MATHRUBHUMI RSS
Loading...
പെണ്ണിന്റെ സഹനമാണ് ആണിന്റെ ഫുട്‌ബോള്‍
റംല നജീബ്‌

ഇത് ഒരു പെണ്ണിന്റെ ഫുട്‌ബോള്‍ അനുഭവങ്ങളാണ്. മധുവിധുവിന് ആയുഷ്‌കാലത്തേക്ക് കടംപറഞ്ഞ ഒരു ഫുട്‌ബോള്‍ കളിക്കാരന്റെ ഭാര്യ ഫുട്‌ബോളിനെക്കുറിച്ച് പറയുമ്പോള്‍ അതില്‍ കളിക്കളത്തിലെ ആരവങ്ങളില്‍ മുങ്ങിപ്പോയ സഹനങ്ങളുണ്ട്. ജീവിതം മുഴുവന്‍ സൈഡ് ബെഞ്ചിലിരുന്ന് കളികാണാന്‍ വിധിക്കപ്പെട്ട റിസര്‍വ് കളിക്കാരന്റെ അമര്‍ഷവും വേദനയുമുണ്ട്. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശങ്ങളില്‍ പങ്കുചേരുന്ന ഇന്ത്യന്‍ ഫുട്‌ബോളറുടെ ഇച്ഛാഭംഗമുണ്ട്. അടുക്കളയിലിരുന്നുതന്നെ കളിക്കളത്തിലെയും കളിയുടെയും കളിക്കാരന്റെയും രാഷ്ട്രീയമറിയുന്ന കരുത്തുമുണ്ട്.


അന്ന് കളി കഴിഞ്ഞുവന്ന സൈമണ്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു.

റംലയെ ഇന്നും അയാള്‍ അന്വേഷിച്ചിരുന്നു. നോക്കിക്കോ! അയാള്‍ നിന്നെ കെട്ടും!

അവന്‍, സൈമണ്‍. കാല്‍പന്തുകൊണ്ട് കൗമാരം കളിച്ചുകളഞ്ഞ എന്റെ അയല്ക്കാരന്‍. താങ്ങാനാവാത്ത ഫുട്‌ബോള്‍ സ്വപ്നവുംപേറി നടന്ന എന്റെ ആങ്ങളമാരുടെ കൂട്ടുകാരന്‍. എന്റെ ജീവിതത്തിന്റെ വഴി തിരിച്ചുവിട്ട പ്രണയത്തിന്റെ പ്രവാചകന്‍.

ആരാണയാള്‍... അയാള്‍ എന്തിനെന്നെ അന്വേഷിക്കുന്നു എന്ന് ഞാന്‍ സൈമണിനോട് ചോദിച്ചില്ല.

എന്റെ ആങ്ങളമാരും കൂട്ടുകാരും വീട്ടുമുറ്റത്ത് നിന്നാല്‍ കാണാവുന്ന കൊയെ്താഴിഞ്ഞ പാടത്ത് പന്തുകളിച്ചു. പന്തുകളി അവരെ തല്ലുകൊള്ളിക്കുന്ന കളിയായിരുന്നു. കളികഴിഞ്ഞ് ഉളുക്കും പരുക്കുമായി കയറിവരുന്ന അവര്‍ ബാപ്പയില്‍ നിന്ന് എത്ര തല്ലുകൊണ്ടിട്ടും കളി ഒഴിവാക്കിയില്ല. ബാപ്പ തല്ലിക്കൊണ്ടിരുന്നു. അവര്‍ കളിച്ചുകൊണ്ടേയിരുന്നു... തലമുറകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കൗമാരക്കാരന്റെ വ്യക്തിത്വാവബോധത്തകര്‍ച്ച, അല്ലെങ്കില്‍ ജനറേഷന്‍ ഗ്യാപ്!

കളിക്കാനെങ്ങനെ പോകാതിരിക്കും എന്ന ചോദ്യം അവരുടെ ചോദ്യംചെയ്യാനുള്ള അവകാശമാണെന്ന് ബാപ്പ മനസ്സിലാക്കിയില്ല. ചോദ്യം ന്യായവുമാണ്. തൊട്ടടുത്തുതന്നെയാണല്ലോ അക്കാലത്തെ ഗ്ലാമറസ് ടീമായ പ്രീമിയര്‍ ടയേഴ്‌സ് ഫുട്‌ബോള്‍ ടീം. അവിടെയാണ് സേവ്യര്‍ പയസും നജീബും മജീദും സേതുമാധവനും വിക്ടര്‍ മഞ്ഞിലയും അങ്ങനെ എണ്ണിയാല്‍ തീരാത്ത പ്രശസ്തരായ താരങ്ങളും ഫുട്‌ബോള്‍ ലോകം വിലസിവാണിരുന്നത്. അവരുടെ കടുത്ത ആരാധകരാണ് എന്റെ ആങ്ങളമാരും കൂട്ടരും.

പാടത്തെ ഉടയാത്ത മണ്‍കട്ടകളില്‍ തട്ടിയും തടഞ്ഞും വികലമായ ആത്മവിശ്വാസം അവരെ എങ്ങുമെത്തിച്ചില്ല. ആരാധിക്കപ്പെടുന്ന പ്രീമിയര്‍ താരങ്ങളെപ്പോലെ പ്രശസ്തരായില്ല. എന്നിട്ടും ട്രൗസറിനുള്ളിലേക്ക് തിരുകിക്കയറ്റിയ ഷര്‍ട്ട് ജഴ്‌സിയാണെന്ന് സങ്കല്പിച്ച് എവിടുന്നൊക്കെയോ ബൂട്ടും ബോളും സംഘടിപ്പിച്ച് അവര്‍ കളി തുടര്‍ന്നു.

ഒ.എന്‍.വി. കവിതകള്‍ തുടര്‍ച്ചയായി സലില്‍ ചൗധരി സംഗീതസാന്ദ്രമാക്കിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. നമ്മുടെ ചിന്തകളും പ്രവൃത്തികളും ഇത്രത്തോളം ആഗോളവത്കരിക്കപ്പെട്ടിരുന്നില്ല. ഐവറികോസ്റ്റ് ക്യാപ്റ്റന്‍ ദ്രോഗ്ബയും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഫെര്‍ഡിനാന്‍ഡും പരിക്കില്‍നിന്ന് രക്ഷപ്പെടുമോ എന്നും കക്കായും റൊബിന്യോയും കളിക്കാതിരുന്നാല്‍ ബ്രസീലിന് നിലനില്പുണ്ടോ എന്നും മെസ്സി കളിക്കാതിരുന്നാല്‍ അര്‍ജന്‍റീന എന്തുചെയ്യും എന്നുംമറ്റും ഇന്നത്തെ ഫുട്‌ബോള്‍ പ്രേമികളെപ്പോലെ അന്നുള്ളവര്‍ ബെക്കന്‍ബോവറെയും യോഹാന്‍ ക്രൈഫിനെയും ബ്ലോക്കി (Blokhin) നെയും ആരാധിച്ച് ഉന്മാദം കൊണ്ടിരുന്നില്ല. അന്നത്തെ ഫുട്‌ബോള്‍പ്രേമത്തിന് ഇന്ദര്‍ സിങ്ങും സുഭാഷ് ഭൗമിക്കും മുതല്‍ പ്രാദേശിക താരങ്ങള്‍വരെ എന്ന പരിമിതിയുണ്ടായിരുന്നു.

ആലുവാ സെന്‍റ് സേവിയേഴ്‌സ് കോളേജിലെ പെണ്‍കുട്ടികളെ ഓവര്‍ബ്രിഡ്ജിനു സമീപം പുഷ്പംപോലെ ചൊരിഞ്ഞിട്ട് മത്സരിച്ചോടുന്ന പ്രൈവറ്റ് ബസ്സുകള്‍. തോളില്‍ പുസ്തകസഞ്ചി തൂക്കി കൈയില്‍ നീണ്ട ഫയലുമായി കോളേജ് ജീവിതത്തിന്റെ വര്‍ണപ്പകിട്ടിലേക്ക് ഇല്ലാത്ത ആത്മവിശ്വാസമുണ്ടാക്കി ഒരുവിധം നടന്നുപോവുകയായിരുന്നു ഞാന്‍.

