MATHRUBHUMI RSS
Loading...
ലഹരിവിരുദ്ധ പാതയിലെ പെണ്‍കരുത്ത്‌

ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം തേടിയെത്തിയത് പ്രൊഫ.ഒ.ജെ.ചിന്നമ്മയെ. ഈ മേഖലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ആദ്യ പുരസ്‌കാരം അര്‍ഹിക്കുന്ന കൈകളില്‍ത്തന്നെ എത്തിയതിന്റെ ചരിതാര്‍ഥ്യമാണ് ടീച്ചറെ അറിയുന്നവര്‍ക്കെല്ലാം. മൂന്നു ദശാബ്ദകാലത്തെ ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ സംസ്‌കൃതവിഭാഗം അധ്യക്ഷയായിരുന്ന ചിന്നമ്മ ടീച്ചര്‍, കേരള മദ്യനിരോധനസമിതി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്. മദ്യവിരുദ്ധ മേഖലയില്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്ന, മഹിള ജനതയുടെ സംസ്ഥാന അധ്യക്ഷ എം.പി. നാണിയമ്മ ടീച്ചറുടെ മരുമകള്‍ക്ക് പോരാട്ടവീര്യം തേടി മറ്റെവിടെയും പോകേണ്ടതില്ലായിരുന്നു. 74 ദിവസം നീണ്ടുനിന്ന കുരിശുപള്ളി ചാരായഷാപ്പ് വിരുദ്ധസമരത്തിലും 127 ദിവസം പൊരുതിജയിച്ച മാനാഞ്ചിറ വിദേശമദ്യഷാപ്പ് വരുദ്ധ പ്രക്ഷോഭത്തിലും കക്കാടന്‍പൊയില്‍ ലഹരിവിരുദ്ധ ഗ്രാമമാക്കിയതിനു പിന്നിലും ബംഗ്ലാദേശ് കോളനിയുടെ ദൈന്യമുഖം ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിലും ഈ കോളേജ് അധ്യാപികയുടെ അടങ്ങാത്ത ആവേശവും നിതാന്തജാഗ്രതയുമുണ്ടായിരുന്നു.

വനിതകളെ സംഘടിപ്പിക്കല്‍, ബോധവത്കരണം, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസ്സുകള്‍, മദ്യാസക്തിയില്‍നിന്ന് മോചനം തേടുന്നവര്‍ക്കുള്ള ചികിത്സ എന്നിങ്ങനെ കര്‍മനിരതയാണ് ടീച്ചര്‍. കോളേജില്‍ ആന്റിഡ്രഗ്‌സ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയ്ക്ക് ഇവര്‍ താങ്ങും തണലുമായിരുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ എവിടെയും മുന്നില്‍ ടീച്ചറുണ്ടാവും.

കോളേജിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യങ്ങള്‍ക്ക് മടിക്കാതെ ആശ്രയിക്കാവുന്ന അഭയസ്ഥാനവുമായിരുന്നു.

വിദ്യാര്‍ഥികള്‍തന്നെയാണ് ഇവര്‍ക്ക് ആദ്യം 'ബെസ്റ്റ് ടീച്ചര്‍' അവാര്‍ഡ് നല്കിയത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നാലുവര്‍ഷം നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസറായിരുന്നു. അക്കാലത്ത് നടന്ന എയ്ഡ്‌സ് ബോധവത്കരണം, രക്തദാനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കാമ്പസ് ഹരിതവത്കരണം എന്നിവയിലെ മികവ്, 1998-ലെ മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കി.

എസ്.സി.ഇ.ആര്‍.ടി. കരിക്കുലം കമ്മിറ്റിയിലും കോഴിക്കോട്, കണ്ണൂര്‍, മഹാത്മാഗാന്ധി സര്‍വകലാശാലകളിലെ പഠനബോര്‍ഡുകളിലും ശ്രീശങ്കരാചാര്യ, കണ്ണൂര്‍ സര്‍വകലശാലകളിലെ ഫാക്കല്‍റ്റിയിലും ടീച്ചര്‍ അംഗമായിരുന്നിട്ടുണ്ട്.

ജീവകാരുണ്യ ട്രസ്റ്റ് മെമ്പര്‍, ഗാന്ധിപീസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് മെമ്പര്‍, കേരള പ്രൈവറ്റ് കേളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വനിതാ കണ്‍വീനര്‍, വിചാര്‍വിഭാഗം വൈസ് പ്രസിഡന്റ്, ഭാഷാ സമന്വയവേദി അംഗം എന്നീ നിലകളിലും ഇവരുടെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.

മികച്ച അധ്യാപിക, സാമൂഹികപ്രര്‍ത്തക എന്നീ നിലകളില്‍ വിവിധ വേദികളില്‍ ടീച്ചര്‍ ആദരിക്കപ്പെട്ടിട്ടുണ്ട്.

ലോകവനിതാ ദിനത്തിന്റെ 101-ാം വാര്‍ഷികദിനത്തില്‍ കേഴിക്കോട്ടു നടന്ന 'തന്റേടം ജെന്‍ഡര്‍ ഫെസ്റ്റി'ല്‍ ആദരിക്കപ്പെട്ട സംസ്ഥാനത്തെ 101 പ്രമുഖ വനിതകളില്‍ ഒരാള്‍ പ്രൊഫ. ഒ.ജെ. ചിന്നമ്മയായിരുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് തുകയായ 10,000 രൂപ ടീച്ചര്‍ മദ്യനിരോധന സമിതിക്ക് സമര്‍പ്പിച്ചിരിക്കയാണ്.

മദ്യനിരോധന സമിതി സംസ്ഥാന ജന. സെക്രട്ടറിയും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് അധ്യാപകനുമായിരുന്ന പ്രൊഫ. ടിഎം. രവീന്ദ്രനാണ് ഭര്‍ത്താവ്. മദ്യം എന്ന സമൂഹവിപത്തിനെതിരെയുള്ള നിരന്തരപോരാട്ടവും സമര്‍പ്പണവുമാണ് ഈ ദമ്പതിമാര്‍ക്ക് ജീവിതം.

രണ്ട് ആണ്‍മക്കള്‍: അരുണ്‍ രവീന്ദ്രനും ആരിഫ് രവീന്ദ്രനും. മരുമകള്‍: ഡോ.പൊന്നമ്പളിയും പേരക്കുട്ടി അല്‍മികയും അടങ്ങുന്നതാണ് തലക്കുളത്തൂര്‍ കച്ചേരിയിലെ സൂര്യ മന്‍സിലിലെ ചിന്നമ്മ ടീച്ചറുടെ കുടുംബം.