രജി.ആര്‍.നായര്‍
അധ്യാപികയായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു എന്ന് എല്‍സിയോട് ചോദിക്കരുത്. കാരണം എല്‍സി ജനിച്ചതു തന്നെ കുട്ടികളെ പഠിപ്പിക്കാനാണ്. അവരെ വലിയവരാക്കാന്‍ തനിക്കെന്തെല്ലാം ചെയ്യാനാവുമോ അതെല്ലാം ചെയ്യുന്നതിലാണ് ഈ അധ്യാപികയുടെ ആനന്ദം.ആ ആനന്ദത്തെ കുട്ടുപിടിച്ച് ടീച്ചര്‍ കുട്ടികളുടെ കൂട്ടുകാരിയായി. എട്ടാം ക്ലാസിലെത്തിയിട്ടും അക്ഷരമറിയാത്തവന് ഒന്നാം ക്ലാസിന്റെ പാഠങ്ങള്‍ പകര്‍ന്നു. ആദിവാസികളെ വിദ്യയഭ്യസിപ്പിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടതെല്ലാമൊരുക്കാന്‍ നാട്ടുകാരിലൊരാളായി, സ്‌കൂളിലും പരിസരത്തും ശുചിത്വത്തിന്റെ സംഗീതം നിറച്ചു. പറഞ്ഞു നടക്കുന്നതിലല്ല, ചെയ്തു തീര്‍ക്കുന്നതിലാണ് എല്‍സി ടീച്ചര്‍ക്ക് അന്നുമിന്നും ആനന്ദം. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരലബ്ധി എല്‍സി ടീച്ചറുടെ ഉത്തരവാദിത്വം കൂട്ടുന്നതേയുള്ളൂ.
തൃശ്ശൂര്‍ അരിമ്പൂര്‍ സ്വദേശി യു.ഡി. എല്‍സി സര്‍വീസിലെത്തുന്നത് 1981ലാണ്. ജോലി തുടങ്ങിയ കാലം മുതലേ കോഴിക്കോട്ടാണ് സേവനം. തുടക്കത്തില്‍ മറ്റാരെയും പോലെ ക്ലാസിലെ പാഠഭാഗങ്ങള്‍ ഭംഗിയായി തീര്‍ക്കുന്നതിലൊതുങ്ങിയിരുന്നു ടീച്ചറുടെയും അധ്യാപനം. എന്നാല്‍ ജീവിതം തന്നെ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെക്കാന്‍ ടീച്ചറെ പ്രേരിപ്പിച്ചത് ഒരു സംഭവമാണ്.
15 വര്‍ഷം മുമ്പാണത്. അന്ന് ജോലി ചെയ്യുന്നത് മീഞ്ചന്ത ജി.വി.എച്ച്.എസ്. സ്‌കൂളില്‍. ആര്‍ട്‌സ് കോളേജ് പോസ്റ്റ്ഓഫീസില്‍ എന്തോ ആവശ്യത്തിന് പോയതാണ് ടീച്ചര്‍. രജിസ്‌ട്രേഡ് അയയ്ക്കാന്‍ വന്ന രണ്ട് ഹൈസ്‌കൂള്‍ കുട്ടികള്‍ കവറിന്റെ പുറകില്‍ വിലാസം എഴുതാന്‍ അറിയാത്തതുകൊണ്ട് കത്ത് തിരിച്ചുകൊണ്ടുപോകുന്നത് കണ്ട് അമ്പരന്നു നിന്നു. എസ്.എസ്.എല്‍.സി. ക്ലാസിലെത്തിയ കുട്ടികള്‍ക്ക് അക്ഷരമെഴുതാനറിയാത്ത അവസ്ഥ കണ്ട് അവര്‍ക്ക് പിന്നെ വെറുതെയിരിക്കാനായില്ല. അന്നുമുതല്‍ എട്ടാം ക്ലാസുകള്‍ക്ക് ആദ്യാക്ഷരം പറഞ്ഞുകൊടുക്കാന്‍ എല്‍സി ടീച്ചറെത്തി. ക്ലാസ് സമയത്തിന് പുറമെ ധാരാളം സമയം കുട്ടികളോടൊത്ത് ടീച്ചര്‍ ചെലവിട്ടു. രാവിലെ ഏഴര മുതല്‍ ഒമ്പതര വരെ നീളുന്ന ക്ലാസുകള്‍. സഹപ്രവര്‍ത്തകരോടൊത്ത് കൈകോര്‍ത്തപ്പോള്‍ ഫലം താനെ വന്നു. വിജയശതമാനം എട്ടില്‍ നിന്ന് 72 ആയി ഉയര്‍ന്നു. മീഞ്ചന്ത സ്‌കൂളിലെ 14 വര്‍ഷംകൊണ്ട് എല്‍സി ശരിക്കുമൊരു അധ്യാപികയായി.
പരീക്ഷണഘട്ടത്തില്‍ തളരാതിരിക്കുന്നതിലാണ് എല്‍സിയുടെ കരുത്ത്. പ്രധാനാധ്യാപികയായി ചുമതലയേറ്റ വയനാട് പെരിക്കല്ലൂര്‍ സ്‌കൂളില്‍ ടീച്ചര്‍ വീണ്ടും തന്റെ ആത്മാര്‍ഥത കരുത്താക്കി ഒരു നാടിന്റെ വിദ്യാഭ്യാസമോഹങ്ങളെ മുന്നിലെത്തിച്ചു.