മുല്ലപ്പൂവിന്റെയും ടാല്‍ക്കം പൗഡറിന്റെയും ഷാമ്പൂവിന്റെയും സമ്മിശ്രമായ പെണ്‍സുഗന്ധത്തിലേക്ക് മൂക്കു തുളയ്ക്കുന്ന നബ്രൂട്ട് സ്‌പ്രേയുടെ പുരുഷഗന്ധവുമായി ഒടുവിലയാള്‍ എന്നെ തേടി വന്നു.

ചെമ്പിച്ച താടിരോമങ്ങളും വെളുത്തു ചുവന്ന നിറവുമുള്ള പഞ്ചാബി ഗുസ്തിക്കാരനെപ്പോലെ ഒരുത്തന്‍. ഷര്‍ട്ടിനുള്ളില്‍ അയാളുടെ ഉരുക്കുമസിലുകള്‍ വിങ്ങിപ്പൊട്ടി നിന്നു. ഇന്നത്തെ ടിവി പരസ്യങ്ങളില്‍ കാണുന്നതുപോലെ കടന്നുപോയ പെണ്‍കുട്ടികളാരുംതന്നെ ആ കാഴ്ചയുടെ മാസ്മരികതയില്‍ പെട്ട് സുഗന്ധത്തിന്റെ ഉറവിടംതേടി അയാളെ പിന്‍തുടരാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍ കടന്നുപോയിക്കൊണ്ടിരുന്ന എല്ലാ പെണ്‍കുട്ടികളും തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. അതിസുന്ദരികളെ ഗൗനിക്കാതെ അയാള്‍ ലക്ഷ്യംവെച്ചത് എന്നെയായിരുന്നു. കൂട്ടത്തില്‍ ദുര്‍ബലമായതിനെയായിരിക്കുമല്ലോ വേട്ടക്കാരന്‍ ലക്ഷ്യമിടുക എന്ന സാമാന്യ തത്ത്വത്തില്‍ തൂങ്ങി ഞാനെന്റെ ശരാശരിയിലും മുന്തിയ അപകര്‍ഷകതകളെ ആട്ടിയോടിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികള്‍ മാര്‍ഗതടസ്സം വന്ന ഉറുമ്പിന്‍കൂട്ടങ്ങളെപ്പോലെ ചിതറി നടന്നു. ഞാന്‍ ഒറ്റപ്പെട്ടു. അയാളുടെ ഓരോ ചലനത്തിലും ഒരു കാട്ടുമൃഗത്തിന്റെ മെയ്യൊതുക്കം. സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ കണ്ണിലെ കൃഷ്ണമണികള്‍ അസാധാരണമായ വേഗത്തില്‍ ചലിച്ചുകൊണ്ടിരുന്നു. അയാള്‍ക്കെന്റെ പേര് അറിയാമായിരുന്നു. വീട് അറിയാമായിരുന്നു. നാളും നക്ഷത്രവും അറിയാമായിരുന്നു. എന്നിട്ടും ചോദിച്ചു. പേരെന്താ? മുഴക്കമുള്ള ഗംഭീരശബ്ദം. ഞാന്‍ താഴെ ജിഗ്‌സോ പസില്‍പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന റെയില്‍പ്പാളത്തിലേക്കു നോക്കി.

പെണ്‍കുട്ടികള്‍ തിരിഞ്ഞുനോക്കിയത് അയാളുടെ സൗന്ദര്യംകൊണ്ട് മാത്രമല്ല എന്ന് പിന്നീടെനിക്ക് മനസ്സിലായി. പ്രീമിയര്‍ ടയേഴ്‌സ് ഫുട്‌ബോള്‍ ടീമിലെ പ്രശസ്തനായ കളിക്കാരന്‍ മുഹമ്മദ് നജീബ് ആയിരുന്നു അത്. കേരളത്തിലെ അന്നത്തെ നമ്പര്‍വണ്‍ ടീമായിരുന്നു പ്രീമിയര്‍ ടയേഴ്‌സ്. സൈമണ്‍ അത്രയുംകാലം പറഞ്ഞിരുന്നതും അയാളെക്കുറിച്ചായിരുന്നു.

പത്രത്തിന്റെ സ്‌പോര്‍ട്‌സ് പേജ് എത്തുമ്പോള്‍ കണ്ണുമടച്ച് രണ്ടു പേജ് ഒപ്പം മറിക്കുന്ന പതിവ് ഞാന്‍ അതോടെ നിര്‍ത്തി. പത്രങ്ങളും റേഡിയോയിലെ ഫുട്‌ബോള്‍ കമന്‍ററികളും സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ക്കുള്ള എന്റെ ആവേശമായി. കായികവാര്‍ത്തകള്‍ എനിക്ക് അന്യസംസ്ഥാനങ്ങളില്‍ കളിക്കാന്‍പോയ നജീബിനെക്കുറിച്ചുള്ള സന്ദേശകാവ്യമായി. അയാളുടെ ചിത്രങ്ങളും കളിവിശേഷങ്ങളും വിദൂരങ്ങളില്‍ നിന്നുപോലും പറന്നുവന്നു. പാസുകളുടെ കൃത്യതയും പ്രതിരോധങ്ങള്‍ തകര്‍ക്കാനുള്ള അയാളുടെ തന്ത്രവും മറ്റും നജീബ് എന്ന ഫുട്‌ബോളറെക്കുറിച്ചുള്ള ബാലപാഠങ്ങളായിരുന്നു എനിക്ക്. വിവിധ പത്രങ്ങളില്‍ നിന്ന് നൂറ്റിപ്പത്ത് ചിത്രങ്ങള്‍ മൂന്നുമാസംകൊണ്ട് വെട്ടിയെടുക്കുമ്പോള്‍ എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു... കാറ്റിന്റെ വേഗമുള്ള കാല്‍പ്പന്തു കളിക്കാരാ... നീ എന്നേക്കുമുള്ള എന്റെ പ്രണയം!

എന്നാല്‍ ലോകകപ്പ് താരങ്ങളെപ്പോലെ എന്റെ അരയ്ക്ക് ചുറ്റിപ്പിടിച്ച് അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടില്ല. ആര്‍ക്കും പറക്കും ചുംബനങ്ങള്‍ വീശിയെറിഞ്ഞില്ല. ഒരു മാസംപോലും അദ്ദേഹത്തെ കാണാതെ കഴിയാനാവില്ലെന്ന എന്റെ മനസ്സിലിരിപ്പ് പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. ക്യാമറക്കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാന്‍ ഞങ്ങള്‍ക്ക് സ്വകാര്യനിമിഷങ്ങള്‍ ഉണ്ടായിരുന്നില്ല. മരംചുറ്റി പ്രണയിക്കാനും ഊരുചുറ്റിനടക്കാനും മെനക്കെടാതെ കുടുംബക്കാരെ അറിയിച്ച് എത്രയുംവേഗം നിക്കാഹ് നടത്തി. ഞങ്ങളുടെ ഇടപാടുകള്‍ ലവ് വിത്ത് അറേന്‍ജ്ഡ് ആക്കി സ്വതന്ത്രപ്പെടുത്തി. അങ്ങനെ ആ ഇന്‍റര്‍നാഷണല്‍ ഫുട്‌ബോള്‍താരം പ്രീഡിഗ്രിക്കാലം അവസാനിക്കാന്‍ ഒരു വര്‍ഷംകൂടി ബാക്കിനില്‍ക്കെ എന്റെ വിദ്യാര്‍ഥി ജീവിതത്തിലേക്ക് കയറി സേ്കാര്‍ചെയ്ത ഗോളില്‍ എന്റെ കോളേജ് ജീവിതത്തിന്റെ അവസാന ലോങ് വിസില്‍ മുഴങ്ങി.

