എന്‍.സൗമ്യ

രാധികയുടെ വെളുത്ത വാഹനത്തിന്റെ പിന്നിലെ കിടക്കയില്‍ വെളുത്ത വേഷമണിഞ്ഞ് കിടന്ന് ലക്ഷ്യസ്ഥാനം തേടി പുറപ്പെട്ടവരാരും പിന്നീട് ആ വാഹനത്തില്‍ യാത്ര ചെയ്തിട്ടില്ല. എല്ലാ ഭാരങ്ങളും ഇറക്കി വെച്ചുള്ള ആ യാത്രയില്‍ അവര്‍ ഒറ്റക്കായിരുന്നു. കൂടെ ജീവിച്ചവരെ കരയിപ്പിച്ചതും ചിരിപ്പിച്ചതും അറിയാതെയുള്ള അവസാന യാത്ര. സ്വന്തമെന്നഹങ്കരിച്ചതെല്ലാം ത്യജിച്ചുകൊണ്ടുള്ള മൗനയാത്ര. നേടിയതും പിടിച്ചെടുത്തതും വഴിയില്‍ വലിച്ചെറിഞ്ഞുള്ള യാത്ര. എവിടെ നിന്ന് വന്നുവെന്നോ എവിടേക്കാണ് പോകുന്നതെന്നോ തിരിച്ചറിയാത്ത യാത്ര. ആരോടും യാത്ര പറയാതെയുള്ള യാത്ര. ഒന്നുമില്ലാതെ വന്ന് ഒന്നുമില്ലാതെ പോകുന്ന യാത്രക്കാരനെ കാത്ത് നിന്നത് കണ്ണീരും ആറടി മണ്ണും മാത്രം. മണ്ണോട് ചേരാനുള്ള മടക്കയാത്രയില്‍ വഴികാട്ടിയായത് ഈ വാഹനം മാത്രം.
വാഹനത്തിന്റെ വളയത്തിന് പിന്നിലുള്ള രാധികക്ക് പക്ഷേ ഈ യാത്ര ജീവിതയാത്രയാണ്. യാത്രക്കാര്‍ മാറി മാറി വന്നു കൊണ്ടിരിക്കും. എന്നാല്‍, വണ്ടിക്ക് മാത്രം മാറ്റമില്ല. ജീവനുള്ളിടത്തോളം കാലം നിലനില്‍ക്കുന്ന അവസാനിക്കാത്ത ഈ യാത്ര രാധിക തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പതിനൊന്ന് വര്‍ഷത്തോളമായി രാധികയുടെ ജീവിതം ഉരുളുന്നത് ആ വലിയ വെളുത്ത വണ്ടിക്കൊപ്പമാണ്. അപായസൂചനയുമായി കാതില്‍ തുളച്ച് കയറുന്ന പ്രത്യേക സൈറണ്‍ മുഴക്കി കുതിച്ചു പായുന്ന വാഹനം അവരുടെ ജീവിതമാണ്. രാവും പകലുമില്ലാതെ മഞ്ഞും മഴയും തടസ്സമാകാതെ രാധികയുടെ യാത്രകള്‍ നീളുകയാണ് കാവേരിക്കൊപ്പം മംഗലാപുരത്ത് നിന്നും.
മംഗലാപുരം ഹാസന് സ്വദേശിയായ സി.എസ്.രാധികയുടെ ജീവിതം മാറിമറിഞ്ഞത് 11 വര്‍ഷം മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ ആംബുലന്‍സ് ഡ്രൈവറായിരുന്ന ഭര്‍ത്താവ് സുരേഷിന്റെ മരണത്തോടെ. രണ്ട് പെണ്‍കുഞ്ഞുങ്ങളേയും കൊണ്ട് ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കേണ്ടി വന്ന വീട്ടമ്മ. ഡ്രൈവിങ് അറിയാമായിരുന്ന രാധിക ഏറെ ആലോചിച്ചില്ല. 'മരണവണ്ടി'യുടെ ചക്രം തിരിക്കാന്‍ തന്നെ തീരുമാനിച്ചു.
