MATHRUBHUMI RSS
Loading...
എത്ര നാളായി നമ്മള്‍ കണ്ടിട്ട്‌
സി.എം.ബിജു

34 വര്‍ഷത്തെ സൗഹൃദചൂടില്‍ എലിസബത്തും മറിയാമ്മയും കണ്ടുമുട്ടിയപ്പോള്‍ തിളക്കമുള്ള ജീവിത മുഹൂര്‍ത്തങ്ങളുടെ ചുരുളഴിഞ്ഞു. ഒപ്പം ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും അധികമറിയാത്ത ഒരു മുഖം കൂടി തെളിഞ്ഞുവന്നു...



രാത്രി ഏഴുമണി. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി വീട്ടില്‍ ഗൃഹനാഥനെത്തിയിട്ടില്ല. ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കയാണ് അദ്ദേഹം. അകത്ത് തനിച്ചിരിക്കുന്നു ഗൃഹനാഥ മറിയാമ്മ. നിനച്ചിരിക്കാതെ അവരുടെ അരികിലേക്ക് ഒരു സുഹൃത്തുവന്നെത്തി. എലിസബത്ത് ആന്റണി. ഏറെ നാളുകള്‍ക്കുശേഷം ഒരുമിച്ചുകാണുകയാണ് ഇരുവരും. 34 വര്‍ഷത്തെ ഇഴയടുപ്പമുള്ള ഒരു സൗഹൃദത്തിന്റെ ഊഷ്മളതയില്‍ ആ ചങ്ങാതിമാര്‍ സംസാരിച്ചുതുടങ്ങി.സ്‌നേഹം കൂടുമ്പോള്‍ എലിസബത്ത് എല്‍സിയും മറിയാമ്മ ബാവയുമായി മാറി. ഭര്‍ത്താക്കന്‍മാര്‍ തങ്കച്ചനും(ആന്റണി), കുഞ്ഞും(ഉമ്മന്‍ചാണ്ടി) ഇടയ്ക്കിടെ അവരുടെ കഥകളില്‍ വന്ന് എത്തിനോക്കിപ്പോയി. രാഷ്ട്രീയം, ജീവിതം, കുടുംബം, മക്കള്‍, സമൂഹം.... വിഷയങ്ങള്‍ കെട്ടുപൊട്ടിച്ചുതുടങ്ങി.

മറിയാമ്മ: എല്‍സി ഇപ്പോള്‍ ഡല്‍ഹിയില്‍ വക്കീല്‍ പണി തുടങ്ങിയോ

എലിസബത്ത്: ഞാനിപ്പോള്‍ സുപ്രീംകോര്‍ട്ടിലും ഹൈക്കോര്‍ട്ടിലുമൊക്കെ പോവുന്നുണ്ട്. ഇന്നലെ വഞ്ചിയൂര്‍ കോടതിയിലും പോയി.
മറിയാമ്മ: ഇതിപ്പോ വക്കീലാവുമ്പോ ജഡ്ജിയെ എപ്പോഴും യുവര്‍ ഓണര്‍, യുവര്‍ ഓണര്‍ എന്നു വിളിച്ചോണ്ടിരിക്കേണ്ടെ?

എലിസബത്ത്: അതിപ്പോ ബാങ്കിലായപ്പോഴും നമ്മളുടെ മുകളിലുള്ളവരെ സാര്‍ എന്നൊക്കെ വിളിച്ചതല്ലേ ബാവേ. ഇതും അങ്ങനെ കണ്ടാല്‍ മതി. ഇതൊരു പുതിയ പ്രൊഫഷനല്ലേ.അതിന്റെയൊരു സന്തോഷമുണ്ട്.

ഞാനിപ്പോള്‍ എടുത്തിരിക്കുന്ന ഒരു കേസ് മരിച്ചുപോയ ഒരു നാവികന്റെ ഭാര്യയുടേതാണ്. ഒന്നരവയസ്സായ അവരുടെ കൊച്ചിനെ അമ്മായി അച്ഛനും അമ്മായിയമ്മയും കൂടെ എടുത്തുകൊണ്ടുപോയി. അവരെ സ്വന്തം വീട്ടില്‍നിന്ന് അടിച്ചുപുറത്താക്കുകയും ചെയ്തു. അതാകെ ഒറ്റയ്ക്കായി. ഇവര്‍ക്കാണെങ്കില്‍ കേസിനു പോവാനുള്ള കാശൊന്നുമില്ല.

മറിയാമ്മ: ആ പാവം സ്ത്രീ ഒറ്റയ്‌ക്കെന്ത്് ചെയ്യും. അവള്‍ക്കുപെട്ടെന്ന് നീതി കിട്ടും എല്‍സി. അതുറപ്പാ.

എലിസബത്ത്: ഇപ്പോള്‍ കേസ് ഫയല്‍ ചെയ്താലും ഒന്നൊന്നര വര്‍ഷമെടുക്കും വിധിയാവാന്‍. അപ്പോഴുണ്ടല്ലോ കൊച്ച്അമ്മയെ തിരിച്ചറിയാതായിട്ടുണ്ടാവും. അത് അമ്മയെ അംഗീകരിക്കുമോ.

