പി.വി.സനില്‍കുമാര്‍

കഠിനാധ്വാനവും ആത്മസര്‍പ്പണവും ഉണ്ടായാല്‍ മണ്ണും-കൃഷിയും ചതിക്കില്ല- ഫറോക്കിലെ മികച്ച കര്‍ഷകയായി ആദരിക്കപ്പെട്ട കരുവന്‍തിരുത്തി ആവില്‍പാടം തൈത്തോടന്‍ ചന്ദ്രമതിയുടെ വാക്കുകളാണിത്. സ്വന്തം വീട്ടുമറ്റത്ത് പുഷ്പ-ഔഷധ സസ്യകൃഷി നടത്തിയാണിവര്‍ മണ്ണില്‍ വിജയഗാഥ ഒരുക്കുന്നത്.വീട്ടമ്മമാര്‍ അല്പസമയം വീട്ടുമുറ്റത്ത് കൃഷിക്കായി സമയം കണ്ടെത്തിയാല്‍ അത് വരുമാനത്തിനൊപ്പം സമൂഹത്തിന് മാതൃകയാവുമെന്ന് ഈ കര്‍ഷക അഭിപ്രായപ്പെടുന്നു. ഇവരുടെ കരുവന്‍തിരുത്തിയിലെ വീട്ടുമുറ്റം പച്ചപ്പണിഞ്ഞ ഔഷധസസ്യങ്ങളാലും അലങ്കാര-പുഷ്പച്ചെടികളാലും അലംകൃതമാണ്. കൃഷിയോടുള്ള താത്പര്യവും കൃഷിവകുപ്പില്‍നിന്ന് ലഭിച്ച പ്രോത്സാഹനവുമാണ് തന്നെയൊരു കര്‍ഷകയാക്കിതെന്ന് ചന്ദ്രമതി പറയുന്നു.
വിത്ത് മുളപ്പിച്ച് വളര്‍ത്തിയെടുക്കുന്നത് മുതല്‍ വിപണിയിലെത്തിക്കുന്നത് വരെയുള്ള ഓരോ ചുമതലയും ഇവര്‍ സ്വന്തമായിത്തന്നെയാണ് നടത്തുന്നത്. ജില്ലയില്‍ നടക്കുന്ന മിക്ക സസ്യ-ഔഷധ പ്രദര്‍ശന വില്പന മേളകളിലെയും സ്ഥിരംസാന്നിധ്യം കൂടിയാണിവര്‍. പഞ്ചായത്തില്‍ നടപ്പാക്കിയിരുന്ന 'വുമണ്‍ ഇന്‍ അഗ്രികള്‍ച്ചര്‍' പദ്ധതിയിലൂടെയാണ് ഇവര്‍ കാര്‍ഷിക മേഖലയിലേക്ക് ആകൃഷ്ടയായത്. പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങള്‍ പച്ചക്കറി, കൂണ്‍, മത്സ്യകൃഷിയിലേക്ക് തിരിഞ്ഞപ്പോള്‍ മനസ്സിനിണങ്ങിയ ഔഷധ-പുഷ്പകൃഷിയാണ് ചന്ദ്രമതി തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്ത തീരുമാനം അല്പംപോലും പിഴച്ചില്ലെന്ന അഭിമാനത്തിലാണിവരിപ്പോള്‍.
പ്ലാസ്റ്റിക് കവറുകളില്‍ മുളപ്പിച്ചെടുത്ത തൈകള്‍ വളര്‍ച്ച പ്രാപിക്കുന്നതനുസരിച്ച് ചട്ടികളിലേക്ക് മാറ്റി വില്പനക്കെത്തിക്കുന്നതാണ് ഇവരുടെ രീതി. ഇതിനായി പ്രത്യേകപരിപാലന കേന്ദ്രവും വീട്ടുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. കരുവന്‍തിരുത്തി മേഖലയിലെ ഉപ്പുനിറഞ്ഞ മണ്ണും ജലക്ഷാമവും തുടക്കത്തില്‍ സംരംഭത്തെ പരാജയപ്പെടുത്തുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ നിരന്തരമായ പരിചരണത്തിലൂടെയും കുടുംബാംഗങ്ങളുടെ സഹകരണത്തോടെയും ഇതിനെല്ലാം പരിഹാരം കണ്ടെത്തി. പുഷ്പകൃഷിക്കൊപ്പം നടത്തുന്ന ഔഷധത്തോട്ടവും വന്‍ വിജയമാണെന്ന് ചന്ദ്രമതി പറഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ നിന്നുപോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അശോകം, കൂവളം, പതിമുഖം, ചിറ്റരുത, കച്ചോലം. കരിയാത്ത, ആടലോടകം, തിപ്പിലി, ശംഖുപുഷ്പം, ചെറൂള, നാഗദന്തി, രാമച്ചം, മുറികൂട്ടി, ബ്രഹ്മി തുടങ്ങി ഒട്ടേറെ ഔഷധസസ്യങ്ങളാണ് ഇവരുടെ വീട്ടുമുറ്റത്തെ തോട്ടത്തിലുള്ളത്. ആവശ്യക്കാര്‍ വീട്ടിലെത്തുന്നതിനാല്‍ വില്പന ഒരിക്കലും ബുദ്ധിമുട്ടാകാറില്ല. ഔഷധ-പുഷ്പകൃഷിയിലെ മികവ് കണക്കിലെടുത്ത് 2005-06 വര്‍ഷത്തില്‍ ചന്ദ്രമതിയെ ഫറോക്കിലെ മികച്ച വനിതാ കര്‍ഷകയായി ആദരിച്ചിരുന്നു.

NEWS LETTER
RSS











