MATHRUBHUMI RSS
Loading...
നിയമസഞ്ചാരി
കെ.ജി.കാര്‍ത്തിക

ഹൈക്കോടതിയിലെ അഭിഭാഷകയായ കെ.ലത കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ പതിന്നാല് രാജ്യങ്ങളില്‍ നിയമ സെമിനാറുകളിലും ശില്‍പശാലകളിലും പങ്കെടുത്തു...ഏഴാം ക്ലാസില്‍ പഠിച്ചപ്പോള്‍ പുസ്തകത്തില്‍ വായിച്ച് പരിചയപ്പെട്ട ബാലിദ്വീപ്- നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ദ്വീപിന്റെ മണ്ണില്‍ ആകസ്മികമായി കാലുകുത്തി. രാജ്യം അപരിചിതമായി തോന്നിയില്ല. അഡ്വ. കെ. ലതയുടെ കവിള്‍ത്തടങ്ങളിലൂടെ സന്തോഷാശ്രുക്കള്‍ ഒഴുകി. അഭിഭാഷകവൃത്തിയില്‍ മറക്കാനാവാത്ത ഒരനുഭവം കൂടി.

ഏഴാം ക്ലാസില്‍ പ്രസംഗ മത്സരത്തില്‍ വിജയിച്ചപ്പോഴാണ് സമ്മാനമായി എസ്. കെ. പൊറ്റെക്കാടിന്റെ ' ബാലിദ്വീപ് ' എന്ന പുസ്തകം കിട്ടിയത്. വര്‍ഷങ്ങള്‍ക്കുശേഷം വക്കീലിന്റെ കുപ്പായമിട്ടപ്പോള്‍ പ്രസംഗം കോടതിമുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിത്യസംഭവമായി മാറി. സൗഹൃദവും അനുഭവങ്ങളും ഏഴ് കടലുകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുകയും ചെയ്തു. വിദ്യാര്‍ഥി ജീവിതം ഇന്നലെ കഴിഞ്ഞത് പോലെ.

ഹൈക്കോടതിയിലെ അഭിഭാഷകയായ കെ. ലത കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഭൂഖണ്ഡങ്ങള്‍ പിന്നിട്ടു. പതിന്നാല് രാജ്യങ്ങളില്‍ നിയമ സെമിനാറുകളും ശില്‍പശാലകളുമായി അനുഭവങ്ങള്‍ പങ്കിട്ടു.

കേരളം പോലെ ബാലിദ്വീപ്

കുഞ്ഞുനാളിലെ വായനയുടെ ഓര്‍മ്മകള്‍ അയവിറക്കിയാണ് കെ. ലത ബാലിദ്വീപില്‍ ദിവസങ്ങള്‍ക്കുമുമ്പ് ചെന്നിറങ്ങുന്നത്. ഇത് കേരളമാണോ? ഒരു നിമിഷം മനസ്സില്‍ തോന്നിയ ചോദ്യമാണിത്. മലയാള നാടിന്റെ ഗന്ധവും ദൃശ്യങ്ങളും അതേപടി പകരുന്ന നാട്. പച്ചപ്പ് നിറഞ്ഞ വയലേലകളും തെങ്ങിന്‍ തോപ്പുകളും മലയാള മണ്ണിനെ പറിച്ചു നട്ട പ്രതീതി. ബാലിദ്വീപ് കൊച്ചു കേരളം തന്നെ. ഇവിടത്തെ മാതൃകയിലുളള അമ്പലങ്ങളും ഓടിട്ട വീടുകളും ബാലദ്വീപില്‍ ദര്‍ശിക്കാനാവും. പപ്പായ, മുരിങ്ങ, ചക്ക തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍. കൂടാതെ നമ്മുടെ നാട്ടില്‍ കാണുന്ന കുറ്റിച്ചെടികള്‍ പോലും അതേ പോലെ കണ്ടപ്പോള്‍ ബാലദ്വീപില്‍ എത്തിയ അഡ്വ കെ. ലതയ്ക്ക് ആശ്ചര്യം വിട്ടുമാറുന്നില്ല. വിവിധതരം ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മനോഹരമായ ബീച്ചുകളും ക്രാഫ്റ്റിങ്ങുകളും നടത്താനുള്ള സൗകര്യമാണ് ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കേരളത്തിലെ ബീച്ചുകളില്‍ ഇത്തരത്തിലുള്ള ക്രാഫ്റ്റിങ്ങുകള്‍ക്ക് അവസരം ഒരുക്കിക്കൊടുത്ത് ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാമെന്നാണ് ലതയുടെ അഭിപ്രായം. നെല്ലും ഗോതമ്പുമാണ് അവിടത്തെ പ്രധാന ധാന്യങ്ങള്‍. ബാലി നഗരം ശുചിത്വ നഗരമാണത്രേ.