ഇങ്ങനെയുള്ള ആളുകള്‍ക്കൊക്കെ ഞാന്‍ ഫ്രീയായിട്ട് വാദിച്ചുകൊടുക്കും. ഇപ്പോള്‍ കോടതിയില്‍ കേസ് നടത്തിപ്പൊക്കെ ഭയങ്കര പൈസ ചെലവാകുന്ന ഏര്‍പ്പാടല്ലേ. ഗവണ്‍മെന്റിന്റെ ആള്‍ക്കാരെന്നും പറഞ്ഞിരിക്കുന്നവരൊന്നും അത്ര സ്‌ട്രോങ്ങായിട്ടൊന്നും വാദിക്കത്തില്ല.
മറിയാമ്മ: എപ്പോഴും പൈസ പൈസാ എന്നേ അവര്‍ പറയത്തുള്ളൂ അല്ലേ.

എലിസബത്ത്: അതുകൊണ്ടാണ് പോലീസുകാരന്റെയും രാഷ്ട്രീയക്കാരന്റെയും വക്കീലന്‍മാരുടെയും ഒക്കെ മക്കള്‍ ശരിയാവില്ലെന്ന് പറയുന്നത്. ജനങ്ങളെ പിഴിയുന്ന ആള്‍ക്കാരുടെ മക്കളല്ലേ. പോലീസുകാരാണെങ്കില്‍ ആളുകളെ ഇടിച്ചുപിഴിയും. വക്കീലന്‍മാര്‍ പൈസക്കുവേണ്ടി കക്ഷികളെയും പിഴിയും.

മറിയാമ്മ: അല്ലെങ്കിലും എന്തൊക്കെയാ നമ്മുടെ ചുറ്റിലും സംഭവിക്കുന്നേ. ബാംഗ്ലൂരില്‍ ഒരു കൊച്ചുപെണ്‍കുട്ടിയെ അതിന്റെ അച്ഛന്‍ തന്നെ കൊലപ്പെടുത്തിയില്ലേ. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചങ്ക് തകര്‍ന്നുപോവുകയാ.

അപ്പോള്‍ എലിസബത്തിന്റെ ബാഗില്‍നിന്ന് ഫോണ്‍ മിടിച്ചു. അങ്ങേത്തലയ്ക്കല്‍ ഭര്‍ത്താവാണ്. കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണി.
'ഞാന്‍ ബാവായുടെ വീട്ടില്‍ ഇരിക്കയാ. ബാവയുണ്ട്, ഫോണ്‍ കൊടുക്കാം.'

ഫോണ്‍ മറിയാമ്മയുടെ കൈയിലേക്ക്.'ഓ കുഞ്ഞിന്റെ കാര്യമോ. ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഡിസ്റ്റന്റ് ഹോസ്റ്റല്‍ മേറ്റ് ആയി കഴിയുകയാണിപ്പോള്‍. പുള്ളിയെ കാര്യമായി ഒന്നുപദേശിക്കണം കേട്ടോ. ഓ, നല്ല ആളോടാ ഈ പറയുന്നേ.' മറിയാമ്മയെ കേട്ടിരിക്കുന്ന എലിസബത്തും ഫോണിന്റെ മറുതലയ്ക്കല്‍നിന്ന് ആന്റണിയും ഒരുമിച്ച് പൊട്ടിച്ചിരിച്ചു. അപ്പോള്‍ ഡല്‍ഹിയില്‍ ഏതോ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കഥാനായകന്‍ കുഞ്ഞ്, നമ്മുടെ മുഖ്യമന്ത്രി.

'പിന്നെ ആന്റണിക്ക് പ്രശ്‌നങ്ങളൊക്കെ വന്നപ്പോള്‍ ഞാന്‍ കുറെ പ്രാര്‍ത്ഥിച്ചായിരുന്നു കേട്ടോ.' മറിയാമ്മ ആന്റണിയെ ആശ്വസിപ്പിക്കുന്നു. സംസാരം മുഴുമിപ്പിക്കും മുമ്പേ ഫോണ്‍ കട്ടായി. കൂട്ടുകാരികളുടെ വര്‍ത്തമാനം കറങ്ങിത്തിരിഞ്ഞ് പഴയകാലത്തിലേക്കുപോയി.

എലിസബത്ത്: 78ലാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. കനറാ ബാങ്കില്‍ ഒരേ സെക്ഷനില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍. അന്നുതൊട്ടേ സുഹൃത്തുക്കളാവുകയായിരുന്നു.

മറിയാമ്മ: ഞാന്‍ മറിയക്കുട്ടിയെ(മൂത്തമകള്‍) പ്രസവിച്ച് മെറ്റേണിറ്റി ലീവ് കഴിഞ്ഞ് ചെല്ലുമ്പോളാണ് എല്‍സി അവിടെയെത്തുന്നത്. അന്നത്തെയൊരു ഫോട്ടോയില്ലേ. എല്‍സിയൊരു നീലസാരിയൊക്കെ ഉടുത്ത്. എന്തൊരു ഭംഗിയായിരുന്നു അല്ലേ.
ബാവയുടെ ആല്‍ബത്തില്‍നിന്ന് ആ പഴയ സുന്ദരികള്‍ പ്രത്യക്ഷപ്പെട്ടു. വെള്ളയും നീലയും സാരിയണിഞ്ഞ രണ്ട് യുവതികള്‍. രണ്ടുപേരും കുറെ നേരം ആ ഫോട്ടോയില്‍ കണ്ണ് മിഴിച്ചിരുന്നു.

എലിസബത്ത്: നമ്മള് രണ്ട് പേരും എന്ത് മെലിഞ്ഞാ ഇരിക്കണേ അല്ലേ.

