MATHRUBHUMI RSS
Loading...
വസ്ത്രാലങ്കാരം: ഷീബ പ്രഭു
കെ.ജി.കാര്‍ത്തിക

സ്വന്തമായി ഡിസൈന്‍ ചെയ്ത പൊട്ട് തൊട്ട് കോളേജിലെത്തിയ പെണ്‍കുട്ടിയെ കൂട്ടുകാര്‍ കളിയാക്കി.പക്ഷേ, അതൊന്നും കേട്ട് ആ പെണ്‍കുട്ടി തളര്‍ന്നില്ല.കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ തന്റെ മനസ്സിന്റെ ആഴങ്ങളില്‍ കിടന്ന രൂപങ്ങള്‍ കൊണ്ട് തുണികളില്‍ അലങ്കാരപ്പണികള്‍ ചെയ്യാന്‍ തുടങ്ങി.അപ്പോഴും അവര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ഇതിന്റെ ക്ലൈമാക്‌സ് ഇങ്ങനെ ആയി ത്തീരുമെന്ന്. ഇവരുടെ മുഖം നമുക്ക് പരിചയമുണ്ടാവില്ല. അവര്‍ നെയ്ത വസ്ത്രങ്ങള്‍ നടീനടന്മാര്‍ ഇടുമ്പോള്‍ നമ്മളെ അത് ആകര്‍ഷിച്ചിട്ടുണ്ട്.

മലയാള സിനിമ മേഖലയില്‍ ഷീബ പ്രഭു ഇപ്പോള്‍ സജീവമാണ്.ചട്ടക്കാരിയില്‍ ഷംന കാസിം അണിഞ്ഞ ഫ്രോക്കുകള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. .ഇതു മാത്രമല്ല, നായിക, കുഞ്ഞളിയന്‍ എന്നീ മലയാള ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നടത്തിയതും ഷീബയാണ്.

സിനിമാ മേഖലയിലേക്കത്തുന്നത് സിനിമാ സംവിധായകനായ ഭര്‍ത്താവ് പ്രഭു രാധാകൃഷ്ണന്‍ (രോഹന്‍ രാധാകൃഷ്ണന്‍) വഴിയാണ്.

തിരുവനന്തപുരത്താണ് വേരുകളെങ്കിലും തമിഴ്‌നാടിന്റെ മണ്ണാണ് കോസ്റ്റിയൂം ഡിസൈനറായി ഷീബയെ വളര്‍ത്തിയത്. ചെന്നൈയിലെ താമസമാണ് ഷീബയുടെ ജീവിതഗതി മാറ്റുന്നത്. പ്രഭു രാധാകൃഷ്ണന്റെ കൂടെയാണ് ഷീബ ചെന്നൈയില്‍ എത്തുന്നത്.ആദ്യ കാലങ്ങളില്‍ പരസ്യ ചിത്രങ്ങളില്‍ കോസ്റ്റിയൂം ചെയ്തിരുന്ന ഇവര്‍ പരമപദം എന്ന ഹ്രസ്വ ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് ചേക്കേറി. രോഹന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത പട്ടാളം എന്ന ചിത്രത്തിലാണ് മുഴുനീള കോസ്‌ററ്യൂം ജോലികള്‍ ചെയ്തത്.ബാംഗ്ലൂര്‍ റോയല്‍ സ്‌കൂള്‍ ഓഫ് ഫാഷനില്‍ നിന്നുമാണ് ഫാഷന്‍ ഡിസൈനിങ് പഠിച്ചത്.സംവിധായകന്‍ ജയരാജുമായുളള സൗഹൃദമാണ് ഷീബയെ മലയാള സിനിമയ്ക്ക് സുപരിചിതയാക്കുന്നത്.ജയരാജ് സംവിധാനം ചെയ്ത നായിക എന്ന ചിത്രമാണ് ഷീബ വസ്ത്രാലങ്കാരം നടത്തിയ ആദ്യ മലയാള ചിത്രം.

നായികയിലെ വസ്ത്രാലങ്കാരത്തിന് എന്‍.പി അബു അവാര്‍ഡ് ഷീബയെ തേടിയെത്തി.ഈ ജോലിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടുമെന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞ വാക്കുകളാണ് തനിക്ക് കിട്ടിയ വലിയ ബഹുമതിയെന്ന് ഷീബ പറയുന്നു. വെല്ലുവിളി ഉയര്‍ത്തുന്ന ജോലി തന്നെയായിരുന്നു നായിക എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരം. പ്രേംനസീറും ശാരദയും അണിഞ്ഞ വസ്ത്രങ്ങള്‍ പുനഃസൃഷ്ടിക്കുക ബുദ്ധിമുട്ടേറിയ ജോലി ആയിരുന്നു. വസ്ത്രാലങ്കാരത്തില്‍ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ചട്ടക്കാരി.ഷീബയുടെ സര്‍ഗാത്മകമായ കഴിവുകള്‍ ഉപയോഗിക്കാന്‍ അവസരം ലഭിച്ച ചിത്രം കൂടിയാണിത്.

കുറുമൊഴിയുടെ എന്നു തുടങ്ങുന്ന ഗാനത്തില്‍ ഷംന കാസിം ഇടുന്ന ഫ്രോക്കുകളില്‍ പലതും സാരികള്‍ വെട്ടിത്തുന്നി മനോഹരമാക്കിയതാണെന്ന് ഷീബ പറയുന്നു. ചെയ്ത സിനിമകളില്‍ ഏതാണ് പ്രിയമെന്നു ചോദിച്ചാല്‍ ചട്ടക്കാരിയെന്നു പറയാനാണ് ഷീബയ്ക്കിഷ്ടം.ഇവര്‍ വസ്ത്രാലങ്കാരം ചെയ്യാന്‍ തുടങ്ങിയിട്ട് 11 വര്‍ഷമാകുന്നു.മലയാളത്തില്‍ സജീവമായിട്ട് രണ്ട് വര്‍ഷവും.

തിരുവനന്തപുരം ഗവ ആര്‍ട്‌സ് കോളേജില്‍നിന്നാണ് ബിരുദം എടുത്തത്.കൊച്ചിയിലെത്തിയിട്ട് രണ്ടു വര്‍ഷം കഴിയുന്നു.തമ്മനത്തിനടുത്തുള്ള ഫ്ലാറ്റില്‍ ഭര്‍ത്താവിനും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ദിയയ്ക്കും ഒപ്പമാണ് താമസം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മദിരാശിയും വി.എം വിനു സംവിധാനം ചെയ്ത ഫേസ് ടു ഫേസ്, ലാല്‍ ജോസിന്റെ അസിസ്റ്റന്റ് ഗിരീഷ് സംവിധാനം ചെയ്യുന്ന നിക്കോ നാച്ചാ(നിന്നെ കൊല്ലും ഞാനും ചാവും) എന്നീ ചിത്രങ്ങളുടെ ജോലികള്‍ കഴിഞ്ഞുള്ള ഇടവേളയാണിപ്പോള്‍.