MATHRUBHUMI RSS
Loading...
മനസ്സിനു ചേരാത്ത ശരീരങ്ങള്‍
പി.ടി.മുഹമ്മദ് സാദിഖ്‌

തിരുനെല്‍വേലിയില്‍ താമരഭരണി നദിയുടെ തീരത്ത് ഒരു അമ്പലമുണ്ട്. ചുടലൈമാട സ്വാമി ക്ഷേത്രം. അവിടെ, സ്വാമിയെ കുമ്പിട്ട് ഒരു ആണ്‍കുട്ടി കരഞ്ഞു.

''സ്വാമീ, എന്താണ് എന്റെ കുറ്റം? എന്തിനാണ് എല്ലാവരും എന്നെ കളിയാക്കുന്നത്?''

അമ്പലത്തില്‍ നിന്നിറങ്ങി, നദിയിലെ തെളിവെള്ളത്തില്‍ മുഖം നോക്കിയിരുന്ന് പിന്നെയും അവന്‍ പലവട്ടം സങ്കടപ്പെട്ടു.

''എന്റെ പെരുമാറ്റത്തില്‍ എന്തോ കുഴപ്പമുണ്ട്? ഞാന്‍ മറ്റു കുട്ടികളെപ്പോലെയല്ല. എന്റെ പിറവി എന്റെ കുറ്റമാണോ?''

അടര്‍ന്നുവീണ കണ്ണീര്‍ത്തുള്ളികള്‍ പുഴവെള്ളത്തോടൊപ്പം ദൂരേക്ക് ഒഴുകിപ്പോയി. അവന്റെ സങ്കടങ്ങള്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ച് ജീവിതത്തെ വിഴുങ്ങിക്കൊണ്ടിരുന്നു.

മുത്തുസെല്‍വന്‍ എന്നായിരുന്നു അവന് പേര്. കര്‍ഷകനായ അച്ഛന്റെ മൂത്ത മകന്‍. അതിര്‍ത്തിയിലെ മലയാള ഗ്രാമത്തില്‍നിന്ന് പ്രണയിച്ച പെണ്ണിനെ കൂടെ കൊണ്ടുവന്ന് പൊറുപ്പിച്ച ആ കര്‍ഷകന് പ്രാരബ്ധങ്ങള്‍ കുന്നോളമുണ്ടായിരുന്നു. മകന്‍ പഠിച്ച് വലിയ ഡോക്ടറാകുമ്പോള്‍ കഷ്ടപ്പാടുകള്‍ക്ക് അറുതിയാകുമെന്ന് അയാള്‍ സ്വപ്നം കണ്ടു. അതുകൊണ്ട് തൂത്തുക്കുടിയിലെ ബന്ധുവീട്ടില്‍ നിര്‍ത്തിയാണ് മുത്തുസെല്‍വനെ പഠിപ്പിച്ചത്. അഞ്ചാം ക്ലാസ് വരെ അവിടെയായിരുന്നു. അച്ഛനുമമ്മയും വല്ലപ്പോഴുമേ വരൂ. ആ വീട്ടിലെ പെരിയമ്മയും ഭര്‍ത്താവുമാണ് തന്റെ മാതാപിതാക്കളെന്ന് കുറേക്കാലം മുത്തു വിശ്വസിച്ചു.

അവിടുത്തെ സ്‌കൂളില്‍, രണ്ട് പെണ്‍കുട്ടികളുടെ നടുവിലായിരുന്നു മുത്തുവിന്റെ ഇരിപ്പിടം. കൂട്ടുകാരികള്‍ പെണ്‍കുട്ടികള്‍. സ്‌കൂളിലേക്ക് പോകുന്നത് അവന് വലിയ സന്തോഷമായിരുന്നു. കൂട്ടുകാരെ കാണാം. അവരോടൊപ്പം കളിച്ചുല്ലസിക്കാം. കൂട്ടുകാരും വീട്ടുകാരുമൊക്കെ അവന്റെ പെരുമാറ്റത്തിലെ പെണ്മ കണ്ടെത്തിയത് പെട്ടെന്നാണ്. എടുപ്പിലും നടപ്പിലും വര്‍ത്തമാനത്തിലുമൊക്കെ പെണ്മ തുളുമ്പി നിന്നു. പെരിയമ്മ, അതിന് അവനെ വല്ലാതെ വഴക്കു പറഞ്ഞുകൊണ്ടിരുന്നു. പൊമ്പിള മാതിരി നടപ്പിന് അവരുടെ തിട്ടല്‍ കേട്ട് അവന് മനം മടുത്തു. അപ്പോഴേക്കും പെരിയമ്മ തന്റെ ശരിക്കുള്ള അമ്മയല്ലെന്ന് അവന്‍ തിരിച്ചറിഞ്ഞിരുന്നു. സ്വന്തം അമ്മയാണെങ്കില്‍ ഇത്രയും വലിയവായില്‍ ചീത്ത പറയില്ലെന്ന് അവന്‍ വിചാരിച്ചു. അടുത്ത തവണ അമ്മ കാണാന്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു, എനിക്കിവിടെ നില്‍ക്കേണ്ട, അമ്മയോടൊപ്പം വന്നാല്‍ മതി.

ആറാം ക്ലാസുമുതല്‍ മുത്തു സ്വന്തം ഗ്രാമത്തിലെ സ്‌കൂളിലെത്തി. നഗരത്തില്‍നിന്ന് വളരെ വ്യത്യസ്തമായ അന്തരീക്ഷം. അവന് സന്തോഷമായി. കൂടുതല്‍ സ്വാതന്ത്ര്യം. അവിടെയും അവന്റെ കുഴപ്പം ആളുകള്‍ കണ്ടുപിടിച്ചു. പെണ്‍കുട്ടികളെപ്പോലെയാണ് നടപ്പ്. ആളുകള്‍ കളിയാക്കാന്‍ തുടങ്ങി. അതോടെ, അവനാരോടും അധികം സംസാരിക്കാതെയായി. ഒഴിവു സമയത്തൊക്കെ വീട്ടിലിരിക്കും. അച്ഛനുമമ്മയും പാടത്ത് പണിക്കുപോകുമ്പോള്‍ വീട്ടിലെ എല്ലാ വേലയും അവനെടുക്കും. പെണ്‍കുട്ടികളെപ്പോലെ, മുറ്റമടിക്കും, വീട് വൃത്തിയാക്കും പാത്രങ്ങള്‍ കഴുകിവെക്കും.

പെരിയമ്മയെപ്പോലെ അമ്മയുമച്ഛനും ചീത്തപറയാന്‍ തുടങ്ങി. പെണ്‍കുട്ടികളെപ്പോലെ നടക്കരുത്. ആണ്‍കുട്ടികളെപ്പോലെ പെരുമാറണം. കാണുന്നവരൊക്കെ ഉപദേശിക്കാന്‍ തുടങ്ങി. അവന് പറ്റില്ല. മനഃപൂര്‍വം പെരുമാറാന്‍ ശ്രമിച്ചാല്‍ താനഭിനയിക്കുകയാണെന്ന് അവന് തോന്നും. സൈ്ത്രണമായ പെരുമാറ്റത്തില്‍ അവന് സ്വാഭാവികത അനുഭവപ്പെട്ടു. അഭിനയിച്ച് മറ്റൊരാളായി മാറാന്‍ വയ്യാത്തതുകൊണ്ട് അവന്‍ തന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി. അച്ഛന് ഒറ്റ ആഗ്രഹമേയുള്ളു. നന്നായി പഠിക്കണം, പഠിച്ച് ഡോക്ടറാകണം.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. ക്ലാസിലെ ഒരു കുട്ടി മുത്തുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. മറ്റു കുട്ടികള്‍ നോക്കി നില്‍ക്കെ. അവന് സങ്കടം വന്നു. 'നീ പൊമ്പിള മാതിരി ഇരിക്ക്' എന്നുപറഞ്ഞ് കുട്ടികള്‍ ആര്‍ത്തു ചിരിച്ചു. ആ വികൃതിച്ചെക്കന്‍ പിന്നെയും അത് ആവര്‍ത്തിച്ചു. അവന്‍ ആരോടും പരാതിപ്പെട്ടില്ല. പരാതിപ്പെട്ടാല്‍ 'നീ പൊമ്പിള മാതിരി നടക്കാത്, അതു താന്‍ തപ്പ്' എന്ന് അവരും ചീത്തപറയും. പുഴക്കരയിലെ അമ്പലത്തില്‍ ചുടലൈമാട സ്വാമിക്കു മുന്നില്‍ ചെന്ന് അവന്‍ സങ്കടം പറഞ്ഞ് കരഞ്ഞു, സ്വാമീ എന്നെ ആരും മനസ്സിലാക്കുന്നില്ല.

അവന് സ്‌കൂളില്‍ പോകാന്‍ പേടിയായി. എല്ലാവരും അവനെ നോക്കി ചിരിക്കുന്നു. ബസ് വരാന്‍ നേരത്ത് മാത്രമേ അവന്‍ ബസ്‌സ്റ്റോപ്പിലേക്ക് പോകൂ. മറ്റ് ആണ്‍കുട്ടികളെ കാണുമ്പോള്‍ അവന് നാണം വരും. തല ഉയര്‍ത്താന്‍ പറ്റാതെ വല്ലാത്ത ഒരു ഭാരത്തില്‍ നില്ക്കും. ആ നില്പില്‍ അവന് പലപ്പോഴും കരച്ചില്‍ വരും.

പത്ത് കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു, നീ വിഷമിക്കേണ്ട. നന്നായി പഠിക്കണം. പഠിപ്പില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.

പഠിക്കാന്‍ മുത്തു മിടുക്കനായിരുന്നു. പെരുമാറ്റത്തിലെ സൈ്ത്രണഭാവം ഒഴിവാക്കാന്‍ സ്വയം ശ്രമിച്ചു നോക്കി. നടക്കില്ല. പ്ലസ്ടുവിന് പഠിച്ച രണ്ടുകൊല്ലം ശരിക്കും ദുരന്തമനുഭവിച്ചു. ഒപ്പം പഠിക്കുന്ന വികൃതിപ്പിള്ളേര്‍ മുത്തുവിന്റെ നിഷ്‌കളങ്കതയ്ക്കുമേലെ കുതിര കയറി. അവന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഒന്‍പത് എന്ന വിളിപ്പേര് അവന്‍ ആദ്യമായി കേട്ടു. ഒന്‍പത് തിരിച്ചിട്ടാല്‍ ആറ് എന്നും വായിക്കാം. ആറോ ഒന്‍പതോ എന്ന് ഒരു കണ്‍ഫ്യൂഷനുണ്ടാക്കുന്ന അക്കം. ആണോ പെണ്ണോ എന്ന് തിട്ടമില്ലാത്തവനെ ആണുംപെണ്ണുമായി ജനിച്ചവര്‍ വിളിക്കുന്ന പേരാണ് തമിഴ്‌നാട്ടില്‍ ഒന്‍പത്. അവനെ വിളിച്ചുകൊണ്ടുപോയി, ഒരുത്തന്‍ സ്വയംഭോഗം ചെയ്യാന്‍ ആവശ്യപ്പെട്ടു. അവന് അതറിയില്ലായിരുന്നു. ആ വികൃതിച്ചെക്കന്‍ അപ്പോള്‍ അവന്റെ മുന്നില്‍ വെച്ച് അത് ചെയ്തു കാണിച്ചു കൊടുത്തു. ആത്മവിശ്വാസം നഷ്ടപ്പെട്ട് പഠനം അവസാനിപ്പിച്ചാലോ എന്നുവരെ മുത്തു അപ്പോള്‍ ചിന്തിച്ചുപോയി.