മറിയാമ്മ: പഴയ ഫോട്ടോ കാണുമ്പോള്‍ സങ്കടം വരും. ഒരു ആനയെപ്പോലെയായി ഞാനിപ്പോള്‍.

എലിസബത്ത്: ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ ഈ ഹോര്‍മോണ്‍ ചെയ്‌ഞ്ചൊക്കെ വരുമ്പോള്‍ തൂക്കം കൂടും. അല്ലേലും അന്നത്തെ അത്രേം മെലിഞ്ഞാല്‍ പിന്നെ ഒന്നിനും കൊള്ളൂലാ...

മറിയാമ്മ: ഞങ്ങള്‍ തമ്മില്‍ അന്നേ പല കാര്യങ്ങളിലും അഭിപ്രായ ഐക്യം ഉണ്ടായിരുന്നു. അങ്ങനെ തമ്മിലൊരു സ്‌നേഹം ഉടലെടുത്തു. എല്‍സി ഇടയ്ക്കിടെ ഈ വീട്ടില്‍ താമസിക്കാന്‍ വരും. അന്നൊക്കെ ഇ.പി.എന്നാ ഞങ്ങള്‍ എല്‍സിയെ വിളിക്കുക. എലിസബത്ത് പോള്‍ എന്നതിന്റെ ചുരുക്കപ്പേര്. കുട്ടികള്‍ക്കൊക്കെ ഇ.പി.ആന്റിയാണ്. പിള്ളാര്‍ക്കൊക്കെ അന്ന് ഇ.പി.ആന്റി മതി. ചാണ്ടിമോന് ഇഷ്ടപ്പെട്ടൊരു പാട്ടുണ്ട്, ആയിരം കണ്ണുമായി... എല്‍സി അത് പാടിക്കൊടുക്കും. അച്ചുവിന് എന്നും കഥകേള്‍ക്കണമെന്നാ വാശി. എനിക്കാണേല്‍ അതൊന്നും പറയാനറിയത്തില്ല. എല്‍സിയാണ് കൊച്ചിനെ മടിയിലിരുത്തി കഥ പറഞ്ഞുകൊടുക്കുന്നത്. മറിയക്കുട്ടി പിന്നെ അന്നേ ആളൊരു സാധുവാ.

എലിസബത്ത്: കുട്ടികളെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. പിള്ളാര്‍ എവിടെയുണ്ടോ അവിടെയൊക്കെ സമയം ചെലവിടാന്‍ ഭയങ്കര താത്പര്യമാണ്. ഏതുനേരവും അവരെ എങ്ങനെയൊക്കെ സന്തോഷിപ്പിക്കാം എന്നുള്ള ചിന്തയിലായിരുന്നു ഞാന്‍.

മറിയാമ്മ: ഞങ്ങളന്ന് ഒരുമിച്ച് വെട്ടുകാട്ട് പള്ളിയില്‍ പോവും. രണ്ടുപേര്‍ക്കും ഓരോരോ പ്രാര്‍ത്ഥനകളാണ്. എല്‍സിയുടേത് നല്ലൊരു ഭര്‍ത്താവിനെ കിട്ടണമെന്ന്. എനിക്കൊരു മോനെ കിട്ടണമെന്നും.

അന്നൊക്കെ എല്‍സി ഇടയ്ക്കിടെ എന്നെച്ചൂണ്ടി പറയുന്നൊരു ഡയലോഗുണ്ട്, 'പാവം കൊച്ച്. ഏതോ രാഷ്ട്രീയക്കാരനല്ലേ കെട്ടിയത്. ഇവളുടെ ജീവിതം പോയില്ലേ' എന്ന്

എലിസബത്ത്: ഒരു രാഷ്ട്രീയക്കാരനാണെന്ന് അറിയാമെന്നല്ലാതെ ബാവയുടെ ഭര്‍ത്താവ് ഉമ്മന്‍ചാണ്ടിയാണെന്നൊന്നും എനിക്കറിയില്ലായിരുന്നു, ഞാനീ കേരളത്തിന്റെ പുറത്തൊക്കെ പഠിച്ചതാണ്. ഇവിടുത്തെ കാര്യങ്ങളൊന്നും അത്ര അറിയത്തില്ല. എന്റെ വിചാരം ഈ ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയുമൊക്കെ ഏതാണ്ട് കെളവന്‍മാരാണെന്നാ.

മറിയാമ്മ: നമ്മുടെ ഫ്രന്‍ഡ്‌സിനെ നമ്മള്‍ കല്യാണം കഴിപ്പിക്കാന്‍ ആഗ്രഹിക്കുമല്ലോ. ഞാന്‍ അങ്ങനെ എല്‍സിക്കുവേണ്ടി ആന്റണിയെ ആലോചിച്ചതാ. അപ്പോള്‍ എല്‍സി പറയുകാ, എനിക്കീ രാഷ്ട്രീയക്കാരെയൊന്നും വേണ്ടെന്ന്.

എലിസബത്ത്: കേരളത്തിന്റെ പുറത്തുള്ള രാഷ്ട്രീയക്കാരൊക്കെ ഏതാണ്ട് വൃത്തികെട്ടവരാണ്. അതുകൊണ്ടാ ഞാനങ്ങനെ പറഞ്ഞേ.
മറിയാമ്മ: അന്ന് ആന്റണി വൈകുന്നേരമൊക്കെ ഞങ്ങളുടെ വീട്ടില്‍ വരും. ഭക്ഷണമൊക്കെ കഴിച്ച് കുഞ്ഞുമായി വര്‍ത്തമാനം പറഞ്ഞിരിക്കും. കുഞ്ഞും ആന്റണിയുമായി ഭയങ്കര അടുപ്പമാണ്. അടുത്ത കുടുംബസുഹൃത്തുമാണ്. ഞാനന്ന് ആന്റണിയോടും കല്യാണക്കാര്യം ചോദിച്ചതാണ്. അപ്പോള്‍ പുള്ളിയും പറഞ്ഞു, ഇപ്പോള്‍ വേണ്ടെന്ന്.


