കെ.എ.ജോണി
പീലാത്തോസിനെ ഒരു ഐ.എ.എസ്. ഓഫീസറായി ക്കണ്ടാല്‍ എങ്ങനെയിരിക്കും. സംശയമില്ല, കടമ നിര്‍വഹിക്കുന്നതില്‍ പീലാത്തോസ് ദയനീയമായി പരാജയപ്പെട്ടു. ലോകത്ത് ഇതുവരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും നീതിരഹിതമായ വിചാരണയായിരുന്നു ക്രിസ്തുവിന് പീലാത്തോസ് നല്‍കിയത്.''- ചെന്നൈയില്‍ അണ്ണാനഗറിലെ വീട്ടിലിരുന്ന് സൂസന്‍ മാത്യു പീലാത്തോസ് എന്ന ഭരണാധികാരിയെ നിശിതമായി വിമര്‍ശിക്കുന്നത് വെറുതെയല്ല. 36 കൊല്ലം നീണ്ട ഐ.എ.എസ്. ജീവിതത്തില്‍ സൂസന്‍മാത്യു ഒരിക്കലും പീലാത്തോസിനെപ്പോലെ കൈകഴുകിയിട്ടില്ല.ഇംഗ്ലീഷ് സാഹിത്യം, യു.സി കോളേജ്
1973-ല്‍ ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ സൂസന്‍ മാത്യു ബിരുദാനന്തരബിരുദം നേടിയത്. അതു കഴിഞ്ഞ് ഒരു വര്‍ഷം അവിടെ അധ്യാപികയായിരുന്നു. പിതാവ് സി.ടി. ബെഞ്ചമിനായിരുന്നു അന്ന് യു.സി.യിലെ ഇംഗ്ലീഷ് വിഭാഗം മേധാവി. സിവില്‍സര്‍വീസിലേക്ക് വരണമെന്ന് സൂസന്‍ നേരത്തേത്തന്നെ നിശ്ചയിച്ചുറപ്പിച്ചിരുന്നു. കോളേജില്‍ സീനിയറായിരുന്ന കെ.എ. മാത്യു ഐ.എ.എസ്. നേടി യൂണിയന്‍ ടെറിട്ടറി കേഡറില്‍ പ്രവേശിച്ചതും പ്രചോദനമായി. ഈ സീനിയറിനെയാണ് സൂസന്‍ ജീവിതപങ്കാളിയാക്കിയത്. ഐ.എ.എസ്. നേടാന്‍ മാത്യുവിന്റെ നോട്ടുകള്‍ തന്നെ ശരിക്കും സഹായിച്ചുവെന്ന് സൂസന്‍ പറയുന്നു. വര്‍ഷങ്ങളോളം തമിഴ്‌നാട് കേഡറിലെ ശ്രദ്ധേയ ദമ്പതിമാരാായിരുന്നു സൂസനും മാത്യുവും.
സംസ്ഥാനത്തിനകത്തു നിന്നുള്ള ഒരാള്‍ക്കേ ആ വര്‍ഷം കേരളകേഡറില്‍ പ്രവേശനം കിട്ടിയുള്ളൂ. പട്ടികയില്‍ രണ്ടാമതായിരുന്നു സൂസന്‍. മദ്രാസിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നാണ് സൂസന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തത്. ആ ഒരു പശ്ചാത്തലമാണ് തമിഴ്‌നാട് കേഡര്‍ തിരഞ്ഞെടുക്കാന്‍ പ്രേരണയായത്. വിമന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റലില്‍ ഒരു റൂമിലും ഫാനുണ്ടായിരുന്നില്ലെന്ന് സൂസന്‍ ഓര്‍ക്കുന്നു. ''ഫാന്‍ അന്നൊരു ആഡംബരമായിരുന്നു. ഫാനില്ലാതെ ചെന്നൈയില്‍ മൂന്നു കൊല്ലം കഴിച്ചുകൂട്ടിയത് എങ്ങനെയാണെന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മാത്രമാണ് അതിശയം തോന്നുന്നത്. അന്നൊന്നും അതൊരു പ്രശ്‌നമേ ആയിരുന്നില്ല.''
