MATHRUBHUMI RSS
Loading...
ലോറി ഗേള്‍
കെ.ജി.കാര്‍ത്തിക

യൂണിവേഴ്‌സിറ്റി തലത്തിലെ മികച്ച നടി. പിന്നീട് പത്രപ്രവര്‍ത്തന പഠനം. തുടര്‍ന്ന് കുടുംബജീവിതം. ഇഷ്ടമേഖലയിലേക്ക് ചുവടുവെക്കുകയാണ് റാണി...


തിങ്ങി നിറഞ്ഞ സദസ്സിന് മുന്നില്‍ ഹര്‍ഷാരവങ്ങള്‍ക്ക് നടുവില്‍ നിന്ന് യൂണിവേഴ്‌സിറ്റിയുടെ മികച്ച നടി എന്ന പദവി ഏറ്റുവാങ്ങുമ്പോള്‍ അഭിനയം കാമ്പസിലെ മത്സരത്തിന്റെ ഭാഗം മാത്രമായിരുന്നു. കേവലം ഒരു ആസ്വാദക എന്ന നിലയിലായിരുന്നു സിനിമയെ സ്‌നേഹിച്ചതും വിലയിരുത്തിയതും. മഞ്ചേരി യൂണിറ്റി വിമണ്‍സിലും പാലക്കാട് വിക്ടോറിയയിലുമായാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കലാലയ ജീവിതത്തിനൊപ്പം അഭിനയത്തോട് വിട പറഞ്ഞു. മഞ്ചേരി സ്വദേശിയായ റാണി ശരണിന്റെ അഭിനയത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇതൊക്കെയാണ്. പിന്നീട് കാക്കനാട് കേരള പ്രസ് അക്കാദമിയില്‍ നിന്ന് ജര്‍ണലിസത്തില്‍ ബിരുദം നേടുമ്പോള്‍ പത്രപ്രവര്‍ത്തനം എന്നത് ഒരു സ്വപ്നമായി. എല്ലാത്തിനും അപ്പുറം ഒരു സാദാ പെണ്‍കുട്ടിയെപോലെ ഒരു കുടുംബിനിയുടെ റോളിലേക്ക് റാണി ശരണ്‍ വളര്‍ന്നു. പാരമ്പര്യമായി കിട്ടിയ അഭിനയ സിദ്ധി മനസ്സിലെവിടെയോ മറഞ്ഞിരുന്നു. ജീവിതത്തിലേക്ക് കടന്നുവന്നയാളും അഭിനയം കൈമുതലാക്കിയ വ്യക്തിയുമായ ഭര്‍ത്താവ് ശരണ്‍ സീരിയലിലും സിനിമയിലും അഭിനയിക്കുന്നുണ്ട്. സുഹൃത്ത് സന്ദീപ് പാമ്പള്ളി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിലേക്ക് റാണിയെ നിര്‍ദേശിച്ചപ്പോള്‍ ആദ്യം നിരസിച്ചു. ഈ ഘട്ടത്തില്‍ ശരണ്‍ നല്‍കിയ പിന്തുണയോടെ റാണി ക്യാമറയ്ക്ക് മുന്നിലെത്തി.