കോഴിക്കോട്ടുള്ള ഒരു കൂട്ടുകുടുംബത്തിലേക്കാണ് എന്നെ കെട്ടിക്കൊണ്ടുപോയത്. ഒരു ഫുട്‌ബോള്‍ ടീമിന്റെ ആരവമുണ്ടായിരുന്നു അവിടെ. ഒരു ജനക്കൂട്ടത്തിന്റെ പൊട്ടിച്ചിരിയും. സ്‌ട്രൈക്കര്‍മാര്‍ മുതല്‍ ഗോള്‍കീപ്പര്‍മാര്‍ വരെ അവിടത്തെ ആണ്‍കൂട്ടത്തിലുണ്ട്. അവര്‍ കാറ്റും മഴയും ഗൗനിച്ചില്ല. വെയിലിനെയും മഞ്ഞിനെയും വകവെച്ചില്ല. ഗ്രൗണ്ടിനെ ലക്ഷ്യമാക്കി കുതിക്കുന്ന അവരുടെ ഇരുചക്രവാഹനങ്ങളുടെ പ്രകമ്പനങ്ങളില്‍ ഞെട്ടി അവിടത്തെ പെണ്ണുങ്ങള്‍ പ്രഭാതനമസ്‌കാരത്തിനായി കണ്ണുതുറന്നു. കോണ്‍വെന്‍റ് സ്‌കൂളുകളുടെയും മിഷന്‍ ആശുപത്രികളുടെയും നാട്ടില്‍ നിന്ന് വന്ന എന്നെക്കാള്‍ സന്തോഷവതികളും ആരോഗ്യമുള്ളവരുമായിരുന്നു അവര്‍. നമസ്‌കാരം ഒഴികെ മറ്റു പ്രവൃത്തികളെല്ലാം അവര്‍ പുരുഷന്മാര്‍ക്ക് ശേഷം മാത്രം നിര്‍വഹിച്ചു.

ഫുട്‌ബോളിന്റെ പ്രായോഗിക പരിശീലനമല്ലാതെ ഒരു ശാസ്ത്രസിദ്ധാന്തവും അവിടത്തെ ആണ്‍കുട്ടികള്‍ കാണാപ്പാഠം പഠിച്ചില്ല. ഡാര്‍വിന്‍ തിയറിയും മറ്റു തിയറികളും അവിടെ പരിധിക്ക് പുറത്ത്. ഉമ്മമാര്‍ ആണ്‍മക്കളുടെ ചെമ്മണ്ണു പുരണ്ട വിഴുപ്പുകള്‍ കഴുകി വൃത്തിയാക്കി. വെയില്‍ പരക്കുന്നതിനു മുന്‍പ് അയലില്‍ നിറയെ ജഴ്‌സികള്‍ പല നിറങ്ങളുടെ പീലി വിടര്‍ത്തിക്കിടന്നു. കലോറിയും പോഷകമൂല്യവുമുള്ള ഭക്ഷ്യവിഭവങ്ങള്‍ മക്കള്‍ക്കായി തയ്യാറായി.

തീന്‍മേശ അവരുടെ സംസ്‌കാരത്തിന്റെ പ്രതീകമാണ്. വിസ്തൃതമായ ആ തീന്‍മുറി സന്ധ്യാനേരങ്ങളില്‍ സജീവമാകും. കളിച്ചുകളിച്ച് ശരീരം കല്ലാക്കിയ ആണുങ്ങള്‍ ഫുട്‌ബോള്‍ പരിശീലനത്തിനുശേഷം ആ തീന്‍മുറിയില്‍ സമ്മേളിച്ചു. അന്നത്തെ കളിയുടെ മികവുകളെപ്പറ്റി ഓരോരുത്തരും ഊറ്റംകൊണ്ടു. പോരായ്മകളെപ്പറ്റി തര്‍ക്കിച്ചു. ആരാധിക്കപ്പെടുന്ന ടീമുകള്‍, ഇഷ്ടതാരങ്ങള്‍ തുടങ്ങി ലോകഫുട്‌ബോള്‍ ചരിത്രംവരെ അവിടെ ചര്‍ച്ചചെയ്യപ്പെട്ടു. വേണ്ടിയും വേണ്ടാതെയും അവര്‍ വാദിച്ചു. ഉറക്കെയുറക്കെ ചിരിച്ചു. ഒച്ചവെച്ചു. അവയ്ക്കിടയിലേക്ക് വലിയുമ്മയും സഹായികളും ചൂടുള്ള ഭക്ഷണങ്ങള്‍ വിളമ്പി. ഈ കോലാഹലങ്ങളിലേക്ക് കണ്ണും കാതും കൊളുത്തിയിട്ട് പെണ്ണുങ്ങള്‍ പാചകത്തിന്റെ ചൂടും പുകയും ശമിപ്പിച്ചു. ഉശിരുള്ള കമന്‍റുകളെറിഞ്ഞ് അവരെ പ്രോത്സാഹിപ്പിച്ചു.

1956-ല്‍ മെല്‍ബണ്‍ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ടി.എ. അബ്ദുറഹ്മാന്‍ നജീബിന്റെ മാതൃസഹോദരീ ഭര്‍ത്താവാണ്, നജീബിന്റെ ഗുരുനാഥന്‍. റഹ്മാന്‍ എളാപ്പ ആ വീട്ടില്‍ സൂര്യനു മുന്‍പേ ആദ്യം ഉറക്കമുണരും. മറ്റുള്ള കളിക്കാര്‍ക്ക് അലാറം വെക്കേണ്ടതില്ല. എളാപ്പയുടെ ശബ്ദം മതി. കാല്‍പ്പന്തു കളിയുടെ തീപ്പൊരി പാറുന്ന വിംസിയുടെ ഓര്‍മക്കുറിപ്പില്‍ 'കുപ്പിക്കണ്ടം' എന്ന് വിശേഷിപ്പിച്ചിട്ടുള്ള ഒളിമ്പ്യന്‍ റഹ്മാനല്ല, വീട്ടില്‍ എളാപ്പ ശാന്തനായിരുന്നു. കുടുംബസ്നേഹിയായിരുന്നു. ഞാനവിടെയെത്തുമ്പോള്‍ ഒരു ഗോവന്‍ ടീമിന്റെ കോച്ചായിരുന്നു അദ്ദേഹം.

എളാപ്പ എനിക്ക് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് വിരുന്നെത്തുന്ന സ്നേഹവാത്സല്യമാണ്. തിരുവനന്തപുരത്തെ ജീവിതം വര്‍ഷങ്ങളുടെ ഏകാന്ത തടവറയായിരുന്നു എനിക്ക്. കഴിഞ്ഞ ജൂണില്‍ ഞാന്‍ കോഴിക്കോട്ട് എത്തുന്നതുവരെ നജീബ് വര്‍ഷം മുഴുവന്‍ ഉരുളുന്ന പന്തിനു പുറകെ ഊരുചുറ്റി നടന്നു. ദൂരം കാരണമായിരിക്കാം തിരുവനന്തപുരത്ത് ബന്ധുക്കളുടെ സന്ദര്‍ശനം വല്ലപ്പോഴും മാത്രം. ഞാന്‍ ഒറ്റപ്പെട്ടവളല്ല എന്ന തോന്നലുണ്ടാക്കും എളാപ്പയുടെ വരവ്. മൂന്നുനാലു വീടിനപ്പുറമുള്ള വളവില്‍നിന്ന് മോളേ... റംലേ എന്നുള്ള വിളി കേള്‍ക്കുന്നതിനു മുന്‍പ് എന്റെ അയല്‍ക്കാരി ഫോണിലൂടെ വിവരമറിയിക്കും. തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ ഇറച്ചിയും മീനും ഫ്രൂട്ട്‌സുമൊക്കെയായിരിക്കും അന്ന് ഞാന്‍ കാണുന്ന കണി. വളരെ കുറച്ചുമാത്രം കഴിക്കുന്ന ഭക്ഷണപ്രിയനാണ് എളാപ്പ. രുചിയുള്ള ആഹാരമുണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കും. ചിലപ്പോള്‍ കറികള്‍ തിളയ്ക്കുമ്പോള്‍ അതില്‍ ഏത് ചേരുവയാണ് കൂടിയതെന്നും കുറഞ്ഞതെന്നും അദ്ദേഹം ഗന്ധംകൊണ്ട് തിരിച്ചറിയും. ഒരിക്കല്‍ ആടിന്റെ തലച്ചോറ് പാകപ്പെടുത്തുകയായിരുന്നു ഞാന്‍. ഒരു സിഗരറ്റ് വലിച്ചുകൊണ്ട് എളാപ്പ അടുക്കളയിലേക്കു വന്നു. വെളിച്ചെണ്ണയില്‍ കറിവേപ്പില മൊരിഞ്ഞ് അതിന്റെ പത വറ്റിവരുന്നതു വരെയുള്ള നിര്‍ദേശങ്ങള്‍ തന്നു. ഇന്നും ആ വിഭവം രുചിയുടെ എന്റെ കൈപ്പുണ്യമാണ്.