ലോകസഞ്ചാരി

കഴിഞ്ഞ രണ്ടു വര്‍ഷമായി ലോ ഏഷ്യ അന്താരാഷ്ട്ര മൂട്ട് കോര്‍ട്ട് മത്സരത്തില്‍ ജഡ്ജിയാകാന്‍ അവസരം ലഭിച്ചു. ഇത്തവണ ബാലിയിലായിരുന്നു മത്സരം. ഈ യാത്രയില്‍ ഓരോ രാജ്യത്തെ പ്രതിനിധികളെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. ലോ ഏഷ്യ പ്രസിഡന്റ് മലേഷ്യക്കാരി മാലതി ദാസ്, ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സിറ്റിങ് ജഡ്ജിയായ മാര്‍ഷല്‍ ഫിലിപ്പ് ഇര്‍വിന്‍, യു. എസ്.എ. യിലെ ക്ലീവ് ലാന്‍ഡ് സിറ്റിങ് ജഡ്ജിയായ മെര്‍ലിന്‍ ബി കാസിഡി എന്നിവരാണ് ഇത്തവണത്തെ യാത്രയില്‍ കണ്ടുമുട്ടിയ പ്രമുഖര്‍. 22 രാഷ്ട്രങ്ങളില്‍ നിന്നായി 28 ഓളം ജഡ്ജിമാരാണ് പങ്കെടുത്തത്. ഇന്ത്യയില്‍ നിന്ന് സുപ്രീം കോടതിയില്‍ നിന്നുള്ള അഡ്വ ബിന്ദുവാണ് മറ്റൊരാള്‍. കഴിഞ്ഞ വര്‍ഷം സൗത്ത് കൊറിയയിലെ സോളിലായിരുന്നു മത്സരം. 2008 മുതല്‍ 2012 വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളിലാണ് പതിന്നാല് രാജ്യങ്ങള്‍ സഞ്ചരിച്ചത് എന്നത് ശ്രദ്ധേയമാണ്. 2008 ല്‍ ഇറ്റലിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് വുമണ്‍ ലോയേഴ്‌സ് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 13 വനിതാ അഭിഭാഷകര്‍ കേരള ഹൈക്കോടതിയില്‍ നിന്നും പങ്കെടുത്തു. ഏഷ്യന്‍ രാജ്യങ്ങളിലെ ലോ ജേര്‍ണലിന്റെ ചീഫ് എഡിറ്ററായിരുന്ന അഡ്വ. കെ. ലത ആ യാത്രയില്‍ ഫ്രാന്‍സിലെ പാരീസ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, വെനീസ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2009 മാര്‍ച്ചില്‍ യു. എന്നില്‍ നടന്ന 53ാ-മത് കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ എന്ന പരിപാടിയില്‍ പ്രബന്ധാവതരണത്തിനുള്ള അവസരവും അഡ്വ.കെ.ലതയെ തേടിയെത്തി. സ്ത്രീകളുടെ മനുഷ്യാവകാശം അതത് രാജ്യത്തെ സര്‍ക്കാറുകള്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുത്ത് സംരക്ഷിക്കുന്നു എന്നതായിരുന്നു വിഷയം. ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികളും, എന്‍. ജി. ഒ കളും ഈ പ്രബന്ധാവതരണങ്ങളില്‍ തുല്യപ്രാധാന്യം നല്‍കി. സ്ത്രീകളുടെ അവകാശങ്ങള്‍ ഏറ്റവും കൂടുതല്‍ സംരക്ഷിക്കപ്പെടുന്നത് സിംഗപ്പൂരാണെന്നാണ് ലത പറയുന്നത്. അവിടത്തെ പോലീസുകാര്‍ എപ്പോഴും ജാഗ്രതയോടെയാണ് നടക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് രാത്രിയും പകലും പേടിക്കാതെ സഞ്ചരിക്കാം.


