MATHRUBHUMI RSS
Loading...
ഓര്‍ക്കിഡുകളെ സ്‌നേഹിച്ച് സീന
നീനു മോഹന്‍



കഥ ഫ്ലാഷ്ബാക്കില്‍ നിന്നു തുടങ്ങാം... ഇരുപതുവര്‍ഷം മുമ്പ്. 1990-കളുടെ തുടക്കം. ദാവണി ചുറ്റിയ അന്നത്തെ പ്രീഡിഗ്രി വിദ്യാര്‍ഥിനി സീന അമ്മയ്‌ക്കൊപ്പം പുഷ്പപ്രദര്‍ശനത്തിനെത്തി. അന്ന് കേരളത്തില്‍ത്തന്നെ ദുര്‍ലഭമായിരുന്ന ഓര്‍ക്കിഡ് തൈകളില്‍ ഒരെണ്ണം സ്വന്തമാക്കുമ്പോള്‍ സീനയ്ക്ക് വിശേഷിച്ച് പ്രത്യേകതയൊന്നും തോന്നിയില്ല. എന്നാല്‍, ഈ 2012-ല്‍ ഗൃഹസ്ഥയായി മൈലാമ്പാടിയിലെ ചൈത്രം വീട്ടില്‍ ഇരിക്കുമ്പോള്‍ സീനയ്ക്കുചുറ്റും ഓര്‍ക്കിഡ് പൂക്കളാണ്. കേരളത്തിലെ പ്രൊഫഷണല്‍ ഓര്‍ക്കിഡ്പൂക്കൃഷിക്കാരെപ്പോലും വെല്ലുന്ന രീതിയില്‍ അത്യപൂര്‍വമായ 60-ഓളം ഷേയ്ഡ് ഓര്‍ക്കിഡുകള്‍ സീനയുടെ പൂന്തോട്ടത്തില്‍ ഉണ്ട്. ഡെന്‍ഡ്രോബിയം വിഭാഗത്തില്‍പ്പെട്ട സോണിയ, നയോഗപിങ്ക്, ബുരാനഗ്രീന്‍ സ്റ്റാര്‍, തായ്‌ലന്‍ഡ് റെഡ്, മെയ്ക്ക് ലോങ്, തോങ്ചായ് ത്രീലിപ്, ബ്ലാക്ക് സ്‌പൈഡര്‍ എന്നിങ്ങനെ നീളുന്നു അതിന്റെ പട്ടിക.

ഡെന്‍ഡ്രോബിയം ഇനത്തില്‍പ്പെട്ടവയാണ് സീനയുടെ ശേഖരത്തിലുള്ളത്. ഇവയുടെ 250-ഓളം തൈകള്‍ സീനയുടെ കൈവശം ഉണ്ട്. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യവും ദീര്‍ഘനാള്‍ വാടാതെ നില്‍ക്കുന്ന മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതിനാലുമാണ് ഡെന്‍ഡ്രോബിയം തിരഞ്ഞെടുത്തതെന്ന് സീന പറഞ്ഞു. എന്നാല്‍, സാധാരണ ഓര്‍ക്കിഡ് ചെടികള്‍ പരിപാലിക്കുന്നതുപോലെ വലകെട്ടി തണല്‍ വിരിച്ചല്ല സീന ഓര്‍ക്കിഡുകള്‍ വളര്‍ത്തുന്നത്. തികഞ്ഞ ശ്രദ്ധയോടെ പരിപാലിച്ചാല്‍ മറ്റേത് ചെടിയെയുംപോലെ ഓര്‍ക്കിഡും വളരുമെന്ന് സീന പറയുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും വളപ്രയോഗം നടത്തണം. ഈര്‍പ്പം നിലനിര്‍ത്തുന്ന രീതിയിലാണ് ചെടികള്‍ വളര്‍ത്തേണ്ടത്. ഇത്തരത്തില്‍ പരിപാലിച്ചാല്‍ പൂക്കള്‍ മൂന്നുമാസത്തോളം വാടാതെ നില്‍ക്കുമെന്ന് സീന പറയുന്നു.

ഇന്റര്‍നെറ്റില്‍ തിരഞ്ഞ് വ്യത്യസ്ത ഷേയ്ഡുകള്‍ കണ്ടുപിടിക്കുന്ന സീന കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ നഴ്‌സറികളില്‍ നിന്നാണ് ഇവ സ്വന്തമാക്കിയത്. സീനയുടെ ഈ ഓര്‍ക്കിഡ് ഭ്രമം നിരവധിതവണ അംഗീകരിക്കപ്പെടുകയും ചെയ്തു. ഈ വര്‍ഷത്തെ മാതൃഭൂമി- കാലിക്കറ്റ് ഫ്ലവര്‍ഷോയില്‍ ഓര്‍ക്കിഡ് ഹോം ഗാര്‍ഡന്‍ വിഭാഗത്തില്‍ സീനയ്ക്കായിരുന്നു ഒന്നാം സ്ഥാനം. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന നിരവധി മത്സരങ്ങളിലും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍, ഓര്‍ക്കിഡ് പൂക്കളെ കയറ്റിയയയ്ക്കാനോ വില്പനയ്ക്കുവെക്കാനോ സീന ഒരുക്കമല്ല. പകരം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സമ്മാനിക്കാനാണ് താത്പര്യം. കൂടാതെ ഓര്‍ക്കിഡ്പൂന്തോട്ടം ഒരുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും തയ്യാര്‍. ഇ.എസ്.ഐ. ആസ്പത്രിയില്‍ ഓര്‍ത്തോ സര്‍ജനായ ഭര്‍ത്താവ് സി.പി. ഷാജിയും വിദ്യാര്‍ഥികളായ മക്കള്‍ ശ്രീപ്രിയയും ശ്രേയയുമാണ് സീനയ്ക്ക് പിന്തുണ.