MATHRUBHUMI RSS
Loading...
ആണുങ്ങളുടെ കാലം കഴിയുന്നു
വി.ടി.സന്തോഷ്‌കുമാര്‍

മാള്‍ബറോ മാനെ ഓര്‍മയില്ലേ.....? സിഗരറ്റ് പരസ്യബോര്‍ഡുകളിലെ ആ കൗബോയ് ഏറെക്കാലം പാശ്ചാത്യരുടെ പൗരുഷ പ്രതീകമായിരുന്നു.

ഫില്‍റ്റര്‍ സിഗരറ്റ് പെണ്ണുങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന തെറ്റിദ്ധാരണ അകറ്റാനാണ് മാള്‍ബറോ കമ്പനി, തൊപ്പിയും കുതിരയുമൊക്കെയായി, ആണത്തം ത്രസിക്കുന്ന പരസ്യമോഡലിനെ അവതരിപ്പിച്ചത്. റൊണാള്‍ഡ് എറിക്‌സണ്‍ എന്ന ജീവശാസ്ത്രജ്ഞന്റെ വേനല്‍ക്കാല വസതിയോടുചേര്‍ന്നുള്ള പുല്‍മേടിലായിരുന്നു, ആദ്യത്തെ മാള്‍ബറോ പരസ്യത്തിന്റെ ചിത്രീകരണം.

മാള്‍ബറോ സിഗരറ്റ് പരസ്യത്തിലെ കൗബോയിയെപ്പോലെത്തന്നെയായിരുന്നു എറിക്‌സണും. കൗബോയ് ബയോളജിസ്റ്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേരുതന്നെ. ഈ ലോകം ആണുങ്ങള്‍ക്കുള്ളതാണെന്ന കാര്യത്തില്‍ എറിക്‌സണു സംശയമുണ്ടായിരുന്നില്ല. പക്ഷേ, ആണ്‍കുട്ടികളെ കിട്ടാന്‍ പെണ്‍കുട്ടികളെ ജനിക്കുംമുമ്പേ കൊല്ലുകയാണു വേണ്ടതെന്ന് അദ്ദേഹം കരുതിയില്ല. എറിക്‌സണ്‍ വേറൊരു മാര്‍ഗമാവിഷ്‌കരിച്ചു. ആണ്‍കുട്ടിയെ വേണ്ടവര്‍ക്ക് ആണ്‍കുട്ടിയെത്തന്നെ കിട്ടാനുള്ള വിദ്യ.

അണ്ഡവുമായി സംയോജിക്കുന്നത് എക്‌സ് ക്രോമസോം വഹിക്കുന്ന ബീജമാണോ വൈ ക്രോമസോം വഹിക്കുന്ന ബീജമാണോ എന്നതിനെ ആശ്രയിച്ചാണല്ലോ കുട്ടി ആണോ പെണ്ണോ എന്നു തീരുമാനിക്കപ്പെടുന്നത്. എക്‌സ് ക്രോമസോമും വൈ ക്രോമസോമും വഹിക്കുന്ന പുരുഷബീജങ്ങളെ ലളിതമായൊരു മാര്‍ഗത്തിലൂടെ വേര്‍തിരിക്കുന്നതിനുള്ള വിദ്യയാണ് എറിക്‌സണ്‍ ആവിഷ്‌കരിച്ചത്. ആണ്‍കുട്ടികള്‍ വേണ്ടവര്‍ക്ക് വൈ ക്രോമസോമുള്ള ബീജവുമായി സങ്കലനം നടത്തുക. പെണ്‍കുട്ടികള്‍ വേണ്ടവര്‍ക്കു തിരിച്ചും.