തുടക്കം ദേവക്കോട്ടയില്‍
ഇന്നത്തെ രാമനാഥപുരം ജില്ലയിലെ ദേവക്കോട്ടയില്‍ അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു സിവില്‍ സര്‍വീസ് തുടക്കം. ഒരു കൊല്ലമാണ് ദേവക്കോട്ടെയിലുണ്ടായിരുന്നത്. 22 മുറികളുള്ള കൂറ്റന്‍ ബംഗ്ലാവാണ് ദേവക്കോട്ടയെക്കുറിച്ചോര്‍ക്കുമ്പോള്‍ സൂസന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരിക. ബ്രിട്ടീഷ് വാഴ്ചയുടെ സംഭാവനയായ ഈ ബംഗ്ലാവായിരുന്നു സബ് കളക്ടറുടെ വസതി. ആകെയുള്ളൊരു വാച്ച്മാനാണെങ്കില്‍ ചെവി കേള്‍ക്കുകയുമില്ല. യക്ഷികള്‍ മുടിയഴിച്ചിട്ടതുപോലെ വേരുകള്‍ പടര്‍ത്തി നില്‍ക്കുന്ന അരയാലുകള്‍ നിറഞ്ഞ കോമ്പൗണ്ടില്‍ നാഗങ്ങള്‍ വെയില്‍കാഞ്ഞുകിടന്നു. ഒരിക്കല്‍ പാമ്പു പിടിത്തക്കാരെത്തി എട്ടു പാമ്പുകളെയാണ് ഒറ്റയടിക്കു പിടിച്ചത്. ചില അപസര്‍പ്പക കഥകളിലേതു പോലെ ഏകാന്തമായിരുന്ന ആ രാത്രികള്‍ക്ക് പക്ഷേ, ഇന്നിപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ വല്ലാത്തൊരു സൗന്ദര്യമുണ്ടായിരുന്നുവെന്ന് സൂസന് തോന്നുന്നുണ്ട്.
അപ്രത്യക്ഷരാവുന്ന പെണ്‍കുട്ടികള്‍
ഗര്‍ഭിണികളായ അമ്മമാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ പദ്ധതിയുടെ ചുമതല വഹിക്കാനായതാണ് കരിയറിലുണ്ടായ വലിയൊരുനേട്ടമെന്ന് സൂസന്‍ പറയുന്നു. തമിഴ്‌നാട് ഇന്റഗ്രേറ്റഡ് ന്യൂട്രീഷന്‍ പദ്ധതി എന്ന ഈ സംരംഭത്തിന്റെ മേധാവിയായി 1982 മുതല്‍ 85 വരെ സൂസന്‍ തമിഴക ഗ്രാമങ്ങളില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു. തമിഴ്‌നാട്ടില്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മരണനിരക്ക് വല്ലാതെ കൂടുതലായിരുന്ന കാലമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനത്തിലാണ് ഉസിലംപെട്ടിയിലും സേലത്തും പെണ്‍ ഭ്രൂണഹത്യകള്‍ നടക്കുന്നതിനെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ ലഭിക്കുന്നത്. ഭ്രൂണത്തില്‍ വെച്ചു തന്നെ പെണ്‍കുഞ്ഞുങ്ങള്‍ ഇല്ലാതാക്കപ്പെടുന്നുവെന്ന അറിവ് ഞെട്ടിപ്പിക്കുന്നതായിരുന്നു.
വൈദ്യുതിമിച്ചം സ്വപ്നമായിരുന്നില്ല
പവര്‍കട്ടുകളുടെ ഇടവേളയിലാണ് സൂസന്‍ പഴയൊരു വൈദ്യുതിക്കഥ പറഞ്ഞത്. തമിഴ്‌നാട്ടില്‍ വൈദ്യുതി മിച്ചമുണ്ടായിരുന്ന കാലത്തെക്കുറിച്ചുള്ള കഥ. 2002-2003 കാലയളവില്‍ തമിഴകത്ത് ഉപയോഗം കഴിഞ്ഞ് ബാക്കി വൈദ്യുതിയുണ്ടായിരുന്നു. വൈദ്യുതിയുടെ ഈ പൂക്കാലത്തിന്റെ വിത്തു പാകുന്നതില്‍ പങ്കാളിയാവാനായി എന്നത് വലിയൊരു ഭാഗ്യമായാണ് സൂസന്‍ കാണുന്നത്. തൊണ്ണൂറുകളില്‍ തമിഴ്‌നാട് ഊര്‍ജ വകുപ്പ് സെക്രട്ടറിയായിരിക്കെ സൂസന്റെ മേല്‍നോട്ടത്തിലാണ് ആദ്യമായി സ്വകാര്യ ഊര്‍ജ ഉത്പാദന സംരംഭങ്ങള്‍ക്കുള്ള വഴിയൊരുങ്ങിയത്. വന്‍കിട കമ്പനികള്‍ സര്‍വസന്നാഹങ്ങളോടും കൂടി വരുമ്പോള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പലപ്പോഴും കണ്ണിലെണ്ണയൊഴിച്ച് പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ടെന്ന് സൂസന്‍ പറയുന്നു.
