അനീഷ്.പി.നായര്‍

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഒരു ദേശീയ ഫുട്‌ബോള്‍ താരത്തെയും 17 സംസ്ഥാന താരങ്ങളെയും ഒട്ടേറെ ജില്ലാ താരങ്ങളേയും സംഭാവന ചെയ്ത സ്‌കൂളാണ് കോഴിക്കോട് ജില്ലയിലെ നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി. ഫുട്‌ബോളിന് കേരളത്തില്‍ വേരുകള്‍ നഷ്ടപ്പെടുന്നുവെന്ന് വിലപിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഒട്ടേറെ പരിമിതികള്‍ക്കിടയില്‍ നിന്ന് കഴിവുകൊണ്ടുമാത്രം ഉയര്‍ന്നുവന്ന സ്‌കൂളിലെ താരങ്ങള്‍.
ജൂനിയര്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച നിഖില, ഇന്ത്യന്‍ ക്യാമ്പിലെത്തിയ അശ്വതി, പ്രസിത, ശില്പ, അശ്വതി സി.കെ. എന്നിവരാണ് സ്‌കൂളിലെ നക്ഷത്രശോഭയുള്ള താരങ്ങള്‍. ഇവര്‍ക്കുപുറമേ സംസ്ഥാന ജൂനിയര്‍ ടീമിലെ മൂന്നുപേരും അണ്ടര്‍ 14 ടീമിലെ എട്ടുപേരും അണ്ടര്‍ 17 വിഭാഗത്തിലെ ആറ് പേരും ഇ സ്‌കൂളില്‍ നിന്നുള്ളവരാണ്.
വനിതാ ഫുട്‌ബോളിലേക്ക് താരങ്ങളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്ന് സ്‌കൂളിനെ വിളിക്കുന്നതില്‍ തെറ്റില്ല. വനിതാ ഫുട്‌ബോളിന് നഗരത്തില്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്ന പരിശീലക ഫൗസിയയുടെയും സ്‌കൂള്‍ അധികൃതരുടെയും പരിശ്രമങ്ങളാണ് ഫുട്‌ബോള്‍ രംഗത്ത് സ്‌കൂളിനെ നേട്ടങ്ങളിലേക്ക് നയിക്കുന്നത്.
നിഖിലയെന്ന മികച്ച കളിക്കാരിയിലൂടെയാണ് സ്‌കൂള്‍ ഫുട്‌ബോളിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. ഇന്ത്യന്‍ ടീമിന്റെ 'ഗോള്‍ മെഷീന്‍' വരെയാകാന്‍ നിഖിലയ്ക്ക് കഴിഞ്ഞു. ഇത്തവണയും നിഖില ഇന്ത്യന്‍ ക്യാമ്പിലുണ്ട്. നിഖിലയെന്ന കൊച്ചുമിടുക്കിയുടെ പ്രകടനത്തോടെ കൂടുതല്‍ പ്രതിഭകള്‍ സ്‌കൂളിന്റെ 'കളരി'യില്‍ നിന്ന് പുറത്തുവന്നു. അഷ്‌ലി, കെ.പി.സൂര്യ, എ.അര്‍ച്ചന, ടി.ടി. ഫസ്‌ന, പി.അശ്വതി, പി.ഐശ്വര്യ, ആതിര രമേശ്, അശ്വതി സുരേഷ്, ശില്പ, സ്‌നേഹ ലക്ഷ്മണന്‍, സന്ദേശ, അതുല്യ സി., അഞ്ജലി എന്നിവര്‍ സ്‌കൂളിന്റെ തിളങ്ങും താരങ്ങളും സംസ്ഥാന ടീം അംഗങ്ങളുമാണ്.
2002 ലാണ് നടക്കാവ് സ്‌കൂളിന്റെ ഫുട്‌ബോള്‍ ക്യാമ്പ് തുടങ്ങുന്നത്. വിമന്‍സ് ഫുട്‌ബോള്‍ അസോസിയേഷനാണ് ക്യാമ്പിന് ചുക്കാന്‍ പിടിച്ചത്. ഫൗസിയയെന്ന പരിശീലകയും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് താരങ്ങളെ സൃഷ്ടിച്ചത്. നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടും അതിനെ നിശ്ചയദാര്‍ഢ്യംകൊണ്ട് മറികടക്കാന്‍ ഇവര്‍ക്കായി.
പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പരിശീലനത്തിനൊരുങ്ങുന്നവര്‍ക്ക് പോഷകാഹാരം നല്‍കുകയെന്നതു തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ സ്‌കൂള്‍ അധികൃതരും പി.ടി.എ.യും സഹകരിച്ചതാണ് സഹായകമായത്.
ഇപ്പോള്‍ 25 കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പദ്ധതിപ്രകാരം ഭക്ഷണത്തിന് ഫണ്ട് ലഭിക്കുന്നുണ്ട്.അവധിക്കാലത്ത് പെണ്‍കുട്ടികള്‍ക്കായി സ്‌കൂളില്‍ നടത്തുന്ന ക്യാമ്പില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി നിരവധി കുട്ടികള്‍ പങ്കെടുക്കുന്നു. ഇതിനു പുറമേ എല്ലാദിവസവും സ്‌കൂളിലെ താരങ്ങള്‍ക്ക് രാവിലെയും വൈകുന്നേരവും പരിശീലനം നല്‍കുന്നുണ്ട്. രാവിലെ 6.30മുതല്‍ 8.30വരെയും വൈകുന്നേരം 3.45 മുതല്‍ 5.45വരെയുമാണ് പരിശീലനം.
60 പേരാണ് ഇപ്പോള്‍ പരിശീലനത്തിനുള്ളത്. ഇതില്‍ അഞ്ചാംക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളുണ്ട്.
പരിമിതികളെയും പ്രതിസന്ധികളെയും എതിരിട്ട് എട്ടുവര്‍ഷത്തിനുള്ളില്‍ മാതൃകാപരമായ നേട്ടമുണ്ടാക്കിയ ഈ സര്‍ക്കാര്‍ സ്‌കൂളിന് കായിക അധികൃതരില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ക്കോ പരിശീലകര്‍ക്കോ അതില്‍ പരിഭവമൊന്നുമില്ല.
ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് കഴിഞ്ഞതോടെ കൂടുതല്‍ കുട്ടികള്‍ സ്‌കൂളിലെ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് എത്തുന്നുവെന്നതുതന്നെ ഈ ശ്രമം വിജയിക്കുന്നുവെന്നതിന്റെ തെളിവാണ്.


NEWS LETTER
RSS
VIDEO










