MATHRUBHUMI RSS
Loading...
ഗവ. ഗേള്‍സ് സ്‌കൂളിന്റെ 'ജയ'ലക്ഷ്മി...

സംഗീതം ജീവിതത്തോട് ചേര്‍ത്തുവച്ച ഒരദ്ധ്യാപിക-എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജയലക്ഷ്മി ടീച്ചറെ അങ്ങനെ വിളിക്കാം.

മാത്രമല്ല, സ്വാതന്ത്ര്യ ദിനമാകട്ടെ, കലോത്സവമാകട്ടെ സ്‌കൂളില്‍ നടക്കുന്ന ഏതു പരിപാടിയും വിജയിപ്പിക്കാന്‍ ജയലക്ഷ്മി ടീച്ചറും കുട്ടികളും ഉണ്ടാകും മുന്നില്‍. ഈ ആത്മാര്‍ത്ഥതയ്ക്കും ആത്മസമര്‍പ്പണത്തിനും ജയലക്ഷ്മി ടീച്ചറെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്.

കഴിഞ്ഞ 22 വര്‍ഷമായി ഗേള്‍സ് സ്‌കൂളിലെ സംഗീത അദ്ധ്യാപികയാണ് ജയലക്ഷ്മി. വൈറ്റിലയ്ക്കടുത്തുള്ള പൊന്നുരുന്നിയില്‍ സംഗീതത്തില്‍ താത്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം.

അതിനാല്‍, ചെറുപ്പം മുതലേ അതിനോടൊരു അഭിനിവേശം ഉണ്ടായിരുന്നു. ഉപരിപഠനം സംഗീതത്തിലാക്കാമെന്ന് തീരുമാനിച്ചതിന് പിന്നിലും കാരണം ഇതായിരുന്നു-ടീച്ചര്‍ പറയുന്നു.

വീട്ടില്‍ അമ്മ സംഗീതം ശാസ്ത്രീയമായി പഠിച്ചിരുന്നു. അച്ഛന് ഗാനങ്ങളോടും മറ്റും അതിയായ താത്പര്യവുമുണ്ടായിരുന്നു. ഇതൊക്കെയായിരുന്നു തന്റെ ജീവിതം നിര്‍ണയിക്കാന്‍ കാരണം.

തുടര്‍ന്ന്, തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ ഏഴ് വര്‍ഷത്തെ സംഗീത പഠനം. മൂന്ന് വര്‍ഷത്തെ ഗാനപ്രവീണും നാല് വര്‍ഷത്തെ ഗാനഭൂഷണും പഠിച്ചിറങ്ങിയതോടെ അഭ്യസിച്ചത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കണമെന്നായി മോഹം.

ടീച്ചറുടെ സേവനങ്ങള്‍ കണക്കിലെടുത്ത് 2010 ല്‍ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡ് ജയലക്ഷ്മി ടീച്ചറെ തേടിയെത്തി.

പൗരസമിതി അവാര്‍ഡ്, ലയണ്‍സ്-റോട്ടറി ക്ലബ്ബുകളുടെ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, സ്വരരാഗ് കള്‍ച്ചറല്‍ ട്രസ്റ്റ് അവാര്‍ഡ്, രാമായണാചാര്യ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ടീച്ചര്‍ക്ക് ലഭിച്ചിട്ടുണ്ട്.

സംഗീത അദ്ധ്യാപകരെ തിരഞ്ഞെടുക്കാനുള്ള പി.എസ്.സി. ബോര്‍ഡില്‍ അംഗമായിരുന്നു ജയലക്ഷ്മി ടീച്ചര്‍. എന്നാല്‍, സര്‍ക്കാര്‍ ആ തസ്തിക നിര്‍ത്തലാക്കിയതോടെ അംഗത്വം ഇല്ലാതായി.

സംഗീത കച്ചേരികളും ടീച്ചര്‍ നടത്തിവരുന്നു. സംഗീതത്തില്‍ മാത്രമല്ല ടീച്ചര്‍ പ്രതിഭ തെളിയിച്ചിട്ടുള്ളത്. സ്‌കൂളില്‍ നടത്തുന്ന ചെണ്ടമേളം പരിശീലന പരിപാടിയിലും കുട്ടികള്‍ക്ക് ഒരു സഹായിയായി ടീച്ചര്‍ എത്താറുണ്ട്.

കലോത്സവത്തിന് വേണ്ടി കുട്ടികള്‍ക്കൊപ്പം പഞ്ചാരി മേളം അഭ്യസിച്ചതാണ് ടീച്ചറെ ചെണ്ടമേളത്തിലേക്ക് അടുപ്പിച്ചത്.തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷത്തോളം സ്വന്തം സ്‌കൂളിന് സംസ്ഥാന കലോത്സവത്തില്‍ തിരുവാതിരയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തു. അമ്മയില്‍ നിന്നാണ് തിരുവാതിരകളിയുടെ എല്ലാ പാഠവും അഭ്യസിച്ചത്.

കുട്ടികള്‍ക്ക് അത് പകര്‍ന്നു നല്‍കാനാണ് താന്‍ ശ്രമിക്കുന്നത്. ആദ്യകാലത്ത് സ്വന്തമായി ട്യൂണ്‍ ചെയ്ത് പാടിയ പാട്ടുകളായിരുന്നു തിരുവാതിരയ്ക്ക് പാടിയിരുന്നത്.

അദ്ധ്യാപകര്‍ക്ക് മത്സരങ്ങളില്‍ പാടുന്നതിന് വിലക്ക് വന്നതോടെ കഴിവുള്ള കുട്ടികളുമായി എത്തിയാണ് ടീച്ചര്‍ ഇതിനെ നേരിട്ടത്. ദേശഭക്തി ഗാനം, ഗാനമേള എന്നിവയ്ക്കും ടീച്ചര്‍ തന്നെയാണ് പരിശീലനം നല്‍കുന്നത്.

ജീവിതത്തിലെ കൂടുതല്‍ സമയം ചെലവഴിച്ചത് കുട്ടികള്‍ക്കൊപ്പമാണെന്ന് ടീച്ചറുടെ സാക്ഷ്യപ്പെടുത്തല്‍. സാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന കുട്ടികളായതിനാല്‍ പലപ്പോഴും അവരുടെ എല്ലാ കാര്യത്തിലും ഇടപെട്ട് പരിഹാരം കാണേണ്ടിവരും. വലിയ മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന ചെലവുകളും അതില്‍ ഉള്‍പ്പെടും.

ഇത്തരം അവസരങ്ങളില്‍ സ്വന്തം ശമ്പളം അവര്‍ക്കായി നീക്കിവയ്ക്കാറുണ്ട്. വിദ്യാര്‍ത്ഥികളോടും കലയോടുമെല്ലാം താത്പര്യമുള്ള നിരവധി സുമനസ്സുകളുടെ സഹായവും പലപ്പോഴും കൂട്ടിനുണ്ടാകുമെന്ന് ടീച്ചര്‍ പറയുന്നു.