എഴുപതുകളില്‍ അദ്ദേഹം ഈ വിദ്യ അമേരിക്കയിലെ പത്തിരുപത്തഞ്ച് ആസ്പത്രികള്‍ക്കു വിറ്റു. എത്രമാത്രം ഫലപ്രദവും ശാസ്ത്രീയവുമാണിതെന്ന കാര്യത്തില്‍ ഗവേഷകര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ടായിരുന്നെങ്കിലും ഇഷ്ടസന്താനത്തെക്കിട്ടേണ്ടവര്‍ ധാരാളമായി അവിടെയത്തി. മിക്കവരും ഉദ്ദിഷ്ടകാര്യം സാധിക്കുകയും ചെയ്തു. പെണ്‍കുട്ടികളെ ആര്‍ക്കും വേണ്ടല്ലോ, അതുകൊണ്ട് ആണ്‍കുട്ടികളെ ജനിപ്പിച്ചുകൊടുക്കുന്ന ഫാക്ടറികളെന്ന് ഈ ആസ്പത്രികള്‍ പ്രസിദ്ധി നേടി. സ്ത്രീ വിമോചന സംഘടനകള്‍ എറിക്‌സന്റെ ക്ലിനിക്കുകള്‍ക്കെതിരെ ഉറഞ്ഞുതുള്ളി.

പത്തുനാല്പതു കൊല്ലം മുമ്പത്തെ കാര്യമാണത്. ഇപ്പോള്‍ എറിക്‌സണു വയസ്സായി. പഴയ കൗബോയ് ശൈലിയെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. രണ്ടുമൂന്നു വര്‍ഷം മുമ്പ് അദ്ദേഹം ഈ ആസ്പത്രികളിലെല്ലാം ഒന്നുകൂടി കയറിയിറങ്ങി. തന്റെ വിദ്യ ഉപയോഗിച്ച് ഇഷ്ടസന്താനത്തെ ലഭിച്ചവരുടെ കണക്കെടുക്കുകയായിരുന്നു ഉദ്ദേശ്യം.

കണക്കുകണ്ട് എറിക്‌സണ്‍ ഞെട്ടിപ്പോയി. ആണ്‍കുട്ടികളെ കിട്ടാനല്ല, ദമ്പതികള്‍ ഇപ്പോള്‍ ക്ലിനിക്കിലെത്തുന്നത്. മിക്കവര്‍ക്കും വേണ്ടത് പെണ്‍കുട്ടികളെയാണ്. ചില ആസ്പത്രികളില്‍ ആണ്‍കുട്ടികളെ വേണമെന്നാവശ്യപ്പെട്ടെത്തിയവരുടെ എണ്ണത്തിന്റെ നേരേ ഇരട്ടിയായിരുന്നു, പെണ്‍കുട്ടികളുടെ ആവശ്യക്കാര്‍.

എറിക്‌സണ്‍ വിദ്യയുടെ കുറേക്കൂടി പരിഷ്‌കൃത രൂപം അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പരീക്ഷിച്ചുവരികയാണിപ്പോള്‍. മൈക്രോസോര്‍ട്ട് എന്നാണതിനു പേര്. സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കുന്നതിനു മുമ്പുതന്നെ ഇഷ്ടസന്താനത്തിനായി നൂറുകണക്കിനാളുകള്‍ മൈക്രോസോര്‍ട്ടിനു മുന്നിലെത്തിയിട്ടുണ്ട്. അപേക്ഷകരില്‍ 75 ശതമാനത്തിനും വേണ്ടത് പെണ്‍കുട്ടികളെയാണ്. തീര്‍ന്നില്ല, മിക്ക വീടുകളിലും ആണ്‍കുട്ടിവേണോ പെണ്‍കുട്ടി വേണോ എന്നു തീരുമാനിക്കുന്നത് അച്ഛനല്ല, അമ്മയാണ്.

പെണ്‍കുട്ടികളെ ഭ്രൂണത്തിലെ കൊല്ലുന്ന, ആണ്‍കുഞ്ഞിനെ പ്രസവിക്കാത്തതിന്റെ പേരില്‍ ഭാര്യയെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഇന്ത്യയിലിരിക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. വികസിത രാജ്യങ്ങളില്‍ മിക്കയിടങ്ങളിലും ആണ്‍കുട്ടികളുടെ വിലയിടിഞ്ഞു വരികയാണ്. കുടുംബത്തിലായാലും സമൂഹത്തിലായാലും ഇത്രകാലം ആണുങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനം അതിവേഗം പെണ്ണുങ്ങള്‍ കൈയടക്കിക്കൊണ്ടിരിക്കുന്നു.