ഇന്ന് അവന്‍ മുത്തുസെല്‍വന്‍ അല്ല. സെല്‍വിയാണ്. ചെന്നൈയില്‍ നാലുപേരറിയുന്ന ഫിസിയോതെറാപ്പിസ്റ്റ്. ലിംഗമാറ്റത്തിലൂടെ അവള്‍ സരിയാന പൊമ്പിളയായി. ഇപ്പോള്‍ അവള്‍ക്ക് പൊമ്പിള മാതിരി നടക്കാം, പേച്ചും സിരിപ്പും പൊമ്പിള മാതിരി ആകാം. അവള്‍ പൂര്‍ണമായും സ്ത്രീയായി മാറിക്കഴിഞ്ഞു. മുടിയും മാറും വളര്‍ന്ന് ശരിക്കുമൊരു പെണ്ണ്. കടക്കണ്ണിട്ടു നോക്കുമ്പോള്‍ 'എന്തെടാ നീ പെണ്ണുങ്ങളെപ്പോലെ നോക്കുന്നു' എന്ന് ഇനി ആരും ചോദിക്കില്ല. ചെന്നൈ ഇ.എസ്.ഐ. ആസ്​പത്രിക്ക് സമീപം സെല്‍വിയുടെ ഒറ്റമുറിയുള്ള വാടകവീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ പുറംവേദനയുള്ള ഒരാളെ ചികിത്സിക്കുകയായിരുന്നു അവള്‍. ചികിത്സ കഴിഞ്ഞ്, അയാള്‍ പുറത്തേക്ക് പോയപ്പോള്‍ സെല്‍വി പറഞ്ഞു. ''കസ്റ്റംസ് ഓഫീസറാണ് അദ്ദേഹം. ഇതുപോലെ നിറയെ പേഷ്യന്‍സുണ്ട് എനിക്ക്. ഒരു സിറ്റിങ്ങിന് നാനൂറ്, നാനൂറ്റമ്പത് രൂപ കിട്ടും.''

സമ്പൂര്‍ണ സ്ത്രീയിലേക്കുള്ള സെല്‍വിയുടെ മാറ്റം പൂര്‍ത്തിയാകുന്നേയുള്ളു. ചെന്നൈ ഗവ. ആസ്​പത്രിയിലായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയ (sex rearrangement surgery). വാനിറ്റി ബാഗില്‍നിന്ന് രണ്ട് കൃത്രിമ പുരുഷ ലിംഗങ്ങള്‍ പുറത്തെടുത്തു സെല്‍വി പറഞ്ഞു.
''
I am a complete woman now. കഴിഞ്ഞ ഏപ്രില്‍ പന്ത്രണ്ടിനായിരുന്നു സര്‍ജറി. ദാ ഇതുകണ്ടോ? കൃത്രിമ ലിംഗങ്ങളാണ്. ഇത് ഉപയോഗിച്ച് കൃത്രിമമായി വെച്ചുപിടിപ്പിച്ച യോനിയുടെ ദ്വാരം മെയിന്റെയിന്‍ ചെയ്യണം. കുറച്ചു ദിവസത്തെ എക്‌സര്‍സൈസാണ്. മൂന്നര ഇഞ്ച് വരെ ആഴത്തിലാണ് കൃത്രിമ യോനി സ്ഥാപിച്ചിരിക്കുന്നത്. അത് നിലനിര്‍ത്തണം.''

സെല്‍വിയുടെ വാക്കുകളില്‍ ആത്മവിശ്വാസവും ആനന്ദവും മാത്രമല്ല, പുതിയൊരു ഊര്‍ജംകൂടി മിന്നുന്നതായി തോന്നി. സംഭാഷണം അവസാനിപ്പിക്കുമ്പോഴാണ് ആ ഊര്‍ജം ശരിക്കും അനുഭവപ്പെട്ടത്. അവള്‍ പ്രഖ്യാപിച്ചു: ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിത്തന്നെ പിറക്കണം.

'അതെന്തിനാണ്, പെണ്ണായി പിറന്നാല്‍ പോരേ? ഇത്രയും ദുരിതം സഹിച്ച് പെണ്ണായി മാറുന്നതിനേക്കാള്‍ നല്ലതല്ലേ അത്'? -ഞാന്‍ ചോദിച്ചു.

സെല്‍വി വാദിച്ചു: പുരുഷനെക്കാളും സ്ത്രീയെക്കാളും ഒരു പടി ഉയരത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍. പുരുഷന്റെ ശക്തിയും സ്ത്രീയുടെ ശക്തിയും ഞങ്ങള്‍ക്കുണ്ട്. സ്‌നേഹം, കരുണ ഒക്കെ ഞങ്ങളില്‍ വേറെ ഒരു ഉയരത്തിലാണുള്ളത്.

പെണ്ണിലേക്കുള്ള മാറ്റം പക്ഷേ, അത്ര അനായാസമായിരുന്നില്ല. അതുവരെയുള്ള ജീവിതം അതിനെക്കാള്‍ കഷ്ടമായിരുന്നു. സെല്‍വി ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു.

പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഫിസിയോതെറാപ്പി പഠിക്കാനാണ് സെല്‍വി ചെന്നൈയിലേക്ക് പോരുന്നത്. പോരുമ്പോള്‍ അച്ഛന് തീരെ താത്പര്യമുണ്ടായിരുന്നില്ല. വീടിനടുത്ത് തിരുനെല്‍വേലിയിലെ കോളേജില്‍ പഠിച്ചാല്‍ മതിയെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. മകന്റെ സൈ്ത്രണമായ പെരുമാറ്റവും നിഷ്‌കളങ്കതയും ചെന്നൈ മഹാനഗരത്തിന് പറ്റിയതല്ലെന്ന് അച്ഛന്‍ ശങ്കിച്ചു. ഒറ്റയ്‌ക്കൊന്നും ചെന്നൈയിലേക്ക് പോകേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, സെല്‍വിക്ക് തന്റെ യാത്രയുടെ ന്യായവും അതുതന്നെയായിരുന്നു.

'ഞാന്‍ ആണ്‍കുട്ടിയാണെന്നല്ലേ നിങ്ങള്‍ എപ്പോഴും ഓര്‍മിപ്പിക്കാറുള്ളത്? ഞാനൊരു ആണ്‍കുട്ടിയല്ലേ? എന്തിനാണ് എപ്പോഴും എന്റെ കൂടെ ഒരാള്‍? ഞാന്‍ തനിച്ചു പോകണം. എന്തിനാണ് അച്ഛന്‍ ഭയപ്പെടുന്നത്?' ആ ചോദ്യത്തിന് മുന്നില്‍ അച്ഛനുമമ്മയും വഴങ്ങി.

നാഗര്‍കോവിലില്‍നിന്ന് ചെന്നൈയിലേക്കുള്ള യാത്രയില്‍ തീവണ്ടിയില്‍വെച്ച് പരിചയപ്പെട്ട ഒരു ഡോക്ടര്‍ ഫിസിയോതെറാപ്പിയുടെ സാധ്യതകളെക്കുറിച്ച് കൂടുതല്‍ പറഞ്ഞുകൊടുത്തു. ആ യാത്രയിലാണ് തന്നിലൊരു പെണ്ണുണ്ടെന്ന് മുത്തു ആദ്യമായി അറിയുന്നത്. യാത്ര അവസാനിക്കുന്നതിന് മുന്‍പ് സുന്ദരനായ ആ ഡോക്ടറോട് ഉള്ളിലെവിടെയോ ഒരു പ്രണയം മൊട്ടിട്ടിട്ടുണ്ടായിരുന്നു. ചെന്നൈയില്‍ എം.ഡി.ക്ക് പഠിക്കുകയായിരുന്നു അദ്ദേഹം.

കോളേജില്‍ സീനിയര്‍ കുട്ടികള്‍ റാഗ് ചെയ്യാന്‍ വരുമ്പോള്‍ മുത്തുവിന് ചിരി വരും. ചിരിയോ ചിരി. നിര്‍ത്താതെ ചിരിക്കും. കളിയാക്കിയാലും അടിച്ചാലുമൊക്കെ ചിരി. ഉള്ളിലെ പെണ്മ അവര്‍ പെട്ടെന്ന് കണ്ടുപിടിച്ചു. അവന്‍ ചിരിക്കുന്നത് പെണ്‍കുട്ടികളെപ്പോലെയാണ്. ഒരു ദിവസം സീനിയര്‍ കുട്ടികള്‍ പൂര്‍ണ നഗ്‌നനായി നൃത്തം ചെയ്യിച്ചു.

'പിന്നീട് മുതിര്‍ന്ന ചില കുട്ടികള്‍ സെക്‌സിന് വിളിക്കും. മുറിയിലേക്ക് ചെല്ലാന്‍ പറയും. ഞാന്‍ രക്ഷപ്പെട്ട് റൂമിലേക്ക് ഓടിപ്പോരും. അതിനിടെ, എനിക്ക് ഒരു പയ്യനോട് ഒരാകര്‍ഷണം. റാഗിങ്ങില്‍ പെട്ട് കരഞ്ഞു നില്ക്കുമ്പോഴാണ് അയാള്‍ വന്നത്. നല്ല ശരീരമൊക്കെയുള്ള ഒരാള്‍. എന്റെ കൂട്ടുകാരന്റെ കൂട്ടുകാരനാണ്. തമിഴ് മീഡിയത്തില്‍ പഠിച്ച എനിക്ക് പാഠഭാഗങ്ങള്‍ പരിഭാഷപ്പെടുത്തിത്തരാനൊക്കെ അയാള്‍ സഹായിച്ചു. ഒരു ദിവസം അയാള്‍ പൊടുന്നനെ എന്നെ ചുംബിച്ചു കളഞ്ഞു. ഞാന്‍ പേടിച്ചുപോയെങ്കിലും അതോടെ അയാളോട് എനിക്ക് വലിയ ഇഷ്ടമായി. പക്ഷേ, അയാള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന ഒരു കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എനിക്ക് അത് സഹിച്ചില്ല. അയാളോട് എനിക്ക് ഒരുതരം പൊസ്സസീവ്‌നെസ്സ് ആയിരുന്നു. ഞാന്‍ കാര്യം പറഞ്ഞു. 'നിന്നെ എനിക്കുമാത്രമായിട്ടു വേണം. നീ വേറെ പെണ്‍കുട്ടികളോടൊന്നും മിണ്ടരുത്'.

അയാള്‍ ചോദിച്ചു, 'നീ ഒന്‍പതാണോ?'

അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അതിന്റെ അര്‍ഥം ഞാന്‍ ആണുംപെണ്ണും കെട്ടവനെന്നല്ലേ? സത്യത്തില്‍ ഞാനാരാണ്? എനിക്കറിയില്ല. എനിക്ക് ആണുങ്ങളോടേ ആകര്‍ഷണം തോന്നുന്നുള്ളു. പക്ഷേ, ഞാന്‍ സ്വവര്‍ഗാനുരാഗിയല്ല. ഒരു പുരുഷനു കീഴില്‍, കാമുകിയായി, ഭാര്യയായി കഴിയാനാണ് എനിക്ക് ഇഷ്ടം. ഞാന്‍ കടുത്ത നിരാശയിലായി. അവന്‍ പിന്നീട് എന്നോട് സംസാരിക്കുന്നേയില്ല. ഞാനൊരു കത്തെഴുതി, അവന്റെ കാബിനില്‍ കൊണ്ടുപോയി വെച്ചു. ഞാന്‍ ആദ്യമായെഴുതുന്ന പ്രണയ ലേഖനമായിരുന്നു അത്. എന്റെ ഹൃദയം അതില്‍ തുറന്നുവെച്ചിരുന്നു. എന്നെ അയാള്‍ക്ക് മനസ്സിലായില്ല. എന്റെ വേദന അയാള്‍ കണ്ടില്ല. ആറുമാസത്തിനുശേഷം അയാള്‍ വേറെ ഹോസ്റ്റലിലേക്ക് താമസം മാറി.

ഹോസ്റ്റല്‍ വാര്‍ഡന്‍ എന്റെ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. രമണയിലെ വിജയ്കാന്തിനെപ്പോലെയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സില്‍ബന്തികളായി നാല് കുട്ടികളുണ്ടായിരുന്നു. ഹോസ്റ്റലിലെയും കോളേജിലെയും കാര്യങ്ങളൊക്കെ വാര്‍ഡനെ അറിയിക്കുന്നത് ഈ സംഘമാണ്. ആ കൂട്ടത്തില്‍ എന്നെയും കൂട്ടി. അദ്ദേഹത്തിന്റെ മുറിയിലേക്ക് ഞാനും താമസം മാറി. എന്നെ ഒരു മകനെപ്പോലെ അദ്ദേഹം നോക്കി. ഞാന്‍ നേരത്തെ പറഞ്ഞില്ലേ, എനിക്ക് നല്ല ഒരു കൂട്ടുകാരനെ കിട്ടിയെന്ന്. അവന്‍ വാര്‍ഡന്റെ സില്‍ബന്തികളില്‍ പെട്ടവനായിരുന്നു. അവര്‍ വാര്‍ഡന്റെ മുറിയിലിരുന്നു സിഗററ്റ് വലിക്കും, മദ്യപിക്കും. എനിക്ക് ഇത് രണ്ടും ഇഷ്ടമായിരുന്നില്ല. പക്ഷേ, അവരെല്ലാം നല്ലവരായിരുന്നു. കളിയാക്കുന്നവരില്‍ നിന്ന് എനിക്ക് അവര്‍ രക്ഷയായി. എനിക്ക് കൂടുതല്‍ ആത്മവിശ്വാസം കൈവന്നത് അവിടെ താമസിക്കാന്‍ തുടങ്ങിയപ്പോഴാണ്. വാര്‍ഡന്‍ ഇല്ലാത്തപ്പോള്‍, എന്ത് പ്രശ്‌നമുണ്ടായാലും ഈ നാല്‍വര്‍ സംഘത്തോട് പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. എന്റെ വസ്ത്രധാരണ രീതി, ഹെയര്‍സ്റ്റൈല്‍, നടപ്പ് ഒക്കെ മാറ്റാന്‍ അവര്‍ ശ്രമിച്ചു. എന്റെ ക്യാരക്ടറും പേഴ്‌സണാലിറ്റിയും മാറ്റിയെടുക്കാനായിരുന്നു അവരുടെ ശ്രമം. അത് പക്ഷേ, എന്റെ ജന്മംതന്നെയാണ്. അത് മാറ്റാന്‍ പറ്റില്ല. മാറിയില്ല.

മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന എല്ലാവരും ചീത്ത ആളുകളല്ലെന്ന് മനസ്സിലായത് അവരോടൊപ്പം താമസിച്ചു തുടങ്ങിയപ്പോഴാണ്.

ഒരു അവധിക്കാലത്ത് എല്ലാവരും വീട്ടിലേക്ക് പോയി. ഞാന്‍ പോകുന്നില്ലെന്ന് തീരുമാനിച്ചു. എന്‍.സി.സി. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് എന്റെ കൂട്ടുകാരനും അവധിക്ക് പോയില്ല. മുറിയില്‍ ഞങ്ങള്‍ തനിച്ചായി. അന്നുരാത്രി എന്റെ നെഞ്ചില്‍ എന്തോ ഒരു ഭാരം അനുഭവപ്പെട്ടു. കണ്ണുതുറന്നു നോക്കുമ്പോള്‍ കൂട്ടുകാരന്‍ എന്റെ മേലെ കിടക്കുന്നു. എന്നെ ഇറുകെ പിടിച്ച് ചുംബിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നടപടിയായിരുന്നു അത്. എന്ത് ചെയ്യണമെന്ന് അറിയില്ല. വാര്‍ഡന്‍ സാര്‍ നമ്മളെ വിശ്വസിച്ച് ഇവിടെ നിര്‍ത്തിയതാണെന്നും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നും ഞാന്‍ അവനെ പറഞ്ഞു മനസ്സിലാക്കാന്‍ നോക്കി. തെറ്റ് ചെയ്യുന്നു എന്ന ഒരു തോന്നലായിരുന്നു എനിക്ക്. പിറ്റേ ദിവസവും അവന്‍ അങ്ങനെയൊക്കെ ചെയ്തു. അതിന് അടുത്ത ദിവസം അവന്‍ ശരിക്കും സെക്‌സ് ചെയ്തു. ഞാന്‍ മനസ്സുകൊണ്ട് സുഖിച്ചു. ശരീരത്തെക്കാളേറെ എന്റെ മനസ്സ് ആനന്ദിച്ചു. അവന്‍ എന്റെ ഭര്‍ത്താവാണെന്ന് ഞാന്‍ സങ്കല്പിച്ചു.

പുരുഷന്‍ മനൈവിയെ കെട്ടിത്തഴുകുമ്പോത് എപ്പടിയിരിക്കും. അന്തമാതിരി ഒരു സുഖം. പാശം. ഒരു ലവ്, അഫക്ഷന്‍. എനിക്ക് അതെല്ലാമുണ്ടായി. ഈ ഒര്‍ഗാസം എന്ന് പറയുന്നത് ശരീരത്തിന് മാത്രമല്ല, മനസ്സിനും കൂടിയാണല്ലോ. ഇപ്പോഴിതാ, ഞാനൊരു പൂര്‍ണ സ്ത്രീയണെന്ന് പറഞ്ഞില്ലേ. പക്ഷേ, എന്നെപ്പോലെ കൃത്രിമ യോനിയുമായി ജീവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മനസ്സുകൊണ്ടേ രതിമൂര്‍ച്ഛ അനുഭവിക്കാന്‍ പറ്റൂ. അത് ഞങ്ങള്‍ക്കുമാത്രം അനുഭവിക്കാന്‍ കഴിയുന്ന ഒരു സുഖമാണ്.

ആ സംഭവത്തോടെ ഞാനും എന്റെ കൂട്ടുകാരനും തമ്മിലുള്ള പെരുമാറ്റം ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. നിങ്ങള്‍ പുരുഷനും പൊണ്ടാട്ടിയുമാണെന്ന് അവര്‍ കളിയാക്കും. 2004-ല്‍ അവന്റെ കോഴ്‌സ് തീര്‍ന്നു. കൂട്ടുകാരന്‍ യാത്ര പറഞ്ഞുപോയ ദിവസം ആദ്യമായി ഞാന്‍ മദ്യപിച്ചു. അവന്‍ പോയപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ആ വേര്‍പാട് എന്നെ തകര്‍ത്തു. ഭക്ഷണം ശരിക്കു കഴിക്കില്ല. ഉറക്കം വരില്ല. പഠനത്തിലും ശ്രദ്ധ കുറഞ്ഞു. ജയം രവിയുടെ ഒരു കട്ടുണ്ടായിരുന്നു അവന്. ജയം രവിയെ ടി.വി.യില്‍ കാണുമ്പോഴൊക്കെ ഞാന്‍ ആവേശത്തോടെ കണ്ടിരുന്നു.

ഇതിനിടെ, വാര്‍ഡന്‍ കല്യാണം കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മാറി. അദ്ദേഹത്തിന്റെ ഭാര്യക്ക് എന്നെ അറിയാമായിരുന്നു. അവര്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. അവരുടെ വീട്ടിലെ ഒരു മുറിയില്‍ എന്നെയും അവര്‍ താമസിക്കാനനുവദിച്ചു.

ആയിടയ്ക്കാണ് ബയോടെക്‌നോളജി കോഴ്‌സിന് പഠിക്കുന്ന ഒരു വിദ്യാര്‍ഥിയെ പരിചയപ്പെട്ടത്. അവന്‍ വാര്‍ഡന്റെ വീട്ടില്‍ വരുമായിരുന്നു. കോളേജില്‍ ഒരു റൗഡി പരിവേഷമുള്ള ആളായിരുന്നു. എങ്കിലും വാര്‍ഡന് വേണ്ടപ്പെട്ടവന്‍. അവന്‍ ഒരു ദിവസം വീട്ടില്‍ വന്നു. മദ്യപാനത്തിനിടെ അവന്‍ ഛര്‍ദിച്ചു. ഞാന്‍ അവനെ കുളിമുറിയില്‍ കൊണ്ടു പോയി, വൃത്തിയാക്കി എന്റെ മുറിയില്‍ കൊണ്ടുപോയി കിടത്തി. അവന്‍ എന്നോട് വല്ലാത്ത സ്‌നേഹം കാണിച്ചു.

ഒരു രാത്രി ഞാന്‍ വീടിന്റെ ടെറസ്സില്‍ ഇരുന്നു പഠിക്കുകയായിരുന്നു. എങ്ങനെയോ അവന്‍ അവിടെ കയറിവന്നു. പിറ്റേദിവസം പരീക്ഷയാണ്. അവന്‍ എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ വിറങ്ങലിച്ച് നിന്നു. നീ എനിക്ക് സഹോദരനെപ്പോലെയാണ്, ഇങ്ങനെയൊന്നും ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞുനോക്കി. എന്റെ മനസ്സില്‍ എന്റെ കൂട്ടുകാരന്‍ മാത്രമേയുള്ളൂതാനും. ഞാന്‍ അവനോട് ചെയ്യുന്ന തെറ്റാകും. ബഹളം വെച്ച് അവനെ പിന്തിരിപ്പിക്കാനും വയ്യ. ഒടുവില്‍ അവന്റെ ആഗ്രഹത്തിന് വഴങ്ങിക്കൊടുക്കേണ്ടി വന്നു. പക്ഷേ, അവന്‍ പിന്നീട് ഇതൊരു പതിവാക്കി. ആഗ്രഹം നിറവേറ്റി പോകുമെന്നല്ലാതെ, അവന്‍ ഒരിക്കലും എന്നെ സ്‌നേഹിച്ചില്ല. നല്ല പെണ്‍കുട്ടികളെ കാണുമ്പോള്‍ അവന്‍ അവരുടെ കൂടെ പോകും. അതും എന്നെ വേദനിപ്പിച്ചു. എന്റെ മനസ്സ് കാണാന്‍ അവനും സാധിച്ചില്ല.