'അപ്പോള്‍ ഞാന്‍ ഏറെയൊന്നും ആലോചിച്ചില്ല. ജീവിക്കാനായി ഈ മാര്‍ഗം തിരഞ്ഞെടുത്തു. ഭര്‍്ത്താവിന്റെ ഇന്‍ഷൂറന്‍സ് തുക ഉണ്ടായിരുന്നു. അങ്ങനെ ആംബുലന്‍സ് വാങ്ങി. മൃതദേഹങ്ങള്‍ കൊണ്ടു പോകുമ്പോഴും പേടിയൊന്നും ഉണ്ടായിട്ടില്ല. എന്തിന് പേടിക്കണം? മൃതദേഹം എന്ത് ചെയ്യാനാണ്. മരിച്ചവരേക്കാള്‍ ഭയപ്പെടേണ്ടത് ജീവനോടെയുള്ളവരെയല്ലേ...?'- കാവേരി ആംബുലന്‍സ് സര്‍വീസിന്റെ സാരഥി ചോദിക്കുന്നു. 40-ാം വയസ്സില്‍ രാധികയുടെ മുഖത്ത് നിറയുന്നത് ജീവിതചിത്രങ്ങളാണ്.
ഭീതിയോടെ മാത്രമാണ് ആംബുലന്‍സിനെ ആളുകള്‍ നോക്കുന്നത്. ഒന്നുകില്‍ മൃതദേഹം അല്ലെങ്കില്‍ മരിക്കാറായ ആള് മാത്രമാണ് ഈ വാഹനത്തിലെ യാത്രക്കാര്‍ എന്നൊരു തോന്നലിനൊപ്പം ആ വലിയ ശബ്ദവും മനസില്‍ പതിഞ്ഞതു കൊണ്ടാകാം. എന്നാല്‍ യാത്രകളൊന്നും രാധികയെ ഭയപ്പെടുത്തിയില്ല. പുഴുവരിച്ച മൃതദേഹങ്ങള്‍ മുതല്‍ പിഞ്ചുശരീരം വരെ കൊണ്ടു പോകുമ്പോഴും മനസ്സ് പതറാറില്ലെന്ന്്് രാധിക പറയുന്നു. വണ്ടിയുമായി പോകുമ്പോള്‍ ലക്ഷ്യസ്ഥാനം മാത്രമാണ് മനസില്‍.
മംഗലാപുരം വെന്‍ലോക് ആസ്പത്രിയില്‍ നിന്നാണ് രാധിക യാത്ര തുടങ്ങിയത്. ഒരു വര്‍ഷത്തോളം അവിടെ നിന്ന ശേഷമാണ് കെ.എം.സി ആസപത്രിക്ക് കീഴിലേക്ക് മാറിയത്. പിന്നീട് രാധികയുടെ ആംബുലന്‍സുകളുടെ എണ്ണം കൂടി. ഇപ്പോള്‍ കാവേരി ആംബുലന്‍സ് സര്‍വീസിന് കീഴില്‍ അഞ്ച് ആംബുലന്‍സുകളുണ്ട് .
