ഹോമായ് വ്യാരാവല്ല-ഇന്ത്യയുടെ ആദ്യത്തെ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റുകളില്‍ ഒരാള്‍. ഇവരെടുത്ത ചിത്രങ്ങള്‍ ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് കാണാനെത്തുന്നവരുടെ കണ്ണുകള്‍ക്ക് ഒരു വിരുന്നായിരിക്കും. കഴിഞ്ഞകാല ഇന്ത്യയുടെ ഗൃഹാതുര ഓര്‍മകള്‍ പേറുന്ന മനോഹരമായ ചിത്രങ്ങള്‍. ഒരു വനിതയുടെ കണ്ണിലൂടെ, അവര്‍ കൈകാര്യം ചെയ്ത ലെന്‍സിലൂടെ ഇവ പുറത്തുവന്നപ്പോള്‍ ഉണ്ടായത് മനോഹരമായ ചിത്രങ്ങള്‍ മാത്രമല്ല-അവരുടെ കാഴ്ചപ്പാടുകള്‍ കൂടിയാണ്. യുദ്ധകാലത്തെ അഗ്നിശമനാസേനാംഗങ്ങളുടെ ജീവിതത്തിലൂടെ ഒരു ദിവസം - അപകടം നടന്നതിനെക്കുറിച്ച് അവര്‍ക്ക് ഫോണ്‍ വിളി വന്നതുതൊട്ട് നിരനിരയായി തൂക്കിയിട്ടിരിക്കുന്ന യൂണിഫോമുകള്‍ ധരിക്കുന്നതും തീ അണയ്ക്കുന്നതും വരെയുള്ള ചിത്രങ്ങള്‍-1940കളില്‍ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലിയില്‍ തലക്കെട്ടുകളോടെ പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ വ്യാരാവല്ലയുടെ വ്യക്തിപരമായ ശേഖരത്തില്‍ നിന്നെടുത്തതാണ്. വ്യാരവല്ല റെട്രോസ്‌പെക്ടീവിന്റെ ഭാഗമായി ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്‌സിലാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആഗസ്ത് 27ന് ആരംഭിച്ച പ്രദര്‍ശനം ഒക്ടോബര്‍ 31 വരെ തുടരും.
രണ്ടാം ലോകമഹായുദ്ധ സമയത്ത് പൊതുജനത്തിന് നല്‍കിയ പരിശീലനത്തിന്റെ ഭാഗമായി വ്യോമാക്രമണം തടയുന്നതിന് വേണ്ടിയുള്ള മോക്ക് ഡ്രില്ലില്‍ പങ്കെടുത്ത സാരിയുടുത്ത സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഈ ശേഖരത്തില്‍ കാണാം. മരങ്ങള്‍ പന്തലിച്ച് നില്‍ക്കുന്ന കൊണാട്ട് പ്ലേസിലെ തെരുവുകള്‍, ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യദിനത്തിലെ രാജ്പഥിന്റെ ആകാശക്കാഴ്ച, ഇന്ത്യയിലെ പ്രഥമ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ചിരിച്ചുകൊണ്ട് പോകുന്ന ഒരു കൂട്ടം സ്ത്രീകള്‍... ഇങ്ങിനെ ഒരു രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതചിത്രങ്ങള്‍ ഒരു വലിയ ചരിത്രം നിങ്ങളുടെ മുന്നില്‍ തുറന്നിടുന്നു.
രാജ്യത്തിന്റെ ഓരോ മിടിപ്പുകളും ഒപ്പിയെടുത്ത ഇരുന്നൂറ് ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഓരോ ചിത്രത്തിനും സാമൂഹികവും നരവംശവും ചരിത്രപരവുമായ പ്രാധാന്യമുണ്ട്. ഒരു കലാകാരിയുടെ ജീവിതം ആഘോഷിക്കുക മാത്രമല്ല, മറിച്ച് കഴിഞ്ഞ കാലത്തിന്റെ കാഴ്ചാസംസ്‌കാരം പുതിയ തലമുറയ്ക്ക് കാണിച്ചുകൊടുക്കുക കൂടിയാണ് ഞങ്ങള്‍ ചെയ്യുന്നത്-നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്‌സിന്റെ ഡയറക്ടര്‍ രാജീവ് ലോചന്‍ പറഞ്ഞു.
