MATHRUBHUMI RSS
Loading...
വാഗാ അതിര്‍ത്തിയില്‍ പരേഡിനായി വനിതാ ഓഫീസര്‍മാരും



വാഗ: നാല്പത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായി ഇന്ത്യ-പാക് അതിര്‍ത്തിയായ വാഗയില്‍ ബി.എസ്.എഫിന്റെ വനിതാ ഓഫീസര്‍മാര്‍ പരേഡില്‍ പങ്കെടുത്തു. നിത്യേന നടത്തുന്ന സൈനിക പരേഡിന്റെ ഭാഗമാണിത്. എല്ലാ ദിവസവും സൂര്യാസ്തമയന സമയത്ത് നടക്കുന്ന പരേഡിന് സാക്ഷിയാകാന്‍ വന്‍ജനക്കൂട്ടമാണ് വാഗയില്‍ എത്താറുള്ളത്. ഇന്ത്യയുടെയും പാകിസ്താന്റെയും പതാക സ്ഥാപിച്ചിരിക്കുന്ന അന്താരാഷ്ട്ര ഗേറ്റിലേയ്ക്ക് മാര്‍ച്ച് ചെയ്താണ് ചടങ്ങിന് വനിതാ ഓഫീസര്‍മാര്‍ നേതൃത്വം നല്‍കുക.

പാകിസ്താനും ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷമാണ് ബി.എസ്.എഫ് വനിതാ കോണ്‍സ്റ്റബിള്‍മാരെ ജോലിയ്ക്ക് നിയോഗിച്ചത്. എന്നാല്‍ ഇതുവരെ ദിവസേനയുള്ള പട്രോളിങും ജനത്തിരക്ക് നിയന്ത്രിക്കലുമായിരുന്നു ഇവരുടെ ജോലി.

ചരിത്രത്തിലാദ്യമായി അതിര്‍ത്തിരക്ഷാസേനയില്‍ വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയോഗിച്ചത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നുവെന്ന് ബി.എസ്.എഫ് ഡി.ഐ.ജി മുഹമ്മദ് അഖ്വില്‍ പറഞ്ഞു. പുതിയ റോളില്‍ വനിതാ ഓഫീസര്‍മാരുടെ പ്രകടനം കുറച്ച് ദിവസം നിരീക്ഷിക്കും. കഠിനമായ ജോലിയാണിത്. പരിക്കുകളൊന്നുമേല്‍ക്കുന്നില്ലെന്ന് ഉറപ്പായാല്‍ മാത്രമെ അവരെ ഇത് തുടരാന്‍ അനുവദിക്കൂ-അഖ്വില്‍ വ്യക്തമാക്കി.

സാധാരണ രീതിയില്‍ പരേഡ് നടത്തുമ്പോള്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍(ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും പാകിസ്താനി റേഞ്ചേഴ്‌സും) നടത്തുന്ന ആക്രമണോത്സുക അഭ്യാസങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതോടെയാണ് പരേഡിന് വനിതാ ഓഫീസര്‍മാര്‍ നിയോഗിക്കപ്പെട്ടത്. 1959 മുതല്‍ ദിവസവും സൂര്യാസ്തമയത്തോടനുബന്ധിച്ച് 45 മിനുട്ട് നീണ്ടുനില്‍ക്കുന്ന അഭ്യാസപ്രകടനമാണ് അതിര്‍ത്തിയില്‍ നടക്കാറുള്ളത്.

ജനക്കൂട്ടത്തെ ഏറെ ആകര്‍ഷിക്കുന്ന ആക്രമണോത്സുക അഭ്യാസങ്ങളില്‍ ഇളവ് വരുത്താന്‍ ആദ്യം പാക് സൈനികര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ബി.എസ്.എഫ് മാസങ്ങള്‍ക്ക് മുമ്പ് കഠിനമായ അഭ്യാസപ്രകടനങ്ങളില്‍ ഇളവ് വരുത്തി തുടങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് പാക് അതിര്‍ത്തിസേനയും ഈ പാത പിന്തുടര്‍ന്നു.

ദിവസവും സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് ഇരുരാജ്യങ്ങളുടെയും പതാകകള്‍ താഴ്ത്താറുണ്ട്.