പന്തുകളിയെ ഇത്രയേറെ ആത്മാവിനോടു ചേര്‍ത്തുപിടിച്ചിട്ടും നജീബിന്റെ ഒരു ജ്യേഷ്ഠനും അനുജനും മാത്രമേ കളിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചുള്ളൂ. ബാക്കിയുള്ളവര്‍ ഗ്രൗണ്ടില്‍ ശീലിച്ച തന്ത്രങ്ങളുമായി കച്ചവടത്തിലേക്ക് തിരിഞ്ഞു. എന്നിട്ടും ആ തലമുറയില്‍പ്പെട്ട പലരും ഇന്നും ഫുട്‌ബോള്‍ പ്രാക്ടീസ് ചെയ്യുന്നു. ഒരിക്കലും അടര്‍ത്തിമാറ്റാനാവാത്ത ഫുട്‌ബോളിന്റെ മാസ്മരികതയില്‍ കുടുങ്ങി വട്ടംകറങ്ങുന്നു.

മധുവിധുവിന് ആയുഷ്‌കാലത്തേക്ക് എന്നോട് കടംപറഞ്ഞുകൊണ്ട് കല്യാണംകഴിഞ്ഞ ആറാംദിവസം തന്നെ നജീബ് കല്‍ക്കട്ട ക്ലബ്ബിലേക്കു പോയി. നോക്യേ നജീബ്ക്കാ... നിങ്ങളൊട്ടും റൊമാന്‍റിക് ആവുന്നില്ല എന്നൊരു പരാതി കേള്‍ക്കാന്‍ അദ്ദേഹത്തിന് നേരം കിട്ടിയില്ല. അദ്ദേഹത്തിന് മറ്റൊരു പ്രണയിനിയുമായി ഒരിക്കലും അകലാനാവാത്തവിധം അടുപ്പമുണ്ടെന്ന് അതിനകം ഞാന്‍ മണത്തറിഞ്ഞിരുന്നു. എന്നേക്കാളധികം നജീബിന്റെ ആത്മാവുമായി ഇഴുകിച്ചേര്‍ന്നവള്‍-ഫുട്‌ബോള്‍! എന്റെ പ്രണയം ഒരിക്കലും പൊട്ടിച്ചുവായിക്കപ്പെടാത്ത കത്തുകളായി നജീബിന്റെ അരിസ്റ്റോക്രാറ്റ് പെട്ടിയില്‍ അടിഞ്ഞുകിടന്നു. പക്ഷേ, അതിനു മുകളില്‍ ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും എനിക്കുള്ള കല്ലുമാലകളും വളകളും ചുരിദാറും അടുക്കിവെച്ചിരുന്നു. ആ ഉരുക്കുമുഷ്ടിക്കുള്ളില്‍ ഞാന്‍ എന്നും സുരക്ഷിതയാണ്.

നാലഞ്ചു തവണ മാത്രമേ ഞാന്‍ സ്റ്റേഡിയത്തില്‍ പോയി പന്തുകളി കണ്ടിട്ടുള്ളൂ. ആദ്യമായി പോയത് ഒരു വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് കാണാനാണ്. വളരെ എളുപ്പത്തില്‍ പരസ്​പരം ആറും ഏഴും ഗോളടിച്ചു കൂട്ടുന്ന ആ കളി എന്നെ തീരെ ആകര്‍ഷിച്ചില്ല. അന്ന് സ്റ്റേഡിയത്തില്‍ മുഴങ്ങിയിരുന്ന നസിയാ ഹസ്സന്റെ 'ഡിസേ്കാ ദീവാനി'യെക്കാളും ഒട്ടും ഭേദമായിരുന്നില്ല അത്. കാറ്റും പൊടിയും വര്‍ണക്കടലാസുകളും പറന്നുപൊന്തി ഭ്രമിപ്പിക്കുന്ന ഈ ചുവന്ന സന്ധ്യ എന്താണിതിങ്ങനെ? പോപ്‌കോണ്‍ വില്ക്കുന്ന പരദേശിപ്പെണ്ണിന്റെ വെള്ളാരങ്കണ്ണിനുള്ളില്‍ ദുനിയാവിന്റെ അറ്റം കാണുന്നുണ്ടോ? നിറയെ ചുരുക്കുള്ള കുഞ്ഞുപാവാടയും ബ്ലൗസുമിട്ട് ഗ്യാലറി മുഴുവന്‍ പറന്നുകളിക്കുന്ന ഈ പെണ്‍കുട്ടി അവളുടെ കുഞ്ഞോ ചവറ്റിലക്കിളിയോ? കാഴ്ചകള്‍ കണ്ടുതീര്‍ന്നില്ല. അതിനു മുന്‍പൊരു കമന്‍റ് കേട്ടു. ''എന്താണ്ടോ അന്റെ പെണ്ണുങ്ങള് തര്ത്ത് കുത്തിയിരിക്ക്ണ്...?''-നജീബിന്റെ സുഹൃത്ത് വിജയരാഘവനായിരുന്നു അത്.

ഫുട്‌ബോളില്‍ തൊട്ടതെല്ലാം നജീബ് പത്തരമാറ്റുള്ള പൊന്നാക്കുകയായിരുന്നു. സന്തോഷ് ട്രോഫിക്കുവേണ്ടി നിരവധിതവണ കേരളത്തിന്റെ ജഴ്‌സിയണിഞ്ഞു. പ്രീമിയര്‍ ടയേഴ്‌സിന്റെയും ടൈറ്റാനിയത്തിന്റെയും മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്ങിന്റെയും ഈസ്റ്റ് ബംഗാളിന്റെയും വിജയഗാഥകളില്‍ പങ്കാളിയായി. എസ്ബിടിയുടെ കോച്ചായി പന്ത്രണ്ടുവര്‍ഷം നീണ്ട സേവനത്തിന്റെ ചരിത്രം കുറിച്ചു.

അതിലൊക്കെ നജീബിന്റെ വിയര്‍പ്പിന്റെ ഉപ്പുണ്ട്, യാതനകളുണ്ട്, അര്‍പ്പണബോധമുണ്ട്, നിശ്ചയദാര്‍ഢ്യമുണ്ട്, കറകളഞ്ഞ ആത്മാര്‍ഥതയുണ്ട്, എല്ലാറ്റിനുമുപരി ആത്മാവുണ്ട്. ഫുട്‌ബോള്‍ ഇല്ലാതെ നജീബിന് ജീവിതമില്ല. അവധികളെടുക്കുന്നത് അദ്ദേഹത്തിന് വര്‍ജ്യം. അസുഖങ്ങള്‍ക്ക് നജീബിന്റെ വ്യായാമമുള്ള ശരീരത്തെ പേടിയായിരുന്നു. മരണം ഗ്രൗണ്ടില്‍ വെച്ചുതന്നെയാകണമെന്ന വാശിയിലാണ്. ഒടുവില്‍ മൂന്നു വര്‍ഷം മുന്‍പ് ജീവനുംകൊണ്ടേ പോകൂ എന്ന ഭീഷണിയുമായി ഹാര്‍ട്ട് അറ്റാക്ക് എന്ന വില്ലന്‍ ഓര്‍ക്കാപ്പുറത്ത് കയറി ആക്രമിച്ചതും ഗ്രൗണ്ടില്‍വെച്ചുതന്നെ. എന്നിട്ടും അവധിയെടുത്ത് പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നില്ല.

എന്നാല്‍ ടൂര്‍ണമെന്‍റുകള്‍ ആകുമ്പോള്‍ മനസ്സിന്റെ നിയന്ത്രണം വിടും. ബ്ലഡ്പ്രഷര്‍ കൂടും. ഉറക്കഗുളികകള്‍ കഴിച്ചാലും അടുത്ത കളിയെക്കുറിച്ചുള്ള ടെന്‍ഷന്‍ ഉറക്കംകെടുത്തും. ജയിക്കണം... ജയിക്കണം... ജയിക്കും... ജയിച്ചിരിക്കും.

