ശോഭനാ രവീന്ദ്രന്‍
മലയാളിയുടെ കേള്‍വിയിലേക്ക് ആഴവും പരപ്പും സുഗന്ധവുമുള്ള സംഗീതത്തിന്റെ വിതാനങ്ങള്‍ സൃഷ്ടിച്ച രവീന്ദ്രന്റെ സംഗീതജീവിതവും വ്യക്തിജീവിതവും. പ്രണയത്തിലും സംഗീതത്തിലും കുടുംബജീവിതത്തിലുമടക്കം രവീന്ദ്രന്റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ജീവിതസഖി സംഘര്‍ഷഭരിതമായ ആ ജീവിതകാലം ഓര്‍മിച്ചെടുക്കുന്നു.
1978 ജൂലായ് മാസം, രാവിലെ പത്തര മണിയായിട്ടുണ്ടാവും. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ കാര്‍ഡ്രൈവര്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. താഴെ കാറില്‍ ദാസേട്ടനിരിക്കുന്നു. രവിയേട്ടനെ വിളിക്കുന്നു എന്നുപറഞ്ഞു. താഴേക്കാണു വിളിച്ചതെങ്കിലും ഉയരത്തിലേക്കുള്ള വഴിയാണ് ദാസേട്ടന്‍ പറഞ്ഞുകൊടുത്തത്. രവീ, നീ ഉടനെ ഭരണി സ്റ്റുഡിയോയില്‍ പോകണം. അവിടെ ഡയറക്ടര്‍ ശശികുമാര്‍ സാറുണ്ട്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന് നീയാണ് സംഗീത സംവിധായകന്‍. എല്ലാം ഞാന്‍ സംസാരിച്ചിട്ടുണ്ട്. നീ പോയി അദ്ദേഹത്തെ കണ്ടാല്‍ മതി. ടാക്‌സിയില്‍ പൊയ്‌ക്കോളൂ എന്നുപറഞ്ഞ ദാസേട്ടന്‍ അതിനുള്ള കാശും കൊടുത്തു. അന്ന് രവിയേട്ടന്റെ വാഹനം സൈക്കിളായിരുന്നു.നല്ല തുടക്കം. അന്നത്തെ ഹിറ്റ്‌മേക്കറായിരുന്നു ശശികുമാര്‍ സാര്‍. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുതിയ സംഗീത സംവിധായകര്‍ക്ക് ചാന്‍സ് കിട്ടുക അത്ര എളുപ്പമായിരുന്നില്ല. ദാസേട്ടന്റെ ശക്തമായ ശുപാര്‍ശയുടെ പേരില്‍ പാട്ടുകള്‍ റെക്കോഡ് ചെയ്തശേഷം നിങ്ങള്‍ക്കിഷ്ടമായില്ലെങ്കില്‍ എന്റെ സ്വന്തം കാശില്‍ വേറെ പാട്ടുകള്‍ റെക്കോഡ് ചെയ്തുതരാം എന്ന ദാസേട്ടന്റെ ഉറപ്പിന്മേലായിരുന്നു ആ ചിത്രത്തിന്റെ നിര്‍മാതാക്കളായ ഒമ്പതു പേരും ശശികുമാര്‍ സാറും അങ്ങനെയൊരു റിസ്‌ക് എടുക്കാന്‍ സന്നദ്ധരായത്. സര്‍വദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ഥിച്ചുകൊണ്ട് കമ്പോസിങ് ആരംഭിച്ചു. സത്യന്‍ അന്തിക്കാടും പൂവച്ചല്‍ ഖാദറുമായിരുന്നു ഗാനരചയിതാക്കള്‍. റെക്കോഡിങ് തീയതിയും കുറിക്കപ്പെട്ടു.
നവരത്‌ന മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ തരംഗിണി സ്റ്റുഡിയോയില്‍ 'ചൂള' എന്ന ചിത്രത്തിനു വേണ്ടി നാലു പാട്ടുകള്‍ റെക്കോഡ് ചെയ്യപ്പെട്ടു. ശുപാര്‍ശ ചെയ്ത ദാസേട്ടന് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. അതുവരെയുള്ള സിനിമാ സംഗീതത്തിന്റെ ട്രെന്‍ഡ് മാറിയിട്ടുള്ള ഒരു സംഗീതശൈലിയായിരുന്നു പുതിയ സംഗീതസംവിധായകന്‍ രവീന്ദ്രന്റേത്. എല്ലാവര്‍ക്കും ഇഷ്ടമായി. ദാസേട്ടന്റെ വോയ്‌സിന്റെ ബേസ് പരമാവധി ഉപയോഗിച്ച് പാടിച്ച 'താരകേ, മിഴിയിതളില്‍ കണ്ണീരുമായ്...' എന്ന ഗാനം ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. ജാനകിയമ്മയും ദാസേട്ടനും ചേര്‍ന്നു പാടിയ 'സിന്ദൂരസന്ധ്യക്കു മൗനം...' മനോഹരമായൊരു യുഗ്മഗാനമായിരുന്നു.
മലയാളസിനിമയ്ക്ക് മുതല്‍ക്കൂട്ടായി മാറിയേക്കാവുന്ന ഒരു സംഗീത സംവിധായകനെ നല്കിയതിന് ശശികുമാര്‍ സാറും നിര്‍മാതാക്കളും ദാസേട്ടനെ അഭിനന്ദിച്ചു. എല്ലാവരും രവിയേട്ടനെയും പ്രോത്സാഹിപ്പിച്ചു.
വഴിത്തിരിവുകള്‍
ദാസേട്ടന്റെ ഈ ശുപാര്‍ശയ്ക്ക് ഒരു ഫ്‌ളാഷ്ബാക്കുണ്ട്. രവിയേട്ടന്‍ സ്ഥിരമായി ശബ്ദം നല്കിയിരുന്നത് രവികുമാര്‍ എന്ന നടനുവേണ്ടിയാണ്. അദ്ദേഹത്തിന് സിനിമകള്‍ കുറഞ്ഞപ്പോള്‍ സ്വാഭാവികമായും രവിയേട്ടനും വര്‍ക്ക് കുറഞ്ഞു. ചെലവ് വര്‍ധിക്കുകയും വരുമാനം കുറയുകയുംചെയ്തു. ഇടയ്ക്കിടെ ദാസേട്ടനെ കാണാന്‍ സ്റ്റുഡിയോയിലും ദാസേട്ടന്റെ വീട്ടിലും പോകാറുണ്ടായിരുന്ന രവിയേട്ടന്‍ ഒരു ദിവസം സംസാരമധ്യേ ദാസേട്ടനോടു പറഞ്ഞു. ദാസേട്ടാ, ഞാന്‍ രണ്ടു കാറുകള്‍ വാങ്ങാന്‍ പോവുകയാണ്. അതെന്താ രണ്ടു കാറുകള്‍? ദാസേട്ടന്‍ തമാശയായി ചോദിച്ചു. എനിക്കുപയോഗിക്കാനല്ല, ടാക്‌സിയാക്കാനാണ്. കുടുംബം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ഇങ്ങനെയെന്തെങ്കിലും വഴി കണ്ടുപിടിച്ചേ മതിയാകൂ. സംഗീതമല്ലാതെ മറ്റു തൊഴിലൊന്നും എനിക്കറിയില്ലല്ലോ.
അല്പനേരം മൗനമായിരുന്നിട്ട് ദാസേട്ടന്‍ ചോദിച്ചു, നിനക്ക് സിനിമയ്ക്ക് സംഗീതംചെയ്തുകൂടേ? ദാസേട്ടന്റെ തമാശകേട്ട് രവിയേട്ടന്‍ ചിരിച്ചു. പാട്ടുപാടാനുള്ള ചാന്‍സ് തേടിയലഞ്ഞ് എന്റെ ചെരിപ്പു മാത്രമല്ല, കാലും തേഞ്ഞുതുടങ്ങി. ഒരു പാട്ടു തരാത്തവരാണോ എനിക്ക് സംഗീതം ചെയ്യാന്‍ പടം തരുക?
പടം കിട്ടിയാല്‍ ചെയ്യാമോ? ദാസേട്ടന്‍ വീണ്ടും ചോദിച്ചു. തീര്‍ച്ചയായും ചെയ്യാം. ദൃഢമായിരുന്നു രവിയേട്ടന്റെ മറുപടി.
മുന്‍പ് നാടകങ്ങള്‍ക്കുവേണ്ടിയും ഗാനമേളകളില്‍ പാടാന്‍വേണ്ടിയും സ്വയം കമ്പോസ്‌ചെയ്ത പാട്ടുകള്‍ പലതും ദാസേട്ടന്‍ കേട്ടിരുന്നു. അതാണ് ദാസേട്ടന് അങ്ങനെയൊരു ആലോചന തോന്നിയത്.
ശരി ഞാന്‍ ശ്രമിക്കാം. ഈ ടാക്‌സിവിടലും കച്ചവടവുമൊന്നും നമുക്കു ശരിയാവില്ല. നമുക്ക് സംഗീതമാണ് ജീവിതം. അതുകൊണ്ട് അതൊക്കെ വിട്ടുകള, എന്ന് ദാസേട്ടന്‍ ഉപദേശിച്ചു. ഈ ഒരു വാഗ്ദാനമാണ് 'ചൂള'യിലൂടെ നിറവേറ്റപ്പെട്ടത്.
1979-ല്‍ ഗാനങ്ങള്‍ പുറത്തിറങ്ങുന്നതിനു മുന്‍പ് മറ്റൊരഭിപ്രായംകൂടി ദാസേട്ടന്‍ പറഞ്ഞു, കുളത്തൂപ്പുഴ രവി എന്ന പേരിനി വേണ്ട. രവി കുളത്തിലും പുഴയിലും അസ്തമിക്കേണ്ടവനല്ല, പ്രകാശിക്കേണ്ടവനാണ്. അതുകൊണ്ട് അച്ഛനുമമ്മയുമിട്ട രവീന്ദ്രന്‍ എന്ന പേരുമതി ഇനി. അങ്ങനെ കുളത്തൂപ്പുഴ രവി രവീന്ദ്രനായി. രവീന്ദ്രന്‍മാഷായി, രവീന്ദ്രസംഗീതമുണ്ടായി. ഇന്ന് അസ്തമിച്ചുകഴിഞ്ഞിട്ടും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.
ചൂളയ്ക്കു കിട്ടിയ പ്രതിഫലത്തുകയില്‍നിന്ന് എനിക്ക് ഒരു വള വാങ്ങിത്തന്നു രവിയേട്ടന്‍. അന്ന് 750 രൂപയായിരുന്നു ഒരു പവന് വില. പാട്ടുകള്‍ ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ടതില്‍ ഞങ്ങള്‍ സന്തോഷിച്ചു.
നവരത്‌ന മൂവി മേക്കേഴ്‌സിന്റെ രണ്ടാമത്തെ ചിത്രത്തിനും രവിയേട്ടന്‍ തന്നെയായിരുന്നു സംഗീത സംവിധായകന്‍ 'ഒരു വര്‍ഷം, ഒരു മാസം'. ഈ ചിത്രത്തില്‍ ദാസേട്ടന്‍ പാടിയ 'ഇനിയെന്റെ ഓമലിനായൊരു ഗീതം...' എന്റെ പ്രിയഗാനങ്ങളിലൊന്നാണ്.
1980-ല്‍ 'തേനും വയമ്പും' എന്ന ചിത്രത്തിനു സംഗീതം നല്കിയതോടുകൂടി മലയാളസിനിമാ സംഗീതശാഖയില്‍ അനിഷേധ്യമായ ഒരു സ്ഥാനമുണ്ടായി രവീന്ദ്രനെന്ന സംഗീത സംവിധായകന്. പടം ഒരു വിജയമായില്ലെങ്കില്‍ക്കൂടി കഴിവുകള്‍ നന്നായി പ്രശോഭിപ്പിക്കാന്‍ പറ്റിയ പാട്ടുകളായിരുന്നു. ഇന്നും 'തേനും വയമ്പും' എന്ന ഗാനം കേള്‍ക്കാന്‍ ഒരു പ്രത്യേക അനുഭൂതിയാണ്. ഇന്നത്തെ ഇളംതലമുറയ്ക്കുപോലും ഉന്മേഷം പകരുന്ന ഗാനമാണത്. മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും പുതുമ നശിക്കാതെ നിലനില്ക്കാന്‍ കാരണം മികച്ച വരികളും, മികച്ച സംഗീതവും മികച്ച ആലാപനവുമാണ്. 'ഒറ്റക്കമ്പി നാദ'വും 'മനസ്സൊരു കോവില്‍' തുടങ്ങിയ പാട്ടുകളും എവര്‍ഗ്രീനായി ഇന്നും നിലനില്ക്കുന്നു.
'തേനും വയമ്പും' ചിത്രത്തിലെ പാട്ടുകള്‍ ഇത്രത്തോളം ഹിറ്റായെങ്കിലും തുടര്‍ന്നു പുതിയ പടങ്ങള്‍ കിട്ടാന്‍ കാത്തിരിക്കേണ്ടിവന്നു. ആ പടത്തില്‍നിന്ന് കിട്ടിയ നിസ്സാര തുകയോടൊപ്പം വലിയൊരു തുക ലോണായും എടുത്ത് ഒരു അംബാസഡര്‍ കാര്‍ വാങ്ങി രവിയേട്ടന്‍. കാറ് വാങ്ങിയശേഷമാണ് ഡ്രൈവിങ് പഠിച്ചത്. നല്ല മഴക്കാലമായിരുന്നു. ദൂരെ ബീച്ചിനടുത്തുള്ള വിജനമായ റോഡിലായിരുന്നു പഠനം. മൂന്നാം ദിവസം സ്വയം കാറോടിച്ചാണ് വീട്ടില്‍ വന്നത്. നാലാം മാസം ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ വാങ്ങിയതിന്റെ പകുതി വിലയ്ക്ക് കാര്‍ വിലേ്ക്കണ്ടിവന്നു. ഇരിക്കുന്നതിനു മുന്‍പ് കാല്‍ നീട്ടുന്ന ഈ സ്വഭാവം വളരെയധികം ടെന്‍ഷനും പ്രയാസങ്ങളുമുണ്ടാക്കിയിരുന്നു എന്നും. ആലോചനയില്ലാതെ വാങ്ങുന്ന ലോണുകള്‍, അതിന്റെ പലിശകള്‍. സമ്പാദിക്കുന്ന പണത്തിന്റെ മുക്കാല്‍ഭാഗവും ഇതിനുവേണ്ടിയായിരുന്നു ചെലവാക്കിയത്.
1981-ലും 82-ലും രണ്ടുമൂന്നു പടങ്ങള്‍ ചെയ്തു. 1983 രവിയേട്ടന്റെ വര്‍ഷമായിരുന്നു. 13 ചിത്രങ്ങള്‍ക്ക് സംഗീതം ചെയ്യാന്‍ സാധിച്ചു. അതില്‍ കൂടുതലും മോഹന്‍ലാല്‍ ചിത്രങ്ങളായിരുന്നു. ചിരിയോ ചിരി എന്ന ചിത്രത്തിലെ പാട്ടുകളിലൂടെ 'രവീന്ദ്രസംഗീതം' എന്നൊരു മുദ്ര തന്റെ സംഗീതത്തിനു നേടിയെടുക്കാനും കഴിഞ്ഞു.
വലിയ വീട്, കാര്‍, മറ്റു സൗകര്യങ്ങള്‍ എല്ലാമുണ്ടായി. പക്ഷേ, സമാധാനം നഷ്ടപ്പെട്ടു. കാരണം, രവിയേട്ടന്റെ സ്വഭാവത്തില്‍ പ്രകടമായ
മാറ്റം. പണവും പ്രതാപവും കൂടുമ്പോള്‍ സുഹൃത്തുക്കളും കൂടുന്നത് സ്വാഭാവികം. കുറേ ഇത്തിള്‍ക്കണ്ണികള്‍ രവിയേട്ടനോടൊപ്പവും പറ്റിക്കൂടി. പല പല സ്റ്റുഡിയോകളില്‍ പല പല ചിത്രത്തിന്റെ റെക്കോഡിങ്ങുകള്‍. അതുകഴിഞ്ഞുള്ള സുഹൃദ്‌സല്‍ക്കാരങ്ങള്‍. എല്ലാംകഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അര്‍ധരാത്രിയാകും. ചിലപ്പോള്‍ വെളുപ്പാന്‍ കാലമാകും. സുഹൃദ്‌വലയം ശരിയല്ലെന്ന് എനിക്ക് നന്നായി ബോധ്യമായി. പക്ഷേ, എന്തുഫലം; രവിയേട്ടനു ബോധ്യമാവണ്ടേ. അന്നൊക്കെ ഏതോ മായാലോകത്തിലായിരുന്നു എപ്പോഴും.അപകടത്തിലേക്കാണ് യാത്ര എന്നെനിക്ക് മനസ്സിലായെങ്കിലും തടുക്കാനെനിക്കായില്ല. ഇക്കണക്കിന് പോയാല്‍ ഞാനും മക്കളും നാഥനില്ലാത്തവസ്ഥയിലെത്തും. ഇത്രയും കാലം ഇല്ലായ്മയിലും സന്തുഷ്ടമായിരുന്നു ഞങ്ങളുടെ കുടുംബജീവിതം.
ഇടയ്ക്കുണ്ടായ രവിയേട്ടന്റെ സ്വഭാവമാറ്റത്തെക്കുറിച്ചാണല്ലോ പറഞ്ഞുവരുന്നത്. ഒരുദിവസം രാത്രി വളരെ വൈകിയും രവിയേട്ടനെ കണ്ടില്ല. പലതവണ ഫോണ്‍ ചെയ്തുനോക്കിയെങ്കിലും സ്റ്റുഡിയോക്കാര്‍ പറഞ്ഞു. അദ്ദേഹം വളരെ മുന്‍പുതന്നെ പോയല്ലോ എന്ന്. എനിക്കാകെ ടെന്‍ഷനായി.
ഞാനങ്ങനെ എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചും വഴിപാടുകള്‍ നേര്‍ന്നും കണ്ണിമയ്ക്കാതെ കാത്തിരിപ്പ് തുടര്‍ന്നു. ഏകദേശം വെളുപ്പിന് നാലുമണിയായിട്ടുണ്ടാവും. ഒരു കാറിന്റെ ശബ്ദംകേട്ട് ഞാന്‍ വാതില്‍ തുറന്നുനോക്കി.
കാറില്‍ നിന്ന് ഒരാളെ കൈത്താങ്ങലായി ഇറക്കുന്നു. മറ്റു മൂന്നുപേര്‍. അയ്യോ, അതു രവിയേട്ടനാണല്ലോ. ഞാനുറക്കെ നിലവിളിച്ചുകൊണ്ട് ഓടിച്ചെന്നു. അടുത്തുചെന്നപ്പോഴാണറിഞ്ഞത് സല്‍ക്കാരമേറിപ്പോയതിന്റെ അവസ്ഥയാണെന്ന്. കൂടെ വന്നവര്‍ കൈത്താങ്ങലായിത്തന്നെ പിടിച്ചുകൊണ്ട് ബെഡ്‌റൂമില്‍ കൊണ്ടുവന്നു കിടത്തിയിട്ട് പോയി.
