MATHRUBHUMI RSS
Loading...
സൗഹൃദത്തണലില്‍ കഹാവ
കെ.ജി.കാര്‍ത്തിക


'കഹാവാ' - കെനിയന്‍ ഭാഷയില്‍ കോഫി എന്നര്‍ഥം. രവിപുരത്തിനടുത്ത് കഹാവാ റസ്റ്റോറന്റ് തലയുയര്‍ത്തി നില്‍ക്കുന്നു. ഈ റസ്റ്റോറന്റിന് പറയാന്‍ ഒരുപാട് കഥകള്‍ ഉണ്ട്. രണ്ട് സ്ത്രീകള്‍ ചേര്‍ന്നാണ് റസ്‌റ്റോറന്റിന്റെ മേല്‍നോട്ടം വഹിക്കുന്നത്. വിഭവങ്ങള്‍ തയ്യാറാക്കുന്നത് മുതല്‍ വിളമ്പുന്നതില്‍ വരെ സ്ത്രീ സാന്നിധ്യം.

എട്ടു മാസം മുമ്പ് കോഫി ഷോപ്പായി തുടങ്ങി. ഇന്ന് പാശ്ചാത്യ രീതിയിലുളള വിഭവങ്ങള്‍ വരെ തീന്‍ മേശയില്‍ റെഡിയാണ്. പനമ്പിളളി നഗര്‍ സ്വദേശി ലിയ മാത്യുവും ഉദയാനഗര്‍ സ്വദേശി രഞ്ജനയുമാണ് റസ്റ്റോറന്റ് നടത്തിപ്പുകാര്‍. ബാല്യം മുതല്‍ ഇവരുടെ യാത്ര ഒരുമിച്ചാണ്. 12-ാം തരം വരെ ഒരുമിച്ച് പഠിച്ചു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റസ്റ്റോറന്റ് എന്ന ആശയവുമായി ഈ കൂട്ടുകാര്‍ ഒരുമിച്ചത് യാദൃച്ഛികം. പഠനം കഴിഞ്ഞ് ജോലി തേടി നടക്കുന്നവര്‍ക്കു മുന്നില്‍ ഇവര്‍ മാതൃകയാണ്.

സോഷ്യോളജിയില്‍ ബിരുദം നേടിയ ശേഷം യൂണിസെഫില്‍ പ്രോജക്ട് ചെയ്യുകയാണ് ലിയ. രഞ്ജന എക്കണോമിക്‌സില്‍ എം. ഫില്‍ കരസ്ഥമാക്കി. അതിനു ശേഷം മെഡോള്‍ ഓപ്പറേഷന്‍ ഹെഡായി ജോലി നോക്കുന്നു. രണ്ടു പേരുടെയും മനസ്സില്‍ പാചകം ഒരു താത്പര്യമായി ചെറുപ്പം മുതലേ ഉണ്ടായിരുന്നു.

ലിയ മാത്യുവിന്റെ സ്വപ്നമായിരുന്നു അച്ഛനു വേണ്ടി ഒരു റസ്‌റ്റോറന്റ് തുറക്കണമെന്നത്. റസ്‌റ്റോറന്റിലെ മെനു അടക്കം എല്ലാം തയ്യാറാക്കാന്‍ ഇവരെ സഹായിക്കുന്നത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ ലിയയുടെ അച്ഛന്‍ മാത്യൂ വര്‍ഗീസാണ്. രാവിലെ 11 ന് തുടങ്ങുന്ന കച്ചവടം അവസാനിക്കുന്നത് രാത്രി 1 മണിക്കാണ്. ആദ്യമൊക്കെ യുവാക്കള്‍ മാത്രമായിരുന്നു കടയില്‍ എത്തിയിരുന്നത്. ഇപ്പോള്‍ കുടുംബങ്ങളും വന്നു തുടങ്ങി. അഭിപ്രായങ്ങള്‍ എഴുതുന്ന പുസ്തകവും കഴിക്കാനെത്തുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
റസ്റ്റോറന്റില്‍ ലഭിക്കുന്ന സേവനത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. വിളമ്പുന്നവരുടെ പെരുമാറ്റത്തില്‍ ഇഷ്ടം തോന്നി വീണ്ടും വരുന്നവരുണ്ട്. 11 തൊഴിലാളികളാണ് റസ്‌റ്റോറന്റില്‍ ഉള്ളത്. ചില ദിവസങ്ങളില്‍ 15, 000 വരെ വരുമാനം ലഭിച്ചിട്ടുണ്ട്. ഒരു കുടുംബം പോലെയാണ് ഇവിടെയുള്ളവര്‍.

വഴുതനങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന മൊസാക്ക എന്ന വിഭവം ഏറെപ്പേര്‍ തേടിയെത്തുന്നതായി ലിയ മാത്യു പറഞ്ഞു. കേക്കിന്റെ വിവിധ തരത്തിലുളള വിഭവങ്ങളും ഉണ്ട്. റിച്ച് ചോക്ലേറ്റ് ഫഞ്ച്, മസ്‌കര്‍ വാഡോ എന്നിവയാണ് കേക്ക് വിഭവങ്ങളില്‍ പ്രിയപ്പെട്ടത്. ലിയയുടെ അമ്മ പറഞ്ഞ രഹസ്യ കൂട്ടുകളാണ് കേക്ക് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. മൂന്നു തരത്തിലുളള കോഫികളാണ് വരുന്നവര്‍ കൂടുതലായി വാങ്ങുന്നത്. ചിക്കറി ഉപയോഗിച്ചുണ്ടാക്കുന്ന കോഫിയിലെ രാജാവായ മൈസൂര്‍ നഗ്‌ഗെറ്റ്‌സ രുചിയില്‍ മുന്‍പന്തിയിലാണ്. ബ്ലൂ ഗ്രാസ്, പീ ബെറി പ്രീമിയം എന്നിവയാണ് മറ്റു കോഫി വിഭവങ്ങള്‍. ഇത് കൂടാതെ ചോറ്, മത്സ്യ മാംസ വിഭവങ്ങള്‍ എന്നിവയും ലഭ്യമാണ്.

