടെ വിജയമായിരുന്നു അത്.

ഇന്ന് പാത്തന്‍പാറയില്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചു. പക്ഷെ, കഴിഞ്ഞ മാസം വരെ, പതിനഞ്ചുകൊല്ലമായി ഇരുട്ടകറ്റിയ ജനകീയ വൈദ്യുതിയെ കൈവിടാന്‍ നാട്ടകാര്‍ ഒരുക്കമല്ല. ''പവര്‍കട്ടിന്റെ സമയത്ത് ഞങ്ങള്‍ ജനകീയ വൈദ്യുതിയുടെ ചാനലിലേക്ക് കണക്ഷന്‍ മാറും. മലമ്പ്രദേശമല്ലേ...കാറ്റ് വീശിയാല്‍, മഴ പെയ്താല്‍, മരം വീണാലെല്ലാം കറണ്ട് പോവും. അപ്പോഴും വൈദ്യുതിയുണ്ട് പകരം,'' നാട്ടുകാരി ലൈസമ്മ പറഞ്ഞു. നേരമിരുണ്ടു. രാത്രിയിലെ പവര്‍കട്ട് വന്നു. പുറം നാടുകള്‍ ഇരുട്ടിലാണ്ടു. പാത്തന്‍പാറയുടെ മലഞ്ചെരിവുകളില്‍ മാത്രം അങ്ങിങ്ങായി നക്ഷത്രങ്ങള്‍ പോലെ വിളക്കുകള്‍ തെളിഞ്ഞു.

പാത്തന്‍പാറയ്ക്ക് മുകളിലേക്ക് കയറുമ്പോഴേ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടു. ''രാവിലെ രണ്ട് മണിക്കൂറും വൈകീട്ട് അഞ്ച് മണിക്ക് ശേഷം ആറ് മണിക്കൂറും വൈദ്യുതി നല്‍കുന്നു.ഉത്സവ സീസണില്‍ ദിവസം മുഴുവനും വൈദ്യുതി കിട്ടും. ഓരോ കുടുംബത്തിനും അഞ്ച് സിഎഫ്എല്‍ ബള്‍ബുകളും ഒരു ടെലിവിഷന്‍ സെറ്റും പ്രവര്‍ത്തിപ്പിക്കാമെന്നാണ് കമ്മിറ്റി തീരുമാനം. ഉയര്‍ന്ന വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമില്ല. ഓരോ കുടുംബവും മാസം 75 രൂപ പദ്ധതിയുടെ ഫണ്ടിലേക്ക് നല്‍കുന്നു,'' കമ്മറ്റി നിയോഗിച്ച പവര്‍ഹൗസ് ഓപ്പറേറ്റര്‍ രാജു പറഞ്ഞു. ''മഴ തുടങ്ങിയാല്‍ ഇഷ്ടം പോലെയാ ഞങ്ങളുടെ കറണ്ട്. പവര്‍കട്ടുമില്ല മറ്റൊരു തകരാറുമില്ല...''മലമുകളിലെ താമസക്കാരി മുത്തനാട്ട് കുന്നേല്‍ മറിയക്കുട്ടി പറഞ്ഞു.

കൂട്ടായ്മയുടെ വിജയം

1997-ലാണ് പാത്തന്‍പാറയില്‍ 5 സം ന്റെ ഹൈഡല്‍ പ്രൊജക്റ്റ് കമ്മീഷന്‍ ചെയ്തത്. ആലക്കോട്ടെ ഏതാനും പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശയമായിരുന്നു അത്. പീപ്പിള്‍സ് സ്‌കൂള്‍ ഓഫ് എനര്‍ജി പ്രവര്‍ത്തകനായ കെ.അനില്‍ കുമാര്‍, പള്ളി വികാരി ഫാ.മാത്യു ആശാരിപ്പറമ്പില്‍ തുടങ്ങിയവര്‍ പദ്ധതി നടപ്പിലാക്കാന്‍ മുന്‍കൈയ്യെടുത്തു. പാത്തന്‍പാറ ജനകീയ ഊര്‍ജ്ജ സമിതി നാട്ടുകാരെ പദ്ധതിക്ക് വേണ്ടി ഒരുമിപ്പിച്ചു.