രാവിലെ ഉറക്കമുണര്‍ന്ന ഏട്ടന്‍ ഉറങ്ങാതെ കരഞ്ഞുകൊണ്ടിരിക്കുന്ന എന്റെ അടുത്തുവന്നിരുന്ന് കുമ്പസാരം തുടങ്ങി. അബദ്ധം പറ്റിപ്പോയതാണ്. വര്‍ക്ക് കഴിഞ്ഞപ്പോള്‍ മണി മൂന്നു കഴിഞ്ഞിരുന്നു. ക്ഷീണംകൊണ്ടാണ് വീണുപോയത്. അല്ലാതെ അമിതമായിട്ടൊന്നുമല്ല. ഇനിമേലില്‍ ഇങ്ങനെ സംഭവിക്കില്ല എന്നൊക്കെ സത്യം ചെയ്തു. മാപ്പുപറഞ്ഞു. ഞാന്‍ ഒരക്ഷരവും മറുപടി പറഞ്ഞില്ല, കുറ്റപ്പെടുത്തിയില്ല, പരിഭവമോ പരാതിയോ പറഞ്ഞില്ല. മെല്ലെ അവിടന്ന് എണീറ്റുപോയി മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പറഞ്ഞപോലെ പിന്നീടൊരിക്കലും അത്തരമൊരു അവസ്ഥ രവിയേട്ടനുണ്ടാക്കിയിട്ടില്ല.
രവിയേട്ടന് പടങ്ങളുടെ എണ്ണം കുറയുന്നത് ഒരു കോമ്പ്രമൈസിനും തയ്യാറാകാത്ത സ്വഭാവംകൊണ്ടായിരുന്നു. ക്വാണ്ടിറ്റിയെക്കാള്‍, ക്വാളിറ്റി നോക്കുന്ന സംഗീത സംവിധായകനായിരുന്നു രവീന്ദ്രന്‍ മാഷ്. തനിക്ക് എന്തെങ്കിലും സംഭാവനചെയ്യാന്‍ സാധ്യതയുള്ള ചിത്രങ്ങളേ മാഷ് സ്വീകരിക്കുമായിരുന്നുള്ളൂ, മിക്കപ്പോഴും. വെറും അടിപൊളിപ്പാട്ടുകള്‍ മാത്രം ചെയ്യാന്‍ താത്പര്യം കാണിച്ചിരുന്നില്ല. അപൂര്‍വം ചില ചിത്രങ്ങള്‍ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വേണ്ടി ചെയ്യേണ്ടിവന്നിട്ടുമുണ്ട്. തൊഴിലിനോട് ഇത്രയധികം ആത്മാര്‍ഥതയും അര്‍പ്പണമനോഭാവവും വിരളമായേ കാണാന്‍ സാധിക്കൂ. രാത്രിയെന്നോ പകലെന്നോ നോക്കാതെ, എത്രയധികം ബുദ്ധിമുട്ടുകള്‍ സഹിക്കാനും തയ്യാറായിരുന്നു.
പെര്‍ഫെക്ഷന്‍, രവീന്ദ്രസംഗീതത്തിന്റെ മുഖമുദ്രയാണ്. അതിസൂക്ഷ്മമായ വിശകലനം ഓരോ ഗാനത്തിനു പിന്നിലുമുണ്ടാകും. തട്ടാന്‍ പൊന്നുരുക്കി അതിമനോഹരമായ ആഭരണങ്ങളുണ്ടാക്കുന്നതുപോലെയാണ് ഓരോ ഗാനവും രവിയേട്ടന്‍ ചിട്ടപ്പെടുത്തുന്നത്. എന്തെല്ലാം മിനുക്കുപണികള്‍ ഇനിയും ചെയ്യാമെന്ന ചിന്തയിലായിരിക്കും മറ്റു കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും രവിയേട്ടന്റെ മനസ്സ്.
രവിയേട്ടന്റെ മനസ്സിലുണ്ടായിരുന്ന സംഗീതം ദാസേട്ടന്റെ ഘനഗാംഭീര്യമുള്ള ഗന്ധര്‍വനാദത്തിലൂടെ പുറത്തുവന്നതിലാണ് ഇന്നും ആ ഗാനങ്ങള്‍ക്കെല്ലാം നിലനില്പുള്ളത്. രവീന്ദ്രസംഗീതവും ഗന്ധര്‍വനാദവും തമ്മിലുള്ള സങ്കലനം ഏതു കവിയുടെ വരികളെയും ധന്യമാക്കുന്നു.
ആരോഹണവും അവരോഹണവും

1984-85-ഉം രവിയേട്ടന് തിരക്കുള്ള വര്‍ഷങ്ങളായിരുന്നു. 1986-ല്‍ രവിയേട്ടന്റെ പാട്ടുകളുടെ പരമരസികനായിരുന്ന ഒരു ബാലു ആനന്ദ് തമിഴില്‍ രവിയേട്ടനെ പരിചയപ്പെടുത്തി. അദ്ദേഹം സംവിധാനംചെയ്ത 'രസികന്‍ ഒരു രസികൈ' എന്ന സത്യരാജ്-അംബിക അഭിനയിച്ച ചിത്രത്തിലൂടെ തമിഴ് ഇശൈ അമൈപ്പാളരായി മാറി രവീന്ദ്രന്‍ മാഷ്. മലയാള ഗാനങ്ങള്‍ 'തേനും വയമ്പും', 'ഏഴു സ്വരങ്ങളു'ടെ ഈണം തമിഴ് ചിത്രത്തില്‍ സംവിധായകന്റെ ആഗ്രഹപ്രകാരം ഉള്‍പ്പെടുത്തി. പാട്ടുകള്‍ ഹിറ്റായെങ്കിലും പടം അത്ര വിജയിച്ചില്ല. ആനന്ദ വികടന്‍ എന്ന പ്രസിദ്ധ തമിഴ്‌വാരികയില്‍ അന്ന് ഗാനവിമര്‍ശം എഴുതിയത് ഇങ്ങനെയാണ് ''തമിഴില്‍ ഇളയരാജയ്ക്ക് ഈക്വലായ പൊട്ടന്‍ഷ്യല്‍ ഉള്ള ഒരു മ്യൂസിക് ഡയറക്ടര്‍ രവീന്ദ്രന്‍'' എന്നാണ്. പിന്നീട് രാജശേഖര്‍ ഡയറക്ടുചെയ്ത 'കണ്‍മണിയേ പേശു', 'ലക്ഷ്മി വന്താച്ചു', 'തായേ നീയേ തുണൈ', 'മലരേ കുറിഞ്ചിമലരേ' തുടങ്ങി ഏഴെട്ടു ചിത്രങ്ങള്‍ക്ക് സംഗീതം നല്കി. എ.വി.എം. കമ്പനിയുടെ 'ധര്‍മദേവതൈ' എസ്.പി. മുത്തുരാമന്‍ ഡയറക്ഷനില്‍ ചെയ്തു. എങ്കിലും രവിയേട്ടന്റെ സ്വഭാവം തമിഴ് സിനിമാ ഫീല്‍ഡുമായി ഒത്തുപോകാന്‍ വിസമ്മതിച്ചതിനാല്‍ അവിടെ പിടിച്ചുനില്ക്കാനായില്ല.
എ.വി.എം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ സിനിമാ കമ്പനിയായിരുന്നു അന്ന്. ആ ബാനറില്‍ ഒരു പടംചെയ്യാന്‍ കൊതിക്കാത്തവരില്ല. ഒരിക്കലും ഒരു കമ്പനിയിലും ചാന്‍സുതേടി പോയിട്ടില്ലാത്ത രവിയേട്ടനെ തേടി, എ.വി.എം. ശരവണന്‍സാറിന്റെ മകന്‍ ഗുഹന്‍ വീട്ടില്‍ വന്നു. അവരുടെ ബാനറില്‍ ഒരു പടം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തു. നിബന്ധനകളനുസരിച്ച് ശരവണന്‍സാറിനെ കണ്ടു. എഗ്രിമെന്റിലൊപ്പുംവെച്ചു.
കമ്പോസിങ്ങിനുവേണ്ടി നിശ്ചയിച്ചിരുന്ന ദിവസം രാവിലെ രവിയേട്ടന്‍, അസിസ്റ്റന്റ് സമ്പത്തും തബലിസ്റ്റ് പ്രദീപുമൊത്ത് എ.വി.എം. സ്റ്റുഡിയോയില്‍ തന്നെയുള്ള കമ്പോസിങ് റൂമില്‍ ചെന്നു. ഒന്നുരണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവും. പോയപോലെ തന്നെ രവിയേട്ടന്‍ മടങ്ങിവന്നു. ഇടയ്ക്കിടെ ഇങ്ങനെ സംഭവിക്കാറുള്ളതിനാല്‍ എനിക്ക് മനസ്സിലായി, എന്തോ പ്രശ്‌നമുണ്ടാക്കി വന്നിരിക്കുകയാണെന്ന്.
നടന്ന സംഭവം പറഞ്ഞത് സമ്പത്താണ്. കമ്പോസിങ് ആരംഭിച്ചയുടന്‍ പ്രൊഡക്ഷന്റെ ആള്‍ ഒരു വി.സി.ആര്‍. കൊണ്ടുവന്ന് റൂമില്‍ വെച്ചുവത്രെ. ഡയറക്ടര്‍ ഒരു ഹിന്ദി ചിത്രത്തിന്റെ കാസറ്റിട്ടു. അതില്‍ വരുന്ന ഒരു പാട്ടിനെ അനുകരിച്ച് ഒരു പാട്ടുചെയ്യാന്‍ രവിയേട്ടനോട് ആവശ്യപ്പെട്ടുവത്രെ. വളരെ കോപം വന്നുവെങ്കിലും നിയന്ത്രിച്ച് ആ ഡയറക്ടറോട് രവിയേട്ടന്‍ പറഞ്ഞു, ഇതുവരെ ഞാനങ്ങനെ ചെയ്തിട്ടില്ല. ഇനിയങ്ങനെ ചെയ്യുകയുമില്ല, എനിക്ക് നിങ്ങളുടെ പടം ചെയ്യാന്‍ താത്പര്യവുമില്ല എന്ന്പറഞ്ഞിട്ട് ഇറങ്ങിപ്പോരുകയായിരുന്നു. തന്നെ വിളിച്ചുവരുത്തി അപമാനിച്ചതായിട്ടാണ് രവിയേട്ടന് ഫീല്‍ ചെയ്തത്.
ഡയറക്ടറും മറ്റുള്ളവരും ഭയന്നു. എ.വി.എം. ശരവണന്‍സാറിനെ ഒരു പുതിയ സംഗീത സംവിധായകന്‍ ധിക്കരിക്കുകയോ. അവര്‍ക്ക് വിശ്വസിക്കാനായില്ല. എ.വി.എമ്മിന്റെ ഒരു പടംചെയ്താല്‍, അവരുമായി സഹകരിച്ചുപോയാല്‍ പിന്നെ അയാളുടെ കുടുംബത്തിന്റെ ചുമതല മുഴുവന്‍ എ.വി.എം. ഏറ്റെടുക്കും. വീടുവെച്ചുകൊടുക്കും. കുട്ടികളുടെ പഠിപ്പും മറ്റു ചെലവുകളും നോക്കും. മാത്രമല്ല, അയാള്‍ക്ക് എ.വി.എമ്മിന്റെ ആസ്ഥാന സംഗീത സംവിധായകനുമാകാം. ഇത്രയും ആനുകൂല്യങ്ങള്‍ വേണ്ടെന്നുവെക്കാന്‍ രവിയേട്ടനല്ലാതെ ആര്‍ക്കാണ് ധൈര്യമുണ്ടാവുക. ഒരു പ്രലോഭനങ്ങള്‍ക്കും വിലയ്ക്കുവാങ്ങാവുന്നതായിരുന്നില്ല രവീന്ദ്രസംഗീതം.
എന്തായാലും തന്നെ ധിക്കരിച്ചിട്ടിറങ്ങിപ്പോയ പുതിയ ആളിനെ തിരികെ വിളിച്ചു ശരവണന്‍സാര്‍. താങ്കളുടെ ജോലിയില്‍ ഇനി ഞങ്ങളാരും ഇടപെടുകയില്ല, സ്വതന്ത്രമായി നിങ്ങള്‍ക്ക് വര്‍ക്കുചെയ്യാം എന്നുറപ്പുകൊടുത്തു. അതാണ് വിജയകാന്ത്-രാധിക അഭിനയിച്ച 'ധര്‍മദേവതൈ' എന്ന ചിത്രം.
തമിഴ് സിനിമാരംഗം ഒരു പ്രത്യേകതരമാണ്. ആവശ്യമുണ്ടെങ്കില്‍ അവര്‍ തലയില്‍ തൂക്കിവെക്കും. ആവശ്യം കഴിഞ്ഞാല്‍ അവിടെനിന്ന് താഴെയിടും. ഓരോന്നും ചെയ്യുന്നത് ആര്‍ഭാടപൂര്‍വമായിരിക്കും. ഒരു സംഗീത സംവിധായകനെ തങ്ങളുടെ ചിത്രത്തിനുവേണ്ടി ബുക്കുചെയ്യാന്‍ വരുമ്പോള്‍ ഒരു തളികയില്‍ വെറ്റിലപ്പാക്ക്, പഴങ്ങള്‍, പൂവ് തുടങ്ങിയവ വെച്ച് അതിനു മുകളില്‍ അഡ്വാന്‍സ് തുകയുംവെച്ച് ഒരുസംഘം ആളുകള്‍ ചുറ്റിനിന്ന്, കഴുത്തിലൊരു പൂമാലയൊക്കെ അണിയിച്ച് ഏതോ കല്യാണനിശ്ചയം പോലെ ഉത്സവപ്രതീതിയുണ്ടാക്കും. നമ്മുടെ മലയാളത്തിലെ സിംപ്ലിസിറ്റി അവിടെയില്ല.
ശരിക്കും പറഞ്ഞാല്‍ ഈ അമിതപ്രകടനത്തില്‍ രവിയേട്ടന്‍ വീണുപോയി. അന്നുവരെ കിട്ടാതിരുന്ന അംഗീകാരം തമിഴരില്‍നിന്ന് ധാരാളമായി ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളസിനിമയെ അല്പമൊന്നു തഴഞ്ഞോ എന്നു സംശയം. ഫലമോ 1988-ല്‍ തമിഴ് പടവുമുണ്ടായില്ല, മലയാളവുമുണ്ടായില്ല. ആകെ പലതരത്തിലുള്ള വൈഷമ്യങ്ങള്‍ അനുഭവിക്കേണ്ടിവന്ന ഒരു വര്‍ഷമായിരുന്നു അത്. സാമ്പത്തികമായും മാനസികമായും തളര്‍ച്ചയുണ്ടായ വര്‍ഷം. ജ്യോത്സ്യന്മാരും പ്രവചനങ്ങളും പൂജകളും ഹോമങ്ങളുമൊഴിഞ്ഞ നേരമില്ലാതായി.
എ.വി.എം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ സിനിമാ കമ്പനിയായിരുന്നു അന്ന്. ആ ബാനറില്‍ ഒരു പടംചെയ്യാന്‍ കൊതിക്കാത്തവരില്ല. ഒരിക്കലും ഒരു കമ്പനിയിലും ചാന്‍സുതേടി പോയിട്ടില്ലാത്ത രവിയേട്ടനെ തേടി, എ.വി.എം. ശരവണന്‍സാറിന്റെ മകന്‍ ഗുഹന്‍ വീട്ടില്‍ വന്നു. അവരുടെ ബാനറില്‍ ഒരു പടം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തു. നിബന്ധനകളനുസരിച്ച് ശരവണന്‍സാറിനെ കണ്ടു. എഗ്രിമെന്റിലൊപ്പുംവെച്ചു.
കമ്പോസിങ്ങിനുവേണ്ടി നിശ്ചയിച്ചിരുന്ന ദിവസം രാവിലെ രവിയേട്ടന്‍, അസിസ്റ്റന്റ് സമ്പത്തും തബലിസ്റ്റ് പ്രദീപുമൊത്ത് എ.വി.എം. സ്റ്റുഡിയോയില്‍ തന്നെയുള്ള കമ്പോസിങ് റൂമില്‍ ചെന്നു. ഒന്നുരണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവും. പോയപോലെ തന്നെ രവിയേട്ടന്‍ മടങ്ങിവന്നു. ഇടയ്ക്കിടെ ഇങ്ങനെ സംഭവിക്കാറുള്ളതിനാല്‍ എനിക്ക് മനസ്സിലായി, എന്തോ പ്രശ്‌നമുണ്ടാക്കി വന്നിരിക്കുകയാണെന്ന്.
നടന്ന സംഭവം പറഞ്ഞത് സമ്പത്താണ്. കമ്പോസിങ് ആരംഭിച്ചയുടന്‍ പ്രൊഡക്ഷന്റെ ആള്‍ ഒരു വി.സി.ആര്‍. കൊണ്ടുവന്ന് റൂമില്‍ വെച്ചുവത്രെ. ഡയറക്ടര്‍ ഒരു ഹിന്ദി ചിത്രത്തിന്റെ കാസറ്റിട്ടു. അതില്‍ വരുന്ന ഒരു പാട്ടിനെ അനുകരിച്ച് ഒരു പാട്ടുചെയ്യാന്‍ രവിയേട്ടനോട് ആവശ്യപ്പെട്ടുവത്രെ. വളരെ കോപം വന്നുവെങ്കിലും നിയന്ത്രിച്ച് ആ ഡയറക്ടറോട് രവിയേട്ടന്‍ പറഞ്ഞു, ഇതുവരെ ഞാനങ്ങനെ ചെയ്തിട്ടില്ല. ഇനിയങ്ങനെ ചെയ്യുകയുമില്ല, എനിക്ക് നിങ്ങളുടെ പടം ചെയ്യാന്‍ താത്പര്യവുമില്ല എന്ന്പറഞ്ഞിട്ട് ഇറങ്ങിപ്പോരുകയായിരുന്നു. തന്നെ വിളിച്ചുവരുത്തി അപമാനിച്ചതായിട്ടാണ് രവിയേട്ടന് ഫീല്‍ ചെയ്തത്.
