MATHRUBHUMI RSS
Loading...
ഐസ്‌ക്രീമുമായി ഒരമ്മ
നീനു മോഹന്‍

മക്കള്‍ക്ക് അസുഖം പിടിക്കും തണുപ്പുള്ളതൊന്നും കഴിക്കേണ്ട എന്നു പറയുന്ന അമ്മമാര്‍ക്കിടയില്‍, ''ദാ ഐസ്‌ക്രീം കഴിച്ചോ'' എന്നു ഒരമ്മ പറഞ്ഞാലോ..... പറയുക മാത്രമല്ല കഴിഞ്ഞ ഇരുപതുവര്‍ഷമായി ഒരു നാടിനുമുഴുവന്‍ ഐസ്‌ക്രീം വിളമ്പുകയാണ് കോഴിക്കോട് പാലാഴി 'മൈത്രി'യില്‍ ശോഭന ഗോപാലകൃഷ്ണന്‍.

1993 ലാണ് ശോഭന 'ശാസ്താ ഐസ്‌ക്രീം യൂണിറ്റ്' ആരംഭിക്കുന്നത്. വീട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത്, സ്വന്തമായി ഒരു വരുമാനം എന്ന നിലയിലാണ് എല്ലാം തുടങ്ങിയതെന്നു പറയുന്നു ശോഭന. ആദ്യം തന്നെ സര്‍ക്കാറിന്റെ സംരംഭകത്വ വികസന പദ്ധതി പ്രകാരമുള്ള കോഴ്‌സിനു ചേര്‍ന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഐസ്‌ക്രീം കമ്പനി തുടങ്ങി പരാജയപ്പെട്ട കഥകള്‍ കേള്‍ക്കുന്നത്.

എന്നാല്‍, കേട്ട കഥകളിലെല്ലാം തനിക്ക് ഒരു അവസരം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് തോന്നിയതെന്ന് ശോഭന പറയുന്നു. തുടര്‍ന്ന് ക്ഷീരവികസന വകുപ്പിനുകീഴില്‍ ഐസ്‌ക്രീം നിര്‍മാണത്തില്‍ പരീശീലനം പൂര്‍ത്തിയാക്കി. ഒരു ലോണും സംഘടിപ്പിച്ച് ശാസ്താ ഐസ്‌ക്രീം യൂണിറ്റ് തുടങ്ങി.

ഐസ്‌ക്രീം യൂണിറ്റ് നടത്തിപ്പില്‍ പ്രധാനം മാര്‍ക്കറ്റിങ് തന്ത്രങ്ങളാണെന്നാണ് ശോഭനയുടെ പക്ഷം. വന്‍കിട കമ്പനികളോടാണ് മത്സരിക്കേണ്ടത്, സ്വാഭാവികമായും ചെറിയ പിഴവുകള്‍ക്കുപോലും വലിയവില നല്‍കേണ്ടിവരും. ബിസിനസ്സുകാരനായ ഭര്‍ത്താവാണ് അത്തരം സന്ദര്‍ഭങ്ങളില്‍ പിന്തുണ നല്‍കിയതെന്നു ശോഭന പറഞ്ഞു.

'സ്‌നോബോള്‍' എന്ന പേരിലാണ് ഐസ്‌ക്രീം വിപണിയില്‍ ഇറക്കുന്നത്. വാനില, സ്‌ട്രോബറി, പിസ്ത, മാംഗോ എന്നിങ്ങനെ എല്ലാ രുചികളിലും ഐസ്‌ക്രീമുകള്‍ തയ്യാറാക്കുന്നുണ്ട്. ഒപ്പം സണ്‍ഡേ സ്‌പെഷല്‍, ചോക്കോബാര്‍, കസാട്ട തുടങ്ങി സിപ്പ് അപ്പ് വരെയും.

ഐസ്‌ക്രീം തയ്യാറാക്കുന്നതില്‍ ശോഭനയ്ക്ക് സഹായികളായി ജെമ്മി, ലീല, ലിജി, പ്രസി എന്നിവരുമുണ്ട്.

ശോഭനയുടെ ഐസ്‌ക്രീം വില്പന പൊടിപൊടിച്ചപ്പോള്‍ സഹായകമെന്നോണം ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ ഫ്രീസര്‍ ഡീലര്‍ഷിപ്പും എടുത്തു. കൂടാതെ ഐസ്‌ക്രീം വിറ്റഴിക്കാനായി ബീച്ച് ലയണ്‍സ് പാര്‍ക്കിനുസമീപം സ്‌നോബോള്‍ ഐസ്‌ക്രീം പാര്‍ലറും ഈ ദമ്പതിമാര്‍ നടത്തുന്നു. ലയണസ് ക്ലബ്, പത്മശ്രീ, ഓള്‍ ഇന്ത്യാ വിമന്‍സ് അസോസിയേഷന്‍, സ്‌മോള്‍ സെ്കയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും ശോഭന സജീവമാണ്. പിന്തുണയുമായി മക്കളായ ഷാജിയും ദിലീപും അവരുടെ കുടുംബവുമുണ്ട് ശോഭനയ്‌ക്കൊപ്പം.