''ഞങ്ങളൊക്കെ കറണ്ട് വരാന്‍ പണിയെടുത്തിട്ടുണ്ട്. ഈ കറണ്ട് ഇന്നാട്ടുകാരുടെ പൊതുസ്വത്താണ്,'' നാട്ടുകാരനായ അഗസ്റ്റിന്‍ അക്കാലം തെളിമയോടെ ഓര്‍ത്തു. 2.5 ലക്ഷം രൂപ മുടക്ക്മുതല്‍. ഓരോ കുടുംബവും 7500 രൂപ നല്‍കി. ഓരോ കുടുംബവും ഇരുപത് ദിവസം വെച്ച് പ്രൊജക്ടിന്റെ പണിയില്‍ പങ്കെടുത്തു. 36 കുടുംബങ്ങള്‍ തുടക്കത്തില്‍ ജനകീയ വൈദ്യുതി ഉപയോഗിച്ചുതുടങ്ങി.


ജനകീയ വൈദ്യുതി പാത്തന്‍പാറക്കാരുടെ ജീവിതം മാറ്റി. ''പുറംലോകത്തെക്കുറിച്ച് അറിയുന്നത് തന്നെ ഇവിടെ വൈദ്യുതി വന്ന ശേഷമാണ്. അതിന് ശേഷമാണ് ഞങ്ങളുടെ മക്കള്‍ പുറം നാടുകളില്‍ വിദ്യാഭ്യാസത്തിന് പോയതും ഉയര്‍ന്ന ജോലികളിലെത്തിയതും. ലോകകപ്പ് നടക്കുമ്പോഴും മറ്റും മറ്റെല്ലായിടത്തും കറണ്ട് പോവും. പാത്തന്‍പാറയിലുള്ളവര്‍ തടസ്സമില്ലാതെ കളി കാണും.,'' ജനകീയ ഊര്‍ജ്ജ സമിതി സെക്രട്ടറി ഷിബു പറയുന്നു.

''ഓരോ ഗ്രാമത്തിലും ചെറിയ ഹൈഡല്‍ പ്രൊജക്ടുകള്‍ സ്ഥാപിക്കയും അവയെ കെഎസ്ഇബി ഗ്രിഡുമായി യോജിപ്പിക്കയും ചെയ്താല്‍ കേരളത്തിന്റെ മൊത്തം വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ കഴിയും. വിദേശരാജ്യങ്ങളില്‍ ഈ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. പരിസ്ഥിതിക്ക് നാശം വരുത്തുന്ന വലിയ ഡാമുകളല്ല നമുക്ക് വേണ്ടത്. ഇത്തരം കൊച്ചു പ്രൊജക്ടുകളുടെ ശൃംഖലയാണ്. പാത്തന്‍പാറയിലെ വൈദ്യുതപദ്ധതി പഞ്ചായത്ത് ഏറ്റെടുക്കണം. പഞ്ചായത്തിന്റെ കീഴില്‍ ഏതെങ്കിലും ചെറുകിട വ്യവസായ യൂണിറ്റിനായി ഉപയോഗപ്പെടുത്തണം'', കെ.അനില്‍ കുമാര്‍ പറഞ്ഞു.

പള്ളി വികാരി ഫാ.തോമസ് വട്ടമലയാണ് ഇപ്പോഴത്തെ ഊര്‍ജ്ജസമിതി പ്രസിഡണ്ട്.