അമേരിക്കയിലെ അറ്റ്‌ലാന്റിക് വാരികയുടെ പത്രാധിപസമിതിയംഗമായ ഹന്നാ റോസിന്റെ പുതിയ പുസ്തകത്തിന്റെ പ്രമേയമിതാണ് -ആണുങ്ങളുടെ കാലം കഴിയുന്നു. 'ദ എന്‍ഡ് ഓഫ് മെന്‍' (The End of Men: And the Rise of Women) എന്നാണതിന്റെ തലക്കെട്ടുതന്നെ.

ഹന്നാ റോസിന്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കാമെങ്കില്‍, ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റുകളുടെ സ്വപ്നം, ''ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന മനോഹര സ്വപ്നം'' യാഥാര്‍ഥ്യമാവുകയാണ്. സമസ്ത മേഖലകളിലും ആണുങ്ങളുടെ പിടി അയയുന്നു. മനുഷ്യരാശിയുടെ രണ്ടു ലക്ഷം വര്‍ഷം പഴക്കമുള്ള ചരിത്രം തിരുത്തിയെഴുതപ്പെടാന്‍പോകുന്നു. ആണുങ്ങള്‍ക്ക് മേധാവിത്വമുള്ള പിതൃദായക്രമം മാറി ലോകം മാതൃദായക്രമത്തിലേക്കു കടക്കുന്നു. ആണുങ്ങളുടെ കഥ കഴിയാറായെന്നു മലയാളം.

പക്ഷേ, ഫെമിനിസ്റ്റുകളുടെ വിജയമാണിതെന്ന് കരുതരുത്. ആഗോള വിപണിയുടെ സ്വഭാവമാറ്റമാണ് പെണ്‍മുന്നേറ്റത്തിനു വഴിയൊരുക്കുന്നത്. സ്‌നേഹം, വിശ്വസ്തത, സൗന്ദര്യം, ആത്മാര്‍ഥത, സത്യസന്ധത, സ്വാഭാവികത ഇവയെല്ലാം സൈ്ത്രണഗുണങ്ങളാണെന്ന് ഓഷോ പറയാറുണ്ട്. പുരുഷന്റെതെന്നു പറഞ്ഞ് ഇന്നു നമ്മള്‍ ആഘോഷിക്കുന്നതെല്ലാം ജന്തുപൈതൃകഗുണങ്ങളും കരുത്തും കായികശേഷിയും ആക്രമണോത്സുകതയുമുള്ള ജന്തുജന്യ പുരുഷ പ്രകൃതത്തിനായിരുന്നു ഇത്ര നാള്‍ സമൂഹത്തില്‍ മേല്‍ക്കൈ. പുതിയ സമ്പദ്‌വ്യവസ്ഥ ആവശ്യപ്പെടുന്നത് കായികശേഷിയല്ല. സൈ്ത്രണഗുണങ്ങളാണ്. സൈ്ത്രണഗുണങ്ങള്‍ക്ക് പ്രിയമേറുമ്പോള്‍ പുരുഷന്‍ പിന്തള്ളപ്പെടുന്നു. അങ്ങനെ, ജോലിയിലും വിദ്യാഭ്യാസത്തിലും ഗൃഹഭരണത്തിലും മാത്രമല്ല, പ്രണയത്തിലും വിവാഹത്തിലും വരെ സ്ത്രീകള്‍ക്ക് മേധാവിത്വം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹന്നാ റോസിന്‍ കണക്കുകളുദ്ധരിച്ച് സമര്‍ഥിക്കുന്നുണ്ട് ഈ പുസ്തകത്തില്‍.

ചില കണക്കുകളിതാ-അമേരിക്കയില്‍ ഇപ്പോള്‍ത്തന്നെ മൊത്തം ജീവനക്കാരുടെ പകുതിയും സ്ത്രീകളാണ്. വീട്ടിലെ ശരാശരി വരുമാനത്തിന്റെ 42.2 ശതമാനവും സ്ത്രീകളുടെ വകയാണ്. 1970-കളില്‍ ആറു ശതമാനം പോലും വരില്ലായിരുന്നൂ ഇത്. ഓബേണ്‍-അപ്പലിക്ക എന്ന പട്ടണത്തില്‍ സ്ത്രീകളുടെ ശരാശരി വരുമാനം പുരുഷന്‍മാരുടേതിനെക്കാള്‍ 40 ശതമാനം കൂടുതലാണ്. അമേരിക്കയില്‍ ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന ബിരുദധാരികളില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണ്. ബിരുദാനന്തര ബിരുദം നേടുന്നവരില്‍ 60 ശതമാനവും സ്ത്രീകളാണ്. ലോ, മെഡിസിന്‍, ബിരുദങ്ങളുടെ കാര്യത്തില്‍ ഇത് ഏതാണ്ട് 50 ശതമാനം വരും. എം.ബി.എ.ക്കാരില്‍പ്പോലും 42 ശതമാനം സ്ത്രീകളാണ്. വരും വര്‍ഷങ്ങളില്‍ ഉദ്യോഗത്തില്‍ സ്ത്രീകളുടെ അനുപാതം കുതിച്ചുയരുമെന്നര്‍ഥം.

