MATHRUBHUMI RSS
Loading...
ഹൃദയം കവര്‍ന്ന ചിത്രഗീതങ്ങള്‍

സ്‌നേഹവും വാത്സല്യവും കരുണയും പ്രണയവുമായി നമ്മെ വന്ന് പൊതിയുകയാണ് ചിത്രയുടെ പാട്ടുകള്‍. ആ പാട്ടുകളിലെ ഏറ്റവും പ്രിയപ്പെട്ട പത്തെണ്ണം പിറന്നുവീണ നിമിഷങ്ങളിലേക്ക് കൊണ്ടുപോവുകയാണ് പാട്ടെഴുത്തുകാരന്‍ രവി മേനോന്‍...


രണ്ടു ചിത്രമാരുടെ മുഖങ്ങള്‍ മനസ്സില്‍ തെളിയും, ചമയത്തിലെ 'രാജഹംസമേ...' എന്ന പാട്ട് കേള്‍ക്കുമ്പോള്‍. ഒരാള്‍ മലയാളത്തിന്റെ പ്രിയ വാനമ്പാടി കെ.എസ്.ചിത്ര. മറ്റെയാള്‍ വാനമ്പാടിയെ നേരിട്ട് കാണാനായി വടക്കേതോ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നു അച്ഛന്റെ വിരലില്‍ തൂങ്ങി കോഴിക്കോട് നഗരത്തിന്റെ തിരക്കിലും ബഹളത്തിലും വന്നിറങ്ങിയ ഏഴു വയസ്സുകാരി. സാമൂതിരി ഹൈസ്‌കൂള്‍ അങ്കണത്തിലെ ഗാനമേളാ വേദിയുടെ പിന്‍വശത്തെ കസേരകളില്‍ ഒന്നില്‍ അച്ഛനോട് ചേര്‍ന്നിരുന്ന് പ്രിയഗായികയുടെ പാട്ട് കേള്‍ക്കുന്ന പട്ടുപാവാടക്കാരിയുടെ തെല്ല് പരിഭ്രമം കലര്‍ന്ന മുഖഭാവം ഇന്നുമുണ്ട് ഓര്‍മയില്‍.

ഇടയ്‌ക്കെപ്പോഴോ 'രാജഹംസമേ' എന്ന ഗാനം ചിത്രയുടെ ശബ്ദത്തില്‍ സ്പീക്കറിലൂടെ ഒഴുകി വന്നപ്പോള്‍ ഓടി മുന്നിലേക്ക് ചെന്ന് സ്‌റ്റേജിന്റെ പിന്നിലെ തിരശീല തെല്ല് വകഞ്ഞു മാറ്റി, പാടുന്ന ചിത്രയെ കൗതുകത്തോടെ നോക്കി നിന്നു അവള്‍... പാട്ടും പാട്ടുകാരിയും ആരാധികയും ഹൃദയം കൊണ്ടു ഒന്നായിത്തീര്‍ന്ന നിമിഷങ്ങള്‍. നിറഞ്ഞ സദസ്സിന്റെ കാതടപ്പിക്കുന്ന ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി 'വലിയ' ചിത്ര വേദിയില്‍ തല കുനിച്ചു തൊഴുതു നില്‍ക്കെ, തിരികെ അച്ഛന്റെ കൈകളിലേക്ക് ഓടിച്ചെന്ന് വീഴുന്ന കൊച്ചു ചിത്രയുടെ ചിത്രം മറന്നിട്ടില്ല. നിറകണ്ണുകളോടെ മകളെ ചേര്‍ത്തു പിടിക്കുന്ന അച്ഛന്റെയും.

ഇഷ്ടഗായികയോടുള്ള തീവ്രമായ ആരാധനയാല്‍ മകള്‍ക്ക് ചിത്ര എന്ന് പേരിട്ട സ്‌നേഹനിധിയായ ഒരമ്മയുടെ കഥ കേട്ട് മനസ്സ് നൊന്തത് അന്നാണ്. മകളുടെ തലമുടിയിലൂടെ പതുക്കെ വിരലോടിച്ചു ആ കഥ വിവരിക്കെ പലപ്പോഴും അച്ഛന്റെ കണ്ണു നിറഞ്ഞു; ശബ്ദം ഇടറി. ''നന്നായി പാടിയിരുന്നു എന്റെ ഭാര്യ. രാജഹംസമേ എന്ന പാട്ടിനോടാണ് ഏറെ ഇഷ്ടം. എന്നും രാത്രി ആ പാട്ട് പാടിയാണ് അവള്‍ മോളെ ഉറക്കുക. എന്നെങ്കിലും അത് പാടിയ ചിത്രയെ നേരില്‍ കാണണമെന്നായിരുന്നു അവളുടെ ഏറ്റവും വലിയ സ്വപ്‌നം... പക്ഷെ വിധി അതനുവദിച്ചില്ല. ആറ് മാസം മുന്‍പ് ഒരു റോഡപകടത്തില്‍ അവള്‍ മരിച്ചു. മകളുടെ കണ്മുന്നില്‍. വച്ച്...'' മനോഹരമായ ഒരു താരാട്ട് ഇടയ്ക്ക് വച്ച് നിലച്ച പോലെ തോന്നിയിരിക്കണം മകള്‍ക്ക്. അമ്മയുടെ മരണം നേരില്‍ കണ്ടു ഞെട്ടിത്തരിച്ചു പോയ കുട്ടി പിന്നീടൊരിക്കലും മനസ്സ് തുറന്നു ചിരിച്ചു കണ്ടിട്ടില്ല അവളുടെ അച്ഛന്.. പഠനത്തിലും കളിയിലുമെല്ലാം ശ്രദ്ധ കുറഞ്ഞു; സംസാരം പോലും അപൂര്‍വം. ''അവളുടെ മുഖം അല്‍പമെങ്കിലും തിളങ്ങിക്കണ്ടിട്ടുള്ളത് രാജഹംസമേ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ മാത്രം. ചിത്ര ആ പാട്ട് പാടുന്നത് നേരിട്ടു കേള്‍ക്കാനുള്ള മോഹവുമായി എത്തിയതാണ് ഇവിടെ. സന്തോഷമായി. ഇനി പരിപാടി കഴിഞ്ഞു ചിത്രയെ ഒന്ന് നേരില്‍ കാണണം. മോളെ പരിചയപ്പെടുത്തണം. അതിനാണ് ഈ കാത്തിരിപ്പ്...''