ഇന്ത്യന്‍ വിഭജനത്തിന് നേതാക്കള്‍ തീരുമാനമെടുത്ത യോഗത്തിന്റേത് ഉള്‍പ്പടെ ഇന്ത്യന്‍ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള സംഭവങ്ങള്‍ വരെ വ്യാരാവല്ല ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. 1947 ആഗസ്ത് 16ന് ചെങ്കോട്ടയില്‍ ആദ്യമായി ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്, മൗണ്ട് ബാറ്റണ്‍ പ്രഭു ഇന്ത്യ വിട്ടത്, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്നിവരുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ എന്നീ ചരിത്രമുഹൂര്‍ത്തങ്ങളെല്ലാം വ്യാരാവല്ല തന്റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
1940കളിലെ മുംബൈയിലെ നിത്യജീവിതവും 1950ലും 60ലും ഡല്‍ഹിക്കാരുടെ വിശ്രമവേളകളും ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ സാധാരണക്കാരുടെ ജീവിതം പകര്‍ത്തിയെടുത്തവയാണ്. 1913ല്‍ ഒരു പാഴ്‌സി കുടുംബത്തില്‍ ജനിച്ച വ്യാരാവല്ല 1942ല്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മാറി. ഇവിടെ വെച്ച് ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസില്‍ ഉദ്യോഗസ്ഥയാവുകയും സ്വാതന്ത്യസമരത്തിന്റെ പല ചിത്രങ്ങളുമെടുക്കുകയും ചെയ്തു.
1938ല്‍ മുംബൈയിലെ സ്ത്രീകളുടെ ക്ലബില്‍ നിന്നുള്ളവരുടെ പിക്‌നിക്കിന്റെ ചിത്രങ്ങളെടുത്താണ് വ്യാരാവല്ലയുടെ തുടക്കം. അവരുടെ ചിത്രങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് 'ബോംബെ ക്രോണിക്കിള്‍' എന്ന പത്രത്തിലായിരുന്നു. ഒരു ചിത്രത്തിന് ഒരു രൂപ വെച്ചായിരുന്നു പ്രതിഫലം.
തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ അതിന്റെ സ്വാഭാവികതയില്‍ പകര്‍ത്താന്‍ ആഗ്രഹിച്ച ഫോട്ടോഗ്രാഫറായിരുന്നു വ്യാരാവല്ല. എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദര്‍ശനം അവര്‍ ഓര്‍ത്തെടുക്കുന്നത് നോക്കുക - രാഷ്ട്രപതി ഭവനിലെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ആദ്യം രാജ്ഞിയെയും രാജാവിനെയും പരിചയപ്പെടുത്തിയത്. അത് മഞ്ഞുകാലമായിരുന്നു. പേഷാവരി സല്‍വാറും ജൂട്ടീസും കറുത്ത കോട്ടുമായിരുന്നു എന്റെ വേഷം. ഒരുപക്ഷേ എന്റെ തോന്നലായിരിക്കാം, അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി വസ്ത്രം ധരിച്ചത് കൊണ്ടായിരിക്കാം അവര്‍ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു'.
1959ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍ഹോവറിന്റെ ഇന്ത്യാ സന്ദര്‍ശനസമയത്ത് ഡല്‍ഹിയിലെ രാംലീല മൈതാനത്തുവെച്ച് അദ്ദേഹത്തിന്റെ ചിത്രമെടുക്കാന്‍ ബുദ്ധിമുട്ടിയത് വ്യാരവല്ലയുടെ ഓര്‍മകളില്‍ ഇപ്പോഴുമുണ്ട്. ഇരട്ട ചങ്ങല പോലെ, ചുമലിനോട് ചുമല്‍ ചേര്‍ന്ന് നടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഐസന്‍ഹോവറിനെ വളഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ ചിത്രമെടുക്കുന്നതില്‍ വ്യാരവല്ല എങ്ങിനെയൊക്കെയോ വിജയിച്ചു.
ഇപ്പോള്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ വ്യാരവല്ല സ്വയം പ്രിന്റെടുത്ത യഥാര്‍ത്ഥ സില്‍വര്‍ ജലാറ്റിന്‍ പ്രിന്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ പഴയ ക്യാമറകള്‍, ഫോട്ടോ എടുക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്.

NEWS LETTER
RSS