ഇടയ്ക്ക് ഒരു കാര്യം പറയാന്‍ വിട്ടുപായി. ഇതിനിടെ, ഒരു ദിവസം എന്റെ കൂട്ടുകാരന്‍ വാര്‍ഡനെ കാണാന്‍ വന്നിരുന്നു. അന്ന് അവന്‍ എന്നോടൊപ്പമാണ് ഉറങ്ങിയത്. അന്ന് അവന്‍ ആദ്യമായി വദനസുരതത്തിന് നിര്‍ബന്ധിച്ചു. എനക്ക് കാതല്‍ താന്‍ മുഖ്യം. അവനെ ഞാന്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്നു. അവന്റെ ആഗ്രഹം നിരസിക്കാന്‍ എനിക്ക് സാധിച്ചില്ല. പക്ഷേ, അവനും എന്നെ മനസ്സിലാക്കാന്‍ സാധിച്ചില്ല. വലിയ കുടുംബത്തില്‍ പിറന്നവനായിരുന്നു അവന്‍.

അങ്ങനെയാണ് ഞാന്‍ പെണ്ണാകുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. എന്തുകൊണ്ടാണ് ഒരു പുരുഷനും എന്നെ മനസ്സിലാക്കാന്‍ കഴിയാത്തത്? പെണ്‍കുട്ടികള്‍ക്ക് മുടിയും മാറുമുണ്ട്. അവരുടെ അവയവം വേറെയാണ്. അവയൊക്കെ എനിക്കും വേണം. പെണ്ണിനെക്കാള്‍ അഴകായിരുന്നാല്‍ ആണുങ്ങള്‍ എന്റെ പിന്നാലെ വരും. ഒരു ആമ്പിളയാണെന്നത് മാത്രമാണ് എന്റെ കുറ്റം. അത് മാറണം. സമൂഹം വിലമതിക്കുന്ന പെണ്ണായി മാറണം. ഇങ്ങനെ രണ്ടുമല്ലാത്ത രീതിയില്‍ ജീവിക്കാന്‍ വയ്യ.

കോഴ്‌സ് കഴിഞ്ഞ് ട്രെയിനിങ്ങിന് പോകുന്നസമയത്ത് തീവണ്ടിയില്‍ വെച്ച് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയെ കണ്ടു. ആനന്ദി എന്നായിരുന്നു അവരുടെ പേര്. പരിചയപ്പെട്ടപ്പോള്‍ അവരോട് ഞാനെന്റെ വേദന മുഴുവന്‍ പറഞ്ഞു. എന്നെപ്പോലുള്ളവരെക്കുറിച്ച് അവര്‍ പറഞ്ഞുതന്നു. ഒരു ദിവസം രാത്രി ഞാന്‍ ഗിണ്ടി റെയില്‍വെസ്റ്റേഷനില്‍ ചെന്നു. അവിടെ എന്നെപ്പോലുള്ള കുറേ പേരുണ്ടായിരുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവര്‍. എന്നെക്കണ്ടപ്പോള്‍ അവരിലൊരാള്‍ എന്റെ കോളറിന് പിടിച്ചു. ഒരാള്‍കൂടി കച്ചവടത്തിനെത്തിയതാണെന്നാണ് അവര്‍ കരുതിയത്. ഞങ്ങളുടെ ബിസിനസ്സ് ഇല്ലാതാക്കരുതെന്നു പറഞ്ഞ്, അവര്‍ എന്നെ ഭീഷണിപ്പെടുത്തി. അങ്ങോട്ട് ചെന്നതിന് ആനന്ദിയും എന്നെ വഴക്കുപറഞ്ഞു. നീ പഠിച്ചവനല്ലേ, ഇവിടെ വന്ന് ജീവിതം നശിപ്പിക്കരുതെന്ന് അവര്‍ പറഞ്ഞു. എന്നെപ്പോലുള്ളവരുടെ മുഴുവന്‍ ഗതികേടാണ് ഇത്. കുടുംബവും സമൂഹവും ഒറ്റപ്പെടുത്തുമ്പോള്‍ അവര്‍ക്ക് ജീവിക്കാന്‍ വേറെ വഴിയില്ല. ഒന്നുകില്‍ ഭിക്ഷാടനം. അല്ലെങ്കില്‍ വേശ്യാവൃത്തി. അത് എന്നെ വേദനിപ്പിച്ചു. എന്നെപ്പോലുള്ളവരെ കാണാമെന്ന് കരുതിയാണ് ഞാന്‍ അവിടെച്ചെന്നത്.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തരുതെന്നാണ് എന്നെ എല്ലാവരും ഉപദേശിച്ചത്. നേരത്തെ അത് ചെയ്തവരും അങ്ങനെ പറഞ്ഞു. പക്ഷേ, എനിക്ക് ചെയ്‌തേ മതിയാകുമായിരുന്നുള്ളൂ. എന്റെ കാതല്‍കനവുകളില്‍ ഞാന്‍ പെണ്ണാണ്. മാത്രമല്ല, ഞാന്‍ പഠിച്ചിട്ടുണ്ട്. ഒരു തൊഴിലറിയാം. അതുകൊണ്ട് കഷ്ടപ്പെടേണ്ടി വരില്ല. പഠിപ്പും തൊഴിലുമല്ല, ഈ ജീവിതംതന്നെ കഷ്ടപ്പാടാകുമെന്ന് അവര്‍ വീണ്ടും വീണ്ടുമെന്നെ ഉപദേശിച്ചു. ആ സമയത്ത് ചെന്നൈ ഗവ. ആസ്​പത്രിയില്‍ നാലുപേര്‍ എസ്.ആര്‍.എസ്. കഴിഞ്ഞ് കിടപ്പുണ്ടായിരുന്നു. ഞാന്‍ അവരെ പരിചരിക്കാന്‍ ചെന്നു. അവരും പറഞ്ഞു, ചെയ്യല്ലേ. പലതും നേരിടേണ്ടി വരും.

പക്ഷേ, ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ചെന്നൈയിലെ സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ മുഖേനെ അച്ഛനമ്മാരെ വരുത്തി കൗണ്‍സലിങ് നടത്തി. എന്റെ മാനസികാവസ്ഥ മുഴുവന്‍ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. അവര്‍ക്ക് ഒന്നും മനസ്സിലായില്ല. എന്നെ ഓര്‍ത്ത് വേദനയോടെ അവര്‍ മടങ്ങി. ഞാന്‍ ഉറച്ചുതന്നെ നിന്നു.

ഭിക്ഷാടനമോ വേശ്യാവൃത്തിയോ നടത്താതെ അന്തസ്സോടെ ജീവിച്ചു കാണിക്കണം. എന്നെപ്പോലെ വിദ്യാസമ്പന്നരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനേ അത് സാധിക്കൂ. വിദേശ രാജ്യങ്ങളിലൊക്കെ വലിയ ഉദ്യോഗങ്ങള്‍ വഹിക്കുന്നവരുണ്ട്, എന്നെപ്പോലുള്ളവര്‍. വലിയ കലാകാരന്മാരുണ്ട്. എന്തുകൊണ്ട് എനിക്കും അത് സാധിക്കില്ല.

അങ്ങനെയാണ് മുത്തുസെല്‍വന്‍ സെല്‍വിയായത്. ചെന്നൈ സര്‍ക്കാര്‍ ആസ്​പത്രിയില്‍ സര്‍ക്കാര്‍ ചെലവിലായിരുന്നു ശസ്ത്രക്രിയ. സെല്‍വനില്‍ അവശേഷിച്ച പുരുഷന്റെ അടയാളം മുറിച്ചുമാറ്റി അവള്‍ സെല്‍വിയായി. അവിടെ പെണ്മ സ്ഥാപിച്ചു. ആ പെണ്മയുടെ ആഴം ഉറപ്പു വരുത്താനുള്ള കൃത്രിമ പുരുഷലിംഗങ്ങള്‍ ബാഗിലേക്ക് തിരികെ വെച്ചുകൊണ്ട് അവള്‍ ആവര്‍ത്തിച്ചു:

'ഇപ്പോള്‍ ഞാനൊരു പെണ്ണാണ്. ഇനി എനിക്കൊരു പങ്കാളിയെ കിട്ടണം. എന്നെ സ്‌നേഹിക്കുന്ന, മനസ്സിലാക്കുന്ന ഒരു പുരുഷന്‍. പലരും പ്രണയവുമായി വരും. എല്ലാവര്‍ക്കും സെക്‌സ് മതി. ഒരുമിച്ച് ജീവിക്കാമെന്ന് പറയുമ്പോള്‍ അവര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങള്‍. ആരെയും വിശ്വസിക്കാന്‍ പറ്റില്ല. എന്നെ സംരക്ഷിക്കുന്ന ഒരാളെയാണ് എനിക്ക് വേണ്ടത്. അങ്ങനെയൊരാള്‍ വരുമെന്ന് കരുതുന്നു'
'ചെന്നൈയില്‍ ചെന്നിറങ്ങിയ ദിവസം ഞാന്‍ സെന്‍ട്രലില്‍ നിന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലേക്ക് നാല്‍പത്തേഴാം നമ്പര്‍ ബസ് കാത്തു നില്ക്കുകയായിരുന്നു. നീല സാരിയുടുത്ത ഒരു പെണ്ണ് മുന്നില്‍വന്ന് കൈ നീട്ടി. കീശയില്‍ കൈയിട്ട് ചില്ലറയുണ്ടോ എന്ന് നോക്കുമ്പോഴാണ് ആ മുഖം ശ്രദ്ധിച്ചത്. ഒരാണിന്റെ മുഖം, ഭാവം. ഒപ്പമൊരു യുവാവുമുണ്ട്. എടുപ്പും നടപ്പും പെണ്ണിനെപ്പോലെ. എന്റെ മലയാളി മനസ്സ് പെട്ടെന്ന് മന്ത്രിച്ചു, 'ചാന്തുപൊട്ട്'. തമിഴില്‍ അതിനെ ഒന്‍പത് എന്ന് സ്വയം വിവര്‍ത്തനം ചെയ്തു. എന്റെ ആണത്തം അത് ഒന്നു കൂടി വ്യക്തമായി മന്ത്രിച്ചു - ആണും പെണ്ണും കെട്ടവന്‍. അങ്ങനെ ചിലരെ പിന്നെയും ഞാന്‍ ചെന്നൈയിലെ തെരുവുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സബ്‌വേകളുടെ കവാടങ്ങളിലും കണ്ടു. ഒന്നുകില്‍ അവര്‍ ഭിക്ഷ ചോദിച്ചു. അല്ലെങ്കില്‍ കടക്കണ്ണു കൊണ്ട്, ലൈംഗികസുഖത്തിന് ക്ഷണിച്ചു.