''ഓ അത് അമേരിക്കയിലെ കാര്യമല്ലേ,'' എന്നുപറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ. പുരുഷാധിപത്യത്തിന്റെ മകുടോദാഹരണമായിരുന്നു ഒരുകാലത്ത് ദക്ഷിണ കൊറിയ. ആണ്‍കുട്ടികളില്ലാത്ത അമ്മമാര്‍ക്ക് അവിടെ വീട്ടില്‍ വേലക്കാരിയുടെ സ്ഥാനംപോലും ലഭിക്കാറില്ല. പക്ഷേ, അവിടെ കുറച്ചുകാലമായി വിദേശ സര്‍വീസിലേക്കുള്ള പരീക്ഷയില്‍ ജയിക്കുന്നതെല്ലാം സ്ത്രീകളാണ്. വിദേശകാര്യവകുപ്പില്‍ ആണുങ്ങളില്ലാതെവരുന്നതു തടയാന്‍ അവിടത്തെ സര്‍ക്കാര്‍ കുറച്ചു സീറ്റ് അവര്‍ക്കു സംവരണം ചെയ്തിരിക്കുകയാണ്. ബ്രസീലില്‍ മൂന്നിലൊന്നു സ്ത്രീകള്‍ക്കും അവരുടെ ഭര്‍ത്താക്കന്മാരെക്കാള്‍ വരുമാനമുണ്ട്. പിന്തള്ളപ്പെട്ടുപോയ ഭര്‍ത്താക്കന്മാര്‍ ചേര്‍ന്ന് 'മെന്‍ ഓഫ് ടിയേഴ്‌സ'് എന്ന പേരില്‍ സംഘടനയുണ്ടാക്കിയിരിക്കുകയാണവിടെ. ചൈനയില്‍ സ്വകാര്യ വ്യവസായങ്ങളുടെ നടത്തിപ്പുകാരില്‍ 40 ശതമാനവും സ്ത്രീകളാണ്. ഇന്ത്യയിലെ താഴ്ന്ന വരുമാന കുടുംബങ്ങളിലെ സ്ത്രീകള്‍ ഇംഗ്ലീഷ് പഠിച്ചെത്തി കോള്‍സെന്ററുകളില്‍ പുരുഷന്മാരെ പിന്നിലാക്കി വരികയാണെന്ന് റോസിന്‍ പറയുന്നു.

വികസിത രാജ്യങ്ങളില്‍ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ഇടയിലാണ് ഈ മാറ്റം ശരിക്കു പ്രകടമാകുന്നത്. അതിന്റെ വേഗം കൂട്ടിയത് ആഗോള സാമ്പത്തിക പ്രതിസന്ധിയും. 2000-നു ശേഷം അമേരിക്കയില്‍ നിര്‍മാണ മേഖലയില്‍ 75 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇതില്‍ മുക്കാല്‍ ഭാഗവും പുരുഷന്‍മാരായിരുന്നു. 1950-കളില്‍ 20-ല്‍ ഒന്നെന്ന തോതിലായിരുന്നു ചെറുപ്പക്കാരായ ആണുങ്ങളുടെ ഇടയിലെ തൊഴിലില്ലായ്മാനിരക്കെങ്കില്‍ ഇപ്പോഴത് അഞ്ചിലൊന്നായി ഉയര്‍ന്നു. കുടുംബവരുമാനത്തില്‍ വലിയൊരു പങ്ക് സ്ത്രീകള്‍ നല്‍കാന്‍ തുടങ്ങിയെങ്കിലും ഭാര്യമാരെടുക്കുന്ന പണികള്‍ പങ്കുവെക്കുന്ന ഭര്‍ത്താക്കന്മാര്‍ കുറവാണ്. പണിയൊന്നുമില്ലാത്ത ആണുങ്ങള്‍ വെള്ളമടിച്ചും കൊച്ചുപിള്ളേരെപ്പോലെ കളിച്ചുനടന്നും സമയം കളയുകയാണ്. അത് കുടുംബത്തില്‍ സ്ത്രീകളുടെ പിടി ഒന്നുകൂടി മുറുകാന്‍ വഴിയൊരുക്കുന്നു.

