വിജയകുമാര്‍ കൂത്താട്ടുകുളം
കൂത്താട്ടുകുളത്ത് പൈറ്റക്കുളത്തുള്ള വീട്ടിലെ പ്രധാന മുറിയില്‍ നിന്ന് ഷേക്‌സ്പിയര്‍ നാടകങ്ങളിലെ സംഭാഷണങ്ങള്‍ പുറത്തേക്കൊഴുകിയെത്തുന്നു... ഇംഗ്ലീഷ് ഭാഷയുടെ ഉച്ചാരണത്തിലെ പൂര്‍ണതകളെല്ലാം ഒത്തുചേര്‍ന്നുള്ള വാക്കുകള്‍... അറുപത്തിനാലിലും ചുറുചുറുക്കോടെ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന അമ്മിണി ടീച്ചര്‍, ഷേക്‌സ്പിയര്‍ നാടകങ്ങള്‍ വീണ്ടും അരങ്ങത്തെത്തിക്കുന്നതിന്റെ പണിപ്പുരയിലാണ്.നാല് പതിറ്റാണ്ടിലേറെയായി ഇംഗ്ലീഷ് അധ്യാപന രംഗത്ത് പ്രതിഭ തെളിയിച്ചയാളാണ് കൂത്താട്ടുകുളം പേടിക്കാട്ടുകുന്നേല്‍ അമ്മിണി ജോസഫ് വര്‍ഗീസ്. 34 വര്‍ഷം മുംബൈയിലെ സെന്റ് ഫ്രാന്‍സിസ് ഡി അസ്സീസി ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു.
ഇംഗ്ലീഷ് വിശ്വഭാഷയാണ്. അറിവുകള്‍ പകരുമ്പോള്‍ ഇംഗ്ലീഷിന്റെ ശക്തിയും മികവും ഏറെ വളരുന്നുവെന്ന് അമ്മിണി ടീച്ചര്‍ പറയുന്നു. പഠന പ്രവര്‍ത്തനങ്ങളില്‍ പുതിയ രീതികള്‍ അവലംബിക്കുന്നതിനുള്ള ശ്രമങ്ങള്‍, തന്നെ കൊണ്ടെത്തിച്ചത് അഭിനയത്തിന്റെ രംഗവേദിയിലേക്കാണെന്ന് ടീച്ചര്‍ പറഞ്ഞു. തുടര്‍ന്ന്, ഇംഗ്ലീഷ് ഭാഷയില്‍ പഠിച്ച കാര്യങ്ങള്‍ വേദിയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1994 ല്‍ കേന്ദ്രസര്‍ക്കാരിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തില്‍നിന്നുള്ള പ്രത്യേക പുരസ്‌കാരം ലഭിച്ചു.
പാഠഭാഗങ്ങളെ നാടകത്തിന്റെ രൂപത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു ആദ്യഘട്ടം. ഇതിനായി ഷേക്‌സ്പിയറുടെ അഞ്ച്
നാടകങ്ങള്‍ സമ്പൂര്‍ണപഠനത്തിനായി തിരഞ്ഞെടുത്തു. ഒഥല്ലോ, ജൂലിയസ് സീസര്‍, മാക്ബത്ത്, കിംഗ് ലിയര്‍ എന്നിവയെല്ലാം നാല്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകങ്ങളുടെ രൂപത്തിലേക്ക് മാറ്റി. കുട്ടികളുടെ സംഘങ്ങള്‍ നാടകത്തിലെ കഥാപാത്രങ്ങളായി മാറി.ക്ലാസ്സിലും സ്‌കൂളിന് പുറത്തും ഷേക്‌സ്പിയറുടെ കഥാപാത്രങ്ങളായി വേഷമിടുന്നവര്‍ ഇംഗ്ലീഷില്‍ സംഭാഷണങ്ങള്‍ പറയുന്നത് കേട്ടതോടെ മറ്റുള്ള കുട്ടികള്‍ക്കും ധൈര്യമായി, കുട്ടികളുടെ സംഘങ്ങളുടെ എണ്ണം കൂടി. ശബ്ദവും വേഷവും എല്ലാം ഒരുക്കുന്നത് കുട്ടികള്‍തന്നെ. ഷേക്‌സ്പിയര്‍ നാടകങ്ങളെല്ലാം വേദിയിലെത്താന്‍ പിന്നെ അധികം നാളുകളെടുത്തില്ല. പാഠഭാഗങ്ങളോരോന്നായി രംഗത്തേക്കെത്തിയതോടെ പഠിപ്പിക്കല്‍ ഒരു അരങ്ങുണര്‍ത്തലായി മാറിയെന്ന് ടീച്ചര്‍ പറയുന്നു. ഇന്‍ഡോ അമേരിക്കന്‍ സൊസൈറ്റിയുടെ പ്രത്യേക പുരസ്‌കാരവും ടീച്ചറെ തേടിയെത്തി.
എയര്‍ ഇന്ത്യയുടെ കൊമേഴ്‌സ്യല്‍ ഓഫീസറായി ജോലിയില്‍ നിന്ന് വിരമിച്ച ഭര്‍ത്താവ് വര്‍ഗീസ് ജോസഫ് നല്‍കുന്ന പിന്തുണയാണ് പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകിയത്. ഫ്രാന്‍സ്, ഇറ്റലി, പോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക, കാനഡ, സിംഗപ്പൂര്‍, നേപ്പാള്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലൂടെ ഭാഷാപഠനത്തിന്റെ അന്വേഷണവുമായി ടീച്ചര്‍ പറന്നു. കിട്ടിയ വിവരങ്ങള്‍ കുട്ടികള്‍ക്ക് പകരുന്നതിനുള്ള വേദികളൊരുക്കിയത് മുംബൈയിലെ വിദ്യാലയത്തിലും ഇപ്പോള്‍ അധ്യാപനം നടത്തുന്ന കൂത്താട്ടുകുളം അമനകര ചാവറ സ്‌കൂളിലുമാണ്. അധ്യാപകരുടെ പിന്തുണയും ലഭ്യമാകുന്നു.
വിഷയാടിസ്ഥാനത്തില്‍ ഓരോ ദിവസവും പ്രത്യേക അസംബ്ലി നടത്തുന്നതും നാടകത്തിന്റെ രൂപത്തില്‍ തന്നെ. വാഹനങ്ങളും പൂക്കളും തൊഴിലും എല്ലാം നാടകത്തിന്റെ തനിമയോടെ വിവിധ രൂപത്തില്‍ കുട്ടികളുടെ അസംബ്ലിയിലെത്തുമ്പോള്‍ അറിവിനൊപ്പം കാഴ്ചയുടെ അനന്ത സാധ്യതകളിലേക്കാണ് കുട്ടികളുടെ ജിജ്ഞാസ വളരുന്നതെന്ന് ടീച്ചര്‍ പറഞ്ഞു.മകള്‍ നിമ്മി തോമസ് അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ ഇന്‍ഡിപെന്‍ഡന്റ് പബ്ലിക് സ്‌കൂളില്‍ അധ്യാപികയാണ്. മൂത്ത മകന്‍ ജോഫി ജോസഫ് നോക്കിയ കമ്പനിയുടെ ഓള്‍ ഇന്ത്യ റൂറല്‍ ഡിസ്ട്രിബ്യൂട്ടര്‍ മാനേജരാണ്.

NEWS LETTER
RSS