സെല്‍വിയെ പരിചയപ്പെടുന്നത് അതില്‍പിന്നെയാണ്. മറീനാ ബീച്ചില്‍ നടന്ന ചെന്നൈ റെയിന്‍ബോ പരേഡിലാണ് സെല്‍വിയെ കണ്ടത്. സെല്‍വിയെപ്പോലെ അനേകം പേര്‍. ആണോ പെണ്ണോ ആയി പിറന്നവര്‍. അവരുടെ ലിംഗസ്ഥിതി കാണുന്നവന്റെ കാഴ്ചയില്‍ മാത്രം സത്യം. അതിന് വിരുദ്ധമായ ഒരു ലിംഗയാഥാര്‍ഥ്യത്തില്‍ ജീവിക്കുന്നവര്‍. സ്വന്തം ജനിതകരഹസ്യം സ്വയം ആഘോഷിക്കുകയായിരുന്നു അവര്‍ ആ പരേഡില്‍. അതില്‍ അഭിമാനം കൊള്ളുകയായിരുന്നു അവര്‍. സ്വവര്‍ഗാനുരാഗികളും ഉഭയലൈംഗികത ഇഷ്ടപ്പെടുന്നവരുമൊക്കെ ആ പരേഡില്‍ അണി നിരന്നിരുന്നു.

ഹോര്‍മോണ്‍ മരുന്നുകള്‍ കഴിച്ച് വളര്‍ത്തിയെടുത്ത സൈ്ത്രണത ആവോളം പ്രദര്‍ശിപ്പിക്കാന്‍ പരേഡിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍
സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിച്ചു, ഉയര്‍ന്ന മാറിടം ഒന്നുകൂടി മുന്നോട്ടുന്തി, നിതംബം പിന്നെയും പിന്നോട്ട് തള്ളി ഹൈഹീല്‍ ചെരിപ്പുകളില്‍ അവര്‍ അഴകില്‍ അന്നനട കൊണ്ടു. എന്നിട്ട് അവര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു, 'പാരുങ്കയ്യാ സ്വാമി, ഇപ്പടി താന്‍ ഇരിക്കും'.

അക്കൂട്ടത്തിലാണ് എയ്ഞ്ചല്‍ ഗ്ലാഡിയേയും കണ്ടത്. ചെന്നൈയിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സി കമ്പനിയിലെ ജീവനക്കാരി. നാലുമാസം മുന്‍പാണ് അവള്‍ സ്ത്രീയായി മാറിയത്. ആണ്‍കുട്ടിയായാണ് ജനിച്ചതെങ്കിലും മനസ്സുകൊണ്ട് ഗ്ലാഡിയും പെണ്ണായിരുന്നു. പ്രായപൂര്‍ത്തിയായപ്പോള്‍ ആണ്‍കുട്ടികളോടായിരുന്നു ഗ്ലാഡിക്ക് താത്പര്യം. പക്ഷേ, താനൊരു സ്വവര്‍ഗാനുരാഗിയല്ലെന്ന് അവളും തിരിച്ചറിഞ്ഞിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താനൊരു സാധാരണ ആണ്‍കുട്ടിയല്ലെന്ന്, അവന് ബോധ്യമാകുന്നത്. പോള്‍ ഗ്ലാഡി എന്നായിരുന്നു അവന്റെ പേര്. പെരുമാറ്റം പെണ്‍കുട്ടികളെപ്പോലെ. നടപ്പും ചിരിയും സംസാരവുമൊക്കെ അങ്ങനെത്തന്നെ. കാഴ്ചയില്‍ ഓമനത്തം തുളുമ്പുന്ന ആണ്‍കുട്ടിയില്‍ വളരുംതോറും പെരുകുന്ന പെണ്‍പെരുമാറ്റം കാണുന്നവര്‍ക്ക് അരോചകമായി. ആളുകളുടെ ദൂഷണം കേട്ട്, ആണ്‍കുട്ടികളെപ്പോലെ നടക്കാനും സംസാരിക്കാനും പെരുമാറാനും ശ്രമിച്ചു നോക്കി. ഏതോ കള്ളത്തരം ചെയ്യുംപോലെയായിരുന്നു അത്. ആണ്‍കുട്ടിയെപ്പോലെ അഭിനയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പ്രയാസമായിരുന്നു അവന്റെ ഉള്ളില്‍. സൈക്കിള്‍ ഓടിക്കുമ്പോള്‍ അവന്റെ കൈകള്‍ നെഞ്ചോട് ചേര്‍ന്നു. കൂട്ടുകാര്‍, അങ്ങനെയല്ല, ഇങ്ങനെയെന്ന് കൈകള്‍ വിടര്‍ത്തി വെച്ച്, ആണ്‍സൈക്ലിങ്ങിന്റെ സ്റ്റൈല്‍ കാണിക്കുമ്പോള്‍ അവന്‍ കഷ്ടപ്പെട്ട് ശ്രമിച്ചു നോക്കും. അധികം മുന്നോട്ട് പോകുംമുന്‍പ് കൈകള്‍ പിന്നെയും നെഞ്ചിലേക്ക് കൂമ്പും. ആണ്‍കുട്ടികളെപ്പോലെ അവന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. താനൊരു പെണ്‍കുട്ടിയാണോ? ഗ്ലാഡി ആലോചിക്കാന്‍ തുടങ്ങി.

അവനാരും കാണാതെ പെങ്ങളുടെ വസ്ത്രങ്ങള്‍ എടുത്തു ധരിക്കും. അമ്മയുടെ സാരി എടുത്തണിയും. ഇത് കണ്ടു പിടിച്ചപ്പോള്‍ ഒരിക്കല്‍ അമ്മ ശകാരിച്ചു. സ്‌കൂളുകളില്‍ പെണ്‍വേഷം കെട്ടാന്‍ സാധിക്കുന്ന നാടകങ്ങളും നൃത്തങ്ങളും ഒരിക്കലും അവന്‍ ഉപേക്ഷിച്ചില്ല. ആദ്യമൊക്കെ വീട്ടുകാര്‍ ഉപദേശിക്കുകയാണ് ചെയ്തത്. പിന്നെ കണിശമായി പറഞ്ഞു, പെണ്ണുങ്ങളെപ്പോലെ നടക്കരുത്, പെരുമാറരുത്, സംസാരിക്കരുത്.

അവന്റെ ജനികതവൈകല്യം മനസ്സിലാക്കാന്‍ അധ്യാപകര്‍ക്കുപോലും സാധിച്ചില്ല. ഒരിക്കല്‍ ഗ്ലാഡി ക്ലാസിലേക്ക് വരികയായിരുന്നു. നൃത്തപരിശീലത്തിന് പോയിരുന്നതിനാല്‍ അല്പം താമസിച്ചാണ് എത്തിയത്. ക്ലാസിലേക്ക് കയറിയപ്പോള്‍ കുട്ടികള്‍ ആര്‍ത്തു ചിരിക്കുന്നു. പോള്‍ ഗ്ലാഡി വരാന്‍ താമസിച്ചതായിരുന്നു പ്രശ്‌നം. വാധ്യാര്‍ ബോര്‍ഡില്‍ ഇംഗ്ലീഷില്‍ പോള്‍ ഗ്ലാഡി എന്ന് എഴുതി, അതിലെ 'ജി' മായ്ച്ചു കളഞ്ഞിരുന്നു. ഇപ്പോള്‍ ബോര്‍ഡില്‍ 'പോള്‍ ലേഡി' എന്നു മാത്രം. പോള്‍ സ്ത്രീ. കണ്ടോ അവന്റെ പേരില്‍ തന്നെയുണ്ട് ലേഡി എന്ന് വാധ്യാരുടെ കമന്റ്. അതുകേട്ടാണ് കുട്ടികള്‍ ആര്‍ത്തു ചിരിച്ചത്.

'സങ്കടം അതല്ല, ചില അധ്യാപകര്‍തന്നെ, നീ പെണ്ണിനെപ്പോലിരിക്കുന്നു, നിനക്ക് എന്റെ വീട്ടിലേക്ക് വരാമോ എന്ന് ചോദിച്ച്, എന്നെ സെക്‌സിന് ക്ഷണിച്ചിട്ടുണ്ട്.' -ഗ്ലാഡി പറഞ്ഞു. ഞാന്‍ ആരോടും പരാതിപ്പെട്ടില്ല. വാധ്യാര്‍തന്നെ ഇങ്ങനെ പെരുമാറുമ്പോള്‍ ഞാനെന്തു ചെയ്യും. ആരും കാണാതെ കരയുക മാത്രം ചെയ്തു.

അക്കാലത്താണ് കൂടെ പഠിക്കുന്ന നാല് കുട്ടികള്‍, തന്നേക്കാള്‍ വയസ്സുകൊണ്ട് മൂത്തവര്‍ ഗ്ലാഡിയെ ബലാത്സംഗം ചെയ്തത്. അതിന്റെ പേരില്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് അവര്‍ പിന്നെയും പിന്നെയും ഗ്ലാഡിയെ പീഡിപ്പിച്ചുകൊണ്ടിരുന്നു.

പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ടെക്‌നോളജിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ലിവിങ് സ്‌മൈലി വിദ്യയുടെ ആത്മകഥ വായിക്കുന്നത്. അവരും ഒരു ട്രാന്‍സ്‌ജെന്‍ഡറായിരുന്നു. ബികോം ബിരുദധാരിയായ അവര്‍ പഴനിയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. വിദ്യയുടെ ജീവിതം വായിച്ചപ്പോള്‍ ഗ്ലാഡിക്ക് ആത്മധൈര്യമായി. തഞ്ചാവുര്‍ ഭാരത് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റിലായിരുന്നു ബിരുദത്തിന് പഠിച്ചത്. പിന്നീട് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടുന്നതിന് ചെന്നൈയിലെത്തി. മദ്രാസ് സര്‍വകലാശാലയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയാണ് ഗ്ലാഡി. ജീവിത വിജയം കണ്ടെത്തിയ ഇത്തരം ലിംഗന്യൂനപക്ഷക്കാരെക്കുറിച്ച് ഇന്റര്‍നെറ്റിലൂടെ കൂടുതല്‍ മനസ്സിലാക്കി. തഞ്ചാവൂരില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ഇങ്ങനെ ഒരാള്‍ ജോലി ചെയ്യുന്ന കാര്യവും മനസ്സിലാക്കി.

മാസ് കമ്യൂണിക്കേഷന്‍ എന്‍ട്രന്‍സ് പാസ്സായി സര്‍വകലാശാലയില്‍ ചേരാന്‍ ചെന്നപ്പോള്‍ ഒരു പ്രധാന ചോദ്യം ഇതായിരുന്നു -എന്തുകൊണ്ട് മാസ് കമ്യൂണിക്കേഷന്‍ തിരഞ്ഞെടുത്തു?