ഡയറക്ടറും മറ്റുള്ളവരും ഭയന്നു. എ.വി.എം. ശരവണന്‍സാറിനെ ഒരു പുതിയ സംഗീത സംവിധായകന്‍ ധിക്കരിക്കുകയോ. അവര്‍ക്ക് വിശ്വസിക്കാനായില്ല. എ.വി.എമ്മിന്റെ ഒരു പടംചെയ്താല്‍, അവരുമായി സഹകരിച്ചുപോയാല്‍ പിന്നെ അയാളുടെ കുടുംബത്തിന്റെ ചുമതല മുഴുവന്‍ എ.വി.എം. ഏറ്റെടുക്കും. വീടുവെച്ചുകൊടുക്കും. കുട്ടികളുടെ പഠിപ്പും മറ്റു ചെലവുകളും നോക്കും. മാത്രമല്ല, അയാള്‍ക്ക് എ.വി.എമ്മിന്റെ ആസ്ഥാന സംഗീത സംവിധായകനുമാകാം. ഇത്രയും ആനുകൂല്യങ്ങള്‍ വേണ്ടെന്നുവെക്കാന്‍ രവിയേട്ടനല്ലാതെ ആര്‍ക്കാണ് ധൈര്യമുണ്ടാവുക. ഒരു പ്രലോഭനങ്ങള്‍ക്കും വിലയ്ക്കുവാങ്ങാവുന്നതായിരുന്നില്ല രവീന്ദ്രസംഗീതം.
എന്തായാലും തന്നെ ധിക്കരിച്ചിട്ടിറങ്ങിപ്പോയ പുതിയ ആളിനെ തിരികെ വിളിച്ചു ശരവണന്‍സാര്‍. താങ്കളുടെ ജോലിയില്‍ ഇനി ഞങ്ങളാരും ഇടപെടുകയില്ല, സ്വതന്ത്രമായി നിങ്ങള്‍ക്ക് വര്‍ക്കുചെയ്യാം എന്നുറപ്പുകൊടുത്തു. അതാണ് വിജയകാന്ത്-രാധിക അഭിനയിച്ച 'ധര്‍മദേവതൈ' എന്ന ചിത്രം.
തമിഴ് സിനിമാരംഗം ഒരു പ്രത്യേകതരമാണ്. ആവശ്യമുണ്ടെങ്കില്‍ അവര്‍ തലയില്‍ തൂക്കിവെക്കും. ആവശ്യം കഴിഞ്ഞാല്‍ അവിടെനിന്ന് താഴെയിടും. ഓരോന്നും ചെയ്യുന്നത് ആര്‍ഭാടപൂര്‍വമായിരിക്കും. ഒരു സംഗീത സംവിധായകനെ തങ്ങളുടെ ചിത്രത്തിനുവേണ്ടി ബുക്കുചെയ്യാന്‍ വരുമ്പോള്‍ ഒരു തളികയില്‍ വെറ്റിലപ്പാക്ക്, പഴങ്ങള്‍, പൂവ് തുടങ്ങിയവ വെച്ച് അതിനു മുകളില്‍ അഡ്വാന്‍സ് തുകയുംവെച്ച് ഒരുസംഘം ആളുകള്‍ ചുറ്റിനിന്ന്, കഴുത്തിലൊരു പൂമാലയൊക്കെ അണിയിച്ച് ഏതോ കല്യാണനിശ്ചയം പോലെ ഉത്സവപ്രതീതിയുണ്ടാക്കും. നമ്മുടെ മലയാളത്തിലെ സിംപ്ലിസിറ്റി അവിടെയില്ല.
ശരിക്കും പറഞ്ഞാല്‍ ഈ അമിതപ്രകടനത്തില്‍ രവിയേട്ടന്‍ വീണുപോയി. അന്നുവരെ കിട്ടാതിരുന്ന അംഗീകാരം തമിഴരില്‍നിന്ന് ധാരാളമായി ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളസിനിമയെ അല്പമൊന്നു തഴഞ്ഞോ എന്നു സംശയം. ഫലമോ 1988-ല്‍ തമിഴ് പടവുമുണ്ടായില്ല, മലയാളവുമുണ്ടായില്ല. ആകെ പലതരത്തിലുള്ള വൈഷമ്യങ്ങള്‍ അനുഭവിക്കേണ്ടിവന്ന ഒരു വര്‍ഷമായിരുന്നു അത്. സാമ്പത്തികമായും മാനസികമായും തളര്‍ച്ചയുണ്ടായ വര്‍ഷം. ജ്യോത്സ്യന്മാരും പ്രവചനങ്ങളും പൂജകളും ഹോമങ്ങളുമൊഴിഞ്ഞ നേരമില്ലാതായി.
പ്രണയത്തിന്റെ നീരൊഴുക്കുകള്‍
1973 ഫിബ്രവരി 26. രവിയേട്ടന്റെ അച്ഛന്‍ മരിച്ചു. അച്ഛന്റെ നിശ്ചലമായ ശരീരം കാണാന്‍ രവിയേട്ടന്‍ ഓടിയെത്തി. മരണവീട്ടില്‍ ചേച്ചിയുടെ
മക്കള്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന മോഹം സാക്ഷാത്കരിക്കാനുള്ള സന്ദര്‍ഭം ഭഗവാനൊരുക്കിത്തന്നത് ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു.പ്ലീസ്, ഒന്നു മാറിനില്‍ക്കൂ. സ്ഥലകാലബോധമില്ലാതെ സ്വപ്നലോകത്തില്‍ മുഴുകിനിന്ന എന്നോടായിരുന്നു ആ ആവശ്യം. കരഞ്ഞുതളര്‍ന്നുകിടക്കുന്ന അമ്മയ്ക്കുചുറ്റും കാറ്റും വെളിച്ചവും കടക്കാത്തവിധം കൂടിനിന്നവരോടായി ഒന്നുമാറിനില്‍ക്കൂവെന്ന് പറഞ്ഞെങ്കിലും എന്റെ കാതിലതു വീണില്ല. അതാണ് എന്നോട് പ്രത്യേകമായി പ്ലീസ് പറയേണ്ടിവന്നത്. ആ ശബ്ദവും എന്നെ മോഹിപ്പിച്ചു. ആദ്യമായിട്ടായിരുന്നു പ്ലീസ് എന്നൊരു ിവൂുവീറ ശബ്ദം കേള്‍ക്കുന്നത്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച സുമുഖനായ രവിയേട്ടനെയും മാധുര്യവും ഗാംഭീര്യവുമുള്ള ആ ശബ്ദത്തെയും ഞാനിഷ്ടപ്പെട്ടു.
മരണാനന്തര കര്‍മങ്ങള്‍ക്കായി പതിനാറു ദിവസം നാട്ടില്‍ നിന്നു രവിയേട്ടന്‍. കൂടുതല്‍ സമയവും രാജമ്മചേച്ചിയുടെ വീട്ടിലുണ്ടാവും. എന്തെന്നാല്‍ ചേച്ചിയുടെ ഭര്‍ത്താവ് നാദസ്വര വിദ്വാനും മക്കളെല്ലാവരും പാടുന്നവരുമായിരുന്നു. വൈകുന്നേരമായാല്‍ മുറ്റത്തു വിരിച്ചിട്ട പനമ്പായയില്‍ സംഗീതസദസ്സുണ്ടാവും. രവിയേട്ടന്‍ പാടും, വിദ്യാധരന്‍ ചേട്ടന്‍ നാദസ്വരം വായിക്കും. പ്രസന്നയും മറ്റുള്ളവരും ഏറ്റുപാടും. പ്രസന്ന വളരെ നന്നായി പാടുമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ധാരാളം സമ്മാനങ്ങളും വാങ്ങിയിരുന്നു. ഇവരുടെ ഈ സംഗീത സദസ്സില്‍ മിക്കപ്പോഴും ഞാനുമുണ്ടാവും ശ്രോതാവായി.
വീട്ടിലും സംഗീതസദസ്സിലും ഇടയ്ക്കിടെ കാണുന്ന എന്നെ രവിയേട്ടന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചേച്ചിയോടും പ്രസന്നയോടും ചോദിച്ച് എന്നെക്കുറിച്ച് മനസ്സിലാക്കി. നേരിട്ട് മുന്നില്‍ വരാതെ അവിടെയുമിവിടെയും നിന്ന് ഒളിഞ്ഞ് തന്നെ നോക്കുന്ന എന്റെ കള്ളത്തരം രവിയേട്ടന്‍ കണ്ടുപിടിച്ചു. വെറുമൊരു കൗതുകം മാത്രമായിരുന്നു എന്നോട് സംസാരിക്കാനും തമാശ പറയാനും രവിയേട്ടനുണ്ടായിരുന്നത്. സംഗീതസദസ്സുകളില്‍ പരിസരംമറന്ന് പാട്ട് ആസ്വദിച്ചിരുന്ന എന്നെ രവിയേട്ടന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെപ്പോഴെന്നറിയില്ല.
ഒരുദിവസം സദസ്സില്‍ ഒരു പുതിയ പാട്ടുപാടി രവിയേട്ടന്‍. സ്വന്തമായെഴുതി കമ്പോസ് ചെയ്തതാണെന്ന് പിന്നീടാണറിഞ്ഞത്.
'ലജ്ജാവതി ഒരു പെണ്‍കൊടി
തങ്കത്തേരിലിന്നലെ വന്നു നീ
സ്വപ്നസുന്ദരീ സ്വര്‍ഗനന്ദിനി
നിദ്രയില്‍ നീയെന്റെ മുന്നില്‍വന്നു'
പാടുമ്പോഴുണ്ടായിരുന്ന കള്ളനോട്ടവും കള്ളച്ചിരിയും തങ്ങളുടെ മനസ്സുകളില്‍ ചലനമുണ്ടാക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരൊന്നും ഇതത്ര ശ്രദ്ധിച്ചിരുന്നില്ലെങ്കിലും പ്രസന്ന ഞങ്ങളെ മനസ്സിലാക്കി. കുറച്ചുദിവസങ്ങളായി എന്നെക്കുറിച്ച് കൂടുതലായി അന്വേഷിക്കുകയും എന്നെ കാണാതിരിക്കുമ്പോഴുള്ള രവിയേട്ടന്റെ അക്ഷമയുമൊക്കെ അവള്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു. ഒരുദിവസം അവളെനിക്ക് താക്കീത് തന്നു.
പെണ്ണേ, വേണ്ട, അവരൊക്കെ പട്ടണവാസികള്‍. നാട്ടുമ്പുറത്തെ പെണ്‍കുട്ടികള്‍ അവര്‍ക്ക് വെറും നേരമ്പോക്കാകും. പതിനാറുദിവസം കഴിഞ്ഞാല്‍ മാമനങ്ങുപോകും. പിന്നെ നീ കരയേണ്ടിവരും. മദ്രാസിലൊക്കെ എത്ര സുന്ദരികളെ കാണുന്നവരാണവര്‍. മാത്രമല്ല മാമന്‍ മദ്രാസില്‍ നിന്നേ കല്യാണം കഴിക്കൂവെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അതുതന്നെയാണാഗ്രഹവും. അതുകൊണ്ട് മനസ്സിലെന്തെങ്കിലും വേണ്ടാത്ത ചിന്തയുണ്ടെങ്കില്‍ മുളയിലേത്തന്നെ നുള്ളിക്കളഞ്ഞേക്കൂ. വലിയൊരമ്മൂമ്മയെപ്പോലെ പ്രസന്ന ഉപദേശിച്ചു.
പ്രായത്തിന്റെതായ ആകര്‍ഷണവും വെറും നേരംപോക്കുമായിരുന്നു തുടക്കത്തില്‍. വിവാഹവാഗ്ദാനമോ ഒരിക്കലും പിരിയില്ല എന്ന പാഴ്‌വാക്കുകളോ ഒന്നും രവിയേട്ടന്‍ എന്നോട് പറഞ്ഞിട്ടില്ല. ഞാനങ്ങനെയൊട്ടു പ്രതീക്ഷിച്ചതുമില്ല. എങ്കിലും പതിനാറുദിവസം കഴിഞ്ഞപ്പോള്‍ മടങ്ങിപ്പോകാന്‍ ഏട്ടന് മനസ്സുവന്നില്ല. പൊയ്‌ക്കോളൂ എന്നുപറയാന്‍ എനിക്കും മനസ്സുണ്ടായില്ല. പറഞ്ഞറിയാക്കാനാകാത്ത ഒരു നൊമ്പരം, അത് പ്രേമം ആയിരുന്നോ?
സാധാരണ നാട്ടില്‍വന്നാല്‍ മടങ്ങിപ്പോകാന്‍ ധൃതികാട്ടുന്ന രവിയേട്ടന്‍ പതിനാറു കഴിഞ്ഞിട്ടും പുറപ്പെടാനുള്ള ഒരുക്കമൊന്നും കാട്ടാത്തതില്‍ വീട്ടിലുള്ളവര്‍ക്കാശ്ചര്യം തോന്നി. ചടങ്ങിന് വന്നിരുന്ന ബന്ധുക്കളാരുംതന്നെ പോയിട്ടുണ്ടായിരുന്നില്ല. രവിയേട്ടന്റെ അച്ഛന്റെ പെങ്ങളുടെ മക്കളും അമ്മയുടെ ആങ്ങളയുടെ മക്കളുമായി മുറപ്പെണ്ണുങ്ങള്‍ ധാരാളമുണ്ടായിരുന്നു അവിടെ. മുതിര്‍ന്നവരെല്ലാവരും കൂടിച്ചേര്‍ന്ന് ആലോചിച്ചു. അടുത്ത വിവാഹം കഴിക്കാനുള്ള ആള്‍ രവിയേട്ടനാണ്. ഇപ്പോള്‍ എല്ലാവരും ഒത്തുകൂടിയിരിക്കുന്ന സന്ദര്‍ഭം, രവിയുമുണ്ട്. മുറപ്പെണ്‍കുട്ടികളില്‍ ആരെയാണ് രവിക്ക് താത്പര്യമെന്ന് പറഞ്ഞാല്‍ കാര്യങ്ങളെല്ലാം സംസാരിച്ചുവെക്കാം. പിന്നെ സൗകര്യംപോലെ വിവാഹം നടത്താം. സദസ്സിലേക്ക് രവിയേട്ടന്‍ വിളിക്കപ്പെട്ടു. മൂത്ത ജ്യേഷ്ഠന്‍ കാര്യമവതരിപ്പിച്ചു. ഞങ്ങളുടെ തീരുമാനമിങ്ങനെയാണ്. നിന്റെ അഭിപ്രായം കൂടി അറിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ സംസാരിക്കാം.
എനിക്കിപ്പോഴൊന്നും വിവാഹം വേണ്ട. ജീവിതത്തില്‍ എന്തെങ്കിലുമൊരു നിലയില്‍ എത്തിയിട്ടുമതി കല്യാണം. അതുമാത്രമല്ല എനിക്ക് ബന്ധത്തില്‍നിന്നാരെയും വിവാഹം കഴിക്കാന്‍ താത്പര്യമില്ല. അതുകൊണ്ട് എന്റെ കാര്യം വിട്ട് അനുജന്മാരുടെ വിവാഹം തീരുമാനിച്ചോളൂ. രവിയേട്ടന്റെ ഈ അഭിപ്രായം സ്വീകാര്യമായിത്തോന്നി ജ്യേഷ്ഠന്മാര്‍ക്ക്. അവര്‍ പിന്നെ നിര്‍ബന്ധിച്ചില്ല. പക്ഷേ, എല്ലാം കേട്ടുനിന്ന പ്രസന്നയ്ക്ക് തോന്നി, എന്നെ മനസ്സിലുദ്ദേശിച്ചായിട്ടായിരിക്കാം രവിയേട്ടന്‍ ഇങ്ങനെയൊരഭിപ്രായം പറഞ്ഞതെന്ന്.
പ്രസന്ന, രാജമ്മചേച്ചിയോട് കാര്യങ്ങളുടെ പോക്ക് വിശദീകരിച്ചു. കാതില്‍നിന്നും കാതിലേക്ക് എല്ലാവരുടെ കാതുകളിലും വാര്‍ത്ത വളരെവേഗം എത്തി. ജ്യേഷ്ഠന്മാരും അമ്മയും രവിയേട്ടനെ ക്രോസ് വിസ്താരത്തിന് വിധേയനാക്കി. ഇങ്ങനെയൊരു ഉദ്ദേശ്യം മനസ്സില്‍വെച്ചിട്ടാണ് നീ വിവാഹം വേണ്ടെന്നു പറഞ്ഞതല്ലേ. ഒരു കാരണവശാലും അതു നടക്കില്ല. മര്യാദയ്ക്ക് ഞങ്ങള്‍ പറയുന്ന പെണ്ണിനെ വിവാഹം കഴിക്കുന്നതാണ് നല്ലത്- എന്ന് ഓരോരുത്തരായി ചോദ്യം ചെയ്യലും ഭീഷണിപ്പെടുത്തലുകളുമൊക്കെയായി. രവിയേട്ടന്‍ പറയുന്നതൊന്നും കേള്‍ക്കാനവര്‍ തയ്യാറായില്ല. അവര്‍ പറയുന്നതനുസരിപ്പിക്കാനായിരുന്നു ശ്രമം.
അവസാനം രവിയേട്ടന്‍ പൊട്ടിത്തെറിച്ചു. ''അതേ, നിങ്ങളറിഞ്ഞത് ശരിയാണ്. എനിക്ക് ഒരു പെണ്‍കുട്ടിയോട് ഇഷ്ടമാണ്. എന്നാലവളെ വിവാഹം കഴിക്കണമെന്നൊന്നും ചിന്തിച്ചിരുന്നില്ല. അങ്ങനെയൊരു വാഗ്ദാനം ആ കുട്ടിക്കും കൊടുത്തിരുന്നില്ല. എന്നാല്‍ ഞാനിപ്പോള്‍ തീരുമാനിക്കുന്നു ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും ഞാനവളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ''. രവിയേട്ടന്റെ ധീരമായ ഈ പ്രഖ്യാപനം കേട്ടതും ഒരു ജ്യേഷ്ഠന്‍ ചാടിയെണീറ്റ് കരണത്തടിച്ചു. അമ്മയും ജ്യേഷ്ഠന്മാരും കൂടി അന്നുരാത്രി തന്നെ നിര്‍ബന്ധപൂര്‍വം രവിയേട്ടനെ തിരുവനന്തപുരത്തെത്തിച്ചു. അവിടെനിന്നും മദ്രാസിലേക്ക് വിട്ടു.
ഈ സംഭവവികാസങ്ങളൊന്നും ഞാനറിഞ്ഞില്ല. എല്ലാം നടന്നത് രവിയേട്ടന്റെ കുടുംബവീട്ടില്‍വെച്ചായിരുന്നു. അടുത്ത ദിവസവും ഞാന്‍ പതിവുപോലെ രാജമ്മ ചേച്ചിയുടെ വീട്ടില്‍ ചെന്നു. ആരുമെന്നോടൊന്നും മിണ്ടിയില്ല. പ്രസന്ന ഒരു ഭാഗത്തുനിന്ന് പോ പോ എന്ന് ആംഗ്യം കാണിച്ചു. എനിക്ക് അപകടം മണക്കാന്‍ തുടങ്ങി. തിരിഞ്ഞുനടക്കാന്‍ ഭാവിക്കുമ്പോഴാണ് ചേച്ചിയും മക്കളും ഒന്നടങ്കം എന്റെ നേര്‍ക്ക് ചാടിവീണത്. അതുവരെ കണ്ടിട്ടില്ലാത്ത മുഖഭാവങ്ങളും കേട്ടിട്ടില്ലാത്ത അസഭ്യങ്ങളുംകൊണ്ട് അവരെന്നെ കടിച്ചുകീറി. ശരിക്കും സിംഹക്കൂട്ടിലകപ്പെട്ട മാനിനെപ്പോലെത്തന്നെയായിരുന്നു എന്റെ അവസ്ഥ. കാതുംപൊത്തി ഓടിപ്പോകണമെന്ന് ഞാനാഗ്രഹിച്ചെങ്കിലും അവര്‍ പറയുന്നതുമുഴുവന്‍ കേള്‍ക്കേണ്ടിവന്നു. രവിയേട്ടന്‍ എനിക്ക് വേണ്ടി വാദിച്ചുവെന്നു കേട്ടതില്‍ ഉള്ളില്‍ സന്തോഷിച്ചു.
