MATHRUBHUMI RSS
Loading...
ലീലാതിലകം
എല്‍.മീര

ഇത് ലീല കനവ്; പണിയരുടെ ഇളംതലമുറക്കാരി. പ്രകൃതി ഏറെ അനുഗ്രഹിച്ച വയനാട്ടിലെ നടവയല്‍ എന്ന തന്റെ പ്രദേശത്തുനിന്നും അവള്‍ ഏറെ നടന്നുകയറിയിരിക്കുന്നു. ഗോത്രവര്‍ഗത്തില്‍ നിന്നും സ്വന്തമായി ഡോക്യുമെന്ററി സംവിധാനം ചെയ്ത് ലീല ചരിത്രം എഴുതിയിരിക്കുന്നു. 'ഗോത്രപ്പഴമ' എന്ന 34 മിനിട്ടുള്ള ഡോക്യുമെന്ററിയുടെ സംവിധാനവും തിരക്കഥയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ലീലയാണ്. വയനാട്ടുകാരുടെ ഒരു കൂട്ടായ്മയാണ് ചിത്രം. സന്തോഷ് ഛായാഗ്രഹണവും ജിജോ ചിത്രസംയോജനവും കൈകാര്യം ചെയ്തിരിക്കുന്നു. നിര്‍മാണം തിരുവനന്തപുരം സ്വദേശിയായ രാജന്‍ റോബര്‍ട്ടാണ്.

27 കാരിയായ ലീലയുടെ അച്ഛന്‍ പരേതനായ ശ്രീധരന്‍ കൂലിപ്പണിക്കാരനായിരുന്നു. അമ്മ റാണി. ലീലയുള്‍പ്പെടെ നാലുമക്കള്‍, മൂന്നുപെണ്ണും ഒരാണും. എല്ലാ കൗതുകങ്ങളുമുള്ള ബാല്യം. വീടിന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. കെ.ജെ. ബേബി നേതൃത്വം നല്‍കുന്ന കനവ്. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും വേറിട്ടുനടക്കുന്ന കനവ് സ്‌കൂളില്‍ ലീല വിദ്യാര്‍ഥിനിയായി. കനവ് ജീവിതത്തിന് പുതിയ കനവുകള്‍ സമ്മാനിച്ചു.

വയനാട്ടിലെ ഒരു ഗോത്രവര്‍ഗ വിഭാഗമാണ് പണി ചെയ്യുന്നവര്‍ എന്നര്‍ഥം വരുന്ന 'പണിയ' വിഭാഗം. പ്രധാന വരുമാനം പണ്ട് കൊട്ട നെയ്ത്തായിരുന്നു. കാലം മുന്നോട്ടുപോയതോടെ ആവശ്യങ്ങളും ജീവിതരീതിയും മാറിയതോടെ കൊട്ടനെയ്ത്തും മറ്റു പല കുലത്തൊഴിലുകളും ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും അവര്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങി.

തന്റെ ചുറ്റുപാടുകള്‍ ഒരുപാട് മാറിയെങ്കിലും പണി ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള ലീലയ്ക്ക് പഴമയെന്നു പറഞ്ഞ് ഒന്നിനെയും തള്ളിക്കളയാനാകുന്നില്ല. തന്റെ വേരുകളെയും ശീലങ്ങളെയും അവള്‍ എന്നും തേടിക്കൊണ്ടേയിരുന്നു.

സ്വന്തമായ സിലബസില്‍ അതിരുകളില്ലാത്ത പഠനം, അതായിരുന്നു അവിടെ. ബേബി മാമന്റെ കുട്ടിയായി ഏഴുവയസ്സു മുതല്‍ അവിടെക്കൂടി. ഭാഷകള്‍, വിവിധ വിഷയങ്ങള്‍, കളരി, യോഗ, സംഗീതം, നാടന്‍പാട്ട്, പാരമ്പര്യം, ചരിത്രം, കൂടാതെ യാത്രകളും. ക്ലാസ് മുറിയുടെ നാലുചുവരിലൊതുങ്ങാതെ ലോകത്തെ ക്ലാസ്മുറിയാക്കുന്ന പഠനം. നടവയലില്‍നിന്നും വയനാടിനെ പഠിച്ച്, പിന്നെ കേരളത്തെ പഠിച്ച് പിന്നെ തന്റെ രാജ്യത്തെയും ലോകത്തെയും പഠിച്ച് - ക്രമേണയുള്ള പഠനം അതായിരുന്നു കനവില്‍. കനവിലൂടെ ലീല മിടുക്കിക്കുട്ടിയായി. വളര്‍ന്നപ്പോള്‍ പേരിന്റെ കൂടെ കനവിനെയും കെട്ടിയിട്ടു- ലീല കനവ്.

