MATHRUBHUMI RSS
Loading...
ശലഭ മുട്ടയ്ക്ക് കാവലാളായി ഒരു വിദ്യാര്‍ഥിനി


നിടുംബ(കാസര്‍കോട്): അയല്‍വീട്ടിലെ പച്ചക്കറി വെക്കുന്ന പാത്രത്തില്‍ അറ്റ്‌ലസ് നിശാശലഭം(അറ്റ്‌ലസ്‌മോത്) മുട്ടയിട്ടു. പ്രകൃതിസ്‌നേഹിയായ വിദ്യാര്‍ഥിനിയും കുടുംബവും ശലഭം മുട്ടയിട്ട പാത്രം വീട്ടില്‍ കൊണ്ടുവന്ന് സൂക്ഷിക്കുകയാണ്, മുട്ട വിരിയാനുള്ള സൗകര്യമൊരുക്കിക്കൊണ്ട്

നിടുംബയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി കെ.രാഗിയുടെ സജീവ ശ്രദ്ധയിലാണ് നിശാശലഭത്തിന്റെ നൂറോളം മുട്ടകള്‍ സൂക്ഷിച്ചിരിക്കുന്നത്. സഹായത്തിന് ശലഭങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും ശലഭനിരീക്ഷകരുടെ ഉപദേശവും ഉണ്ട്.

അയല്‍വീട്ടിലെ സുരേന്ദ്രന്റെ വീട്ടിലാണ് നിശാശലഭം പറന്നെത്തിയത്. മുപ്പത് സെന്റീമീറ്ററോളം വലുപ്പമുണ്ട്. ശലഭത്തിന് പിന്നാലെ കൂടിയപ്പോഴാണ് ഈ വീട്ടില്‍ പച്ചക്കറി പാത്രത്തില്‍ പറ്റിപ്പിടിച്ച നൂറോളം മുട്ടകള്‍ കണ്ടത്.

ഇത് നിശാശലഭത്തിന്റെ മുട്ടകളാണോ എന്ന് ശലഭനിരീക്ഷകരില്‍ നിന്നും മനസ്സിലാക്കിയശേഷമാണ് വീട്ടിലേക്ക് കൊണ്ടുപോയത്. അധ്യാപകനായ അച്ഛന്‍ രാധാകൃഷ്ണനും അമ്മ രേഖയും പ്രോത്സാഹനം നല്‍കി. പിന്നീട് ശലഭനിരീക്ഷകരെ വിളിച്ച് നിശാശലഭത്തെക്കുറിച്ചും മുട്ടയെക്കുറിച്ചും ആരാഞ്ഞു. പ്രത്യേക ചെടികളില്‍ മാത്രം മുട്ടയിടുന്ന ഇനമാണ് അറ്റ്‌ലസ്‌മോത്. മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ ആ ചെടിയുടെ ഇലകള്‍ തിന്നാണ് ജീവിക്കുക. അപൂര്‍വ്വമായിട്ടാണ് നിശാശലഭം ഇത്തരത്തില്‍ മുട്ടയിടുന്നതെന്ന് ശലഭനിരീക്ഷകര്‍ പറയുന്നു.


പാത്രത്തിന്റെ അരികില്‍ പറ്റിപ്പിടിച്ച മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ക്ക് ഭക്ഷണമാണ് മുഖ്യപ്രശ്‌നം. ഏലം ചെടിയുടെ ഇലകള്‍ ലഭിക്കാന്‍ പ്രയാസമായതിനാല്‍ സുഗന്ധിചെടിയുടെ ഇലകള്‍ പാത്രത്തിലിടുകയോ സുഗന്ധി ചെടിയില്‍ മുട്ടകള്‍ തൂക്കിവെക്കുകയോ ചെയ്യണമെന്ന് വി.സി.ബാലകൃഷ്ണനും ഡോ.ഇ.ഉണ്ണികൃഷ്ണനും പറഞ്ഞു.

വീട്ടുവളപ്പില്‍ സുഗന്ധി ചെടി ഉണ്ടെന്നുള്ളതാണ് രാഗിക്ക് പ്രതീക്ഷ. സുഗന്ധി ഇലകള്‍ തിന്ന് പുഴുക്കള്‍ കൊക്കൂണാവുകയും പിന്നീട് നിശാശലഭങങ്ങള്‍ ആവുമെന്നാണ് രാഗിയുടെയും വീട്ടുകാരുടെയും ശുഭപ്രതീക്ഷ. വണ്ണാത്തിക്കാനത്തെ നീരുറവ പ്രശ്‌നങ്ങള്‍, ശൂലാപ്പ്കാവിലെ ജൈവവൈവിദ്ധ്യം, പിലാന്തോളി കാനം എന്നിവയുടെ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സിലുള്‍പ്പെടെ ശ്രദ്ധനേടിയ വിദ്യാര്‍ഥിനിയാണ് രാഗി.