പാഠം ഒന്ന്: ഉൗര്‍ജ്ജസംരക്ഷണം

'കണ്ടോ, കാറ്റാടി കറങ്ങുന്നത് കണ്ടോ...,'' സ്‌കൂള്‍ മുറ്റത്ത് രണ്ട് കൊച്ചു വിദ്യാര്‍ത്ഥിനികള്‍ ആവേശത്തോടെ ആകാശത്തേക്ക് കൈ ചൂണ്ടി പറഞ്ഞു. അവരുടെ സ്‌കൂള്‍ കെട്ടിടത്തിന് മൂകളില്‍ സ്ഥാപിച്ച വിന്‍ഡ് ടര്‍ബന്‍ കടല്‍ക്കാറ്റിനെ ആവാഹിച്ച് വൈദ്യുതിയുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു...അതിന്റെ അത്ഭുതമാണ്...വൈദ്യുതി ബില്ല് വല്ലാതെ കനത്തപ്പോഴാണ്, സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച് സെന്റ് ജോസഫ്‌സ് ആംഗ്‌ളോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂളധികൃതര്‍ ആലോചിച്ചത്. ''സ്‌കൂളിന്റെ വൈദ്യുതി ഉപഭോഗം പരിധിവിടുന്നുവെന്ന് വൈദ്യുതിബോര്‍ഡിന്റെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വൈദ്യുതി ഉപഭോഗം കുറയ്ക്കാനും സ്വന്തമായി ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാനും അവര്‍ ആവശ്യപ്പെട്ടു,'' സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എം.റോസാരിറ്റ.എ.സി പറഞ്ഞു. സ്വന്തമായി സോളാര്‍-വിന്‍ഡ് ഹൈബ്രിഡ് പ്രൊജക്റ്റ് നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കോഴിക്കോട്ടെ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് ഹൈസ്‌ക്കൂള്‍.

''ഒരു ട്രാന്‍സ്‌ഫോമര്‍ വെക്കാന്‍ 20-25 ലക്ഷം രൂപ ചെലവ് വരും. അത് അധികച്ചെലവ് തന്നെ. ഒരു വര്‍ഷം ഒന്നര ലക്ഷം രൂപയാണ് സ്‌കൂളിന്റെ കറണ്ട് ബില്ല്. വൈദ്യുതിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാവുകയേ രക്ഷയുള്ളു. സോളാര്‍ പാനല്‍ വെയ്ക്കാം. സ്‌കൂളിന്റെ തൊട്ടപ്പുറം അറബിക്കടലാണ്. കാറ്റ് ഇഷ്ടം പോലെ. വിന്‍ഡ് എനര്‍ജിയും വേണം.''


സ്‌കൂളിലെ പിടിഎ എക്‌സിക്യുട്ടീവില്‍ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു... ''ഗ്രീന്‍ എനര്‍ജി സംരംഭങ്ങളുടെ ഭാഗമാവുക എന്നത് എല്ലാവര്‍ക്കും ആവേശകരമായി തോന്നി. മീറ്റിങ്ങുകള്‍ ലൈവായി. രാത്രി വൈകുംവരെ യോഗങ്ങള്‍ നടന്നു.'' ഹെഡ്മിസ്ട്രസ്സ് ഓര്‍മ്മിച്ചു. അലയന്‍സ് ഇന്റര്‍നാഷണലിലെ പ്രവീണ്‍ കുമാറാണ് പ്രൊജക്ട് ഏറ്റെടുത്തത്. ''സ്‌കൂളിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി ഞങ്ങള്‍ക്ക് ഈ പ്രൊജക്റ്റ് നടപ്പിലാക്കണം. തത്ക്കാലം സ്‌കൂളിന്റെ വികസന ഫണ്ടുകളിലുള്ള പൈസ എടുത്തു. 12.5 ലക്ഷം രൂപയാണ് പ്രൊജക്ടിന്റെ മൊത്തം ചെലവ്. അനര്‍ട്ടിന്റെ 50 % സബ്‌സിഡി കിട്ടുമെന്നറിഞ്ഞു.'' ഹെഡ്മിസ്ട്രസ്സ് പ്രതീക്ഷയോടെ പറഞ്ഞു.

