കെ.വി.കല
സൗത്ത് ആഫ്രിക്കയില്‍ നവംബറില്‍ നടക്കുന്ന ലോക പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനം എടുത്തുയര്‍ത്താന്‍ അവസരം ലഭിച്ചിട്ടും ദേശീയ ചാമ്പ്യയായ കോഴിക്കോട്ടുകാരി ഇ. ഷമിക്ക് മനംമറന്ന് ആഹ്ലാദിക്കാനാവുന്നില്ല. മനസ്സും ശരീരവും ഏകാഗ്രമായ പരിശീലനത്തിന് മാറ്റിവെക്കേണ്ട നാളുകളിലും ചാമ്പ്യന്‍ഷിപ്പിന് പോകാനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഷമിയിപ്പോള്‍.ഈ മാസാവസാനം യാത്ര സംബന്ധിച്ച അവസാന തീരുമാനമറിയിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അവസാന മണിക്കൂറിലും തീരുമാനമെടുക്കാനാവാതെ അജ്ഞാതനായ ഒരു സ്‌പോണ്‍സറെ കാത്തിരിക്കുകയാണ് ഷമി.2008 ല്‍ പട്യാലയില്‍ നടന്ന ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡോടെ സ്വര്‍ണം നേടിയിട്ടും സ്‌പോണ്‍സര്‍മാരെ കിട്ടാത്തതിനാല്‍ ആ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവാത്തതിന്റെ വേദന ഇപ്പോഴും ഷമിയെ വിട്ടുപോയിട്ടില്ല.
കോയമ്പത്തൂരില്‍ ഈയിടെ സമാപിച്ച ദേശീയ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വനിതകളുടെ ഓവറോള്‍ വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയാണ് സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വീണ്ടും യോഗ്യത നേടിയത്. സ്‌കോട്ട് വിഭാഗത്തില്‍ സ്വര്‍ണവും ബെഞ്ച് വിഭാഗത്തില്‍ വെള്ളിയും നേടി ഡെഡ് ലിഫ്റ്റില്‍ 147.5 കിലോകൂടി ഉയര്‍ത്തിയതോടെ ഓവറോള്‍ വിഭാഗത്തില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കുകയായിരുന്നു.
2003 ല്‍ ലഖ്‌നൗവില്‍ നടന്ന ദേശീയ സബ്ജൂനിയര്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് മുതലാണ് ഷമി ദേശീയതലത്തില്‍ നേട്ടങ്ങള്‍ കൊയ്തുതുടങ്ങിയത്. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം നേടി കേരളത്തിന്റെ യശസ്സുയര്‍ത്തിയ ഷമി അതേവര്‍ഷം ഡല്‍ഹിയില്‍ നടന്ന ലോക സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യയുടെയും അഭിമാനമായി. 2007 ല്‍ ചെന്നൈയില്‍ നടന്ന ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പാണ് ഷമിയുടെ മറ്റൊരു തിളക്കമാര്‍ന്ന വിജയത്തിന് വേദിയായത്. അന്ന് ഓവറോള്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ ഈ പെണ്‍കുട്ടിക്കായിരുന്നു. അതേവര്‍ഷം പാരീസില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനവും സ്വന്തമാക്കി.2008 ല്‍ പട്യാലയില്‍ നടന്ന ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡോടെ സ്വര്‍ണം നേടിയിട്ടും ജീവിത പ്രാരബ്ധങ്ങള്‍ ലോകചാമ്പ്യന്‍ഷിപ്പിലേക്കുള്ള വഴിമുടക്കി.
2004 മുതല്‍ 2007 വരെ നടന്ന അഖിലേന്ത്യാ അന്തഃസര്‍വകലാശാലാ മത്സരങ്ങളിലെല്ലാം ഷമി മെഡലുകള്‍ വാരിക്കൂട്ടി.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പവര്‍ലിഫ്റ്റിങ് പരിശീലകയായ ശൈലജയാണ് ഷമിയുടെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞത്. തളിയിലെ ഗോള്‍ഡസ് ജിംനേഷ്യത്തിലെ അനില്‍കുമാറാണ് ഇപ്പോള്‍ പരിശീലകന്‍. ഇവിടത്തെ പരിശീലനം ഏറെക്കുറെ സൗജന്യമാണ്. എപ്പോഴെങ്കിലും നല്കുന്ന ചെറിയ തുക ഫീസെന്നുകരുതാന്‍ കഴിയില്ലെന്നു ഷമി പറയുന്നു.
വീണ്ടുമൊരു ലോക ചാമ്പ്യന്‍ഷിപ്പുകൂടി എത്തുമ്പോള്‍ ഈ ദേശീയതാരത്തിന്റെ മനസ്സില്‍ ആശങ്ക നിറയുകയാണ്. ഷമി കൊച്ചുകുഞ്ഞായിരിക്കുമ്പോഴാണ് അച്ഛന്‍ വാസുദേവന്‍ നായര്‍ മരിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ശുചീകരണവിഭാഗം താത്കാലിക ജീവനക്കാരിയായ അമ്മ ശ്യാമളയ്ക്ക് മകളുടെ നിര്‍ഭാഗ്യമോര്‍ത്ത് കണ്ണീരൊഴുക്കാനേ നിവൃത്തിയുള്ളൂ. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒടുമ്പ്രയിലെ കുഞ്ഞുവീട്ടിലിരുന്ന് ഷമി ലക്ഷങ്ങള്‍ വരുന്ന യാത്രാച്ചെലവോര്‍ത്ത് നെടുവീര്‍പ്പിടുകയാണ്.

NEWS LETTER
RSS











