MATHRUBHUMI RSS
Loading...
നൊമ്പരങ്ങളില്‍ ഒരു താങ്ങ്‌
സി.എം.ബിജു

രോഗങ്ങള്‍ തളര്‍ത്തിയവര്‍ക്ക് മുന്നില്‍ സിന്ധുടീച്ചര്‍ ഓടിയെത്തും. അവരുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പച്ചപ്പ് പകരുന്ന ഒരു മായാജാലവുമായി...


വഴിയരികില്‍ കിടന്ന് ഒരാള്‍ സഹായത്തിനുവേണ്ടി നിലവിളിക്കുന്നതുകണ്ടാല്‍....നമ്മള്‍ക്ക് വേണമെങ്കില്‍ മുഖംതിരിച്ച് നേരെയങ്ങ് നടന്നുപോവാം. പക്ഷേ സിന്ധുടീച്ചര്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പറ്റില്ല. സ്‌കൂളിലേക്കുള്ള യാത്രയിലാണെങ്കില്‍ പോലും അവര്‍ ബസ്സില്‍നിന്ന് വഴിയിലിറങ്ങും. അതുകൊണ്ട് ഇടയ്ക്കിടക്ക് ടീച്ചറെ കണ്ടില്ലെങ്കിലും ആലപ്പുഴ രാമങ്കരി എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരിഭവിക്കാറില്ല. അവര്‍ക്കറിയാം ടീച്ചര്‍ ആരുടെയെങ്കിലും സങ്കടങ്ങള്‍ക്ക് പിന്നാലെ പോയതായിരിക്കുമെന്ന്.


നന്മയുടെ പാഠങ്ങളുമായി സഞ്ചരിക്കുന്ന ഈ അധ്യാപികയെ നമ്മള്‍ പരിചയപ്പെടാതെ പോകരുത്. ആലപ്പുഴയുടെ ചതുപ്പുനിലങ്ങളില്‍ ടീച്ചറുടെ വാക്കുകളില്‍നിന്ന് കരുത്തുനേടി ജീവിതം തിരിച്ചുപിടിച്ചവര്‍ നിരവധിയുണ്ട്.

തിരുവല്ലയിലെ വീട്ടില്‍ നിന്ന് ടീച്ചര്‍ രാവിലെ സ്‌കൂളിലേക്കിറങ്ങുമ്പോഴാവും ഫോണ്‍ വരുന്നത്. സഹപ്രവര്‍ത്തകരോ പരിചയമുള്ളവരോ ഒക്കെയാവും. 'അഞ്ചുവര്‍ഷമായി കിടപ്പിലായൊരു ചേച്ചി. അവര്‍ക്ക് ടീച്ചറെയൊന്ന് കാണണമെന്നുണ്ട്'. കേള്‍ക്കേണ്ട താമസം സിന്ധുവിന്റെ വണ്ടി റൂട്ട് മാറിയോടും. 'പലരും ദീര്‍ഘനാളായി തളര്‍ന്നുകിടക്കുന്നവരാവും. എങ്ങനെയെങ്കിലും ജീവിതത്തിന്റെ ഭാരമൊന്ന് ഇറക്കിവെക്കാന്‍ കൊതിക്കുന്നവര്‍. അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തില്ലെങ്കില്‍ പിന്നെന്ത് ജീവിതം' ഇങ്ങനെ ചോദിച്ചുകൊണ്ട് സിന്ധു അവര്‍ക്കുമുന്നില്‍ ഒരു മൃതസഞ്ജീവനി വെച്ചുനീട്ടും.