രണ്ടാം മാസ്റ്റര്‍ പ്ലാന്‍
ചെന്നൈ മഹാനഗരത്തിന്റെ ആസൂത്രണം ചെന്നൈ മെട്രൊ ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ കൈയിലാണ്. 2007 മുതല്‍ 10 വരെ സൂസന്‍ മാത്യുവായിരുന്നു സി.എം.ഡി.എ.യുടെ ഉപാധ്യക്ഷ. സി.എം.ഡി.എ.യുടെ അധ്യക്ഷപദവി സാധാരണഗതിയില്‍ സംസ്ഥാന മന്ത്രി സഭയിലെ ഒരംഗത്തിനായിരിക്കും. ചെന്നൈയുടെ ഭൂപടം മാറ്റിവരയ്ക്കുന്നതിനും രണ്ടാം മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനും മേല്‍നോട്ടം വഹിക്കാന്‍ ഈ കാലയളവില്‍ സൂസനു കഴിഞ്ഞു. 20 കൊല്ലത്തെ കൂട്ടലുകള്‍ക്കും കുറയ്ക്കലുകള്‍ക്കും ശേഷമാണ് രണ്ടാം മാസ്റ്റര്‍ പ്ലാന്‍ നടപ്പായത്.
രണ്ടാം മാസ്റ്റര്‍ പ്ലാനിന്റെ അന്തിമരൂപം മന്ത്രിസഭാ സമിതിക്കു മുമ്പാകെ വെച്ചപ്പോള്‍ മന്ത്രിമാര്‍ വീണ്ടും ചില വിയോജിപ്പുകള്‍ ഉന്നയിച്ചു. ഇനിയും വൈകിക്കരുതെന്നും വിജ്ഞാപനം പുറപ്പെടുവിച്ചശേഷം ബാക്കി കാര്യങ്ങള്‍ പരിശോധിക്കാമെന്നും സൂസന്‍ മന്ത്രിമാരോട് പറഞ്ഞു. 'ഭാഗ്യത്തിന് അവരത് സമ്മതിച്ചു. അങ്ങനെയാണ് സെക്കന്‍ഡ് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനായത്. '
മലയാളത്തില്‍ പറഞ്ഞോളൂ
എം.ജി.ആര്‍., കരുണാനിധി , ജാനകി, ജയലളിത , ഒ. പനീര്‍ശെല്‍വം എന്നിങ്ങനെ അഞ്ച് മുഖ്യമന്ത്രിമാര്‍ക്ക് കീഴില്‍ സൂസന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.ജി.ആര്‍. വിളിച്ചു ചേര്‍ത്ത ഒരു യോഗത്തില്‍ സൂസന്‍ കഷ്ടപ്പെട്ട് തമിഴില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു 'മലയാളത്തില്‍ പറഞ്ഞാല്‍ മതി.' എം.ആര്‍. രാധ വെടിവെച്ചതിനെത്തുടര്‍ന്ന് സംസാരിക്കാന്‍ എം.ജി.ആര്‍. കുറച്ച് പ്രയാസപ്പെട്ടിരുന്ന സമയമായിരുന്നു അത്.
1991-ല്‍ ആദ്യം മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ജയലളിത കാണിച്ചിരുന്ന ശുഷ്‌കാന്തിയും മികവും സൂസന്‍ നന്നായി ഓര്‍ക്കുന്നുണ്ട്. അനിതരസാധാരണമായ നിരീക്ഷണപാടവമാണ് ജയലളിതയുടെ വലിയൊരു പ്ലസ് പോയന്റ്.
കരുണാനിധിയുടെ കീഴില്‍ പ്രവര്‍ത്തിച്ചപ്പോഴും ഒരു തരത്തിലുള്ള അധികാര ദുര്‍വിനിയോഗവും നേരിടേണ്ടി വന്നിട്ടില്ലെന്ന് സൂസന്‍ വ്യക്തമാക്കുന്നു. ''എല്ലാ കാര്യങ്ങളിലും പൊതുവെയുള്ള നയങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്. ഇതില്‍ നിന്നും വ്യതിചലിക്കുക എളുപ്പമല്ല.''