പ്രിയ ഗായികയെ അവര്‍ നേരില്‍ കണ്ടോ എന്നറിയില്ല. മാഞ്ഞു പോയ പുഞ്ചിരി മകളുടെ മുഖത്ത് വീണ്ടും തെളിഞ്ഞോ എന്നും. ഒന്ന് മാത്രമറിയാം. അളവറ്റ സ്‌നേഹമായി, വാത്സല്യമായി, പ്രണയമായി, ഭക്തിയായി ഓരോ മലയാളി മനസ്സിലും അനര്‍ഗളം പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു ചിത്രയുടെ ശബ്ദം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി, '' സിനിമയിലെ ഒരു പ്രത്യേക സന്ദര്‍ഭത്തിന് വേണ്ടി സ്റ്റുഡിയോയിലെ വോയിസ് ബൂത്തിന്റെ എകാന്തതയില്‍ നിന്നുകൊണ്ടു നാം പാടുന്ന പാട്ട് അങ്ങകലെ ഏതോ ഒരു അപരിചിതന്റെ മനസ്സിനെ ചെന്നു തൊടുന്നു എന്നറിയുമ്പോഴുള്ള സുഖവും സംതൃപ്തിയും അതൊന്നു വേറെ തന്നെയാണ്. ഓരോ പാട്ടിന്റെയും പൂര്‍ണതയ്ക്കു വേണ്ടി നാം സഹിച്ച ത്യാഗങ്ങള്‍ സഫലമായി എന്ന് തോന്നുന്ന നിമിഷം..'' ചിത്രയുടെ വാക്കുകള്‍ .... അത്തരം അപൂര്‍വ നിമിഷങ്ങളിലേക്ക് വഴിതുറന്ന പാട്ടുകള്‍ ഏറെയുണ്ട് ചിത്രയുടെ സംഗീതജീവിതത്തില്‍ കൈതപ്രം എഴുതി ജോണ്‍സണ്‍ ഈണമിട്ട 'രാജഹംസമേ' പോലെ...

രാജഹംസമേ...

ഭരതന്റെയും ജോണ്‍സന്റെയും അദൃശ്യ സാന്നിധ്യം ഇന്നും അനുഭവപ്പെടുത്താറുണ്ട് ഈ ഗാനമെന്നു പറയും ചിത്ര. രണ്ടു പേരും അകാലത്തില്‍ പാട്ട് നിര്‍ത്തി കടന്നുപോയവര്‍. '' ഭരതന്‍ സാറിന്റെ പ്രിയരാഗമായ ഹിന്ദോളത്തിലാണ് ജോണ്‍സണ്‍ മാസ്റ്റര്‍ ആ ഗാനം ചിട്ടപ്പെടുത്തിയത്. എ.വി.എം. 'ആര്‍ ആര്‍' തിയറ്ററിന്റെ ഹാളില്‍ ഇരുന്ന് ഹാര്‍മോണിയം വായിച്ച് പാട്ട് പാടി പഠിപ്പിച്ചു തരുന്ന ജോണ്‍സണ്‍ മാസ്റ്ററുടെ ചിത്രം മറക്കാനാവില്ല. വളരെ പെട്ടെന്ന് ഞാന്‍ പാട്ട് പഠിച്ചെടുത്തപ്പോള്‍ തമാശയായി മാസ്റ്റര്‍ പറഞ്ഞു: ''നോക്കിക്കോ; പ്രായമായി പല്ലൊക്കെ കൊഴിഞ്ഞു നിന്നെ ആരും പാടാന്‍ വിളിക്കാത്ത ഒരു കാലം വരും. അന്ന് നിന്നെ ഞാന്‍ എന്റെ അസിസ്റ്റന്റ്‌റ് ആയി നിയമിക്കും. വെറുതെയല്ല, ഞാന്‍ പാടിത്തരുന്ന പാട്ട് മനസ്സ് കൊണ്ടു ഒപ്പിയെടുത്തു വീണ്ടും എന്നെ കേള്‍പ്പിക്കാന്‍.. ഏതു ടേപ്പ് റെക്കോര്‍ഡറിനെക്കാളും എനിക്ക് വിശ്വാസം നിന്നെയാണ് അക്കാര്യത്തില്‍....'' പരിസരം മറന്ന് മാസ്റ്റര്‍ പൊട്ടിച്ചിരിക്കുന്നു. പാട്ട് ഇഷ്ടപ്പെട്ടാലും അമിതമായി പ്രശംസ ചൊരിയുന്ന പതിവില്ല ജോണ്‍സണ്‍ മാസ്റ്റര്‍ക്ക്. ''മാസ്റ്ററുടെ പ്രതികരണം ആ മുഖത്തു നിന്നു വായിച്ചെടുക്കാം. ഒരു നേര്‍ത്ത പുഞ്ചിരി. അല്ലെങ്കില്‍ കൊള്ളാം എന്ന ധ്വനിയുള്ള ഒരു തലയാട്ടല്‍ അത്ര മാത്രം. ''

രാജഹംസമേ പാടി റെക്കോര്‍ഡ് ചെയത ശേഷം ആദ്യം ലഭിച്ച അഭിനന്ദനം ചിത്രയുടെ ഓര്‍മയിലുണ്ട്: ''പാട്ടുകള്‍ ലൈവ് ആയി ആലേഖനം ചെയ്യുന്ന കാലമായിരുന്നു അത്. റെക്കോര്‍ഡിംഗ് കഴിഞ്ഞാല്‍ പശ്ചാത്തലത്തില്‍ ഉപകരണങ്ങള്‍ വായിച്ചവര്‍ മുഴുവന്‍ കണ്‍സോളില്‍ ഒത്തുകൂടും, ഫൈനല്‍ വേര്‍ഷന്‍ കേള്‍ക്കാന്‍.. പാട്ട് മുഴുവന്‍ കേട്ട ശേഷം ചീനാക്കുട്ടി എന്ന പ്രായം ചെന്ന മൃദംഗം ആര്‍ട്ടിസ്റ്റ് വാത്സല്യത്തോടെ എന്റെ താടി പിടിച്ചുയര്‍ത്തി പറഞ്ഞു: രാസാത്തീ, നീ റൊമ്പ നന്നായി പാടിയിരിക്ക്... ചിലപ്പോള്‍ തോന്നും ഏതു അവാര്‍ഡിനെക്കാള്‍ വിലയുണ്ട് ഇത്തരം നിഷ്‌കളങ്കമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് എന്ന്.''

ചിത്രയുടെ ആയിരക്കണക്കിന് സിനിമാപ്പാട്ടുകളില്‍ നിന്ന് ഏറ്റവും പ്രിയപ്പെട്ട പത്തെണ്ണം തിരഞ്ഞെടുക്കുമ്പോള്‍, 'രാജഹംസമേ' ആ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല എനിക്ക്. രചന കൊണ്ടും ഈണം കൊണ്ടും ആലാപനം കൊണ്ടും ചിത്രീകരണം കൊണ്ടും മനസ്സിന്റെ സ്പര്‍ശിച്ച പാട്ട്. തീര്‍ച്ചയായും, ജോണ്‍സണു വേണ്ടി ചിത്ര പാടിയ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്ന്.