മംഗലാപുരത്ത് നിന്നുള്ള യാത്ര നീളുന്നത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ്. കൊല്‍ക്കത്ത, ഹൈദരാബാദ്, രാജസ്ഥാന് എന്നിവിടങ്ങളിലൊക്കെ ആംബുലന്‍സുമായി പോയിട്ടുണ്ട്്. കേരളം മുഴുവനും സഞ്ചരിച്ചിട്ടുണ്ട്്. ദൂരയാത്രകളില്‍ ഒപ്പം മറ്റൊരു ഡ്രൈവറുമുണ്ടാകും. രാത്രിയും പകലുമൊക്കെ സഞ്ചരിക്കേണ്ടി വരുമ്പോഴുള്ള പ്രശ്നമൊഴിവാക്കാനാണ് ഇത്്. സ്ത്രീകളാണ് വാഹനത്തില്‍ ഉള്ളതെങ്കില്‍ എത്ര ദൂരെയാണെങ്കിലും രാധിക പോകും. ഒരമ്മയുടെ, സഹോദരിയുടെ കരുതലോടെ. ആസ്പത്രിയില്‍ നിന്നുള്ള നഴ്സുമാരാരും ചിലപ്പോള്‍ കൂടെയുണ്ടാവില്ല. അവര്‍ ചെയ്യേണ്ട ജോലിയും കൂടി രാധിക ചെയ്യും. പാവപ്പെട്ട രോഗികളോ മൃതദേഹമോ ആണെങ്കില്‍ പ്രതിഫലമൊന്നുമില്ലാതെ ജോലി ചെയ്യാറുണ്ടെന്നും രാധിക പറയുന്നു. 'ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്തവരായിരിക്കും. ഇത്രയും കാശ് മുടക്കി കൊണ്ടു പോകാന്‍ പറ്റാതെ നിസ്സഹായരായി അവര്‍ നില്‍ക്കുന്നത് കാണുമ്പോള്‍ മനസ് പിടയും. ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഓര്‍ക്കും. പിന്നെ മറ്റൊന്നും ആലോചിക്കില്ല. വാഹനവുമായി പോകും, എത്ര ദൂരെയാണെങ്കിലും..' -രാധിക പറയുന്നു.
പതിനൊന്ന് വര്‍ഷത്തിനിടയില്‍ ദുരനുഭവങ്ങള്‍ ഏറെയൊന്നും ഉണ്ടായിട്ടില്ലെന്ന്്് രാധിക പറയുമ്പോഴും മനസ്സിനെ മുറിപ്പെടുത്തിയ ചില സംഭവങ്ങള്‍ മറക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.
രണ്ട് വര്‍ഷം മുമ്പ് നടന്ന മംഗലാപുരം വിമാനദുരന്തത്തെക്കുറിച്ച് പറയുമ്പോള്‍ രാധികയുടെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല. 'സംഭവം അറിഞ്ഞ ഉടന്‍ രണ്ട് ആംബുലന്‍സുകള്‍ ദുരന്ത ഭൂമിയിലേക്ക് പോയി. കൃത്യമായ വഴി പോലും ഇല്ലാത്ത സ്ഥലമായിരുന്നു. മൂന്ന് ട്രിപ്പ് നടത്തി. കത്തിക്കരിഞ്ഞ മൃതദേഹവും എടുത്തുകൊണ്ടുള്ള യാത്ര ഹൃദയഭേദകമായിരുന്നു. കാസര്‍കോട് പള്ളിക്കര വരെ പോയിരുന്നു അന്ന്. ഒന്നും പ്രതീക്ഷിക്കാതെയാണ് പോയത്. നമ്മുടെ കടമയല്ലേ അത്്് എന്ന ചിന്ത മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. അന്ന് ആദ്യ യാത്ര കഴിഞ്ഞപ്പോള്‍ തന്നെ വയ്യാതായി. വേറെ ഡ്രൈവറാണ് പിന്നീട് വണ്ടിയോടിച്ചത്. പ്രതീക്ഷകളും സ്വപ്നങ്ങളുമായി വന്നവര്‍ ഒരു പിടി ചാരമായി മാറുമ്പോഴുള്ള വേദന എന്നെ തളര്‍ത്തി'.