പിന്നെ ഇതിന്റെ ടേണിങ്ങ് പോയിന്റ് വരുന്നത് ആന്റണി ഡല്‍ഹിയില്‍ പോയപ്പോഴാണ്. ഒരു ദിവസം കുഞ്ഞ് ഡല്‍ഹിയില്‍ പോയി വന്നിട്ട് പറയുകയാ, 'ആന്റണിക്ക് എന്തോ വലിയൊരു ഒറ്റപ്പെടല്‍ തോന്നുന്നുണ്ട്. നമുക്ക് ഇ.പി.യെ ഒന്നുകൂടെ ആലോചിച്ചാലോ'എന്ന്. നല്ല ഐഡിയയാണെന്ന് ഞാനും പറഞ്ഞു. അപ്പോഴേക്കും മുമ്പ് എല്‍സിയെ പെണ്ണുചോദിച്ചിട്ട് അഞ്ചാറ് വര്‍ഷം കഴിഞ്ഞിട്ടുണ്ട്. എല്‍സിക്ക് വേറെ ആലോചനകളൊന്നും ശരിയായിട്ടുമില്ല. കാര്യം പറഞ്ഞപ്പോള്‍ ആന്റണി വഴങ്ങുന്ന ഒരു അവസ്ഥയിലായിരുന്നു. പുള്ളിയെ ഏകാന്തത അലട്ടിത്തുടങ്ങിയിരുന്നു. അങ്ങനെ പെണ്ണുകാണാന്‍ വന്നു, അപ്പോള്‍ ആന്റണിയുടെ മുഖം വിടര്‍ന്നുകേട്ടോ...

എലിസബത്ത്: അതായിരിക്കും നമ്മുടെ തലയില്‍ വരച്ചത്. തങ്കച്ചന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാ ഞാന്‍ ആദ്യം കാണുന്നത്. അതുകഴിഞ്ഞ് കല്യാണം നടക്കുമ്പോഴേക്കും ഏഴുവര്‍ഷം കഴിഞ്ഞിരുന്നു.

ലളിത ജീവിതം

എലിസബത്ത്: വിവാഹം ലളിതമായിരുന്നു. മൂന്നുദിവസം കൊണ്ട് കല്യാണം നടന്നു. എല്ലാം ബാവയും കുഞ്ഞച്ചായനും ചേര്‍ന്നങ്ങ് തീരുമാനിച്ചു. അവരോട് തങ്കച്ചന്‍ പറഞ്ഞത്രേ പള്ളിയില്‍ വെച്ച് മിന്നുകെട്ടില്ലെന്ന്.

മറിയാമ്മ: പള്ളിയില്‍ വിവാഹം വേണ്ടെന്ന് ആന്റണി നേരത്തെ പറഞ്ഞതാണ്. ഈ വീട്ടില്‍ വെച്ചായിരുന്നു വിവാഹം. നഫീസത്തുബീവിയാണ് അന്ന് താലികെട്ടിയത്.

എലിസബത്ത്: എന്റെ ഹസ്‌ബെന്‍ഡിന് താലി കെട്ടാനൊന്നുമറിഞ്ഞൂടാ. കൈയിലിങ്ങനെ വെച്ച് തിരിച്ചോണ്ടിരിക്കുമ്പോഴാ നഫീസത്തുബീവി വാങ്ങി കെട്ടിത്തന്നത്. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ചിരി വരും.

വിവാഹം കഴിഞ്ഞ് കുറച്ചൊക്കെ അടിച്ചുപൊളിച്ച് ജീവിക്കണം എന്നൊക്കെ മനസ്സിലുണ്ടായിരുന്നു. പക്ഷേ കല്യാണം കഴിച്ചയാളൊരു ലളിതമനുഷ്യനായതുകൊണ്ട് ഞാനും അദ്ദേഹത്തിന്റെ സ്റ്റൈലിലേക്ക് മാറി. പലകാര്യങ്ങളും ഒറ്റയ്ക്കു ചെയ്യേണ്ടി വന്നു.

ഞാന്‍ കൊച്ചിയിലെ ആസ്പത്രിയില്‍ വെച്ചാണ് മൂത്തമോനെ പ്രസവിച്ചത്. അപ്പോള്‍ തങ്കച്ചന്‍ നോര്‍ത്ത് ഈസ്റ്റിലാണ്. വിവരമറിയിക്കാനൊക്കെ ഒരുപാട് ബുദ്ധിമുട്ടി. ഇന്നത്തെപ്പോലെ അങ്ങനെ കമ്യൂണിക്കേഷനൊന്നും ഇല്ലല്ലോ. വയര്‍ലെസിലൊക്കെ വിളിച്ചാണ് വിവരമറിയിച്ചത്. എന്നിട്ടും തങ്കച്ചന് വരാനായില്ല.