വാര്‍മുകിലേ...

ജോണ്‍സണില്‍ നിന്ന് രവീന്ദ്രനിലെത്തുമ്പോള്‍ ചിത്രയുടെ ആലാപനം മറ്റൊരു തലം കൈവരിക്കുന്നു മെലഡിയുടെ മുഗ്ദലാവണ്യവും കര്‍ണാടിക്-ഹിന്ദുസ്ഥാനി-ശാസ്ത്രീയ സംഗീത ശാഖകളുടെ ഗരിമയും കൈകോര്‍ത്തു നില്‍ക്കുന്ന ശൈലി. ലളിതസുന്ദരമായിരുന്നു ജോണ്‍സന്റെ ഈണങ്ങളെങ്കില്‍ തേജോമയമായിരുന്നു രവീന്ദ്രസംഗീതം. കൊച്ചരുവിയായി തുടങ്ങി ഗാംഭീര്യമാര്‍ന്ന ജലപാതമായി മാറുന്ന ഗാനങ്ങള്‍. ജോണ്‍സണെപ്പോലെ നല്ലൊരു ഗാനസൃഷ്ടിയുടെ ആഹ്ലാദം മനസ്സില്‍ ഒതുക്കി വെക്കുന്ന പതിവില്ല രവീന്ദ്രന്. പലപ്പോഴും അത് അണപൊട്ടി ഒഴുകും.

''മഴയിലെ വാര്‍മുകിലേ എന്ന പാട്ട് റെക്കോര്‍ഡ് ചെയ്തു കേട്ടപ്പോള്‍ മാഷിന്റെ മുഖത്ത് കണ്ട തിളക്കം മറക്കാനാവില്ല,'' ചിത്ര പറയുന്നു. ''ആ ആഹ്ലാദം ആരോടെങ്കിലും പങ്കു വെക്കാനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹം. ആദ്യം ഫോണില്‍ വിളിച്ചത് പാട്ടെഴുതിയ യുസഫലി സാറിനെ തന്നെ. എന്റെ മോളുടെ പാട്ട് നിങ്ങളൊന്നു കേട്ട് നോക്കൂ എന്ന് പറഞ്ഞു ഫോണിലൂടെ കവിയെ കേള്‍പ്പിക്കുന്ന മാസ്റ്ററെ നോക്കി നിന്നപ്പോള്‍ കണ്ണു നിറഞ്ഞുപോയി. പിതൃനിര്‍വിശേഷമായ അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിച്ചറിഞ്ഞ അനേകം നിമിഷങ്ങളില്‍ ഒന്ന്..''

ചിത്ര-രവീന്ദ്രന്‍ ടീമിന്റെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഗാനം. മഴ സിനിമയുടെ ഓഡിയോ ആല്‍ബത്തില്‍ നിന്ന് ആ ഗാനം ആദ്യം കേട്ടപ്പോള്‍ ലെനിന്‍ രാജേന്ദ്രന്‍ അതെങ്ങനെ ചിത്രീകരിക്കുമെന്നറിയാന്‍ കൗതുകമുണ്ടായിരുന്നു. നിരാശ വേണ്ടിവന്നില്ല. ഗാനത്തിന്റെ ആത്മാവിനെ സിനിമയിലെ ദൃശ്യങ്ങളുമായി തന്മയത്വത്തോടെ വിളക്കി ചേര്‍ത്തിരിക്കുന്നു ലെനിനിലെ കവി. ''സംയുക്ത വര്‍മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ആത്മഗതമാണ് ഒരര്‍ത്ഥത്തില്‍ ഈ ഗാനം,'' ലെനിന്‍ രാജേന്ദ്രന്‍ പറയുന്നു. ''പെയ്‌തൊഴിയാന്‍ വിതുമ്പി നില്‍ക്കുന്ന മേഘം പോലെ എന്തൊക്കെയോ പറയാന്‍ വെമ്പുന്ന മനസ്സ്. പറഞ്ഞാല്‍ അത് തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്ക. എല്ലാ ദുഖങ്ങളും പങ്കുവെക്കാന്‍ എന്നുമെന്ന പോലെ അവള്‍ കൃഷ്ണന്റെ സവിധത്തിലേക്കു തിരിച്ചുപോകുന്നു. എത്ര സുന്ദരമായാണ് യുസഫലി ആ ആശയം ഈ പാട്ടിന്റെ വരികളിലേക്ക് പകര്‍ത്തിയത് എന്നോര്‍ത്ത് അത്ഭുതം തോന്നിയിട്ടുണ്ട്.''

തൃശൂരിലെ രാമനിലയത്തില്‍ വച്ചായിരുന്നു കമ്പോസിംഗ്. ''രവീന്ദ്രന്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നത് കണ്ടിരിക്കുന്നത് തന്നെ ഒരു ആനന്ദമാണ്. ഏതോ അനിര്‍വചനീയമായ ലഹരി നുണയും പോലെ അദ്ദേഹം പാടിക്കൊണ്ടേയിരിക്കും. ഈണങ്ങള്‍ വഴിക്കുവഴിയായി അവയില്‍ വന്ന് നിറയുകയാണ് പതിവ്. ഒരേ ഗാനത്തിന് ചിലപ്പോള്‍ മൂന്നും നാലും ട്യൂണ്‍ ഇട്ടെന്നിരിക്കും. പക്ഷെ വാര്‍മുകിലിന്റെ കാര്യത്തില്‍ അത് വേണ്ടി വന്നില്ല. ജോഗ് രാഗ സ്പര്‍ശമുള്ള ആദ്യത്തെ ഈണം തന്നെ ഓക്കെ. ഇനി വേറെ ഈണം വേണ്ട. ഇതാണെനിക്ക് വേണ്ടത്. ഇത് മാത്രം ഞാന്‍ പറഞ്ഞു.''

ആ പാട്ടിന്റെ ആലേഖനം കൗതുകമുള്ള ഓര്‍മയാണ് ചിത്രയ്ക്ക്. ''ചെന്നൈ വല്‍സരവാക്കത്തെ മാസ്റ്ററുടെ വാടക വീടിന്റെ പിന്നിലെ കിടപ്പ് മുറിയിലാണ് റെക്കോര്‍ഡിംഗ്. അതൊരു താല്‍ക്കാലിക സൗണ്ട് പ്രൂഫ് സ്റ്റുഡിയോ ആക്കി മാറ്റിയിരുന്നു മാസ്റ്റര്‍. ചെറിയൊരു മുറിയാണ്. പേരിനു കണ്‍സോള്‍ മാത്രമുണ്ട്. വോയ്‌സ് ബൂത്ത് തുടങ്ങിയ സംവിധാനങ്ങള്‍ ഒന്നുമില്ല. മുറിയുടെ ഒരു കോണിലാണ് മൈക്ക്. പാട്ട് പഠിപ്പിച്ചു തന്ന ശേഷം, റെക്കോര്‍ഡിംഗ് ചുമതല മകന്‍ സാജനെ ഏല്‍പ്പിച്ചു മാസ്റ്റര്‍ വെളിയില്‍ പോയി. ഞാന്‍ പാടിക്കഴിഞ്ഞ ശേഷമാണ് മാസ്റ്റര്‍ മുറിയില്‍ വന്ന് പാട്ട് കേട്ടത്. ''

പുലര്‍കാല സുന്ദര സ്വപ്‌നത്തില്‍...