പിലാത്തോസേ, നിനക്കും എനിക്കും തമ്മില്‍
സക്കറിയയുടെ 'പീലാത്തോസേ, എന്തുണ്ട് വിശേഷം' എന്ന രചന സൂസന്റെ പ്രിയ പുസ്തകങ്ങളിലൊന്നാണ്. സക്കറിയയുടെ ശില്പവൈഭവം ഒന്നുവേറെ തന്നെയാണെന്ന് സൂസന്‍ പറയുന്നു. പക്ഷേ, ഈ രചനയില്‍ ക്രിസ്തുവിലേക്കുള്ള പരകായപ്രവേശത്തില്‍ സക്കറിയ പരാജയപ്പെടുകയാണെന്നും സൂസന്‍ പറയുന്നു. ഒരു വിശ്വാസിയല്ല എന്നതുകൊണ്ടായിരിക്കാം സക്കറിയയുടെ പരാജയം എന്ന് സൂസന്‍ നിരീക്ഷിക്കുന്നത് വിശ്വാസത്തിന്റെ ഉറച്ച തറയില്‍ നിന്നുകൊണ്ടാണ്. ''ബൈബിളാണ് എന്റെ വഴികാട്ടി. ഏതു പ്രതിസന്ധിയിലും എനിക്ക് തുണയായുള്ള രണ്ടു പേര്‍ എന്റ ഭര്‍ത്താവും ബൈബിളുമാണ്.'' ബൈബിള്‍ പഠനമാണ് സൂസന്‍ നിരന്തരം മുന്നോട്ടുകൊണ്ടുപോവുന്ന മുഖ്യകര്‍മങ്ങളിലൊന്ന്.
ഐ.എ.എസ്സുകാരിയാവൂ, തലയുയര്‍ത്തി നില്‍ക്കൂ
ഇതാണ് സൂസന് പെണ്‍കുട്ടികളോട് പറയാനുള്ളത്.''തൊഴിലിന്റെ മാന്യതയും മഹത്വവും പെണ്‍കുട്ടികള്‍ക്ക് ഇതുപോലെ അനുഭവപ്പെടുന്ന മറ്റൊരു മേഖലയില്ല.'' ഒരാള്‍ക്കും നിങ്ങളുടെ മേല്‍ കുതിര കയറാനാവില്ല. പെണ്‍കുട്ടികള്‍ ഈ രംഗത്തേക്ക് കൂടുതലായി കയറിവരണം. ഒരിക്കല്‍പോലും സ്ത്രീയാണെന്നതിന്റെ പേരില്‍ എനിക്ക് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ല.'
ജന്മനാടായ ആലുവയിലേക്ക് സൂസന്‍ ഇടയ്ക്കിടെ പോവാറുണ്ട്. മാതാപിതാക്കളായ ബെഞ്ചമിനും ശോശയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഏറ്റവും ഇളയ അനുജന്‍ ബെന്‍സി ബെഞ്ചമിനാണ് തറവാട്ടിലുള്ളത്. സൂസന്റെ ഒരനിയന്‍ തോമസ് ബെഞ്ചമിന്‍ മഹാരാഷ്ട്രയില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ്. മറ്റൊരു സഹോദരന്‍ ഇട്ട്യേര ബെഞ്ചമിന്‍ ബഹ്‌റൈനില്‍ ഡോക്ടര്‍.
ഭര്‍ത്താവ് കെ.എ.മാത്യു തമിഴ്‌നാട് സംസ്ഥാന ഹാന്‍ഡിക്രാഫ്റ്റ്‌സ് കോര്‍പ്പറേഷന്‍ ചെയര്‍മാനായാണ് വിരമിച്ചത്. മക്കള്‍ അര്‍ജുനും ബെഞ്ചമിനും അമേരിക്കയില്‍ എന്‍ജിനീയര്‍മാരാണ്.
ഓര്‍മക്കുറിപ്പുകള്‍
നിലവില്‍ കേരളസര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുള്ള ഒരു ടാസ്‌ക്‌ഫോഴ്‌സ് കമ്മിറ്റിയില്‍ അംഗമാണ് സൂസന്‍. കേരളത്തിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള സമിതിയാണിത്. ജീവിതത്തിലെ സുപ്രധാനഘട്ടങ്ങളെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളുടെ രചനയും സൂസന്‍ പതുക്കെ തുടങ്ങിയിട്ടുണ്ട്.
വായനയാണ് സൂസന്റെ മറ്റൊരു കര്‍മമേഖല. ഭര്‍ത്താവ് മാത്യുവിന്റെ വിശാലമായ ഗ്രന്ഥശേഖരം സൂസന്‍ ഇപ്പോള്‍ അടുത്തറിഞ്ഞുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന കൊണ്ടലീസ റൈസിന്റെ വാഷിങ്ടണ്‍ ഓര്‍മകളാണ് ഇപ്പോള്‍ വായിക്കുന്ന ഗ്രന്ഥങ്ങളിലൊന്ന്. സക്കറിയയുടെ ആഫ്രിക്കന്‍ യാത്രാവിവരണവും ഇതോടൊപ്പമുണ്ട്.

NEWS LETTER
RSS