മറിയാമ്മ: എന്റെ കാര്യം അതിലും തമാശയാ. മൂത്ത മോളെ പ്രസവിക്കാന്‍ ആസ്പത്രിയില്‍ പോയപ്പോള്‍ കുഞ്ഞ് ചെങ്കല്‍ച്ചൂളയിലെ പ്രശ്‌നം പഠിക്കാന്‍ പോയി. രണ്ടാമത്തെ മോളുടെ പ്രസവസമയത്ത് ഞാന്‍ ആസ്പത്രിയില്‍ കിടന്നു വേദന കൊണ്ട് പിടയുമ്പോള്‍ കുഞ്ഞ് ചെവിയില്‍ ചോദിക്കുകയാണ്, എനിക്ക് കെ.പി.സി.സി.എക്‌സിക്യൂട്ടീവുണ്ട്, തിരുവനന്തപുരത്ത്. പോവട്ടെ എന്ന്. ഞാന്‍ ദേഷ്യംപിടിച്ച് പോയേച്ച് വരാന്‍ പറഞ്ഞു. ചാണ്ടി മോനെ പ്രസവിക്കുമ്പോള്‍ പുള്ളി സ്ഥലത്തുണ്ടായിരുന്നു. പക്ഷേ വീട്ടില്‍ കിടന്ന് സുഖമായുറങ്ങി.

എലിസബത്ത്: കല്യാണമായാലും വീടുവെക്കുന്നതായാലും എന്റെ ജീവിതത്തില്‍ എല്ലാം ഒരു മിറാക്കിള്‍ പോലെ സംഭവിച്ചതാണ്. വീടുവെക്കേണ്ട കാര്യം പറഞ്ഞപ്പോള്‍ തങ്കച്ചന്‍ പറയുകയാ, അധികം കടമൊന്നുമാക്കേണ്ടെന്ന്. എന്റെ കൈയിലെത്ര കാശുണ്ടോ, അതും ബാങ്ക് ലോണും ചേര്‍ത്തുള്ള തുകയ്ക്കുള്ള വീടു മതി. പിന്നെ സ്ഥലം ഒരിക്കലും അഞ്ച് സെന്റില്‍ കൂടരുത്. അത് അഞ്ചര സെന്റായാല്‍ പോലും തങ്കച്ചന്‍ സമ്മതിക്കത്തില്ല. അങ്ങനെയൊക്കെ കുറെ അന്വേഷിച്ചാണ് ഞാനൊരു സ്ഥലം കണ്ടെത്തിയത്.1992ല്‍ ഒരുലക്ഷത്തി പതിനായിരം രൂപ കൊണ്ട് വീടുവെച്ചു.

മറിയാമ്മ: ഞാന്‍ വീട് വെച്ചതിന്റെ കടം ഇപ്പോഴും തീര്‍ന്നിട്ടില്ല. കുറെ സ്ഥലം വിറ്റു, ബാക്കി ലോണുമെടുത്തു. ആ കടമൊക്കെ ഇന്നും അങ്ങനെ തന്നെ നില്‍ക്കുന്നുണ്ട്. ഹൗസിങ്ങ് ലോണ്‍ കൊടുത്താലും കൊടുത്താലും തീരത്തില്ലല്ലോ.

പരിഭവങ്ങളും പരാതികളും നീണ്ടുപോയി. അതിനിടയ്ക്ക് വീട്ടിലെ സഹായി ഗഫൂര്‍ മധുരമുള്ള സേലംമാങ്ങ ചെത്തിയിട്ട് കൊണ്ടുവന്നു, ഒപ്പം ഗ്രീന്‍ടീയും. ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാത്ത ജീവിതത്തിന്റെ ഓര്‍മകള്‍ക്കൊപ്പം അവര്‍ വീണ്ടും നീങ്ങിത്തുടങ്ങി. സിനിമയും യാത്രയും ഷോപ്പിങ്ങുമൊക്കെ അവര്‍ക്ക് പണ്ടെങ്ങോ കണ്ടുമറന്ന സ്വപ്‌നം മാത്രമായിരുന്നു..

മറിയാമ്മ: വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞാണ് ഞങ്ങള്‍ ഒരു അമേരിക്കന്‍യാത്ര നടത്തിയത്. ആ യാത്രയിലൊരു സംഭവമുണ്ടായി. അന്ന് അവിടുത്തെ സ്ഥാനപതിയാണ് കെ.ആര്‍.നാരായണന്‍. ഞങ്ങള്‍ ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ കെ.ആര്‍.നാരായണന്‍ കുഞ്ഞിനോട് പറഞ്ഞു,'ഉമ്മന്‍ചാണ്ടി എനിക്ക് രാഷ്ട്രീയത്തില്‍ വന്നാല്‍ കൊള്ളാമെന്നുണ്ട്'.കുഞ്ഞ് അത് ഇന്ദിരാഗാന്ധിയോട് ചെന്നുപറഞ്ഞു. ശരിക്കും ആ ഒരു പോക്കിലാണ് കെ.ആര്‍.നാരായണന്‍ രാഷ്ട്രപതി സ്ഥാനത്തെത്താന്‍ വഴി തുറക്കുന്നത്.

ഇപ്പോള്‍ പുള്ളിക്ക് മിണ്ടാന്‍ പോലും സമയമില്ല. പിന്നെയന്തു യാത്ര. എല്‍സിയും മിക്കപ്പോഴും ഒറ്റയ്ക്കുതന്നെയല്ലേ.

