വെച്ചൂച്ചിറ മധു
വൈദ്യശാസ്ത്രത്തിനുതന്നെ അത്ഭുതമാണ് ഡോ.സുബൈദാ ബീഗത്തിന്റെ രോഗത്തോടുള്ള പോരാട്ടം. നാലര പതിറ്റാണ്ടിനിടയില്‍ അഞ്ചുതവണ അര്‍ബുദം ആക്രമിച്ചിട്ടും കീഴടങ്ങാത്ത ഡോക്ടറുടെ കഥ രോഗികള്‍ക്ക് എന്നും പ്രചോദനമായിരുന്നു. ഒടുവില്‍ ആഗസ്ത് 27ന് രാത്രി അവര്‍ കഥാവശേഷയായി.കൊല്ലത്തും ആലപ്പുഴയിലും തിരുവനന്തപുരത്തും ഡെപ്യൂട്ടി കളക്ടറായിരുന്ന മുഹമ്മദാലിയുടേയും കൊല്ലം ജോനകപ്പുറം കൊച്ചു പണ്ടാല വീട്ടില്‍ അബ്ദുള്‍ കരീമിന്റെ മകള്‍ സൗദാബീഗത്തിന്റെയും മകളായി 1947ല്‍ ജനിച്ച സുബൈദാ ബീഗം കൊല്ലം ഗവ.ഗേള്‍സ് ഹൈസ്‌കൂളിലാണ് പഠിച്ചത്.
1966ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്.നു പഠിക്കുമ്പോളായിരുന്നു അര്‍ബുദത്തിന്റെ ആദ്യത്തെ ആഗമനം. വലതു കാല്‍പ്പാദത്തില്‍ എന്തോ കൊളുത്തി വലിക്കുന്നതുപോലെ അസഹ്യമായ വേദന അനുഭവപ്പെട്ടു. വിശദമായ പരിശോധനയില്‍ ട്യൂമര്‍ ആണെന്നു കണ്ടെത്തി. ഒരു വര്‍ഷം നീണ്ട ചികിത്സക്കൊടുവില്‍ വലതുകാല്‍ മുട്ടിന് മുകളില്‍വച്ച് മുറിക്കേണ്ടിവന്നു. ജയ്പ്പൂരില്‍ നിന്നുള്ള കൃത്രിമക്കാലിലാണ് പിന്നീട് അവര്‍ നടന്നത്.
പഠിത്തത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെട്ടെങ്കിലും മിടുക്കിയായ സുബൈദ നന്നായി പഠിച്ച് മികച്ച നിലയില്‍ എം.ബി.ബി.എസ്.ജയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ ഓങ്കോളജിയുടെ ആദ്യബാച്ചില്‍ എം.ഡി.ക്കു ചേര്‍ന്നത് യാദൃച്ഛികം. ജയിച്ചയുടനെ ലക്ചററായി നിയമനം. തുടര്‍ന്ന് കാലിക്കറ്റ് മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ തെറാപ്പി വിഭാഗത്തില്‍ അസി.പ്രൊഫസറായി സ്ഥാനക്കയറ്റം.
മാരുതി കമ്പനി കാലില്ലാത്തവര്‍ക്ക് ഓടിക്കാന്‍ പറ്റിയ കാര്‍ സുബൈദക്കു നിര്‍മ്മിച്ചു നല്‍കി. അത് ഓടിച്ച് ജീവിതം സന്തോഷകരമായി മുന്നോട്ടുപോയി. 1975-ല്‍ ഫറൂക്ക് കോളേജിലെ മാത്‌സ് പ്രൊഫസര്‍ പി.കെ.എം.യൂസുഫിനെ വിവാഹം കഴിച്ചു. മക്കളില്ലെങ്കിലും സഹോദരങ്ങളുടെ മക്കളെ സ്‌നേഹിച്ചു.
1988-ല്‍ അര്‍ബുദം രണ്ടാമതും ഫണമുയര്‍ത്തി. ഇടത്തേ മാറില്‍ കണ്ട മുഴ പരിശോധനയില്‍ സ്തനാര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ. ശസ്ത്രക്രിയ, കീമോ തെറാപ്പി- സുന്ദരിയായ സുബൈദാബീഗത്തിന്റെ മുടി കൊഴിഞ്ഞിട്ടും അവര്‍ കുലുങ്ങിയില്ല.