മറക്കാനാവാത്ത മറ്റൊരു രവീന്ദ്രഗീതമുണ്ട്. രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് 'മൊഴികളില്‍ സംഗീതമായി' എന്ന പുസ്തകത്തിന്റെ (മാതൃഭൂമി ബുക്‌സ്) പ്രകാശന ചടങ്ങില്‍ വച്ച് 'രവിക്ക് ഏറെ ഇഷ്ടമുള്ള ഒരു പാട്ട്' എന്ന വിശേഷണത്തോടെ ചിത്ര എനിക്ക് വേണ്ടി പാടിയ ഗാനം: 'പുലര്‍കാല സുന്ദര സ്വപ്‌നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി..' ഇന്നും ആദ്യ ശ്രവണ മാത്രയിലെ അതേ അനുഭൂതി പകര്‍ന്നു കൊണ്ട് ആ പാട്ട് മനസ്സില്‍ പീലി വിടര്‍ത്തി നില്‍ക്കുന്നു.

രഞ്ജിത്ത് കഥയെഴുതി വി.ആര്‍.ഗോപിനാഥ് സംവിധാനം ചെയ്ത 'ഒരു മെയ് മാസ പ്പുലരിയില്‍' (1987 ) എന്ന ചിത്രത്തെ ഇന്ന് നാം ഓര്‍ക്കുന്നത് പി. ഭാസ്‌കരനും രവീന്ദ്രനും ചേര്‍ന്നൊരുക്കിയ ഈ മനോഹര ഗാനത്തിന്റെ പേരിലല്ലേ?. ''ഒട്ടൊരു പ്രവചനാതീത സ്വഭാവമുള്ള പെണ്‍കുട്ടിയായിരുന്നു ആ ചിത്രത്തില്‍ ശാരി അവതരിപ്പിച്ച രേഷ്മ എന്ന കഥാപാത്രം. ആണ്‍കുട്ടികളെ പോലെ കളിച്ചു ചിരിച്ചും ഇടതടവില്ലാതെ സംസാരിച്ചും സുഹൃത്തുക്കളില്‍ നിന്ന് സുഹൃത്തുക്കളിലേക്ക് കൂടുമാറിയും നടന്ന ഒരു കുസൃതിക്കാരി. രേഷ്മയുടെ വ്യക്തിത്വത്തിലെ ഈ കുട്ടിത്തം ശരിക്കും പ്രതിഫലിക്കുന്ന ഒരു പാട്ട് വേണം. ചെറുപ്പം മുതലേ ഞാന്‍ആരാധിക്കുന്ന ഗാന രചയിതാവിനെ കൊണ്ടു തന്നെ അതെഴുതിക്കണമെന്നു നേരത്തെ ഉറച്ചിരുന്നു. പാട്ട് എഴുതിത്തരുകമാത്രമല്ല, സ്വന്തം മനസ്സിലെ താളത്തില്‍ അത് പാടി കാസറ്റിലാക്കി എന്നെ ഏല്‍പ്പിക്കുകയും ചെയ്തു ഭാസ്‌കരന്‍ മാഷ്.' സംവിധായകന് വി. ആര്‍. ഗോപിനാഥ് ഓര്‍ക്കുന്നു.

ചെന്നൈയില്‍ രവിയേട്ടന്റെ വാടക വീട്ടില്‍ വച്ചാണ് കമ്പോസിംഗ്. ''മൂന്ന് ട്യൂണ്‍ ശരിയാക്കിയിട്ടുണ്ട്. ഇഷ്ടമുള്ളത് എടുക്കാം,'' ഹാര്‍മോണിയത്തിനു മുന്നിലിരുന്നു രവിയേട്ടന്‍ പറഞ്ഞു. ഘനഗംഭീരമെങ്കിലും ആര്‍ദ്രമായ ശബ്ദത്തില്‍ ആദ്യത്തെ ഈണം അദ്ദേഹം പാടിക്കേള്‍പ്പിച്ചപ്പോള്‍ തന്നെ ഞാന്‍ ഉറച്ചു കഴിഞ്ഞിരുന്നു, എന്റെ സിനിമയിലെ രേഷ്മയുടെ പാട്ട്.. ഇത് തന്നെ എന്ന്. പാട്ടില്‍ മുഴുകി നിശബ്ദനായി തരിച്ചിരുന്ന എന്നെ നോക്കി രവിയേട്ടന് ചോദിച്ച ചോദ്യം ഇപ്പോഴും ഓര്‍മയിലുണ്ട്: എന്താ ഗോപിക്ക് ഇഷ്ടമായില്ല എന്നുണ്ടോ? നൂറു വട്ടം ഇഷ്ടമായി എന്നായിരുന്നു എന്റെ മറുപടി. ''ഇഷ്ടപ്പെടുമെന്ന് എനിക്കറിയാം. മലയമാരുത രാഗത്തിന്റെ വശ്യതയാണത്. പ്രഭാതത്തിന്റെ വിശുദ്ധി മുഴുവന്‍ ഉണ്ട് ആ രാഗത്തില്‍.'' രവീന്ദ്രന്‍ പറഞ്ഞു. പാട്ടുകാരായി എസ്. ജാനകിയുടെയും ചിത്രയുടെയും പേരുകള്‍ ഒരുമിച്ചാണ് പൊന്തിവന്നത് . പക്ഷെ രവീന്ദ്രന് തെല്ലും ഉണ്ടായിരുന്നില്ല സംശയം : ചിത്ര പാടട്ടെ. ആ കുട്ടിയുടെ ശബ്ദത്തിലെ നിഷ്‌കളങ്ക ഭാവം പാട്ടിന് നന്നായി ഇണങ്ങും. എ.വി.എം.സി. തിയറ്ററില്‍ വച്ചുള്ള റെക്കോര്‍ഡിംഗിന് ശേഷം ചിത്രയെ മനസ്സ് തുറന്നു അഭിനന്ദിച്ചവരില്‍ പടത്തിലെ മറ്റൊരു പാട്ട് പാടാന്‍ എത്തിയ യേശുദാസും ഉണ്ടായിരുന്നു എന്നോര്‍ക്കുന്നു ഗോപിനാഥ്.

