MATHRUBHUMI RSS
Loading...
വിജയലക്ഷ്മിയുടെ വിരലുകളില്‍ സംഗീതത്തിന്റെ വെളിച്ചം


കോഴിക്കോട്: വിജയലക്ഷ്മിയുടെ വിരലുകള്‍ ഗായത്രിവീണയുടെ തന്ത്രികളില്‍ തൊട്ടപ്പോള്‍ വെളിച്ചംവിതറുന്ന രാഗങ്ങള്‍ പിറന്നു. കണ്ണിലെ ഇരുട്ട് അകക്കണ്ണിലെ വെളിച്ചത്തില്‍ അലിഞ്ഞില്ലാതായി. ഒഴുകിപ്പരന്ന സംഗീതത്തില്‍ ആസ്വാദകര്‍ സ്വയം മറന്നു.

വൈക്കം സ്വദേശി വിജയലക്ഷ്മി അന്ധയാണ്. എന്നാല്‍ കോഴിക്കോട്ടെ കേള്‍വിക്കാര്‍ വിജയലക്ഷ്മിയുടെ വിരലുകള്‍ വീണയുടെ സ്വരസ്ഥാനങ്ങളിലൂടെ ഒഴുകിനടക്കുന്നത് അത്ഭുതത്തോടെ കണ്ടിരുന്നു. അതില്‍നിന്ന് ജനിച്ച മധുരസംഗീതം കാതില്‍ നിറച്ചു.

ചക്രവാക രാഗത്തില്‍ 'ഗജാനനം'... എന്ന കീര്‍ത്തനത്തോടെയാണ് വിജയലക്ഷ്മി തുടങ്ങിയത്. വലതുകൈ വീണയില്‍ ചേര്‍ത്ത് ഗായത്രിവീണയുടെ ഒറ്റക്കമ്പിയിലൂടെ ഇടതുകൈയിലെ കൊച്ചുദണ്ഡ് ചലിപ്പിച്ച് അന്ധതയെ മറന്ന് കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും ഒഴുക്കി. ശ്രുതിശുദ്ധമായ സംഗീതാര്‍ച്ചന. നാഗഗാന്ധാരിരാഗത്തില്‍ 'സരസിജനാഭസോദരി'യാണ് രണ്ടാമതായി വായിച്ചത്. വയലിനില്‍ ചേര്‍ത്തല സുനിലും മൃദംഗത്തില്‍ ചേര്‍ത്തല വേണുവും തബലയില്‍ വൈക്കം രംഗശ്രീയും പിന്നണിചേര്‍ന്നു.

ബാങ്ക് ജീവനക്കാരുടെ കലാസാംസ്‌കാരികവേദിയായ നവതരംഗമാണ് പരിപാടി സംഘടിപ്പിച്ചത്. വിജയലക്ഷ്മിക്കുള്ള ഉപഹാരം കനറാബാങ്ക് ഡെപ്യൂട്ടി ജനറല്‍മാനേജര്‍ പി.എന്‍. പരമേശ്വരന്‍ നല്‍കി.

Other stories in this section