ഒരു വര്‍ഷമേ കബനിയുടെ തീരത്തെ കാടിന്റെ തണലിലെ പെരിക്കല്ലൂരിലുണ്ടയിരുന്നുള്ളൂവെങ്കിലും ആ വര്‍ഷത്തിന് ഒരായുസ്സിന്റെ ഫലപ്രാപ്തിയുണ്ടായിരുന്നതായി ടീച്ചര്‍ പറയുന്നു. ആദിവാസി കുട്ടികളാണ് പഠിതാക്കള്‍. അവിടെയും രാവിലെ ഏഴുമണിക്ക് സ്‌കൂളിലെത്താനും ഒമ്പതരവരെ പഠിപ്പിക്കാനും ടീച്ചര്‍ ഉത്സാഹിച്ചു. ആനയിറങ്ങുന്നതു കാരണം കൃത്യമായി ക്ലാസിലെത്താനാവാതെപോയ രണ്ട് കുട്ടികളൊഴികെ എല്ലാവരും വിജയംകൊണ്ട് ഗുരുദക്ഷിണ നല്കി.
ഹയര്‍ സെക്കന്‍ഡറി അനുവദിച്ചുകിട്ടിയപ്പോള്‍ ക്ലാസ് റൂമില്ലാത്ത പരിമിതിയെ മറികടക്കാന്‍ ടീച്ചര്‍ കൂട്ടുപിടിച്ചത് നാട്ടുകാരെയായിരുന്നു. മുളയും അധ്വാനവും പണവും നല്കി അവര്‍ തീര്‍ത്തെടുത്ത ക്ലാസ്‌റൂമില്‍ പുറം ലോകത്തിന്റെ സൗഭാഗ്യങ്ങളധികം കിട്ടാത്ത ജനവിഭാഗത്തിന് പുത്തന്‍ അവസരങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കഴിഞ്ഞകാര്യം അവര്‍ ഇന്നുമോര്‍ക്കുന്നു.
വീണ്ടും കോഴിക്കോട്ടെത്തിയത് ബേപ്പൂര്‍ ഹൈസ്‌കൂളില്‍. വൃത്തികേടായിക്കിടക്കുന്ന ക്ലാസ് മുറികളും ടോയ്‌ലറ്റുകളും പൊട്ടിച്ചിട്ട പൈപ്പുകളുമാണ് ടീച്ചറെ വരവേറ്റത്. എന്നാല്‍, മാലിന്യത്തെ ശുചിത്വംകൊണ്ട് നേരിടാന്‍ ടീച്ചര്‍ ജൂനിയര്‍ റെഡ്‌ക്രോസിന്റെ സഹായംതേടി. ഫലമോ ശുചിത്വമിഷന്റെ പുരസ്‌കാരം സ്‌കൂളിനെ തേടിയെത്തി. ഇപ്പോള്‍ ജോലിചെയ്യുന്ന ആഴ്ചവട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ശുചിത്വത്തിന്റെ പുതിയ പാഠങ്ങളൊരുക്കുകയാണ് ഇവര്‍.
''കുട്ടികള്‍ക്കിടയില്‍ ആരോഗ്യകമരമായ മത്സരമൊരുക്കി മാര്‍ക്ക് നല്കിയാണ് കുട്ടികളെ ശുചിത്വം പാലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇവിടെയെന്നല്ല എവിടെയും സഹപ്രവര്‍ത്തകരുടെ സഹകരണമാണ് എന്റെ ശക്തി. ശ്രമിച്ചാല്‍ അസാധ്യമല്ല ഒന്നുമെന്ന് ഈ വര്‍ഷങ്ങള്‍ എന്നെ പഠിപ്പിച്ചു''-എല്‍സി ടീച്ചര്‍ പറയുന്നതിന് ജീവനുള്ള തെളിവുകളുണ്ട് നമ്മുടെ മുമ്പില്‍.
പല വിദ്യാലയങ്ങള്‍, പല കാലങ്ങളില്‍ പുറത്തേക്കു വിട്ട കുട്ടികളില്‍ ടീച്ചറുടെ കൈയൊപ്പുണ്ട്. ഈ വര്‍ഷം വിരമിക്കേണ്ടിവരുന്നതില്‍ ടീച്ചര്‍ക്കൊന്നേ സങ്കടമുള്ളൂ. കുട്ടികുടെ കൂടെയല്ലാതെ എങ്ങനെ ജീവിക്കും? എല്ലാ പ്രവര്‍ത്തനത്തിലും പിന്തുണയായി നിന്ന ഭര്‍ത്താവ് ഇലക്ട്രിസിറ്റി റിട്ട. എന്‍ജിനീയര്‍ മൈക്കിള്‍ ജോസഫും രണ്ടു കുട്ടികളും അവരുടെ കുടുംബവും ടീച്ചറുടെ കൂടെയുണ്ട്. മീഞ്ചന്തയിലെ വീട്ടിലിരിക്കുമ്പോഴും എല്‍സി ടീച്ചറുടെ മനസ്സ് സ്‌കൂള്‍ മുറ്റത്ത് സ്‌നേഹം വിതയ്ക്കുന്നുണ്ടാവും.

NEWS LETTER
RSS