'ദീര്‍ഘനാളായി മറ്റുള്ളവരെ ആശ്രയിക്കുന്നതിന്റെ പങ്കപ്പാടുണ്ടാവും കിടപ്പിലായവര്‍ക്ക്. സ്വന്തമായൊന്നും ചെയ്യാനാവാത്തതിന്റെ ദുഖവും. ഞാനവരോട് ചോദിക്കും. നിങ്ങള്‍ക്കു കിടന്നുകൊണ്ടുതന്നെ ചെയ്യാനാവുന്ന തൊഴിലുകളുണ്ട,് ഒരെണ്ണം പഠിച്ചാലോയെന്ന്' ടീച്ചര്‍ പറയുന്നു. അവരില്‍ ആകാംക്ഷ പിറക്കുമ്പോള്‍ സിന്ധു ജോലി തുടങ്ങുകയായി. പാവനിര്‍മാണം, കുടയുണ്ടാക്കല്‍, പൂക്കുടയൊരുക്കല്‍, ആഭരണഡിസൈനിങ്ങ്...ഇതൊക്കെ സിന്ധുവങ്ങ് പഠിപ്പിക്കാന്‍ തുടങ്ങും. വരുമാനം കിട്ടിത്തുടങ്ങുന്നതോടെ രോഗികള്‍ക്ക് ചികിത്സക്ക് പണമുണ്ടാക്കാം. പിന്നെയവര്‍ക്ക് ജീവിതത്തെ നോക്കി പുഞ്ചിരിക്കാനാവും.

ഒരു സുപ്രഭാതത്തില്‍ സമൂഹത്തിലേക്കിറങ്ങി ഇങ്ങനെയൊക്കെ ചെയ്യുകയായിരുന്നില്ല സിന്ധു. വര്‍ഷങ്ങളായി അവര്‍ ഇതിനുവേണ്ടി സ്വയം പാകപ്പെടുത്തിയെടുക്കുകയായിരുന്നു ''ഓരോ അവധിക്കാലത്തും ഞാനങ്ങ് തിരുവനന്തപുരത്തേക്ക് വണ്ടി കയറും. അവിടെ തുടര്‍വിദ്യാകേന്ദ്രത്തില്‍ വീട്ടമ്മമാര്‍ക്കായി എത്രയോ കോഴ്‌സുകള്‍. അതെല്ലാം പഠിക്കാന്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ ഒറ്റ ആലോചനയേയുണ്ടായിരുന്നുള്ളു, തളര്‍ന്നുപോയവരെ സഹായിക്കുക. അവര്‍ക്ക് വേണ്ടിമാത്രമാണ്് ഞാനിതൊക്കെ പഠിച്ചെടുത്തത്.''

ആദ്യം പൂക്കുട നിര്‍മാണം പഠിക്കാന്‍ പോയതാണ് സിന്ധു. തിരിച്ചുവരുമ്പോഴേക്കും തുടര്‍വിദ്യാകേന്ദ്രത്തിലെ മുഴുവന്‍ കോഴ്‌സുകളും ടീച്ചര്‍ പെട്ടിയിലാക്കിക്കഴിഞ്ഞിരുന്നു. അംബ്രല്ല മെയ്ക്കിങ്, ഡോള്‍മെയ്ക്കിങ്, ഫാഷന്‍ ഡിസൈനിങ്, ബാത്തിക് പെയ്ന്റിങ്....അങ്ങനെ നീളുന്നു പട്ടിക.

സിന്ധുടീച്ചറുടെ ഈ പഠനമാണ് തന്റെ ജീവിതം വഴിതിരിച്ചുവിട്ടതെന്ന് പറയും കണ്ണൂര്‍ പാനൂരിലെ പ്രിയേഷ്. ഈ ചെറുപ്പക്കാരനും കുടുംബവും ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്നതിനുപിന്നിലുണ്ട് സിന്ധുവിന്റെ പ്രയത്‌നത്തിന്റെ കഥ.