മറ്റൊരു സംഭവം രാധികയുടെ മനസ്സിനെ ഏറെ നാള് അസ്വസ്ഥമാക്കിയിരുന്നു. ഒരിക്കല്‍ ആറ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവും കൊണ്ട് 700 കിലോ മീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക് പോയി. പക്ഷേ അവിടെയെത്തിയപ്പോള്‍ കുഞ്ഞിന്റെ മൃതദേഹം സ്വീകരിക്കാന്‍ അച്ഛന് തയ്യാറായില്ല. എന്തോ കുടുംബപ്രശ്നം. കുഞ്ഞിന്റെ അമ്മ വീട്ടിലില്ലായിരുന്നു. ആരും സഹായത്തിനെത്തിയില്ല. മൃതദേഹം തിരിച്ച് മംഗലാപുരത്തേക്ക് കൊണ്ടു വന്ന്് ശ്മശാനത്തില്‍ ദഹിപ്പിക്കുകയായിരുന്നു. അത് കഴിയുമ്പോഴേക്കും കുഞ്ഞിന്റെ അമ്മ വന്നു. ഒന്നും ചെയ്യാന്‍ കഴിയാതെ നില്‍ക്കേണ്ടി വന്ന ആ അമ്മയെ ഞാന്‍ കുറേക്കാലം കൂടെ താമസിപ്പിച്ചു. പിന്നീട് അവര്‍ ജോലിക്ക് പോയി. അനാഥമായിപ്പോയ ആ കുരുന്ന് ശരീരവും അത് തേടി വന്ന പെറ്റമ്മയുടെ നൊമ്പരവും ഒരമ്മയെന്ന നിലയില്‍ എന്നെ വേദനിപ്പിച്ച സംഭവമാണ്-രാധിക പറയുന്നു.

പോലീസിന്റെ ഫോണാണെങ്കില്‍ പലപ്പോഴും അഴുകിയ മൃതദേഹങ്ങള്‍ വരെയുണ്ടാകും. പുഴുവരിക്കുന്ന ശരീരവുമായുള്ള യാത്ര. ഒരു പ്രത്യേക അവസ്ഥയാണത്. മൃതദേഹം ഇറക്കിയാലും പുഴുക്കള്‍ വണ്ടിയിലുണ്ടാകും. അതിനാല്‍ ഇതിനായി പ്രത്യേക ആംബുലന്‍സാണ്. പരന്ന പ്രതലമുള്ള വണ്ടിയാണെങ്കില്‍ മാത്രമേ കഴുകിയാല്‍ പുഴുക്കള്‍ പോകൂ..ഈശ്വാരനുഗ്രഹം കൊണ്ട്് വലിയ അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് രാധിക. ഒരിക്കല്‍ പൂണെക്കും മുംബൈക്കും ഇടയില്‍ വെച്ച് അപകടത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. രാത്രിയില്‍ വണ്ടിയോടിക്കുമ്പേള് ഉറങ്ങിപ്പോയി. അറിയാതെ ബ്രേക്ക് ചവിട്ടിയപ്പോള്‍ വണ്ടി വട്ടം കറങ്ങി നിന്നു. എതിരെ വന്ന ബസ്സുമായി കൂട്ടിയിടിക്കേണ്ടതായിരുന്നു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ് അന്ന്.
ഏത് മേഖലയിലായാലും പുതുതായി ഒരാള്‍ വരുമ്പോള്‍ അംഗീകരിക്കാന്‍ ആരും തയ്യാറാകില്ല, പ്രത്യേകിച്ചും പുരുഷ മേധാവിത്വമുള്ള മേഖലയില്‍ സ്ത്രീകള്‍ വരുമ്പോള്‍. രാധികയുടെ അനുഭവവും വ്യത്യസ്തമായിരുന്നില്ല. സൗകര്യങ്ങളെല്ലാമുള്ള ആംബുലന്‍സുമായി രാധിക എത്തിയപ്പോള്‍ മറ്റുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. വണ്ടികളുടെ എണ്ണം കൂടുംതോറും പ്രശ്നങ്ങളും ഏറി. ഫോണ്‍ വഴിയുള്ള ഭീഷണിപ്പെടുത്തലുകളും സഭ്യമല്ലാത്ത രീതിയിലുള്ള സംസാരവുമെല്ലാം ഇപ്പോഴും തുടരുന്നു. 'എന്തിനാണ് അവര്‍ ഇങ്ങനെ ചെയ്യുന്നതെന്ന്്് എനിക്കറിയില്ല. ചിലപ്പോഴൊക്കെ പോലീസിന്റെ സഹായം തേടി. ആരും സഹായത്തിനുണ്ടായിരുന്നില്ല. തന്റെ ഡ്രൈവര്‍മാര്‍ മാത്രമാണ് സഹായത്തിനെത്തിയത്. എറണാകുളം സ്വദേശിയായ സുനില്‍ കുമാര്‍ ആണ് പത്ത് വര്‍ഷത്തോളമായി സ്്ഥിരമായി കൂടെ ഉള്ളത്. പ്രശ്നങ്ങള്‍ വരുമ്പോള്‍ അവര്‍ പകരുന്ന കരുത്താണ് എന്നെ മുന്നോട്ട് നയിക്കുന്നത'്-രാധിക പറയുന്നു.
