MATHRUBHUMI RSS
Loading...
വിവാദങ്ങളില്‍ കുലുങ്ങാതെ


സംവാദങ്ങളിലും ആരോപണങ്ങളിലും ഒട്ടും പതറാതെ മുന്നോട്ടുപോവുന്ന പി. കുല്‍സുവിനെത്തേടി മറ്റൊരു അംഗീകാരം. മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായ പി.കുല്‍സുവിന് വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ആയാണ് നിയമനം ലഭിച്ചിരിക്കുന്നത്.

ന്യൂനപക്ഷ സമുദായത്തില്‍ നിന്നും രാഷ്ട്രീയരംഗത്തേക്ക് വനിതകള്‍ വരാന്‍ മടിച്ച കാലത്താണ് കിഴൂര്‍ പുതിയോട്ടില്‍ കുല്‍സു സംഘടനാ രംഗത്തുവന്നത്. ഫാറൂക്ക് കോളേജില്‍ പഠിക്കുമ്പോള്‍ എം.എസ്.എഫില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചു. യൂണിറ്റ് പ്രസിഡന്റും യൂണിയന്‍ വൈസ്‌ചെയര്‍മാനുമായി. കുല്‍സുവിന്റെ കാലത്ത് കോളേജ് വിദ്യാര്‍ഥികളായിരുന്ന എം.പി.അബ്ദുസമദ് സമദാനി, സി.മമ്മൂട്ടി, പി.ടി.എ.റഹിം, പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ എം.എല്‍.എമാരായി.

1991-ല്‍ കുല്‍സു ആദ്യത്തെ ജില്ലാ കൗണ്‍സിലില്‍ അംഗമായി. 1995-ല്‍ പയ്യോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. ഇക്കാലത്ത് വിവാദങ്ങള്‍ ഒഴിഞ്ഞ നേരമുണ്ടായില്ല. തിരിയുന്ന കസേര പഞ്ചായത്ത് ഓഫീസുകളില്‍ ഉണ്ടാവുന്നത് അക്കാലത്ത് അപൂര്‍വമായിരുന്നു. എന്നാല്‍ പയ്യോളി പഞ്ചായത്ത് പ്രസിഡന്റിന് ഇരിക്കാന്‍ തിരിയുന്ന കസേര വാങ്ങി. ഇതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ ഏറെക്കാലം സമരം ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ ജുവൈനല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗമായി ആറു വര്‍ഷം പ്രവര്‍ത്തിച്ചു. കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് വനിതാ കമ്മീഷന്‍ അംഗമായി. 40,000 ത്തോളം കേസുകള്‍ പരിശോധിച്ച വനിതാ കമ്മീഷന്‍ ഇക്കാലയളവില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു. കുല്‍സു എഴുതിയ 'ഉറവ' എന്ന അനുഭവക്കുറിപ്പുകള്‍ ഈയിടെ പ്രസിദ്ധീകരിച്ചു.

വനിതാ ലീഗ് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ്പ്രസിഡന്റുമായ പി. കുല്‍സു സംഘടനാരംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി അധ്യാപകജോലി വേണ്ടെന്നുവെച്ചു.

ഇതിനിടെ 50-ാം വയസ്സില്‍ എല്‍.എല്‍.ബി. പാസ്സായി അഭിഭാഷകയായി. പാവങ്ങളെയും രോഗികളെയും സഹായിക്കുന്ന വിമന്‍സ് സര്‍വീസ് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ സെക്രട്ടറി ജനറലാണ്. കോഴിക്കോട് കുഷ്ഠരോഗ ആസ്പത്രിയില്‍ ഈ സംഘടന ഏഴ് വര്‍ഷമായി സഹായങ്ങള്‍ ചെയ്തുവരുന്നു.

സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ വനിതാ വികസന കോര്‍പ്പറേഷനിലൂടെ ചെയ്യാന്‍ കഴിയുമെന്ന് പി. കുല്‍സു പറഞ്ഞു. വനിതകളെ തൊഴില്‍ പ്രാപ്തരാക്കാനുള്ള ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് കോഴിക്കോട്ടും എറണാകുളത്തും ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ആദിവാസി മേഖലയിലും തീരദേശത്തും സംരംഭങ്ങള്‍ തുടങ്ങും. ഫിനിഷിങ് സ്‌കൂള്‍, ഷി ടോയ്‌ലറ്റ് എന്നിവയും പരിഗണനയിലുണ്ട്. പൊതുരംഗത്ത് വനിതകള്‍ കൂടുതലായി കടുന്നുവരുന്ന ഈ കാലത്ത് അവരുടെ സാമൂഹിക സുരക്ഷ തന്നെയാണ് പ്രധാന വെല്ലുവിളിയെന്ന് ഇവര്‍ പറഞ്ഞു.