MATHRUBHUMI RSS
Loading...
നക്ഷത്രശോഭയില്‍ കൊച്ചു നര്‍ത്തകി

ഒരിക്കലും പ്രതീക്ഷിച്ചില്ല എനിക്ക് മൂന്നാം സ്ഥാനം ലഭിക്കുമെന്ന് - ആദ്യമായി റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സമ്മാനം നേടിയ സംതൃപ്തിയോടെ ഋഥ്മ പറഞ്ഞു. ജോസ്‌കോ സൂപ്പര്‍ ഡാന്‍സ് ജൂനിയര്‍ സീസണ്‍ 4-ലെ മൂന്നാം സ്ഥാനക്കാരിയാണ് ഈ കൊച്ചുനര്‍ത്തകി.

ചെന്ത്രാപ്പിന്നി സ്വദേശി തഷ്ണാത്ത് വീട്ടില്‍ ജില്‍സുവിന്റെയും തേഷ്‌നിയുടെയും മകളായ ഋഥ്മ ഹരിശ്രീ വിദ്യാനിധി പൂങ്കുന്നം സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. മൂന്നാം വയസ്സില്‍ നൃത്തത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുതന്ന കലാമണ്ഡലം ശോഭ ടീച്ചറാണ് ഇപ്പോഴും എന്റെ ഗുരു- ഋഥ്മ പറഞ്ഞു. ഏഴാം വയസ്സില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയില്‍ ഈ മിടുക്കി അരങ്ങേറ്റം കുറിച്ചു.

അമ്പലവേദികളില്‍ മാത്രം കളിച്ച് പരിചയമുള്ള ഋഥ്മ ആദ്യമായി ഒരു മത്സരവേദിയില്‍ കയറിയത് റിയാലിറ്റി ഷോയ്ക്കുവേണ്ടിയാണ്. താന്‍ പഠിച്ച ക്ലാസിക്കല്‍ ഡാന്‍സല്ല റിയാലിറ്റി ഷോയില്‍ കളിക്കേണ്ടതെന്ന് അറിഞ്ഞപ്പോള്‍ ഇത്തിരി പേടിച്ചെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല.

കോഴിക്കോട്ടുള്ള വിനീത് മാഷിന്റെയും കൊല്ലത്തുള്ള വിനു മാഷിന്റെയും കീഴില്‍ സിനിമാറ്റിക് ഡാന്‍സ് പഠിച്ചു. റിയാലിറ്റി ഷോയിലെ വിജയത്തിനു പിന്നില്‍ പ്രശസ്ത നര്‍ത്തകി സുധ ചന്ദ്രന്റെ അഭിനന്ദനങ്ങളും അമൃത സ്റ്റുഡിയോയിലെ എല്ലാവരുടെയും പിന്തുണയുമാണെന്നും ഋഥ്മ പറഞ്ഞു.

നൃത്തത്തെക്കൂടാതെ സ്‌പോര്‍ട്‌സ്, പെയിന്റിങ്, സംഗീതം എന്നിവയിലും സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നല്ലൊരു നര്‍ത്തകിയും ഡോക്ടറും ആകണം എന്നതാണ് ഋഥ്മയുടെ ആഗ്രഹം.

സത്യന്‍ അന്തിക്കാടിന്റെ 'ഭാഗ്യദേവത' എന്ന സിനിമയിലും ഒരു ഹ്രസ്വ ചിത്രത്തിലും മുഖം കാണിച്ചിട്ടുണ്ട് ഈ മിടുക്കി.