സുനിലിനെ കൂടാതെ അഞ്ച് ഡ്രൈവര്‍മാരാണ് ഉള്ളത്. രമേശ്, ചന്ദ്രശേഖരന്, ലോകേഷ്, നവീന്‍, ഗണേശന്. എല്ലാവരും മംഗലാപുരത്തുള്ളവര്‍ തന്നെ. ഡ്രൈവര്‍മാര്‍ വാഹനവുമായി പോകുമ്പോള്‍ മുതല്‍ വരുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും രാധിക ശ്രദ്ധിക്കും.
രാധികയുടെ ഭര്‍ത്താവ് സുരേഷിന്റെ സ്ഥലം മടിക്കേരിയാണ്. കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായ തലക്കാവേരിക്ക് സമീപം. ആംബുലന്‍സുകള്‍ക്ക് കാവേരിയെന്ന പേരു വന്നതിന് പിന്നില്‍ കാവേരിയോടുള്ള ഭക്തിയാണ്.
വാഹനങ്ങള്‍ വാങ്ങിയത് ലോണെടുത്താണ്. ബാങ്കുകാരുടെ സഹകരണം ഉണ്ടായിരുന്നു. ഒന്നില്‍ നിന്നും തുടങ്ങി ഇപ്പോള്‍ അഞ്ചിലെത്തിയിരിക്കുകയാണ് വാഹനങ്ങളുടെ എണ്ണം. ഏഴ് വണ്ടികള്‍ വരെ ഉണ്ടായിരുന്നു. ഇത് വരെയായി 15 വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വെക്കാറില്ല. കേടുപാടുകള്‍ ഉള്ള ആംബുലന്‍സുകളൊന്നും തന്നെ ഓട്ടത്തിന് ഉപയോഗിക്കില്ല. അത്യാസന്ന നിലയിലുള്ള രോഗികളോ മൃതദേഹമോ ആയിരിക്കും വാഹനത്തില്‍. രണ്ടായാലും ഒരു പോലെ പ്രധാനം. ഓട്ടത്തിനിടയില്‍ കേടുപാടുകള്‍ പറ്റിയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. വഴിക്കൊന്നും മറ്റൊരു ആംബുലന്‍സ് കിട്ടാന്‍ ഇടയില്ല. അതിനാല്‍ വാഹനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകില്ല.
കാവേരി നദിയിലെ തീര്‍ഥ ജലം ഭക്തര്ക്ക്് ആശ്വാസവും പുണ്യവുമേകുന്നു. അതു പോലെ കാവേരി ആംബുലന്‍സും ആശ്രയമേകുകയാണ് പാവപ്പെട്ട രോഗികള്‍ക്ക്. പതിനൊന്ന് വര്‍ഷത്തെ യാത്രയില്‍ രാധിക സഞ്ചരിച്ചത് ഏതാണ്ട് എട്ട് ലക്ഷം കിലോ മീറ്റര്‍. പ്രതിമാസം 5000 കിലോ മീറ്റര്‍ ഓടുന്നുണ്ടെന്ന് രാധിക പറയുന്നു. ഇനിയും യാത്ര തുടരുക തന്നെ ചെയ്യാനാണ് രാധികയുടെ തീരുമാനം.
മക്കളായ ഭാര്‍ഗവിയും ഭൂമികയും പഠിക്കുകയാണ്. അവരുടെ ഭാവി സുരക്ഷിതമാക്കണം. നീളുന്ന സ്വപ്നങ്ങള്‍ക്കൊപ്പം രാധികയുടെ യാത്രയും നീളുകയാണ്, ജീവന് തണലേകണമെന്ന ലക്ഷ്യത്തോടെ.

NEWS LETTER
RSS