താനൊരു ട്രാന്‍സ്‌ജെന്‍ഡറാണെന്നും ഭാവിയില്‍ തന്നെപ്പോലുള്ളവര്‍ക്ക് എന്തെങ്കിലും സേവനം ചെയ്യാന്‍ ശ്രമിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ആദ്യമായി തുറന്നുപറഞ്ഞത് അവിടെയാണ്.

പരേഡ് കഴിഞ്ഞ് കൂട്ടുകാര്‍ പിരിഞ്ഞുപോയപ്പോള്‍ ഗ്ലാഡി, മറീനാ ബീച്ചിന്റെ ഒരറ്റത്തിരുന്നു ജീവിതകഥ പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം ഓപ്പോസിറ്റ് സെക്‌സ് എന്ന് പറയുന്നത് ആണ്‍കുട്ടികളായിരുന്നു. പക്ഷേ, ഞാനൊരിക്കലും ഒരു ഗേ ആയിരുന്നില്ല. പ്ലസ്‌വണ്ണില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഒരാളെ സ്‌നേഹിച്ചിരുന്നു. പക്ഷേ, അവന് എന്നെ മനസ്സിലാക്കാന്‍ സാധിച്ചില്ല. 'എനിക്ക് എങ്ങനെ നിന്നെ സ്‌നേഹിക്കാന്‍ സാധിക്കും? നീയൊരു ആണ്‍കുട്ടിയല്ലേ' എന്നാണ് അവന്‍ എന്നോട് ചോദിച്ചത്. അതൊരു വണ്‍സൈഡ് ലവ് ആയിപ്പോയി. പിന്നെ ആരെയും സ്‌നേഹിക്കാന്‍ ശ്രമിച്ചിട്ടില്ല. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ആര്‍ക്കും എന്നെ മനസ്സിലായില്ല. കൗണ്‍സലിങ് കൊണ്ടോ ഷോക്ക് ട്രീറ്റ്‌മെന്റ് കൊണ്ടോ മാറ്റിയെടുക്കാവുന്നതല്ല എന്നെപ്പോലുള്ളവരുടെ പ്രശ്‌നം. ഇതൊരു രോഗമല്ല. ആണോ പെണ്ണോ ആയി ജനിക്കണമെന്ന് നമ്മള്‍ സ്വയം എഴുതിവെക്കുന്നതല്ല. അതുപോലെത്തന്നെയാണ് ഞങ്ങളുടെ ജനനവും.

പി.ജി.ക്ക് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍തന്നെ ഞാന്‍ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസില്‍ ജോലിചെയ്തിരുന്നു. ഓഫീസില്‍ ആണ്‍വേഷത്തിലാണ് ഞാന്‍ പോയിരുന്നത്. ക്ലാസില്‍ പെണ്‍കുട്ടിയായും. ഞാന്‍ ആരാണെന്ന് എനിക്കറിയാം. പക്ഷേ, ഈ ആള്‍മാറാട്ടം എന്നില്‍ കടുത്ത ചിന്താക്കുഴപ്പവും നിരാശയും ജനിപ്പിച്ചു. ആണുങ്ങളോടൊപ്പമായിരുന്നു എന്റെ താമസം. അത് വല്ലാത്ത വീര്‍പ്പുമുട്ടലുണ്ടാക്കി.

നാലുമാസം മുന്‍പാണ് ഞാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. അവന്‍ എല്ലാറ്റിനും കൂടെ നിന്നു. പക്ഷേ. എന്റെ രഹസ്യഭാഗങ്ങളുടെ പരിചരണം അവനെക്കൊണ്ട് പറ്റില്ല. നേരത്തെ ശസ്ത്രക്രിയ നടത്തിയ വേറെ ഒരു ട്രാന്‍സ്‌ജെന്‍ഡറാണ് അക്കാര്യങ്ങളൊക്ക ചെയ്തുതന്നത്. വീട്ടില്‍ അറിയിച്ചിരുന്നില്ല. അവര്‍ സമ്മതിക്കില്ല. തഞ്ചാവൂരില്‍, എന്റെ നാട്ടിലൊരു സുഹൃത്തുണ്ട്. അവനെ അറിയിച്ചപ്പോള്‍ അവന്‍ എതിര്‍ത്തു, അങ്ങനെയൊന്നും ചെയ്തുകളയല്ലേ എന്ന് ഉപദേശിച്ചു. ഇവിടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സ്വന്തമായി ഒരു കുടുംബവൃത്തമുണ്ട്. അതില്‍ അമ്മ, മകള്‍, അമ്മായി, ചിറ്റ, മുത്തശ്ശി ഇങ്ങനെ സ്ത്രീബന്ധങ്ങള്‍ മാത്രമേ ഉണ്ടാകൂ. അങ്ങനെ എനിക്കൊരു അമ്മയും മകളുമുണ്ട്. അത് ഞങ്ങള്‍ ഓരോ ഗ്രൂപ്പ് സ്വയം നിശ്ചയിക്കുന്നതാണ്.

വിവരമറിഞ്ഞപ്പോള്‍ എന്റെ അച്ഛന്‍ പറഞ്ഞത്, ഇങ്ങനെയൊരു മകന്‍ ജീവിച്ചിരിപ്പില്ല, മരിച്ചുപോയെന്നാണ്. അമ്മയ്ക്ക് അങ്ങനെ ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ. അവര്‍ പത്തുമാസം വയറ്റില്‍ ചുമന്ന് നൊന്ത് പ്രസവിച്ചതാണ്. ആണായാലും പെണ്ണായാലും രണ്ടുംകെട്ടതായാലും ഞാന്‍ അവരുടെ പിള്ളയാണ്. എന്നെ അവര്‍ക്ക് മറക്കാന്‍ പറ്റില്ല.

സഹോദരനും വിളിക്കും, സംസാരിക്കും. ഒരു ചാനലില്‍ എന്റെ അഭിമുഖം കണ്ടപ്പോള്‍ സുഹൃത്തുക്കള്‍ സഹോദരനെ പറഞ്ഞുമനസ്സിലാക്കുകയായിരുന്നു. ഗ്ലാഡിയെപ്പോലുള്ളവരെ നമ്മള്‍ സ്‌നേഹിക്കണമെന്ന്.

ശസ്ത്രക്രിയയ്ക്കുശേഷം പൂണ്ടി ദേവാലയത്തില്‍ വെച്ചാണ് അമ്മയെ ആദ്യമായി കാണുന്നത്. അവിടെ കാണാമെന്ന് ഞങ്ങള്‍ പരസ്​പരം ധാരണയിലെത്തുകയായിരുന്നു. എന്നെ പെണ്‍വേഷത്തില്‍ കണ്ടപ്പോള്‍ അമ്മ അദ്ഭുതപ്പെട്ടു. ദേവാലയത്തിലെ മാതാവിന് കാഴ്ചവെച്ച സാരി അവര്‍ എനിക്ക് സമ്മാനമായി തന്നു. ഒരു പെണ്ണായശേഷം ഞാന്‍ ഏറ്റവുംകൂടുതല്‍ അഭിമാനിച്ച നിമിഷമായിരുന്നു അത്. ആണ്‍കുട്ടിയായി ജനിച്ച എന്നെ സ്വന്തം അമ്മ പെണ്‍കുട്ടിയായി സ്വീകരിച്ചിരിക്കുന്നു. അവര്‍ എന്നെ പഴയതുപോലെ എടാ എന്നു വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, 'അമ്മാ അപ്പടി കൂപ്പിടക്കൂടാത്'. പിന്നീട് അവര്‍ എന്നെ 'വാമ്മാ, പോമ്മാ' എന്നുമാത്രം വിളിച്ചു. അവര്‍ ചെന്നൈയില്‍ വന്ന് രണ്ടുദിവസം എന്റെകൂടെ താമസിച്ചു. ഇതൊന്നും അച്ഛന് അറിയില്ല. അമ്മ വരുമ്പോള്‍ അവരുടെ പഴയ സാരികള്‍ കൊണ്ടുവന്നിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ എടുത്ത് ഉടുത്തതിന് അമ്മ എന്നെ വഴക്കുപറഞ്ഞ അതേ സാരികള്‍. എന്റെ കണ്ണുകള്‍ അതു കണ്ടപ്പോള്‍ നിറഞ്ഞുതുളുമ്പി. അമ്മയ്ക്കിപ്പോള്‍ ഞാന്‍ ശരിക്കുമൊരു മകളായിരിക്കുന്നല്ലോ.

ഒരിക്കല്‍, എന്റെകൂടെ ഡിഗ്രിക്കു പഠിച്ച ഒരു കൂട്ടുകാരന്‍ അവന്റെ കല്യാണത്തിന് ക്ഷണിച്ചു. ഞങ്ങളുടെകൂടെ പഠിച്ച ഒരു കുട്ടിയെ തന്നെയാണ് അവന്‍ കെട്ടിയത്. കല്യാണത്തിന് പെണ്‍വേഷത്തിലാണ് ഞാന്‍ ചെന്നത്. ഒപ്പം പഠിച്ചവരെല്ലാമുണ്ടായിരുന്നു. അവരൊക്കെ അന്തം വിട്ടു. നീ ശരിക്കും ഒരു പെണ്ണു തന്നെ, എന്ത് സുന്ദരിയായിരിക്കുന്നു എന്നൊക്കെ അവര്‍ പറഞ്ഞു. ഐശ്വര്യാറായിക്ക് ലോകസുന്ദരി പട്ടം കിട്ടിയപ്പോഴുണ്ടായ സന്തോഷമാണ് എനിക്ക് അപ്പോഴുണ്ടായത്.

ലിംഗമാറ്റം കഴിഞ്ഞാല്‍ നാല്പതാം ദിവസം ഒരു ചടങ്ങുണ്ട്. സാധാരണ പെണ്‍കുട്ടികള്‍ ഋതുമതിയാകുമ്പോള്‍ നടക്കുന്ന ചടങ്ങാണ്. മഞ്ഞള്‍ തേച്ച് മൈലാഞ്ചിയൊക്കെ ഇട്ട് നടത്തുന്ന ആ ചടങ്ങില്ലേ? അതുതന്നെ. അതുവരെ നമ്മള്‍ ശരീരത്തിലെ രോമങ്ങളൊന്നും നീക്കം ചെയ്യാന്‍ പാടില്ല. അത്രയുംദിവസം കണ്ണാടിയില്‍ നോക്കാനും പാടില്ല. പക്ഷേ, എനിക്ക് അത്രയും കാത്തുനില്ക്കാന്‍ പറ്റില്ലായിരുന്നു. കാരണം എനിക്ക് ജോലിയുണ്ടായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് 20 ദിവസത്തിനുശേഷം ഞാന്‍ ജോലിക്ക് പോയി.

