MATHRUBHUMI RSS
Loading...
പ്രതീകങ്ങളുടെ ചായം
വിവേക്.ആര്‍.ചന്ദ്രന്‍


പ്രിയയുടെ ചിത്രങ്ങള്‍ക്ക് ഒരുപക്ഷമുണ്ട്. ശക്തമായിത്തന്നെ ആശയ പ്രകാശനം നടത്തുന്ന സ്ത്രീപക്ഷം. കടുത്ത ചായക്കൂട്ടുകളിലൂടെ ആ ചിത്രങ്ങള്‍ പറയുന്നത് സ്ത്രീകളുടെ കഥകളാണ്.

സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിങ് എജ്യൂക്കേഷനിലെ ചിത്ര അധ്യാപികയാണ് ചെമ്പഴന്തി മനുപ്രിയയില്‍ പ്രീയാ മനോജ്. മുത്തച്ഛന്‍ ഗംഗാധരന്‍ വൈദ്യരില്‍നിന്നാണ് ചിത്രകലയുടെ ബാലപാഠങ്ങള്‍ പ്രീയക്ക് പകര്‍ന്നുകിട്ടിയത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ചിത്രകലാപഠനം തുടങ്ങി. തുടര്‍ന്ന് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍നിന്ന് ചിത്രകലയില്‍ ബിരുദം. ലളിതകലാ അക്കാദമിയുടെ സ്‌കോളര്‍ഷിപ്പോടെയായിരുന്നു പഠനം. രണ്ടാംറാങ്കോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്.

തുടര്‍ന്ന് നിരവധി വിദ്യാലയങ്ങളില്‍ അധ്യാപികയായി ജോലിചെയ്തു. കൊളാഷ്, ഓയില്‍ പെയിന്റിങ്, വാട്ടര്‍ കളര്‍, ചുവര്‍ ചിത്രം തുടങ്ങി വിവിധ ശൈലികളിലായി ആയിരത്തോളം ചിത്രങ്ങളാണ് പ്രീയ വരച്ചത്. സുനാമി വിഷയമാക്കി മ്യൂസിയം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം വളരെ ശ്രദ്ധ നേടിയിരുന്നു. എറണാകുളത്തും വൈ.എം.സി.എ.ഹാളിലും പ്രീയയുടെ പ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. സൂര്യമേളയോടനുബന്ധിച്ചും വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിലും പോണ്ടിച്ചേരിയിലും നടന്ന പ്രദര്‍ശനങ്ങളിലും പ്രീയയുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു.

മൂന്ന് സഹോദരിമാര്‍, നൊസ്റ്റാള്‍ജിയ, ഗ്രൂപ്പ് സ്റ്റഡി,റാറ്റ് ഓണ്‍ ദി ട്രാപ്പ്, സുനാമി ചിത്രങ്ങള്‍ എന്നിവ വിവിധ പ്രദര്‍ശനങ്ങളില്‍ ശ്രദ്ധേയമായവയാണ്.

സ്ത്രീകളുടെ വേദനകളും ഒറ്റപ്പെടലുകളും ദുരിതങ്ങളും പ്രതിഷേധങ്ങളുമാണ് ഇവയിലെ വിഷയം. പ്രതീകങ്ങളിലൂടെ സംവദിക്കുന്ന നിരവധി പേരിടാത്ത ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ലളിതകലാ അക്കാഡമിയുടെ പ്രദര്‍ശനങ്ങളിലേക്കും പ്രീയയുടെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തന്റെ വിദ്യാര്‍ഥികളോടൊപ്പം ശ്രദ്ധേയമായ ഒരു ചിത്രപ്രദര്‍ശനം സംഘടിപ്പിക്കാനുള്ള തിരക്കിലാണ് പ്രീയ ഇപ്പോള്‍.