ആറുമാസത്തെ ചികിത്സയ്ക്കുശേഷം കാലിക്കറ്റ് മെഡിക്കല്‍ കോളേജില്‍ റേഡിയോതെറാപ്പി വകുപ്പില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. റേഡിയേഷന്‍ നല്‍കുമ്പോള്‍ രോഗികളോട് പറയും-'ഞാനും ഒരു അര്‍ബുദരോഗിയാണ്'-രോഗികള്‍ക്ക് അത് ആത്മവിശ്വാസം പകര്‍ന്നു. 90-ല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായി. 97-ല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ ഓങ്കോളജി വിഭാഗം മേധാവി.
മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കുമ്പോള്‍ വീടിനുമുന്നില്‍ ഡോക്ടര്‍ ഒരു ബോര്‍ഡ് തൂക്കിയിരുന്നു-''ആസ്പത്രിയിലുള്ള രോഗികളോ അവരുടെ ബന്ധുക്കളോ വീട്ടില്‍ വരരുത്''.2002-ല്‍ തലയുടെ ഇടതുഭാഗത്ത് ചെവിക്കുപിന്നില്‍ കണ്ട തടിപ്പ് കാന്‍സറാണെന്ന് ബയോപ്‌സിയില്‍ കണ്ടെത്തി. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ഡയറക്ടര്‍ കൃഷ്ണന്‍നായരുടെ ചികിത്സ. തുടര്‍ന്ന് ജോലിയില്‍നിന്ന് വിരമിച്ച് തിരുവനന്തപുരത്ത് പേയാട് സൈ്കലൈന്‍ വില്ലയില്‍ താമസമാക്കി.
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി നിയമനം ലഭിച്ചപ്പോള്‍ ഭര്‍ത്താവുമൊത്ത് താമസം തലശ്ശേരിയിലേക്ക് മാറ്റി. ജീവിതം ശാന്തമായി മുന്നോട്ടുപോകവെ 2006ല്‍ വലതു കൈയുടെ ഷോള്‍ഡര്‍ സ്പിന്നിനുചുറ്റും കടുത്ത വേദന അനുഭവപ്പെട്ടു. ടെസ്റ്റില്‍ ഫലം ഭയന്നതുതന്നെയായിരുന്നു.തലശ്ശേരിയോട് വിടപറഞ്ഞ് വീണ്ടും ആര്‍.സി.സി.യില്‍ ചികിത്സ. 2007-ല്‍ വീണ്ടും അസ്വസ്ഥത. ഇക്കുറി കരളിനെയാണ് കാന്‍സര്‍ തകര്‍ത്തത്. ആര്‍.സി.സി.യില്‍ ചികിത്സ തുടര്‍ന്നു. പിന്നീട് ഉത്രാടം തിരുനാള്‍ ആസ്പത്രിയിലും. നാലരപ്പതിറ്റാണ്ട് അര്‍ബുദരോഗത്തോട് പൊരുതിനിന്ന ഡോ. സുബൈദ ഒടുവില്‍ മരണത്തിനു കീഴടങ്ങി.
ഡോ.സുബൈദാ ബീഗത്തിന്റെ ഇച്ഛാശക്തിയും ഈശ്വര വിശ്വാസവുമാണ് മരുന്നുകള്‍ക്കൊപ്പം അവരുടെ ആയുസ്സ് നീട്ടിയതെന്ന് ഡോ. എം.കൃഷ്ണന്‍ നായര്‍ പറയുന്നു. മനസ്സ് വിഷമിക്കുമ്പോഴും തളരുമ്പോഴും ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമെന്ന് ഡോ. സുബൈദയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അര്‍ബ്ബുദ രോഗികള്‍ സന്തോഷത്തോടെ ജീവിക്കണം.
രോഗിയായ ഭാര്യയെ പൊന്നുപോലെ സംരക്ഷിച്ച പ്രൊഫ. യൂസുഫ് മാതൃകാഭര്‍ത്താവാണ്. സഹകരണ വകുപ്പ് റിട്ട. ജോയിന്റ് രജിസ്ട്രാര്‍ നിസാമുദ്ദീന്‍, ആറളം ഫാമിന്റെ മുന്‍ ഡയറക്ടര്‍ അബ്ദുള്‍ കലാം, റമീസാബീഗം എന്നിവര്‍ സഹോദരങ്ങളാണ്. മരുന്നും പ്രാര്‍ത്ഥനയുമായി നാലരപ്പതിറ്റാണ്ടു അര്‍ബുദത്തോടു പടവെട്ടിയ ഡോ. സുബൈദാബീഗം എല്ലാ അര്‍ബുദരോഗികള്‍ക്കും ഒരു 'റോള്‍ മോഡല്‍' ആണ്.

NEWS LETTER
RSS