ലീല ഇപ്പോഴും കനവിന്റെ ഭാഗമാണ്. താമസം കനവിലാണ്, കൂടാതെ കനവ് ട്രസ്റ്റിന്റെ ഭരണച്ചുമതലയുണ്ട്. പല കാര്യങ്ങള്‍ പഠിച്ചപ്പോള്‍ ലീലയുടെ ലോകം വലുതായി. തന്റെ ആള്‍ക്കാരുടെ വേദനയും നിസ്സഹായതയും കൂടുതല്‍ ആരെയൊക്കെയോ അറിയിക്കണമെന്നു തോന്നി. കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ മികച്ച വഴിയായി കാഴ്ചയുടെ ലോകം തന്നെ തിരഞ്ഞെടുത്തു. കനവിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ വി.കെ. ജോസഫ് നേതൃത്വം നല്‍കുന്ന 'വിഷ്വല്‍ മീഡിയ' എന്ന സംഘടനയുടെ ഒരു മാസത്തെ ' ഫിലിം ആന്‍ഡ് ഫീമെയില്‍ ' ശില്പശാലയില്‍ 2006-ല്‍ പങ്കെടുത്തു.
ശില്പശാല ജീവിതത്തില്‍ ഒരു വഴിത്തിരിവായി. പിന്നീട് രാജസ്ഥാനില്‍ 10 ദിവസത്തെ ഡോക്യുമെന്ററി ഫിലിം മേക്കിങ് ശില്പശാലയുടെയും ഭാഗമായി. പഠനത്തിന്റെ പിന്‍ബലത്തില്‍ 'ഗുഡ' എന്ന ചിത്രത്തില്‍ കനവ് ബേബിയുടെ സംവിധാനസഹായിയായി. പിന്നീടാണ് സ്വന്തമായി എന്തെങ്കിലും ചെയ്യുക എന്ന ആഗ്രഹം ലീലയിലുണര്‍ന്നത്.

പണിയരുടെ ആചാരമായ 'കെട്ടുകല്യാണ' ത്തെ പറ്റിയാണ് ഗോത്രപ്പഴമ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. പണിയരുടെ വിവാഹച്ചടങ്ങാണ് വിഷയം. ഒറപ്പിക്കല്‍, പണക്കെട്ട്, കെട്ടുകല്യാണം - ഇങ്ങനെ വിവിധ ഘട്ടങ്ങളാണ് ഒരു വിവാഹത്തിന്. പെണ്ണുകാണല്‍ച്ചടങ്ങ്, പരമ്പരാഗത ആഭരണം 'കല്ല' പെണ്ണിനെ അണിയിക്കല്‍, ചെലവിനു പണം നല്‍കല്‍ എന്നിങ്ങനെ വിവിധ ചടങ്ങുകള്‍. ഇടയ്ക്ക് വിഭാഗത്തിലെ മദ്യപാനശീലം, സ്ത്രീകളുടെ ദുരവസ്ഥകള്‍ തുടങ്ങിയവ കടന്നുവരുന്നുമുണ്ട്. ഇതൊരു പരീക്ഷണമാണെന്നാണ് ലീല പറയുന്നത്. '' ആദ്യം നമ്മുടെ ഒരാചാരത്തെപ്പറ്റി ചെയ്തുനോക്കി. നമ്മുടെ പ്രശ്‌നങ്ങളെയും ജീവിതത്തെയും പറ്റി ഇനി ചെയ്തുതുടങ്ങുന്നതേയുള്ളൂ. സ്ത്രീകളുടെ മദ്യപാനശീലം വര്‍ധിച്ചതുള്‍പ്പെടെ നമുക്ക് ഇപ്പോള്‍ നിരവധി വിഷയങ്ങളുണ്ട്. പുറത്തുനിന്നൊരാള്‍ നമ്മളെപ്പറ്റി പറയുന്നതുപോലെയല്ല. അകത്തുനിന്നുള്ള ഞാന്‍ പറയുന്നത് നമ്മുടെ സത്യമായ ആവിഷ്‌കാരമായിരിക്കും.'' ലീലയുടെ വാക്കുകളില്‍ ആത്മവിശ്വാസം.

കനവില്‍ നിന്നുതന്നെയാണ് ലീലയ്ക്ക് ജീവിതപങ്കാളിയെ കിട്ടിയത് - സന്തോഷിനെ. കളരി കലാകാരനാണ് സന്തോഷ്. ഭര്‍ത്താവ് എന്നു പറയാന്‍ ലീല ഇഷ്ടപ്പെടുന്നില്ല. ഒന്നിച്ചുകളിച്ചു പഠിച്ചുവളര്‍ന്ന സ്വന്തം കൂട്ടുകാരന്‍ അത്രേയുള്ളൂ. രണ്ടു മക്കളാണിവര്‍ക്ക്. അഞ്ചു വയസ്സുകാരന്‍ സത്‌ലജും ഒന്നരവയസ്സുകാരി സാത്വികയും. ഇവര്‍ താമസിക്കുന്നതും കനവില്‍ തന്നെയാണ്.

കനവ് ട്രസ്റ്റ് ഇപ്പോള്‍ പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് കൈമാറിയിരിക്കുകയാണ് - കനവ് മക്കള്‍ ട്രസ്റ്റായി. 93ല്‍ ആരംഭിച്ച കനവില്‍ ഇപ്പോള്‍ കുട്ടികള്‍ കുറയുന്നെന്ന് ലീല പറയുന്നു. ആളുകള്‍ക്ക് സാമ്പ്രദായിക വിദ്യാഭ്യാസത്തോടു തന്നെയാണ് താത്പര്യം. ജീവിതം ആധുനികമാകുമ്പോള്‍ കാഴ്ചപ്പാടുകളും മാറണം. ''ആദിവാസി എന്നാല്‍ ആദികാലം മുതല്‍ വസിക്കുന്നവര്‍ എന്നാണ്. പക്ഷേ ആ വാക്ക് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഇപ്പോഴും ഒരു കാടന്‍ സങ്കല്‍പം തന്നെയാണ്. അതൊക്കെ മാറേണ്ടേ...'' മുഖത്തുനിറയുന്ന ചിരിയുമായി ലീല കനവ് ചോദിക്കുന്നു.