സംഭവങ്ങളൊക്കെ അമ്മ അറിയുന്നത് അന്ന് വൈകുന്നേരമായിരുന്നു. സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല കേട്ടതൊക്കെ.എത്ര പ്രതീക്ഷയോടെയാണ് അമ്മ മകളെ ബുദ്ധിമുട്ടി കഷ്ടപ്പെട്ട് പഠിക്കാനയച്ചിരുന്നത്. ഭാവിയില്‍ മകളില്‍ നിന്നെങ്കിലുമൊരു സന്തോഷം കിട്ടുമായിരിക്കുമെന്നുള്ള അമ്മയുടെ പ്രതീക്ഷ തകരുന്നതു കണ്ടപ്പോള്‍ ഭദ്രകാളിയായി മാറി അമ്മ. ദേഷ്യവും സങ്കടവുമെല്ലാം പ്രഹരങ്ങളായി എന്റെമേല്‍ പതിയുമ്പോള്‍ ഞാനൊന്നു കരഞ്ഞുപോലുമില്ല. അമ്മയുടെ മാനസിക തകര്‍ച്ച എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
മദ്രാസിലേക്ക് മടങ്ങിപ്പോയ രവിയേട്ടന്റെ സ്ഥിതി എന്താണെന്നറിയാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. ഇവിടെ നടക്കുന്ന കോലാഹലങ്ങളറിയിക്കണമെന്നും ഉണ്ടായിരുന്നു. പക്ഷേ, എങ്ങനെ?
ഒരു ദിവസം രവിയേട്ടന്റെ കുഞ്ഞമ്മാവന്‍ എന്നെ ഒന്നു കാണണമെന്നു പറഞ്ഞ് അവിടത്തെ ചെറിയ കുട്ടിയെ പറഞ്ഞയച്ചു. ആ കുടുംബത്തിലുള്ള ഒരാളോടും സംസാരിക്കാന്‍ പാടില്ല എന്ന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ അല്പമകലെയുള്ള അവരുടെ വീട്ടില്‍ ആരുമറിയാതെ രഹസ്യമായി ഞാന്‍ ചെന്നു. കുഞ്ഞമ്മാവന്‍ ഒരു കത്ത് എന്റെ കൈയില്‍ത്തന്നു. രവിയേട്ടന്റെ കത്ത്, സന്തോഷംകൊണ്ടെന്റെ കണ്ണു നിറഞ്ഞു.ആരോടും ഒന്നും പറയാതെ പോകാനുണ്ടായ സാഹചര്യവും ശോഭയുടെ ഇപ്പോഴത്തെ അവസ്ഥ അറിയാത്തതിലുള്ള മനോവിഷമവും അതില്‍ എഴുതിയിരുന്നു. ഞാന്‍ മുഖേന ആ കുട്ടിക്ക് വന്നുഭവിച്ച സങ്കടങ്ങള്‍ക്ക് ഞാന്‍തന്നെ പരിഹാരം കാണുന്നുണ്ടെന്ന് അവളോടു പറയണം, സമാധാനിപ്പിക്കണം. മദ്രാസിലെ എന്റെ വിലാസം ശോഭയ്ക്കു കൊടുക്കണം. വിശദമായി കത്തെഴുതാനും പറയണം. കത്തുവായിച്ചുതീര്‍ന്നതും ഞാന്‍ വിങ്ങിവിങ്ങിക്കരഞ്ഞു.
എന്റെ ഹൃദയം ആര്‍ദ്രമായി. എനിക്കുവേണ്ടി വേദനിക്കുന്ന, എന്റെ സുഖവിവരങ്ങളറിയാനാഗ്രഹിക്കുന്ന, എന്റെ ജീവിതസഖിയാക്കാന്‍ സന്മസ്സോടെ കാത്തിരിക്കുന്ന എന്റെ രവിയേട്ടനെ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങി. അതെ, ഞങ്ങളുടെ യഥാര്‍ഥ പ്രണയം തുടങ്ങിയതിവിടംമുതലാണ്. കത്തുകളായിരുന്നു ഞങ്ങളുടെ പ്രണയഹംസങ്ങള്‍.
പ്രണയ സംഗീതം
മൂന്നു ദിവസത്തിലൊരു കത്ത്. അങ്ങനെയായിരുന്നു പതിവ്. അല്പം വൈകിയാലും ഇരുവരും സഹിക്കില്ല. രവിയേട്ടനെഴുതുന്ന കത്തുകള്‍ മാണിക്യക്കല്ലുകള്‍ പോലെയാണ്. വളരെ ചുരുക്കം വാക്കുകള്‍, വടിവൊത്ത കൈയക്ഷരം. പറയാനുദ്ദേശിക്കുന്ന ഒരുനൂറു കാര്യങ്ങള്‍ ഒരു വാചകത്തിലൊതുക്കിയെഴുതുവാന്‍ ബഹുസാമര്‍ഥ്യമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. ചുരുക്കിയെഴുതാന്‍ എനിക്കറിയില്ല. വീട്ടിലും നാട്ടിലും നടക്കുന്ന എല്ലാ വിശേഷങ്ങളും വിശദമായിത്തന്നെ എഴുതും. കോളേജഡ്രസ്സിലായിരുന്നു കത്തിടപാടുകള്‍.
ഒരിക്കല്‍ കോളേജില്‍ ലീവ് വന്നതിനാല്‍ കത്തയയ്ക്കാന്‍ അല്പം വൈകി. ലീവ് കഴിഞ്ഞ് കോളേജില്‍ ചെന്ന ദിവസം പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചു.
ആരാണീ കുളത്തൂപ്പുഴ രവി? ഞാനൊന്നു പരിഭ്രമിച്ചു. അങ്കിളാണ് സാര്‍ എന്നു മറുപടി പറഞ്ഞു. അതുകേട്ട് സാറൊന്നു ചിരിച്ചു, write immediately എന്നു ടെലിഗ്രാം ചെയ്യുമോ അങ്കിള്‍? ഞാന്‍ വല്ലാതെ ചമ്മി. താക്കീതിന്റെ സ്വരത്തിലുള്ള ഒരു മൂളലോടെ ടെലിഗ്രാം എന്റെ കൈയില്‍ത്തന്നു.
ഇങ്ങനെ പ്രേമപ്പനി പിടിച്ചു നടക്കുമ്പോഴും പഠനത്തില്‍ ഒട്ടും വീഴ്ചവരുത്തിയിരുന്നില്ല ഞാന്‍. അതുകൊണ്ട് അമ്മ അല്പം ആശ്വാസപ്പെട്ടിരിക്കുന്ന സമയത്തായിരിക്കും രാജമ്മച്ചേച്ചിയും മക്കളും ഒന്നും രണ്ടും പറഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ വരുന്നത്. കോളേജില്‍ നടത്തുന്ന കത്തിടപാടുകള്‍ അമ്മയറിയാത്തതിനാല്‍ ഞാന്‍ ആ ബന്ധമൊക്കെ മറന്ന് പഠിപ്പില്‍ ശ്രദ്ധവെച്ചിരിക്കുകയാണെന്നാണ് അമ്മ ധരിച്ചിരിക്കുന്നത്. പക്ഷേ, അവരുടെ നിര്‍ത്താതെയുള്ള ശല്യപ്പെടുത്തലുകള്‍ അമ്മയുടെ നില തെറ്റിക്കും.
എന്നെയും നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരുന്നു അവര്‍. വഴിനടക്കാനാവാത്തവിധം കേള്‍ക്കാനറയ്ക്കുന്ന വാക്കുകളാല്‍ ഭര്‍ത്സിച്ചുകൊണ്ടിരിക്കും. ഇടയ്‌ക്കൊക്കെ ഞാന്‍ കേള്‍ക്കാന്‍വേണ്ടി പല കഥകളും മെനഞ്ഞുണ്ടാക്കിപ്പറയും. രവിയേട്ടന് കല്യാണം നിശ്ചയിച്ചെന്നും തിരുവനന്തപുരത്ത് വന്ന് പെണ്ണുകണ്ട് മടങ്ങിയെന്നും വീടും കാറും നൂറുപവനും സ്ത്രീധനമായി കിട്ടുന്നുണ്ടെന്നും രവിയേട്ടന് പെണ്ണിനെ നന്നായി ബോധിച്ചെന്നും വിവാഹത്തീയതി സഹിതം വര്‍ണിക്കുന്നതു കേള്‍ക്കുമ്പോള്‍ മനസ്സല്പം ചഞ്ചലപ്പെടാതിരിക്കില്ല.അടുത്ത കത്തിലൂടെ ഇതിനു മറുപടി കിട്ടുന്നതു വരേക്കും ഉറക്കമുണ്ടാവില്ല. കഥ വീണ്ടുമാവര്‍ത്തിച്ചുകൊണ്ടിരുന്നു.
ഇരു വീട്ടുകാരുടെയും പീഡനങ്ങള്‍ക്കിടയില്‍പ്പെട്ട് വിമ്മിട്ടപ്പെടുന്ന എന്നെ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന ആഗ്രഹം രവിയേട്ടനുണ്ടായിരുന്നുവെങ്കിലും പ്രീഡിഗ്രി രണ്ടാംവര്‍ഷ പരീക്ഷ കഴിയാതെ നാട്ടിലേക്ക് വരികയേ വേണ്ട എന്ന് ഞാന്‍ കര്‍ശനമായി വിലക്കിയിരുന്നു.
അങ്ങനെയിരിക്കെ ഓണം വന്നു. രവിയേട്ടന്റെ ആദ്യ ഓണസമ്മാനം. വയലറ്റു നിറത്തില്‍ സ്വര്‍ണപ്പൂക്കളുള്ള മനോഹരമായ ഒരു സാരി. കൂടെ തേനൂറുന്ന വാക്കുകളിലൊരു കത്തും. സാരി ഞാനുടുത്തു തുടങ്ങിയിരുന്നില്ല. പാവാടയും ഹാഫ് സാരിയുമായിരുന്നു അന്നത്തെ വേഷം. സമ്മാനം എങ്ങനെ വീട്ടിലെത്തിക്കും? ഞാനാകെ വിഷമിച്ചു. അവസാനം റിക്കോഡ് ബുക്‌സിനിടയിലൊളിപ്പിച്ചുവെച്ച് ഒരുവിധം കൊണ്ടുവന്നു. പുസ്തകം സൂക്ഷിക്കുന്ന ഒരു വലിയ മരപ്പെട്ടിയെനിക്കുണ്ടായിരുന്നു. അതിനുള്ളില്‍ പുസ്തകങ്ങള്‍ക്കിടയില്‍ ഒരു നിധിപോലത് ഒളിച്ചുവെച്ചു. ഒരിക്കലും പൂട്ടാറില്ലാത്ത ആ പെട്ടി പൂട്ടി താക്കോലും കൈയില്‍വെച്ചുകൊണ്ടായിരുന്നു പിന്നീട് നടപ്പ്.
ഓണം പ്രമാണിച്ച് പത്തുദിവസം അവധിയുണ്ടായിരുന്നു. അത്തപ്പൂക്കളമൊരുക്കലും ഓണക്കളികളും ഊഞ്ഞാലാട്ടവുമൊക്കെയായി നാളുകള്‍ കഴിഞ്ഞുകൊണ്ടിരുന്നു. തിരുവോണം കെങ്കേമമായി ആഘോഷിച്ചു. നാലാം ഓണമായ ചതയത്തിന്റന്ന് എന്റെ ആത്മസുഹൃത്തായ മോളിയുമുണ്ടായിരുന്നു സദ്യയുണ്ണാന്‍. വിഭവസമൃദ്ധമായ സദ്യ ആസ്വദിച്ചു കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പോസ്റ്റ്മാന്റെ സൈക്കിള്‍ബെല്‍ കേട്ടുവെങ്കിലും ഞങ്ങള്‍ക്കാരും കത്ത് അയയ്ക്കാനില്ലാത്തതിനാല്‍ ശ്രദ്ധിച്ചില്ല. ശോഭനയ്‌ക്കൊരു കത്തുണ്ട്. അയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. കോളേജില്‍ വന്നതാണ്. അവര്‍ വീട്ടിലേക്ക് റീഡയറക്ട് ചെയ്തിരിക്കയാണ്. ഞാനും മോളിയും മുഖാമുഖം നോക്കി. നടക്കാന്‍പോകുന്ന വിപത്തിനെ മുന്നില്‍ കണ്ട് അവളോടി രക്ഷപ്പെട്ടു. ഞാന്‍ എഴുന്നേറ്റു വരുന്നതിനു മുന്‍പ് അമ്മ പോസ്റ്റ്മാന്റെ കൈയില്‍നിന്ന് കത്ത് വാങ്ങി.
എന്റെ പരിഭ്രമവും വെപ്രാളവും കണ്ട് ഇടുങ്ങിയ കണ്ണുകളോടെ അമ്മ എന്നെയൊന്ന് നോക്കി. ഇംഗ്ലീഷിലെഴുതിയിരുന്ന ഫ്രം അഡ്രസ്സ് മനസ്സിലായില്ലെങ്കിലും കത്ത് ആരുടെതായിരിക്കുമെന്ന് അമ്മ ഊഹിച്ചു. ഞാന്‍ എത്ര തടുത്തിട്ടും കേള്‍ക്കാതെ അമ്മ ആ കത്തുതുറന്നു വായിക്കാന്‍ തുടങ്ങി. അമ്മയുടെ മുഖത്തെ ഭാവമാറ്റം എന്നെ ഭയപ്പെടുത്തി. കത്തുമുഴുവനും വായിച്ചില്ല. നെഞ്ചിലടിച്ചലറിക്കരയാന്‍ തുടങ്ങി. എടീ ഭയങ്കരീ ഇത്രനാളും നല്ലപിള്ള ചമഞ്ഞ് എന്നെ വഞ്ചിക്കുകയായിരുന്നല്ലെ നീ. സങ്കടവും ദേഷ്യവും കൊണ്ട് ഭ്രാന്ത് പിടിച്ചപോലെയായിരുന്നു അമ്മ.
കത്തില്‍ നിന്ന് ഞങ്ങളുടെ ബന്ധത്തിന്റെ തീവ്രത അമ്മയ്ക്ക് മനസ്സിലായി. ഭര്‍ത്താവ് ഭാര്യക്കെഴുതുന്ന സ്വാതന്ത്ര്യത്തോടെയുള്ളതായിരുന്നു കത്തിലെ ഓരോ വരിയും. അമ്മ വല്ലാതെ തളര്‍ന്നുപോയി. മകള്‍ക്കുവേണ്ടി ഭര്‍ത്താവിനെ ഉപേക്ഷിച്ച തന്റെ വിഡ്ഢിത്തമോര്‍ത്ത് വിലപിച്ചു. തലയില്‍ കൈവെച്ച് എന്നെ ശപിച്ചു. ഹൃദയം നൊന്തുള്ള ആ ശാപം എന്റെ തലയില്‍ ഇടിത്തീയായി പതിക്കുമെന്നെനിക്കുറപ്പുണ്ടായിരുന്നു. എന്റെ രവിയേട്ടനെ സ്വന്തമാക്കാന്‍വേണ്ടി എത്ര ശാപങ്ങളേറ്റുവാങ്ങാനും ഞാനൊരുക്കമായിരുന്നു.
ഇനി മുതല്‍ നീ കോളേജില്‍ പോകണ്ട. ഞാന്‍ കഷ്ടപ്പെട്ട് അധ്വാനിച്ച് കാശുണ്ടാക്കിയതെല്ലാം നശിപ്പിച്ചുകളഞ്ഞല്ലോടി. ഇനിയത് വേണ്ട. പണ്ട് അച്ഛന്‍ പറഞ്ഞപോലെ വീട്ടുജോലിയും ചെയ്ത് കുട്ടികളെയും നോക്കി വീട്ടിലിരുന്നാല്‍ മതി. നീ കാരണം എന്റെ കുട്ടികള്‍ക്ക് അച്ഛനില്ലാതെയായി. നീ ഒരുകാലത്തും ഗുണംപിടിക്കില്ല.
ഞാന്‍ വീടിന് പുറത്തിറങ്ങാതിരിക്കാനായി കര്‍ശനമായ കാവല്‍ ഏര്‍പ്പെടുത്തി. അമ്മൂമ്മയോ കുഞ്ഞമ്മമാരോ ആങ്ങളമാരോ ആരെങ്കിലുമൊപ്പമുണ്ടാവും എപ്പോഴും. ഒരിക്കല്‍ കത്തെഴുതാന്‍ വൈകിയപ്പോള്‍ ടെലിഗ്രാം ചെയ്ത ആളാണ് രവിയേട്ടന്‍. ഇപ്പോള്‍ രണ്ടാഴ്ചയായിരിക്കുന്നു. കത്തുകാണാതെ വിഷമിക്കുന്നുണ്ടാവും. എങ്ങനെയാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നറിയിക്കുന്നത്. ഞാനാകെ വിഷമത്തിലായി.
അമ്മൂമ്മ കാവലിരുന്ന ഒരു ദിവസം ഞാനമ്മൂമ്മയോട് പറഞ്ഞു. എനിക്ക് രവിയേട്ടനില്ലാതെ ജീവിക്കാന്‍ സാധ്യമല്ല. എന്നെ കോളേജില്‍ വിടാനമ്മയോട് പറയണം. എനിക്ക് പരീക്ഷയെഴുതണം. പരീക്ഷ കഴിയാതെ ഞാനെങ്ങോട്ടും പോകില്ല. പക്ഷേ, അമ്മൂമ്മയുടെ ശുപാര്‍ശയൊന്നും അമ്മ കേട്ടില്ല. എന്റെ ഇപ്പോഴത്തെ നില കുഞ്ഞമ്മാവനോട് ചെന്നുപറയാന്‍ അമ്മൂമ്മയെ ചുമതലപ്പെടുത്തി ഞാന്‍.
എല്ലാം അറിഞ്ഞ കുഞ്ഞമ്മാവന്‍ വിശദമായി രവിയേട്ടന് കത്തെഴുതി. ശോഭയുടെ നില വളരെ പരിതാപകരമാണെന്നും ഇരുവീട്ടുകാരും കൂടി അവളെ കൊല്ലാക്കൊല ചെയ്യുകയാണെന്നും എത്രയും പെട്ടെന്ന് നീ വന്ന് എന്തെങ്കിലും പരിഹാരം കണ്ടെത്തണമെന്നും കുഞ്ഞമ്മാവന്‍ എഴുതി.