ഒരു 'സ്വകാര്യം' കൂടി പങ്കുവച്ചു അദ്ദേഹം: ''നീണ്ട ഒരു ഇടവേളയ്ക്കു ശേഷം പുതിയൊരു മലയാള പടത്തിന്റെ ആലോചനയിലാണ് ഞാന്‍.. എല്ലാം ഒത്തുവന്നാല്‍ ഈ വര്‍ഷാവസാനം നിര്‍മാണം തുടങ്ങും. പടത്തിന്റെ പേര് അറിയേണ്ടേ? 'പുലര്‍കാല സുന്ദര സ്വപ്‌നത്തില്‍.' ഗോപിനാഥ് ചിരിക്കുന്നു.

ഇന്ദുപുഷ്പം ചൂടിനില്‍ക്കും രാത്രി...

സ്റ്റുഡിയോയില്‍ വച്ച് പാട്ട് പഠിപ്പിച്ചു ഉടനടി റെക്കോര്‍ഡ് ചെയ്യുന്ന ശീലക്കാരാണ് ജോണ്‍സണും രവീന്ദ്രനും ഉള്‍പ്പെടെ മിക്ക സംഗീത സംവിധായകരും. പക്ഷെ ബോംബെ രവിയുടെ രീതി അതല്ല. പാട്ട് ഒരു ദിവസം മുന്‍പ് തന്നെ മിനക്കെട്ടിരുന്നു ഗായകരെ പഠിപ്പിക്കും അദ്ദേഹം മിക്കപ്പോഴും താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ വച്ച്. വൈശാലിയിലെ പാട്ടുകള്‍ നുങ്കംപാക്കം താജ് ഹോട്ടലിലെ മുറിയിലിരുന്നാണ് ബോംബെ രവി പഠിപ്പിച്ചു തന്നത് എന്നോര്‍ക്കുന്നു ചിത്ര. ''രവി സാര്‍ ഹാര്‍മോണിയം വായിക്കും. ഗായകന്‍ കൂടിയായ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ദിനേശ് പാടിത്തരും...'' ഈ പാട്ടുകളില്‍ ഒന്നാണ് രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള അവാര്‍ഡ് 1988 ല്‍ ചിത്രയ്ക്ക് നേടിക്കൊടുത്തത് 'ഇന്ദു പുഷ്പം ചൂടി നില്‍ക്കും രാത്രി ...' ചിത്രയുടെ മറ്റൊരു ക്ലാസിക്.

മറ്റു പല മറുനാടന്‍ സംഗീത സംവിധായകരെയും പോലെ ഈണം ആദ്യമിട്ടു പാട്ടെഴുതിക്കുന്ന ശൈലിയല്ല രവിശങ്കര്‍ ശര്‍മയുടെത്. വരികളുടെ അര്‍ഥം അറിഞ്ഞേ സംഗീതം നല്‍കാനിരിക്കൂ. അറിയാത്ത ഭാഷയില്‍ ഈണം പകരുന്നതിനു മുന്‍പ് ആ പ്രദേശത്തെ സംഗീത സംസ്‌കാരവുമായി പരിചയപ്പെടണമെന്ന് നിര്‍ബന്ധമുണ്ട് രവിയ്ക്ക്. നഖക്ഷതങ്ങളിലെ 'മഞ്ഞള്‍ പ്രസാദം' എന്ന ഗാനം ചിട്ടപ്പെടുത്തും മുന്‍പ് ഗുരുവായൂരില്‍ നേരിട്ട് ചെന്നു ക്ഷേത്ര പരിസരത്തെ സംഗീത അന്തരീക്ഷം ടേപ്പ് ചെയ്തു ആവര്‍ത്തിച്ചു കേട്ട കഥ ഒരിക്കല്‍ രവിജി തന്നെ വിവരിച്ചതോര്‍ക്കുന്നു.

ഈ വര്‍ഷം മാര്‍ച്ച് ഏഴിനായിരുന്നു രവിയുടെ വേര്‍പാട്. മുംബൈ സാന്താക്രൂസിലെ അദ്ദേഹത്തിന്റെ വീട്ടില്‍ അനുശോചനം അറിയിക്കാന്‍ ചെന്നതിന്റെ ഓര്‍മ നൊമ്പരമായി ചിത്രയുടെ മനസ്സിലുണ്ട്. ''എത്രയോ അനശ്വര ഗാനങ്ങള്‍ക്ക് ജന്മമേകിയ ആ ഹാര്‍മോണിയം സ്വീകരണമുറിയില്‍ അനാഥമായി ഇരിക്കുന്നു. പുഞ്ചിരിക്കുന്ന മുഖവുമായി ഹാര്‍മോണിയത്തില്‍ വിരലോടിക്കുന്ന രവി സാറിനെയാണ് എനിക്ക് ഓര്‍മ വന്നത്. കേരളത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മകളില്‍ എന്നും ഞാന്‍ ഉണ്ടായിരുന്നു എന്ന് മകള്‍ പറഞ്ഞുകേട്ടപ്പോള്‍ സന്തോഷം തോന്നി. ആശ്വാസവചനങ്ങളുമായി സിനിമാലോകത്ത് നിന്ന് പ്രതീക്ഷിച്ച പലരും എത്താതിരുന്നതിലായിരുന്നു അവര്‍ക്ക് ദുഃഖം.''

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്ന്...

രഘുനാഥ് സേട്ട് ആണ് ചിത്രയ്ക്ക് പാടാന്‍ അപൂര്‍വസുന്ദരമായ ഈണങ്ങള്‍ സൃഷ്ടിച്ചു നല്‍കിയ മറ്റൊരു ഉത്തരേന്ത്യന്‍ സംഗീത സംവിധായകന്‍... ആരണ്യകത്തിലെ 'ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വെച്ചില്ലേ...' എങ്ങനെ മറക്കാനാവും? പ്രകൃതിയോടു ഇണങ്ങിനില്‍ക്കുന്ന വരികളും ഈണവും.