ഫുട്‌ബോള്‍ ഫീല്‍ഡിലേക്ക് എന്നെയും മക്കളെയും വലിച്ചിഴയ്ക്കാറില്ല. എന്നാല്‍ അദ്ദേഹം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും എന്നോട് പങ്കിടാറുണ്ട്. ലോകകപ്പ് താരങ്ങള്‍ മുതല്‍ തുന്നിക്കൂട്ടിയ ബൂട്ടുമായി രണ്ടും മൂന്നും ബസ്സുകള്‍ കയറിയിറങ്ങി നജീബിന്റെ ജൂനിയര്‍ ടീമിലേക്ക് ഓടിക്കിതച്ചെത്തി സമയനിഷ്ഠ പാലിക്കുന്ന, ഫുട്‌ബോളിന്റെ നാളെയുടെ വാഗ്ദാനമാകേണ്ട കുഞ്ഞുതാരങ്ങള്‍ വരെ എന്റെ ഫുട്‌ബോള്‍ കുടുംബത്തിലെ ബന്ധുക്കളാണ്. ഞങ്ങളുടെ കുടുംബചരിത്രത്തിന്റെ അഭിമാനമായ ഫുട്‌ബോള്‍ ജീനിയസ് ഐ.എം. വിജയന്‍ മുതല്‍ അകാലത്തില്‍ വന്നുപെട്ട അപമൃത്യുവിന്റെ തീര്‍ത്താല്‍ തീരാത്ത ദുഃഖമായ വി.പി. സത്യന്‍ വരെ എന്റെ ഉറ്റ ബന്ധുക്കള്‍. ഗോളടിക്കുന്നതിനും ഗോളടിപ്പിക്കുന്നതിനും ഒരുപോലെ കഴിവുള്ള നിസ്വാര്‍ഥനും കഠിനാധ്വാനിയുമായ കളിക്കാരനാണ് ഐ.എം. വിജയനെങ്കില്‍ മികവും കഴിവുംകൊണ്ട് പാകത വന്ന കളിക്കാരനായിരുന്നു വി.പി. സത്യന്‍. മധ്യനിരയിലും പ്രതിരോധത്തിലും സത്യന്റെ സാന്നിധ്യമുണ്ടെങ്കില്‍ മറ്റൊന്നും ആലോചിക്കാതെ എതിര്‍ ഗോള്‍മുഖത്ത് വട്ടമിട്ടു പറക്കാം, ഫോര്‍വേഡുകള്‍ക്ക്.

ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത കളിക്കാരെക്കുറിച്ചും കളിക്കളത്തിലെ രാഷ്ട്രീയവും അടുക്കളയിലിരുന്നുകൊണ്ടും ഞാന്‍ മനസ്സിലാക്കുന്നു. ഇന്ത്യയ്ക്കുവേണ്ടി കളിച്ച നിരവധി കളിക്കാര്‍ ഒരിക്കലെങ്കിലും നജീബിന്റെ ശിക്ഷണത്തിലൂടെ കടന്നുപോയിട്ടുണ്ട്. വീട്ടിലിരുന്നാലും വേള്‍ഡ്കപ്പിന്റെ ആരവങ്ങളും സന്തോഷ്‌ട്രോഫിയുടെ നനഞ്ഞ പടക്കംപോലെ ചീറ്റിപ്പോകുന്ന ആവേശവും എനിക്കു കാണാം. നജീബിനെക്കുറിച്ചു മാത്രമല്ല ലോകം അംഗീകരിക്കേണ്ട കളിക്കാരായിരുന്ന ഇന്ദര്‍സിങ്ങിനെപ്പോലുള്ള പ്രമുഖരെപ്പറ്റിയും നജീബ് പറഞ്ഞുതന്നു. നജീബടങ്ങുന്ന കേരളാ ടീമിനെ കല്‍ക്കയിലെ ഫുട്‌ബോള്‍പ്രേമികള്‍ മതിമറന്ന് ആരാധിച്ച കല്‍ക്കട്ടാ സന്തോഷ്‌ട്രോഫിയില്‍ ഇന്ദര്‍സിങ് അടിച്ച ഒരു ഗോളിലൂടെ കേരളാ ടീം പരാജയപ്പെട്ടത്, മഗന്‍സിങ്ങിന്റെ ഗോളിലൂടെ ബോംബെ റോവേഴ്‌സ് കപ്പില്‍ 6-2ന് പ്രീമിയര്‍ ടയേഴ്‌സ് തോറ്റത്, പിന്നീട് കോഴിക്കോട് നാഗ്ജി ടൂര്‍ണമെന്‍റില്‍ മഗന്‍സിങ്ങും സഹോദരന്‍ ജെയിന്‍സിങ്ങുമടങ്ങുന്ന ആര്‍.എ.സി. ബിക്കാനീറിനെ (നജീബിന്റെ നാലുഗോളടക്കം) 6-2ന്പരാജയപ്പെടുത്തി മധുരമായി പ്രതികാരംവീട്ടിയത്. എല്ലാം എനിക്ക് വീട്ടിലിരുന്ന് കാണാന്‍ കഴിഞ്ഞു. അടുക്കളയുടെ നാലു ചുമരുകള്‍ക്കുള്ളിലെ സങ്കുചിതത്വത്തിലും ഫുട്‌ബോള്‍ വിചാരങ്ങളും വികാരങ്ങളും നിരീക്ഷണങ്ങളും എന്റെ അനിവാര്യതയാണ്. എന്റെ അന്നന്നത്തെ അപ്പമാണ്.

ഫുട്‌ബോളുമായി ഇണപിരിയാനാവാത്ത ആത്മബന്ധം രക്തത്തില്‍ അലിഞ്ഞിട്ടുള്ള പന്തുകളിക്കാരന്റെ ഒരു പ്രണയവും കിടപ്പറയില്‍ ഒടുങ്ങുന്നില്ല. ആരംഭിക്കുന്നുമില്ല. ഉരുളുന്ന പന്തിന് ഒരുമുഴം മുന്‍പേ അവനോടുന്നു. ജീവിതമൈതാനിയിലെ ഒരു റഫറിക്കും മഞ്ഞക്കാര്‍ഡ് നല്കി അയാളെ നിയന്ത്രിക്കാനാവില്ല. ലക്ഷ്യപ്രാപ്തിക്കുള്ള ത്വരയില്‍ അയാള്‍ ചെയ്തുകൂട്ടുന്ന യാന്ത്രികമായ ഫൗളുകള്‍ക്ക് ചുവപ്പുകാര്‍ഡ് നല്കി പുറത്താക്കാനാവില്ല. അരയിളക്കി ലാസ്യനൃത്തമാടുന്ന ഒരു ഷക്കീറയ്ക്കും അവന്റെ ഉന്മാദത്തിന്റെ വഴി തിരിച്ചുവിടാനാവില്ല. ജീവിക്കാനുള്ള പങ്കപ്പാടില്‍ ഞാനും നജീബിനെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. പലതും സഹിക്കേണ്ടിവന്നു. ഉള്ളിലുള്ളത് തുറന്നുപറയുന്ന ആ 'നിഷേധി'യെ ഞാന്‍ സ്നേഹപൂര്‍വം ഭയന്നു. ശരീരംപോലെ തന്നെ ഉരുക്കിന്റെ ബലമായിരുന്നു ആ ആജ്ഞാശക്തിക്കും. അതിനു മുന്‍പില്‍ എന്റെ ലോകം ഒരു ഫുട്‌ബോളിനോളം ചുരുങ്ങിച്ചുരുങ്ങി വന്നു. അസൂയ, പക, വിദ്വേഷം, വെറുപ്പ് എന്നീ അടിച്ചമര്‍ത്തേണ്ട എന്റെ പാവം നൈസര്‍ഗികതകളെ ഞാനടച്ച് മുദ്രവെച്ചു. എന്നെ ഞാനല്ലാതാക്കി. എങ്കിലും നജീബിനോട് ചിന്തകള്‍പോലും മനസ്സിലാക്കുന്ന ചങ്ങാത്തമുണ്ട് എനിക്ക്.

ഒരിക്കലൊരു ബന്ധു എന്നോടു ചോദിച്ചു. നജീബിന്റെ വിജയങ്ങള്‍ക്കു പിന്നില്‍ എന്റെ പങ്ക് വല്ലതുമുണ്ടോ എന്ന്. ഞാനൊന്നും മിണ്ടിയില്ല. പകരം ഉള്ളാലെ ചിരിച്ചു. ഞാന്‍ പറയുന്നത് അനുസരിച്ചിരുന്നുവെങ്കില്‍ ഫുട്‌ബോള്‍ രംഗത്ത് നജീബ് ഒന്നുമാകുമായിരുന്നില്ല.