പാരീസ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, വെനീസ്, ഇറ്റലി, റോം, ലണ്ടന്‍, ന്യൂയോര്‍ക്ക്, മലേഷ്യ, സോള്‍, ഇന്‍ഡൊനീഷ്യ എന്നിവയാണ് സന്ദര്‍ശിച്ച പ്രധാന സ്ഥലങ്ങള്‍. യു. എന്നില്‍ കറുപ്പ് വെളുപ്പ് വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ ലത പറയുന്നത്.
ടാക്‌സ് വിഷയത്തില്‍ നാല് പുസ്തകങ്ങള്‍

ടാക്‌സ് കേസുകളില്‍ പ്രാവീണ്യം നേടിയ വ്യക്തിയാണ് അഡ്വ. കെ. ലത. ഇതു കൂടാതെ നിയമ രംഗത്ത നിരവധി പുസ്തകങ്ങള്‍ ലതയുടേതായി പിറന്നിട്ടുണ്ട്. അടുത്തിടെ മീഡിയേഷനുമായി ബന്ധപ്പെട്ട് ഒരു പുസ്തകം രചിച്ചിരുന്നു. ടാക്‌സ് വിഷയത്തില്‍ നാല് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 'സൈബര്‍ ലോ വാച്ച്' പുതിയൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് അഡ്വ.കെ.ലത. 'നിയമമെന്നാല്‍ ഒരു പെരുങ്കടലാണ്. അതിലെ ചെറിയ മീനുകളാണ് ഞങ്ങള്‍' അഭിഭാഷകവൃത്തിയെ കുറിച്ച് ലത പറയുന്നതിങ്ങനെ. എടപ്പാളിലെ തുയ്യം വിജയ യു.പിയിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം.

ഇതിനോടൊപ്പം നേടിയ ഡിഗ്രിയുടെ കണക്കുകളും അഡ്വ. കെ. ലതയെ അഭിഭാഷക രംഗത്ത് വ്യത്യസ്തയാക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍. എല്‍. ബിയും, മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍. എല്‍. എം ഉം നേടി. കൂടാതെ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ എം. ബി. എ, ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടീസ് റൈറ്റ്‌സ്, ഹൈദരബാദ് നള്‍സാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു സൈബര്‍ ലോ, ഐ. ബി. എം സാക്ഷ്യപ്പെടുത്തിയ ഇ- കോമേഴ്‌സ് ഇങ്ങനെ നീളുകയാണ് നേടിയ ബിരുദങ്ങള്‍.

കുടുംബ സമേതം ഇടപ്പള്ളിയിലാണ് താമസം. കോഴിക്കോട് സ്വദേശി പ്രേം രാജാണ് ഭര്‍ത്താവ്. അരിസ്‌റ്റോ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്റെ നാല് സംസ്ഥാനങ്ങള്‍ കവര്‍ ചെയ്യുന്ന സീനിയര്‍ സെയില്‍സ് മാനേജരാണ് ഇദ്ദേഹം. അമൃത കൊല്ലം കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠിക്കുന്ന രവി ശങ്കറും വിദ്യോദയ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മീനാക്ഷിയും മക്കളാണ്.

നിയമഗ്രന്ഥങ്ങളില്‍ സ്ഥാനം പിടിച്ച ഒട്ടേറെ ഹൈക്കോടതി വിധികള്‍ ലതയ്ക്ക് എന്നും പ്രചോദനമാണ്. പല കേസുകളിലും ഹര്‍ജിക്കാര്‍ക്കുവേണ്ടി ലത ഹാജരായിട്ടുണ്ട്. അവ പോരാടി ജയിച്ചതാണ്.

നിയമശാഖ കാലത്തിനൊപ്പം വികസിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സമീപനമല്ല ഇപ്പോള്‍ കോടതിക്കും അഭിഭാഷകര്‍ക്കും. കേസുകളുടെ വൈവിധ്യം ആരെയും അമ്പരിപ്പിക്കും. പോരാട്ടം നീളുന്ന അവ അവസാനിക്കുന്നില്ല. നിയമവും നീതിയും ജനങ്ങളുടെ രക്ഷാകവചങ്ങളാണ് - അഡ്വ.ലത പറഞ്ഞു.