ഒരു മുന്നറിയിപ്പുമില്ലാതെ രവിയേട്ടന്‍ നാട്ടിലെത്തി. ധൈര്യമായി എന്റെ വീട്ടില്‍വന്നു. മാന്യമായ രീതിയില്‍ അമ്മയോട് പറഞ്ഞു. ഞാനും ശോഭയും തമ്മിലിഷ്ടത്തിലാണ്. എനിക്ക് അവളെ വിവാഹം കഴിച്ചുതരണം. എന്റെ വീട്ടുകാര്‍ ഭയങ്കരമായി എതിര്‍ക്കും. പക്ഷേ, ഞാനതൊന്നും കാര്യമാക്കുന്നില്ല. അമ്മയുടെ അനുഗ്രഹമുണ്ടായാല്‍ മതി. വളരെ ഭവ്യതയോടാണിത്രയും പറഞ്ഞത്.
അമ്മയുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. വളരെയധികം നിന്ദ്യമായ വാക്കുകളാല്‍ വീട്ടില്‍നിന്നും ആട്ടിയിറക്കിവിട്ടു. അപമാനിതനായി, അവഹേളിതനായി തലയും കുനിച്ചിറങ്ങിപ്പോകുന്ന എന്റെ രവിയേട്ടനെ ഹൃദയം നുറുങ്ങുന്ന വേദനയോടെ, നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അകത്തെ മുറിയിലെ ജനാലയ്ക്കരികില്‍ ഞാന്‍ നോക്കിനിന്നു. മറ്റൊന്നിനുമെനിക്കാവുമായിരുന്നില്ല.
കുഞ്ഞമ്മാവന്റെ വീട്ടിലെത്തിയ രവിയേട്ടന്‍ പറഞ്ഞു. എങ്ങനെയായാലും ശോഭയെയും കൊണ്ടേ ഞാന്‍ മടങ്ങൂ. ആരുടെയും സമ്മതമെനിക്കുവേണ്ട. വിളിച്ചുകൊണ്ടുപോയി രജിസ്റ്റര്‍ മാര്യേജ് ചെയ്തുകൊള്ളാം. എനിക്കവളെ കാണാനായില്ല. ഏതെങ്കിലും വിധത്തില്‍ അവളെ ഇവിടെ വരുത്തണം. ദൂതുമായി ഒരു ഹംസം എന്റടുത്തെത്തി. സന്ധ്യമയങ്ങിയ ശേഷം ഞാനവിടെ എത്താമെന്ന് മറുദൂത് കൊടുത്തയച്ചു ഞാന്‍.
സംഘര്‍ഷ രാഗങ്ങള്‍
രവിയേട്ടന്‍ കുഞ്ഞമ്മാവന്റെ വീട്ടിലെത്തിയിരിക്കുന്ന വിവരം രവിയേട്ടന്റെ വീട്ടിലറിഞ്ഞു. അമ്മയും ജ്യേഷ്ഠന്മാരും കൂടി അവിടെച്ചെന്ന് ബഹളമുണ്ടാക്കി. രവിയേട്ടനെ ഇക്കാര്യത്തില്‍ സഹായിക്കുന്ന ആ കുടുംബത്തിലുള്ളവരെ മുഴുവന്‍ ഉപദ്രവിച്ചു. ജ്യേഷ്ഠാനുജന്മാര്‍ തമ്മില്‍
വാക്കേറ്റവും കൈയേറ്റവും വരെയുമുണ്ടായി. എന്തൊക്കെയായിട്ടും രവിയേട്ടന്‍ സ്വന്തം തീരുമാനത്തിലുറച്ചുനില്‍ക്കുന്നത് കണ്ട് അവരെല്ലാം രവിയേട്ടനെ ഉപേക്ഷിച്ചുപോയി. ഇനി എനിക്ക് മക്കള്‍ എട്ടേയുള്ളൂ. അമ്മ പ്രഖ്യാപിച്ചു.അവിടെ നടക്കുന്ന ഈ യുദ്ധകോലാഹലങ്ങളൊന്നുമറിയാതെ അവിടേക്ക് പോകാന്‍ സന്ധ്യക്കുശേഷം പ്ലാന്‍ ചെയ്തിറങ്ങിയ എന്റെ മുന്നില്‍ കത്തിച്ച നിലവിളക്കുമായി അമ്മ നിന്നു. എന്റെ പദ്ധതി മനസ്സിലാക്കിയിട്ടുള്ള നില്പാണ്. നിലവിളക്ക് തൊട്ട് അമ്മ സത്യം ചെയ്തു. പടിയിറങ്ങി നീ പോയാല്‍ അടുത്ത നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. എന്റെ മൂന്നുമക്കള്‍ക്ക് അച്ഛനില്ലാതാക്കി, അമ്മയുമില്ലാതാക്കരുത്. അമ്മയുടെ വാക്കുകളിലെ ദൃഢത എന്നെ ഭയപ്പെടുത്തി. വല്ലാത്ത ധര്‍മസങ്കടത്തിലായി ഞാന്‍.
ചെറുപ്പം മുതല്‍ വളരെയധികം യാതനകള്‍ സഹിച്ച് സ്വന്തം ജീവിതം ത്യജിച്ച് ഏറെ ബുദ്ധിമുട്ടി എന്നെ വളര്‍ത്തി വലുതാക്കിയ പെറ്റമ്മ ഒരുവശത്ത്, കുടുംബക്കാരെ മുഴുവന്‍ വേണ്ടെന്നുവെച്ച് വളരെയധികം അപമാനങ്ങള്‍ സഹിച്ച് എന്നെ മാത്രം മതിയെന്ന് എനിക്കുവേണ്ടി കാത്തിരിക്കുന്ന എന്റെ രവിയേട്ടന്‍ മറുവശത്ത്. ആരെയാണ് വേണ്ടെന്നുവെക്കുക.
അമ്മയെ ധിക്കരിച്ചിറങ്ങിയാല്‍ എന്തെങ്കിലും കടുംകൈ അമ്മ പ്രവൃത്തിക്കുമെന്ന് പാറപോലെ ഉറച്ച ആ മുഖം വ്യക്തമാക്കി. ചുറ്റും കൂടിനിന്ന സഹോദരങ്ങളുടെ കുറ്റപ്പെടുത്തുന്ന നോട്ടം നേരിടാന്‍ ശക്തിയുണ്ടായില്ല. ഞാന്‍ മെല്ലെ തിരിഞ്ഞ് മുറിയില്‍ കയറി വാതിലടച്ചു. എനിക്കുവേണ്ടി സ്വന്തം അമ്മയോടും സ്വസഹോദരന്മാരോടും പടപൊരുതുന്ന എന്റേട്ടനെ യുദ്ധക്കളത്തില്‍ നിരായുധനാക്കി ഞാന്‍. തോല്‍വി ഏറ്റുവാങ്ങി, നിരാശനായി, ഇനിയൊരിക്കലും നാട്ടിലേക്ക് വരില്ലെന്ന പ്രഖ്യാപനവും നടത്തി രവിയേട്ടന്‍ മടങ്ങിപ്പോയി.
രവിയേട്ടന്‍ പോയ്ക്കഴിഞ്ഞു എന്ന വിവരം അമ്മൂമ്മയാണ് പറഞ്ഞത്. ഒരുനോക്ക് കാണാനാകാതെ, ഒരുവാക്ക് മിണ്ടാനാകാതെ പോകേണ്ടിവന്ന രവിയേട്ടനെ ഓര്‍ത്ത് ഞാന്‍ കരഞ്ഞു. കരഞ്ഞുകൊണ്ടേയിരുന്നു. എന്റെ ജീവിതം അവസാനിച്ചുവെന്നുതന്നെ ഞാന്‍ കരുതി. അമ്മയോട് മിണ്ടിയതേയില്ല.
ആളുകള്‍ രണ്ടുപക്ഷം പറഞ്ഞു. ചെയ്തത് ശരിതന്നെയെന്ന് ഒരുകൂട്ടരും ഒട്ടും ശരിയായില്ലെന്ന് മറ്റൊരു കൂട്ടരും. അമ്മയെ സങ്കടപ്പെടുത്തി പോകാതിരുന്നത് നന്നായി എന്നും എല്ലാമുപേക്ഷിച്ച് കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറായി വന്നയാളിനെ ഉപേക്ഷിച്ചത് ശരിയായില്ല എന്നും രണ്ടഭിപ്രായം പറഞ്ഞു. ശരിയേത്, തെറ്റേത് എനിക്ക് മനസ്സിലായില്ല.
കോളേജില്‍ ഞാന്‍ പോയില്ല. പഠിക്കണമെന്നെനിക്ക് തോന്നിയില്ല. എപ്പോഴും മുറിയില്‍ തനിച്ചിരിക്കാന്‍ ഞാനാഗ്രഹിച്ചു. ആരോടും ഒന്നും സംസാരിക്കാനും ഞാനിഷ്ടപ്പെട്ടില്ല. കുറച്ചുനാളായപ്പോള്‍ അമ്മയ്ക്ക് വേവലാതിയായി. എങ്ങനെയെങ്കിലും എന്നെ കോളേജിലയയ്ക്കാനായി ശ്രമം. അമ്മൂമ്മയുടെ നിര്‍ദേശമനുസരിച്ച് ഞാന്‍ വീണ്ടും കോളേജില്‍ പോയിത്തുടങ്ങി. പഴയ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ട എന്നെക്കണ്ട് കൂട്ടുകാര്‍ അന്ധാളിച്ചു.
ലറ്റര്‍ ബോക്‌സില്‍ എന്റെ പേരില്‍ ഒരു കത്തുണ്ടായിരുന്നു. ഒരു കൂട്ടുകാരിയാണ് അത് എന്റെ കൈയില്‍ കൊണ്ടുതന്നത്. രവിയേട്ടന്റെ കത്ത്. അന്നുവരെ കത്ത് രജിസ്റ്ററായിട്ടുമാത്രമേ അയച്ചിരുന്നുള്ളൂ. പോസ്റ്റ്മാന്‍ ക്ലാസ്സിന്റെ വാതില്‍ക്കല്‍ വരുമ്പോഴേ ബോയ്‌സ് വിളിച്ചുപറയും. ശോഭന ജി ഒരു രജിസ്റ്റേഡ് ഉണ്ട്. കുട്ടികളെല്ലാം കുശുകുശുത്ത് രഹസ്യമായി ചിരിക്കാന്‍ തുടങ്ങും.
ആഴ്ചയില്‍ രണ്ട് കത്തുകള്‍ പതിവായിരുന്നല്ലോ. ടീച്ചേഴ്‌സ് പോലും പോസ്റ്റ്മാനെ കണ്ടാലുടന്‍ തലകൊണ്ടാംഗ്യം കാണിക്കും, പോയി വാങ്ങിക്കോളാന്‍. ആദ്യമായാണ് ലറ്റര്‍ബോക്‌സില്‍ എനിക്ക് ഒരു കത്തുവരുന്നത്.
എന്തായിരിക്കും കത്തിലെ ഉള്ളടക്കം? തുടിക്കുന്ന ഹൃദയത്തോടെ കത്തു തുറന്നു.
''കഴിഞ്ഞതെല്ലാം മറന്നേക്കൂ, ഇനി എനിക്ക് കത്തെഴുതരുത്, എന്നില്‍നിന്നും മറുപടിയും പ്രതീക്ഷിക്കരുത്. നാം തമ്മിലിനി യാതൊരു ബന്ധവുമില്ല.'' എന്റെ ശോഭേ എന്ന ആരംഭമില്ല. എന്ന് സ്വന്തം രവിയേട്ടന്‍ എന്ന അവസാനമില്ല.
ആ മനസ്സിലേറ്റ മുറിവിന്റെ ആഴം വളരെ നന്നായി മനസ്സിലാകുമായിരുന്നു എനിക്ക്. എത്ര ക്ഷമപറഞ്ഞാലുമതിന് പരിഹാരമാവില്ലെന്നുമറിയാം. എങ്കിലും എന്റേട്ടനോട് ഒരു ക്ഷമ യാചിക്കാതിരിക്കുന്നതെങ്ങനെ? എഴുതരുത് എന്നു പറഞ്ഞെങ്കിലും എന്റെ ഹൃദയം തുറന്നുകാട്ടാതിരിക്കുന്നതെങ്ങനെ?
അമ്മയുടെ സത്യപ്രതിജ്ഞയും എന്റെ ധര്‍മസങ്കടവും നിസ്സഹായാവസ്ഥയുമെല്ലാം ഞാനെഴുതി. രവിയേട്ടനോടൊപ്പമല്ലാതെ ഒരു ജീവിതം ഈ ജന്മത്തിലെനിക്കുണ്ടാവില്ല. രവിയേട്ടന് സ്വന്തം ജീവിതം വേറെ ഏതുവഴിക്കും ചിന്തിക്കാം. എനിക്ക് പരിഭവമോ പരാതിയോ ഇല്ല.
കത്തയച്ചുകഴിഞ്ഞ് മറുപടിക്കുവേണ്ടി പ്രതീക്ഷിച്ചും പ്രതീക്ഷിക്കാതെയും ഞാന്‍ കാത്തിരുന്നു. കൃത്യമായി നാലാംദിവസം രജിസ്റ്റര്‍ പോസ്റ്റുമായി പോസ്റ്റ്മാന്‍ വാതില്‍ക്കലെത്തി. വെണ്ണപോലുരുകുന്ന ആ ഹൃദയം രവിയേട്ടന്റെ ബലവും ബലഹീനതയും ആയിരുന്നു എന്നും. കത്തുകളിലൂടെ യാത്ര വീണ്ടും തുടങ്ങി.
വീണ്ടും ഒരു സ്റ്റഡിലീവ് കാലം. കഴിഞ്ഞുപോയ സ്റ്റഡിലീവ് കാലം ഹൃദയത്തില്‍ വിതച്ച വിത്ത് ഇന്ന് വളര്‍ന്നു വലുതായി ഹൃദയം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. പഠനത്തിലുള്ള ശ്രദ്ധ തീരെ കുറഞ്ഞുപോയിരുന്നു. വീട്ടിനുള്ളിലെ മുരടിപ്പിക്കുന്ന അന്തരീക്ഷം വല്ലാത്ത മടുപ്പുളവാക്കുന്നതായിരുന്നു. അമ്മയും ഞാനും അന്യരെപ്പോലെയായിരുന്നു. ആങ്ങളമാര്‍ വല്ലാതെ വിഷമിച്ചു ഞങ്ങള്‍ക്കിടയില്‍. എന്തു നടക്കുന്നുവെന്നവര്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. പതിനൊന്നും ഒന്‍പതും ആറും വയസ്സായിരുന്നു അന്നവര്‍ക്ക്. രാജേന്ദ്രനുമാത്രം എന്തൊക്കെയോ അല്പം മനസ്സിലായി, പെങ്ങള്‍ എന്തോ തെറ്റുചെയ്യുന്നുണ്ടെന്നും അതാണ് അമ്മ ഉപദ്രവിക്കുന്നതെന്നും അവനു തോന്നിത്തുടങ്ങി. അമ്മ കരയുന്നതു കാണുമ്പോള്‍ എന്നോട് വഴക്കിന് വരും. ഞാന്‍ മൂത്തതും നീ ഇളയതുമായിരുന്നെങ്കില്‍ നല്ല വീക്ക് വെച്ചുതന്നേനെ എന്നാണ് പറയുക.
അമ്മയ്ക്ക് എന്റെ മേലുള്ള പ്രതീക്ഷയെല്ലാം അസ്തമിച്ചിരുന്നു. എങ്ങനെയായാലും അമ്മയ്ക്ക് ഞാനുപകാരപ്പെടില്ല എന്ന് മനസ്സിലായി. ഒരിക്കല്‍ മറ്റൊരാള്‍ മുഖേന എന്നെ അറിയിച്ചു, എല്ലാം തീരുമാനിച്ച സ്ഥിതിക്ക് അവളിവിടെ നില്ക്കുന്നതിലര്‍ഥമില്ല, അവന്‍ വന്ന് കൊണ്ടുപോയ്‌ക്കൊള്ളട്ടെ.
വിവരം ഞാന്‍ രവിയേട്ടനെ അറിയിച്ചു. ഒരാഴ്ച കഴിഞ്ഞ് രവിയേട്ടന്‍ തിരുവനന്തപുരത്തെത്തി. പിന്നീട് നടന്നതൊക്കെ മറ്റൊരു നാടകംതന്നെയായിരുന്നു. എന്നെ കൊണ്ടുപോകാന്‍ രവിയേട്ടന്‍ വരുന്നുണ്ട് എന്നറിയിച്ച ആള്‍ എന്നുവരുമെന്നോ എപ്പോള്‍ വരുമെന്നോ കൃത്യമായി പറഞ്ഞില്ല.
വീട്ടില്‍ ഇളയ കുഞ്ഞമ്മയുടെ കല്യാണം. സ്വന്തക്കാരും ബന്ധുക്കളും എല്ലാവരും എത്തിയിരുന്നു. കല്യാണദിവസം ഞാനവിടെയുണ്ടായിരുന്നാല്‍ എന്റെ പ്രേമകഥകള്‍ ആരെങ്കിലും പറഞ്ഞ് കുഞ്ഞമ്മയുടെ ബന്ധുവീട്ടുകാര്‍ അറിയാനിടയായാല്‍ അത് കുഞ്ഞമ്മയ്ക്ക് അപമാനമാകുമെന്ന് അമ്മൂമ്മ ഭയന്നു. അത് മനസ്സിലാക്കി കല്യാണത്തില്‍ പങ്കുകൊള്ളാന്‍ നില്‍ക്കാതെ കോളേജില്‍നിന്നും റിക്കോഡ് ബുക്ക് വാങ്ങാനുണ്ടെന്ന വ്യാജേന പുറത്തുപോയി. ഉച്ചകഴിയുന്നതുവരെ ഒരു കൂട്ടുകാരിയുടെ വീട്ടിലിരുന്നിട്ട് സാവധാനം മടങ്ങിവരികയായിരുന്നു.എന്നെക്കണ്ടതും അടുത്ത വീട്ടിലെ ഉമ്മ ഓടിവന്നു. കൊച്ചേ നീ ഇതെവിടെ പോയിരിക്കുകയായിരുന്നു, നിന്നെ കൊണ്ടുപോകാന്‍ രവി വന്നിരുന്നു. എല്ലാവരും കല്യാണത്തിന് പോയിരുന്നതിനാല്‍ വീട്ടിലാരുമുണ്ടായിരുന്നില്ല. രവി വരുമെന്നറിയിച്ചിരുന്നിട്ടും വീട്ടില്‍ കാത്തിരിക്കാതെ നീയും കല്യാണംകൂടാന്‍ പോയത് കഷ്ടമായി. പാവം രവി കുറച്ചുനേരം കാത്തു. പിന്നെ മടങ്ങിപ്പോയി. രവി വന്ന വിവരം നിന്നോട് പറയണമെന്ന് പറഞ്ഞേല്പിച്ചിട്ടാണ് പോയത്.