പ്രിയേഷിന്റെ ദൈവം

തിരുവല്ല പുഷ്പഗിരി ആസ്​പത്രിയിലെ 118ാം വാര്‍ഡില്‍നിന്ന് ഇപ്പോള്‍ കുപ്പിവളകള്‍ കിലുങ്ങാറുണ്ട്്. കാശിമാലയും ആലിലത്താലിയും തേടി രോഗികളും കൂട്ടിരിപ്പുകാരും നഴ്‌സുമാരും ഡോക്ടര്‍മാരുമെല്ലാം വാര്‍ഡിന്റെ മുന്നിലുണ്ടാവും. ക്യൂവില്‍നിന്ന് നമ്മളുമൊന്ന് എത്തിനോക്കിയാലോ...കിടക്കയില്‍ ചരിഞ്ഞുകിടന്നു ചിരിക്കുന്നുണ്ടാവും ആഭരണങ്ങളുടെ ഈ പ്രിയ ഡിസൈനര്‍. ഒറ്റക്കൊന്ന് തിരിഞ്ഞുകിടക്കാന്‍പോലും പറ്റാത്തയാളാണീ മനംമയക്കുന്ന ഡിസൈനുകളുടെ ഉടമയെന്ന് അറിയുമ്പോള്‍ കാഴ്ചക്കാരിലും അത്ഭുതം വിടരുന്നു.

അഞ്ചുവര്‍ഷമായി ആസ്​പത്രിമുറികളിലാണ് പ്രിയേഷിന്റെ ജീവിതം. പ്ലംബിങ്ങ് ജോലിക്കിടെ ഒരു വീഴ്ച. ജീവിതത്തിന്റെതന്നെ നട്ടെല്ലാണ് അന്ന്് തകര്‍ന്നുപോയത്. പിന്നെ മരുന്നുകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും നടുവിലായി ഈ 27കാരന്‍. എട്ടുതവണയോളം ആസ്​പത്രിക്കിടക്കയിലായിരുന്നു . ഓരോവരവിലും അഞ്ചും ആറും മാസം നീളുന്ന ആസ്​പത്രിവാസം. കടുത്ത നിരാശയിലൂടെ കടന്നുപോയ യൗവനം. ''ഇപ്പോഴും അരക്ക് താഴേക്ക് എന്താണ് നടക്കുന്നതെന്ന് അറിയില്ല. ഞാനത് അമ്മക്ക് വിട്ടുകൊടുത്തിരിക്കയാണ് '', പ്രിയേഷ് ചിരിച്ചു.

അപ്രതീക്ഷമായിട്ടാണ് സിന്ധുടീച്ചര്‍ പ്രിയേഷിനെക്കുറിച്ചറിയുന്നത്. 'ഞാനൊരിക്കല്‍ പുഷ്പഗിരിയില്‍ വന്നപ്പോഴാണത്. ഇനി ഒന്നും പ്രതീക്ഷിക്കാനില്ലെന്ന പോലെ നിരാശ ബാധിച്ച പയ്യനെ കാണുന്നത്. ഒരുദിവസം അവന് ഞാനൊരു പുസ്തകം കൊടുത്തു. ഹിറ്റ്‌ലറുടെ മെയിന്‍കാഫ്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു. എനിക്കത് വായിച്ച് കരച്ചില്‍ വന്നു ടീച്ചറേയെന്ന് '. പിന്നെ പ്രിയേഷിന്റെ മനസ്സ് മാറ്റിയെടുക്കുന്ന മായാജാലമായിരുന്നു ടീച്ചറുടേത്. അവനോടൊരു ചോദ്യം. നിനക്ക്് എന്തെങ്കിലും തൊഴില്‍ ചെയ്തുകൂടേ? വേദനകള്‍ക്കിടയിലും പ്രിയേഷ് പൊട്ടിച്ചിരിച്ചു. ഒന്ന് തിരിഞ്ഞുകിടക്കാന്‍പോലും നാലുപേരുടെ സഹായംവേണം. പിന്നെങ്ങനെ തൊഴിലുപഠിക്കുമെന്ന് ചോദിച്ച അവനോട് ടീച്ചര്‍ കുറേ കഥകള്‍ പറഞ്ഞു.

