MATHRUBHUMI RSS
Loading...
പൊന്നിന്‍കുടത്തിന് പൊന്ന്‌
സൗമ്യ ഭൂഷണ്‍

നിങ്ങളുടെ ജീവിതത്തില്‍ കുഞ്ഞുരാജകുമാരിയോ, രാജകുമാരനോ വിരുന്നുവന്നോ? എങ്കില്‍ നിങ്ങളേറ്റവും ആഘോഷിക്കുന്ന നിമിഷവും അതുതന്നെയായിരിക്കും. ഈ 'സ്‌പെഷല്‍' അതിഥിയ്ക്ക് എന്തുസമ്മാനമാണ് കൊടുക്കുക? സ്വര്‍ണക്കുടത്തിന് സ്വര്‍ണംതന്നെ സമ്മാനിക്കണം, എന്നാലോ കാണാന്‍ നല്ല ഭംഗി വേണം, കുഞ്ഞുമേനിയെ നോവിക്കയുമരുത്.... നിങ്ങളുടെ പൊന്നോമനയ്ക്ക് ചേരുന്ന തരത്തിലുള്ള ആഭരണങ്ങള്‍ തന്നെ വിപണിയില്‍ എത്തിക്കഴിഞ്ഞു. ഇനി സ്വര്‍ണക്കടകളില്‍ച്ചെന്ന്്് ഇഷ്്്ടമുള്ളവ വാങ്ങാനൊരുങ്ങിക്കോളൂ.

വിവിധ നിറത്തില്‍ ഇനാമല്‍ ചെയ്ത സ്വര്‍ണാഭരണങ്ങളാണ് കുട്ടികളുടെ ഫാഷന്‍ ലോകത്തെ പുത്തനതിഥി. ഇതില്‍ കുട്ടികള്‍ക്കുള്ള മോതിരം, പെന്റന്റ്, കമ്മല്‍, ബ്രേസ്‌ലെറ്റ് എന്നിവ ലഭ്യമാണ്. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന തരത്തിലും ആകൃതിയിലും ഇവ ലഭ്യമാണ്. മിക്കിമൗസ്, ഡൊണാള്‍ഡക്ക് തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, നക്ഷത്രങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിങ്ങനെ യഥേഷ്ടം തിരഞ്ഞെടുക്കാം.

സ്വര്‍ണവളയുടെ നിറമെന്തെന്ന് പ്രത്യേകം ചോദിക്കാനുണ്ടോ? സ്വര്‍ണനിറം തന്നെ. അല്ലാതെന്താ? പക്ഷെ നിങ്ങള്‍ക്കുതെറ്റി. സ്വര്‍ണത്തില്‍ വിവിധ നിറത്തിലുള്ള ഇനാമല്‍ ചെയ്തിറങ്ങുന്ന ഈ ആഭരണങ്ങള്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ സ്വര്‍ണമാണെന്ന് ആരും പറയില്ല. അതുകൊണ്ടുതന്നെ മോഷ്ടാക്കളെയും ഒരുപരിധിവരെ പേടിക്കണ്ട എന്നുള്ള ഗുണവുമുണ്ട്.

കുട്ടികള്‍ക്കായ് മാത്രം രൂപകല്പന ചെയ്ത ഈ ആഭരണങ്ങള്‍ തീര്‍ത്തും വിദേശിയാണ്. 'ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ് ഇവ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍പ്പെടുന്ന ഇവയ്ക്ക് ഇടത്തരം പണിക്കൂലി മാത്രമേ ഈടാക്കുന്നുള്ളു'- കോഴിക്കോട് മലബാര്‍ ഗോള്‍ഡ് സീനിയര്‍ സെയില്‍സ് മാനേജര്‍ ഏ.വി.അബൂബക്കര്‍ പറയുന്നു.