സിനിമക്ക് വേണ്ടി പരസ്പരം ഒന്നിക്കും മുന്‍പ് തന്നെ പുല്ലാങ്കുഴല്‍ വിദഗ്ദനായ രഘുനാഥ് സേട്ടിനെ കുറിച്ച് ധാരാളം കേട്ടിരുന്നു. ഗാനരചയിതാവായ ഒ.എന്‍.വി. സപിക് മക്കേയുടെ ആഭിമുഖ്യത്തില്‍ തിരുവനതപുരത്ത് നടന്ന സേട്ടിന്റെ ബാംസുരി കച്ചേരി നേരിട്ട് കേട്ടത് വിശിഷ്ടമായ ഒരു അനുഭവമായിരുന്നു. നാട്യങ്ങളില്ലാത്ത സൗമ്യനായ കലാകാരന്‍. ആരണ്യകത്തില്‍ പാട്ടുകള്‍ സൃഷ്ടിക്കാന്‍ ഒരുമിച്ചിരുന്നപ്പോള്‍ സേട്ട് പറഞ്ഞു: ''ആദരണീയരും പ്രശസ്തരുമായ കവികളുടെ വരികള്‍ക്ക് മാത്രമേ ഞാന്‍ ഈണം പകരാരുള്ളൂ. കവിതയുടെ അര്‍ഥം ഗ്രഹിച്ചു ആശയത്തിന് പോറല്‍ പോലും ഏല്‍പ്പിക്കാതെ ഈണം നല്‍കുന്നതാണ് എന്റെ ശൈലി. ഭാഷ അതിനൊരു തടസ്സമാവില്ല.''

ആരണ്യകത്തിലെ ഗാനങ്ങള്‍ തന്നെയാണ് അതിനുള്ള ഏറ്റവും വലിയ സാക്ഷ്യം. എല്ലാം ആദ്യമെഴുതി ഈണമിട്ടവ. 'ഒരൊറ്റ മതമുണ്ടുലകിന്നുയിരാം' എന്ന കവിതയുടെ വൃത്തത്തിലാണ് 'ഒളിച്ചിരിക്കാന്‍' എന്ന പാട്ട് എഴുതിക്കൊടുത്തതെന്നു ഓര്‍ക്കുന്നു ഒ.എന്‍.വി. ''വരികളുടെ അര്‍ഥം ചോദിച്ചു മനസ്സിലാക്കിയ ശേഷം സമീപത്തുള്ള ഒരു മുറിയുടെ എകാന്തതയിലേക്ക് ഉള്‍വലിയുന്നു സേട്ട് . കൂട്ടിന് സന്തതസഹചാരിയായ ഹാര്‍മോണിയം മാത്രം. ശാന്തവും ദീര്‍ഘവുമായ ആ തപസ്സിനു ശേഷം പുറത്തു വന്ന് ഒന്നൊന്നായി പാട്ടുകള്‍ പാടി കേള്‍പ്പിക്കുന്നു അദ്ദേഹം. ''ഒരു മലയാളിയല്ല ആ പാട്ടുകള്‍ ചിട്ടപ്പെടുത്തിയതെന്നു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.''

പതിവിലും ഏറെ സമയം വേണ്ടിവന്നു ഒളിച്ചിരിക്കാന്‍ എന്ന പാട്ട് റെക്കോര്‍ഡ് ചെയ്തു തീര്‍ക്കാന്‍ എന്നോര്‍ക്കുന്നു ചിത്ര. ''ധാരാളം സ്‌പെഷ്യല്‍ എഫക്ട്‌സ് ഉള്ള ഗാനമായതുകൊണ്ടാണ്. മുരുകേഷ് അണ്ണന്റെ വകയായിരുന്നു എഫക്ട്‌സ് എന്നാണ് ഓര്‍മ്മ. പ്രകൃതിയുടെ സൗന്ദര്യം മുഴുവന്‍ മനസ്സിലേക്ക് ആവാഹിച്ച് വേണം പാടാന്‍ എന്നാണ് രഘുനാഥ് ജി എനിക്ക് നല്‍കിയ നിര്‍ദേശം. പാട്ട് റെക്കോര്‍ഡ് ചെയ്തു കേട്ടപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായി.''

വരുവാനില്ലാരുമിന്നൊരു നാളും...

'വരുവാനില്ലാരുമിന്നൊരു നാളും' എന്ന മണിച്ചിത്രത്താഴിലെ പാട്ട് കേള്‍ക്കുമ്പോള്‍ ഇന്നും ചിത്രയുടെ മനസ്സില്‍ തെളിയുക ചെന്നൈ പ്രസാദ് സ്റ്റുഡിയോയിലെ വിജനമായ റെക്കോര്‍ഡിംഗ് മുറിയാണ്. ''വലിയൊരു ഹാളിലാണ് റെക്കോര്‍ഡിംഗ്. കാര്യമായ വെളിച്ചമില്ല. ഇരുളടഞ്ഞ ആ മുറിയില്‍ നിന്ന് പാടുമ്പോള്‍ ശരിക്കും ഭയം തോന്നി. കണ്‍സോളില്‍ സംഗീത സംവിധായകന്‍ രാധാകൃഷ്ണന്‍ ചേട്ടന്‍ മാത്രം. പരിഭ്രമം കൊണ്ടാവണം, ആദ്യം പാടിയപ്പോള്‍ അത്ര ശരിയായില്ല. ചില സ്ഥലങ്ങളില്‍ ശ്വാസം പിടിച്ചു പാടേണ്ടതുണ്ടായിരുന്നു. ആ ഭാഗങ്ങള്‍ വീണ്ടും എടുക്കേണ്ടി വന്നു. എങ്കിലും പലരും ആ പാട്ടിനെ സ്‌നേഹിക്കുന്നു എന്നറിയുമ്പോള്‍ സന്തോഷം തോന്നും.'' മധു മുട്ടത്തിന്റെ ഗൃഹാതുര സ്പര്‍ശമുള്ള വരികളില്‍ ഹരികാംബോജിയുടെ സൗന്ദര്യം ചാലിച്ച് ചേര്‍ക്കുകയായിരുന്നു രാധാകൃഷ്ണന്‍.
'കുമ്മാട്ടി'യിലാണ് ചിത്ര ആദ്യം രാധാകൃഷ്ണന് വേണ്ടി പാടിയത്. പിന്നണിഗായികയെന്ന നിലയില്‍ വഴിത്തിരിവായ പാട്ടും രാധാകൃഷ്ണന്റെ സൃഷ്ടി തന്നെ ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ 'രജനീ പറയൂ...' രാധാകൃഷ്ണന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് ശബ്ദം പകര്‍ന്നത് ചിത്രയുടെ അച്ഛന്‍ കരമന കൃഷ്ണന്‍ നായര്‍ ആണെന്ന പ്രത്യേകത കൂടിയുണ്ട്. ആകാശവാണി ജീവിതത്തിന്റെ ആരംഭകാലത്തായിരുന്നു അത്. ചിത്രയ്ക്ക് വേണ്ടി രാധാകൃഷ്ണന്‍ ഒരുക്കിയ ഈണങ്ങളില്‍ 'കാറ്റേ നീ വീശരുതിപ്പോള്‍...', 'ഒരു മുറൈ വന്ത്...', 'അമ്പലപ്പുഴെ...', 'മഴവില്‍ കൊതുമ്പിലേറി വന്ന...', 'പൊന്നാര്യന്‍ പാടം...' എന്നിവ മികച്ചു നില്‍ക്കുന്നു.