ഫുട്‌ബോളില്‍ താത്പര്യമുള്ള സ്ത്രീകള്‍പോലും കളി കാണാന്‍ പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. കളിക്കളത്തിലേക്ക് ആണായി പിറന്നവരൊന്നും പെണ്ണുങ്ങളെ കൊണ്ടുപോകുന്നത് കണ്ടിട്ടില്ല. അതവരുടെ അപകര്‍ഷതയില്‍ നിന്നുടലെടുക്കുന്ന ആധിപത്യ മനോഭാവമാണ്. ലോകകപ്പ് താരങ്ങള്‍ ടെലിവിഷന്‍ വഴി ലോകമെങ്ങും പ്രചരിപ്പിക്കുന്നത് ഫുട്‌ബോളിന്റെ പൗരുഷവീര്യമാണ്. ക്രിക്കറ്റിന് പോലും അവകാശപ്പെടാനാവാത്ത കളിയുടെ കുതിപ്പും കിതപ്പും വിയര്‍പ്പും ആരോഗ്യമുള്ള ഏത് പെണ്ണിനെയാണ് ആകര്‍ഷിക്കാത്തത്?

ഒരിക്കല്‍ വളരെ സാഹസപ്പെട്ട് ഞാനൊരു പന്തുകളി കാണാന്‍ പോയി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സിസ്സേഴ്‌സ് കപ്പ് ടൂര്‍ണമെന്‍റ് നടക്കുകയായിരുന്നു. മക്കള്‍ക്ക് സ്‌കൂള്‍ അവധി ആയതിനാല്‍ എനിക്കും കുട്ടികള്‍ക്കും തിരുവനന്തപുരത്തുനിന്ന് നജീബിനൊപ്പം കോഴിക്കോട് എത്താന്‍ കഴിഞ്ഞു.

എതിര്‍ ടീമായ എഫ്‌സി കൊച്ചിന്‍-ന്റെ ഫ്രൈഡെ ഇലാഹിയുടെയും എസ്ബിടി താരങ്ങളായ ജിജു, ഷാജി, സുനില്‍, സുരേഷ്ബാബു, ശിവകുമാര്‍, ബിനീഷ് തുടങ്ങിയവരുടെയും ചിത്രങ്ങളും നടക്കാന്‍ പോകുന്ന കളിയുടെ വീറും വാശിയുമായിരുന്നു അന്നത്തെ പത്രങ്ങള്‍ നിറയെ.

വീട്ടിലുള്ളവരെല്ലാം ജോഡികളായി കളികാണാന്‍ പോയിരുന്നു. ചില മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഒഴികെ. കുട്ടികളുടെ കൈവശം കളി കാണാനുള്ള പാസ് ഉണ്ടായിരുന്നു. രണ്ടും കല്പിച്ച് മക്കളെയും കൂട്ടി അവരുടെ കൂടെ കളി കാണാന്‍ ഞാന്‍ പുറപ്പെട്ടു. ജനങ്ങളുടെ നീണ്ട നിര തടസ്സമായിടത്ത് ഓട്ടോറിക്ഷ നിന്നു. തിരിച്ചുപോകാന്‍ മനസ്സുവന്നില്ല. ഇറങ്ങി നടന്നു. ഇടയ്ക്കുവെച്ച് നജീബിന്റെ സഹോദരന്‍ നാസറിനെ കണ്ടു. ഇതിനിടയില്‍ എസ്ബിടി താരങ്ങളെയും വഹിച്ചുകൊണ്ടുള്ള ബസ്സ് സ്റ്റേഡിയത്തിനരികില്‍ പാര്‍ക്കുചെയ്യുന്നത് കണ്ടു. അതില്‍ എസ്ബിടി കോച്ച് നജീബും ഉണ്ട്. എന്‍ട്രന്‍സിനടുത്തു നില്ക്കുന്ന പൊലീസുകാരന്‍ വിവരമറിഞ്ഞപ്പോള്‍ എന്തുകൊണ്ടോ സംശയിച്ചില്ല, ഞങ്ങളെ അകത്തേക്ക് കടത്തിവിട്ടു. ആയിരങ്ങള്‍ ടിക്കറ്റു ലഭിക്കാതെ പുറത്ത് കാത്തുനില്പുണ്ടായിരുന്നു.

ടീം സജ്ജീകരിക്കുന്ന തിരക്കിലായിരുന്ന നജീബ് വിവരമറിഞ്ഞു. നിനക്കെന്താ ഇവിടെക്കാര്യം എന്ന ചോദ്യക്കണ്ണുമായി ഗ്രൗണ്ടിനരികില്‍ നിന്ന് ഓടിയോടി വന്നു. ജീവിതംപോലെ തന്നെ, ഓടിക്കൊണ്ടിരുന്ന നജീബിനെ ഞങ്ങളും ഓടിക്കൊണ്ട് പിന്‍തുടര്‍ന്നു. ചെന്നെത്തിയത് മുകളില്‍ പത്രക്കാര്‍ക്ക് ഇരിക്കാന്‍ തയ്യാറാക്കിയ പവലിയനില്‍.

ടിവിയില്‍ ഇന്നു കാണുന്ന ലോകകപ്പിന്റെ ആരവങ്ങളായിരുന്നു അന്ന് ഞാനവിടെ കണ്ടതും. എസ്ബിടി അന്ന് ഗ്രൗണ്ട് നിറഞ്ഞു കളിച്ചു. കാണികളുടെ മുഴുവന്‍ സപ്പോര്‍ട്ടും എസ്ബിടിക്കായിരുന്നു. സന്തോഷംകൊണ്ട് എന്റെ കണ്ണുനിറഞ്ഞു. കളി തീര്‍ത്തും കാണാന്‍ നിന്നാല്‍ ജനങ്ങളുടെ തിരക്കില്‍പ്പെടും. കളി തീരുന്നതിനു മുന്‍പ് കുട്ടികളുടെ കൈ പിടിച്ച് അവിടെനിന്നും പുറപ്പെടുമ്പോള്‍ എന്റെ മനസ്സ് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു... ആര്‍ത്തിരമ്പുന്ന ആള്‍ത്തിരമാലകളേ... നിങ്ങളില്‍ നുരയിടുന്ന ഓരോ സന്തോഷത്തിരയും എന്‍േറതുകൂടിയാണ്. എന്റെ അകതാരിന്റെ നിറവാണ്. നിനവാണ്. സായുജ്യമാണ്... സഹനമാണ്.

നജീബ് എന്നെ കുറ്റപ്പെടുത്തിയില്ല, വഴക്കുപറഞ്ഞില്ല. മാത്രമല്ല, ആയിടെ ടിവിയില്‍ ഒരു അഭിമുഖത്തില്‍ ഭാര്യയാണ് തന്റെ വിജയങ്ങള്‍ക്കെല്ലാം കാരണം എന്നൊരു കുറ്റസമ്മതം നടത്തുന്നതും കണ്ടു.

എന്നും നറുനിലാവൊഴുക്കുന്ന പൗര്‍ണമി മാത്രമായിരുന്നില്ല നജീബിന് ഫുട്‌ബോള്‍. എസ്ബിടിയുടെ പരിശീലകനായിരിക്കെ ഹൃദ്രോഗം വരെ എത്തിച്ച വിമര്‍ശനങ്ങളുടെ കൂരമ്പുകളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.

അതിനെക്കുറിച്ചു പറയുമ്പോള്‍ വിജയങ്ങളില്‍ നജീബിനൊപ്പം എന്നുമുണ്ടായിരുന്ന കളിക്കാരെക്കുറിച്ച് പറയേണ്ടിവരും. എതിര്‍ടീം ഡിഫെന്‍ഡര്‍മാര്‍ക്ക് എന്നും പേടിസ്വപ്നമായിരുന്ന ഷാജി, ആസിഫ്, ഹക്കീം, ഇഗ്‌നേഷ്യസ്, നൗഷാദ്, റാഫി, പ്രദീപ് തുടങ്ങിയവരുടെ ബൂട്ടുകളില്‍നിന്ന് പ്രവഹിച്ച ഗോളുകളെ നന്ദിയോടെ ഓര്‍ക്കേണ്ടിവരും. വന്യമായ കുതിപ്പും വേഗവുമായി എതിര്‍ ഫോര്‍വേഡുകളുടെ കാലില്‍നിന്ന് പന്ത് തന്ത്രപൂര്‍വം തട്ടിയെടുത്ത് അളന്നുമുറിച്ച പാസുകള്‍ തൊടുത്തുവിടുന്നതില്‍ വിദഗ്ധരായ ജിജു, മാര്‍ട്ടിന്‍, വിനയന്‍, സുനില്‍, ബഷീര്‍, ധനേഷ്, ശിവകുമാര്‍ എന്നിവരെക്കുറിച്ചും കളിക്കാരുടെ ഒത്തിണക്കത്തെക്കുറിച്ചും പറയേണ്ടിവരും. ഇതിനെല്ലാമുപരി നിതാന്തജാഗ്രതയോടെ ഗോള്‍വലയം കാത്ത ഫിറോസ് ഷെറീഫ്, ജീന്‍ ക്രിസ്റ്റ്യന്‍, ഹര്‍ഷല്‍ റഹ്മാന്‍ എന്നിവരെക്കുറിച്ച് പറയേണ്ടിവരും.