ഭാഗ്യത്തിന് എനിക്ക് നേരത്തെത്തന്നെ മീശയും താടിരോമങ്ങളുമുണ്ടായിരുന്നില്ല. സൈ്ത്രണ ഹോര്‍മോണുകള്‍ കുത്തിവെക്കുമ്പോള്‍ മാറിലെ മാറ്റം ഞാന്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. മറ്റ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെപ്പോലെ എനിക്ക് അത് പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഞാന്‍ പരമാവധി അയഞ്ഞ ചുരിദാറുകള്‍ ധരിച്ചു. വളര്‍ന്നുവരുന്ന മാറിന്റെ മുഴുപ്പിലേക്ക് ആദ്യമായി ഒരു ആമ്പിള നോക്കിയപ്പോള്‍ ഞാന്‍ ശരിക്കും നാണിച്ചു. ഒരു പെണ്ണിന്റെ കോരിത്തരിപ്പ് ഞാനറിഞ്ഞു.

പുതിയ വേഷത്തില്‍ ജോലിക്ക് ചെന്നപ്പോള്‍ അവിടെ ചെറിയ ആശയക്കുഴപ്പം. സഹപ്രവര്‍ത്തകരൊക്കെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ലേഡീസ് എന്റെ അടുത്ത് കൂടുതല്‍ കംഫര്‍ട്ടബിളായി. പക്ഷേ, മേലധികാരികള്‍ക്കായിരുന്നു പ്രശ്‌നം. തത്കാലം ജോലിയില്‍ നിന്ന് വിട്ടുനിലേ്ക്കണ്ടി വന്നു. അഞ്ച് മാസക്കാലം ശരിക്കും ദുരിതത്തിലായി. കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് ആഹാരത്തിന് വക കണ്ടെത്തിയത്. ഇടയ്ക്ക് ചില കോളേജുകളില്‍ ഗസ്റ്റ് ലക്ചററായും പോയി.

ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുമ്പോള്‍ മുറിവില്‍ മരുന്നുവെച്ചതും എണ്ണ തേച്ചതുമൊക്കെ ഞാന്‍ തന്നെയായിരുന്നു. സാധാരണ ഞങ്ങളുടെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയിലെ ആളുകള്‍ സഹായത്തിനുണ്ടാകും. പെണ്ണായപ്പോള്‍, രാത്രി ഒറ്റയ്ക്ക് ഓട്ടോറിക്ഷയില്‍ പോകാന്‍ വയ്യാത്ത സ്ഥിതിയുണ്ട്. പ്രത്യേകിച്ച് ട്രാന്‍സ്‌ജെന്‍ഡറാണെന്ന് അറിയുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തി ഡ്രൈവര്‍ പിന്‍സീറ്റില്‍ വന്നിരുന്ന് ഉപദ്രവിക്കും. പലപ്പോഴും ഇത്തരക്കാരില്‍ നിന്ന് ഓടി രക്ഷപ്പെടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് കഴിയുന്നതും ഷെയര്‍ ഓട്ടോയിലേ സഞ്ചരിക്കൂ. പിന്നെ, എത്രയാണ് നിന്റെ ചാര്‍ജ് എന്ന ചോദ്യവുമായി ബസ്സിലും ബസ് സ്റ്റാന്‍ഡിലുമൊക്കെ ചിലര്‍ സമീപിക്കും. ദൈവം സഹായിച്ച്, എനിക്ക് സൈ്ത്രണമായ ഒരു ലുക്കുണ്ട്. പക്ഷേ, സംസാരിച്ചു തുടങ്ങുമ്പോള്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ചിലര്‍ ശ്രദ്ധിക്കും. അങ്ങനെയാണ് പലപ്പോഴും ഞാന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് തിരിച്ചറിയുന്നത്.

കുടുംബത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോയതിന്റെ വേദന പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാകുമോ? ഇവിടെ എന്നെപ്പോലുള്ളവര്‍ക്ക് താമസിക്കാനൊരു മുറി കിട്ടില്ല. കഷ്ടപ്പെട്ടാണ് ഒരു മുറി ഒപ്പിച്ചത്. അവിടെ ഒറ്റയ്ക്കാണ് താമസം. ഒരിക്കല്‍ എനിക്ക് പനി പിടിച്ചു. എഴുന്നേല്‍ക്കാന്‍ പറ്റില്ല. ദേഹം മുഴുവന്‍ നൊമ്പരം. മേശപ്പുറത്തിരുന്ന് മൊബൈല്‍ അടിച്ചാല്‍ അതെടുക്കാന്‍ പോലും പറ്റില്ല. ഇത്തിരി ചുടുവെള്ളം വേണമെങ്കില്‍ ആരെങ്കിലും എടുത്തുതരണം. പക്ഷേ, ആരുമില്ല. അന്ന് ഞാന്‍ അമ്മ അടുത്തുണ്ടായിരുന്നുവെങ്കില്‍ എന്ന് ആലോചിച്ചു പോയി. അന്ന് ഒരുപാട് കരഞ്ഞു. അങ്ങനെയൊരു ദിവസം ഇനി ജീവിതത്തില്‍ ഉണ്ടാകരുതേ എന്നാണ് പ്രാര്‍ഥന.

ഒറ്റപ്പെടലിന്റെ വേദന മറക്കാന്‍ പിന്നീട് ജോലിയും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ഞാന്‍ സ്വയം
തിരക്കുകളില്‍ ചെന്നു പെടുകയായിരുന്നു.

സെല്‍വിയെ പോലെ ഗ്ലാഡിക്കും ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഇങ്ങനെതന്നെ ജനിച്ചാല്‍ മതി. ''പക്ഷേ, കുടുംബം ഞങ്ങളെ ഒറ്റപ്പെടുത്തരുത്. ഞങ്ങളെ മാതാപിതാക്കള്‍ മനസ്സിലാക്കണം. അവരുടെ അംഗീകാരത്തോടെ ഇതുപോലെ ജീവിക്കണം.''

സ്‌നേഹമുള്ള ഒരു പങ്കാളിയെ കിട്ടുമെന്ന് ഗ്ലാഡിയും ആശിക്കുന്നു. സംസാരിച്ചുകൊണ്ടിരിക്കെ, മഞ്ഞക്കുപ്പായവും പച്ചത്തുണിയുമുടുത്ത ഒരു പയ്യന്‍ ഗ്ലാഡിയെ തേടി വന്നു. പരേഡിനെത്തി യാത്ര പറയാന്‍ വന്നതാണ്. അയാള്‍ പോയപ്പോള്‍ ഗ്ലാഡി പറഞ്ഞു.

''അവന്‍ അടുത്ത് സര്‍ജറി കഴിഞ്ഞതാണ്. സോറി അവനല്ല, അവള്‍. മുറിവുണങ്ങിക്കാണില്ല. അതാണ് മുണ്ടുടുത്ത് വന്നത്. പക്ഷേ, ഒരു കാര്യം കേള്‍ക്കണോ? അവള്‍ ആസ്​പത്രിയിലല്ല സര്‍ജറി ചെയ്തത്.''

പിന്നീട് ഗ്ലാഡി പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. വ്യാജ ഡോക്ടര്‍മാരും മൂത്ത ട്രാന്‍സ് സ്ത്രീകളും ചേര്‍ന്ന് നടത്തുന്ന പ്രാകൃതമായ ശസ്ത്രക്രിയയെക്കുറിച്ചാണ് പറഞ്ഞത്. കൈകള്‍ പിന്നോട്ട് കെട്ടിവെച്ച് രണ്ടോ മൂന്നോ ആളുകള്‍ ബലമായി കാലുകള്‍ പിടിച്ചു വെച്ച് പുരുഷന്റെ അവയവം ഛേദിച്ചു കളയുക. അനസ്‌തേഷ്യയില്ലാതെ. അങ്ങനെ ഇപ്പോഴും തമിഴ്‌നാട്ടില്‍ നടക്കുന്നുണ്ടത്രെ. ചെന്നൈ സര്‍ക്കാര്‍ ആസ്​പത്രിയില്‍ തീര്‍ത്തും സൗജന്യമായി എസ്.ആര്‍.എസ്. ചെയ്തു കിട്ടുമ്പോഴാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത്. തൊട്ടു മുന്‍പു വന്നു പോയ ആള്‍ അങ്ങനെ പ്രാകൃതമായ ശസ്ത്രക്രിയയിലൂടെയാണ് പെണ്ണായി മാറിയത്.

എഗ്‌മോറിലെ ഹോട്ടലില്‍നിന്ന് അത്താഴം കഴിച്ച് പിരിയുമ്പോള്‍ ഗ്ലാഡി പറഞ്ഞു, ''എന്നെപ്പോലുള്ള എല്ലാവരെയും ഇതുപോലെ വിശ്വസിക്കരുത്. അവര്‍ ചിലപ്പോള്‍ കൈയിലുള്ള സാധനങ്ങള്‍ പോക്കറ്റടിച്ചെന്നു വരും. കാരണം. ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാത്തവരാണ് ഈ ജന്മം കിട്ടിയ ഭൂരിഭാഗവും.''
'
വിജയ് ടിവിയിലെ 'ഇപ്പടിക്ക് റോസ്' എന്ന ടോക് ഷോയിലൂടെ തമിഴ്‌നാട്ടില്‍ പ്രസിദ്ധയാണ് റോസ് വെങ്കടേശന്‍. തായ്‌ലന്‍ഡില്‍ പോയി അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കിയാണ് അവര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. വേദനയുടെ കഥകളാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമുള്ള റോസിനും പറയാനുള്ളത്.

ചെറുപ്രായത്തില്‍ത്തന്നെ സൈ്ത്രണമായ പെരുമാറ്റം മൂലം, ആളുകളില്‍ നിന്ന് വേറിട്ടു നില്ക്കാനാണ് അവന്‍ താത്പര്യപ്പെട്ടത്. അന്ന് അവന്‍ രമേശ് വെങ്കിടേശ് ആയിരുന്നു. ''ആണ്‍കുട്ടികളോടൊപ്പവും പെണ്‍കുട്ടികളോടൊപ്പവും പോകാന്‍ പറ്റില്ല. രണ്ട് കൂട്ടരും കളിയാക്കും. ആണ്‍കുട്ടിയായി അഭിനയിക്കാന്‍ വയ്യാത്തതു കൊണ്ട് കുടുംബസദസ്സുകളിലൊന്നും പോകില്ല. പ്രായപൂര്‍ത്തിയായപ്പോള്‍ ആണ്‍കുട്ടികളോടായി ലൈംഗിക ആകര്‍ഷണം. പതിനാറ്, പതിനേഴ് വയസ്സുകളില്‍ ഇത് വല്ലാത്ത മാനസികാസ്വാസ്ഥ്യമുണ്ടാക്കി. മനഃശാസ്ത്രജ്ഞരെ മാറി മാറി കണ്ടു. പലരും പല ഉത്തരങ്ങളാണ് നല്കിയത്. വേദനാജനകമായ ഒരു ഭാരം മനസ്സില്‍ കുമിഞ്ഞു കൂടിക്കൊണ്ടിരുന്നു.