ഒരു രാത്രി കൂടി വിടവാങ്ങവേ...

ചിത്രയുടെ ശബ്ദത്തിലെ പ്രണയ ഭാവം ഏറ്റവും ഔചിത്യ പൂര്‍വം പ്രയോജനപ്പെടുത്തിയത് വിദ്യാസാഗര്‍ തന്നെ. സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ യേശുദാസിനോപ്പം പാടിയ 'ഒരു രാത്രി കൂടി വിട വാങ്ങവേ...' എങ്ങനെ മറക്കാനാകും? വിദ്യാസാഗറിന്റെ വര്‍ഷവല്ലകി സ്റ്റുഡിയോയിലായിരുന്നു ഗിരീഷ് പുത്തഞ്ചേരി രചിച്ച ആ പാട്ടിന്റെ പിറവി. 'സാധാരണ ട്യൂണിടുന്നതിനു മുന്‍പ് ഞാന്‍ സംവിധായകരോട് പറയാറുള്ള ഒരു കാര്യമുണ്ട്: ഞാന്‍ ഉണ്ടാക്കുന്ന ട്യൂണ്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടുകയാണെങ്കില്‍ അത് നിര്‍ദയം തള്ളിക്കളയുക. മറിച്ച്, ആദ്യം കേള്‍ക്കുമ്പോള്‍ ആശയക്കുഴപ്പം തോന്നുകയും പതുക്കെ മനസ്സിലേക്ക് പിടിച്ചുകയറുകയും ചെയ്യുന്ന ട്യൂണ്‍ ആണെങ്കില്‍ മാത്രം ഓക്കെ ചെയ്യുക. ആദ്യം പറഞ്ഞ ഈണങ്ങള്‍ അല്‍പായുസ്സുകളായിരിക്കും. രണ്ടാമത്തേ ജനുസ്സില്‍ പെട്ടവയാണ് കാലത്തെ അതിജീവിക്കുക. ഒരു രാത്രി കൂടിയുടെ സ്ഥാനം രണ്ടാമത്തെ വിഭാഗത്തിലാണ്...'' ആ ഗാനം മിക്‌സ് ചെയത ശേഷം ആദ്യം കേട്ടവരില്‍ ഒരാള്‍ ഗായിക സുജാത ആയിരുന്നു എന്നോര്‍ക്കുന്നു വിദ്യാസാഗര്‍. പാട്ട് കേട്ട് സുജാത പൊട്ടിക്കരഞ്ഞു. ''ഇന്നും ആ ഗാനത്തിന്റെ തുടക്കത്തിലെ ഹമ്മിംഗ് കേള്‍ക്കുമ്പോഴേ എന്റെ കണ്ണു നിറയും. ചിത്രയുടെ എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നാണത്.'' സുജാത പറയുന്നു.

കണ്ണാളനെ...

ഇനി പലര്‍ക്കും അറിയാത്ത ഒരു കഥ. ചിത്രയുടെ പ്രശസ്തമായ ഒരു പാട്ടിന്റെ പിന്നണിയില്‍ സുജാത കോറസ് പാടിയ ചരിത്രമുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരനുഭവം. സംഗീത സംവിധായകന് എ.ആര്‍. റഹ്മാന്റെ ആഗ്രഹപ്രകാരമാണ് ബോംബെയിലെ 'കണ്ണാളനേ...' എന്ന ഗാനത്തിന്റെ കോറസില്‍ പാടാന്‍ സുജാതയും ഗംഗയും ഉള്‍പ്പെടെയുള്ള ഗായകര്‍ സന്തോഷപൂര്‍വം തയ്യാറായത്. ''റഹ്മാന്റെ സ്റ്റുഡിയോയില്‍ വച്ച് കണ്ണാളനേ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഗാനസന്ദര്‍ഭം ആരും എനിക്ക് പറഞ്ഞു തന്നിരുന്നില്ല,'' ചിത്ര ഓര്‍ക്കുന്നു, ''ട്യൂണ്‍ കേട്ട് പഠിച്ചപ്പോള്‍ ഒരു നേര്‍ത്ത ശോകച്ഛായയില്ലേ എന്ന് സംശയം. അതുകൊണ്ട് തന്നെ ശോകഭാവത്തിലാണ് ഞാന്‍ പാടിയത്. പാടിത്തീര്‍ന്നപ്പോള്‍ റഹ്മാന്‍ അടുത്തു വന്ന് പറഞ്ഞു: ''ചിത്രാജി, ശോകമല്ല ഈ പാട്ടില്‍ വേണ്ടത്. ഇതൊരു പ്രണയ പ്രതീക്ഷയുടെ ഗാനമാണ്.. ഹാപ്പിയായി പാടുങ്കോ..ആ പാട്ട് ഒരു ചിരിയോടെ തന്നെ എന്നെകൊണ്ട് പാടിച്ചെടുത്തു റഹ്മാന്‍. ''

കുഴലൂതും കണ്ണനുക്ക്...

ഇന്ത്യന്‍ സംഗീതത്തിലെ മഹാരഥന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് സിനിമ തനിക്കു കനിഞ്ഞു നല്‍കിയ ഭാഗ്യമെന്നു വിശ്വസിക്കുന്നു ചിത്ര. ആര്‍.ഡി. ബര്‍മനും എം.എസ്.വിശ്വനാഥനും ഇളയരാജയും എ.ആര്‍. റഹ്മാനും ദക്ഷിണാമൂര്‍ത്തിയും കെ. രാഘവനും ഹംസലേഖയും ഉഷാ ഖന്നയും എല്ലാം ഉണ്ടവരില്‍. .. രണ്ടു ജീനിയസ്സുകള്‍ക്ക് വേണ്ടി ഒരേ സമയം പാടാന്‍ കഴിഞ്ഞതാണ് അക്കൂട്ടത്തിലെ വേറിട്ട അനുഭവം. 'മെല്ലെ തിറന്തത് കനവ്' എന്ന തമിഴ് ചിത്രത്തില്‍ ചിത്രയ്ക്ക് പാടാന്‍ 'കുഴലൂതും കണ്ണനുക്ക്.. ' എന്ന പാട്ടൊരുക്കിയത് എം.എസ്.വി.യും ഇളയരാജയും ചേര്‍ന്ന്.