93-ല്‍ പരിമിതമായ സൗകര്യങ്ങളോടെ തിരഞ്ഞെടുക്കപ്പെട്ട കളിക്കാരെ വെച്ച് എസ്ബിടി ടീം തുടങ്ങുമ്പോള്‍ റിസല്‍ട്ട് ഓറിയന്‍റഡ് ആയി കളിക്കാരെ കളിക്കളത്തിലിറക്കാനുള്ള പ്രൊഫഷണല്‍ ക്ലബ്ബുകളുടേതുപോലുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു നജീബിന്. ടീമില്‍ സീനിയര്‍, ജൂനിയര്‍ വകഭേദം ഉണ്ടായിരുന്നില്ല. കോച്ചാണോ കളിക്കാരനാണോ ആദ്യം ഉണ്ടായതെന്ന ഐഡന്‍റിറ്റി ക്രൈസിസും അതിന്റെ ഫലമായുണ്ടാകാവുന്ന ഈഗോ ക്ലാഷും ഉടലെടുത്തിരുന്നില്ല. ഓരോ കളിക്കാരന്റെയും വ്യക്തിഗത പ്രകടനം നന്നാക്കുന്നതിനും അതുവഴി ടീമിന്റെ പ്രകടനം മെച്ചമാക്കുന്നതിനും കഴിഞ്ഞിരുന്നു എന്നാണ് എന്റെ വിശ്വാസം. പുതിയ കളിക്കാരെ നിഷ്പ്രയാസം ഗ്രൗണ്ടില്‍ പരീക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാവണം വിദേശ കളിക്കാരെ ആശ്രയിക്കാതെ കേരളത്തിലെ മികവുറ്റ താരങ്ങളെ മാത്രം വെച്ചുകൊണ്ട് എസ്ബിടി ടീമിന് വിജയക്കൊയ്ത്ത് നടത്താനായത്. ആ പരീക്ഷണമാണ് 95-ല്‍ കൊച്ചിയില്‍ നടന്ന സിസി ഗോള്‍ഡ് കപ് വിജയിച്ചതു മുതല്‍ 2004-05-ല്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയങ്ങള്‍ സാക്ഷ്യമായി നാഷണല്‍ ലീഗ് മത്സരങ്ങളില്‍വരെ നജീബും കുട്ടികളും തെളിയിച്ചത്. അതുകൊണ്ടാണ് ഒന്നിലേറെ തവണ ട്രോഫി നേടിയ സന്തോഷ്‌ട്രോഫി ടീമിലേക്കും ഇന്ത്യന്‍ ടീമിലേക്കും കളിക്കാരെ സംഭാവനചെയ്യാന്‍ കഴിഞ്ഞത്.

അല്പം സ്വാര്‍ഥതയും ഒരു തുറുപ്പുചീട്ടുപോലെ സ്വഭാവത്തില്‍ സൂക്ഷിക്കുന്ന രൗദ്രതയും ഇല്ലായിരുന്നുവെങ്കില്‍ നജീബ് കുറ്റമറ്റ പരിശീലകനായിരിക്കും എന്ന് ഞാന്‍ പറഞ്ഞാല്‍ അത് സെല്‍ഫ്‌ഗോള്‍ അടിക്കലാകും. എന്നാല്‍ മേല്‍പറഞ്ഞ രണ്ട് ദുഃസ്വഭാവങ്ങള്‍കൊണ്ടാണ് മുഖം നോക്കാതെ നജീബിന് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഒട്ടും എക്‌സ്​പീരിയന്‍സ്ഡ് അല്ലാത്ത കളിക്കാരെ നാഷണല്‍ ലീഗില്‍ പോലും ഇറക്കി കളിപ്പിക്കാന്‍ ധൈര്യപ്പെട്ടതും അതുകൊണ്ടാണ്. നജീബിന്റെ ഈ ദുഃസ്വാതന്ത്ര്യം മറ്റുള്ള കളിക്കാരെ എത്ര വിഷമിപ്പിച്ചിട്ടുണ്ടെന്നോ അവരുടെ കരിയറിനെ അതെത്രത്തോളം ബാധിച്ചിട്ടുണ്ടെന്നോ എനിക്ക് പറയാനാകില്ല.

പേരുകേട്ട വമ്പന്‍ താരങ്ങള്‍ക്കൊപ്പം നില്ക്കുന്ന അത്ര പേരില്ലാത്ത താരങ്ങള്‍ എസ്ബിടിയിലുണ്ട്. അവരെ നിങ്ങള്‍ ശ്രദ്ധിക്കുക.... വരുംകാലങ്ങളില്‍ നിങ്ങള്‍ക്കവരുടെ മികവു കാണാം.... എന്നും കളിക്കാരന്‍ ജനിക്കുന്നതാണ്, വാര്‍ത്തെടുക്കുന്നതല്ല, എന്നും മറ്റും വര്‍ഷങ്ങള്‍ക്കു മുന്‍പ് നജീബ് പത്രക്കാരോട് പറയുമ്പോള്‍ അത് ആത്മവിശ്വാസത്തിന്റെ ധ്വനി മാത്രമായിരുന്നു.

2004-05-ല്‍ ദേശീയലീഗില്‍നിന്ന് പുറത്തായതോടെ ടീമിന്റെ പേര് മങ്ങിത്തുടങ്ങി.

എന്തായാലും തിരുവനന്തപുരം എസ്.യു.ടി. ആസ്​പത്രിയിലെ ഐസി യൂണിറ്റില്‍നിന്ന് പുറത്തിറങ്ങി അധികം വൈകാതെ തന്നെ നജീബിന്റെ പരാജയം ആഘോഷിക്കുന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. വര്‍ഷങ്ങളുടെ നേട്ടങ്ങള്‍ കണക്കാക്കാതെ ആയിടെ മാത്രം സംഭവിച്ച പരാജയങ്ങളെ മുന്‍നിര്‍ത്തി നജീബിന്റെ പരിശീലനരീതിയെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് അതിദയനീയമായിരുന്നു. നജീബിന്റെ കോച്ചിങ്ങില്‍ പഴഞ്ചന്‍ രീതിയും അശാസ്ത്രീയതയും ഉണ്ടെന്നുള്ള പുതിയ കണ്ടെത്തലിനെക്കുറിച്ച് എനിക്കൊന്നും പറയാനാകില്ല. എന്നാല്‍ കളിക്കാരുടെ വ്യക്തിഗതമായ മികവുകൊണ്ടു മാത്രമാണ് പത്തു വര്‍ഷത്തോളം തുടര്‍ച്ചയായി ടീം പ്രശസ്തിയില്‍ പിടിച്ചുനിന്നത് എന്ന് ധ്വനിപ്പിക്കുന്ന ചില വാര്‍ത്തകള്‍ ഒരു ഭാര്യ എന്ന നിലയ്ക്ക് എന്നെ ഏറെ 'സന്തോഷി'പ്പിച്ചുകളഞ്ഞു.

വേണം. നജീബിനത് കിട്ടണം. കുടുംബത്തെയും കുട്ടികളെയും ഇട്ടെറിഞ്ഞ് ജീവിതകാലം മുഴുവന്‍ പന്തിനു പുറകെ പോയതിന്റെ പുണ്യം!