കൈയില്ലാതെ വിമാനം പറപ്പിക്കുന്ന ജപ്പാന്‍കാരിയും വീല്‍ച്ചെയറിലിരുന്ന് ശാസ്ത്രലോകം കൈയിലൊതുക്കിയ സ്റ്റീഫന്‍ ഹോക്കിങ്ങും കഥകളിലൂടെ പ്രിയേഷിനെ തലോടി. കഥയുടെ ഇടവേളകളില്‍ സിന്ധു പ്രിയേഷിന് സൂചിയും നൂലും മുത്തുകളും നല്‍കി. അതുകോര്‍ത്തെടുക്കാന്‍ അഞ്ചുവര്‍ഷത്തിനുശേഷം തന്റെ കൈകള്‍ ചലിച്ചുതുടങ്ങിയപ്പോള്‍ പ്രിയേഷിനും അത്ഭുതമായിരുന്നു. ഇതൊക്കെ തനിക്കും പറ്റുമെന്നറിഞ്ഞപ്പോള്‍ അവനില്‍ ആത്മവിശ്വാസം വളര്‍ന്നു. ദിവസങ്ങള്‍ക്കകം ആസ്​പത്രി വാര്‍ഡൊരു ആഭരണശാലയായി. കൃത്യസമയത്ത് മുത്തും കല്ലുകളുമെല്ലാം എത്തിച്ചുനല്‍കി ടീച്ചര്‍ പിന്തുണ പ്രഖ്യാപിച്ചു.

'ആദ്യം അരമണിക്കൂറൊക്കെ എടുക്കുമായിരുന്നു ഒരുമാല കോര്‍ത്തെടുക്കാന്‍. ശീലമായപ്പോള്‍ 20 മിനിറ്റുകൊണ്ടൊക്കെ ചെയ്യാമെന്നായി. ഇപ്പോള്‍ എനിക്ക് വെറുതെ കിടക്കാന്‍ നേരമില്ല. എപ്പോഴും പുതിയ ഡിസൈനുകളെക്കുറിച്ചൊക്കെ ആലോചിക്കും.' വീണ്ടും ജീവിതം തളിര്‍ത്തുതുടങ്ങിയതിന്റെ സന്തോഷമുണ്ട് പ്രിയേഷിന്റെ മുഖത്ത്.

ജോലി ചെയ്തു തുടങ്ങിയപ്പോള്‍ പ്രിയേഷിന്റെ രോഗത്തിനുപോലും കാര്യമായ മാറ്റങ്ങളുണ്ടായെന്ന് പറയുന്നു പുഷ്പഗിരിയിലെ നഴ്‌സ് ഏലിയാമ്മ. ''ഇപ്പോള്‍ അവന്‍ നല്ല ഊര്‍ജസ്വലനാണ്. സ്റ്റീല്‍ബാറിന്റെയും രണ്ടുമൂന്നുപേരുടെയും സഹായത്തോടെ അല്‍പം നടക്കുന്നു. ഇതെല്ലാം തിരിച്ചുനല്‍കിയത് ടീച്ചറാണ്'', അവര്‍ സിന്ധുവിനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുന്നു.

ആസ്​പത്രിക്ക് പുറത്തേക്കും പ്രിയേഷിന്റെ ഉത്പന്നങ്ങള്‍ എത്തിത്തുടങ്ങി. ''ആദ്യം നിര്‍മിച്ച ആഭരണങ്ങള്‍ക്ക് പ്രിയേഷ് പരസ്യം നല്‍കിയത് എങ്ങനെയാണെന്നോ. പുതിയ മാലകളെല്ലാം അമ്മയുടെ കഴുത്തിലിട്ടുകൊടുത്തു. എന്നിട്ട് അവരോട് എല്ലാവാര്‍ഡിലും കയറിയിറങ്ങാന്‍ പറഞ്ഞു. കണ്ടവര്‍കണ്ടവര്‍ എവിടെനിന്നെന്ന് ചോദിച്ച് അമ്മക്ക് പിറകെ പ്രിയേഷിനെ തേടിയെത്തുകയായിരുന്നു'', ശിഷ്യന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ വെളിപ്പെടുത്തുന്നു സിന്ധുടീച്ചര്‍. അതുവരെ പുഷ്പഗിരിയിലെ നഴ്‌സുമാര്‍ക്ക് ആസ്​പത്രിയില്‍ വളയും മാലയുമൊന്നും ധരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പക്ഷേ പ്രിയേഷ് ആഭരണങ്ങളുണ്ടാക്കിത്തുടങ്ങിയപ്പോള്‍ ആ നിബന്ധനയൊഴിവാക്കി നല്‍കി ആസ്​പത്രി അധികൃതര്‍.