എലിസബത്ത്: ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് ഞാനെന്റെ പഠിത്തം പൂര്‍ത്തിയാക്കി. എല്ലാ ഡിഗ്രിയും എടുത്തു. പിള്ളേരുടെ കാര്യങ്ങളെല്ലാം നടത്തി. ഒരു ഡള്‍ മാര്യേജ് കൊണ്ട് ഐ ഹാവ് ഗെയ്ന്‍ഡ് എ ലോട്ട്. ഇതിനിടയ്ക്ക് സോഷ്യല്‍വര്‍ക്ക് ചെയ്യും. അങ്ങനെ എല്ലാ കാര്യത്തിലും അങ്ങോട്ട് ഇന്‍വോള്‍വ്ഡായി. ഇപ്പോള്‍ എനിക്കിതിലൊന്നും ഒരുപരാതിയുമില്ല. പിന്നെ എപ്പോഴും രാഷ്ട്രീയക്കാരുടെ ഭാര്യമാര്‍ എന്നൊരു ലേബലുണ്ടല്ലോ നമുക്ക്.

മറിയാമ്മ: ആ ലേബല്‍ ഉള്ളതുകൊണ്ട് മരുന്ന് വാങ്ങിക്കാനൊന്നും ക്യൂ നില്‍ക്കേണ്ട. പിന്നെ ആളുകളില്‍നിന്ന് ഒരുപാട് സ്‌നേഹം കിട്ടും. അത് അവരുടെ കണ്ണുകളില്‍ കാണാം. ഞാനാ സ്‌നേഹം ഒരുപാടനുഭവിച്ചിട്ടുണ്ട്. അച്ചുവിനെ പ്രസവിച്ചുകിടക്കുമ്പോള്‍ എത്രപേരാ കാണാന്‍ വന്നതെന്നോ. പുതുപ്പള്ളിക്കാരെല്ലാംകൂടെ വന്ന് ആസ്പത്രി നിറഞ്ഞു. നമ്മള്‍ കൊച്ചിനെയും കൊണ്ട് കിടക്കുന്ന കട്ടിലിലൊക്കെ നിറയെ ആളുകള്‍ കയറിയിരിക്കുകയാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് പോവുന്ന ദിവസം ഇതിലും രസമായിരുന്നു. വഴിയില്‍നിന്ന് കുറെപ്പേര്‍ വിളിച്ചുപറയുകയാണ്, 'ദാ, ഞങ്ങടെ കുഞ്ഞുഞ്ഞിനെയും കൊണ്ടു ഒരാള്‍ പോവുന്നെ'ന്ന്.

എലിസബത്ത്: കല്യാണം കഴിഞ്ഞ് ആകെ രണ്ട് സിനിമയാ ഞങ്ങള്‍ ഒരുമിച്ചുകണ്ടത്. ഒന്ന് ജയറാമിന്റെ എന്റെ വീട് അപ്പൂന്റേം..തങ്കച്ചന്‍ ഇങ്ങനത്തെ ഒരു 'മൂരാച്ചി'യാണെന്ന് നേരത്തെ അറിയാമായിരുന്നല്ലോ, അതുകൊണ്ട് അതിലൊന്നും വലിയ വിഷമം തോന്നിയിട്ടില്ല. അന്നൊക്കെ എനിക്ക് ഓഫീസില്‍നിന്ന് വന്നാല്‍ പിന്നെ അടുക്കള ശ്രദ്ധിക്കേണ്ടെ. മൂന്നാല് ആത്മാക്കള്‍ നമ്മളെ കാത്ത് വീട്ടിലിരിക്കയല്ലേ. വരുന്ന വഴിക്ക് മീന്‍മേടിച്ചുവരണം, പച്ചക്കറി വാങ്ങണം.

മറിയാമ്മ: ഞാന്‍ മുമ്പൊക്കെ ബോറടി മാറ്റാന്‍ കുറച്ചൊക്കെ പാടുമായിരുന്നു. ഇപ്പോള്‍ ശബ്ദമെല്ലാം പോയി, വീട്ടില്‍ കീ ബോര്‍ഡൊക്കെയുണ്ടായിരുന്നു. അതൊക്കെ അന്ന് ഒത്തിരി റിലാക്‌സേഷന്‍ തന്നു. ഇപ്പോള്‍ അതും കേടായി.

പത്രങ്ങള്‍ പോലും വായിക്കാറില്ല. അല്ലെങ്കിലും എന്ത് വാര്‍ത്തകളാണ് അതിലൊക്കെ വരുന്നത്. ഞാനാകെ ടി.വി.യില്‍ ചില ആത്മീയപരിപാടികളൊക്കെ കാണും. ദുഖിച്ചിരിക്കുമ്പോള്‍ അത് നമ്മളെ ആശ്വസിപ്പിക്കുംപോലെ തോന്നും.

എലിസബത്ത്: ഞാന്‍ ടി.വി.കാണത്തില്ല. അതൊരു നെഗറ്റീവ് എനര്‍ജിയാണ് തരുന്നത്. പത്രം വായിക്കാത്തതിന് പിള്ളാരൊക്കെ എന്നെ കളിയാക്കും. ഇപ്പോള്‍ മീഡിയ എന്താണ് ചെയ്യുന്നത്. സെലിബ്രിറ്റികളുടെ രഹസ്യങ്ങള്‍ എക്‌സ്‌പോസ് ചെയ്യുക എന്നതിലേക്ക് മാറുകയല്ലേ. ഒരുമാന്യതയുമില്ലാത്ത ഏര്‍പ്പാടല്ലേ അത്. എനിക്ക് ടെന്‍ഷന്‍ റിലീവിങ്ങ് എക്‌സര്‍സൈസ് പെയിന്റിങ്ങാണ്. പണ്ട് സ്‌കൂളില്‍ വെച്ച് പെയിന്റ് ചെയ്തതിന് എനിക്ക് സമ്മാനമൊക്കെ കിട്ടിയിട്ടുണ്ട്. പിന്നെ ഇപ്പോഴാണ് വീണ്ടും വരച്ചുതുടങ്ങിയത്, പെയിന്റിങ്ങൊക്കെ തങ്കച്ചന് ഇഷ്ടമാണ്. പിന്നെ ചെറുതായി സോഷ്യല്‍വര്‍ക്കുമുണ്ട്.