ഒടുവില്‍ സ്‌കൂളിന്റെ സോളാര്‍ - വിന്‍ഡ് ഹൈബ്രിഡ് പ്രൊജക്ട് പൂര്‍ത്തയായി. ഉദ്ഘാടനത്തിന് ഡോ.എ.പി.ജെ.അബ്ദുല്‍ കലാമാണ് വന്നത്. 5 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവുന്ന പ്രൊജക്ടാണ് ഇവിടെയുള്ളത്. സോളാര്‍ പാനലില്‍ നിന്നും 1.8 കിലോ വാട്ടും വിന്‍ഡ് ടര്‍ബനില്‍ നിന്ന് 3.2 കിലോ വാട്ടും വൈദ്യുതിയാണ് ലഭിക്കുക. ''ഇനി മുതല്‍ സ്‌കൂളിന് ആവശ്യമായ വൈദ്യുതിയുടെ മൂന്നിലൊരു ഭാഗം സ്വന്തമായ പവര്‍ പ്രൊജക്ടില്‍ നിന്ന് കിട്ടും. വൈദ്യുതി ബില്ല് കുറയും'', അധ്യാപകര്‍ ഒന്നടങ്കം പറഞ്ഞു.

ഇനി സോളാര്‍ പവര്‍

സൂര്യപ്രകാശം മറവില്ലാതെ കിട്ടുന്ന മേല്‍ക്കൂരയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. തെക്ക് - കിഴക്ക് ദിശയാണ് അനുയോജ്യം. പാനലുകള്‍ക്ക് ശക്തമായ സൂര്യവെളിച്ചം വേണമെന്നില്ല. സൂര്യപ്രകാശം വേണമെന്നേ ഉള്ളു. മഴക്കാലത്തും സൂര്യന്‍ ഉദിച്ചാല്‍ ഇവ പ്രവര്‍ത്തിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ഒരു കിലോ വാട്ട് പവര്‍ കപ്പാസിറ്റിയുള്ള യൂണിറ്റ് സ്ഥാപിക്കാന്‍ 2,20,000 രൂപയാണ് ചെലവ്. ഒരു കിലോ വാട്ടിന്റെ സോളാര്‍ പവര്‍ യൂണിറ്റ് ദിവസം 3-4 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും. ഒരു വീട്ടിലെ ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കാന്‍ ഇത് മതിയാകും. കൂടുതല്‍ വൈദ്യുതി ഉപഭോഗമുള്ള ഫ്രിഡ്ജ്, എസി തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ യൂണിറ്റിന്റെ കപ്പാസിറ്റി കൂട്ടേണ്ടതുണ്ട്.

സര്‍ക്കാര്‍ പദ്ധതിയില്‍ അനര്‍ട്ടിന്റെ (Agency for Non-Conventional Energy and Rural Technology) അംഗീകൃത ഏജന്‍സികള്‍ വഴി വാങ്ങുന്ന യൂണിറ്റുകള്‍ക്ക് സബ്‌സിഡി കിട്ടും. ഇതില്‍ 39,000 രൂപ സംസ്ഥാന സബ്‌സിഡിയാണ്. കേന്ദ്ര സബ്‌സിഡി, 81,000 രൂപ അല്ലെങ്കില്‍ ഒരു പവര്‍ പഌന്റിന്റെ (കുറഞ്ഞ ചെലവിലുള്ള)മൊത്തം ചെലവിന്റെ 30 ശതമാനം ആണ്. ഒരു ലക്ഷം രൂപ ഉപഭോക്താവ് എടുക്കണം.

ഒരു കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാര്‍ പദ്ധതിയ്ക്ക് സ്വകാര്യ മേഖലയില്‍ 1,75,000 രൂപ തൊട്ടാണ് ചെലവ്.