''ചില സമയത്ത് ദൈവം പല രൂപത്തില്‍ വരാറുണ്ട്്. ഒരിക്കല്‍ എന്നെ വീഴ്ചയിലൂടെ പരീക്ഷിച്ച ഭഗവാന്‍ തന്നെ മറ്റൊരിക്കല്‍ മനുഷ്യരൂപത്തില്‍ വന്നിരിക്കയാണ്, അതാണീ ടീച്ചര്‍...''പ്രിയേഷിന്റെ മനസ്സില്‍ സിന്ധുവിനോടുള്ള കടപ്പാടുണ്ട്. ടീച്ചര്‍ നല്‍കിയ പ്രചോദനം തന്നെപ്പോലെ കിടപ്പിലായവര്‍ക്ക് പകര്‍ന്നുനല്‍കാനും പ്രിയേഷ് ഇപ്പോള്‍ സമയം കണ്ടെത്തുന്നു.''നട്ടെല്ല് തകര്‍ന്ന് കിടക്കുന്ന നിരവധിപ്പേരെ ഓരോദിവസവും ഞാന്‍ ഫോണിലൂടെ പരിചയപ്പെടുന്നു. കോന്നിയിലെ റോസാമ്മ, പാലായിലെ മോഹനന്‍നായര്‍, തലശ്ശേരിയിലെ മുഹമ്മദ്കുട്ടി അങ്ങനെ... അവരോടെല്ലാം ഞാന്‍ പറയാറുണ്ട്. ഇത് ജീവിതത്തിന്റെ അവസാനമൊന്നുമല്ല. നിങ്ങള്‍ക്കുമാവും എന്തെങ്കിലും തൊഴില്‍ പഠിക്കാന്‍. ഒന്ന് ടീച്ചറെ വിളിച്ചുകൂടേയെന്ന്.''

മാവേലിക്കരയിലെ മിനി എന്ന വീട്ടമ്മയെപ്പോലെ പ്രിയേഷിന്റെ സുഹൃത്തുക്കളാവുന്നവരും ഇപ്പോള്‍ ടീച്ചറെ വിളിക്കുന്നു. വാഹനാപകടത്തില്‍ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട് 10 വര്‍ഷമായി കിടപ്പിലായിരുന്നു അവര്‍. അവരുടെ വീട്ടിലും ഇപ്പോള്‍ സിന്ധുവിന്റെ ക്ലാസുകള്‍ അരങ്ങുതകര്‍ക്കുന്നുണ്ട്. അമ്മയുടെ തിരക്കുകള്‍ കാണുമ്പോള്‍ മകന്‍ അര്‍ജുനും പരിഭവിക്കാറില്ല.

ഒഴിവുദിനങ്ങളില്‍ സിന്ധുടീച്ചര്‍ ആസ്​പത്രികളിലും വീടുകളിലുമെല്ലാം കയറിയിറങ്ങുകയാവും. പല അധ്യാപകരും അവരോട് ചോദിക്കാറുണ്ട്. 'നിനക്കെന്താ ഭ്രാന്തുണ്ടോ, മറ്റുള്ളവരുടെ കാര്യം നോക്കി നടക്കാന്‍'. കുട്ടികളുടെ ഭാവിയില്‍ ഒരു ടീച്ചര്‍ക്ക് വലിയ പങ്കുണ്ടെന്നാവും അവരോട് സിന്ധുടീച്ചറുടെ മറുപടി. അതേപോലെ സമൂഹത്തിന്റെ ഭാവിയിലും ഒരധ്യാപികക്ക് പങ്കുണ്ടെന്ന് തെളിയിക്കുകയാണിവര്‍.