സ്ത്രീകള്‍ക്കുവേണ്ടി നവൂതന്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്നൊരു ഓര്‍ഗനൈസേഷന്‍ നടത്തുന്നുണ്ട്. എന്റെ ഭര്‍ത്താവിന്റെ അടുത്ത് കാന്‍സര്‍ രോഗികള്‍ ചികിത്സയ്ക്കുള്ള പണത്തിനുവേണ്ടി ഒരുപാട് വരുന്നത് കണ്ടിട്ടുണ്ട്. അതുകണ്ടാണ് ഞാനീ എന്‍.ജി.ഒ.തുടങ്ങുന്നതു തന്നെ. സ്ത്രീകളെ തൊഴിലുകള്‍ പഠിപ്പിച്ച് അവരെ സ്വന്തം കാലില്‍ നില്‍ക്കുന്ന അവസ്ഥയെത്തിക്കുകയാണ് ലക്ഷ്യം. ഒപ്പം രോഗികളെ സഹായിക്കലും. സ്വന്തം കൈയില്‍നിന്ന് പൈസയൊക്കെയിട്ടാണ് തുടങ്ങിയത്. അല്ലാതെ സര്‍ക്കാര്‍ ഗ്രാന്റോ ഫോറിന്‍ഫണ്ടോ ഡൊണേഷനോ ഒന്നും വാങ്ങിയിട്ടല്ല. ഭര്‍ത്താവ് ആദ്യമേ പറഞ്ഞതാണ്. തുടങ്ങണമെങ്കില്‍ തുടങ്ങിക്കോ, പക്ഷേ ഈ പരിപാടിയൊന്നും ഇവിടെ നടപ്പില്ലെന്ന്.

ഇടയ്ക്കിടെ എല്‍സിയുടെ മൊബൈല്‍ മുരണ്ടുകൊണ്ടിരുന്നു. 'ഈ മൊബൈലൊക്കെ കള എല്‍സി. അത്രയ്ക്ക് ദോഷമാ ഇത്'മറിയാമ്മയുടെ മുന്നറിയിപ്പ്.

'ഇതില്ലാതെ ഇപ്പോള്‍ ജീവിക്കാന്‍ പറ്റുമോ. നമ്മുടെ പണിയൊക്കെ ഇതേലല്ലേ നടക്കുന്നത്.'എല്‍സിയുടെ മറുപടി.'എന്റെ ഏറ്റവും വലിയ ആഗ്രഹം ഈ മൊബൈലിവിടെ നിരോധിക്കണം എന്നാ. ഇതൊന്നുമില്ലാതെ നമ്മള്‍ പണ്ട് ജീവിച്ചിട്ടില്ലേ.' മറിയാമ്മ ആത്മഗതം ചെയ്തു. ചര്‍ച്ച ഭര്‍ത്താക്കന്‍മാരുടെ ആരോഗ്യകാര്യങ്ങളിലേക്ക് തിരിഞ്ഞു.

എലിസബത്ത്: സ്വന്തം ആരോഗ്യം പിന്നെ തങ്കച്ചന്‍ നോക്കിക്കോളും. അതിലെനിക്ക് ഒട്ടും വറീഡാവേണ്ട ആവശ്യമേയില്ല. പിള്ളാരെയും കുറെ ചിട്ടകളൊക്കെ പഠിപ്പിച്ചിട്ടുണ്ട്. ചുമ്മാ വലിച്ചുവാരി തിന്നുന്ന സ്വഭാവമില്ല. പിള്ളാരുടെ ആരോഗ്യം നോക്കിയുള്ള ചിട്ടകളൊക്കെ പറഞ്ഞുകൊടുത്ത്, ആ രീതിയിലുള്ള എക്‌സര്‍സൈസൊക്കെ കാണിച്ചുകൊടുത്ത് പ്രോത്സാഹിപ്പിക്കും, ഞാനും യോഗയൊക്കെ ചെയ്യാറുണ്ട്.
മറിയാമ്മ: എന്റെ ഏറ്റവും വലിയ ഉത്കണ്ഠ കുഞ്ഞിന്റെ ആരോഗ്യമാണ്. പുള്ളിക്ക് അതിലൊന്നും ഒരു താത്പര്യവുമില്ല. പാതിരാത്രി വന്ന് രണ്ടുമണിക്കൂറൊക്കെ ഉറങ്ങി പുലര്‍ച്ചെ എഴുന്നേറ്റുപോവുന്ന ആളാണ്. തീരെ ഉറങ്ങിയില്ലേല്‍ രോഗം വരില്ലേ. വല്ലപ്പോഴും ഇത്തിരി എണ്ണ തേയ്ക്കാന്‍ പറഞ്ഞാല്‍ ദേഷ്യമാ. രണ്ടുമിനിറ്റ് കൊണ്ട് കുളിച്ച് ഓട്ടത്തില്‍ ഭക്ഷണം കഴിച്ച്...എന്തൊരു ജീവിതമാണ് ഇത്്..