തലയില്‍ കൈയുംവെച്ച് ഞാന്‍ അവിടിരുന്നു. ഈ ദിവസമാണ് വരുന്നതെന്ന് പറഞ്ഞിരുന്നില്ല. ഇനി എന്താണ് ചെയ്യുക? ഒരുപക്ഷേ കുഞ്ഞമ്മാവന്റെ വീട്ടില്‍ കാണുമായിരിക്കും. ഞാന്‍ അങ്ങോട്ടോടി. ഇല്ല അവിടെ ചെന്നിട്ടില്ല. കഴിഞ്ഞ തവണയുണ്ടായപോലെ ഏട്ടന്റാള്‍ക്കാര്‍ അവരെ ഉപദ്രവിച്ചെങ്കിലോ എന്ന് കരുതിയിട്ടാവാം അവിടെ പോകാതിരുന്നത്. ഏട്ടന്‍ വന്നതും തിരിച്ചുപോയതുമറിഞ്ഞപ്പോള്‍ കുഞ്ഞമ്മാവന്‍ ദേഷ്യപ്പെട്ടു. എന്താ കുട്ടീ അവനെയിട്ടിങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്? മുന്‍പും നീ അവനെ അപമാനിച്ചയച്ചു. ഇന്ന് വീണ്ടും. ഒട്ടും ശരിയായില്ല. ഇനി വിധിപോലെ വരട്ടെ.
ബുദ്ധിമാന്ദ്യം സംഭവിച്ചപോലെ ഞാന്‍ മിഴിച്ചിരുന്നു. എന്താണ് ചെയ്യേണ്ടതെന്നോ എങ്ങോട്ടാണ് പോകേണ്ടതെന്നോ അറിയാന്‍ വയ്യാത്ത ഒരനിശ്ചിതാവസ്ഥ. ഒന്ന് പൊട്ടിക്കരയാന്‍പോലുമാകാതെ ഞാനവിടിരുന്നു.
അടുത്ത ദിവസം രാവിലെ മറ്റൊരു വാര്‍ത്ത കിട്ടിയെനിക്ക്. രവിയേട്ടന്‍ തിരിച്ചുപോകുന്ന വഴി രവിയേട്ടന്റെ അമ്മയെ കണ്ടുവെന്നും രവിയേട്ടന്‍ വരുമ്പോള്‍ ഉപദ്രവിക്കാന്‍ എന്റെ വീട്ടില്‍ ആളുകളെ ഏര്‍പ്പാടാക്കി നിര്‍ത്തിയിരിക്കുകയാണ്, അതുകൊണ്ട് നീ എത്രയും വേഗം ഇവിടുന്ന് പോകൂ എന്ന് അമ്മ കരഞ്ഞ് നിര്‍ബന്ധിച്ചുവെന്നും. അതുകേട്ടപ്പോള്‍ പ്രശ്‌നം ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ സ്വയം മാറിനിന്നതാണെന്നു ധരിച്ച്, എന്തായാലും രണ്ടുതവണ ഞാന്‍ വന്നു, അവളെ കൂട്ടിക്കൊണ്ടുപോകാന്‍, നടന്നില്ല. ഞങ്ങളൊന്നുചേരേണ്ട എന്നായിരിക്കും ദൈവനിശ്ചയം, ഇനി ഞാനവള്‍ക്കുവേണ്ടി വരില്ല എന്ന് അമ്മയ്ക്ക് സത്യംചെയ്തു കൊടുത്തിട്ടാണത്രെ പോയത് എന്നുമായിരുന്നു വാര്‍ത്ത. എല്ലാം കേട്ട് എന്റെ ഉള്ള് കത്തി. എന്തെങ്കിലും ഉടനെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജീവിതം നഷ്ടമാകും.
എന്നോട് സ്‌നേഹവും വാത്സല്യവുമുണ്ടായിരുന്ന ഒരു സുഭദ്രച്ചേച്ചിയുണ്ടായിരുന്നു അടുത്ത വീട്ടില്‍. കാര്യങ്ങളൊക്കെ അറിയാവുന്ന ആ ചേച്ചി പറഞ്ഞു. മോളേ, തിരുവനന്തപുരത്തുനിന്നും രവി പോയിട്ടുണ്ടാവില്ല. നിനക്കറിയാമോ, അവിടെ രവി എവിടെയാണ് താമസിക്കുന്നതെന്ന്? പെട്ടെന്നെനിക്കോര്‍മവന്നു. മുന്‍പൊരിക്കല്‍ രവിയേട്ടന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം വരുമ്പോള്‍ അരിസ്‌ടോ ഹോട്ടലിലാണ് താമസിക്കുന്നതെന്ന്.
അന്വേഷിച്ചുപോകാനാരുമുണ്ടായിരുന്നില്ല. ടെലിഫോണും അന്ന് സര്‍വസാധാരണമായിരുന്നില്ല. ഇന്ന് മൊബൈല്‍ഫോണും കൈയില്‍വെച്ചു നടക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് അന്ന് ഇങ്ങനെയൊരു സൗകര്യമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു കഥ എനിക്കെഴുതേണ്ടിവരില്ലായിരുന്നു. അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ ഒന്നോ രണ്ടോ വീടുകളില്‍ മാത്രമേ ടെലിഫോണ്‍ ഉണ്ടായിരുന്നുള്ളൂ. കുളത്തുപ്പുഴ പോസ്റ്റോഫീസില്‍ പോയാല്‍ ഫോണ്‍ ചെയ്യാം. ഇല്ലെങ്കില്‍ ടെലിഗ്രാമെങ്കിലുമടിക്കാം.
ഞാനുടനെ തന്നെ എന്റെ ഇളയ അനുജന്‍ ജയനേയും കൂട്ടി പോസ്റ്റോഫീസില്‍ പോയി. തിരുവനന്തപുരം അരിസ്‌ടോ ഹോട്ടലിലേക്ക് ഫോണ്‍ വിളിക്കണം. ഫോണ്‍നമ്പര്‍ ചോദിച്ചപ്പോഴാണ് അങ്ങനെയൊരു സംഭവമുള്ളതുതന്നെ ഞാനറിയുന്നത്. നമ്പറൊന്നുമറിയില്ല, ആ ഹോട്ടലില്‍ താമസിക്കുന്ന കുളത്തുപ്പുഴ രവി എന്ന ആളിനോട് സംസാരിക്കണം. എന്റെ അറിവില്ലായ്മകണ്ട് അവിടിരുന്നവരൊക്കെ ചിരിച്ചു. എന്റെ പ്രാണസങ്കടം അവരുണ്ടോ അറിയുന്നു. എന്റെ പരവേശവും കരച്ചിലും കണ്ട് അനുകമ്പതോന്നിയ ഒരാള്‍ ഡയറക്ടറി നോക്കി നമ്പര്‍ കണ്ടുപിടിച്ച് ഡയല്‍ചെയ്ത്, രവിയേട്ടനെ ലൈനില്‍ കിട്ടിയപ്പോള്‍ എനിക്ക് തന്നു. കാതില്‍ രവിയേട്ടന്റെ ശബ്ദം കേട്ടതും പരിസരം മറന്നു ഞാന്‍ പൊട്ടിക്കരഞ്ഞു. കുഞ്ഞമ്മയുടെ കല്യാണവും കല്യാണത്തിനുവന്ന ബന്ധുക്കളും വീട്ടില്‍നിന്നും ഞാന്‍ മാറിനില്‍ക്കാനുണ്ടായ കാരണവും കരച്ചിലിനിടയിലൂടെ പറഞ്ഞുകേള്‍പ്പിച്ചു. ഏട്ടന്‍ എന്നെ കൊണ്ടുപോകാന്‍ വന്നില്ലെങ്കില്‍ സ്വയം ഞാന്‍ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പരിഭവവും പരാതികളും പറയാന്‍ ഏട്ടനുമുണ്ടായിരുന്നു. ഒടുവില്‍ അടുത്തദിവസം തന്നെ വരാമെന്നും തയ്യാറായി ഇരിക്കണമെന്നും പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു.
മനസ്സിലെ കൊടുങ്കാറ്റൊന്നടങ്ങിയ ശാന്തതയോടെ ഫോണ്‍വെച്ചു തിരിയുമ്പോഴാണ് എന്റെ പ്രകടനം കണ്ട് ഭ്രമിച്ചുനില്‍ക്കുന്ന ഒരുകൂട്ടം ആളുകള്‍ എനിക്കുചുറ്റും കൂടിയത്. എന്താകൊച്ചേ സംഭവം, എല്ലാവര്‍ക്കും കാര്യങ്ങള്‍ വിശദമായറിയണം. ആരോടും ഒന്നും പറയാതെ അനുജനേയും കൂട്ടി ഞാന്‍ നടന്നു. സുഭദ്രച്ചേച്ചിയോട് വിവരങ്ങളൊക്കെ പറഞ്ഞു. എനിക്ക് പോയേ മതിയാവൂ. വേറെ നിവൃത്തിയില്ല. അമ്മ കേള്‍ക്കത്തക്ക ഉച്ചത്തില്‍ ഞാന്‍ പറഞ്ഞു.
അടുത്ത ദിവസം പ്രഭാതത്തില്‍ത്തന്നെ കുളിച്ചൊരുങ്ങി പോകാനുള്ള തയ്യാറെടുപ്പോടെ ഞാന്‍ കാത്തിരുന്നു. അടുത്ത മുറിയില്‍ നിന്നും പതം പറഞ്ഞുകരയുന്ന അമ്മയുടെ വിങ്ങിപ്പൊട്ടല്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഈര്‍ച്ചവാള്‍ പോലെ അതെന്റെ ഹൃദയത്തെ കീറിമുറിക്കുന്നുണ്ടായിരുന്നു. എന്റെ ഈ പ്രവൃത്തി എത്ര വലിയ നീതികേടാണെന്നുമെനിക്കറിയാമായിരുന്നു. എങ്കിലും ഒന്നിനുവേണ്ടി മറ്റൊന്ന് ത്യജിക്കണമെന്നുള്ളത് ലോക സ്വഭാവമല്ലെ. ചേച്ചി എവിടേയ്‌ക്കോ പോകാന്‍ പോകുകയാണെന്ന് മനസ്സിലാക്കിയ കുട്ടികള്‍ ചുറ്റുംനിന്ന് കരയാന്‍ തുടങ്ങി. ഇളയവന്‍ ജയനായിരുന്നു ഏറ്റവുമധികം സങ്കടം. അവന്‍ കുട്ടിയായിരുന്നല്ലൊ.
ഏകദേശം പത്തരമണിയോടെ വഴിയിലൊരു കാര്‍വന്നുനിന്നു. രവിയേട്ടനോടൊപ്പം രണ്ടുമൂന്ന് തടിമാടന്മാരും കാറില്‍ നിന്നിറങ്ങി.
സ്റ്റീഫന്‍, സലീം, പത്മനാഭന്‍. കൂട്ടുകാരാണത്രെ. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സഹായിക്കാന്‍ വന്നവരാണവര്‍. കത്തിയും മറ്റും കരുതിയിരുന്ന അവരെ കണ്ടപ്പോള്‍ ശരിക്കുമെനിക്ക് ഭയം തോന്നി. കാണുന്നപോലെയല്ല, അവര്‍ നല്ല സുഹൃത്തുക്കളാണെന്ന് ഏട്ടന്‍ സമാധാനിപ്പിച്ചു.എന്തു പ്രശ്‌നമുണ്ടായാലും ഞങ്ങള്‍ നോക്കിക്കൊള്ളാം. നീ ശോഭയെയും കൊണ്ട് മുന്നില്‍ വിട്ടോ. സലീമിന്റെതായിരുന്നു നിര്‍ദേശം. എതിര്‍ക്കാനാരുമുണ്ടായിരുന്നില്ല. ഇത്രയുമായ സ്ഥിതിക്ക് ഇതുതന്നെയാണ് നല്ലതെന്ന് അമ്മയ്ക്കും തോന്നിയിരുന്നു.
ഒന്നുമെടുക്കാനുണ്ടായിരുന്നില്ല. പ്രീഡിഗ്രി പരീക്ഷയെഴുതണം. അതുകൊണ്ട് പുസ്തകങ്ങള്‍ മാത്രമെടുത്തു. പിടയുന്ന നെഞ്ചിനെ പിടിച്ചുനിര്‍ത്തി. ആരുടേയും കരച്ചില്‍ശബ്ദം കാതില്‍ വാങ്ങാതെ രവിയേട്ടനോടൊപ്പം ഞാനിറങ്ങി. കുഞ്ഞനുജന്‍ ജയന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കാറിനെ പിന്തുടരുന്നുണ്ടായിരുന്നു. ഹൃദയഭേദകമായ അമ്മയുടെ വിങ്ങിപ്പൊട്ടല്‍ കാണുന്നുണ്ടായിരുന്നു. കാറിന്റെ മുന്‍സീറ്റില്‍ രവിയേട്ടന്റെ തോളില്‍ തലചായ്ച്ച് ഞാന്‍ കണ്ണടച്ചിരുന്നു.
ഏട്ടന്റെ വീടിന് മുന്നില്‍ക്കൂടി വേണം പോകാന്‍. ആരെങ്കിലും തടയാനുണ്ടാകുമോ? സ്വാഭാവികമായും ഭയന്നു. പക്ഷേ, രവിയേട്ടന്റെ ഈ വരവ് ആരുമറിഞ്ഞിരുന്നില്ല. നാലഞ്ച് ആളുകളുള്ള കാറില്‍ ശോഭ പോകുന്നു. ആളുകള്‍ ഒരുനോക്കു കാണുമ്പോഴേക്കും കാര്‍ പോയ്ക്കഴിഞ്ഞിട്ടുണ്ടാവും. പത്മനാഭന്‍ ചേട്ടനന്ന് മുടി നീട്ടിവളര്‍ത്തിയിരുന്നു. പിന്നിലൂടെ കണ്ടവര്‍ ഒരു സ്ത്രീ കൂടിയുണ്ടായിരുന്നു കാറിലെന്ന് പ്രചരിപ്പിച്ചു.
രവിയേട്ടനോടൊപ്പം ഇരിക്കുമ്പോഴും അമ്മയോടും ആങ്ങളമാരോടും ചെയ്യുന്ന ക്രൂരതയും വഞ്ചനയുമായിരുന്നു എന്റെയുള്ളില്‍. പ്രേമത്തിന്റെ മാധുര്യം നുകരാന്‍ ഈ കുറ്റബോധം എന്നെ ഒരിക്കലും അനുവദിച്ചില്ല.
കാര്‍ തിരുവനന്തപുരത്തെത്തിയത് ഞാനറിഞ്ഞതേയില്ല. നേരെ കിള്ളിപ്പാലം രജിസ്ട്രാര്‍ ഓഫീസിലേക്കാണ് പോയത്. രവിയേട്ടന്റെ മറ്റു സുഹൃത്തുക്കള്‍ വിവാഹത്തിനുവേണ്ട ഏര്‍പ്പാടുകളുമായി അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു.
ആര്‍ഭാടങ്ങളില്ലാതെ, ആരവങ്ങളില്ലാതെ, സ്വന്തബന്ധങ്ങളാരുമില്ലാതെ, നല്ലവരായ കുറച്ചുസുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ 1974 ഏപ്രില്‍ 10-ാം തീയതി രജിസ്റ്ററില്‍ ഒപ്പുവെച്ച് ഞങ്ങള്‍ ദമ്പതികളായി.
സംഗീതമേ ജീവിതം

വളരെ ലളിതമായ ജീവിതശൈലിയായിരുന്നു രവിയേട്ടന്. പുറമെ കാണുന്ന ആര്‍ഭാടങ്ങളൊന്നും അകമേ ഉണ്ടായിരുന്നില്ല. ഏറ്റവുമിഷ്ടം വീട്ടിലെ കമ്പോസിങ് മുറി. അങ്ങനെയാകുമ്പോള്‍ വെറുമൊരു ലുങ്കിയുമുടുത്ത് ഇടയ്ക്കിടെ അടുക്കളയിലൂടെ കയറിയിറങ്ങി, ഭാര്യയോട് കൊച്ചുവര്‍ത്തമാനവും പറഞ്ഞ് നടക്കാം. ഹോട്ടല്‍മുറിയാണെങ്കില്‍ എ.സി.യും ടെലിഫോണും നിര്‍ബന്ധം. നാടന്‍ ആഹാരം. കൈയില്‍ പുകഞ്ഞുകൊണ്ടിരിക്കാന്‍ 555 സിഗരറ്റ്. അകമ്പടിക്കാരും വളരെ കുറവ്. ഒരു തബലിസ്റ്റും ഒരു അസിസ്റ്റന്റും മാത്രം.
വീട്ടിലാണെങ്കില്‍ ഒരുസമയം വെറുതെയിരിക്കില്ല. എന്തെങ്കിലും മരാമത്തുപണികള്‍ ചെയ്തുകൊണ്ടേയിരിക്കും. ആശാരിപ്പണി, കൊല്ലപ്പണി, പ്ലമ്പിങ് പണി, ക്ലീനിങ് എന്നുവേണ്ട എല്ലാ പണിയും ചെയ്യും. എന്തെങ്കിലും സാധനങ്ങള്‍ കേടായാല്‍ റിപ്പെയര്‍ ചെയ്യാനും ഇഷ്ടമാണ്. ഒരു കിടുപിടി പെട്ടിയുണ്ട്. ഞങ്ങളിട്ട പേരാണ്. അതിനകത്തില്ലാത്ത വസ്തുക്കളില്ല. മരംമുറിക്കുന്ന വാള്‍ മുതല്‍ ചുറ്റിക, കട്ടിങ് പ്ലെയര്‍, സ്‌ക്രൂഡ്രൈവര്‍, സ്പാനര്‍ തുടങ്ങി മുള്ളാണി, പിരിയാണി വരെയുണ്ടാവും. വെല്‍ഡിങ് സാമഗ്രികള്‍ വേറെ. ഒരു ഹെല്‍പ്പര്‍ വേണം കൂടെ എപ്പോഴും.
തമാശയായിട്ട് ചിലപ്പോള്‍ പറയും, രവിയേട്ടന് സംഗീതം ചെയ്യാന്‍ പടം കിട്ടിയില്ലെങ്കിലും നിന്നെയും മക്കളെയും ഞാന്‍ പട്ടിണിക്കിടില്ല, കൈവശം ധാരാളം തൊഴിലുണ്ട്, പേടിക്കണ്ട കേട്ടോ.
പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ ഏട്ടന്റെ വകയായിട്ടുണ്ടാകും. അതിലൊന്ന് കോഡ്‌ലെസ് ഫോണും എഫ്.എം. റേഡിയോയുംകൂടി കണക്ട് ചെയ്ത് റിസീവിങ് കോള്‍സ് ടേപ്പ് ചെയ്യുന്ന ഒരു വിദ്യ. എങ്ങനെയാണ് അതിന്റെ ടെക്‌നിക് എന്ന് എനിക്കറിയില്ല. ആദ്യം എറണാകുളത്തുനിന്ന് ദാസേട്ടനെ വിളിച്ച് താന്‍ കണ്ടുപിടിച്ച സാധനത്തിന്റെ വിവരണം കൊടുത്തു. മദ്രാസിലുള്ള ദാസേട്ടന്‍ സംസാരിച്ചതെല്ലാം ഇവിടെ ടേപ്പ്‌ചെയ്തു. അത് ഫോണിലൂടെ കേള്‍പ്പിച്ചു. പാട്ടുകള്‍പോലും ഈവിധം ചെയ്യുമായിരുന്നു. മക്കള്‍ മദ്രാസില്‍നിന്നു വിളിക്കുമ്പോള്‍ അവരുടെ സംസാരം മുഴുവനും ടേപ്പ് ചെയ്യും. ആ കാസെറ്റുകള്‍ക്ക് രവിയേട്ടന്‍ എഴുതിവെച്ചിരിക്കുന്ന പേര് കുടുംബവിശേഷം എന്നാണ്. മൂന്നുനാല് കാസെറ്റുകളുണ്ട്. ഇന്നും വല്ലപ്പോഴും ഞങ്ങളതിട്ടുകേള്‍ക്കും. മക്കളേ എന്നുള്ള ഏട്ടന്റെ വിളിതന്നെ ഞങ്ങളെ കരയിക്കും. അത്രയ്ക്ക് സ്‌നേഹം ഒരു വിളിയിലുണ്ടായിരുന്നു.
രവിയേട്ടന്റെ കമ്പോസിങ് സ്റ്റൈലും തനിയാണ്. വീട്ടില്‍ കമ്പോസിങ് നടക്കുന്ന ദിവസങ്ങളില്‍ രാവിലെതന്നെ അസിസ്റ്റന്റും തബല പ്ലെയറും എത്തും. അവര്‍ കമ്പോസിങ് മുറിയില്‍ രവിയേട്ടനുവേണ്ടി കാത്തിരിക്കും. രവിയേട്ടനോ, രാവിലെ എന്തെങ്കിലും മരാമത്ത് പണിയിലേര്‍പ്പെട്ടിട്ടുണ്ടാവും. അവര്‍ കാത്തിരിക്കുന്നുവെന്നു കരുതി ഈ പണി നിര്‍ത്തിവെക്കുകയൊന്നുമില്ല. ഇടയ്ക്ക് വിളിച്ചുപറയും പ്രദീപേ (തബലിസ്റ്റ്) ഈ താളത്തില്‍ വായിച്ചോളൂ. അയാള്‍ വായിച്ചുകൊണ്ടിരിക്കും. ഏറെനേരം കഴിഞ്ഞാലും ചേട്ടനെ കാണാതാകുമ്പോള്‍ പ്രദീപ് വായന നിര്‍ത്തും. ഉടനെ ഏട്ടന്‍ വിളിച്ചുപറയും, നിര്‍ത്തേണ്ട, വായിച്ചോളൂ. പാവം പ്രദീപ് വായന വീണ്ടും തുടരും.
പണിയൊക്കെ പൂര്‍ത്തിയാക്കി, കുളിയൊക്കെ കഴിഞ്ഞ്, സ്വാമിറൂമില്‍ കയറിയൊന്ന് തൊഴുത് (കുളിക്കുന്നതേതുസമയമോ അതാണ് ഏട്ടന്റെ പൂജാസമയം) നേരെ കമ്പോസിങ് റൂമില്‍ ചെല്ലും. ചിലപ്പോള്‍ ഇത് വൈകുന്നേരമോ രാത്രിയോ ആകാം. ഹാര്‍മോണിയം മുന്നില്‍വെച്ച് വിരലുകള്‍ ചലിക്കുന്നതോടൊപ്പം ചുണ്ടില്‍ അതിമനോഹരമായ ഒരു ഈണവുമുണ്ടാകും. അഞ്ചുനിമിഷത്തിനുള്ളില്‍ പാട്ട് റെഡി. മറ്റു പണികള്‍ കൈകള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും മനസ്സ് സംഗീതത്തിന്റെ കാണാപ്പുറങ്ങളിലായിരിക്കും. ഇതായിരുന്നു രവിയേട്ടന്റെ രീതി. ഇനി പണിയൊന്നും ചെയ്യാനില്ലെങ്കില്‍കൂടി വന്നിരിക്കുന്നവരുമായി, ചിലപ്പോള്‍ നിര്‍മാതാവും സംവിധായകനുമൊക്കെയുണ്ടാവും, സംസാരിച്ചുകൊണ്ടേയിരിക്കും. പലരും മനസ്സില്‍ ചിന്തിക്കും ഇദ്ദേഹത്തിന് ഈ സംസാരമൊന്ന് നിര്‍ത്തിയിട്ട് കമ്പോസിങ് തുടങ്ങരുതോ എന്ന്. നീണ്ട സംസാരമവസാനിക്കുമ്പോള്‍ പുതിയൊരു ട്യൂണ്‍ രവിയേട്ടന്റെ ചുണ്ടുകളിലുണ്ടാവും. അത് എല്ലാവര്‍ക്കും സ്വീകാര്യവുമായിരിക്കും. അഞ്ചുനിമിഷം വേണ്ട ഒരു ഈണമുണ്ടാക്കാന്‍. പക്ഷേ, അതിന് അന്‍പതുനിമിഷം പാഴാക്കിക്കളയും എന്നും ചിലര്‍ പറയാറുണ്ട്.
വീട്ടിലാണെങ്കില്‍ ഒരുസമയം വെറുതെയിരിക്കില്ല. എന്തെങ്കിലും മരാമത്തുപണികള്‍ ചെയ്തുകൊണ്ടേയിരിക്കും. ആശാരിപ്പണി, കൊല്ലപ്പണി, പ്ലമ്പിങ് പണി, ക്ലീനിങ് എന്നുവേണ്ട എല്ലാ പണിയും ചെയ്യും. എന്തെങ്കിലും സാധനങ്ങള്‍ കേടായാല്‍ റിപ്പെയര്‍ ചെയ്യാനും ഇഷ്ടമാണ്. ഒരു കിടുപിടി പെട്ടിയുണ്ട്. ഞങ്ങളിട്ട പേരാണ്. അതിനകത്തില്ലാത്ത വസ്തുക്കളില്ല. മരംമുറിക്കുന്ന വാള്‍ മുതല്‍ ചുറ്റിക, കട്ടിങ് പ്ലെയര്‍, സ്‌ക്രൂഡ്രൈവര്‍, സ്പാനര്‍ തുടങ്ങി മുള്ളാണി, പിരിയാണി വരെയുണ്ടാവും. വെല്‍ഡിങ് സാമഗ്രികള്‍ വേറെ. ഒരു ഹെല്‍പ്പര്‍ വേണം കൂടെ എപ്പോഴും.
തമാശയായിട്ട് ചിലപ്പോള്‍ പറയും, രവിയേട്ടന് സംഗീതം ചെയ്യാന്‍ പടം കിട്ടിയില്ലെങ്കിലും നിന്നെയും മക്കളെയും ഞാന്‍ പട്ടിണിക്കിടില്ല, കൈവശം ധാരാളം തൊഴിലുണ്ട്, പേടിക്കണ്ട കേട്ടോ.
പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ ഏട്ടന്റെ വകയായിട്ടുണ്ടാകും. അതിലൊന്ന് കോഡ്‌ലെസ് ഫോണും എഫ്.എം. റേഡിയോയുംകൂടി കണക്ട് ചെയ്ത് റിസീവിങ് കോള്‍സ് ടേപ്പ് ചെയ്യുന്ന ഒരു വിദ്യ. എങ്ങനെയാണ് അതിന്റെ ടെക്‌നിക് എന്ന് എനിക്കറിയില്ല. ആദ്യം എറണാകുളത്തുനിന്ന് ദാസേട്ടനെ വിളിച്ച് താന്‍ കണ്ടുപിടിച്ച സാധനത്തിന്റെ വിവരണം കൊടുത്തു. മദ്രാസിലുള്ള ദാസേട്ടന്‍ സംസാരിച്ചതെല്ലാം ഇവിടെ ടേപ്പ്‌ചെയ്തു. അത് ഫോണിലൂടെ കേള്‍പ്പിച്ചു. പാട്ടുകള്‍പോലും ഈവിധം ചെയ്യുമായിരുന്നു. മക്കള്‍ മദ്രാസില്‍നിന്നു വിളിക്കുമ്പോള്‍ അവരുടെ സംസാരം മുഴുവനും ടേപ്പ് ചെയ്യും. ആ കാസെറ്റുകള്‍ക്ക് രവിയേട്ടന്‍ എഴുതിവെച്ചിരിക്കുന്ന പേര് കുടുംബവിശേഷം എന്നാണ്. മൂന്നുനാല് കാസെറ്റുകളുണ്ട്. ഇന്നും വല്ലപ്പോഴും ഞങ്ങളതിട്ടുകേള്‍ക്കും. മക്കളേ എന്നുള്ള ഏട്ടന്റെ വിളിതന്നെ ഞങ്ങളെ കരയിക്കും. അത്രയ്ക്ക് സ്‌നേഹം ഒരു വിളിയിലുണ്ടായിരുന്നു.
രവിയേട്ടന്റെ കമ്പോസിങ് സ്റ്റൈലും തനിയാണ്. വീട്ടില്‍ കമ്പോസിങ് നടക്കുന്ന ദിവസങ്ങളില്‍ രാവിലെതന്നെ അസിസ്റ്റന്റും തബല പ്ലെയറും എത്തും. അവര്‍ കമ്പോസിങ് മുറിയില്‍ രവിയേട്ടനുവേണ്ടി കാത്തിരിക്കും. രവിയേട്ടനോ, രാവിലെ എന്തെങ്കിലും മരാമത്ത് പണിയിലേര്‍പ്പെട്ടിട്ടുണ്ടാവും. അവര്‍ കാത്തിരിക്കുന്നുവെന്നു കരുതി ഈ പണി നിര്‍ത്തിവെക്കുകയൊന്നുമില്ല. ഇടയ്ക്ക് വിളിച്ചുപറയും പ്രദീപേ (തബലിസ്റ്റ്) ഈ താളത്തില്‍ വായിച്ചോളൂ. അയാള്‍ വായിച്ചുകൊണ്ടിരിക്കും. ഏറെനേരം കഴിഞ്ഞാലും ചേട്ടനെ കാണാതാകുമ്പോള്‍ പ്രദീപ് വായന നിര്‍ത്തും. ഉടനെ ഏട്ടന്‍ വിളിച്ചുപറയും, നിര്‍ത്തേണ്ട, വായിച്ചോളൂ. പാവം പ്രദീപ് വായന വീണ്ടും തുടരും.
പണിയൊക്കെ പൂര്‍ത്തിയാക്കി, കുളിയൊക്കെ കഴിഞ്ഞ്, സ്വാമിറൂമില്‍ കയറിയൊന്ന് തൊഴുത് (കുളിക്കുന്നതേതുസമയമോ അതാണ് ഏട്ടന്റെ പൂജാസമയം) നേരെ കമ്പോസിങ് റൂമില്‍ ചെല്ലും. ചിലപ്പോള്‍ ഇത് വൈകുന്നേരമോ രാത്രിയോ ആകാം. ഹാര്‍മോണിയം മുന്നില്‍വെച്ച് വിരലുകള്‍ ചലിക്കുന്നതോടൊപ്പം ചുണ്ടില്‍ അതിമനോഹരമായ ഒരു ഈണവുമുണ്ടാകും. അഞ്ചുനിമിഷത്തിനുള്ളില്‍ പാട്ട് റെഡി. മറ്റു പണികള്‍ കൈകള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും മനസ്സ് സംഗീതത്തിന്റെ കാണാപ്പുറങ്ങളിലായിരിക്കും. ഇതായിരുന്നു രവിയേട്ടന്റെ രീതി. ഇനി പണിയൊന്നും ചെയ്യാനില്ലെങ്കില്‍കൂടി വന്നിരിക്കുന്നവരുമായി, ചിലപ്പോള്‍ നിര്‍മാതാവും സംവിധായകനുമൊക്കെയുണ്ടാവും, സംസാരിച്ചുകൊണ്ടേയിരിക്കും. പലരും മനസ്സില്‍ ചിന്തിക്കും ഇദ്ദേഹത്തിന് ഈ സംസാരമൊന്ന് നിര്‍ത്തിയിട്ട് കമ്പോസിങ് തുടങ്ങരുതോ എന്ന്. നീണ്ട സംസാരമവസാനിക്കുമ്പോള്‍ പുതിയൊരു ട്യൂണ്‍ രവിയേട്ടന്റെ ചുണ്ടുകളിലുണ്ടാവും. അത് എല്ലാവര്‍ക്കും സ്വീകാര്യവുമായിരിക്കും. അഞ്ചുനിമിഷം വേണ്ട ഒരു ഈണമുണ്ടാക്കാന്‍. പക്ഷേ, അതിന് അന്‍പതുനിമിഷം പാഴാക്കിക്കളയും എന്നും ചിലര്‍ പറയാറുണ്ട്.
ചിട്ടപ്പെടുത്താത്ത സ്വപ്നങ്ങള്‍
പാട്ടുകള്‍ ജനസമ്മതമായിരുന്നെങ്കിലും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടുവെങ്കിലും അത് കൂടുതലായി വെളിച്ചത്തുകൊണ്ടുവരാനുള്ള സന്ദര്‍ഭങ്ങള്‍ കുറവായിരുന്നു. 26 വര്‍ഷങ്ങളില്‍ അധികപക്ഷം 250 ചിത്രങ്ങള്‍. അവയിലൂടെ ആയിരത്തിലധികം ഗാനങ്ങള്‍. കൂടാതെ കുറെ ആല്‍ബങ്ങളും സീരിയല്‍ ഗാനങ്ങളും. ഇത്രയുമൊന്നുമായിരുന്നില്ല രവീന്ദ്രന്‍മാഷിന്റെ സംഗീതശേഖരത്തിലുണ്ടായിരുന്നത്. അക്ഷയപാത്രമായിരുന്നു അത്. നഷ്ടം സംഭവിച്ചത് ആസ്വാദകര്‍ക്കാണ്.
1997-ല്‍ ബിച്ചു തിരുമലയുമൊത്ത് ഒരു വര്‍ക്ക് ചെയ്തുവെച്ചിരുന്നു: അയ്യപ്പചരിതം. ബാലെ രീതിയില്‍ ഒരു മനോഹര സംരംഭം. പക്ഷേ, സ്‌പോണ്‍സര്‍ ചെയ്യാനാളുണ്ടായില്ല. കാസെറ്റ് കമ്പനികളൊന്നും സന്നദ്ധത കാട്ടിയില്ല. അങ്ങനെ പല പദ്ധതികളും പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും പ്രോത്സാഹിപ്പിക്കാനാരുമുണ്ടായില്ല.
അവസാനം 2004-ലും ഉണ്ടായി വളരെയധികം പ്രയത്‌നങ്ങള്‍. കവി രമേശന്‍നായര്‍ക്കറിയാം എന്തൊക്കെയായിരുന്നു ആലോചനയിലുണ്ടായിരുന്ന പദ്ധതികളെന്ന വിശദാംശങ്ങള്‍.
രവിയേട്ടന്റെ അറുപതാം പിറന്നാള്‍, സിനിമാ സംഗീതരംഗത്തു പ്രവേശിച്ചിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന വര്‍ഷം കൂടിയായിരുന്നു. ഗംഭീരമായാഘോഷിക്കാന്‍ സുഹൃത്തുക്കള്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഏട്ടന്‍ താത്പര്യം കാണിച്ചില്ല. പിറന്നാള്‍ പ്രമാണിച്ച് മക്കള്‍ വന്നിരുന്നു. ഞങ്ങളെല്ലാവരും കൂടി തലേദിവസം തന്നെ ഗുരുവായൂര്‍ക്ക് പോയി. നിര്‍മാല്യം മുതലുള്ള പൂജകളില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ഭഗവാന്റെ പ്രസാദമൂട്ടിലും പങ്കെടുത്തു. ആരെയുമറിയിച്ചിരുന്നില്ലെങ്കിലും ഇന്ത്യാവിഷന്‍ ചാനലുകാര്‍ രവിയേട്ടന്‍ ഗുരുവായൂരിലുണ്ടെന്നറിഞ്ഞ് അതിരാവിലെ അവിടെയെത്തി. രവിയേട്ടന്റെ ആ ഒരു ദിവസം മുഴുവന്‍ ഷൂട്ടുചെയ്തു.
ഗുരുവായൂരപ്പനെ കണ്ടുമടങ്ങിയ ആള്‍ നല്ല ഉഷാറിലായിരുന്നു. ആയിടയ്ക്കുവന്ന രണ്ടുമൂന്നു പടങ്ങള്‍ തിരസ്‌കരിച്ചു. വെറും അടിപൊളി പാട്ടുകള്‍ മാത്രം ആവശ്യപ്പെട്ടവയായിരുന്നു അവ. ലജ്ജാവതിയേ പോലൊരു പാട്ടുവേണമെന്ന് വിവരമില്ലാത്ത ഒരു സംവിധായകന്‍ മനസ്സാക്ഷിക്കുത്ത് ഒട്ടുമില്ലാതെ രവിയേട്ടനോടാവശ്യപ്പെട്ടു. അയാളെ ഒരു ദാക്ഷിണ്യവും കൂടാതെ വിരട്ടിയോടിച്ചു.
സിനിമാ സംഗീതത്തിന്റെ ഗതി മറ്റൊരു ട്രാക്കിലേക്ക് മാറിക്കൊണ്ടിരിക്കുന്നത് മനോവിഷമത്തോടെ മനസ്സിലാക്കുന്നുണ്ടായിരുന്നു. ഇനിയും നല്ല പാട്ടുകള്‍ ചെയ്യാനുള്ള സന്ദര്‍ഭം കിട്ടാതെ പോകുമോ എന്ന് കുണ്ഠിതപ്പെട്ടു രവിയേട്ടന്‍. അടിപൊളി പാട്ടുകളോടെതിര്‍പ്പ് ഉണ്ടായിട്ടല്ല. കൂടെ രണ്ടുപാട്ടെങ്കിലും കേള്‍ക്കാനുണ്ടാകണം എന്നായിരുന്നു ഏട്ടന്റെ പക്ഷം.
സിനിമയിലൂടെയല്ലാതെ തന്റെ സംഗീതം ജനങ്ങളിലേക്കെത്തിക്കാനുള്ള മാര്‍ഗങ്ങളാലോചിച്ചു രവിയേട്ടന്‍. മാത്രമല്ല അടുത്ത വര്‍ഷം മുതല്‍ സംഗീതക്കച്ചേരി ചെയ്യാനുള്ള തയ്യാറെടുപ്പും ആരംഭിച്ചു.