ആഗോള സമ്പദ്‌വ്യവസ്ഥ സേവനമേഖലയെ ആശ്രയിച്ചാണിപ്പോള്‍ മുന്നേറുന്നത്. കായികശേഷിയും ഭരണപാടവവും അല്ല അത് ആവശ്യപ്പെടുന്നത്. ആശയവിനിമയത്തിനും സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനുമുള്ള കഴിവിനാണവിടെ മേല്‍ക്കൈ. പുരുഷന് അപ്രാപ്യമായ ക്ഷമാശീലം പോലുള്ള ഗുണങ്ങളുള്ളവര്‍ക്കേ അവിടെ വിജയിക്കാനാവൂ.

സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനുള്ള കഴിവിന്റെ കാര്യത്തില്‍ സ്ത്രീകളെ വെല്ലാന്‍ തത്കാലം പുരുഷനാകില്ല. ജനിച്ചുവളര്‍ന്ന് പത്തിരുപതു കൊല്ലം കഴിഞ്ഞ സ്വന്തം വീടുപേക്ഷിച്ച് ഭര്‍ത്താവിന്റെ അപരിചിതമായ വീട്ടിലെത്തി അതിനെ സ്വന്തം വീടുപോലെ കരുതിക്കഴിയുന്ന പെണ്ണിന് ഏതു സാഹചര്യവുമായും പൊരുത്തപ്പെടാനാവും. ഈ ഗുണത്തെയാണ് സായിപ്പ് അഡാപ്ഷന്‍ എന്നു വിളിക്കുന്നത്. അഡാപ്റ്റ് ചെയ്യാന്‍ കഴിയുന്നവര്‍ക്കേ ഇന്നത്തെ സമ്പദ്‌വ്യവസ്ഥയില്‍ മുന്നേറാനാവൂ.

അടുത്ത ദശകത്തില്‍ വന്‍ കുതിപ്പുനേടും എന്നു കരുതുന്ന 15 തൊഴില്‍ മേഖലകളില്‍ 13ഉം ഈ ഗുണങ്ങള്‍ ആവശ്യപ്പെടുന്നതും അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കു ചേര്‍ന്നതുമാണ്. ആണുങ്ങളുടെ കുത്തകയെന്നു കരുതിയിരുന്ന മിക്ക മേഖലകളിലും സ്ത്രീകള്‍ കടന്നു ചെന്നു കഴിഞ്ഞു. എന്നാല്‍ പെണ്ണുങ്ങളുടെ മേഖലയില്‍ തിരിച്ചൊരു കടന്നുകയറ്റം പറ്റിയിട്ടുമില്ല. മെയില്‍ നഴ്‌സുമാരെ പ്രോത്സാഹിപ്പിക്കാന്‍ ആഞ്ഞുശ്രമിച്ചിട്ടും നഴ്‌സിങ് രംഗം ഇപ്പോഴും സ്ത്രീകളുടെ കുത്തകയാണ്. പ്രീപ്രൈമറി ക്ലാസില്‍ പഠിപ്പിക്കാന്‍ എത്ര പുരുഷന്‍മാര്‍ക്കു പറ്റും?

