MATHRUBHUMI RSS
Loading...
മലയാളിപ്പെണ്‍ മെട്രോ
ഡി.ഷൈജുമോന്‍

'മാതൃഭൂമി'യില്‍ നിന്ന് വിളിക്കുമ്പോള്‍ മണലാരണ്യത്തിലായിരുന്നു സാജി; സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഇന്റര്‍നാഷണല്‍ മെട്രോ സര്‍വീസ് സ്റ്റേഷനില്‍.

കൊച്ചി മെട്രോ റെയിലിന് പ്രധാനമന്ത്രി തറക്കല്ലിടുന്നതിന്റെ തലേന്ന്, റിയാദിലെ ഏക മലയാളി വനിതാ മെട്രോ ട്രെയിന്‍ ഡ്രൈവര്‍ തന്റെ വന്യമായ ആഗ്രഹം പങ്കുവെച്ചു: ''ആലുവ മുതല്‍ പേട്ട വരെ ഒരു തവണയെങ്കിലും കൊച്ചി മെട്രോ ഒന്നോടിക്കണം...''

ഇതാണ് സാജി അബ്ദുള്‍ഖാദര്‍ സുനില്‍. കൊടുങ്ങല്ലൂര്‍ എറിയാട്ട് കോരുകുളത്ത് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മുഹമ്മദിന്റെ മകള്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി റിയാദിലെ പ്രിന്‍സസ് നൂറാ യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍നാഷണല്‍ മെട്രോ സര്‍വീസിലെ ഡ്രൈവര്‍.

50 ചതുരശ്ര കിലോമീറ്ററോളം വരുന്ന സ്ഥലത്താണ് റിയാദിലെ ഐ.എം.എസ്. സര്‍വീസ്. ലോകത്തെ തന്നെ ഏറ്റവും വലിയ വനിതാ സര്‍വകലാശാലയായ പ്രിന്‍സസ് നൂറാ യൂണിവേഴ്‌സിറ്റിക്കകത്ത് 17 കോളേജുകളാണുള്ളത്. ഇവിടേക്കെത്തുന്ന വിദ്യാര്‍ത്ഥിനികളെയും അധ്യാപകരെയും ഉദ്ദേശിച്ചുള്ള ഈ സര്‍വീസാണ് റിയാദ് നഗരത്തിലെ ഏക മെട്രോയും. നിയന്ത്രണം സൗദി ഗവണ്മെന്റിനും.

ദിവസവും പുലര്‍ച്ചെ 5.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് മെട്രോയിലെ ജോലി. ഇറ്റാലിയന്‍ കമ്പനിയാണ് ഐ.എം.എസ്. ടു-കാര്‍ മെട്രോയാണ് ഇവിടെ സര്‍വീസ് നടത്തുന്നത്.

ട്രെയിന്‍ ക്യാപ്റ്റന്‍ (ഡ്രൈവര്‍), ട്രെയിന്‍ ഹോസ്റ്റസ്, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 40 ഓളം സ്റ്റാഫുകളാണ് റിയാദ് മെട്രോയില്‍. എല്ലാവരും സ്ത്രീകള്‍.

മലയാളിയായി സാജി മാത്രം. നിത്യേന പതിനായിരത്തിലേറെ യാത്രക്കാരെയാണ് ഐ.എം.എസ്. അപ്പുറം ഇപ്പുറം കടത്തുന്നതെന്ന് സാജി പറയുന്നു.

1999ല്‍ റിയാദിലെത്തിയ സാജി, തികച്ചും അവിചാരിതമായാണ് മെട്രോ സര്‍വീസിനായി നിയോഗിക്കപ്പെടുന്നത്. സ്ത്രീകള്‍ക്ക് മാത്രമെ അപേക്ഷിക്കാനാവൂ എന്ന നിബന്ധനയും ഇംഗ്ലീഷ്, അറബിക് ഭാഷകളിലെ പ്രാവീണ്യവുമാണ് ജോലിക്കായുള്ള തിരഞ്ഞെടുപ്പില്‍ സാജിയെ തുണച്ചത്. പിന്നീട്, കോപ്പന്‍ഹേഗനില്‍ ദീര്‍ഘകാല പരിശീലനം നേടി തിരിച്ചെത്തി.

തീര്‍ത്തും മനുഷ്യ നിയന്ത്രണത്തിലുള്ള ബൈപ്പാസ് സിസ്റ്റം, ഹാഫ് ഓട്ടോമാറ്റിക് ആയ എ.ടി.പി-എ.ടി.ഒ, ഫുള്‍ ഓട്ടോമാറ്റിക് സിസ്റ്റം തുടങ്ങി മെട്രോ ട്രെയിനിന്റെ വിവിധ പ്രവര്‍ത്തന രീതികള്‍ എല്ലാം ഈ യുവതിക്ക് നിശ്ചയം.

സാജിയുടെ ഭര്‍ത്താവ് അബ്ദുള്‍ഖാദര്‍ സുനില്‍ റിയാദിലെ ഹമാദ് അലിസ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഈ ദമ്പതിമാര്‍ക്ക് രണ്ട് മക്കളുമുണ്ട്.