രവിയേട്ടന്റെ സ്വപ്നത്തിലുണ്ടായിരുന്ന സംഗീത അക്കാദമി തുടങ്ങുന്നതിനുവേണ്ടി തൃപ്പൂണിത്തുറയില്‍ ഹരിയുടെ സഹായത്തോടെ കുറച്ചു സ്ഥലംവാങ്ങി. ചെറുപ്പം തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു രവിയേട്ടന്. എച്ച്.ഡി.എഫ്.സി. ബാങ്കുമായി ലോണിനുവേണ്ടിയുള്ള ഒരു ധാരണയുണ്ടാക്കി.
വിടവാങ്ങല്‍
പുതിയ പുതിയ പ്ലാനുകളും പദ്ധതികളും മനസ്സില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ 2004 ഡിസംബര്‍ അവസാനം സാധാരണ മഞ്ഞുകാലത്ത് വരാറുള്ളതുപോലെ ഒരു ജലദോഷം പിടിപെട്ടു രവിയേട്ടന്. പാവക്കുളത്തപ്പനെക്കുറിച്ച് 'ശിവംശിവകരം ശാന്തം' എന്ന കാസറ്റിന്റെ വര്‍ക്ക് നടന്നുകൊണ്ടിരിക്കയായിരുന്നു അപ്പോള്‍. ഈ കാസറ്റില്‍ ഒരു പാട്ട് രവിയേട്ടനും പാടുന്നുണ്ടായിരുന്നു. ചുമ മാറിയിട്ട് പാടാമെന്ന് കരുതിയെങ്കിലും ജനവരിയില്‍ കാസറ്റ് റിലീസിങ് ചെയ്യേണ്ടിയിരുന്നതിനാല്‍ ആ അവസ്ഥയില്‍ തന്നെ പാടി. വളരെ മനോഹരമായി ഒറ്റ ടേക്കില്‍ത്തന്നെ പാടിത്തീര്‍ത്തു. ഭംഗിയായി കാസറ്റ് റിലീസിങ്ങും നടന്നു. പാവക്കുളത്തപ്പന് അത് അന്ത്യോപഹാരമായി മാറുമെന്ന് സ്വപ്നത്തില്‍പ്പോലും ചിന്തിച്ചില്ല.
നവവത്സരാഘോഷത്തിനായി മക്കള്‍ വന്നിരുന്നു. സാജു ആദ്യമായി സംഗീതസംവിധാനം ചെയ്ത തെലുങ്കുപടത്തിലെ റെക്കോഡ് ചെയ്ത മൂന്നുപാട്ടുകള്‍ അച്ഛനെ കേള്‍പ്പിച്ചു. രവിയേട്ടന് നന്നായി ബോധിച്ചു പാട്ടുകള്‍. മകന്റെ മൂര്‍ദ്ധാവിലുമ്മവെച്ച് അനുഗ്രഹിച്ചു.
അച്ഛനും മക്കളും ചേര്‍ന്ന് ന്യൂ ഇയര്‍ ഗംഭീരമായി ആഘോഷിച്ചു. വളരെ വളരെ ഹാപ്പിയായിരുന്നു രവിയേട്ടന്‍.
ചുമയും കഫക്കെട്ടുംകൊണ്ട് ബുദ്ധിമുട്ടുമ്പോഴും വിക്‌സ് പുരട്ടി സിഗരറ്റ് വലിക്കുന്ന അച്ഛനെ മക്കളുപദേശിച്ചു. ചുമ മാറുന്നവരെയെങ്കിലും ഇതൊന്ന് നിര്‍ത്തിവെക്കരുതോ. അതുകേട്ട് അച്ഛന്‍ ചിരിച്ചു. ഹേ അതൊന്നും സാരമില്ല മക്കളേ. പതുക്കെ മാറിക്കോളും എന്നുപറഞ്ഞ് സമാധാനിപ്പിച്ചു.
ജനവരി 22, കണ്ണൂര്‍ ടൗണ്‍ഹാളില്‍വെച്ചൊരു ഫ്‌ളവര്‍ഷോ ഉദ്ഘാടനം വളരെ മുന്‍പേ ഏറ്റിരുന്നതാണ്. യാത്ര വേണ്ട എന്ന് എത്ര പറഞ്ഞിട്ടും കേള്‍ക്കാതെ കാറില്‍ത്തന്നെ കണ്ണൂര്‍ക്ക് പോയി. ഫങ്ഷനില്‍ പ്രസംഗിക്കുമ്പോള്‍ വല്ലാത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടായിരുന്നുവെങ്കിലും അരമണിക്കൂര്‍ സംസാരിച്ചു. മടക്കയാത്രയില്‍ ചുമ വല്ലാതെ കൂടി. കട്ടകട്ടയായി കഫം തുപ്പിക്കൊണ്ടിരുന്നു. വെളുപ്പാന്‍കാലത്ത് മൂന്നുമണിയോടെ എറണാകുളത്ത് വീട്ടിലെത്തി ആഹാരമൊന്നും വേണ്ടെന്ന് പറഞ്ഞ് കിടന്നുറങ്ങി.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശബ്ദം തീരെയില്ലായിരുന്നു. ശോഭേ എന്ന് വിളിക്കാന്‍പോലുമായില്ല. ഉടനെതന്നെ അമൃതയിലേക്ക് പോയി. എക്‌സ്‌റേയും സ്‌കാനുമൊക്കെ കഴിഞ്ഞപ്പോള്‍ അവര്‍ കണ്ടെത്തി, ഫുഡ്‌പൈപ്പില്‍ ഒരു ഗ്രോത്ത് ഉണ്ട് എന്ന്. അവരത് പറയുമ്പോള്‍ അതിന്റെ സീരിയസ്‌നസ് എനിക്ക് മനസ്സിലായില്ല. ബയോപ്‌സി ചെയ്ത് ഈസോഫാഗസില്‍ കാന്‍സര്‍ ബാധിച്ചിരിക്കുന്നു എന്നവര്‍ വ്യക്തമാക്കുന്നതുവരെയും ഞാന്‍ തളര്‍ന്നിരുന്നില്ല. ഫിബ്രവരി ഒന്നാം തീയതിയായിരുന്നു നടുക്കുന്ന ആ സത്യമറിഞ്ഞത്. ഡോക്ടര്‍ അത് വിശദീകരിച്ച് പറഞ്ഞപ്പോള്‍, വരാനുള്ള ചില കാരണങ്ങള്‍ വിശദീകരിച്ചപ്പോള്‍, രവിയേട്ടനെന്നെ പരിതാപമായിട്ടൊന്ന് നോക്കി. ഏതൊരവസ്ഥയിലും ആത്മവിശ്വാസം കൈവിടാത്ത, തളരാത്ത രവിയേട്ടന്‍ തളരുന്നത് ഞാന്‍ കണ്ടു.
പ്രഗല്ഭനായ, മലയാളികളുടെ പ്രിയങ്കരനായ, ധിക്കാരിയെന്നും അഹങ്കാരിയെന്നും സിനിമക്കാര്‍ വിശേഷിപ്പിക്കുന്ന, രവീന്ദ്രസംഗീതത്തിന്റെ ഉടമയായ രവീന്ദ്രന്‍മാഷ് വെറുമൊരു സാധാരണ മനുഷ്യനായി പരിതപിച്ച് പുലമ്പിക്കൊണ്ടിരുന്നു. എനിക്ക് ഇങ്ങനെ ഒരസുഖം ദൈവമെന്തിന് തന്നു? ഞാന്‍ ഒരു പാപവും ചെയ്തിട്ടില്ലല്ലോ എന്ന് പറഞ്ഞുകൊണ്ടിരുന്നു.
അമൃതയില്‍ നിന്നും വീട്ടില്‍ വന്നശേഷം സ്‌നേഹവും ശ്രദ്ധാപൂര്‍വമായ ശുശ്രൂഷകൊണ്ടും ഏട്ടന്റെ ആത്മവിശ്വാസം കുറെയൊക്കെ
തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഞാന്‍ കൊടുക്കുന്ന ഭക്ഷണവും മരുന്നുകളും മടികൂടാതെ കഴിച്ചു. എന്റെ പ്രാര്‍ഥനകളില്‍ ആശ്വാസം കൊണ്ടു. ഇതിനിടയിലൊരുദിവസം നഷ്ടപ്പെട്ടുപോയ ശബ്ദം പൂര്‍വാധികം ഭംഗിയില്‍ തിരിച്ചുകിട്ടി. അതൊരു ശുഭസൂചനയായി കരുതി ഞങ്ങളല്പം സമാധാനിച്ചു.ജനവരിയില്‍ റിലീസായ 'വടക്കുംനാഥ'ന്റെ ഓഡിയോ വമ്പിച്ച വിജയമാണെന്നറിഞ്ഞതില്‍ ഏട്ടന് സന്തോഷം തോന്നി. എങ്കിലും ചായപ്പൊടിക്കൂട്ടിനുള്ളില്‍ സി.ഡി.വെച്ച് കച്ചവടം നടത്തിയ കാസറ്റ് നിര്‍മാതാവിന്റെ പ്രവൃത്തി ഏട്ടനെ വല്ലാതെ സങ്കടപ്പെടുത്തി.
രവിയേട്ടന് അസുഖം ഇത്ര സീരിയസ്സാണെന്ന് ഞങ്ങള്‍ക്ക് ബോധ്യംവന്നതുതന്നെ അപ്പോളോയിലെ ചീഫ് ഡോക്ടര്‍ പറഞ്ഞുതന്നപ്പോഴാണ്. ഈസോഫാഗസിലും ട്രഖിയയിലും ഒരേസമയം ബാധിച്ചിരിക്കുന്നു രോഗം. ഇനി ഹെവി കീമോ കൊടുക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല. രോഗിയേക്കാള്‍ ധൈര്യം വേണ്ടത് കൂടെയുള്ളവര്‍ക്കാണ്. ചികിത്സയ്ക്കുശേഷമുണ്ടാകുന്ന രോഗിയുടെ ശരീരവ്യതിയാനങ്ങള്‍, മാനസികത്തകര്‍ച്ച എല്ലാം അഭിമുഖീകരിക്കാന്‍ സന്നദ്ധരായിരിക്കണമെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ അപ്പോള്‍ത്തന്നെ അവിടെ ബോധംകെട്ട് വീഴുമെന്നെനിക്ക് തോന്നി.
കണ്ടുമുട്ടിയ കാലം മുതല്‍ തന്റേടത്തോടെ തലയുയര്‍ത്തി നടക്കുന്ന രവിയേട്ടനെ മാത്രമേ കാണേണ്ടിവന്നിട്ടുള്ളൂ. ജീവിതത്തിലെത്രയോ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നപ്പോഴും ഏട്ടനങ്ങനെ തളര്‍ന്നിരുന്നിട്ടില്ല. ശരിക്കും ആളുകള്‍ പറയാറുള്ളതുപോലെ ധിക്കാരിയും അഹങ്കാരിയും, ആരുടെ മുന്നിലും തലകുനിക്കാനിഷ്ടപ്പെടാത്ത സ്വഭാവമായിരുന്നു ഇന്നലെവരെയും. നാളെ പല്ലുകൊഴിഞ്ഞ സിംഹത്തെപ്പോലെ തളര്‍ന്നവശനായ രവിയേട്ടനെ കാണേണ്ടിവരുമോ? എനിക്കും മോനും ആ ചിന്തതന്നെ സഹിക്കാനായില്ല.
മാര്‍ച്ച് 1-ന് ഹോസ്പിറ്റലില്‍ പോകുന്നതിന് ഒരു ദിവസം മുന്‍പ് നവീനോടു പറഞ്ഞു, അച്ഛനു മീന്‍കറി വേണം. അയ്യോ കഴിക്കാന്‍ പാടില്ല എന്നു ഞാന്‍ പറഞ്ഞതു വകവെക്കാതെ മോന്‍ കുമരകം എന്ന കേരള ഹോട്ടലില്‍നിന്ന് ഒരു മുഴുത്ത കരിമീന്‍ കറി വെച്ചത് വാങ്ങിക്കൊണ്ടു കൊടുത്തു. ആര്‍ത്തിയോടെ രുചിച്ചു കഴിച്ചു. എന്തായാലും ആഗ്രഹിച്ച ഭക്ഷണം കഴിക്കാനായല്ലോ എന്നു ഞാന്‍ പിന്നീട് സമാധാനിച്ചു.
ഹോസ്പിറ്റലില്‍നിന്നും മടങ്ങുംവഴി കോദണ്ഡപാണി സ്റ്റുഡിയോയുടെ അടുത്തെത്തിയപ്പോള്‍ അവിടെയൊന്നു കയറിയിട്ടുപോകാം എന്നു പറഞ്ഞു രവിയേട്ടന്‍. നവീന്‍ കാര്‍ സ്റ്റുഡിയോയിലേക്ക് വിട്ടു. രവിയേട്ടന്‍ ഏറ്റവുമധികം ചിത്രങ്ങള്‍ക്കു വര്‍ക്ക് ചെയ്തിട്ടുള്ളത് ഈ സ്റ്റുഡിയോയില്‍ വെച്ചാണ്.
രവിയേട്ടനെ കണ്ടതും സ്റ്റാഫെല്ലാം ഓടിവന്നു. ചെന്നൈ വിട്ട് കേരളത്തിലേക്ക് പോയതിന് പരിഭവം പറഞ്ഞു. ഞാന്‍ തിരിച്ച് ഇവിടേയ്ക്കുതന്നെ വന്നു, ഇനി കേരളത്തിലേക്ക് പോകുന്നില്ല എന്നു രവിയേട്ടന്‍ പറഞ്ഞതുകേട്ട് അവരെല്ലാം സന്തോഷിച്ചു. എസ്.പി. ബാലസുബ്രഹ്മണ്യം അവിടെയുണ്ടായിരുന്നു. മുകളിലത്തെ മുറിയില്‍ പോയി അദ്ദേഹത്തെയും കണ്ടു.
രവിയേട്ടനെ കണ്ടതും എസ്.പി. ബാലസുബ്രഹ്മണ്യം വളരെ സന്തോഷിച്ചു. രവീ നീ ഇവിടംവിട്ടു പോകേണ്ടായിരുന്നു എന്നദ്ദേഹം പറഞ്ഞു. തിരിച്ച് ഇവിടെ വന്നുവെന്നറിഞ്ഞതില്‍, വളരെ നന്നായി എന്നഭിപ്രായം പറഞ്ഞു അദ്ദേഹം. അര മണിക്കൂറോളം ഓരോന്ന് സംസാരിച്ചിരുന്ന് ഞങ്ങളിറങ്ങി. ഞാന്‍ അമേരിക്കയില്‍ പോകുകയാണ്. വന്നിട്ടു കാണാം എന്നുപറഞ്ഞു എസ്.പി.ബി. വീട്ടിലെത്തിയപ്പോള്‍ രണ്ടുമണി. നവീന് റെക്കോഡിങ്ങുണ്ടായിരുന്നു. വൈകുന്നേരം വരാമെന്നു പറഞ്ഞ് കാറുമെടുത്ത് അവന്‍ പോയി.
ശോഭേ, എനിക്കു വിശക്കുന്നു. രവിയേട്ടന്‍ പറഞ്ഞതു കേട്ട് വസ്ത്രം പോലും മാറാന്‍ നില്‍ക്കാതെ ഞാനടുക്കളയിലേക്കു കയറി. ഹാളില്‍ രവിയേട്ടനും രാജുവും സംസാരിച്ചിരുന്നു. ഗ്യാസ് കത്തിച്ച് വെള്ളം അടുപ്പില്‍വെച്ച്, ഓട്‌സ് കാച്ചിക്കൊടുക്കാമെന്നു കരുതി അതെടുത്തു വെള്ളത്തിലേക്കിട്ടതേയുള്ളൂ. ശോഭേ എന്നു വിളികേട്ട് ഞാനടുക്കളയില്‍നിന്നും പുറത്തേക്കു വരുന്നതിനു മുന്‍പ് ഏട്ടന്‍ അടുക്കളയിലേക്ക് വന്നു. കൈ നെഞ്ചില്‍ തൊട്ടുകാണിച്ചു. ശ്വാസമെടുക്കാനാകുന്നില്ല. രവിയേട്ടന്റെ മുഖം വിളറിയിരുന്നു. പൂജാമുറിയില്‍നിന്നും തുളസിതീര്‍ഥം കൈയിലിറ്റിച്ചുകൊടുത്തു ഞാന്‍. അത് വായ്ക്കുള്ളിലെത്തിയോയെന്നറിയില്ല.
രാജൂ, ബാലുവിനെ വിളി. ഞാനലറിക്കരഞ്ഞു. ഊരിയിട്ടിരുന്ന ജൂബ്ബ ഏട്ടനെടുത്തിട്ട് വാതിലിനടുത്തേക്കു നടന്നു. പക്ഷേ, വാതില്‍ കടക്കാനായില്ല. ശരീരം കുഴഞ്ഞ് എന്നെ ചായ്ച്ചുകൊണ്ട് ഏട്ടന്‍ ഊര്‍ന്നുവീണു. ഞാനുറക്കെ വിളിച്ചു. ഹൃദയം പൊട്ടിപ്പോകുന്ന തരത്തിലുറക്കെ വിളിച്ചു. രാജു വിളിച്ചു. ആരുടെ വിളിയും ഏട്ടന്‍ കേട്ടില്ല.
ഒരു നിമിഷത്തില്‍ ഒരാള്‍ക്കു മരണം സംഭവിക്കുമോ? ഞാനിതിനു മുന്‍പൊരിക്കലും മരണം കണ്ടിട്ടുണ്ടായിരുന്നില്ല. മരണം എനിക്ക് ഭയമായിരുന്നു. മരണം സംഭവിക്കുന്ന വീടുകളില്‍പോലും ഞാനൊരിക്കലും പോയിട്ടില്ല. അതുകൊണ്ടാണ് മരണം എന്നെത്തേടി എന്റെ വീട്ടിലേക്ക് വന്നത്.
ആദ്യത്തെ ഒന്നുരണ്ടാഴ്ചകള്‍ വാസ്തവത്തില്‍ എനിക്ക് ദുഃഖം തോന്നിയതേയില്ല. ഞാന്‍ ആഹാരം കഴിച്ചു, ഉറങ്ങി, വര്‍ത്തമാനം പറഞ്ഞു, ചിലപ്പോള്‍ ചിരിക്കുകകൂടി ചെയ്തു. രവിയേട്ടനെവിടെയോ കമ്പോസിങ്ങിനു പോയിരിക്കുന്ന പോലെ. ദിവസവും നൂറുതവണ കേള്‍ക്കുന്ന ശോഭേ വിളി കേള്‍ക്കാതെ, ഫോണിലൂടെയും അതു കേള്‍ക്കാതായപ്പോള്‍ മെല്ലെ മെല്ലെ എന്റെ മസ്തിഷ്‌കത്തിലേക്ക് യാഥാര്‍ഥ്യം തുളച്ചിറങ്ങി. എന്തൊക്കെയാണ് പിന്നെ ഞാന്‍ കാട്ടിക്കൂട്ടിയതെന്ന് എനിക്കറിയില്ല. അനുഭവിച്ചവര്‍ക്കു മാത്രമേ ആ ദുഃഖത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാകൂ.

NEWS LETTER
RSS











