MATHRUBHUMI RSS
Loading...
സിനിമയുടെ 'സംഗീത' വഴികള്‍

ഒരേസമയം മൂന്നു ഭാഷകളില്‍ ഇറങ്ങുന്ന സംഗീത പ്രാധാന്യമുള്ള സിനിമയിലെ സംഗീത സംവിധായിക. അതോടൊപ്പം ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസടക്കമുള്ള പ്രശസ്തരോടൊപ്പം അതേ സിനിമയില്‍ പാടാനുള്ള അപൂര്‍വ ഭാഗ്യവും. സംഗീത വര്‍മ എന്ന സംഗീത സംവിധായിക സിനിമയിലേക്ക് ചുവടുവെയ്ക്കുകയാണ്.

'ക്ലിയോപാട്ര' എന്ന ചിത്രത്തിലൂടെയാണ് സംഗീത വര്‍മ ഒരേസമയം സിനിമാ സംഗീത സംവിധായികയും ഗായികയും ആകുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന 'ക്ലിയോപാട്ര' ജൂലായില്‍ റിലീസ് ചെയ്യും. മൂന്നു ഭാഷകളിലെ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സംഗീതയാണ്. ടി.കെ.ആര്‍. നായര്‍ നിര്‍മിച്ച് രാജന്‍ ശങ്കരാടി സംവിധാനം ചെയ്ത സിനിമയാണ് 'ക്ലിയോപാട്ര'.

തമിഴ് ചിത്രമായ 'ഇങ്കെയും ഒരു താജ്മഹലി'നു വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കാനുള്ള തിരക്കിലാണ് സംഗീത ഇപ്പോള്‍.

ആല്‍ബങ്ങളിലൂടെ തുടക്കം

ഒട്ടേറെ ആല്‍ബങ്ങള്‍ക്കും ടെലി ഫിലിമിനുമൊക്കെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയ്ക്കു വേണ്ടി സംഗീത സംവിധാനം ആദ്യമാണെന്ന് സംഗീത പറയുന്നു. 'ക്ലിയോപാട്ര'യില്‍ മലയാളത്തില്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ആര്‍.കെ. ദാമോദരനും ബല്‍റാം ഏറ്റിക്കരയുമാണ്. തമിഴില്‍ കവിവര്‍മനും കാതല്‍മതിയും തെലുങ്കില്‍ സായി കിഷോറുമാണ്. ഈ സിനിമയില്‍ ഒരു പാട്ടുസീനില്‍ ഏഴ് കഥാപാത്രങ്ങള്‍ വരുന്നുണ്ട്. അതിനൊക്കെ യോജിച്ച വിധത്തില്‍ ഓരോന്നിനും ഓരോ രാഗം നല്‍കി ഏഴ് രാഗങ്ങളുള്ള രാഗമാലികയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് സംഗീത വര്‍മ പറയുന്നു.

ഭൂപ്കല്യാണ്‍, നന്ദ്, ദേശ്, ഖരഹരപ്രിയ, വാസന്തി, ഭാഗേശ്രീ, ശങ്കരാഭരണം എന്നീ രാഗങ്ങളില്‍ കമ്പോസ് ചെയ്ത് ഏഴ് സ്വരങ്ങളിലായിട്ടാണ് ഈ പാട്ട് തുടങ്ങുന്നത് എന്നതുതന്നെ അതിന്റെ പ്രത്യേകതയാണെന്നും അവര്‍ പറയുന്നു. ഈ സിനിമയില്‍ മലയാളത്തില്‍ ഡോ. കെ.ജെ. യേശുദാസിനൊപ്പവും തമിഴില്‍ വി. ദേവാനന്ദിനൊപ്പവും മധു ബാലകൃഷ്ണനൊപ്പവും തെലുങ്കില്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പവും പാടാന്‍ സംഗീത വര്‍മയ്ക്ക് അവസരം ലഭിച്ചു. അത് അപൂര്‍വ ഭാഗ്യമായാണ് കരുതുന്നതെന്ന് അവര്‍ പറയുന്നു. 'ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്', 'ഡോക്ടര്‍ ഇന്നസെന്റാണ്' തുടങ്ങിയവയും റീമേക്ക് സിനിമകളിലുമടക്കം 16 സിനിമകളില്‍ സംഗീത വര്‍മ പാടിയിട്ടുണ്ട്.

'മൊഞ്ചുള്ള പൈങ്കിളി' എന്ന ആല്‍ബത്തിലെ പാട്ടുകള്‍ക്കാണ് ആദ്യമായി സംഗീതം നല്‍കിയത്. തുടര്‍ന്ന് ഇശല്‍നിലാവ്, സ്‌നേഹമയിക്ക് സ്‌നേഹപൂര്‍വം, കല്‍ക്കണ്ടം, അമ്മ തുടങ്ങിയ ആല്‍ബങ്ങളും. ദൃശ്യ ടെലിവിഷന്‍ അവാര്‍ഡും സംഗീത വര്‍മയ്ക്ക് ലഭിച്ചിട്ടുണ്ട്.

അച്ഛന്‍ ആദ്യത്തെ ഗുരുനാഥന്‍

അച്ഛന്‍ തൃപ്പൂണിത്തുറ കോവിലകത്തെ കേരളവര്‍മ കൊച്ചപ്പന്‍ തമ്പുരാനാണ് സംഗീതത്തില്‍ സംഗീതയുടെ ആദ്യ ഗുരു. സംഗീതജ്ഞനായ അച്ഛന്‍ മറ്റ് കുട്ടികളെ പഠിപ്പിക്കുന്നതു കേട്ടാണ് താന്‍ വളര്‍ന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ വെറുതെ പാട്ടെഴുതി ട്യൂണ്‍ ചെയ്യുമായിരുന്നു. തിരുവനന്തപുരം ഗവ. വനിതാ കോളേജില്‍ നിന്നാണ് സംഗീതത്തില്‍ ബി.എ., എം.എ. ബിരുദം നേടിയത്. ഡോ. കെ. ഓമനക്കുട്ടി, പത്മ നാരായണന്‍, എസ്.കെ. സുബ്രഹ്മണ്യം എന്നിവരുടെ ശിക്ഷണത്തില്‍ കര്‍ണാടക സംഗീതവും ജോയേഷ് ചക്രവര്‍ത്തിയുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു. 'സംഗീത സംവിധാന രംഗത്ത് പ്രശസ്തയാകുക; അതാണ് ആഗ്രഹം' - സംഗീത വര്‍മ പറയുന്നു.

തലപ്പിള്ളി രാജകുടുംബത്തിലെ കൊച്ചുകുട്ടി തമ്പുരാട്ടിയാണ് അമ്മ.

ഗ്ലോബലിംഗ് ഷിപ്പിംഗ് ഓള്‍ ഇന്ത്യ പ്രോജക്ട് ഹെഡ് പന്തളം നെയ്തല്ലൂര്‍ കോയിക്കല്‍ രാജേഷ് വര്‍മയാണ് ഭര്‍ത്താവ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സാരംഗി മകളാണ്. ഇരുമ്പനം കേദാരം പാലസിലാണ് സംഗീത വര്‍മയും കുടുംബവും താമസിക്കുന്നത്.