ഡബിള്‍ ഡെക്കര്‍ ബര്‍ഗര്‍ കഴിക്കാന്‍ കോട്ടയത്ത് നിന്നു ആളുകള്‍ എത്തിയ കഥവരെയുണ്ട്. ഫിഷ് വിത്ത് മൊര്‍നെ, ബാസാ, ചിക്കന്‍ അലാ ഷാപിബിഗ് നോണ്‍ എന്നീ വിഭവങ്ങളും വരുന്നവര്‍ കൂടുതലായി ആവശ്യപ്പെടാറുണ്ട്. ഇറ്റാലിയന്‍ സോഡാ ലഭ്യമാണ്.

ഉച്ചഭക്ഷണം 12 മുതല്‍ 3 വരെയും രാത്രി ഭക്ഷണം ഏഴ് മുതല്‍ 11 വരെയുമാണ്. റസ്‌റ്റോറന്റിലെ പ്രധാന ഷെഫ് സാജനാണ്. ഭക്ഷണത്തിന്റെ വിലയുടെ കാര്യത്തില്‍ ആര്‍ക്കും പരാതിയില്ല. 300 രൂപയില്‍ താഴെയുളള വിഭവങ്ങളാണ് നല്‍കുന്നത്. റസ്റ്റോറന്റില്‍ വരുന്നവരുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് റെസ്‌റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ പല വിധത്തില്‍ സ്ത്രീകള്‍ എന്ന പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ നിന്ന് കിട്ടിയ പ്രോത്സാഹനം ഒന്നു മാത്രമാണ് മുന്നോട്ട് നയിക്കാന്‍ സഹായിച്ചതെന്ന് ലിയ വ്യക്തമാക്കി. കുടുംബത്തിലുളള എല്ലാവരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. ലിയയുടെ അമ്മ ജയയും രഞ്ജനയുടെ അമ്മ വസന്തയും പാചകത്തില്‍ സഹായിക്കാറുണ്ട്.

മാര്‍ക്കറ്റിലൊക്കെ ചെല്ലുമ്പോള്‍ പുച്ഛഭാവത്തോടെ നോക്കിയ അനുഭവങ്ങളും ലിയ പങ്ക് വെച്ചു. വീട്ടിലുളള സ്ത്രീകളുടെ കഴിവ് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. സ്ത്രീകള്‍ക്ക് ഒരേ സമയം പല വേഷങ്ങളില്‍ തിളങ്ങാന്‍ കഴിയും. സ്ത്രീകള്‍ മടിച്ച് പുറകോട്ട് നില്‍ക്കേണ്ടവരല്ല മുന്നിലോയ്ക്ക് വരേണ്ടവരാണ് - സമൂഹത്തിനോട് ഇവര്‍ക്ക് പറയാനുളളത് ഇതാണ്.

വലിയ ഹോട്ടലുകളുമായി മത്സരിക്കാന്‍ സാധിക്കില്ല. അതു കൊണ്ടാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങിയത്. നേവല്‍ ബേസ്, മെയിന്‍ റോഡ്, സേക്രഡ് ഹാര്‍ട്ട് കോളേജ്, ഫോര്‍ട്ട്‌കൊച്ചി, കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലം എന്നിവയൊക്കെ നോക്കിയാണ് റസ്‌റ്റോറന്റ് രവിപുരത്ത് സ്ഥാപിച്ചത്. അടുത്ത ആഴ്ച മുതല്‍ അറേബ്യന്‍ ചായയായ ' കാവാ ' വില്‍പ്പനയ്‌ക്കെത്തും. വരുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് മെനുവില്‍ മാറ്റങ്ങള്‍ വരുത്താനും തയ്യാറാണ്.

രാത്രിയായാലും പകലായാലും ഓടിയെത്താന്‍ ഇവര്‍ക്ക് മടിയില്ല. പുറം നാടുകളില്‍ സ്ത്രീകള്‍ നടത്തുന്ന ഹോട്ടലുകള്‍ സന്ദര്‍ശിച്ചതും ഇവര്‍ക്ക് പ്രചോദനം നല്‍കിയിട്ടുണ്ട്. ഇവരെ കൂടാതെ സഞ്ജയ് എന്നൊരു പങ്കാളി കൂടി റസ്റ്റോറന്റിനുണ്ട്. ഐ. ടി. കമ്പനിയില്‍ മാര്‍ക്കറ്റിംഗ് ഓഫീസറായി ജോലി നോക്കുന്നു.

രണ്ടു പേരും വിവാഹത്തെ കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സ് നിറയെ റസ്‌റ്റോറന്റിനെ കുറിച്ചുളള സ്വപ്നങ്ങളാണ്. ഭാവിയില്‍ ഇത് വലിയ സ്ഥാപനമായി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.