കോഴിക്കോട് വ്യാപാരഭവനു സമീപം മറഡോണയുടെയും മെസ്സിയുടെയും കൂറ്റന്‍ കട്ടൗട്ടിനു കീഴെ നിന്നുകൊണ്ട് അര്‍ജന്‍റീനയുടെ ആരാധകരായ ഒരുപറ്റം ചെറുപ്പക്കാര്‍ കഴിഞ്ഞയാഴ്ച നജീബിനെ കണ്ടപ്പോള്‍ ആവേശത്തോടെ ചോദിക്കുകയുണ്ടായി.... 'നജീബ്ക്ക ഏതു ടീമിന്റെ കൂടെയാ....?' ലോകകപ്പ് റാങ്കിങ്ങില്‍ കയറിപ്പറ്റിയ രാജ്യങ്ങളുടെ പട്ടികയുടെപോലും ഏഴയല്‍പക്കത്തില്ലാത്ത ഇന്ത്യക്കാരന് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളെക്കുറിച്ച് ഇത്രയ്ക്കങ്ങ് അഭിമാനിക്കാമോ? കഷ്ടം, എന്ന് മനസ്സില്‍ പറഞ്ഞുപോയത് എന്റെ നിവൃത്തികേട്. അവരിലെ ഫുട്‌ബോള്‍ അഭിനിവേശത്തെ തരംതാഴ്ത്തിക്കാണാന്‍ എനിക്കെന്തവകാശം? പകരം, അടിസ്ഥാനപരമായി മനുഷ്യര്‍ എത്ര നല്ലവരാണ് എന്ന് ചിന്തിച്ചാല്‍പ്പോരേ? സ്‌കൂള്‍കുട്ടിയായിരിക്കുമ്പോള്‍ എന്റെ മകന്‍ വീട്ടില്‍ വിഷുക്കണിയൊരുക്കുന്നതിനും ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനും അടുത്ത വീട്ടിലെ അനൂപിനെയും സഞ്ജയ് ജോസിനെയും കൂട്ടുപിടിക്കുന്ന ഓര്‍മയാണ് എന്നില്‍ ഓടിയെത്തിയത്. മതവും ജാതിയും ദേശവും മറന്ന് ലോകജനതയെ മുഴുവന്‍ സൗഹൃദത്തിന്റെ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരാന്‍ ലോകകപ്പ് ഫുട്‌ബോളിനെങ്കിലും കഴിയുക എന്നത് ചില്ലറക്കാര്യമല്ലല്ലോ.

സത്യത്തില്‍, ഇത്രമാത്രം ആവേശം കൊള്ളാന്‍ നമുക്ക് അര്‍ഹതയുണ്ടോ?

എന്റെ കളിക്കൂട്ടുകാരനായ സൈമണ്‍ മുതല്‍ നജീബിന്റെ ജൂനിയര്‍ താരം അജിത് വരെയുള്ളവര്‍ പന്തിനു പുറകെ പാഞ്ഞവരാണ്. കീറിത്തുന്നിയ ബൂട്ടുമായി അജിത് കൃത്യനിഷ്ഠയോടെ ഗ്രൗണ്ടിലെത്തുമ്പോള്‍ അവന്റെ വയറ്റില്‍ വിശപ്പിന്റെ തീക്കനലുണ്ടായിരുന്നു. ഉണ്ടായിരുന്ന ഊര്‍ജം ഗ്രൗണ്ടില്‍ പ്രാക്ടീസിനായി കത്തിച്ചുകളഞ്ഞ് വീട്ടിലേക്കു തിരിക്കുന്ന അവന്റെ വിശപ്പിന്റെ ആളിക്കത്തല്‍ എനിക്ക് ഊഹിക്കാം. മികവുറ്റ കളിക്കാരനായിരുന്നിട്ടും ഉപജീവനത്തിനായി പെട്രോള്‍ബങ്കില്‍ കിട്ടിയ ജോലിക്കു പുറകെ പോയ അവനെ ആര്‍ക്ക് കുറ്റപ്പെടുത്താനാവും? നജീബ് പറയാറുണ്ട്, ഒരിക്കലും പ്രാക്ടീസ് മുടക്കാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ അവധിയെടുക്കുന്നുവെങ്കില്‍ ഊഹിച്ചാല്‍ മതി, കോണ്‍ക്രീറ്റ് പണിക്കോ കാറ്ററിങ്ങിനോ അവന്‍ പോയിട്ടുണ്ടാകും. അവിടെ സഹായിച്ചുകൊടുത്താല്‍ പണം കിട്ടും. പണം കിട്ടിയാല്‍ അമ്മയ്ക്ക് ചെലവിന് കൊടുക്കാം എന്നു പറയുന്ന കുട്ടികളെ ആര്‍ക്ക് കുറ്റപ്പെടുത്താനാകും? വിശക്കാത്തവന് ഇവിടെ ഉന്നത വിദ്യാഭ്യാസം കിട്ടാന്‍ എളുപ്പമാണ്. ഇല്ലാത്ത കഴിവ് ഉണ്ടാക്കിയെടുത്ത് ജീവിതം കളിച്ചുതീര്‍ക്കേണ്ടതില്ല. വിദ്യാഭ്യാസവും കളിയും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ ഉണ്ടാകാം. പല കളിക്കാര്‍ക്കും അതിനു കഴിയാറില്ല എന്നതാണ് സത്യം. പഠിക്കേണ്ട കാലം മുഴുവന്‍ പന്തുകളിക്കാനായി വിനിയോഗിച്ചവര്‍ സെലക്ഷന്‍ വേളയില്‍ തഴയപ്പെടുന്നത് സങ്കടകരമാണ്. ജൂനിയര്‍ ഡിസ്ട്രിക്ട് കളിച്ചിട്ടും എന്റെ മകനെ കളിയുടെ കാണാവഴികളിലേക്ക് കയറൂരിവിടാഞ്ഞതും ഇതുകൊണ്ടൊക്കെത്തന്നെ.

ഒന്നോര്‍ത്താല്‍ ഭാഗ്യമുള്ളവരാണ് ഞങ്ങള്‍. പ്രീമിയര്‍, ടൈറ്റാനിയം, എസ്ബിടി തുടങ്ങിയ സ്ഥാപനങ്ങളിലൊക്കെ നജീബിന് അതത് കാലങ്ങളില്‍ ജോലിയുണ്ടായിരുന്നു. ഇല്ലായിരുന്നുവെങ്കില്‍ പായുന്ന പന്തിനു പുറകെ ഓടിയോടി ജീവിതം കളഞ്ഞ 'ഫുട്‌ബോളിന്റെ ദുരന്തനായകരെ'ന്ന് സ്‌പോര്‍ട്‌സ് ലേഖകന്‍ രവിമേനോന്‍ വിശേഷിപ്പിച്ച യൂസഫ്ഖാന്റെയും മുഹമ്മദാലിയുടെയും ഒളിമ്പ്യന്‍ നൂര്‍മുഹമ്മദിന്റെ ഭാര്യ ഖാജാബിയുടെയും കദനകഥകളുടെ കൂട്ടത്തില്‍ നജീബും കുടുംബവും ഉള്‍പ്പെട്ടേനെ!

അതുകൊണ്ട് ഞാന്‍ പറയുന്നു, ഇവിടെ ഒരു കളിക്കാരന്റെയും ജീവിതത്തിന്റെ ഗ്യാലറിയില്‍ നിന്ന് അത്യാഹ്ലാദത്തിന്റെ ആരവമുയരുന്നില്ല. ലോകകപ്പിന്റെ പൊന്നുരുക്കുന്നേടത്ത് കേരളത്തിലെ കളിക്കാരന് കാര്യമായ കാര്യമൊന്നുമില്ല. ഇവിടെ പന്തുകളി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഞാണിന്മേല്‍കളിയാണ്. കളിയുടെ ഭ്രമാത്മകലോകം ഉണ്ടാക്കിത്തീര്‍ക്കുന്നത് കാണികളാണ്. അവര്‍ വാതുവെച്ചും വീരസ്യം പറഞ്ഞും മദോന്മത്തരാകട്ടെ.

വര്‍ഷങ്ങളായി നജീബും നജീബിനെക്കാള്‍ കഴിവുള്ള പരിശീലകരും കുറേ കളിക്കാരും ചേര്‍ന്ന് കൂറ്റന്‍ മലമുകളിലേക്ക് തുടര്‍ച്ചയായി പന്ത് ഉരുട്ടിക്കയറ്റുന്നു. താഴേയ്ക്ക് ഉരുട്ടിയിടുന്നത് പക്ഷേ, അവരല്ലെന്നു മാത്രം. എത്ര എളുപ്പത്തിലാണത് താഴേക്കുവന്ന് പതിക്കുന്നത്. അതുകണ്ട് നമുക്ക് കൈകൊട്ടി ആര്‍ത്തട്ടഹസിച്ച് ചിരിക്കാം... നാറാണത്ത് പിതാമഹന്റെ ഭ്രാന്തന്‍പ്രവൃത്തിയിലെ സാരോപദേശമൊക്കെ ഇനി ആര്‍ക്കുവേണം... അല്ലേ?

(ജൂലായ് 18ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)