അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളേജിലെ ബി.ടെക് വിദ്യാര്‍ഥിനി ശരണ്യ ശശിധരന്റെ നടനമികവിന് ദേശീയതലത്തില്‍ അംഗീകാരം. നാഗ്പൂര്‍ ആര്‍.ടി.എം. യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയാണ് ശരണ്യ ദേശീയതലത്തില്‍ മികവ് തെളിയിച്ചത്. മോഹിനിയാട്ടത്തില്‍ 'വാസവദത്ത'യുടെ വേഷമായിരുന്നു.കഴിഞ്ഞ എം.ജി സര്‍വകലാശാലാ യുവജനോത്സവത്തില്‍ മോഹിനിയാട്ടത്തിലും കുച്ചുപ്പുടിയിലും ഒന്നാം സ്ഥാനവും ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു.
ഈ മാസം ആദ്യം ചെന്നൈയില്‍ നടന്ന സൗത്ത് സോണ്‍ മത്സരത്തില്‍ എം.ജി. സര്‍വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശരണ്യ, മോഹിനിയാട്ടത്തില്‍ രണ്ടാം സ്ഥാനം നേടി. ഇതേ തുടര്‍ന്നാണ് ദേശീയ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിച്ചത്.
ഇന്ത്യയിലെ വിവിധ സോണുകളില്‍ നിന്നായി ഒഡീസി, മണിപ്പൂരി, കഥക്, ഭരതനാട്യം, കുച്ചുപ്പുടി, അസമീസ് എന്നീ ക്ലാസ്സിക്കല്‍ വിഭാഗങ്ങളില്‍ മത്സരിച്ച കലാകാരികളെ പിന്തള്ളിയാണ് ശരണ്യ ദേശീയ യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയത്.ചാലക്കുടി നെല്ലിപ്പറമ്പില്‍ ശശിധരന്റെയും പുഷ്പയുടെയും മകളായ ശരണ്യ നൃത്താധ്യാപകന്‍ ആര്‍.എല്‍.വി. ആനന്ദിന്റെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിക്കുന്നത്.

NEWS LETTER
RSS