വിദ്യാഭ്യാസത്തിലും വരുമാനത്തിലും ഭാര്യ മുന്നിലാണെങ്കിലും വീട്ടില്‍ മേല്‍ക്കൈ ഭര്‍ത്താവിനു തന്നെ എന്നതാണ് ഇപ്പോഴും നമ്മുടെ നാട്ടിലെ സ്ഥിതി. അതും മാറുകയാണെന്നാണ് റോസിന്‍ പറയുന്നത്. പഠനം, ജോലി, ഗൃഹഭരണം ഈ തിരക്കിനിടയില്‍ പുരുഷ പങ്കാളിവരുന്നത് പുതിയ തലമുറയിലെ സ്ത്രീകള്‍ ബാധ്യതായി കാണാന്‍ തുടങ്ങിയിരിക്കുന്നു. ''ഓ കല്യാണം കഴിച്ചാല്‍ ഇനി അയാള്‍ക്കുകൂടി തിന്നാന്‍ കൊടുക്കേണ്ടേ?'' എന്നു ചോദിക്കുന്ന എത്രയോ സ്ത്രീകളെ കണ്ടതായി അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

കല്യാണം കഴിക്കേണ്ട കാര്യമില്ലെന്നു സ്ത്രീ തീരുമാനിക്കുന്നതോടെ വിവാഹമാര്‍ക്കറ്റില്‍ സ്ത്രീകള്‍ക്കു മേധാവിത്വം ലഭിക്കും. പ്രണയബന്ധങ്ങളിലും അവള്‍ മേല്‍ക്കൈ നേടും. ബാധ്യതയായി മാറുന്ന സ്ഥിരം ബന്ധത്തെക്കാള്‍ ഭേദം, പണ്ട് പുരുഷന്‍മാരുടെ കുത്തകയായിരുന്ന 'നേരംപോക്കുകളാ'ണെന്ന് വലിയൊരു വിഭാഗം യുവതികള്‍ അഭിപ്രായപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.

ഹന്നാ റോസിന്റെ കണക്കുകള്‍ ഏകപക്ഷീയമാണെന്ന വിമര്‍ശനമുയരാം. മിക്ക രാജ്യങ്ങളുടെയും ഭരണം ഇപ്പോഴും പുരുഷന്‍മാരുടെ കൈയിലാണല്ലോ. ലോകത്തെ 180 രാഷ്ട്രത്തലവന്മാരില്‍ 20 പേരേയുള്ളൂ സ്ത്രീകള്‍. ഫോര്‍ച്യൂണ്‍ 500 പട്ടികയിലെ കമ്പനി മേധാവികളില്‍ മൂന്നു ശതമാനം മാത്രമേയുള്ളൂ സ്ത്രീകള്‍. ഹന്നയ്ക്ക് അതിനു മറുപടിയുണ്ട്. മാറ്റം തുടങ്ങിരിക്കുന്നത് താഴേത്തട്ടില്‍ നിന്നാണ്. കഴിഞ്ഞ 40,000 വര്‍ഷങ്ങളെങ്കിലുമായി പുരുഷന്റെ മേധാവിത്വം തുടങ്ങിയിട്ട്. സ്ത്രീകള്‍ മുന്നേറാന്‍ തുടങ്ങിയിട്ട് 40 വര്‍ഷംപോലുമായിട്ടില്ല. അടിത്തറ തകരാന്‍ തുടങ്ങിക്കഴിഞ്ഞു. മേല്‍ത്തട്ടിലേക്ക് അത് എത്താന്‍ തുടങ്ങുന്നേയുള്ളൂ.

അറ്റ്‌ലാന്റിക് വാരികയില്‍ 2010-ല്‍ എഴുതിയ ലേഖനം വികസിപ്പിച്ചാണ് റോസിന്‍ ഈ പുസ്തകമെഴുതിയത്. രണ്ടുവര്‍ഷം മുമ്പ് ഈ ലേഖനവുമായി ബന്ധപ്പെട്ടാണ് അവര്‍ ആദ്യം പറഞ്ഞ കൗബോയ് ശാസ്ത്രജ്ഞന്‍ എറിക്‌സണെ കാണാന്‍ പോയത്. അപ്പോഴദ്ദേഹത്തിന് 74 വയസ്സാണു പ്രായം. ''ഇപ്പറഞ്ഞതു മാത്രമല്ല കാര്യങ്ങള്‍. ആയുസ്സ് കൂടുതലുള്ളതും സ്ത്രീകള്‍ക്കാണ്. ഞാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി മാറിയാലോ എന്നാലോചിക്കുകയാണ്''- എറിക്‌സണ്‍ അവരോടു പറഞ്ഞു.