രണ്ടു ലജന്‍ഡുകള്‍... തെന്നിന്ത്യന്‍ സിനിമയിലെ രണ്ടു വ്യത്യസ്ത യുഗങ്ങളെ അനശ്വര ഈണങ്ങളാല്‍ ദീപ്തമാക്കിയ അസാമാന്യ പ്രതിഭകള്‍... എ. വി.എം. 'ആര്‍.ആര്‍.' സ്റ്റുഡിയോയില്‍ റെക്കോഡിംഗിനു ചെല്ലുമ്പോള്‍ പ്രതിഭകളുടെ ഒരു നിര തന്നെ അവിടെ കാത്തിരിക്കുന്നു.''എം.എസ്.വി. സാറിന്റെയും രാജാസാറിന്റെയും ഓര്‍ക്കസ്ട്രയിലെ അംഗങ്ങള്‍ ഒരുമിച്ചിരിക്കുന്നത് ഒരപൂര്‍വകാഴ്ചയായിരുന്നു. ഗാനത്തിന്റെ മെലഡി ഭാഗം എം.എസ്.വി. സാറും വാദ്യവിന്യാസം രാജാ സാറുമാണ് കൈകാര്യം ചെയ്തത് എന്നാണ് ഞാന്‍ അറിഞ്ഞത്. എന്തായാലും എന്നെ പാട്ട് പഠിപ്പിച്ചു തന്നത് രാജാ സാറിന്റെ അസിസ്റ്റന്റ്‌റ് സുന്ദര്‍ രാജന്‍ ആണ്. ഹാര്‍മോണിയം വായിച്ചത് എം.എസ്.വി സാറും. പശ്ചാത്തലത്തില്‍ കീബോര്‍ഡ് കൈകാര്യം ചെയ്തത് അന്ന് ദിലീപ് ആയിരുന്ന റഹ്മാന്‍ ആണെന്നാണ് ഓര്‍മ. അത് ശരിയാണെങ്കില്‍, മൂന്ന് ജീനിയസ്സുകളുടെ സംഗമം ആയിരുന്നു ആ പാട്ട്. ഇനി അത്തരമൊരു പാട്ട് ഉണ്ടാകുമോ എന്നറിയില്ല...''

രസകരമായ അനുഭവമായിരുന്നു ഗാനലേഖനം. കണ്‍സോളില്‍ ഇരുന്ന് തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു എം.എസ്.വി. സാറും രാജാ സാറും. രണ്ടുപേരും ആസ്വദിച്ചു സംഗീതം ചെയ്യുകയാണെന്ന് ഒറ്റനോട്ടത്തില്‍ അറിയാം. ഈഗോയുടെ നേരിയ അംശം പോലുമില്ലാത്ത അന്തരീക്ഷം. ഇന്നും ആ പാട്ട് പാടുമ്പോള്‍ രണ്ടു പ്രതിഭകളുടെയും ശൈലികളുടെ സ്വാധീനം എനിക്ക് അനുഭവപ്പെടാറുണ്ട്. എം.എസ്.വി. സാറിന്റെ മെലഡിയും രാജാ സാറിന്റെ ഫ്രെയ്‌സിംഗും സമ്മേളിച്ച ഗാനം.''

ഒവ്വൊരു പൂക്കളുമേ സൊല്‍കിറതേ...

'മനസ്സില്‍ ഒരു മൗന പ്രാര്‍ത്ഥനയോടെയാണ് ചില പാട്ടുകള്‍ പാടിത്തുടങ്ങുക. ഈശ്വരാ, നല്ലൊരു പാട്ടാണ്... ശ്രദ്ധിക്കപ്പെടാതെ പോകരുതേ എന്ന്. അത്തരമൊരു പാട്ടായിരുന്നു ഓട്ടോഗ്രാഫിലേത്: ''ഒവ്വൊരു പൂക്കളുമേ സൊല്‍കിറതേ, വാഴ് വെന്‍ട്രാല്‍ പോരാടും പോര്‍ക്കളമേ ....'' പാ വിജയ് എഴുതിയ വരികളില്‍ നിറയെ പ്രതീക്ഷയുടെ കിരണങ്ങള്‍ മാത്രം. ജീവിതത്തിലെ പ്രതിസന്ധികള്‍ ആത്മവിശ്വാസത്തോടെ തരണം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന കവിത. സംഗീതം: ഭരദ്വാജ്.

ചെന്നൈ ശശി സ്റ്റുഡിയോയില്‍ ആ പാട്ട് പാടി റെക്കോര്‍ഡ് ചെയ്തു തിരിച്ചുപോന്ന ചിത്രയെ തേടി രണ്ടു ദിവസത്തിനകം സംവിധായകന്‍ ചേരന്റെ ഫോണ്‍ കോള്‍ .'ഒന്ന് കൂടി വന്ന് പാടിത്തരണം. ചില വരികള്‍ക്ക് അത്ര വ്യക്തത പോരാ.' രണ്ടാമതും ചെന്നു പാടിയപ്പോള്‍ ചേരന്‍ പൂര്‍ണ തൃപ്തന്‍. അദ്ദേഹം അന്ന് പറഞ്ഞ വാക്കുകള്‍ ചിത്രയുടെ ഓര്‍മയിലുണ്ട്: ''ഈ പാട്ട് നമുക്കെല്ലാവര്‍ക്കും ദേശീയ അവാര്‍ഡ് നേടിത്തരും. നോക്കിക്കോളൂ.'' എല്ലാവര്‍ക്കും കിട്ടിയില്ലെങ്കിലും മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് ചിത്രയ്ക്ക് നേടിക്കൊടുത്തു ഒവ്വൊരു പൂക്കളുമേ. ''അവാര്‍ഡ് വിവരം അറിഞ്ഞു എനിക്ക് ആദ്യം ബൊക്കെ അയച്ചത് ചേരന്‍ സാര്‍ ആണ്.'' ചിത്ര ഓര്‍ക്കുന്നു.

ഓട്ടോഗ്രാഫില്‍ ഈ ഗാന രംഗത്തിനു ലൈവ് ആയി അകമ്പടി സേവിച്ചതു അന്ധകലാകാരന്മാരുടെ ''രാഗപ്രിയ'' ഓര്‍ക്കസ്ട്ര ആയിരുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ''ആത്മഹത്യക്കൊരുങ്ങിയ ഒരാള്‍ 'ഒവ്വൊരു പൂക്കളുമേ' കേട്ട് ആ സാഹസത്തില്‍ നിന്ന് പിന്തിരിഞ്ഞുവെന്നറിഞ്ഞപ്പോള്‍ ആഹ്ലാദവും സംതൃപ്തിയും തോന്നി.'' ഓര്‍ക്കസ്ട്രയുടെ തലവന്‍ എം.സി.ഗോമകന്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ഒരു ദേശീയ ഗാനത്തിന്റെ സ്റ്റാറ്റസ്സിലേക്ക് ഉയര്‍ന്ന ഈ പാട്ട് മധുരൈ കാമരാജ് ഉള്‍പ്പെടെ നിരവധി സര്‍വകലാശാലകളുടെ സിലബസ്സിന്റെ ഭാഗമാണിന്ന്. ഒരു ചലച്ചിത്ര ഗാനത്തിന് കീഴടക്കാവുന്ന ഏറ്റവും വലിയ ഉയരം.