ഏയ്ഡ്‌സ് ബോധവത്ക്കരണവുമായി എത്തുന്ന ലോറി ഗേള്‍ എന്ന ഹ്രസ്വചിത്രത്തിലെ നായിക റാണി ശരണാണ്. ഒരിക്കല്‍ പോലും സിനിമ ചെയ്യണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടന്നിട്ടില്ല. പക്ഷെ റാണിയുടെ നിയോഗം അഭിനയമായിരുന്നു. ലക്ഷ്മി എന്ന വേശ്യയുടെ കഥാപാത്രമാണ് അവര്‍ അവതരിപ്പിക്കുന്നത്. ലോറിക്കാരെ മാത്രം ഉപഭോക്താക്കളായി തിരഞ്ഞടുക്കുന്ന വേശ്യയാണ് ലക്ഷ്മി. ഇഷ്ടമില്ലാത്ത ഈ ജോലി ചെയ്യേണ്ടി വരുമ്പോഴും കണ്ണന്‍ എന്ന ലോറി ഡ്രൈവറോട് ഇവര്‍ക്ക് വല്ലാത്തൊരു അടുപ്പം തോന്നുന്നു. പിന്നെ ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെ ഹ്രസ്വ ചിത്രത്തിന്റെ കഥ വികസിക്കുന്നു. ഒരുപാട് അഭിനയ സാധ്യതകളുള്ള കഥപാത്രമാണ് ലക്ഷ്മിയുടെ റോള്‍ എന്നാണ് റാണിയുടെ അഭിപ്രായം. ഭര്‍ത്താവ് ശരണ്‍ നായകനായി എത്തുമ്പോള്‍ ഈ ജോടികള്‍ ഒരുമിച്ചുളള ആദ്യ ചിത്രമെന്ന വിശേഷണവും ലോറി ഗേളിനുണ്ട്. എന്നാല്‍ അഭിനയത്തെ ഗൗരവമായി കാണുന്നില്ല. നല്ലൊരു ദൗത്യവുമായി എത്തിയ ചിത്രമായതിനാലാണ് ലോറി ഗേളില്‍ അഭിനയിച്ചതെന്ന് റാണി വ്യക്തമാക്കി.

കേരളത്തിലെ എല്ലാ ജില്ലകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഇന്ത്യക്ക് അകത്തും പുറത്തുമായി നാല്‍പ്പത് കേന്ദ്രങ്ങളില്‍ ലോറി ഗേള്‍ പ്രദര്‍ശിപ്പിക്കും. ഇതിനു പുറമെ മറ്റൊരു മുഖം കൂടി റാണിക്കുണ്ട്. നടനും നിര്‍മ്മാതാവുമായ മഞ്ചേരി ചന്ദ്രന്റെ മകളാണ് റാണി. 2009 ഏപ്രില്‍ 14 വിഷു ദിനത്തില്‍ മഞ്ചേരി ചന്ദ്രന്‍ വിട പറയുമ്പോള്‍ ഈ മകള്‍ക്ക് ചില ചുമതലകള്‍ നല്‍കിയാണ് പോയത്. നയനം എന്ന ചിത്രത്തിലൂടെ തന്റെ തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോള്‍ മരണത്തിന് മുന്നില്‍ അദ്ദേഹം കീഴടങ്ങി. അച്ഛന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ ആ സിനിമ പൂര്‍ത്തീകരിക്കാന്‍ റാണി മുന്നിട്ടിറങ്ങി. തീയറ്ററുകള്‍ കാണാതെ പോയ ആ സിനിമ ദൂരദര്‍ശനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കാലത്തിന്റെ ജരാനരകള്‍ പേറുന്ന നിര്‍മ്മാണ കമ്പനി പുതുക്കി പണിയാനാണ് റാണിയുടെ ശ്രമം. 'സ്റ്റാര്‍ സിനി ആര്‍ട്‌സ്' എന്നും പിന്നീട് 'ഇനാര്‍ പ്രൊഡക്ഷന്‍സ്' എന്നും അറിയപ്പെട്ടിരുന്ന നിര്‍മ്മാണ കമ്പനി 'ഉദയ ചന്ദ്ര മൂവി മേക്കേഴ്‌സ്' എന്ന പേരില്‍ പുതുമകളോടെ അവതരിപ്പിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത് റാണിയാണ്. അഞ്ച് വയസ്സായ മകള്‍ ഗൗരി ഉപാസനയ്ക്കും ഭര്‍ത്താവിനുമൊപ്പം തമ്മനത്തെ വില്ലയിലാണ് റാണി താമസിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയുടെ റോള്‍ കൂടി റാണി ശരണ്‍ ചെയ്യുന്നുണ്ട്.