അഞ്ജന ശശി

കണ്ടാല്‍ ഒരു കുഞ്ഞുപെട്ടി. ഇതെന്താണെന്ന കൗതുകത്തോടെ തുറക്കുമ്പോള്‍ അകത്തൊരു കണ്ണാടി. തീര്‍ന്നില്ല, കണ്ണാടിയുടെ എതിര്‍ഭാഗം പുറത്തുനിന്നൊരു തള്ളുകൊടുത്താല്‍ മുടി ചീകാനുള്ള ചീര്‍പ്പായി. ശരിക്കും ഒരു ടു-ഇന്‍-വണ്‍ തന്നെ.കൊണ്ടുനടക്കാന്‍ എളുപ്പമായതുകൊണ്ടും കാണാന്‍ കൗതുകമുള്ളതുകൊണ്ടും കുമാരിമാരുടെ കോളേജ് ബാഗുകളിലും ചെറുപ്പക്കാരുടെ പേഴ്‌സുകളിലും ഈ കുഞ്ഞുചീര്‍പ്പ് പെട്ടെന്നുതന്നെ ഇടംപിടിച്ചു. സ്ഥലം മുടക്കുകയുമില്ല, മുടിക്കും മുഖത്തിനും ഒരുപോലെ ഉപകാരപ്പെടുകയും ചെയ്യും. പിന്നെ ബ്യൂട്ടി കിറ്റിന്റെ ഭാഗമാക്കാന്‍ ആലോചിച്ചു സമയം കളയേണ്ടല്ലോ?
ഈ ടു-ഇന്‍-വണ്‍ തന്നെ പല വിധത്തിലാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. കീചെയിന്‍ പോലെ തൂക്കിയിട്ടു നടക്കാന്‍ പറ്റുന്നവയും മാലയുടെ വലിയ ലോക്കറ്റുപോലെ ഉപയോഗിക്കാന്‍ പറ്റുന്നവയുമെല്ലാം ഈ ഗണത്തില്‍പെടുന്നു. യാത്രാവേളകളില്‍ ഇത് വലിയ ഉപകാരിയാണ് എന്നതുകൊണ്ട് ട്രാവല്‍ കോമ്പ് എന്നും പോക്കറ്റില്‍ സൂക്ഷിക്കാമെന്നതിനാല്‍ പോക്കറ്റ് കോമ്പ് എന്നും ഇതിന് പേരുകളുണ്ട്. 70 രൂപ മുതല്‍ ഈ കോമ്പ് വിപണിയില്‍ ലഭ്യമാണ്.

ഈ കോമ്പിലും കണ്ണാടിയിലും മാത്രം ഒതുങ്ങുന്നതല്ല മിനി ബ്യൂട്ടി കിറ്റ്. പെഡിക്യൂര്‍, മാനിക്യൂര്‍ മുതലായവ ചെയ്യാന്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഒരു ചെറിയ കിറ്റില്‍ ഒന്നിച്ചുചേര്‍ത്ത് പേഴ്‌സിന്റെ വലിപ്പത്തില്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. കണ്ണടക്കൂടിന്റെ വലിപ്പത്തിലുള്ള ബോക്‌സിലും ആഭരണക്കടയില്‍നിന്നും വളയും മോതിരവും ഇട്ടുതരുന്ന ചെറിയ പെട്ടിയുടെ വലിപ്പത്തിലും കുഞ്ഞു മാനിക്യൂര്‍, പെഡിക്യൂര്‍ സെറ്റുകളും ലഭ്യമാണ്. സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇനി വലിയ ബ്യൂട്ടി കിറ്റ് വേണ്ടേ വേണ്ട.

NEWS LETTER
RSS