ആളുകള്‍ ഒന്‍പത് എന്നു വിളിക്കാന്‍ തുടങ്ങി. അത് സഹിക്കാന്‍ പറ്റുമായിരുന്നില്ല. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോടെ ആത്മവിശ്വാസം വര്‍ധിച്ചു. അമേരിക്കയില്‍ ഉപരിപഠനം കഴിഞ്ഞു വന്നതോടെ പൂര്‍ണമായും സ്ത്രീത്വത്തിലേക്ക് മാറാന്‍ തീരുമാനിച്ചു. കുറേക്കാലത്തേക്ക് വീട്ടില്‍നിന്ന് പുറത്തായി. ടെലിവിഷന്‍ ഷോയിലൂടെയാണ് വിദേശത്തുപോയി സര്‍ജറി നടത്താനുള്ള പണം കണ്ടെത്തിയത്. സര്‍ജറിക്കു മുന്‍പേ ഹോര്‍മോണുകള്‍ കഴിച്ച്, സ്ത്രീശരീരം സമ്പാദിച്ചിരുന്നു.

സ്‌നേഹം നടിച്ചെത്തിയവര്‍ക്കൊക്കെ ലൈംഗികമായി ഉപയോഗിക്കാനായിരുന്നു താത്പര്യമെന്ന്' റോസ് വേദനയോടെ പറഞ്ഞു. നമ്മുടെ സമൂഹത്തിന്റെ കാപട്യമാണ് അത്. വളരെ ചെറിയപ്രായത്തില്‍തന്നെ ഈ പീഡനം അനുഭവിക്കുന്നുണ്ട്. ബന്ധുക്കളാണ് അന്നൊക്കെ പീഡിപ്പിച്ചത്.

പഠിക്കുമ്പോള്‍ റോസിനും ഒരാണ്‍കുട്ടിയോട് പ്രണയം തോന്നിയിരുന്നു. പക്ഷേ, അവന്റെയടുത്ത് താന്‍ ആഗ്രഹിക്കുന്ന പദവി കിട്ടില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് അത് തുറന്നു പറഞ്ഞില്ല. കാരണം എന്നെപ്പോലുള്ളവര്‍ അവനെപ്പോലുള്ളവര്‍ക്ക് 'ഒന്‍പതാ'ണ്.

റോസിന് പക്ഷേ, ഒരു ഭാഗ്യമുണ്ട്. ഇപ്പോള്‍ മാതാപിതാക്കളോടൊപ്പമാണ് താമസം. ഒട്ടും താത്പര്യത്തോടെയല്ല അവര്‍ കൂടെ പൊറുപ്പിക്കുന്നതെന്ന് റോസിന് അറിയാം. കുടുംബവും സമൂഹവും നമ്മെ കാണുന്നത് ഏതോ കീടങ്ങളെപ്പോലെയാണ്. നമ്മള്‍ മരിച്ചുപോകുന്നതാണ് നല്ലതെന്ന് അവര്‍ കരുതുന്നു - റോസിന്റെ വാക്കുകളില്‍ പക്ഷേ, നിരാശയില്ല.

ട്രാന്‍സ്‌ജെന്‍ഡറിന്റെ ജീവിത കഥ പറയുന്ന ഒരു സിനിമ എടുക്കുകയാണ് റോസിന്റെ ലക്ഷ്യം. അതിനുള്ള തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. ഏറെക്കുറെ ആത്മകഥാപരമായിരിക്കും. സിനിമയിലൂടെ ഹോളിവുഡിലേക്ക് കടക്കണം. അവിടെ തന്നെപ്പോലുള്ളവര്‍ക്ക് കുറേക്കൂടി മാന്യമായ സാമൂഹികപദവി കിട്ടുമെന്ന വിശ്വാസത്തിലാണ് റോസ്.

സെല്‍വിയെയും റോസിനെയും ഗ്ലാഡിയെയും പോലെ ഏറെ പേരുണ്ട്. ജീവിതവിജയം കണ്ടെത്താന്‍ കഴിയുന്നവര്‍ ഇവരെപ്പോലെ വളരെ ചുരുക്കമായിരിക്കും. ചെന്നൈയില്‍ ഇത്തരക്കാര്‍ക്ക് ഒന്നിലേറെ കൂട്ടായ്മകളുണ്ട്.
കല്‍കി സ്ഥാപിച്ച 'സഹോദരി' അത്തരം കൂട്ടായ്മകളില്‍ ഒന്നാണ്. കല്‍കി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീത്വം സ്വയം സ്വീകരിച്ചവളാണ്. തന്നെപ്പോലെ വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് സഹോദരിയുടെ ലക്ഷ്യം. ചെന്നൈയില്‍ നാല്പതോളം പേര്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീത്വം സ്വീകരിച്ചിട്ടുണ്ടെന്ന് റെയിന്‍ബോ പരേഡില്‍ കണ്ടപ്പോള്‍ കല്‍കി പറഞ്ഞു. ശസ്ത്രക്രിയയെക്കുറിച്ച് അന്വേഷിച്ച് നിരവധി പേര്‍ ബന്ധപ്പെടാറുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് മാത്രമല്ല, കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കല്‍കിയെ വിളിക്കുന്നവരുണ്ട്. തൃശൂരില്‍ ഈയിടെ നടന്ന റെയിന്‍ബോ പരേഡില്‍ പങ്കെടുക്കാന്‍ കല്‍കി വന്നിരുന്നു. ലിംഗ സ്ഥിതിയുടെ വൈരുധ്യം തീര്‍ക്കുന്ന വേദന അനുഭവിക്കുന്ന അനവധി പേരുണ്ട്. വിളിക്കുന്നവരോട് ആദ്യം കൗണ്‍സലിംഗിന് വിധേയരാകാന്‍ നിര്‍ദേശിക്കുകയാണ് കല്‍കി ചെയ്യുന്നത്. സ്ത്രീയില്‍നിന്ന് പുരുഷനിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരായി മൂന്ന് പേര്‍ മാത്രമാണ്, ഇതുവരെ തന്നെ ബന്ധപ്പെട്ടതെന്നും കല്‍കി പറഞ്ഞു. രഹസ്യമായി ശസ്ത്രക്രിയ ചെയ്യുന്നവരുമുണ്ട്. അതുകൊണ്ട് ഇത്തരക്കാരുടെ കൃത്യമായ കണക്ക് കിട്ടില്ല. തമിഴ്‌നാട്ടില്‍ ഇവരോട് സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിക്കുന്നത്. ചെന്നൈ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായാണ് എസ്.ആര്‍.എസ് ചെയ്തു കൊടുക്കുന്നത്.

കുടുംബവും സമൂഹവും ഒറ്റപ്പെടുത്തുമ്പോഴും ഈ കൂട്ടങ്ങളിലെത്തുമ്പോള്‍ അവര്‍ക്ക് വലിയ ആശ്വാസമാണ്. തങ്ങളെപ്പോലെ തങ്ങള്‍
ഒറ്റയ്ക്കല്ലെന്ന തോന്നലാണ് ഈ കേന്ദ്രങ്ങള്‍ അവര്‍ക്ക് പ്രദാനം ചെയ്യുന്നത്? സൃഷ്ടിയിലെ ഈ വൈകല്യത്തിന് ആരോട് പരാതിപ്പെടും? ആണും പെണ്ണുമായി വേര്‍തിരിഞ്ഞു ജീവിക്കുന്ന നമുക്ക് ഇവരെ മനസ്സിലാകില്ല.

ആ വേദന തിരിച്ചറിയാനും സാധിക്കില്ല. ജനനംകൊണ്ട് ഇവര്‍ ആണോ പെണ്ണോ ആയിരിക്കും. പക്ഷേ, ജീവിച്ചു തുടങ്ങുമ്പോള്‍ തന്റെ ജന്മത്തിലെ പിഴവ് ഇവര്‍ തിരിച്ചറിയുന്നു. സൃഷ്ടിയില്‍ സംഭവിച്ച ഈ അപൂര്‍ണത അവരെ ജീവിതകാലം മുഴുവന്‍ വേട്ടയാടുന്നു. ശരീരത്തിന്റെ ഘടനയിലല്ല ഇവരുടെ ആണ്‍പെണ്‍ ജീവിതം നിര്‍ണയിക്കപ്പെടുന്നത്. സൃഷ്ടിയിലെ ലിംഗക്രമീകരണത്തില്‍ (sexual orientation) നിന്ന് വ്യത്യസ്തമായി മനസ്സിന്റെ തീരുമാനംപോലെ അവര്‍ സ്വയം നിര്‍ണയിക്കുകയാണ്. ഇത് സ്വയം നിര്‍ണയിക്കാനുള്ള അവകാശം അനുവദിച്ചു കിട്ടാനും സമൂഹത്തില്‍ സാധാരണ വ്യക്തിത്വമായി (normal idendity) അംഗീകരിക്കപ്പെടാനുമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവും അവര്‍ക്കുവേണ്ടി രംഗത്തുള്ള സന്നദ്ധ സംഘടനകളും പോരാടുന്നത്. സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും ലൈംഗിക ആകര്‍ഷണം തോന്നിത്തുടങ്ങുമ്പോഴാണ് തന്നിലെ അസ്തിത്വ പ്രതിസന്ധി ഇവര്‍ പലപ്പോഴും പൂര്‍ണമായ അര്‍ഥത്തില്‍ തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ സ്വവര്‍ഗാനുരാഗികളായി എളുപ്പം തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാല്‍ തങ്ങളെ സംബന്ധിച്ചിടത്തോളം എതിര്‍ ലിംഗം (opposite sex) എന്ന് പറയുന്നത് ആണുങ്ങളാണെന്ന് തിരിച്ചറിയുമ്പോള്‍തന്നെ സെല്‍വിയും ഗ്ലാഡിയും റോസും തങ്ങള്‍ സ്വവര്‍ഗാനുരാഗികളല്ലെന്നും തിരിച്ചറിയുന്നുണ്ട്. ജന്മംകൊണ്ട് സ്ത്രീയുടെ ലിംഗക്രമീകരണം സിദ്ധിച്ചവര്‍ക്ക് സ്ത്രീയോട് തോന്നുന്ന അനുരാഗത്തേയും ഇത്തരക്കാരുടെ കാര്യത്തില്‍ സ്വവര്‍ഗാനുരാഗമായി തെറ്റിദ്ധരിക്കപ്പെടുന്നു. സ്ത്രീയായോ പുരുഷനായോ സ്വയം നിര്‍ണയിക്കുന്നവര്‍ക്ക് അവരവരുടേതായ ലൈംഗികതയും തിരഞ്ഞെടുക്കേണ്ടി വരുന്നു. Gender identity disorder ഒരു ശാപമല്ലെങ്കില്‍ ഇവരുടെ ജീവിതം എങ്ങനെയാണ് പലപ്പോഴും നരകമായിത്തീരുന്നത്? പഠനം മുടങ്ങി, പ്രിയപ്പെട്ടവരാല്‍ ഉപേക്ഷിക്കപ്പെട്ട് തെരുവുകളിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ ഇവരുടെ ശാപവാക്കുകളുടെ അമ്പുകള്‍ ചെന്നുതറയ്‌ക്കേണ്ടത് എവിടെയാണ്?

(ആഗസ്ത് രണ്ടാം തീയതി പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)