എലിസബത്ത്: ചിലരുടെ ശരീരത്തിന് പൊതുവേ കുറച്ച് ഉറക്കം മതി. മറ്റുള്ളവര്‍ക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്ത ലൈഫ് എന്ന രീതിയിലാണ് അദ്ദേഹം എടുക്കുന്നത്. എത്രയോ പേരുടെ പ്രാര്‍ത്ഥനയുണ്ട്. ദൈവം നല്ലോണം കാത്തോളും.

മറിയാമ്മ: എന്റെ വീട്ടുകാരൊക്കെ വന്നാല്‍പ്പോലും പുള്ളി ഒന്നും മിണ്ടത്തില്ല. ഞങ്ങളെല്ലാവരും കൂടെ കളിയും ചിരിയുമൊക്കെയാവും. അപ്പോഴും പുള്ളി സംസാരിക്കത്തേയില്ല.

എലിസബത്ത്: അത് അവരുടെ ആ വേവ്‌ലെങ്തിനനുസരിച്ചുള്ളവരുമായേ അവര്‍ക്ക് സംസാരിക്കാന്‍ പറ്റൂ. ഭാര്യയോട് കിന്നാരം പറയുന്ന സ്വഭാവമൊന്നും അവര്‍ക്കുണ്ടാവില്ല.

മറിയാമ്മ: പഴയൊരു സംഭവമുണ്ട്. കല്യാണം കഴിഞ്ഞ് അഞ്ചെട്ട് മാസം കഴിഞ്ഞാണ്. ഞങ്ങള്‍ കാറില്‍ ഒരുമിച്ച് യാത്ര പോകുന്നു. പുള്ളി എന്നോട് ഒരക്ഷരം മിണ്ടുന്നില്ല. ഇതെന്തൊരു മനുഷ്യനെന്ന് ചിന്തിച്ചിരുന്നു ഞാന്‍. വഴിയില്‍ നിന്ന് പി.സി.ചാക്കോ കയറുന്നു. പിന്നെ സംസാരത്തോട് സംസാരം. ഇരുവരും തമാശയും പറഞ്ഞ് തലകുത്തി നിന്ന് ചിരിക്കുന്നു.

എലിസബത്ത്: എന്റെ സുഹൃത്തുക്കളൊക്കെ വീട്ടില്‍ വന്നാല്‍ തങ്കച്ചനും എക്‌സ്ട്രാ ഇന്‍ട്രോവെര്‍ട്ടാവും. പക്ഷേ തങ്കച്ചനും കുഞ്ഞും തമ്മില്‍ കാണുമ്പോള്‍ പിന്നെ സമയം പോവുന്നത് ഇരുവരുമറിയില്ല. ഡല്‍ഹിയില്‍ വന്നാല്‍ ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞിരിക്കുന്നത് കാണാം.

സംസാരം മക്കളെക്കുറിച്ചുള്ള ആധിയിലെത്തി. 'അനില്‍ അമേരിക്കയില്‍ വര്‍ക്ക് ചെയ്തിരുന്നു. ഇപ്പോള്‍ തിരിച്ചു പോന്നു. അജിത്ത് ബി.എ.കഴിഞ്ഞ് സിനിമയില്‍ കയറണമെന്ന് പറഞ്ഞ് നടക്കുകയാണ്. തങ്കച്ചനാണെങ്കില്‍ അവന്‍ സിനിമയില്‍ പോകുന്നതേ ഇഷ്ടമല്ല. സിനിമ എന്നാല്‍ ശരിക്കും ഒരു കരിയര്‍ അല്ല.'എലിസബത്ത് ഉത്കണ്്ഠയുള്ള അമ്മയായി.

'അത് കരിയര്‍ ആയിക്കൂടെന്നില്ല എല്‍സി. പണ്ടത്തെ കുഞ്ഞിന്റെ കാര്യമറിയത്തില്ലേ. രാഷ്ട്രീയത്തില്‍ പോയപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു. പലരും വിളിച്ച് ഉപദേശിച്ചു, കൊച്ചിനെ ഇങ്ങനെ വിടരുതെന്ന്. ഒന്നും നടന്നില്ല. പുള്ളി രാഷ്ട്രീയത്തിലിറങ്ങി. അതേപോലെയാവും അജിത്തിന്റെ കാര്യവും. നമുക്ക് പറയാന്‍ പറ്റില്ല എന്താവുമെന്ന്. അതൊക്കെ ദൈവത്തിന് ഓരോ കണക്കുണ്ടാവും.' മറിയാമ്മ ആശ്വസിപ്പിച്ചു.

ചുമരിലെ ക്ലോക്കില്‍ മണി പതിനൊന്നടിച്ചു.'ഒരുപാട് വൈകി.' എല്‍സി ഓര്‍മിച്ചു. അവര്‍ക്ക് തങ്കച്ചനെ വിളിച്ച് എന്തോ വീട്ടുകാര്യം സംസാരിക്കാനുണ്ട്. മറിയാമ്മയ്ക്കാണെങ്കില്‍ രാത്രി വൈകിയെത്തുന്ന കുഞ്ഞിനെ കാത്തിരിക്കാനുമുണ്ട്. തല്‍ക്കാലത്തേക്ക് ഇരുവരും സ്വന്തം കുടുംബകാര്യങ്ങളിലേക്ക് തിരിച്ചുപോയി.