ശര്‍മിള
വസ്ത്രധാരണ രീതി കഴിഞ്ഞാല്‍ മറ്റുള്ളവരുടെ കണ്ണില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുക നാം കൊണ്ടു നടക്കുന്ന ബാഗാണ്. അതുകൊണ്ട് മിക്കവാറും എല്ലാവരും ബാഗിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഏത് രൂപത്തിലും നിറത്തിലും ഉള്ളതായിരിക്കണം, ഏത് ബ്രാന്റായിരിക്കണം എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച്. ഉദാഹരണത്തിന് ക്ലച്ച് ബാഗ്. ചെറിയ, വളരെ ഒതുങ്ങിയ ബാഗാണിത്. സ്ത്രീകള്‍ പാര്‍ട്ടിക്ക് പോകുമ്പോഴും മറ്റും ഉപയോഗിക്കുന്നത്. അതുപോലെ ഡഫ്ള്‍ ബാഗ്. വലിയ വായുള്ള ധാരാളം അകമുള്ളത്. നമ്മുടെ ഇത്തരം ആവശ്യങ്ങളും രുചിഭേദങ്ങളും തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കണം കമ്പോളത്തില്‍ ഇക്കാലത്ത് ഇത്രയധികം വ്യത്യസ്ഥമായ ബാഗുകള്‍ ഇറങ്ങുന്നതും. വിപരീത നിറം
നിങ്ങളുടെ മനസ്സില്‍ വസ്ത്രധാരണത്തിന് യോജിച്ച് ബാഗ് ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ഏറ്റവും നല്ലത് വസ്ത്രത്തിന്റെ നിറത്തിന് വിപരീതമായ നിറങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും. ധരിക്കുന്ന വസ്ത്രത്തിന്റെ വിപരീത നിറങ്ങളിലുള്ള കാരീ ബാഗുകള്‍ കാഴ്ചയ്ക്ക് ചുറുചുറുക്ക് നല്‍കും. മാത്രമല്ല ട്രന്‍ഡിയുമായിരിക്കും. ഉദാഹരണത്തിന് നേവീ സ്യൂട്ടിന് റെഡ് നിറത്തിലുള്ള മുദുവായ സ്യൂട്ട്‌കെയ്‌സ് നല്ല ചേര്‍ച്ചയായിരിക്കും. അതുപോലെ തിളങ്ങുന്ന നിറത്തിലുള്ള വസ്ത്രത്തോടൊപ്പം ബ്ലാക്ക് ക്ലച്ച് ബാഗ് ചേരും.
ആകാരത്തിനൊത്ത ബാഗ്
ഏത് ശൈലിയിലുള്ളതായാലും ഏത് ഡിസൈനിലുള്ളതായാലും നിങ്ങളുടെ ശരീര ഘടനയനുസരിച്ച് വലുതായി തോന്നാത്തതായിരിക്കണം നിങ്ങളുടെ ബാഗ്. ഉയരം കൂടിയ സ്ത്രീകള്‍ക്ക് ഏത് ബാഗും ഇണങ്ങും. ചെറുതോ ഇടത്തരം വലിപ്പമുള്ളതോ ആയ ബാഗുകള്‍ ഉയരം കുറഞ്ഞവര്‍ക്കും. എന്നാല്‍ വളരെ ഉയരം കൂടിയവര്‍ ചെറിയ, ഒതുക്കമുള്ള, ബാഗുകള്‍ ഒഴിവാക്കണം. കാരണം അത് അവര്‍ക്ക് കുറേക്കൂടി ഉയരം തോന്നിപ്പിക്കും. ഏറ്റവും നല്ലത് ഇടത്തരം വലിപ്പമുള്ള ബാഗുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും. തിളങ്ങുന്ന നിറമുള്ളതും പാറ്റേണുകള്‍ ഉള്ളതും ഡിസൈനുകള്‍ ഉള്ളതുമായി ബാഗുകള്‍ മനോഹരമായിരിക്കും.
സീസണ്‍ ശ്രദ്ധിക്കുക
ഫാഷന്‍ ഭ്രമമുള്ളവര്‍ പ്രത്യേകിച്ച് സീസണ്‍ ശ്രദ്ധിക്കും. ഉദാഹരണത്തിന് തിളങ്ങുന്ന കാന്‍വാസ് ബാഗ് വര്‍ഷക്കാലത്ത് ഉപയോഗിക്കാതിരിക്കുക. അതുപോലെ പൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്ന വസന്തകാലത്ത് സ്വെയ്ഡ് സാഡ്ള്‍ ബാഗ് യോജിക്കില്ല. വേനല്‍ക്കാലത്ത് കൂറ്റന്‍ ലെതര്‍ ബാഗ് ഒഴിവാക്കണം. വസ്ത്രങ്ങളുടെ കാര്യത്തില്‍ നാം സീസണ്‍ കണക്കിലെടുക്കുന്നതുപോലെ തന്നെ ബാഗിന്റെ കാര്യത്തിലും ശ്രദ്ധിക്കണം.
ബാഗിന്റെ ആകൃതി
പലപ്പോഴും നമ്മള്‍ ബാഗില്‍ സാധനങ്ങള്‍ കുത്തി നിറയ്ക്കാറുണ്ട്. സാധനങ്ങള്‍ കുത്തി നിറച്ചാല്‍ രൂപം മാറാത്തവ തിരഞ്ഞെടുക്കുക. നല്ല ഭംഗിയുള്ള ഫാബ്രിക്ക് ബാഗുകളിലാണ് പൊതുവെ ഇത്തരം അബദ്ധം സംഭവിക്കുക.
പ്രചാരമുള്ള ചില ആകൃതികള്‍ നോക്കാം:
സ്ട്രാപ്പുകളും പിടികളുമുള്ള ടോട് - ഓപ്പണ്‍ - ടോപ്പ് ബാഗ്
ഹോബോ ബാഗ് - ചന്ദ്രക്കലയുടെ ആകൃതിയുള്ള ഷോള്‍ഡര്‍ ബാഗ്
ഡഫ്ള്‍ - മുകളില്‍ വലിയ വായുള്ള ഉയര്‍ന്ന ഷോള്‍ഡര്‍ ബാഗ്
കൂടാതെ, ക്ലച്ച്, ഫീല്‍ഡ് ബാഗ്, സാച്ചല്‍, ബാഗ്വറ്റ്, മെസഞ്ചര്‍, സിഗാര്‍ ബോക്‌സ്, പൗച്ച് എന്നിവ.

NEWS LETTER
RSS












